2010/01/29

ലാലൂര്‍ സമരം മുറുകുന്നു; സമരസഹായ സമിതി രൂപീകരിക്കുന്നു

തൃശൂര്‍: ലാലൂര്‍ സമരത്തിന്റെ രൂപവും ഭാവവും മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ലാലൂര്‍ സമരസഹായ സമിതി രൂപീകരിക്കുന്നു. ഇതോടെ സമരം കൂടുതല്‍ ജനകീയമാകുമെന്നാണ്‌ കണക്കുകൂട്ടല്‍. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ സെന്റ്‌ തോമസ്‌ കോളജില്‍ ചേരുന്ന കണ്‍വന്‍ഷനില്‍ സുകുമാര്‍ അഴീക്കോട്‌, സാറാജോസഫ്‌ എന്നിവര്‍ പങ്കെടുക്കും.

സമരം നഗരത്തിലേക്ക്‌ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച്‌ ഗൗരവമായി ആലോചിക്കുന്നുണ്ട്‌. അനിശ്‌ചിതകാല നിരാഹാരസമരം നടത്തിയാല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നാണ്‌ കണക്കാക്കുന്നത്‌.

കഴിഞ്ഞ ദിവസങ്ങളില്‍ ലാലൂരില്‍ റിലേ സത്യഗ്രഹസമരത്തെ പിന്തുണച്ച്‌ ഒട്ടേറെ ജനകീയസംഘടനകള്‍ രംഗത്തെത്തിയിരുന്നു. സമരം കൂടുതല്‍ സജീവമാക്കണമെങ്കില്‍ നഗരമധ്യത്തിലേക്കു മാറ്റുന്നതു ഗുണം ചെയ്യുമെന്ന ചിന്തയുണ്ട്‌.

എന്നാല്‍ ലാലൂരിലെ പ്രശ്‌നമായതിനാല്‍ അവിടെനിന്നു സമരപ്പന്തല്‍ മാറ്റുന്നതു ശരിയാകുമോ എന്നും ചിന്തയുണ്ട്‌. ഇക്കാര്യങ്ങളില്‍ അവസാനതീരുമാനമായിട്ടില്ല. എന്നാല്‍ നിരാഹാരസമരം എന്നതിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. സമരം ഇത്രമാത്രം ശക്‌തമായിട്ടും കോര്‍പറേഷന്‍ അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. സി.പി.എം ഇതര സംഘടനകള്‍ സമരത്തെ അനുകൂലിക്കുന്ന സാഹചര്യമുണ്ടായിട്ടും നിഷേധാത്മക നയം തുടരുകയാണ്‌. സി.പി.ഐ പരസ്യമായി സമരപ്പന്തലിലെത്തിയിരുന്നു.

ഇതിനിടെ സമരസമിതിക്കാരെ ഭീഷണിപ്പെടുത്തി സി.പി.എം സമരം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമുണ്ട്‌. ഈയിടെ ബി.പി.എല്‍ ലിസ്‌റ്റില്‍നിന്ന്‌ 20 ലധികം പേരെയാണ്‌ സമരസമിതിയുമായി സഹകരിച്ചെന്ന പേരില്‍ വെട്ടിമാറ്റിയത്‌. ഇവരോട്‌ ലിസ്‌റ്റില്‍ തിരികെ കയറ്റണമെങ്കില്‍ സി.പി.എം ഓഫീസിലെത്താനും ആവശ്യപ്പെട്ടുവത്രെ. സ്‌ഥലം കൗണ്‍സിലറുടെ നേതൃത്വത്തിലാണ്‌ ഇതുസംബന്ധിച്ച്‌ ഗൂഢാലോചന നടന്നതെന്നും ആരോപിക്കുന്നു. സഹ.സംഘങ്ങളില്‍നിന്ന്‌ വായ്‌പയെടുത്തവരെയും ഭീഷണിപ്പെടുത്തി സമരസമിതിയുമായി വിട്ടുനില്‍ക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന്‌ പറയുന്നു.

ഇതേസമയം സി.പി.എം നേതൃത്വത്തില്‍ ലാലൂര്‍ ആക്ഷന്‍ കൗണ്‍സിലുണ്ടാക്കിയെങ്കിലും ക്ലച്ച്‌ പിടിച്ചില്ല. അതും സി.പി.എമ്മിന്‌ ക്ഷീണമുണ്ടാക്കി. ഈ സാഹചര്യങ്ങളില്‍ സമരം പെട്ടെന്ന്‌ ഒത്തുതീരാന്‍ സി.പി.എമ്മിന്‌ വലിയ താത്‌പര്യമില്ല. എന്നാല്‍ സ്വന്തം നിലപാടുകള്‍ക്ക്‌ അംഗീകാരമില്ലാതെ പോകുന്നത്‌ പാര്‍ട്ടിയെ അസ്വസ്‌ഥമാക്കുന്നുമുണ്ട്‌.

ഇതിനിടെ കോര്‍പറേഷന്റെ നിലപാടുകളിലെ വൈരുധ്യം തുറന്നുകാട്ടുന്ന പ്രചാരണം വ്യാപിപ്പിക്കാനും സമരസമിതി തന്ത്രം മെനയുന്നുണ്ട്‌. ലാലൂരില്‍ മാലിന്യങ്ങള്‍ കൊണ്ടിടുന്നതില്‍ കഴിഞ്ഞ നവംബര്‍ 19 മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയെന്നാണ്‌ കോര്‍പറേഷന്‍ കോടതിയില്‍ നല്‍കിയ രേഖകളിലുള്ളത്‌. ഇതനുസരിച്ച്‌ മാലിന്യങ്ങള്‍ പ്രഭവകേന്ദ്രത്തില്‍ (വീടുകള്‍) വെച്ചുതന്നെ തരംതിരിക്കുന്നതായാണ്‌ പറയുന്നത്‌. ഇങ്ങനെ മാലിന്യങ്ങള്‍ തരംതിരിക്കാന്‍ രണ്ടുതരം ബക്കറ്റുകള്‍ നല്‍കുമെന്നു പറയുന്നതല്ലാതെ ഇതുവരെയും ഇക്കാര്യം നടപ്പാക്കിയിട്ടില്ല. അതിനാല്‍ ഈയൊരൊറ്റ കാര്യം ബോധ്യപ്പെടുത്തി കോടതിയലക്ഷ്യ നടപടിപ്രകാരം കേസെടുക്കാന്‍ കഴിയുമെന്നും വിലയിരുത്തുന്നു. ഹൈക്കോടതിയില്‍ കേസ്‌ നടത്തുന്ന അഭിഭാഷകനുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും.

ജൈവ, അജൈവ മാലിന്യശേഖരണം വീടുകളില്‍ നിന്നാരംഭിച്ചെന്ന്‌ വരുത്തിത്തീര്‍ത്ത്‌ കോടതിയെ തെറ്റിധരിപ്പിക്കാനുളള നീക്കമായി ഇതിനെ സമരസമിതി വിശേഷിപ്പിക്കുന്നു. മാലിന്യമല ലാലൂരില്‍നിന്നു പൂര്‍ണമായും മാറ്റുമെന്ന കോര്‍പറേഷന്‍ നിലപാടും വിശ്വസിക്കാനാകില്ലെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. ഇക്കാര്യങ്ങളില്‍ കൂടുതല്‍ പ്രചാരണം നടത്തുന്നത്‌ ഗുണകരമാകുമെന്നാണ്‌ കണക്കുകൂട്ടല്‍. കോടതിയലക്ഷ്യത്തിനു കേസെടുക്കുന്ന സ്‌ഥിതിയുണ്ടായാല്‍ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പുസ്വഭാവവും പുറത്തുകൊണ്ടുവരാനാകുമെന്ന്‌ സമരനേതാക്കള്‍ പറയുന്നു. മാലിന്യമല നീക്കുമെന്ന്‌ പൊതുജനമധ്യത്തില്‍ പറയുകയും കോടതിയില്‍ മാലിന്യമലയുടെ ക്യാപ്പിംഗിനുള്ള വഴികള്‍ തേടുകയുമാണ്‌ കോര്‍പറേഷനെന്നും ആരോപണമുണ്ട്‌.

കടപ്പാടു് മംഗളം
.

2010/01/26

ലാലൂര്‍: പൊതുചര്‍ച്ചക്ക്‌ എ.ഡി.ബി. വിലക്ക്‌

തൃശൂര്‍, ‍ജനുവരി 25 : ലാലൂര്‍ മാലിന്യ പ്രശ്‌നത്തില്‍ ജനകീയ മോണിറ്ററിങ്ങ്‌ കമ്മിറ്റി രൂപീകരിക്കാത്തത്‌ എ.ഡി.ബി. പദ്ധതികള്‍ പൊതുചര്‍ച്ചക്ക്‌ വിധേയമാക്കരുതെന്ന വിലക്ക്‌ മൂലമാണെന്ന്‌ കോര്‍പറേഷന്‍ കോണ്‍. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി രാജന്‍ പല്ലന്‍ കുറ്റപ്പെടുത്തി. മാലിന്യനിര്‍മാര്‍ജനം, പൈപ്പിടല്‍, സ്വരാജ്‌ റൗണ്ട്‌ നവീകരണം, ദാരിദ്ര്യ നിര്‍മാര്‍ജനം, റോഡ്‌-കാന വികസനം, വെള്ളക്കെട്ട്‌ നിവാരണം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും വിവാദമായിട്ടും ഒരു തലത്തിലുള്ള പൊതുചര്‍ച്ചകള്‍ക്കും വിധേയമാക്കാതെ എ.ഡി.ബി. കരാര്‍ നിര്‍ദേശിക്കുന്നതുപോലെ പദ്ധതി നടപ്പാക്കുന്ന സമീപനമാണ്‌ സ്വീകരിച്ചത്‌.

ലാലൂര്‍ പ്രശ്‌നത്തില്‍ മോണിറ്ററിങ്ങ്‌ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറി ബേബി ജോണാണ്‌ ഉന്നയിച്ചത്‌.

യു.ഡി.എഫ്‌. ഭരണത്തില്‍ ലാലൂരില്‍ എയ്‌റോബിക്‌ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കാന്‍ ഉപദേശം നല്‍കിയത്‌ സി.പി.എം. സഹയാത്രികരായ ഡോ. ആര്‍.വി.ജി. മേനോന്‍, ഡോ. വി.ആര്‍. രഘുനന്ദനന്‍, പ്രൊഫ. വി.കെ. ശശികുമാര്‍, ഡോ.വി.എ. സുധാകരന്‍, ഡോ. ആര്‍. ജയചന്ദ്രന്‍ എന്നിവരാണ്‌. എ.ഡി.ബി. ക്കാര്‍ക്കുവേണ്ടിയുള്ള ദുശാഠ്യങ്ങള്‍ വെടിഞ്ഞ്‌ എ.ഡി.ബി. യുടെ ലാലൂര്‍ പദ്ധതികള്‍ സംബന്ധിച്ച്‌ ഇവരുമായെങ്കിലും ചര്‍ച്ച ചെയ്യാനുള്ള വകതിരിവ്‌ മേയര്‍ പ്രകടിപ്പിക്കണം.

കടപ്പാടു് : മംഗളം പത്രം

2010/01/25

ഫെര്‍ണാണ്ടസിന്‍റെ സ്വത്തു് പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന്

ബംഗളൂരു
ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ സ്വത്തു പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന് ഫെര്‍ണാണ്ടസിന്‍റെ സഹോദരന്മാര്‍ ആവശ്യപ്പെട്ടു.
മൈക്കല്‍, അലോഷ്യസ്, റിച്ചാര്‍ഡ് എന്നിവരാണു് ഫെര്‍ണാണ്ടസിന്‍റെ ഭാര്യ ലൈല കബീറിനെയും മകനെയും പ്രതിസന്ധിയിലാക്കുന്ന ആവശ്യവുമായി പത്രസമ്മേളനം നടത്തിയത്.

“ബംഗളൂരിനു സമീപം നീലമംഗലയിലെ വസ്തു വില്‍ക്കണമെന്നും കിട്ടുന്ന തുകകൊണ്ടു തന്‍റെ പേരില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്നുമായിരുന്നു ജോര്‍ജിന്‍റെ ആഗ്രഹം. ടൊറന്‍റോയില്‍ വൈദ്യ പരിശോധനയ്ക്കു പോയപ്പോള്‍ അദ്ദേഹം ഇക്കാര്യം ഞങ്ങളോടു ചര്‍ച്ച ചെയ്തിരുന്നു. ട്രസ്റ്റിന്‍റെ ഗുണഭോക്താക്കള്‍ ആരൊക്കെയെന്നുപോലും രൂപരേഖയുണ്ടാക്കി.പക്ഷേ, അദ്ദേഹത്തിന്‍റെ ആരോഗ്യനില പെട്ടെന്നു വഷളായി. ഭാര്യയും മക്കളും സംരക്ഷണമേറ്റെടുത്തു. ഇതോടെ എല്ലാം തകിടംമറിഞ്ഞു’’- മൈക്കല്‍ പറഞ്ഞു. തന്‍റെ ഭൂമിയില്‍ ഒരു പഠന ഗവേഷണ കേന്ദ്രം തുടങ്ങണമെന്നും ജോര്‍ജ് ആഗ്രഹിച്ചിരുന്നു. ഞങ്ങളെ ഏല്‍പ്പിച്ചതാണ് എല്ലാം. എന്നാല്‍, ഇക്കാര്യത്തില്‍ നിയമനടപടിക്കു താത്പര്യമില്ല. സമവായമുണ്ടായാല്‍ നന്ന്. എല്ലാ കാര്യങ്ങളും ജോര്‍ജുമായി ആലോചിച്ചേ ചെയ്യൂ- മൈക്കല്‍ കൂട്ടിച്ചേര്‍ത്തു.

ട്രസ്റ്റ് രൂപവത്കരണമെന്ന ആവശ്യത്തെക്കുറിച്ചു ലൈലയും മകന്‍ സീനും പ്രതികരിച്ചിട്ടില്ല. ഇക്കാര്യം തള്ളിക്കളയാന്‍ അവര്‍ക്കു കഴിയില്ലെന്ന വിലയിരുത്തലിലാണു ഫെര്‍ണാണ്ടസിന്‍റെ സഹോദരന്മാര്‍. ആവശ്യം തള്ളിയാല്‍ ഫെര്‍ണാണ്ടസെന്ന ജനനേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനു തുല്യമാകും അത്. ട്രസ്റ്റ് രൂപവത്കരിച്ചാല്‍ അതിന്‍റെ നിയന്ത്രണം കൈവിട്ടുപോകാമെന്നതും ലൈലയെയും മകന്‍ സീനെയും കുഴയ്ക്കുന്നു.

2010/01/22

ജ്‌ഞാനേശ്വര്‍ മിശ്ര അന്തരിച്ചു


അലഹബാദ്‌ ജനുവരി 22: സമാജവാദി പാര്‍ട്ടി നേതാവും മുന്‍ പെട്രോളിയം മന്ത്രിയുമായ രാജ്യസഭാംഗം ജ്‌ഞാനേശ്വര്‍ മിശ്ര (77) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ക്കു ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. അലഹബാദിലെ ടിബി സാപ്രു ആശുപത്രിയിലായിരുന്നു അന്ത്യം. സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായംസിങ്‌ യാദവിന്റെ അടുത്ത സഹപ്രവര്‍‍ത്തകനായ മിശ്ര പാര്‍ട്ടിയുടെ സ്‌ഥാപക നേതാക്കളില്‍ ഒരാളായിരുന്നു.

2010/01/21

ജോര്‍ജ് ഫെര്‍ണാണ്ടസിന് ഗുരു രാംദേവിന്റെ ആശ്രമത്തില്‍ ചികില്‍സ

ഹരിദ്വാര്‍, ജനുവരി 19: അല്‍ഷൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവക്ക് ചികില്‍സക്കായി മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെ യോഗ ആചാര്യന്‍ രാംദേവിന്റെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചുവെന്നു് പി റ്റി ഐ റിപ്പോര്‍ട്ടുചെയ്തു. 79 കാരനായ ഫെര്‍ണാണ്ടസിനെ ചൊല്ലി ഭാര്യ ലൈലാ കബീറും മകന്‍ സീനും ഒരുവശത്തും സഹചാരിണി ജയാ ജയ്റ്റ്‌ലിയും ഫെര്‍ണാണ്ടസിന്റെ സഹോദരങ്ങള്‍ മറുവശത്തുമായി രൂക്ഷമായ തര്‍ക്കം തുടരുന്നതിനിടെയാണ് അദ്ദേഹത്തെ ആയുര്‍വേദ ചികില്‍സക്കായി ആശ്രമത്തില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ലൈലയും അമേരിക്കയില്‍ നിന്ന് കഴിഞ്ഞ ദിവസം എത്തിയ മകനും ചേര്‍ന്നാണ് മുന്‍ സോഷ്യലിസ്റ്റ് നേതാവിനെ ചികില്‍സക്കായി ദല്‍ഹിയില്‍നിന്ന് ഹരിദ്വാറിലെ ആശ്രമത്തില്‍ എത്തിച്ചത്.

ഡിസംബര്‍ ഏഴുമുതല്‍ ദല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയിലുള്ള ഫെര്‍ണാണ്ടസിനെ സന്ദര്‍ശിക്കാന്‍ ജയ ജയ്റ്റ്‌ലിയെയും ഒപ്പമുള്ളവരെയും ഭാര്യയും മകനും അനുവദിച്ചിട്ടില്ല. ഫെര്‍ണാണ്ടസിന്റെ അവശേഷിക്കുന്ന ചുരുക്കം വരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ തങ്ങള്‍ക്ക് നേരെ അക്രമം നടക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭാര്യയും മകനും പൊലീസ് സംരക്ഷണവും തേടിയിട്ടുണ്ട്.

ദേശീയപാത വികസനത്തിനു പിന്നില്‍ നിക്ഷിപ്തതാല്‍പര്യം


കോഴിക്കോട്‌: പതിനായിരക്കണക്കിനു കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ട്‌ ദേശീയപാത-17 ബി.ഒ.ടി. അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നത്‌ കോടികളുടെ അഴിമതി നടത്താനാണെന്ന്‌ എഴുത്തുകാരി സാറാ ജോസഫ്‌ പറഞ്ഞു. ജനുവരി 19-നു് എന്‍.എച്ച്‌-17 ആക്ഷന്‍ കമ്മിറ്റിയുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവര്‍.

സ്വന്തം പുരയിടങ്ങളില്‍ നിന്നും കൃഷിസ്ഥലത്തുനിന്നും ഒട്ടേറെ കുടുംബങ്ങളെ വലിച്ചെറിയാനാണ്‌ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്‌. 45 മീറ്റര്‍ വീതിയില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന റോഡിലൂടെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും യാത്ര ചെയ്യാനാവില്ല. ചെറുവിഭാഗത്തിനു മാത്രമേ ചുങ്കം നല്‍കി ഈ റോഡിലൂടെ സഞ്ചരിക്കാനാവൂ. ജനപക്ഷത്തുനിന്ന്‌ തീരുമാനം എടുക്കേണ്ട സര്‍ക്കാര്‍ ബുദ്ധിയോ വിവേകമോ ഇല്ലാതെ വികലമായ നടപടി സ്വീകരിക്കുന്നത്‌ അഴിമതി ലക്ഷ്യമിട്ടാണ്‌.

കാസര്‍കോട്‌ മുതല്‍ ഇടപ്പള്ളി വരെയുള്ള പാത നാലുവരിയാക്കാന്‍ പൊതുമരാമത്ത്‌ 2008-എസ്റ്റിമേറ്റ്‌ തയ്യാറാക്കിയപ്പോള്‍ ചെലവ്‌ നിശ്ചയിച്ചത്‌ 2800 കോടി രൂപയാണ്‌. ഇപ്പോള്‍ ഇതേ പാത ബി.ഒ.ടി.യില്‍ നിര്‍മിക്കാന്‍ ചെലവ്‌ കണക്കാക്കിയത്‌ 8000 കോടി രൂപയും. ഇതിന്റെ 40 ശതമാനം തുക കേന്ദ്രസര്‍ക്കാര്‍ കരാറുകാരന്‌ മുന്‍കൂറായി നല്‍കണം. ഭൂമിയും ഏറ്റെടുത്തു നല്‍കണം. റോഡ്‌ നിര്‍മിച്ചാല്‍ 30 വര്‍ഷം കരാറുകാരന്‍ ചുങ്കം പിരിക്കും. ഫലത്തില്‍ ഈ ഇടപാടില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ്‌ നടക്കുന്നത്‌. ദേശീയപാത 17 മാത്രമല്ല രാജ്യത്തെ പല പാതകളും ഇതുപോലെ നവീകരിക്കുന്നുണ്ട്‌. റോഡ്‌ നിര്‍മാണ വ്യവസായത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പൊതു ഖജനാവ്‌ വെട്ടിക്കുകയാണ്‌ -സാറാ ജോസഫ്‌ പറഞ്ഞു.

ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ.വി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. കുട്ടി അഹമ്മദ്‌കുട്ടി എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. സി.ആര്‍.നീലകണുന്‍, ഡോ. വി. വേണുഗോപാല്‍, ഡോ. ഡി. സുരേന്ദ്രനാഥ്‌, ശശി തരിപ്പയില്‍, ടി.പി.ചന്ദ്രശേഖരന്‍, റസാഖ്‌ പാലേരി, ജി.എസ്‌.പത്മകുമാര്‍, വി.കെ.പി.മുഹമ്മദ്‌ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കണ്‍വീനര്‍ എ.ശേഖര്‍ സ്വാഗതം പറഞ്ഞു.

കടപ്പാടു് മാതൃഭൂമി
.

ലാലൂര്‍ സമരം 38-ആം ദിനം പിന്നിട്ടു

തൃശൂര്‍: ലാലൂര്‍ മലിനീകരണ വിരുദ്ധ സമരസമിതിയുടെ അനിശ്‌ചിതകാല നിരാഹാര സമരം 38-ാം ദിവസം പിന്നിട്ടു.

സോഷ്യല്‍ എക്കണോമിക്‌സ് ആന്‍ഡ്‌ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ തൃശൂര്‍ (സെക്യുലര്‍) ജോ. സെക്രട്ടറി പി. എസ്‌. മോഹന്‍ദാസാണ്‌ ഇന്നലെ നിരാഹാരമനുഷ്‌ഠിച്ചത്‌. ഡോ.എം. അരവിന്ദാക്ഷന്‍ (മുന്‍ നാളികേര വികസന ബോര്‍ഡ്‌ ചെയര്‍മാന്‍) ഉദ്‌ഘാടനം നിര്‍വഹിച്ചു. എം.പി. നാരായണന്‍കുട്ടി, ജെയിംസ്‌ മുട്ടിക്കല്‍, കെ.ജി. ഉണ്ണികൃഷ്‌ണന്‍, അഡ്വ. രഘുനാഥ്‌ കഴുങ്കില്‍, സി.പി. ജോസ്‌ പ്രസംഗിച്ചു. ടി.കെ. വാസു അധ്യക്ഷത വഹിച്ചു. തൃശൂര്‍ പി.ജി. സെന്ററിലെ അധ്യാപകരും വിദ്യാര്‍ഥികളും സമരപ്പന്തല്‍ സന്ദര്‍ശിച്ച്‌ അഭിവാദ്യം അര്‍പ്പിച്ചു. അധ്യാപകന്‍ രഞ്‌ജിത്ത്‌, വിദ്യാര്‍ഥികളായ മില്‍ട്ടന്‍, ഹക്കിം, നീരജ പ്രസംഗിച്ചു.

ഇന്ന്‌ (ജനുവരി 21) നിരാഹാരം അനുഷ്‌ഠിക്കുന്നത്‌ സോബി മുണ്ടൂരാണ്‌. ജയന്‍ പട്ടത്ത്‌ ഇന്ന്‌ രാവിലെ ലാലൂരില്‍നിന്ന്‌ ശേഖരിക്കുന്ന മാലിന്യകിറ്റുകളുമായി മോട്ടോര്‍സൈക്കിളില്‍ റൗണ്ട്‌ പ്രദക്ഷിണം നടത്തും. സമരപ്പന്തലില്‍നിന്നാണ്‌ മോട്ടോര്‍ സൈക്കിള്‍ യാത്ര ആരംഭിക്കുന്നത്‌. എയ്‌ഡ്സ്‌ ആന്‍ഡ്‌ എയ്‌ഡ് സെന്റര്‍ പ്രവര്‍ത്തകനാണ്‌.
.