2011/02/25

എം.എ. ജോണിന്‌ അന്ത്യാഞ്‌ജലി


താന്‍‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിച്ചോട്ടില്‍ എം.എ. ജോണിന്‌ അന്ത്യനിദ്ര


കുറവിലങ്ങാട്‌: ഒത്തുതീര്‍പ്പുകള്‍ക്കും വിട്ടുവീഴ്‌ചകള്‍ക്കും തയാറാകാതെ ആദര്‍ശരാഷ്‌ട്രീയത്തിനായി ജീവിതാന്ത്യംവരെ പോരാടിയ എം.എ. ജോണിന്‌ ആയിരങ്ങളുടെ അന്ത്യാഞ്‌ജലി. ഫെ 22നു് രാവിലെ ഹൃദയാഘാതത്തെത്തുടര്‍‍ന്നു് അന്തരിച്ച മുന്‍‍ കോണ്‍ഗ്രസ്‌ നേതാവും പരിവര്‍ത്തനവാദിയുമായിരുന്ന എം.എ ജോണിന്റെ മൃതദേഹം സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ കുര്യനാട്‌ മറ്റത്തില്‍ മാന്നുള്ളില്‍ വീടിനോടു ചേര്‍ന്നുള്ള വളപ്പില്‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിമരച്ചുവട്ടില്‍ തയാറാക്കിയ കല്ലറയില്‍ മതപരമായ ചടങ്ങുകളൊഴിവാക്കി സംസ്‌കരിച്ചു. ഫെ 24നു് വൈകിട്ട്‌ നാലേകാലോടെയായിരുന്നു സംസ്‌കാരം. സംസ്‌കാരസമയത്തു കനത്ത മഴയായിരുന്നു.

മതാചാരങ്ങളില്‍നിന്ന്‌ അകന്നു നിന്നിരുന്ന എംഎ ജോണ്‍ മരിക്കുന്നതിനു മുന്‍പ്‌ മക്കളോടു നിര്‍ദേശിച്ചതനുസരിച്ചാണ്‌ വീടിന്റെ മുന്‍വശത്ത്‌ അദ്ദേഹംതന്നെ നട്ടുവളര്‍ത്തിയ ഇലഞ്ഞിമരച്ചുവട്ടില്‍ കല്ലറ ഒരുക്കിയത്‌. എം.എ. ജോണിന്റെ ഭാര്യ ലൂസിയാമ്മയും മൂത്ത മകള്‍ ജയശ്രീയും ചെറുമകളും പുഷ്‌പങ്ങള്‍ അര്‍പ്പിച്ചതോടെ മൃതദേഹം സംസ്‌കാരത്തിനായി പുറത്തേയ്‌ക്കെടുത്തു. കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്നാണ്‌ മൃതദേഹം കല്ലറയിലേക്ക്‌ ഇറക്കിയത്‌. തുടര്‍ന്ന്‌ എല്ലാവരും പുഷ്‌പങ്ങള്‍ വിതറി ആവേശകരമായ മുദ്രാവാക്യങ്ങള്‍കൊണ്ട്‌ കേരളത്തെ ഇളക്കിമറിച്ച ജനനേതാവിന്‌ കോരിച്ചോരിയുന്ന മഴയത്തും യാത്രാമൊഴിയേകാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു. ജോണ്‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിമരത്തിന്റെ ചുവട്ടില്‍ തയാറാക്കിയ കല്ലറയിലാണ്‌ മൃതദേഹം അടക്കം ചെയ്‌തത്‌.


സര്‍ക്കാരിനുവേണ്ടി മന്ത്രി ജോസ്‌ തെറ്റയില്‍ റീത്ത്‌ സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍, കെ.പി.സി.സി.-ഐ പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, കേരള കോണ്‍ഗ്രസ്‌(എം) ചെയര്‍മാന്‍ കെ.എം. മാണി, കോണ്‍ഗ്രസ്‌ -ഐ നേതാവ്‌ വി.എം. സുധീരന്‍, സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി ജോഷി ജേക്കബ്, സമാജവാദി ജനപരിഷത്ത് സംസ്ഥാന ജനറല്‍‍ സെക്രട്ടറി എബി ജോണ്‍‍ വന്‍‍നിലം, എം കുര്യന്‍‍, ഗാന്ധി സ്മാരക സേവാകേന്ദ്രം (കോട്ടയം) എന്നിവര്‍ റീത്ത്‌ സമര്‍പ്പിച്ചു.


മലങ്കര ഓര്‍‍ത്ത‍ഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു് കിഴക്കു് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, റവ. ഡോ. ജോസഫ്‌ മലേപ്പറമ്പില്‍, മുന്‍ മേഘാലയ ഗവര്‍ണര്‍ എംഎം ജേക്കബ്‌, മുന്‍ മന്ത്രിമാരായ ടി.യു. കുരുവിള, എ. നീലലോഹിതദാസന്‍നാടാര്‍, എ.സി. ഷണ്‍മുഖദാസ്‌, ടി.എച്ച്‌. മുസ്‌തഫ, ഡോ. എം.എ. കുട്ടപ്പന്‍, കെപിസിസി-ഐ വക്‌താവ്‌ എം.എം. ഹസന്‍, എം.എല്‍.എമാരായ കെ. മുഹമ്മദാലി, ഡൊമിനിക്‌ പ്രസന്റേഷന്‍, തോമസ്‌ ചാഴികാടന്‍, മോന്‍സ്‌ ജോസഫ്‌, കെ.സി. ജോസഫ്‌, വി.എന്‍. വാസവന്‍, മുന്‍ എം.പി.മാരായ കെ. സുരേഷ്‌കുറുപ്പ്‌, ഫ്രാന്‍സീസ്‌ ജോര്‍ജ്‌, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ജോസഫ്‌ വാഴയ്‌ക്കന്‍, ലതികാ സുഭാഷ്‌, റോസമ്മ ചാക്കോ, മുന്‍ സ്‌പീക്കര്‍ എ.സി. ജോസ്‌, മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എന്‍. രമേശന്‍, പ്രഫ. കെ.കെ. എബ്രാഹം, കുര്യന്‍ ജോയി, ബെന്നി ബഹനാന്‍, ഡോ. സെബാസ്‌റ്റിയന്‍ പോള്‍, എം.സി ജോസഫൈന്‍, കെ.എം.ഐ മേത്തര്‍, കെ.ബി മുഹമ്മദ്‌കുട്ടി, ഡോ. എ.ടി ദേവസ്യ, ഡോ. എം. ഗംഗാധരന്‍, സിവിക്‌ ചന്ദ്രന്‍, ജോസഫ്‌ പുലിക്കുന്നേല്‍ എം.സി. ജോസഫൈന്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട ഒട്ടേറെ പ്രമുഖര്‍ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

ജൈവദർശനം: ജോൺ....നികത്താനാകാത്ത നഷ്ടം...

തെരഞ്ഞെടുപ്പ്‌ ചെലവ്‌ പരിധി ഉയര്‍ത്തി

നവദല്‍ഹി: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്‌ഥാനാര്‍ഥികള്‍ക്കു് ചെലവഴിയ്ക്കാവുന്ന തുകയുടെ പരിധി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ലോക്‌സഭാ സ്‌ഥാനാര്‍ഥികള്‍ക്കു് ഇനി മുതല്‍ 40 ലക്ഷം രൂപയും നിയമസഭാ സ്‌ഥാനാര്‍ഥികള്‍ക്കു് 16 ലക്ഷം രൂപയും ചെലവഴിയ്ക്കാം. ഇതുവരെ ഇതു് 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുമായിരുന്നു. രാഷ്‌ട്രീയകക്ഷികളുടെ നിരന്തര ആവശ്യത്തേത്തുടര്‍ന്നാണു്‌ തെരഞ്ഞെടുപ്പ്‌ ചെലവിന്റെ പരിധി ഉയര്‍ത്തിയത്‌.

2011/01/18

മാവോവാദികള്‍ അക്രമമാര്‍ഗം ഉപേക്ഷിക്കണം-മേധ പട്കര്‍

കടപ്പാടു് മാതൃഭൂമി

തൃശ്ശിവപേരൂര്‍, ജനുവരി 16:മാവോവാദികള്‍ അക്രമമാര്‍ഗം ഉപേക്ഷിച്ച്‌ പങ്കാളിത്ത ജനാധിപത്യത്തിന്റെ മാര്‍ഗം സ്വീകരിക്കണമെന്ന് ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയസഖ്യത്തിന്റെ അധ്യക്ഷ മേധ പട്കര്‍ പറഞ്ഞു. തൃശ്ശിവപേരൂരില്‍ നടന്ന വിബ്‌ജിയോര്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപനദിവസം ഡോക്യുമെന്ററി സംവിധായകന്‍ സി ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ഇരുന്നൂറോളം ജില്ലകള്‍ മാവോബാധിതമെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. അവിടത്തെ ഗ്രാമീണര്‍ക്ക് മാവോ ആരെന്നുപോലും അറിയില്ല. മാവോവാദികള്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് സ്ഥിതിയെന്ന് നേപ്പാള്‍ കാട്ടിത്തന്നു. പോരാട്ടത്തിലെ ആദര്‍ശങ്ങള്‍ അവര്‍ മറന്നു. രാജ്യത്ത് വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് ആവശ്യമെങ്കില്‍ മാവോവാദിയെന്ന പേര് പോലും ഉപേക്ഷിക്കുമെന്ന് ഇപ്പോള്‍ അവര്‍ പറയുന്നു. ഛത്തിസ്ഗഢിലെ 644 ഗ്രാമങ്ങള്‍ കോര്‍പ്പറേറ്റ് ബാധിതമാണ്. അധികാരം കിട്ടിയാല്‍ ഇവയൊക്കെ വേണ്ടെന്ന് വെയ്ക്കാന്‍ മാവോയിസ്റ്റുകള്‍ തയ്യാറാകുമോ? അവര്‍ ഇന്ത്യയുടെ മണ്ണിലേക്ക് ഇറങ്ങിവരണം. സമാധാനത്തിന്റെ പാത തന്നെയാണ്‌ ഉചിതം. ജനാധിപത്യത്തെ സ്വീകരിക്കണം. ഇപ്പോഴത്തെ ജനാധിപത്യം ശരിയായ ദിശയിലാണ്‌ പോകുന്നതെന്ന്‌ കരുതുന്നില്ല. അതിന്റെ പോരായ്‌മകള്‍ പരിഹരിക്കാനുള്ള പോരാട്ടത്തില്‍ മാവോയിസ്‌റ്റുകള്‍ക്കും പങ്കെടുക്കാവുന്നതാണ്‌. ജനങ്ങളുടെ പാര്‍ലമെന്റ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നതു് ഇപ്പോഴത്തെ ജനാധിപത്യത്തിന്റെ പോരായ്‌മകള്‍ പരിഹരിക്കുന്നതിനാണ്. അത് അധികാര രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമാണ്-മേധ പറഞ്ഞു.
കടപ്പാടു് ദി ഹിന്ദു

കോര്‍പ്പറേറ്റുകളെ ആര് നേരിടുമെന്നതാണ് ഇന്നത്തെ വലിയ വെല്ലുവിളിയെന്ന് മേധ പട്കര്‍ ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ എല്ലാ തൂണുകളും ആ ചോദ്യം നേരിടുന്നു. ജനാധിപത്യം ദുര്‍ബലമാകുമ്പോള്‍ മാധ്യമങ്ങളിലും ജുഡീഷ്യറിയിലുമാണ്‌ അവസാന പ്രതീക്ഷ. എന്നാലിതിന്‌ മങ്ങലേല്‍ക്കുന്നതാണ്‌ റാഡിയ സംഭവങ്ങളടക്കം കാണിക്കുന്നത്‌. ജുഡീഷ്യറിയിലും മാധ്യമങ്ങളിലുമുളള പ്രതീക്ഷകള്‍ പോലും സംശയിക്കപ്പെടുന്നു. മീഡിയയും റാഡിയയും തമ്മില്‍ അകലമില്ലാതാകുന്നു.

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ജനകീയ സമരങ്ങളിലൂടെയാണ്‌ ഉയര്‍ത്തേണ്ടത്‌. ജനകീയ പ്രശ്‌നങ്ങള്‍ കലയിലൂടെ ശക്തമായി അവതരിപ്പിക്കാനാകും. ഡോക്യുമെന്ററിയിലൂടെ ശരത്‌ചന്ദ്രന്‍ അത്‌ തെളിയിച്ചു. എന്‍ഡോസള്‍ഫാന്‍ ജനങ്ങളെ എത്രമാത്രം ദോഷകരമായി ബാധിച്ചു എന്ന്‌ തെളിയിക്കപ്പെട്ടു കഴിഞ്ഞതാണെന്ന്‌ മേധ പറഞ്ഞു. ഭരണാധികാരികള്‍ക്ക്‌ കോര്‍പറേറ്റുകളോടാണ്‌ കൂറ്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന ആവശ്യത്തെ കേന്ദ്രത്തിന്‌ എത്ര കാലം അവഗണിക്കാനാകുമന്നും അവര്‍ ചോദിച്ചു.

മഹാനഗരങ്ങളില്‍ കോര്‍പ്പറേറ്റുകളുടെ സ്ഥലക്കൊതിക്കു മുന്നില്‍ സാധാരണക്കാരുടെ കൂരകള്‍ തകര്‍ക്കപ്പെടുന്നു. മനുഷ്യത്വത്തിന്റെ വറ്റു പോലും ഇല്ല. ആദര്‍ശ് ഫ്‌ളാറ്റിന്റെ അഴിമതി വെളിച്ചത്തുകൊണ്ടുവന്നത് ജനകീയപ്രസ്ഥാനങ്ങളുടെ വിജയമാണ്. മുംബൈയില്‍ മാത്രം 75000ത്തോളം വീടുകളാണ് വന്‍ നിര്‍മതാക്കള്‍ക്കുവേണ്ടി ഇടിച്ചുപൊളിക്കാന്‍ ഒരുങ്ങുന്നത്. നഗരദരിദ്രരുടെ വലിയ ചെറുത്തുനില്‍പ്പാണ് ഇതിനൊക്കെയെതിരെ ഉയരുന്നത്- അവര്‍ പറഞ്ഞു. ആദര്‍ശ്‌ ഫ്‌ളാറ്റ്‌ അനധികൃതമായി നിര്‍മിച്ചതാണ്‌. അത്‌ പൊളിക്കുന്നെങ്കില്‍ ജനങ്ങളുടെ വിജയമാണ്‌. `ആദര്‍ശും' `ലവാസ'യും കോര്‍പറേറ്റുകളും കരാറുകാരും കെട്ടിട നിര്‍മാതാകളും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന കൂട്ടുകെട്ടിന്റെ അഴിമതിയാണ്‌.അതിരപ്പിള്ളി വിഷയത്തില്‍ കേന്ദ്ര ജല കമീഷന്റെ റിപ്പോര്‍ട്ട്‌ താന്‍ പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയുടെ നിഗമനങ്ങളോടാണ്‌ യോജിപ്പ്‌. രാജ്യത്തെ പ്രധാന നദികളില്‍ നീരൊഴുക്ക്‌ കുറയുകയാണെണന്നും മേധ പറഞ്ഞു.

2011/01/16

പൊതുപ്രവര്‍ത്തനം പണം നേടാനുള്ള ഉപാധിയാക്കി-എം.എ.ജോണ്‍

ആശാ ഹരി എടുത്ത ചിത്രം

കണ്ണൂര്‍,ജനുവരി 15: വരുമാന മാര്‍ഗ്ഗമുള്ള തൊഴിലായാണ്‌പൊതുപ്രവര്‍ത്തനത്തെ രാഷ്ട്രീയക്കാര്‍ കാണുന്നതെന്ന് എം.എ.ജോണ്‍ പറഞ്ഞു. സമാജവാദി ജനപരിഷത്ത് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച അഴിമതിക്കെതിരെയുള്ള സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് അഴിമതിക്കാരുടെയും ധൂര്‍ത്തന്മാരുടെയും വേദിയായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി പി.വാസു ഉദ്ഘാടനം ചെയ്തു. വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജോഷി ജേക്കബ്, സി.എന്‍.അബൂബക്കര്‍ ഹാജി, പി.പി.കൃഷ്ണന്‍, പി.യു.കൃഷ്ണന്‍ നമ്പീശന്‍, ടി.വി.രാജന്‍, ടി.പി.ആര്‍.നാഥ് എന്നിവര്‍ പ്രസംഗിച്ചു. ഭാസ്‌കരന്‍ വെള്ളൂര്‍ സ്വാഗതവും കെ.രമേശന്‍ നന്ദിയും പറഞ്ഞു.

2010/12/17

സോഷ്യലിസ്‌റ്റ്‌ നേതാവു് സുരേന്ദ്രമോഹന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന സോഷ്യലിസ്‌റ്റ്‌ നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുരേന്ദ്ര മോഹന്‍ (84)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഇന്നു രാവിലെ ഡല്‍ഹിയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. 1978-1984 കാലഘട്ടത്തില്‍ രാജ്യസഭാംഗം ആയിരുന്നു. ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്‌ട്രീസ്‌ കമ്മിഷന്‍ ചെയര്‍മാന്‍ ആയി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. സംസ്‌കാരം ഉച്ചയ്‌ക്കു ശേഷം നിഗം ബോധ്‌ ഘട്ടില്‍ നടക്കും

ഫോട്ടോ:മലയാളവാര്‍ത്താസേവ

2010/11/26

സോഷ്യലിസത്തിന്റെ ഭാവി ഇന്ത്യന്‍ ചിന്താധാരയിലൂടെ- സുനില്‍‍ജി

കോട്ടയം, നവം 25:സോഷ്യലിസത്തിന്റെ ഭാവി ഇന്ത്യന്‍ സോഷ്യലിസ്റ്റ് ചിന്താധാരയിലൂടെയാണെന്നു് ഇന്ത്യന്‍ സോഷ്യലിസ്റ്റ് നേതാവു് സുനില്‍ അഭിപ്രായപ്പെട്ടു. കോട്ടയത്തു് റാം മനോഹര്‍ ലോഹിയാ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജയ്മോന്‍ തങ്കച്ചന്‍ സ്വാഗതവും എം ആര്‍ തങ്കപ്പന്‍ നന്ദിയും പറഞ്ഞു.

2010/11/05

അഞ്ചു സാമ്രാജ്യത്വങ്ങൾ



ഡോ രാമ മനോഹരലോഹിയ


മനുഷ്യവർഗത്തിനു പുരോഗതിയും സമാധാനവും നേടുന്നതിനു പ്രതിബന്ധമായി നിൽക്കുന്ന അഞ്ചു സാമ്രാജ്യത്വങ്ങൾ ഏതൊക്കെയെന്നു് ഡോ രാമ മനോഹരലോഹിയ വിവരിക്കുന്നു:

മനുഷ്യരാശി ഇന്നേവരെ അറിയാത്ത അന്തർവ്യാപകമായ ചില സാമ്രാജ്യത്വങ്ങൾ നിലനിൽക്കുന്നു. ലബൻബ്രാം സാമ്രാജ്യത്വം അല്ലെങ്കിൽ അന്തർദേശീയ ഫ്യൂഡലിസമാണ് അതിൽ ആദ്യത്തേത്. അമേരിക്കയും സോവിയറ്റ് റഷ്യയും പോലുള്ള രാജ്യങ്ങൾക്ക് ഒട്ടേറെ വിസ്തൃതിയും തീരെ കുറച്ചു ജനസാന്ദ്രതയുമാണുള്ളത്. ചരിത്രത്തിലെ ചില യാദൃച്ഛിക സംഭവങ്ങളാണ് അവർക്ക് ഈ വമ്പിച്ച ഭൂപ്രദേശങ്ങൾ നൽകിയത്. നിഷ്ഠുരമായ കിരാതത്വം ഇതിനു സഹായിച്ചു. സൈബീരിയയിലും ആസ്ത്രേലിയയിലും ഒരു ചതുരശ്ര മൈലിൽ ഒരാൾ എന്ന കണക്കിനു താമസിക്കുന്നു. കാനഡയും ഇതിൽനിന്നു വ്യത്യസ്തമല്ല. കാലഫോർണിയയിൽ ഒരു ചതുരശ്ര മൈലിൽ 10 പേർ താമസിക്കുന്നു. ഇന്ത്യയിൽ ഒരു ചതുരശ്ര മൈലിൽ 350 പേരും ചൈനയിൽ 200 പേരുമാണു താമസിക്കുന്നത്. ഒരു രാജ്യത്തിനുള്ളിലെ ഫ്യൂഡലിസം ഒരാൾക്ക് വെറുപ്പുണ്ടാക്കുമെങ്കിൽ ഈ വെറുപ്പ് അന്തർദേശീയ ഫ്യൂഡലിസത്തിന്റെ കാര്യത്തിലും ഉണ്ടാവണം.

രണ്ടാമത്തേത് മനസ്സിന്റെ സാമ്രാജ്യത്വമാണ്. സാമ്രാജ്യത്വ ബുദ്ധിജീവി തന്റെ വിജ്ഞാനം കോളനികളിലെ മാനസിക അടിമകൾക്കു പകർന്നുകൊടുക്കുന്നു. ഇന്ത്യയിൽ ഇത് ആഭ്യന്തരമായും നിലനിൽക്കുന്നു. ചില ഉയർന്ന ജാതിക്കാർ മാനസിക സാമ്രാജ്യത്വത്തിന്റെ ഉടമകളായിത്തീർന്നിരിക്കുന്നു. ആയിരമായിരം വർഷങ്ങളിലെ ജന്മനാലുള്ള തൊഴിൽവിഭജനം പരിണാമപ്രക്രിയയിലെ നിർധാരണം എന്നപോലെ ഇന്ത്യയുടെ സാമൂഹിക ജീവിതത്തിൽ പ്രവർത്തിക്കുന്നു. ഇതു സാർവദേശീയരംഗത്ത് ഇക്കഴിഞ്ഞ 400 വർഷമായി നിലനിൽക്കുന്നു. ഇതു വെറും അവസരസമത്വത്തിന്റെ പൊട്ടമരുന്നുകൊണ്ട് പരിഹരിക്കാനാവില്ല. അതു മാനസിക സാമ്രാജ്യത്വത്തിന്റെ അടിമത്തത്തെ കൂടുതൽ ദുഷിച്ചതും വ്യാപകവും അഗാധവുമാക്കിത്തീർക്കും. ഇത് അവസാനിപ്പിക്കുന്നതിനു കൊളോണിയൽ ജനതയ്ക്കു പ്രത്യേക അവസരങ്ങൾ നൽകണം.


മൂന്നാമത്തേത് ഉൽപ്പാദനത്തിലെ സാമ്രാജ്യത്വമാണ്. അമേരിക്കയിലും റഷ്യയിലും കൂടി ലോകത്തിന്റെ ആകെ മൊത്തം ജനസംഖ്യയുടെ എട്ടിലൊന്നു ജനസംഖ്യയാണുള്ളത്. അവരിരുവരും കൂടി ലോകത്തിലെ ആകെ സമ്പത്തിന്റെ പകുതിയിലധികം ഉൽപ്പാദിപ്പിക്കുന്നു. ഇന്ത്യയിൽ ഒരാൾ ഒരു വർഷം 400 രൂപയുടെ സമ്പത്താണ് ഉൽപ്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രതിവർഷ വളർച്ചയുടെ നിരക്ക് അഞ്ചു രൂപയാണ്. റഷ്യയിലും അമേരിക്കയിലും ഇതിനു തുല്യമായ നിരക്ക് 250 രൂപയാണ്. നാം മനുഷ്യവർഗം ഒരൊറ്റ കൂട്ടുകുടുംബമാവണമെങ്കിൽ ഈ വ്യത്യാസം പരിഹരിക്കപ്പെടണം.

അടുത്തത് ആയുധങ്ങളുടെ സാമ്രാജ്യത്വമാണ്. റഷ്യയും അമേരിക്കയും അവരുടെ കരട് ഉടമ്പടിയിൽ അണ്വായുധശേഖരത്തിന്റെ രഹസ്യങ്ങളും വിജ്ഞാനവും മറ്റാർക്കും കൈമാറാതെ സൂക്ഷിക്കുന്നതിനു രഹസ്യധാരണകളിലെത്തിയിട്ടുണ്ട്. ഇത് ഇരുണ്ട ജനങ്ങൾക്കെതിരേയുള്ള വെള്ളവർഗത്തിന്റെ ആയുധസാമ്രാജ്യത്വമാണ്. ഇരുണ്ട ജനങ്ങളും പരമ്പരാഗത ആയുധങ്ങൾ ശേഖരിച്ചുവയ്ക്കാൻ വെമ്പൽകൊള്ളുന്നു. അത്തരം ഒരു പിളർപ്പൻ മനസ്സാണ് ഇരുണ്ട മനുഷ്യന്റേത്. ഏതായാലും മനുഷ്യവർഗത്തിന്റെ ഒരു വിഭാഗം അത്യാധുനിക ആയുധങ്ങൾ കുത്തകയായിവച്ചിരിക്കുന്നു.
അഞ്ചാമത്തേത് വിലക്കൊള്ളയുടെ സാമ്രാജ്യത്വമാണ്. വിലയുടെ ഏറ്റിറക്കങ്ങളും കച്ചവടവ്യവസ്ഥകളും എപ്പോഴും കൃഷിക്കാരനും അസംസ്‌കൃത സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നവർക്കും പ്രതികൂലമാണ്. വ്യവസായ ഉൽപ്പന്നങ്ങളുടെ വില ഇക്കാലത്തിനിടയിൽ നൂറുശതമാനം വർധിച്ചപ്പോൾ കാർഷികോൽപ്പന്നങ്ങളുടെ വിലവർധന 74 ശതമാനം മാത്രമാണു വർധിച്ചത്. ഈ ഒരൊറ്റ ഇനത്തിൽ മാത്രമുള്ള കൊള്ള പ്രതിവർഷം ദശലക്ഷക്കണക്കിനു രൂപ വരും. പരോക്ഷനികുതികൾ മൂലം ഇതു കൂടുതൽ കഠിനമാവുന്നു. വിദേശസഹായത്തെയും അതിലെ ജീവകാരുണ്യപരമായ അംശത്തെയും കുറിച്ച് ഒട്ടേറെ പറഞ്ഞുകേൾക്കുന്നു. എന്നാൽ, അതിൽ അന്തർലീനമായ വിലക്കൊള്ളയെക്കുറിച്ച് ആരും സംസാരിക്കാറില്ല.

ഈ അഞ്ചു സാമ്രാജ്യപ്രഭുത്വങ്ങളെയും ഇന്ത്യയും ചൈനയും മറ്റ് ഏഷ്യൻ രാജ്യങ്ങളും ഒരുമിച്ച് എതിർക്കണമായിരുന്നു. എന്നാലത് ഉണ്ടായില്ല. എനിക്കു ചെറുപ്പമായിരുന്നപ്പോൾ ചൈനയും ഇന്ത്യയും ഈ അനീതിയെക്കുറിച്ചു ബോധവാൻമാരായ വെള്ളക്കാരും യോജിച്ച് ആസ്ത്രേലിയയുടെയും കാലഫോർണിയയുടെയും സൈബീരിയയുടെയും വാതിലുകളിൽ മുട്ടുമെന്നും അവ തുറക്കുമെന്നും ഞാൻ സ്വപ്നം കണ്ടിരുന്നു. എന്നാൽ, ചൈന മുട്ടിയത് മറ്റു സ്ഥലങ്ങളിലാണ്. ഏതോ ഒരു ശക്തി കൊണ്ടു പൊട്ടിത്തെറിച്ച ചൈന എളുപ്പമുള്ള വഴി സ്വീകരിച്ചു.

ഹിമാലയത്തിലാണ് മുട്ടിയത്. അവരുടെ ശക്തി തെളിയിക്കാൻ കഴിയുന്നിടത്തു മുട്ടി. വെള്ള വർഗക്കാരും ഇരുണ്ട വർഗക്കാരും തമ്മിലുള്ള ഈ ചൂഷക-ചൂഷിതബന്ധം ഒരു ദുരന്തമായി എന്നും തുടരുമെന്നു വിശ്വസിക്കുന്നതിനു ഞാൻ നിർബന്ധിതനായിരിക്കുന്നു. ലോകത്തൊട്ടാകെയുള്ള സ്ഥിതിവിശേഷം വെള്ളവർഗം എന്നെങ്കിലും മനസ്സിലാക്കിയാൽ അവർ ഒരുപക്ഷേ വല്ലതും ചെയ്തേക്കും. ഇത് എന്നെങ്കിലും അവസാനിക്കുന്നെങ്കിൽ അതുണ്ടാവുന്നത് വെള്ളക്കാരന്റെ ബുദ്ധിശക്തിയും കറുത്ത വർഗക്കാരുടെ സ്വാർഥതാൽപ്പര്യവും വിപ്ലവ അവബോധവും മൂലമായിരിക്കും.


(പി വി കുര്യൻ രചിച്ച ഡോ. റാം മനോഹർ ലോഹിയ എന്ന സാർവദേശീയ വിപ്ലവകാരി എന്ന ജീവചരിത്രത്തിൽ നിന്ന്)



.