2008/10/04

യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'കോട്ടയം വാര്‍ത്ത' നല്കിയ വാര്‍ത്താപരിഗണന

കക്ഷികള്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നു




കോട്ടയം: വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ്‌ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നതെന്ന്‌ സമാജവാദി ജനപരിഷത്ത്‌ ദേശീയ നേതാവ്‌ യോഗേന്ദ്ര യാദവ്‌ അഭിപ്രായപ്പെട്ടു. കോട്ടയം പ്രസ്‌ ക്ലബ്‌ ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സാധനങ്ങള്‍ ഒരുപാട്‌ ഉണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക്‌ ഒന്നും ലഭിക്കാത്തതു പോലത്തെ അവസ്ഥയാണ്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലുള്ളത്‌. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണനയ്‌ക്ക്‌ എടുക്കുന്നില്ലെന്നു് അദ്ദേഹം കുറ്റപ്പെടുത്തി.




ഇന്ത്യാ രാജ്യത്തെ മുസ്ലീങ്ങളെല്ലാം ഭയത്തിലാണ്‌. ഇന്ന്‌ അറസ്റ്റ്‌ ചെയ്യപ്പെടുന്നതില്‍ കൂടുതല്‍ മുസ്ലീം യുവാക്കളാണെന്നും ഇത്‌ വര്‍ഗീയ ലഹളകള്‍ക്കു് കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.ആണവക്കരാര്‍ രാജ്യത്തിന്റെ പുരോഗതിയ്ക്കു് ആവശ്യമാണെന്നാണ്‌ യു പി എ സര്‍ക്കാര്‍ പറയുന്നത്‌.


ബി ജെ പി ഒരിക്കലും ആണവക്കരാറിനെ എതിര്‍ക്കുന്നില്ല. മറിച്ച്‌ ചില വ്യവസ്ഥകളെ മാത്രമാണ്‌ ചോദ്യം ചെയ്യുന്നത്‌. ന്യൂക്ലിയര്‍ എനര്‍ജി രാജ്യത്തിന്റെ വികസനത്തി നാവശ്യമാണെന്നും ആയുധങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക്‌ ആവശ്യമാണെന്ന കാര്യത്തില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സമാന ചിന്താഗതിക്കാരണെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യധാരാ മാധ്യമങ്ങള്‍ രാജ്യപുരോഗതിയ്‌ക്ക്‌ ആവശ്യമായ വാര്‍ത്തകള്‍ക്കു് വളരെ കുറച്ച്‌ പ്രാധാന്യമാണ്‌ നല്‍കുന്നത്‌. എന്നാല്‍ താഴേക്കിടയില്‍ ഉള്ളവയാണ്‌ ഇതില്‍ നല്ലൊരു പങ്ക്‌ വഹിക്കുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ പുന്നൂസ്‌ മാത്തന്‍, സെക്രട്ടറി ഇ പി ഷാജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


(C)കോട്ടയം വാര്‍‍ത്ത
2008 സെപ്തംബര്‍‍ 27 ശനി


2008/10/01

യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'മലയാള മനോരമ ' നല്കിയ വാര്‍ത്താപരിഗണന

'യുപിഎയും എന്‍ഡിഎയും നേട്ടമുണ്ടാക്കില്ല'

തിരുവനന്തപുരം: അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ യുപിഎയും എന്‍ഡിഎയും ഭൂരിപക്ഷത്തിന് അടുത്തൊന്നും എത്തില്ലെന്നു പ്രശസ്ത തിരഞ്ഞെടുപ്പു പ്രവചന വിദഗ്ധനും ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റീസിലെ ഫെലോയുമായ ഡോ. യോഗീന്ദ്ര യാദവ് പറഞ്ഞു. യുപിഎയില്‍ കോണ്‍ഗ്രസിനു വലിയ ക്ഷീണം സംഭവിക്കില്ലെങ്കിലും ഘടകകക്ഷികള്‍ക്കു നഷ്ടം വരും. എന്‍ഡിഎയില്‍ ബിജെപിക്കായിരിക്കും സീറ്റുകള്‍ നഷ്ടപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റ്യൂട്ട് ഫോര്‍ പാര്‍ലമെന്ററി അഫയേഴ്സും കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗവും ചേര്‍ന്നു നടത്തിയ സെമിനാറില്‍ 'ലോക്സഭാ തിരഞ്ഞെടുപ്പ്-2009, സാഹചര്യങ്ങളും സാധ്യതകളും എന്ന വിഷയത്തെക്കുറിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

യുപിഎയ്ക്കും എന്‍ഡിഎക്കും നഷ്ടമുണ്ടാകുമെങ്കിലും ഇടതുപക്ഷത്തിനോ മൂന്നാം മുന്നണിക്കോ നേട്ടമുണ്ടാകുമെന്നര്‍ത്ഥമില്ല. ബിഎസ്പിക്കു സീറ്റുകള്‍ കൂടുമെങ്കിലും അവര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ മാത്രം സീറ്റു കിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്കുദേശം, അണ്ണാ ഡിഎംകെ തുടങ്ങിയ കക്ഷികളുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തെ സ്വാധീനിക്കും.

ഗ്രാമീണ തൊഴിലുറപ്പു നിയമം, വിവരാവകാശ നിയമം, വനാവകാശ നിയമം തുടങ്ങി പുരോഗമനപരമായ ഏറെ നിയമങ്ങള്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും അവര്‍ക്ക് അതിന്റെ നേട്ടം തിരഞ്ഞെടുപ്പില്‍ കിട്ടില്ല. നിയമങ്ങള്‍



നടപ്പാക്കുന്നതില്‍ കാണിച്ച അലംഭാവം മൂലമാണിത്. കോണ്‍•സിന്റെ ഉന്നത നേതൃത്വം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതാണ് ഇതിനു കാരണം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പാര്‍ട്ടികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള അന്തരം കുറയുകയാണ്. വോട്ടര്‍മാര്‍ക്കു തിരഞ്ഞെടുക്കാവുന്ന സാധ്യതകള്‍ വിരളമാകുന്നു. തങ്ങള്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്കു വോട്ട് ചെയ്യാം, എന്നാല്‍ നയങ്ങള്‍ക്കു വോട്ട് ചെയ്യാനാവില്ലെന്ന എന്ന പ്രതിസന്ധിയാണു ജനം നേരിടുന്നത്. യുപിഎയും എന്‍ഡിഎയും ഇടതുപക്ഷവുമെല്ലാം നവലിബറല്‍ നയങ്ങളാണു പിന്തുടരുന്നത്. സിപിഎം ജനാധിപത്യ പാര്‍ട്ടിയായി മാറിക്കൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന പേര് കൈവിടുന്നില്ലെന്നേയുള്ളൂ.

തിരഞ്ഞെടുപ്പിനു ശേഷമുണ്ടാകുന്ന അനിശ്ചിതത്വം വലിയ ആപത്തിനൊന്നും വഴിവയ്ക്കില്ല. ഈ അനിശ്ചിതത്വം ഒട്ടേറെ സാധ്യതകള്‍ സൃഷ്ടിക്കും. ഇതില്‍ നിന്നായിരിക്കും ബദല്‍ രാഷ്ട്രീയ മാതൃക ഉരുത്തിരിയുക. രാഷ്ട്രീയ പ്രതിബദ്ധതയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളായിരിക്കും അതിനു തുടക്കം കുറിക്കുകയെന്നു വേണം കരുതാന്‍-ഡോ. യാദവ് പ്രവചിച്ചു.

ആ•ാളവല്‍ക്കരണവും വര്‍ഗീയതയുമായിരിക്കും അടുത്ത തിരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങള്‍ എന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. ഏകകക്ഷി ഭരണമെന്ന വികലമായ നയം കോണ്‍‍‍ഗ്രസ് നേരത്തെ ഉപേക്ഷിച്ചിരുന്നെങ്കില്‍ വര്‍ഗീയ കക്ഷികള്‍ കേന്ദ്രത്തില്‍ ഒരിക്കലും അധികാരത്തില്‍ വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പാര്‍ലമെന്ററി അഫയേഴ്സ് ഡയറക്ടര്‍ ഡോ.ജെ. പ്രഭാഷ്, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ.ജി. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കടപ്പാടു് :-മലയാള മനോരമ 2008 സെപ്തംബര്‍‍ 30, ചൊവ്വ

2008/09/29

ജാതിസംവരണം സാമൂഹിക വിപ്ളവത്തിന്

സമഗ്രമായ സംവരണ നയം വേണം



ഇന്ത്യയെ അറിയാന്‍ ജാതി വ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കണം. പണ്ടെന്നപോലെ ഇന്നും ഇന്ത്യയുടെ കയ്യും മെയ്യും മന:സ്സാക്ഷിയും മൂന്ന് സഹസ്രാബ്ദത്തിലധികം പഴക്കമുള്ള ജാതിയുടെ കള്ളികള്‍ക്കകത്താണ്. ശ്രീബുദ്ധനും, ബാബേ സാഹേബ് അംബേഡ്കരും ശ്രീനാരായണ ഗുരുവും മഹാത്മഫൂലെയും പെരിയോര്‍ ഈ.വി.രാമസ്വാമി നായ്ക്കരും അയ്യങ്കാളിയും ഉള്‍പ്പെടെയുള്ള അനേകം മഹാത്മക്കള്‍ ജാതി മേല്‍ക്കൊയ്മയ്ക്കു് അറുതിവരുത്താനും സമൂഹത്തെ നവീകരിക്കാനും ആദ്യകാലം മൂതല്‍ ശ്രമംനടത്തിയിട്ടുണ്ട്.

ജാതിയുടെ നിന്ദ്യമായ ക്രൂരതകള്‍ കണ്ടിട്ടാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഒരു ഭ്രാന്താലയമെന്ന് വിളിച്ചത്. മഹ്ത്മാഗാന്ധി, ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വന്നതുമുതല്‍ അയിത്തോച്ഛാടനവും ദലിത ജനതയുടെ ഉദ്ധാരണവും സ്വാതന്ത്ര്യസമര പ്രവര്‍ത്തനത്തിന്റെ പരിപാടിയില്‍ ഉള്‍പ്പെടുത്തി.

എന്നാല്‍ മഹാത്മക്കളായ ഗാന്ധിജിയുടേയും ഡോ.അംബേഢ്കറുടെയും നിലപാടുകളിലെ വൈരുദ്ധ്യം രൂക്ഷമായ ആശയ സംഘട്ടനങ്ങള്‍ക്കും ഇന്നും നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്കും വഴിവച്ചു.

ജാതിപരമായ മേല്‍ക്കോയ്മയും അതിന്റെ ശ്രേണീഘടനയും സാമൂഹിക ജീവിതത്തില്‍ മാത്രമല്ല രാഷ്ട്രീയ അധികാരത്തിലും സാമ്പത്തികഘടനയിലും പ്രതിഫലിക്കുന്നു എന്ന യാഥാര്‍ത്ഥ്യം സോഷ്യലിസ്റ്റ് നേതാവ് ഡോ.രാമ മനോഹര്‍ ലോഹിയ ഉന്നയിക്കുകയുണ്ടായി. അതിനെ പടിഞ്ഞാറന്‍ യുക്തിവാദിയായിരുന്ന നെഹ്രുവും യാഥാസ്ഥിതിക ശക്തികള്‍ കയ്യടക്കിയ കോണ്‍ഗ്രസും മാത്രമല്ല എതിര്‍ത്തത്, വര്‍ഗീയ ശക്തികളായ ജനസംഘവും(ഇന്നത്തെ ഭ.ജ.പ.) തുറന്ന മുതലാളിത്തവാദികളും കമ്യൂണിസ്റുകളും ഉള്‍പ്പെടുന്ന വ്യവസ്ഥപിത ആശയധാരകളെല്ലാം ആയിരുന്നു.

ഭരണഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ദലിതജാതികള്‍ക്കും ഗോത്രവര്‍ഗങ്ങള്‍ക്കും സംവരണം നേടിക്കൊടുത്തത് ഡോ.അംബേഡ്കറാണു്. അതുപോലെ ജാതി നിര്‍മ്മൂലനമെന്ന ഒരു സിദ്ധാന്തവും അദ്ദേഹം മുന്നോട്ട് വച്ചു. എന്നാല്‍ മറ്റുപിന്നോക്ക വര്‍ഗ സമൂഹങ്ങള്‍ക്കു് ചില സംസ്ഥാനങ്ങളിലൊഴിച്ചു് സംവരണം നല്‍കിയിരുന്നില്ല.

സംവരണത്തെയും ജാതിയേയും ശരിയായി വിശകലനം ചെയ്തു് സ്ത്രീകള്‍ ,ആദിവാസി, ദലിത പിന്നോക്ക , ന്യൂനപക്ഷ വിഭാഗങ്ങളുടെ അധികാര പങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള രാഷ്ട്രീയ ദര്‍ശനം ഡോ.ലോഹിയയാണ് മുന്നോട്ട് വച്ചത്. എന്നാല്‍ അത് ഏതെങ്കിലും ഒരു ജാതിയുടെ തലത്തില്‍ ചുരുങ്ങുന്നതും ഇടുങ്ങിയതുമായ ഒരു പരിപാടി ആയിരുന്നില്ല. അത് സമൂഹത്തില്‍ വിപ്ളവകരമായ മാറ്റം വരുത്തി എല്ലാവിധത്തിലും സമത്വം നേടിയെടുക്കുന്നതിനുള്ള ഒരു മാര്‍ഗമായിരുന്നു.



ദലിത, പിന്നോക്ക ജനസമൂഹങ്ങളുടെ അധികാര പങ്കാളിത്തം എന്ന സാമൂഹിക വിപ്ളവത്തിന് നന്ദികുറിക്കുന്നതിനാണ് സംവരണം നടപ്പിലാക്കിയത്. എന്നാല്‍ സാമൂഹിക സംവരണത്തെയും അതിന്റെ ലക്ഷ്യങ്ങളെയും അട്ടിമറിക്കുവാന്‍ ആദ്യകാലം മുതല്‍ തല്‍പ്പരക്ഷികള്‍ നടത്തിവരുന്ന ശ്രമം പുതിയ രൂപഭാവങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹങ്ങളുടെ അധികാര പങ്കാളിത്തം നിഷേധിക്കുന്നതിന് അത് ഇടയാക്കിയിരിക്കുകയാണ്.

ദലിത സമൂഹത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്തവര്‍, മിശ്രവിവാഹിതര്‍, പുന:മതപരിവര്‍ത്തികള്‍ തുടങ്ങിയ ഓരോരോ ഗണങ്ങളെ പട്ടികജാതി, പിന്നോക്കസംവരണത്തില്‍ നിന്നും അടിസ്ഥാനതത്വങ്ങള്‍ ലംഘിച്ചുകൊണ്ട് പുറത്താക്കുകയാണ്. അത് താരതമ്യേന സാമൂഹികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള വലിയൊരു വിഭാഗം സമൂഹങ്ങളെയാണ് ആസൂത്രിതമായി മാറ്റി നിര്‍ത്തുവാന്‍ വഴിവയ്ക്കുന്നത്.

1950 ലെ രാഷ്ടപതിയുടെ ഉത്തരവുമുതല്‍ ആരംഭിച്ച ആ പ്രക്രീയ ഇന്ന് കൂടുതല്‍ വിപുലമാക്കിയ സ്ഥിതിയാണ്. ദലിത ക്രൈസ്തവരും ദലിത മുസ്ളീങ്ങളും അതിനിരയായി കഴിയുന്നു. ഇപ്പോള്‍ പുന:മതപരിവര്‍ത്തിതരായി സര്‍ക്കാര്‍ സര്‍വ്വീസിലുള്ള അനവധി ആളുകള്‍ക്കാണ് പിരിച്ചുവിടാതിരിക്കല്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ജാതി സര്‍ട്ടിഫിക്കറ്റില്‍ കൃത്രീമം കാണിച്ചുവെന്ന തെറ്റായ ആരോപണമാണ് അവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നതും , ആയിരക്കണക്കിന് വേറേയും ഉദ്യോഗസ്ഥര്‍ അതിന്റെ ഭീഷണിയിലുമാണ്.

മുസ്ളീം ജനവിഭാഗത്തിലെ പട്ടികജാതിക്കാരുടെയും പിന്നോക്കവിഭാഗങ്ങലുടെയും സ്ഥിതി ഏറ്റവും പരിതാപകരമാണെന്ന ജസ്റീസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മതങ്ങള്‍ക്കതീതമായി നില്‍കുന്ന ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ കാഠിന്യം വെളിപ്പെടുത്തുന്നു. എന്നാല്‍ കോണ്‍ഗ്രസും വിശ്വഹിന്ദു പരിഷത്തും ജനങ്ങളെ പിന്നിപ്പിക്കുന്ന മുതലെടുപ്പ് നയമാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കരിനും സമൂഹ്യപിന്നോക്കാവസ്ഥയെക്കുറിച്ച് വ്യക്തതയില്ല. വോട്ട് നേടുക എന്ന ലക്ഷ്യം മാത്രം വ്യവസ്ഥാപിത കക്ഷികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാഹചര്യം രാജ്യത്തിനാകെയും ദലിത, പിന്നോക്കജനസമൂഹങ്ങള്‍ക്കും ദോഷകരമാണ്.

വ്യാജമായ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സംവരണം കവര്‍ന്നെടുക്കുന്നവരെ കണ്ടുപിടിക്കുവാന്‍ ചുമതലപ്പെടുത്തിയ കിര്‍ത്താഡ്സ് എന്ന ഏജന്‍സി അന്യായമായ കാരണങ്ങള്‍ കണ്ടുപിടിച്ച് സംവരണാവകാശത്തില്‍ നിന്ന് ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ദലിതരെയും പട്ടികവര്‍ഗക്കാരെയും പുറത്താക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ഏറെക്കാലമായി പരിശോധനയില്‍ തീര്‍പ്പുണ്ടാക്കാതെയും അവരെ വിഷമിപ്പിക്കുന്നു.

സര്‍ക്കാരിന്റെയും രാഷ്ട്രീയകക്ഷികളുടെയും ബുദ്ധിജീവികളുടെയും കാഴ്ച്ചപ്പാടിലുള്ള അവ്യക്തതയും പരാജയവുമാണ് കിര്‍ത്താഡ്സ് പോലെയുള്ള ഉദ്ദ്യോഗസ്ഥ നിയന്ത്രിത ഏജന്‍സികള്‍ കോടതി വിധികളെപ്പോലും അപ്രസക്തമാക്കുന്ന വിധം സംവരണം ലഭിക്കുന്നവരെ വെട്ടിച്ചുരുക്കുന്നത്.

ജാതിയെക്കുറിച്ചുള്ള വൃക്തമായ ആശയടിത്തറ ഇല്ലാതെയും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ മുഴുവന്‍ ഉയര്‍ത്തെഴുന്നേല്പ് ലക്ഷ്യമാക്കാതെയും പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയില്ല.

പുതിയ മുന്നേറ്റത്തിനുള്ള ആശയാടിത്തറ ഉണ്ടാക്കുകയും അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ മുന്നേറ്റം ഉണ്ടാക്കിയെടുക്കുകയും അസമത്വം വര്‍ദ്ധമാനമാക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ സമത്വത്തിലേക്ക് മുന്നേറുവാനുള്ള പ്രസ്ഥാനം കെട്ടിപ്പടുക്കുകയുമാണ് ‘ജാതിസംവരണം സാമൂഹിക വിപ്ളവത്തിന്, സമഗ്രമായ സംവരണ നയം വേണം’ എന്ന മുദ്രവാക്യം ലക്ഷ്യമിടുന്നത്
.

കേരളീയ സാമൂഹ്യവ്യവസ്ഥയില്‍ ജാതിയുടെ വിഷപ്പല്ലുകള്‍ ഇപ്പോഴും-- പെരുമ്പടവം ശ്രീധരന്‍


കോട്ടയം- കേരളീയ സാമൂഹ്യവ്യവസ്ഥയില്‍ നിന്നു് ജാതിയുടെ വിഷപ്പല്ലുകള്‍ ഇനിയും പിഴുതെറിയപ്പെട്ടിട്ടില്ലെന്നു് പ്രമുഖ നോവലിസ്റ്റ് ശ്രീ. പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ 75-ആം വാര്‍ഷികത്തിന്റെയും പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകനും സമാജവാദിജനപരിഷത്ത് നേതാവുമായിരുന്ന കിഷന്‍ പട്നായകിന്റെ 4-ആം ചരമ വാര്‍ഷികദിനാചരണത്തിന്റെയും ഭാഗമായി സമാജവാദിജനപരിഷത്ത് സംഘടിപ്പിച്ച ജാതിസംവരണം സാമൂഹികവിപ്ളവത്തിന് സമഗ്രമായ സംവരണനയത്തിനും വേണ്ടിയെന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലുള്ള പങ്ക് ഉണ്ടാകാതെ സാമൂഹികമായ അന്തസ്സ് ലഭ്യമാകുകയില്ല. സാമൂഹികമായ അന്തസിനുവേണ്ടിയുള്ള സമരം അധികാരത്തിനുവേണ്ടിയുള്ള സമരം കൂടിയാണ്.


ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക ജീവിതം ബ്രാഹ്മണിക സാമൂഹിക അധിനിവേശത്താല്‍ അട്ടിമറിക്കപ്പെടുകയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാംസ്കാരിക ജീവിതം രാജഭരണത്തിന്റെയോ അധികാരഘടനയുടെയോ സൃഷ്ടിയല്ല. ഇന്ത്യയുടെ സാംസ്കാരിക ജീവിതം സൃഷ്ടിച്ചത് ആദിവാസിയായ വാല്-മീകിയും മുക്കുവനായ വ്യസനുമാണ്. അവര്‍ രചന നടത്തിയത് ദേവഭാഷയായ സംസ്കൃതത്തിലുമാണ്. അടിസ്ഥാന ജനതക്ക് അക്കാലത്ത് ഇന്ത്യയുടെ സാംസ്ക്കാരികജീവിതത്തില്‍ മേല്‍ക്കയ്യുണ്ടായിരുന്നു വെന്നതിന്റെ സൂചനയാണിത്. പിന്നീട് ജനവിഭാഗങ്ങള്‍ക്ക് വിദ്യയും അറിവും നിഷേധിയ്ക്കുന്ന തരത്തില്‍ മന്ത്രം ചോല്ലിയും മണികുലുക്കിയും ബ്രാഹ്മണവാദികള്‍ ജനസാംസ്ക്കാരിക ജീവിതത്തെ അട്ടിമറിയ്ക്കുകയായിരുന്നു. ജാതിക്കും മതത്തിനും അതീതമായ മാനവികതക്കുവേണ്ടിയുള്ള അന്വേഷണം കൂടി സാമൂഹികാന്തസ്സിനു വേണ്ടിയുള്ള സമരത്തിന്റെ ഭാഗമാക്കണം- അദ്ദേഹം അഭിപ്രായപ്പെട്ടു.


പ്രശസ്ഥ മലയാള കവി പ്രൊഫ.എസ് ജോസഫ്, ലോയേഴ്സ് ഫോര്‍‍ സോഷ്യല്‍ ജസ്റ്റീസ് കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ് യു. ഭൂപതി , മുന്‍ കര്‍ണ്ണാടക വിദ്യാഭ്യാസ മന്ത്രിയും എസ്.സി, എസ്.ടി അഭിഭാഷക ഫോറം പ്രസിഡണ്ടുമായ ശിവമൂര്‍ത്തിനായക് കര്‍ണ്ണാടക വിദ്യാര്‍ത്ഥിയുവജനസഭാ കണ്‍വീനര്‍ അഡ്വ.അഖില എന്നിവര്‍ പ്രസംഗിച്ചു. ജനപരിഷത് ദേശീയ ഉപാദ്ധ്യഷന്‍ ജോഷി ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. ജയ്‍മോന്‍ തങ്കച്ചന്‍ സ്വാഗതവും
ജോര്‍ജ് ജേക്കബ്ബ് നന്ദിയും പറഞ്ഞു.

2008/08/14

സമാജവാദി ജനപരിഷത്ത് സംസ്ഥാന ശിബിരം വെള്ളിയാഴ്ച തുടങ്ങും

കൂത്താട്ടുകുളം- ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയസഖ്യത്തിലെ (എന്‍ എ പി എം) പ്രധാനഘടക സംഘടനയും ജനാധിപത്യ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായ സമാജവാദി ജനപരിഷത്തിന്റെ ത്രിദിന ശിബിരം കുമാരനാശാന്‍ ഹാളില്‍ ആഗസ്റ്റ് പതിനഞ്ചു് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയ്ക്കു് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്യും.

ആശയപരമായ ദൃഢതയുണ്ടാക്കുന്നതിനും സംഘടനാ പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കുന്നതിനും ഉദ്ദേശിച്ചുള്ള ശിബിരം ഞായറാഴ്ച ഉച്ച കഴിഞ്ഞു് സമാപിയ്ക്കും.

എഴുപത്തഞ്ചാം വര്‍ഷത്തിലെത്തിനില്ക്കുന്ന ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിയ്ക്കുന്ന പ്രശ്നങ്ങള്‍, വിദ്യാഭ്യാസത്തിന്റെ കമ്പോളവല്ക്കരണം, അയല്‍പക്ക സ്കൂള്‍ സമ്പ്രദായം, പുതിയരാഷ്ട്രീയത്തിന്റെ കാര്യപരിപാടികള്‍ സംവരണം, സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് , മിശ്രവിവാഹിതരുടെ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്യും.

2008/03/19

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകദ്രോഹ നയം മാറ്റണമെന്നു് സമാജവാദി ജനപരിഷത്തു് ദേശീയ നിര്‍വാഹകസമിതി


കോട്ടയം : കാര്‍ഷിക വായ്പ എഴുതിത്തള്ളുവാനുള്ള കേന്ദ്രബജറ്റിലെ പ്രഖ്യാപനം ഒരു വിഭാഗം കര്‍ഷകര്‍ക്കു് ആശ്വാസമാണെങ്കിലും വലിയ ഒരു വിഭാഗത്തെ ഒഴിവാക്കിയതു് അന്യായമാണെന്നു് സമാജവാദി ജനപരിഷത്തു് അഖിലേന്ത്യ എക്സിക്ക്യൂട്ടീവ് കമ്മറ്റിയോഗം അഭിപ്രായപ്പെട്ടു.

കര്‍ഷക ആത്മഹത്യകള്‍ പെരുകി വന്നിട്ടും കഴിഞ്ഞ മൂന്നു് ബജറ്റുകളിലും മന്‍മോഹന്‍ സര്‍ക്കാര്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതില്‍ വീഴ്ചവരുത്തുകയാണു് ചെയ്തതു്. വൈകിയെത്തിയ ഈ ആശ്വാസ നടപടിയില്‍ നിന്നു് അഞ്ചേക്കറില്‍ കൂടുതലുള്ളവരെ ഒഴിവാക്കുന്നതു് കൂടുതല്‍ ഭൂമിയും കുറഞ്ഞ വരുമാനവുമായി കഴിയുന്ന പിന്നാക്കപ്രദേശങ്ങളിലെയും ജലസേചനമില്ലാത്ത മേഖലകളിലെയും ദരിദ്ര കര്‍ഷകരെ പ്രത്യേകിച്ചു് ദോഷകരമായി ബാധിയ്ക്കും. കര്‍ഷക ആത്മഹത്യകള്‍ക്കു് കുപ്രസിദ്ധിയാര്‍ജ്ജിച്ച വിദര്‍ഭയും മറാഠ്‍വാഡയും തെലുങ്കാനയും അത്തരം മേഖലകളാണു്. കോടിക്കണക്കായ ബിഹാര്, ഉത്തരപ്രദേശം., ഒരീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ കൂടുതല്‍ ഭൂമിയുള്ള ദരിദ്രരായ ഭക്ഷ്യധാന്യ കര്‍ഷകരെയും ചിദംബരം പുറന്തള്ളിയിരിയ്ക്കുകയാണു്.

അഞ്ചേക്കറിനു് മുകളിലുള്ളവര്‍ക്കു് പ്രഖ്യാപിച്ച നടപടി കര്‍ഷകര്‍ക്കു് താങ്ങാനാവാത്തതാണു്. തുകയുടെ 75% ഒന്നാകെ ഒടുക്കിയാല്‍ മാത്രമാണു് 25% ഇളവു് ലഭിയ്ക്കുന്നതു്. അതിനു് നല്‍കിയതാവട്ടെ വളരെ ചുരുങ്ങിയ ഒരു കാലയളവുമാണു്.

വായ്പ എഴുതി തള്ളുന്നതു്കൊണ്ടു് മാത്രം പ്രശ്നങ്ങള്‍ക്കു് പരിഹാരമാവില്ല. ഒന്നരലക്ഷത്തിലധികം കര്‍ഷക ആത്മഹത്യകള്‍ക്കു് കാരണമായതു് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയങ്ങളാണു്. ആ നയങ്ങള്‍ തിരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബജറ്റിന്റെ പൊതുവായ ലക്ഷ്യം കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കു് കൂടുതല്‍ വ്യാപ്തി നല്‍കുകയാണു് ചെയ്യുന്നതു്. വിദര്‍ഭയില്‍ പ്രധാനമന്ത്രിയുടെ 2005 ജൂലൈ സന്ദര്‍ശനവും പാക്കേജ് പ്രഖ്യാപനവും ആത്മഹത്യകള്‍ക്കു് അറുതിവരുത്താതിരുന്നതു് അടിസ്ഥാന കാരണങ്ങള്‍ പരിഹാരിയ്ക്കാത്തതു്കൊണ്ടാണു്.

ജനകീയ മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ

ജനകീയ മുന്നേറ്റങ്ങളെ നിയന്ത്രിക്കാനും അടിച്ചമര്‍ത്താനും മാവോയിസ്ററു്കള്‍ക്കെതിരായ നടപടികളുടെ പേരു്പറഞ്ഞു് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങളില്‍ യോഗം പ്രതിഷേധിച്ചു. സമാധാനപരമായ പരിവര്‍ത്തനത്തിലും അക്രമരാഹിത്യത്തിലും ആഴമേറിയ ബോദ്ധ്യമുള്ള ഗാന്ധി-അംബേഡ്കര്‍-സോഷ്യലിസ്റ്റ് ധാരകളിലുള്ളവരുടെയും മറ്റും നേര്‍ക്കു് പോലീസ് ഉപദ്രവങ്ങള്‍ ഇതിന്റെ മറവില്‍ നടമാടുകയാണു്. ഡോ. ബാബാ അഡാവ്, മേധാ പാട്കര്‍, സുരേഷ് ഖൈര്‍നാര്‍, നാഗേഷ് ചൗധരി തുടങ്ങിയവരെപ്പോലും മാവോയിസ്റ്റ്-നക്ഷലൈറ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ പോലീസ് അധികാരികളുടെ നടപടി അതിന്റെ ഉത്തമോദാഹരണമാണു്.

സമാജവാദി ജനപരിഷത്തിന്റെ നേതാക്കളും മദ്ധ്യപ്രദേശിലെ ബേത്തൂള്‍, ഹര്‍ദ്ദ, ഖാണ്ഡ്വ ജില്ലകളില്‍ 'ശ്രമിക്ക് ആദിവാസി സംഘടന'യുടെ സംഘാടകരുമായ ഷമീം അനുരാഗ്, അനുരാഗ മോദി എന്നിവര്‍ക്കും, ആദിവാസികള്‍ക്കും നേരെ പോലീസ്-ഗുണ്ടാ കൂട്ടുകെട്ടു് അതിക്രമങ്ങള്‍ നടത്തുകയാണു്. അവിടുത്തെ പോലീസ്- ഗുണ്ടാ അതിക്രമങ്ങള്‍ അവസാനിപ്പിയ്ക്കണമെന്നാവശ്യപ്പെട്ടു് ഏപ്രില്‍ അവസാനം ഹര്‍ദ്ദയില്‍ ബഹുജന റാലിയും പിറ്റേന്നു് ഭോപ്പാലില്‍ പ്രമുഖ നേതാക്കളുടെ ധര്‍ണ്ണയും നടത്തും.

സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഒറീസ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാന്‍ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും മെയ് 20, 21, 22, 23 തീയതികളില്‍ ഉത്തരപ്രദേശിലെ ബല്ലിയയില്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിയ്ക്കും.

പ്രസിഡന്റ് സുനിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ലിംഗരാജ്, സീനിയര്‍ സോഷ്യലിസ്റ് നേതാവ് പന്നലാല്‍ സുരാണ, ഉപാദ്ധ്യക്ഷരായ സഞ്ജീവ് സാനേ, ജോഷി ജേക്കബ്ബ്, സംഘടനാ സെക്രട്ടറി ഡോ. സോമനാഥ് ത്രിപാഠി, സെക്രട്ടറി അഡ്വ. നിഷാ ശിവുര്‍ക്കര്‍, ശിവപൂജന സിംഹ്, വിശ്വനാഥ് ബാഗി, സുഭാഷ് ലോംടെ, അഡ്വ. പ്രവീണ്‍ വാഘ്, അശ്വനികുമാര്‍ ശുക്ള, ജെ.പി. സിംഹ്, രമാകാന്ത് വര്‍മ്മ, വിലാസ് ഭൊംഗാഡേ, ചന്ദ്രഭൂഷണ്‍ ചൗധരി, ലിംഗരാജ് ആസാദ്, വിക്രമ മൗര്യ, രജ്ജിത് റോയ്, ഷമീം അനുരാഗ്, ശിവ്ജിസിംഹ്, ഡോ. സന്തുഭായ് സന്ത്, രബിശങ്കര്‍ പ്രധാന്‍ പ്രൊഫ. സുധീര്‍ ദേശമുഖ്, സുഭാഷ് ഗായ്ക്‍വാഡ് , ശിവശങ്കര്‍ ഠാക്കുര്‍‍‍ എന്നിവര്‍ സംബന്ധിച്ചു.
-------
Political Resolution of the National Executive of the Samajawadi Janaparishad (India)

RESOLUTION OF THE SAMAJAWADI JANAPARISHAD NATIONAL EXECUTIVE ON POLICE REPRESSION OF PEOPLE’S STRUGGLES IN THE NAME OF CAMPAIGN AGAINST MAOISTS

ചെങ്ങറ സമരം : മുഖ്യമന്ത്രി ഏതു്പക്ഷമെന്നു് വ്യക്തമാക്കണം

സമാജവാദി ജനപരിഷത്തു് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്


പത്തനംതിട്ട : കോടതികളെ മറയാക്കി പാവപ്പെട്ടവര്‍ക്കു് ഭൂമി നല്‍കുന്നതില്‍നിന്നു് ഒളിച്ചോടുന്ന അനങ്ങാപ്പാറ നയം മുഖ്യമന്ത്രി അവസാനിപ്പിയ്ക്കണമെന്നു് സമാജവാദി ജനപരിഷത്തു് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ് , കേരള കര്‍ഷക മുന്നണി സംസ്ഥാന കണ്‍വീനര്‍ ഇ. വി. ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്കാണോ കുത്തക ശക്തികള്‍ക്കാണോ ഭൂമി എന്ന അടിസ്ഥാന ചോദ്യമാണു് ചെങ്ങറ സമരം ഉയര്‍ത്തുന്നതു്. ഇടതു സര്‍ക്കാരിന്റെ ഇതുവരെയുള്ള സമീപനം കുത്തകശക്തികളെ സേവിക്കുന്നതാണു്. ചെങ്ങറ സമരം മുഖ്യമന്ത്രിയോടു് ചോദിയ്ക്കുന്നതു് അദ്ദേഹം ഏതു് പക്ഷത്താണെന്നാണു്. മതികെട്ടാന്‍ മലകേറാനും മൂന്നാറിലേയ്ക്കു് ബോര്‍ഡും ചുമന്നു് പോകാനും താത്പര്യമെടുത്ത മുഖ്യമന്ത്രി കഴിഞ്ഞ എട്ടു് മാസമായി നടക്കുന്ന ചെങ്ങറ സമരത്തെ കാണാത്തതു് എന്തുകൊണ്ടാണു് ?

പതിനോരായിരത്തിലധികം കുടുംബങ്ങള്‍ നടത്തുന്ന സമരം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ മാറ്റി വരയ്ക്കും. ചെങ്ങറ സമരത്തിനു് കൂടുതല്‍ ജനപിന്തുണ ലഭിച്ചുകൊണ്ടിരിയ്ക്കുകയാണു്. മാവോയിസ്റ്റുകളുടേയും നക്ഷലൈറ്റുകളുടേയും മുദ്ര ചാര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമം സഹന സമരം നടത്തുന്ന ഇരുപത്തേഴായിരത്തോളം ജനങ്ങളെ തകര്‍ക്കാനാണു്. കൊലപാതക രാഷ്ട്രീയത്തിന്റെ രക്തക്കറ പുരണ്ടവര്‍ മത്സരിച്ചു് കശാപ്പു് നടത്തുമ്പോഴാണു് വിചിത്രമായ താറടിയ്ക്കല്‍.

സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണം. ചെങ്ങറ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു് ഏപ്രില്‍ മദ്ധ്യത്തില്‍ സമാജവാദി ജനപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങറയില്‍ നിന്നു് തിരുവനന്തപുരത്തെ ഭരണ കേന്ദ്രത്തിലേയ്ക്കു് പദയാത്ര നടത്തും.
സാര്‍വ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ചു് ചെങ്ങറയില്‍ സാധുജന വിമോചന സമരവേദി ഒരുക്കിയ യോഗത്തില്‍ സംസാരിക്കുന്നതിനും സമരഭൂമിയിലെ ജനങ്ങളെ സന്ദര്‍ശിക്കുന്നതിനും എത്തിയതാണു് സോഷ്യലിസ്റ്റ് നേതാക്കള്‍.