2009/03/19
ഭീകരതയ്‌ക്കെതിരെ സദ്‌ബുദ്ധി
2009/03/03
ഷമിംമോദിയെ മോചിപ്പിക്കുക

ഭരണകൂടത്തിന്റെ നടപടികളെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്നവരെ കഷ്ടപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. അപ്രകാരമുളള ജനാധിപത്യ അവകാശ ധ്വംസനമാണ് മദ്ധ്യപ്രദേശിൽ സമാജവാദി ജനപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റും ആദിവാസി ജനസമൂഹത്തിന്റെയും തൊഴിലാളികളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നയാളുമായ അഭിഭാഷക ഷമിം മോദിയും ഒപ്പം നിൽക്കുന്നവരും മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൌഹാന്റെ സർക്കാരിനു കീഴിൽ നേരിട്ടുകൊണ്ടിരിയ്ക്കുന്നത്. രാഷ്ട്രീയ പ്രേരിതമായി ചുമത്തിയ കേസുകളുടെ പേരിൽ ഫെബ്രുവരി 10-ആം തീയതി ഷമിം മോദിയെ അറസ്‌ററു്‌ചെയ്ത് ജാമ്യം നിഷേധിച്ച് ശിവരാജ് സിംഹ് ചൗഹാൻ സർക്കാർ അനിശ്ചിതകാലത്തേക്ക് തടങ്കലിലിട്ടിരിക്കുകയാണ്.
48 മണിക്കൂറിനകം ഷമിം മോദിയെയും അവരുടെ സഹധർമ്മചാരിയായ അനുരാഗ് മോദിയെയും അറസ്‌റുചെയ്തില്ലെങ്കിൽ തങ്ങളുടെ വ്യവസായ സ്ഥാപനങ്ങളെല്ലാം പൂട്ടിയിടുമെന്ന് ഹർദാ ജില്ലാ ഭരണകൂടത്തിന് ഹർദാ ഇൻഡസ്ട്രീസ് അസ്സോസ്സിയേഷൻ അന്ത്യശാസനം നൽകിയതിന്റെ പിറ്റേന്നാണ് ഷമിമിനെ അറസ്‌റുചെയ്തത്. ഹർദായിയിലെ വിവിധ ക്യഷി ഉപജമണ്ഡിയിലും പണ്ടകശാലയിലും റെയിൽവേ മാൽഗോഡമിലും പണിയെടുക്കുന്ന കൂലികളെ (ഹമ്മാൽസ്) സംഘടിപ്പിച്ച ഷമിം-അനുരാഗ് ദമ്പതികൾ അതിനുശേഷം കുറച്ചുമാസങ്ങളായി 60 സോമിൽ-പ്‌ളൈവുഡ് ഫാക്ടറികളുമായി ബന്ധപ്പെട്ട തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു.
സമാജവാദി ജനപരിഷത്തിന്റെ വളർന്നുവരുന്ന ജനസമ്മതി തടയാനും ഒപ്പം സംസ്ഥാനത്തെ സാമൂഹിക രാഷ്ട്രീയ പ്രവർത്തകരെ പാഠം പഠിപ്പിക്കുവാനുള്ള ഭരണ ഭാരതീയ ജനതാപാർട്ടിയുടെ വിപുലമായ ഗൂഡാലോചനയുടെ ഭാഗമായിരുന്നു തടിമിൽ വ്യവസായികളുടെ അന്ത്യശാസനം. 2003--ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേതാവ് കമൽ പട്ടേലിനെതിരെ (സംസ്ഥാന മുൻ റവന്യു മന്ത്രി) മത്സരിച്ചതുതൊട്ട് പോലീസ് ഷമിനെതിരെ വേട്ടയാടുന്നതാണ്. തെരെഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചയുടനെ തന്നെ 2003--ൽ ഷമിമിനെ പോലിസ് അറസ്റ്റു് ചെയ്തിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് മോചിപ്പിച്ചു. ഇപ്പോൾ വീണ്ടും നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം ഷമിമിനെ അറസ്റ്റു് ചെയ്തിരിക്കുകയാണ്. ഹർദാ മണ്ഡലത്തിലെ മൽസരത്തിൽ രണ്ടു വട്ടം ഷമിം എതിർത്ത വനം മാഫിയയുടെ ആളുകൂടിയായ കമൽ പട്ടേലിന് ഹർദയിലെ 60 തടിമില്ലുകളുമായി ബന്ധപ്പെട്ട വ്യവസായി അസ്സോസിയേഷനുമായി അടുപ്പമുണ്ടെന്നത് പ്രസ്താവ്യമാണ്.
ഷമിമിനെ അറസ്‌റു ചെയ്യുന്നതിന് കാരണമാക്കിയ കേസുകൾ 2 വർഷം പഴക്കമുള്ളതും രാഷ്ട്രീയ പ്രേരിതമായവയുമാണ്. കഴിഞ്ഞ 2 വർഷം പോലീസ് ഒരിക്കൽ പോലും അന്വേഷിക്കാൻ താൽപര്യം കാണിക്കാതിരുന്നതും അതിനുദ്ദേശമില്ലാത്തതുമായ കേസുകളായിരുന്നു അവ. പക്ഷെ വിനായക സെന്നിന്റെ വഴിക്കുള്ള ശീർഷകമായി മാറുമെന്നുതോന്നിക്കുന്ന വിധത്തിലാണിപ്പോൾ ഷമിം മോദിക്കെതിരായ കേസ് പോകുന്നതെന്ന് സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 12ആം തീയതി ജാമ്യപേക്ഷ നിഷേധിച്ചുകൊണ്ട് ഹർദ സെഷൻസ് ജഡ്ജി ജെ. പി. പരാശരൻ പറഞ്ഞത് ആരെയും നടുക്കും ' രാജ്യവിരുദ്ധ പ്രവൃത്തിയിലേർപ്പെട്ട നിയമജ്ഞയും അഭ്യസ്തവിദ്യയുമായ സ്ത്രീക്ക് ജാമ്യം നൽകാൻ കഴിയില്ല'' (ഉഛ ശിക്ഷ ഔ വിധികാ ഗ്യാൻ രഖ്‌നെ വാലി സി മഹിള ജോ രാജ്യവിരോധി കാര്യ കർനെ കാ അപരാധ് കർത്തി ഹൈ ഉസെ ഇമാനത് കാ ലാദ് ദിയ ജാനാ നയാ സംഗത് നഹി ഹൈ). ജഡ്ജിയുടെ ഈ പരാമർശം വ്യക്തമാക്കുന്നത് ശിവരാജ് സിംഗ് ചൌഹാൻ സർക്കാർ ഷമിം മോദിയെ ദീർഘകാലത്തേക്ക് തടങ്കിലിലിടുവാൻ പദ്ധതിയിട്ടിരിക്കുന്നുവെന്നാണ്.
പക്ഷേ ഒരു വശത്ത് ഈ പരാമർശം നടത്തിയ ജഡ്ജി അതേ സമയം തന്നെ ഇങ്ങനെയും എഴുതി ''ഷമിം മോദി വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊതുതാൽപര്യ വ്യവഹാരം (PIL- Public Interest Litigation) ഫയൽ ചെയ്ത് ആദിവാസി ഗോത്രക്കാരെ അവരുടെ അവകാശങ്ങളെപ്പറ്റി പഠിപ്പിക്കുകയും അവരുടെ ക്ഷേമത്തിനു വേണ്ടി തന്റെ സംഘടനയിലൂടെ പ്രവർത്തിക്കുകയും ചെയ്തു.'' അതും ഒരു കുറ്റ കൃത്യമാണെങ്കിലോ എന്ന മട്ടിലാണ് അദ്ദേഹം ഇതു നടത്തിയത്.
കേസിന്റെ വാസ്തവം
രാജ്യദ്രോഹപ്രവൃത്തിയിലേർപ്പെട്ടിരിക്കുന്നയാളെന്ന ജഡ്ജിയുടെ പരാമർശം ന്യായീകരണമില്ലാത്തതും എന്തെങ്കിലും നിയമ പിൻബലം ഇല്ലാത്തതുമാണ്. ആദിവാസി ഗോത്രക്കാരനായ രാം ദാസിനേയും കൂടെയുണ്ടായിരുന്നവേയും 2007 ജൂലായ് 11 ന് അറസ്റ്റ് ചെയ്തപ്പോൾ ഫോറസ്റ്റ് റെയിഞ്ചർ ഒ.പി പട്ടേലിനേയും മറ്റും ഷമിം മോദിയുടെയും ഭർത്താവ് അനുരാഗ മോദിയുടെയും പ്രേരണയാൽ ഹർദയിലെ ധേഗ ഗ്രാമത്തിലെ ആദിവാസി ഗോത്രക്കാർ ആക്രമിച്ചെന്നും തട്ടികൊണ്ടു പോയെന്നും ആണ് ക്രിമിനൽ കേസ് നമ്പർ 76/07 കേസിലെ പ്രഥമ വിവര റിപ്പോർട്ടിലും (FIR) ജാമ്യ ഉത്തരവിലും പരാമർശിച്ചതു പോലെ കുറ്റരോപണമായി വായിക്കുന്നത്. പ്രഥമ വിവര റിപ്പോർട്ട് (FIR) പ്രകാരം ഷമിയും അനുരാഗും സംഭവസ്ഥത്തുണ്ടായിരുന്നില്ല. മോദി ദമ്പദികൾ നടത്തിയ കോപം ജ്വലിപ്പിക്കുന്ന വിധത്തിലുള്ള പ്രസംഗമാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രസിക്യൂഷൻ പറയുന്നത്. രാജ്യദ്രോഹ പ്രവർത്തനമൊന്നും പ്രോസിക്യൂഷൻ പറയുന്നില്ല.
വനം വകുപ്പുദ്യോഗസ്ഥരെ തട്ടികൊണ്ടു പോകാൻ ആദിവാസി ഗോത്രക്കാർക്ക് ഷമിയും അനുരാഗും പ്രരണ നൽകിയെന്ന് 2007 ജൂലായ് 12-ആം തിയതിയും ഈ ആദിവാസി ഗോത്രക്കാരിൽ രണ്ടുപേരെ ഷമിം തട്ടികൊണ്ടു പോയെന്ന് ജൂലായ് 13-ആം തിയതിയും കുറ്റം ചുമത്തിയെന്ന വസ്തുത കൊണ്ട് കഥയുടെ യാഥാർത്ഥ്യം മനസ്സിലാക്കാം. സംഭവം ഇങ്ങനെയാണ്: 2007 ജൂലായ് 11 ന് ഫോറസ്‌റ് റെയ്ഞ്ചർ ഒ.പി. പട്ടേൽ 30-40 പേരോടൊപ്പം ധേഗ ഗ്രാമത്തിൽ എത്തിയപ്പോൾ വനഭൂമിയിൽ കൃഷിയിടമൊരുക്കുന്ന പണിയിലേർപ്പെട്ടിരിയ്കുന്ന ആദിവാസി ഗോത്രക്കാരനായ രാം ദാസിനെ കണ്ട് വിവേചനരഹിതമായി നിറയൊഴിക്കുകയും രാമദാസിനേയും മരുമകൾ ഭൂൽവതിയേയും തോക്കിന്റെ പിൻവശം കൊണ്ട് അടിച്ച് താടിയെല്ലും കയ്യും ഒടിക്കുകയും ചെയ്തു. ഒച്ചപ്പാടു കേട്ടുവന്ന ഗ്രാമീണർ അതുകണ്ട് റേഞ്ചറെ കീഴടക്കിയതിനു ശേഷം അടുത്തുള്ള ടെലിഫോൺ ബൂത്തിലൂടെ പോലീസ് സൂപ്രണ്ടിനെ (SP) വിവരം അറിയിച്ചു. സംഭവമറിഞ്ഞ ശേഷം ഷമിമും അന്നു രാത്രി തന്നെ പോലീസ് സൂപ്രണ്ടിനെ (SP) വിവരം അറിയിച്ചു. അടുത്ത പ്രഭാതത്തിൽ (12--ആം തീയതി) പോലീസ് ഗ്രാമീണരുടെയടുത്ത് ചെന്നപ്പോൾ അവർ റേഞ്ചറെ പോലീസിനു് കൈമാറി. ധേഗ ഗ്രാമത്തിലെ പരിക്കേറ്റ ഗോത്രക്കാരെയും പോലീസ് ഹർദയിലേയ്ക്ക് കൊണ്ടു വന്നു. ആദിവാസി ഗോത്രക്കാർക്കും ഷമിമിനും അനുരാഗിനും എതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ (IPC) 341,364,294,237,323,355,186,506,36 സെക്ഷനുകൾക്കു കീഴിൽ റെഹത്ഗഗോൺ പോലീസ് സ്‌റേഷന്റെ 76/07 നമ്പറായി കേസ് രജിസ്‌റർ ചെയ്തു. പരിക്കേറ്റ ഗോത്രക്കാരുടെ പരാതി പ്രഥമവിവര റിപ്പോർട്ടിൽ (FIR) നൽകിയില്ല. 13--ആം തീയതി രാവിലെ ആദിവാസി ഗോത്ര സ്ത്രീകളായ ഫൂൽവതിയും മുന്നിയും ആശുപത്രി വിട്ട് ഷമിമിനോടൊപ്പം ജില്ലാക്കോടതിയിലേയ്ക്ക് പോയപ്പോൾ പോലീസ് ജില്ലാക്കോടതിയുടെ നേരെയെതിരെ വച്ച് തടഞ്ഞ് അവരെ തെരുവിലൂടെ വലിച്ചിഴച്ച് മാറ്റികൊണ്ടു പോയതുകൊണ്ടു് കേസിലെ അവരുടെ പരാതി നൽകാൻ ഗോത്രസ്ത്രീകൾക്ക് കോടതിയിലെത്താൻ കഴിഞ്ഞില്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെ ഗോത്രസ്ത്രീകളെ തട്ടികൊണ്ടു പോയെന്നതായി ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ (IPC)341,353,364,34 സെക്ഷനുകളുടെ കീഴിൽ ഷമിമിനെതിരെ 47/07 നമ്പർ കേസ് പോലീസ് രജിസ്‌റർ ചെയ്യുകയും ചെയ്തു.
തുടർന്ന് ഷമിം ഹൈക്കോടതിയിൽ നടത്തിയ നീക്കത്തിലൂടെ ഭോപാൽ ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഗോത്രസ്ത്രീകളെ മോചിപ്പിച്ചു. ജബൽപുരിൽ ചികിൽസ നൽകുകയും ചെയ്തു.
രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥ ഭരണക്കാരും തമ്മിലുള്ള അഴിമതി കൂട്ടുകെട്ട് ശ്രമിക് ആദിവാസി സംഘടനയും സമാജവാദിജന പരിഷത്തും പുറത്തു കൊണ്ടു വന്നു. ആദിവാസി ഗോത്രക്കാർക്ക് നേരെയുള്ള ക്രൂരതകളും ഖനന മാഫിയയും വനമാഫിയയുമായി സംസ്ഥാനത്ത് ഭരണത്തിലുള്ള ഭാരതീയ ജനതാപാർട്ടിയ്ക്കുള്ള ബന്ധവും ചൂണ്ടിക്കാട്ടി ഷമിം മോദി ജബൽപുർ ഹൈക്കോടതിയിൽ 4644-ആം നമ്പരായി ഒരു പൊതു താൽപര്യ ഹർജി (PIL 4644) ഫയൽ ചെയ്തു. താൻ അറസ്റ്റു് ചെയ്യപ്പെട്ടേക്കാം എന്ന ഭയം പൊതു താൽപര്യ ഹർജിയിൽ ഉടനീളം ഷമീം വ്യക്തമാക്കിയിരുന്നു. ഷമിമിന്റെ ജീവിതത്തിനും സ്വാതന്ത്യ്രത്തിനും എതിരെയുള്ള ഭീഷണി പരിഗണിച്ച് ഹർജി തീർപ്പാക്കുന്നതു വരെ ഷമിമിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കുകയും 2 സായുധ കാവൽക്കാരെ ഏർപ്പാടാക്കുകയും ചെയ്തിരുന്നു. 2008 ജൂലായ് 17 ന് ഈ പൊതു താൽപര്യ ഹർജിയിൽ ഹൈക്കോടതി ഉത്തരവായി. പോലീസ് കയ്യാമം വച്ച ആദിവാസി ഗോത്രക്കാരായ മൂന്ന് പേർക്കും നഷ്ടപരിഹാരം നൽകാൻ വിധിക്കുകയും പുതിയ ട്രൈബൽ റൈറ്റ് നിയമപ്രകാരമുള്ള വേരിഫിക്കേഷൻ നടപടിക്രമം കഴിയുന്നതുവരെ ആദിവാസി ഗോത്രക്കാരെ വനഭൂമിയിൽ നിന്ന് നീക്കം ചെയ്യരുതെന്നും അനധികൃത ഖനനത്തിലേർപ്പെട്ടിരിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവു നൽകുകയും ചെയ്തു. ഷമിം കോടതിലക്ഷ്യ പരാതി നൽകുന്നിടത്തോളമായിട്ടും ഒരു നടപടിയും ഉണ്ടായില്ല.
അങ്ങനെയിരിക്കെയാണ് തടിമിൽ വ്യവസായികൾ ഫെ. 9-ആം തീയതി ഷമിം മോദിയേയും അനുരാഗ മോദിയേയും 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് അന്ത്യശാസനം മുഴക്കുകയും പിറ്റേന്ന് തന്നെ ഷമിമിനെ അറസ്റ്റ് ചെയ്യുകയും ജാമ്യം നൽകാതെ അനിശ്ചിതമായി തടവിലിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഗൂഡാലോചന അരങ്ങേറുകയും ചെയ്തിരിക്കുന്നത്. ഹർദാ ജയിലിൽ ഷമിം തന്റെ അഭിഭാഷകനെ കാണുന്നത് വിലക്കുകയും മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും മനുഷ്യാവകാശ കമ്മീഷനും കത്തെഴുതാൻ അവരെ അനുവദിക്കാതിരിക്കുകയും ചെയ്തു. ആദ്യം 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റഡിയിലേക്ക് റിമാന്റു ചെയ്യുകയും തുടർന്ന് നീട്ടിക്കൊണ്ടിരിക്കുകയുമാണ്.
മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ നടപടി ക്രമമനുസരിച്ച് ഇങ്ങനെയുള്ള ജാമ്യാപേക്ഷകൾ കേൾക്കുന്നത് ക്രമനമ്പർ പ്രകാരമായതുകൊണ്ട് 2 ആഴ്ചകൂടി കഴിഞ്ഞേ ഷമിമിന്റെ ജാമ്യാപേക്ഷ പരിഗണനയിൽ വരൂ. മദ്ധ്യപ്രദേശ് സർക്കാർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് വ്യക്തം. ഷമിമിനെ ദീർഘകാലത്തേക്ക് തടവിലിടണമെന്നാണ് മദ്ധ്യപ്രദേശ് സർക്കാരിന്റെ ഉദ്ദേശ്യമെന്നാണ് ഭയപ്പെടുന്നത്.
ഷിമിനെപ്പറ്റി
ഭർത്താവ് അനുരാഗ് മോദിയോടൊപ്പം ശ്രമിക് ആദിവാസി സംഘടന സംഘടിപ്പിച്ചു് ആദിവാസികൾക്ക് വനത്തിലും മണ്ണിലും വെള്ളത്തിലുമുള്ള അവകാശത്തിനു വേണ്ടി 18 വർഷമായി പൊരുതിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവർത്തകയാണു് ഷമിം മോദി. ആദിവാസി ഗോത്രജനങ്ങളുടെയും തൊഴിലാളികളുടെയും കേസുകൾ മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ നടത്തി.
മഹാത്മാ ഗാന്ധിയുടെയും ലോകനായക് ജയപ്രകാശ് നാരായണന്റെയും ഡോ. അംബേഡ്കരിന്റെയും റാം മനോഹർ ലോഹിയയുടെയും ആദർശങ്ങൾക്കു വേണ്ടി പ്രവർത്തിയ്ക്കുന്ന ജനാധിപത്യ പ്രസ്ഥാനമായ സമാജവാദി ജനപരിഷത്തിന്റെ മദ്ധ്യപ്രദേശ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. രണ്ടു് പ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ റവന്യൂ മന്ത്രി കമൽപട്ടേലിനെതിരെയും ഒരു പ്രാവശ്യം ലോകസഭാ തെരഞ്ഞെടുപ്പിലും മൽസരിച്ചു.
11--ആം പഞ്ചവത്സര പദ്ധതിയുടെ തയ്യാറെടുപ്പിനായുള്ള ട്രൈബൽ സബ് ഗ്രൂപ്പിലെ അംഗമാണ് ഷമിം. പേരുകേട്ട സാമൂഹിക പ്രവർത്തകനായിരുന്ന ബാബ ആംട്ടെയോടും മേധാപട്ക്കറോടുമൊപ്പം ജനസഹയോഗ് ട്രസ്റ്റിലെ ഒരു ട്രസ്റ്റിയായിരുന്ന അവർ ഇപ്പോഴും അതേ സ്ഥാനത്ത് തുടരുന്നു.
ദില്ലിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും മുംബൈയിലെ ടാറ്റാ ഇൻസ്‌റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) ൽ നിന്ന് എംഫിലും ഭോപാൽ സർവകലാശാലയിൽ നിന്ന് നിയമബിരുദവും നേടിയിട്ടുള്ള ഷമിമിന് 46 വയസ്സുണ്ട്.
പ്രതിഷേധം
ഷമിമിന്റെ അറസ്‌റിൽ പ്രതിഷേധിച്ച് ഹർദയും ഖിർകിയയും തിർമണിയും സിറാലിയും റഹത്‌ഗോണും ആയി ബന്ധപ്പെട്ട എല്ലാ തൊഴിലാളി യൂണിയനുകളും ഹർദ ജില്ലയിലെ കൃഷി ഉപജമണ്ഡി റയിൽവേ മാൽഗോഡാം യൂണിയൻ, പണ്ടകശാല യൂണിയൻ ഹർദ നഗരത്തിലെ 60 സോമില്ലുകളുമായി ബന്ധപ്പെട്ട സോമിൽ യൂണിയൻ തുടങ്ങിയവ ഫെബ്രുവരി 12-ആം തീയതി പണി മുടക്കുകയും ഹർദയിൽ റാലി നടത്തുകയും ചെയ്തു. 13- ആം തീയതി മുതൽ സോമിൽ യൂണിയൻ അനിശ്ചിതകാല സമരത്തിലേക്ക് പോവുകയും തൊഴിൽ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഷമിമിന്റെ അറസ്റ്റിനെ എതിർത്തും ഹർദയിൽ സമ്മേളനം തുടങ്ങുകയും ചെയ്തു.
സമാജവാദി ജനപരിഷത്തിന്റെയും കിസാൻ ആദിവാസി സംഘടന, ജാഗ്രത് ആദിവാസി ദലിത് സംഘടന, ശ്രമിക് ആദിവാസി സംഘടന ഭോപാൽ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഘടൻ, നർമദാ ബച്ചാവോ ആന്ദോളൻ തുടങ്ങിയ പ്രസ്ഥാനങ്ങളുടേയും ആഭിമുഖ്യത്തിൽ ഷമിമിനെ മോചിപ്പിയ്ക്ണമെന്നാവശ്യപ്പെട്ടു് നിത്യേന പ്രതിഷേധ ജാഥകൾ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഷമിമിനെ അറസ്റ്റു് ചെയ്യാൻ ആധാരമാക്കിയതിലൊന്നായ 47/07 നമ്പർ കേസിലെ ഷമിം തട്ടിക്കൊണ്ടു പോയതായി പോലീസ് പറയുന്ന ഫൂൽവതി എന്ന ഗോത്രസ്ത്രീയും ഈ പ്രതിഷേധ സമരത്തിന്റെ മുൻനിരയിലുണ്ട്.
2008/10/15
കിഷന്‍ പട്‌നായക് സ്‌മാരക ദേശീയ സെമിനാര്‍: 'കോട്ടയം വാര്‍ത്ത' നല്കിയ വാര്‍ത്താപരിഗണന
സാംസ്‌കാരികത അട്ടിമറിക്കപ്പെടുന്നു
കോട്ടയം, ശനിയാഴ്ച, സെപ്തംബര്‍ 27, 2008: മന്ത്രം ചൊല്ലിയും മണിമുഴക്കിയും ന്യൂനപക്ഷ സമുദായങ്ങള്‍ ഇന്ത്യയുടെ സാംസ്‌കാരിക ജീവിതത്തെ അട്ടിമറിക്കുന്നുവെന്ന് പ്രശസ്‌ത എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. കോട്ടയം റിട്രീറ്റ് സെന്ററില്‍ നടത്തുന്ന സമാജവാദി ജനപരിഷത്തിന്റെ കിഷന്‍ പട്‌നായക് സ്‌മാരക ദേശീയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതീയമായ വേര്‍തിരിവാണ് മനുഷ്യന്റെ അന്തസ്സിനെ ഹനിച്ചുകൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് മതം തകര്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മതം പോകുമ്പോള്‍ ജാതി താനേ പൊയ്‌ക്കോളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമൂഹിക അസമത്വമാണ് ഇന്നത്തെ തിന്മയെന്നും ജാതിയും മതവും നിലനിര്‍ത്തിക്കൊണ്ട് മാനവികത അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാജവാദി ജനപരിഷത്തിന്റെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്ബ് അദ്ധ്യക്ഷനായിരുന്നു. പ്രമുഖ രാഷ്‌ട്രീയ ചിന്തകനും തെരഞ്ഞെടുപ്പ് വിശകലന വിദഗ്‌ധനുമായ യോഗേന്ദ്രയാദവ്, പ്രൊഫ. എസ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
ജാതി സംവരണം സാമൂഹിക വിപ്ലവത്തിന് സമഗ്രമായ സംവരണ നയം വേണം എന്നതാണ് ഇന്നും നാളെയും നടക്കുന്ന സെമിനാറിലെ വിഷയം.
http://myvartha.com/ver02/FullStory/?NewsID=927200831507PM1956&Sid=10&Opps=1&Cnt=2131
© Copyright 2008. myvartha.com
കടപ്പാടു്: കോട്ടയം വാര്‍ത്ത
2008/10/06
യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'മംഗളം ദിനപത്രം' നല്കിയ വാര്‍ത്താപരിഗണന
കോട്ടയം: പൊതുതെരഞ്ഞെടുപ്പില്‍ യു.പി.എ, എന്‍.ഡി.എ. കക്ഷികള്‍ ദുര്‍ബലപ്പെടുമെന്നു പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകന്‍ യോഗേന്ദ്രയാദവ്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഘടകകക്ഷികളില്‍ ഉണ്ടാവുന്ന നഷ്‌ടം ബി.എസ്.പി, എ.ഐ.എ.ഡി.എം.കെ, പി.ഡി.പി. തുടങ്ങിയ കക്ഷികള്‍ക്കാവും നേട്ടമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Sunday, September 28, 2008 - 11:59 pm
© Copyright Mangalam Publishers 2007.
http://www.mangalam.com/index.php?page=detail&nid=79377
2008/10/04
ജാതി സംവരണം സമഗ്രമായസംവരണ നയത്തിലൂടെ സഫലമാക്കണം: യോഗേന്ദ്രയാദവ്

കോട്ടയം, ൧൧൮൪ കന്നി ൧൨: ജാതിവ്യവസ്ഥയുടെ ഫലമായുണ്ടായ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുവാന്‍ ജാതി സംവരണം ആവശ്യമാണെന്നും എന്നാല്‍ സമഗ്രമായ ഒരു സംവരണനയത്തിലൂടെ അര്‍ത്ഥവത്താക്കിയാല്‍ മാത്രമെ പട്ടികജാതി,വര്‍ഗ്ഗ, മറ്റു പിന്നോക്ക സമൂഹങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിച്ച് സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സഫലമാക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രമുഖ രാഷ്ട്രീയ, വിദ്യാഭ്യാസ ചിന്തകന്‍ യോഗേന്ദ്രയാദവ് (Yogendra Yadav) അഭിപ്രായപ്പെട്ടു. സമാജവാദി ജനപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ 75-ആം വാര്‍ഷികത്തിന്റെഭാഗമായും കിഷന്‍ പട്നായക് സമാരകമായും നടത്തിയ സമഗ്രമായ സംവരണനയം വേണമെന്ന സെമിനാറില്‍ മുഖ്യ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലി സി.എസ്.ഡി.എസ്. സീനിയര്‍ ഫെലോ ആയ യോഗേന്ദ്രയാദവ് എന്‍.സി.ആര്‍.റ്റി.ഇയുടെ സോഷ്യല്‍ സയന്‍സ് പാഠപുസ്തക പരിഷ്ക്കരണത്തിന്റെ മുഖ്യ ഉപദേശകനും അവസര സമത്വ കമ്മീഷന്‍ നിയമിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതി അംഗവും ഏഷ്യയിലെ അറിയപ്പെടുന്ന തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനുമാണ്.
കഴിവ്, പ്രയത്നം തുടങ്ങിയവ സൃഷ്ടിക്കുന്ന അന്തരം സ്വാഭാവികമാണെങ്കിലും അസ്വാഭാവികമായ അസമത്വങ്ങളും വിവേചനങ്ങളും അധാര്‍മ്മികമാണ്. ജന്മം കൊണ്ടതിന്റെ അടിസ്ഥനത്തില്‍ വിവേചനവും മാറ്റിനിര്‍ത്തലും ഉറപ്പുവരുത്തുന്ന ജാതിപരമായ അസമത്വം ഏറ്റവും അധാര്‍മ്മികമാണ്. അത്തരം സമൂഹത്തില്‍ അവസരങ്ങളും സമൂഹത്തിലെ വിഭവങ്ങളും മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്ക് ഉറപ്പു വരുത്തുവാന്‍ ഇടപെടുമ്പോഴേ സമത്വ സമൂഹം സൃഷ്ടിക്കാനാവുകയുള്ളൂ. ഔപചാരികമായ സമത്വം എന്നതിനു പകരം ഫലപ്രദവും യഥാര്‍ത്ഥത്തിലുള്ളതുമായ അവസരസമത്വം ഉറപ്പുവരുത്തുകയും വേണം.
എന്റെ ജീവിത പന്ഥാവ് നിര്‍ണയിക്കേണ്ടത് ഞാന്‍ ഏത് സാഹചര്യങ്ങളില്‍ ജനിച്ചുവെന്നത് ആകരുത്. എന്നാല്‍ അന്‍പത് വര്‍ഷം മുമ്പല്ല ഇക്കാലത്തു പോലും വിവേചനത്തിന്റെ അന്യായങ്ങള്‍ നിലനില്‍ക്കുകയാണ്. വിവേചനത്തിന്റെ തത്വം തന്നെ അതിനുള്ള പരിഹാരത്തിനും ഉപയോഗിക്കണം. സമൂഹം നിര്‍ണ്ണയിച്ച മാനദണ്ഡമെന്ന നിലയില്‍ അത് മാറ്റാനാവില്ല. അതുകൊണ്ട് മതാടിസ്ഥാനത്തിലുള്ള സംവരണ നിഷേധം അന്യായമാണ്. ജാതിയാണ് സംവരണത്തിന്റെ അടിസ്ഥാനമെന്ന് അടിവരയിട്ട് പറയുമ്പോഴും മാനവചരിത്രത്തിലെ ഏറ്റവും മഹത്തരവും വിപുലവുമായ ഒരു പരീക്ഷണാനുഭവമായ സംവരണത്തെ ആറു പതിറ്റാണ്ടിനോടടുക്കുമ്പോള്‍ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ സംവരണനയം രൂപീകരിച്ച് പദ്ധതി തയ്യാറാക്കണം.
പട്ടികജാതി സംവരണത്തില്‍ മുഖ്യപങ്ക് ചില ജാതി സമൂഹങ്ങളില്‍ ചുരുങ്ങുകയും വാല്‍മീകി പോലുള്ള തൂപ്പുകാരുടെ സമൂഹങ്ങള്‍ പിന്നണിയില്‍ തന്നെ കഴിയുകയും ചെയ്യുന്നത് അതിന്റെ ആവശ്യകത സൂചിപ്പിക്കുന്നു. ചമാര്‍, മഹര്‍ തുടങ്ങിയ ജാതികള്‍ സിംഹഭാഗം കയ്യടക്കുന്നതും ആന്ധ്രപ്രദേശിലെ മാല, മാദിക ജാതികളുടെ അസന്തുലിതാവസ്ഥയും പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.
പട്ടികവര്‍ഗ്ഗ സംവരണത്തില്‍ മീണ വിഭാഗം ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന നേട്ടങ്ങള്‍ കൈവരിച്ചു കഴിഞ്ഞു. അതനുസരിച്ച് അവരേയും സംവരണത്തില്‍ പുനര്‍ വിന്യസിക്കണം. പട്ടിക ജാതി- വര്‍ഗ്ഗ സംവരണത്തില്‍ കുറേ കാലത്തേക്ക് കൂടി ജാതി ഇതരമായ ഘടകങ്ങള്‍ മാനദണ്ഡമാക്കുകയുമരുത്. എന്നാല്‍ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തെ ഫലപ്രദമാക്കുവാന്‍ ജാതി ഇതര ഘടകങ്ങള്‍ കൂടി പരിഗണിക്കണം.
ക്രീമിലെയര്‍ എന്ന വാക്ക് തീര്‍ത്തും ഉചിതമല്ല . പിന്നോക്കരിലെ ജാതിപരമായ താഴ്ച, ഗ്രാമീണ വാസം, ലിംഗ വിവേചനം, സര്‍ക്കാര്‍ സ്കൂളിലെ വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി തുടങ്ങിയവപരിഗണിക്കണം. എന്നാല്‍ ഒ.ബി.സി. ക്വോട്ട ഒഴിവുകിടന്നാല്‍ അത് പൊതുവാക്കാനുള്ള സുപ്രീം കോടതിയുടെ വിധി ശരിയല്ല. ഒഴിവുള്ള പിന്നോക്ക ക്വോട്ടയില്‍ പിന്നോക്ക സമൂഹങ്ങളിലെ മാറ്റി നിര്‍ത്തിയ അപേക്ഷകര്‍ക്ക് നല്‍കണം.
പിന്നോക്ക സംവരണത്തില്‍ ഉദ്യോഗം ലഭിച്ചവരുടെ മക്കള്‍ക്ക് അതേ നിലയിലുള്ള സംവരണത്തിന് അര്‍ഹത ഉണ്ടാകരുത്. എന്നാല്‍ അതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലെ ഉദ്യോഗങ്ങള്‍ക്ക് സംവരണം ലഭിക്കണം. ചില ജാതികളെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം പിന്നോക്ക സംവരണത്തില്‍ നിന്ന് ഒഴിവാക്കാം. അതിന് ദേശീയ അവസര സമത്വ കമ്മീഷനെ നിയമിക്കണം. അവസര സമത്വം നിഷേധിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ കമ്മീഷന്‍ സ്ഥാപിച്ചു നല്‍കുകയും വേണം. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, മറ്റു പിന്നോക്ക സംവരണങ്ങളില്‍ മുന്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ അനുസരിച്ച് സംവരണത്തിനുള്ളില്‍ ഉപവര്‍ഗ്ഗീകരണവും, ജനസംഖ്യാടിസ്ഥാനത്തില്‍ അളവുകളുടെ നിര്‍ണയവും വേണം.
സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു പുറമെ സംവരണത്തിന്റെ വ്യാപ്തി സ്വകാര്യ മേഖലയിലേയ്ക്കും വ്യാപിപ്പിക്കുകയും വേണം. സര്‍ക്കാരില്‍ നിന്ന് രജിസ്ട്രേഷന്‍, കരാര്‍, സഹായധനം തുടങ്ങിയവ ലഭിക്കുന്നതിന് സംവരണം വ്യവസ്ഥ ചെയ്യുകയും ഓരോ സ്ഥാപനത്തിലെയും ജീവനക്കാരില്‍ പിന്നണി വിഭാഗങ്ങളുടെ പ്രാതിനിധ്യം ആണ്ടു തോറും പരസ്യപ്പെടുത്തുന്നത് നിര്‍ബന്ധമാക്കുകയുമാണ് സ്വകാര്യ മേഖലയിലെ സംവരണത്തിന് ആവശ്യം.
രാജ്യത്തെ പ്രബലശക്തികള്‍ എതിര്‍ത്തിരുന്ന കാലഘട്ടത്തില്‍ സംവരണത്തിനുവേണ്ടി നിലകൊണ്ട് സോഷ്യലിസ്റ് പ്രസ്ഥാനം ആര്‍ജ്ജവം കാണിച്ചു. അസമത്വം വര്‍ദ്ധിതമാക്കുന്ന ഇന്നത്തെ വ്യവസ്ഥപിത രാഷ്ട്രീയ കക്ഷികള്‍ സമഗ്രമായ സംവരണ നയത്തിനുവേണ്ടി നിലകൊള്ളുവാന്‍ തയ്യാറാവുകയില്ല. അതിന് തെക്കന്‍ ബംഗാള്‍, ത്സാര്‍ഖണ്ട്, പടിഞ്ഞാറന്‍ ഒറീസ്സ, വടക്കന്‍ ആന്ധ്രപ്രദേശ്, തെക്കന്‍ മധ്യപ്രദേശ്, തെക്കന്‍ ഗുജറാത്ത്, തെക്കന്‍ രാജസ്ഥാന്‍ പ്രദേശങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന ഒന്നും ലഭിക്കാത്ത ആദിവാസികളുടെയും, പട്ടിക ജാതി, മറ്റു പിന്നോക്ക സമൂഹങ്ങളുടെ പിന്നണിയില്‍ തള്ളപ്പെട്ടവരുടെയും ക്രൈസ്തവ, മുസ്ളീം ദലിതരുടെയും ഉയര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യമിടുന്ന പുതിയ ഒരു രാഷ്ട്രീയ ശക്തി ഉണ്ടാകണം. സമഗ്രമായ ഒരു സംവരണ നയം നടപ്പിലാക്കുവാനുള്ള ഇച്ഛാശക്തി സൃഷ്ടിക്കുവാന്‍ അതാവശ്യമാണ്. പുതിയ രാഷ്ട്രീയത്തിനു വേണ്ടി നിലകൊള്ളുന്ന സമാജവാദി ജനപരിഷത്ത് ആ ഉദ്യമത്തിന് മുന്നിട്ടിറങ്ങുമെന്നും രജ്യത്തൊട്ടാകെയുള്ള ചര്‍ച്ചകളുടെ ഭാഗമായി അവതരിപ്പിച്ച പ്രബന്ധം സമാപിപ്പിച്ചുകൊണ്ട് യോഗേന്ദ്രയാദവ് പറഞ്ഞു.
(C)Some Rights Reserved.This post is licensed under a Creative Commons Attribution-ShareAlike License.
യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'കോട്ടയം വാര്‍ത്ത' നല്കിയ വാര്‍ത്താപരിഗണന

സാധനങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും ഉപഭോക്താക്കള്‍ക്ക് ഒന്നും ലഭിക്കാത്തതു പോലത്തെ അവസ്ഥയാണ് ഇന്ത്യന്‍ രാഷ്‌ട്രീയത്തിലുള്ളത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണനയ്‌ക്ക് എടുക്കുന്നില്ലെന്നു് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യാ രാജ്യത്തെ മുസ്ലീങ്ങളെല്ലാം ഭയത്തിലാണ്. ഇന്ന് അറസ്റ്റ് ചെയ്യപ്പെടുന്നതില്‍ കൂടുതല്‍ മുസ്ലീം യുവാക്കളാണെന്നും ഇത് വര്‍ഗീയ ലഹളകള്‍ക്കു് കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.ആണവക്കരാര്‍ രാജ്യത്തിന്റെ പുരോഗതിയ്ക്കു് ആവശ്യമാണെന്നാണ് യു പി എ സര്‍ക്കാര്‍ പറയുന്നത്.
ബി ജെ പി ഒരിക്കലും ആണവക്കരാറിനെ എതിര്‍ക്കുന്നില്ല. മറിച്ച് ചില വ്യവസ്ഥകളെ മാത്രമാണ് ചോദ്യം ചെയ്യുന്നത്. ന്യൂക്ലിയര്‍ എനര്‍ജി രാജ്യത്തിന്റെ വികസനത്തി നാവശ്യമാണെന്നും ആയുധങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ആവശ്യമാണെന്ന കാര്യത്തില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സമാന ചിന്താഗതിക്കാരണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യധാരാ മാധ്യമങ്ങള്‍ രാജ്യപുരോഗതിയ്‌ക്ക് ആവശ്യമായ വാര്‍ത്തകള്‍ക്കു് വളരെ കുറച്ച് പ്രാധാന്യമാണ് നല്‍കുന്നത്. എന്നാല്‍ താഴേക്കിടയില്‍ ഉള്ളവയാണ് ഇതില്‍ നല്ലൊരു പങ്ക് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രസ് ക്ലബ് പ്രസിഡന്റ് പുന്നൂസ് മാത്തന്‍, സെക്രട്ടറി ഇ പി ഷാജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2008 സെപ്തംബര്‍ 27 ശനി
2008/10/01
യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'മലയാള മനോരമ ' നല്കിയ വാര്‍ത്താപരിഗണന
തിരുവനന്തപുരം: അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ യുപിഎയും എന്‍ഡിഎയും ഭൂരിപക്ഷത്തിന് അടുത്തൊന്നും എത്തില്ലെന്നു പ്രശസ്ത തിരഞ്ഞെടുപ്പു പ്രവചന വിദഗ്ധനും ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റീസിലെ ഫെലോയുമായ ഡോ. യോഗീന്ദ്ര യാദവ് പറഞ്ഞു. യുപിഎയില്‍ കോണ്‍ഗ്രസിനു വലിയ ക്ഷീണം സംഭവിക്കില്ലെങ്കിലും ഘടകകക്ഷികള്‍ക്കു നഷ്ടം വരും. എന്‍ഡിഎയില്‍ ബിജെപിക്കായിരിക്കും സീറ്റുകള്‍ നഷ്ടപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍സ്റ്റ്യൂട്ട് ഫോര്‍ പാര്‍ലമെന്ററി അഫയേഴ്സും കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗവും ചേര്‍ന്നു നടത്തിയ സെമിനാറില്‍ 'ലോക്സഭാ തിരഞ്ഞെടുപ്പ്-2009, സാഹചര്യങ്ങളും സാധ്യതകളും എന്ന വിഷയത്തെക്കുറിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യുപിഎയ്ക്കും എന്‍ഡിഎക്കും നഷ്ടമുണ്ടാകുമെങ്കിലും ഇടതുപക്ഷത്തിനോ മൂന്നാം മുന്നണിക്കോ നേട്ടമുണ്ടാകുമെന്നര്‍ത്ഥമില്ല. ബിഎസ്പിക്കു സീറ്റുകള്‍ കൂടുമെങ്കിലും അവര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ മാത്രം സീറ്റു കിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്കുദേശം, അണ്ണാ ഡിഎംകെ തുടങ്ങിയ കക്ഷികളുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തെ സ്വാധീനിക്കും.
ഗ്രാമീണ തൊഴിലുറപ്പു നിയമം, വിവരാവകാശ നിയമം, വനാവകാശ നിയമം തുടങ്ങി പുരോഗമനപരമായ ഏറെ നിയമങ്ങള്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും അവര്‍ക്ക് അതിന്റെ നേട്ടം തിരഞ്ഞെടുപ്പില്‍ കിട്ടില്ല. നിയമങ്ങള്‍
നടപ്പാക്കുന്നതില്‍ കാണിച്ച അലംഭാവം മൂലമാണിത്. കോണ്‍•സിന്റെ ഉന്നത നേതൃത്വം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതാണ് ഇതിനു കാരണം.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പാര്‍ട്ടികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള അന്തരം കുറയുകയാണ്. വോട്ടര്‍മാര്‍ക്കു തിരഞ്ഞെടുക്കാവുന്ന സാധ്യതകള്‍ വിരളമാകുന്നു. തങ്ങള്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്കു വോട്ട് ചെയ്യാം, എന്നാല്‍ നയങ്ങള്‍ക്കു വോട്ട് ചെയ്യാനാവില്ലെന്ന എന്ന പ്രതിസന്ധിയാണു ജനം നേരിടുന്നത്. യുപിഎയും എന്‍ഡിഎയും ഇടതുപക്ഷവുമെല്ലാം നവലിബറല്‍ നയങ്ങളാണു പിന്തുടരുന്നത്. സിപിഎം ജനാധിപത്യ പാര്‍ട്ടിയായി മാറിക്കൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന പേര് കൈവിടുന്നില്ലെന്നേയുള്ളൂ.
തിരഞ്ഞെടുപ്പിനു ശേഷമുണ്ടാകുന്ന അനിശ്ചിതത്വം വലിയ ആപത്തിനൊന്നും വഴിവയ്ക്കില്ല. ഈ അനിശ്ചിതത്വം ഒട്ടേറെ സാധ്യതകള്‍ സൃഷ്ടിക്കും. ഇതില്‍ നിന്നായിരിക്കും ബദല്‍ രാഷ്ട്രീയ മാതൃക ഉരുത്തിരിയുക. രാഷ്ട്രീയ പ്രതിബദ്ധതയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളായിരിക്കും അതിനു തുടക്കം കുറിക്കുകയെന്നു വേണം കരുതാന്‍-ഡോ. യാദവ് പ്രവചിച്ചു.
ആ•ാളവല്‍ക്കരണവും വര്‍ഗീയതയുമായിരിക്കും അടുത്ത തിരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങള്‍ എന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. ഏകകക്ഷി ഭരണമെന്ന വികലമായ നയം കോണ്‍ഗ്രസ് നേരത്തെ ഉപേക്ഷിച്ചിരുന്നെങ്കില്‍ വര്‍ഗീയ കക്ഷികള്‍ കേന്ദ്രത്തില്‍ ഒരിക്കലും അധികാരത്തില്‍ വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പാര്‍ലമെന്ററി അഫയേഴ്സ് ഡയറക്ടര്‍ ഡോ.ജെ. പ്രഭാഷ്, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ.ജി. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കടപ്പാടു് :-മലയാള മനോരമ 2008 സെപ്തംബര്‍ 30, ചൊവ്വ