2011/10/07

മനുഷ്യസമൂഹം കൈവരിച്ച മഹാനന്മയാണു് ഗാന്ധിജി-നാരായണ ദേശായി




കടപ്പാടു് : ന്യൂസ് മലബാര്‍
തിരുവനന്തപുരം, ഒക്ടോ.3: മനുഷ്യസമൂഹത്തിന് കൈവരിക്കാന്‍ കഴിഞ്ഞ ഏറ്റവും വലിയ നന്മയാണ് ഗാന്ധിജിയെന്ന് പ്രമുഖഗാന്ധിയനും എഴുത്തുകാരനുമായ നാരായണ ദേശായി പറഞ്ഞു. അഹിംസയുടെയും സ്‌നേഹത്തിന്റെയും സന്ദേശം പകര്‍ന്നു നല്കിയ ഗാന്ധിജിയുടെ പ്രവര്‍ത്തനം വരുംതലമുറകള്‍ക്ക് നിത്യമാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. നാരായണ്‍ ദേശായി രചിച്ച ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തത്തിന്റെ മലയാള പരിഭാഷയായ 'എന്റെ ജീവിതം തന്നെ എന്റെ സന്ദേശം' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഗാന്ധിയന്‍ സദസില്‍ നിന്ന് ലഭിച്ച ഹൃദ്യമായ സ്വീകരണത്തിനും നല്ലവാക്കുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

വൈകിട്ട് അഞ്ചിന് തൈക്കാട് ഗാന്ധിഭവനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.സി.വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് പുസ്തകം നല്കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ലോകത്തിനൊന്നാകെ ഗാന്ധിജിയുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുവരികയാണെന്ന് ഉമ്മന്‍ ചാ‍ണ്ടി പറഞ്ഞു. അദ്ദേഹത്തെ അടുത്തറിയാനും ആശയങ്ങളുടെ പ്രസക്തി തിരിച്ചറിയാനും കഴിയുകയെന്നതാണ് വരുംതലമുറകളുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാടു് :മാതൃഭൂമി
മന്ത്രി പി.കെ. അബ്ദുറബ് അധ്യക്ഷനായിരുന്നു. ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, പ്ലാനിങ് ബോര്‍ഡംഗം സി.പി. ജോണ്‍, എഴുത്തുകാരന്‍ ടി.പി. രാജീവന്‍, കെ.ജെ. ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

കെ. സഹദേവനാണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വ‍‍ഹിച്ചിരിക്കുന്നത്. കറന്റ് ബുക്സ് ആണ് പ്രസാധകര്‍.

ചിത്രം: നാരായണ്‍ ദേശായി ഗാന്ധിജിയെക്കുറിച്ച് എഴുതിയ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം എന്ന പുസ്തകത്തിന് കെ.സഹദേവന്‍ എഴുതിയ പരിഭാഷ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പി.സി.വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് നല്കി പ്രകാശനം നിര്‍വ്വഹിക്കുന്നു. ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍, വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്, നാരായണ ദേശായി എന്നിവര്‍ സമീപം.


എനിക്ക് ഒരു മാസമുള്ളപ്പോഴേ ഗാന്ധിജി കണ്ടു; ഞാന്‍ കണ്ടത് ഏറെക്കഴിഞ്ഞ്: നാരായണ ദേശായി




തിരുവനന്തപുരം: 'എവിടെപ്പോയാലും കുട്ടികള്‍ എന്നോടു് ചോദിക്കുക ഗാന്ധിജിയെ എന്നാണു് ആദ്യമായി കണ്ടതെന്നാണു്. എന്നാല്‍, ഞാന്‍ കാണുന്നതിനു് മുന്‍പ് ഗാന്ധിജി എന്നെയാണു് കണ്ടതു്. എനിക്ക് ഒരു മാസം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ അടുക്കലെത്തിയതാണു്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണു് ഞാന്‍ അദ്ദേഹത്തെ കാണാന്‍ തുടങ്ങിയതു്'. പ്രമുഖ ഗാന്ധിയനും ഭൂദാന പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരിലൊരാളുമായ നാരായണ്‍ ദേശായി തലസ്ഥാനത്ത് ആര്യനാട്ടെ വിനോബാ നികേതനില്‍ മലയാള മനോരമയോടു് പറഞ്ഞു.

ഗാന്ധിജിയുടെ സമ്പൂര്‍ണ ജീവചരിത്രമായ 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' രചിച്ച നാരായണ ദേശായി അതിന്റെ മലയാളം പരിഭാഷയുടെ പ്രകാശനത്തിനായാണു് തലസ്ഥാനത്തെത്തിയത് . ഗാന്ധിജയന്തി ദിനത്തില്‍ വിനോബാ നികേതനില്‍ ഭൂദാന പ്രസ്ഥാനത്തിലെ സഹപ്രവര്‍ത്തകയും പ്രമുഖ ഗാന്ധിയനുമായ പരിവ്രാജിക രാജമ്മയോടൊപ്പം അദ്ദേഹം ഗാന്ധിസ്മരണകള്‍ പുതുക്കി.

'മുതിര്‍ന്നയവര്‍ക്കു് ഗാന്ധിജിയെ ഏറെ ബഹുമാനമായിരുന്നു. ഗാന്ധിജിയെ കാണാനെത്തി മടങ്ങുമ്പോള്‍ തന്റെ പിന്‍ഭാഗം അദ്ദേഹത്തിനഭിമുഖമായി വരരുതെന്നു് നെഹ്റുവിനു് നിര്‍ബ‍ന്ധമുണ്ടായിരുന്നു. അതിനാല്‍, അല്പ ദൂരം പിന്നാക്കം നടന്നാണു് നെഹ്റു മടങ്ങുക. ഗാന്ധിജി പക്ഷേ, ഞാനടക്കമുള്ള കുട്ടികള്‍ക്കു് ബാപ്പു മാത്രമായിരുന്നു . ഞങ്ങള്‍ക്ക് അദ്ദേഹം മഹാത്മാവല്ല, കളിത്തോഴനായിരുന്നു. സബര്‍മിതി നദിയില്‍ ഞങ്ങള്‍ ഒരുമിച്ചു നീന്തി. കുട്ടികള്‍ അദ്ദേഹത്തിന്റെ മുഖത്തു് വെള്ളം തേവി. അദ്ദേഹം തിരിച്ചും'.

ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചു ധാരാളം രചനകളുണ്ടെങ്കിലും അദ്ദേഹത്തിന്റെ സമഗ്ര ജീവിതം ഏറെയൊന്നും എഴുതപ്പെട്ടിട്ടില്ലെന്നു നാരായണ് ദേശായി പറഞ്ഞു. ഗാന്ധിജിയുടെ ആത്മകഥ 1920കള്‍ വരെ മാത്രമേ വിവരിക്കുന്നുമുള്ളൂ. ആ കുറവ് പരിഹരിക്കാനാണു് താന്‍ 'എന്റെ ജീവിതമാണ് എന്റെ സന്ദേശ'ത്തിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2000 പേജില്‍ നാലു് വാല്യങ്ങളായാണു പുസ്തകമിറങ്ങുന്നത്. മഹാത്മജിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകനാണു് നാരായണ ദേശായി.

ഇരുപതോളം വര്‍ഷം ഗാന്ധിജിയുടെ കൂടെ സബര്‍മേതിയിലും സേവാഗ്രാമിലുമായി ചെലവഴിച്ചു. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത അദ്ദേഹം ഗുരുകുല സമ്പ്രദായപ്രകാരം വിദ്യാഭ്യാസം നേടി. ആചാര്യ വിനോബഭാവെയുടെ കൂടെ ഭൂദാന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ഗുജറാത്തിലെങ്ങും കാല്‍നടയായി 12000 കിലോമീറ്റര്‍ സഞ്ചരിച്ച് 3000 ഏക്കര്‍ ഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്കു് വിതരണം ചെയ്തു. പിന്നീട് ജയപ്രകാശ് നാരായണനോടൊപ്പം ശാന്തിസേന, തരുണ്‍ ഗാന്ധിസേന തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഗുജറാത്തി, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലായി അന്‍പതോളം പുസ്തകങ്ങളുടെ കര്‍ത്താവാണ്.

ജ്ഞാനപീഠം, മൂര്‍ത്തി ദേവി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ് തുടങ്ങി അനവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഗുജറാത്ത് സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന നാരായണ്‍ ദേശായി ഇപ്പോള്‍ മഹാത്മജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്റെ ചാന്‍സലറാണ്. മഹാത്മജിയുടെ ജീവിതവും ദര്‍ശനവും പുതുതലമുറയിലെത്തിക്കാന്‍ രാജ്യമെമ്പാടും 'ഗാന്ധികഥ' നടത്തിവരികയാണ് 87കാരനായ അദ്ദേഹം.

കടപ്പാടു്
മലയാള മനോരമ 2011 ഒക്ടോ.3

2011/10/06

ജയപ്രകാശ് നാരായണന്റെ വ്യാജമരണവാര്‍ത്തയും ലോകസഭയും



മരിക്കാത്തൊരാളുടെ പേരില്‍ അനുശോചനം രേഖപ്പെടുത്തിയ ചരിത്രം നമ്മുടെ ലോകസഭയ്ക്കുണ്ടു്. 1979 മാര്‍ച്ച് 22 വ്യാഴാഴ്ച. അന്ന് 1.10ന്, സ്പീക്കര്‍ കെ.എസ്. ഹെഗ്ഡേ ആ വാര്‍ത്ത ലോകസഭയെ അറിയിച്ചു:
"ലോകനായക് ജയപ്രകാശ് നാരായണന്‍ അന്തരിച്ചു. സ്വാതന്ത്ര്യത്തിന്റെ ജീവിയ്ക്കുന്ന പ്രതീകത്തെ നമുക്കു് നഷ്ടപ്പെട്ടു"
ലോക്സഭാംഗങ്ങള്‍ ഞെട്ടിത്തരിച്ചിരിക്കെ, പ്രധാനമന്ത്രി മൊറാര്‍ജി ദേശായി അതു് ശരിവച്ചു. ആ വലിയ വാര്‍ത്ത ആകാശവാണിയും വാര്‍ത്താ വിതരണ ഏജന്‍സികളും ലോകം മുഴുവന്‍ എത്തിക്കാന്‍ ഒട്ടും വൈകിയില്ല.

മുംബൈയില്‍ ജെ പി മരണവുമായി പോരാട്ടം നടത്തിയിരുന്ന ജസ്‌ലക് ആശുപത്രിയിലേക്ക് ആരാധകസഹസ്രങ്ങള്‍ ഇരച്ചുകയറി. പക്ഷേ, അപ്പോഴും ജീവനോടെയുണ്ടായിരുന്നു, ജെപി!

നേരത്തെ കൊടുത്ത വാര്‍ത്തയ്ക്കു വാര്‍ത്താ ഏജന്‍സികള്‍ രണ്ടു് മണിയ്ക്കു് തിരുത്തു് നല്കി. നേതാക്കള്‍ അനുശോചന സന്ദേശങ്ങള്‍ പിന്‍വലിച്ചു. വ്യാജവാര്‍ത്ത ലോകസഭാ സ്പീക്കര്‍ക്ക് എവിടെനിന്നു് കിട്ടിയെന്ന അന്വേഷണങ്ങളുടെ ബഹളമായി. ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറാണു് തന്നെ അതു് അറിയിച്ചതെന്ന് മൊറാര്‍ജി സഭയില്‍ പറഞ്ഞു. ഡയറക്ടര്‍ക്ക് ആ വിവരം കിട്ടിയത് മുംബൈയിലുള്ള അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും. എന്തായാലും ആറുമാസം കഴിഞ്ഞ് , ഒക്ടോബര്‍ എട്ടിനായിരുന്നു ജെപിയുടെ യഥാര്‍ഥമായ മരണം.

തെറ്റായി അനുശോചനം നടത്തിയെന്ന വാര്‍ത്ത സഭാരേഖകളില്‍ നിന്നു് നീക്കാന്‍ ലോകസഭാ സ്പീക്കര്‍ കെ.എസ്. ഹെഗ്ഡെ ശ്രമിച്ചില്ല. നമ്മുടെ ലോകസഭയുടെ ചരിത്രത്തിന്റെ ഭാഗമായി അതു് മാറി.

അവലംബം: തോമസ് ജേക്കബ്, മലയാളമനോരമ

സമാജവാദി ജനപരിഷത്ത് ദേശീയ സമ്മേളനം ബിഹാറിലെ സാസറാമില്‍

കോട്ടയം, ഒക്ടോ.4: സമാജ്‌വാദി ജനപരിഷത്ത് പാര്‍ട്ടിയുടെ ദേശീയസമ്മേളനം 10 മുതല്‍ 12 വരെ ബീഹാറിലെ സാസറാമില്‍ ചേരുമെന്ന് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം സോഷ്യലിസ്റ്റ് നേതാവ് പ്രൊഫ. വിനോദ് പ്രസാദ്‌ സിംഹ് ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ലിംഗരാജ് അധ്യക്ഷത വഹിക്കും. മേധാ പട്കര്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം സോഷ്യലിസ്റ്റ് ചിന്തകന്‍ സച്ചിദാനന്ദ സിന്‍ഹ ഉദ്ഘാടനം ചെയ്യും.

2011/09/16

പ്രവീണ്‍ വാഘ് അന്തരിച്ചു

ഔറംഗബാദ്: സമാജവാദി ജനപരിഷത്ത് ദേശീയനേതാക്കളിലൊരാളായ പ്രവീണ്‍ വാഘ് സെപ്തംബര്‍15നു് പുലര്‍ച്ചെ അന്തരിച്ചു.
അമ്പത്തൊമ്പതുകാരനായ അദ്ദേഹം ജനപരിഷത്ത്‌ ദേശീയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗമായിരുന്നു. ദേശീയ ഉപാദ്ധ്യക്ഷനായും ദേശീയ ഖജാന്‍ജിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

ഔറംഗബാദ്‌ ഹൈക്കോടതി അഭിഭാഷകനായ വാഘ്‌ ദലിത വിദ്യാര്‍ഥികളുടെ നീതിക്കുവേണ്ടിയുള്ള സമരങ്ങളിലൂടെയാണ്‌ പൊതുരംഗത്തേക്ക്‌ കടന്നുവന്നത്‌. മറാഠ്‌വാഡാ സര്‍വകലാശാലാ ഡോ. അംബേദ്‌കര്‍ സര്‍വകലാശാല എന്ന്‌ പുനര്‍ നാമകരണം ചെയ്യുന്നതിനുവേണ്ടി നടത്തിയ മുന്നേറ്റത്തില്‍ മുഖ്യ പങ്കുവഹിച്ചു. മറാഠ്‌വാഡാ ലേബര്‍ യൂണിയന്‍, ഔറംഗബാദിലെ ഗാര്‍ഹിക തൊഴിലാളി യൂണിയന്‍ എന്നിവയിലൂടെ മറാഠ്‌വാഡയില്‍ അസംഘടിത തൊഴിലാളികളുടെ ശക്‌തമായ മുന്നേറ്റത്തിന്‌ നേതൃത്വം നല്‍കി.

മലയാളിയായ തലശേരി സ്വദേശി കോലാപൂരിലെ ശിവാജി സര്‍വകലാശാലയില്‍ ശാസ്‌ത്ര അധ്യാപികയായ ഡോ. പത്മിനിയാണ്‌ ഭാര്യ. മകന്‍: അജയ്‌.

മംഗളം വാര്‍ത്ത 

Samajwadi Jana Parishad leader Praveen Wagh passes away 

 

2011/06/11

കോട്ടയത്ത് ലോകപരിസ്ഥിതി ദിനത്തില്‍ നടന്ന പരിസ്ഥിതിസമ്മേളനത്തെപ്പറ്റി

ഒ വി ഉഷ മാധ്യമത്തില്‍‍ ജൂണ്‍‍ 9നെഴുതിയതു്

ഒരു പരിസ്ഥിതിസമ്മേളനം

ഉള്ളുതുറന്ന്

ഒ.വി. ഉഷ

ഞാന്‍ പങ്കെടുത്ത ഒരു പരിസ്ഥിതി സമ്മേളനത്തെപ്പറ്റി പറയട്ടെ. കോട്ടയത്ത് ലോകപരിസ്ഥിതി ദിനത്തില്‍ നടന്ന പല പരിപാടികളിലൊന്നായിരുന്നു അത്. വര്‍ഷങ്ങളായി എനിക്ക് പരിചയമുളള അഡ്വ. ജോഷി ജേക്കബാണ് എന്നെ ക്ഷണിച്ചത്. സമാജ്‌വാദി ജനപരിഷത്തിന്റെ ദേശീയ സെക്രട്ടറിയായ അദ്ദേഹം കൃഷിയിലും നാച്വറോപതിയിലും ഒക്കെ താല്‍പര്യമുള്ള ഒരു സുമനസ്സാണ്. ഇദ്ദേഹം ക്ഷണിച്ച ഒരു പരിപാടിക്കു ചെന്നിട്ടാണ് 'അയല്‍ക്കൂട്ടം' എന്ന ആശയം മുന്നോട്ടുവെക്കുകയും സുന്ദരമായി പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഗാന്ധിയനായിരുന്ന പങ്കജാക്ഷന്‍സാറിനെ ഞാന്‍ പരിചയപ്പെട്ടത് (പങ്കജാക്ഷന്‍ സാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.) അയല്‍ക്കൂട്ടത്തിന്റെ പ്രവര്‍ത്തനം നേരില്‍ കാണാന്‍ അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ ചെല്ലണമെന്ന് കരുതിയതാണ്. നിര്‍ഭാഗ്യവശാല്‍ ചെല്ലാനൊത്തില്ല. തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കുക, പരസ്‌പരം വേണ്ട സഹായങ്ങള്‍ ചെയ്യുക, കൂട്ടായ ചെറുസംരംഭങ്ങളില്‍ക്കൂടി ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നിങ്ങനെ സാധാരണ ജീവിതത്തെ മധുരീകരിക്കുന്ന പലതും ചെയ്യാന്‍ കഴിയുന്നത് എത്ര നല്ലതാണ്!

മഹാത്മാഗാന്ധി ഭാരതത്തിനുവേണ്ടി സ്വപ്‌നം കണ്ട വികസനം ഇത്തരം സ്വയം പര്യാപ്തതയില്‍ വേരോടി നില്‍ക്കുന്ന ഒന്നാണ്. ഏറിയ കൂറും ഗ്രാമപ്രദേശങ്ങളില്‍ കഴിഞ്ഞുകൂടുന്ന കര്‍ഷകരുടെ ഇന്ത്യയെ മഹാത്മജിക്ക് നല്ലപോലെ അറിയാമായിരുന്നു. ഗ്രാമങ്ങളെ പ്രബുദ്ധമാക്കുക, സ്വയം പര്യാപ്തമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വിവേകം നിറഞ്ഞ വികസനരേഖ. പക്ഷേ, കാലത്തിന്റെ പോക്ക് വ്യവസായവത്കരണത്തിന്റെ കൈപിടിച്ചുകൊണ്ടായിരുന്നു. ആ വഴിക്കായിരുന്നു ഗാന്ധിശിഷ്യനായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മനസ്സും നീങ്ങിയത്. അണക്കെട്ടുകള്‍ ആധുനിക സംസ്‌കാരത്തിന്റെ ക്ഷേത്രങ്ങളാണെന്ന തന്റെ നിലപാടു പിന്നീട് അദ്ദേഹം മാറ്റിയെങ്കിലും വിദേശത്തുനിന്നു വന്ന ആശയങ്ങള്‍ ഇപ്പോഴും നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നു.

അതുകൊണ്ട് അനേകകോടികളുടെ സാമ്പത്തിക ഇടപാടുള്ള രാജ്യാന്തര കച്ചവടം ചെയ്തു നാം അണുനിലയങ്ങള്‍ ഉണ്ടാക്കുകയാണ്. ഭാരതത്തിന്റെ വികസനം എത്തിനില്‍ക്കുന്നത് ഇവിടെയാണ്. അണുനിലയങ്ങള്‍ അണുബോംബില്‍നിന്നും വളരെ ദൂരത്തല്ല എന്ന് അമേരിക്കയിലെ ത്രീമൈല്‍ ഐലന്‍ഡും പഴയ സോവിയറ്റ് യൂനിയനിലെ ചെര്‍ണോബിലും നമ്മെ പഠിപ്പിച്ചില്ല; ജപ്പാനിലെ ഫുകുഷിമയും പഠിപ്പിക്കുന്നില്ല. ജീവിക്കാനുള്ള അവകാശം നമ്മുടെ ജനാധിപത്യ ഭരണഘടന ഉറപ്പാക്കുന്നു. ആ അടിസ്ഥാനാവകാശത്തിനു വേണ്ടി ജയ്താപൂരില്‍ അണുനിലയം വേണ്ടെന്നു പറയുന്ന ആ പ്രദേശത്തെ ജനങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തത് നമ്മുടെ ജനാധിപത്യ ഭരണകൂടമാണെന്നത് വേദനാ ജനകമാണ്. ശാസ്ത്രീയമായും സത്യസന്ധമായും വസ്തുതകളെ വിലയിരുത്തേണ്ട ഒരു ജനാധിപത്യ ഭരണകൂടം കോര്‍പറേറ്റുകളുടെ ഇംഗിതങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്നതിനെ വികസനമെന്ന് നമുക്ക് പറയാനാവുമോ? ഗാന്ധിയുടെ വികസനസങ്കല്‍പം ഭാരതത്തില്‍ ഇന്നും പ്രസക്തമാണ്. കാരണം ഇത് ഇന്നും കൃഷിക്കാരും ചെറുപണിക്കാരുമടങ്ങിയ പാവപ്പെട്ട ജനലക്ഷങ്ങളുടെ നാടാണ്; ദരിദ്രനാരായണന്മാരുടെ നാട്.

അതുകൊണ്ട് ജയിക്കാന്‍ സാധ്യത നന്നെ കുറവാണെന്നു തോന്നുന്നതാണെങ്കില്‍ തന്നെയും പലതരം ചെറുത്തു നില്‍പുകളില്‍ ഏര്‍പ്പെടുന്ന പല ആളുകളും ഗാന്ധിയിലേക്കു തിരിയുന്നു. വികസനം ഗാന്ധി, വലുപ്പങ്ങള്‍ കൊണ്ടളന്നില്ല; മനുഷ്യന്റെ തൃപ്തികൊണ്ടും ജീവിതഗതിയുടെ അന്തസ്സുകൊണ്ടും ഉണ്ടാകേണ്ട സമഗ്രതയായിരുന്നു അതിന്റെ അളവുകോല്‍.

ഞാന്‍ പങ്കെടുത്ത സമ്മേളനത്തിലും ഗാന്ധി ഒരദൃശ്യസാന്നിധ്യമായി എനിക്കനുഭവപ്പെട്ടു.സംഘാടകരില്‍ കോട്ടയത്തെ ഗാന്ധിസ്മാരകഗ്രാമസേവാകേന്ദ്രവും സര്‍വോദയ മണ്ഡലവുമുണ്ടായിരുന്നു. കൂടാതെ സീറോ ബജറ്റ് കൃഷി, വെച്ചൂര്‍ കണ്‍സര്‍വേഷന്‍, പ്രകൃതി ജീവനം, മണ്‍പാത്ര നിര്‍മാണം,പരമ്പരാഗത കൃഷി തുടങ്ങിയ താല്‍പര്യങ്ങള്‍ പ്രതിനിധീകരിക്കപ്പെട്ടിരുന്നു.

ഞാന്‍ കവിയെന്ന നിലക്ക്, ആശയപരമായി ആശാന്റെ പൈതൃകത്തെ പ്രത്യേകിച്ച് ആദരിക്കുന്നതു കൊണ്ട്, സദസ്സിനെ അഭിസംബോധന ചെയ്തപ്പോള്‍ ഓര്‍ത്തത് 'അണുജീവിയിലും സഹോദര/ പ്രണയം ത്വല്‍കൃപയാലെ തോന്നണം' എന്ന വരികളാണ്. ദൈവത്തോടുള്ള ആശാന്റെ ആ പ്രാര്‍ഥന കുറേനാളായി എപ്പോഴും മനസ്സിലുള്ളതാണ്.
ഇന്നുവരെയുണ്ടായ ശാസ്ത്രസാങ്കേതികവിദ്യകളെ നമുക്ക് തള്ളിക്കളയാനാവില്ല. പക്ഷേ, എങ്ങനെ അവയുടെ വിനാശകരമായ വശങ്ങള്‍ കുറക്കാം എന്നാണ് ഇനി നോക്കേണ്ടത്. ബദല്‍ അന്വേഷണങ്ങളില്‍ വ്യാപൃതരായവരായിരുന്നു സംസാരിച്ച മിക്കവരും. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ വഴിയേ വായനക്കാരുമായി പങ്കുവെക്കാം. ഒരുപക്ഷേ, അവയില്‍ പലതും നിങ്ങളറിയുന്ന കാര്യങ്ങളാവാം. പക്ഷേ, അവയെല്ലാം നമ്മളാവര്‍ത്തിച്ചു ചിന്തിക്കേണ്ട കാര്യങ്ങളാണെന്നു ഞാന്‍ കരുതുന്നു.

http://www.madhyamam.com/news/86208/110609

2011/05/21

കരമണല്‍ ഖനനം: കളക്ടര്‍ ഇടപെടണം

കൊടുവള്ളി: കുടുംബശ്രീ പച്ചക്കറി കൃഷിയുടെ മറവില്‍ പൂനൂര്‍പുഴ, ചെറുപുഴ എന്നിവടങ്ങളിലെ പുറമ്പോക്ക് ഭൂമികളിലെ കരമണല്‍ നീക്കം ചെയ്യാനുള്ള ശ്രമവും പൂനൂര്‍ പുഴയിലെ കക്കോടി, കൊടുവള്ളി, നെല്ലാങ്കണ്ടി തുടങ്ങിയ ഭാഗങ്ങളില്‍ കൂടുതലായി പുഴയോരം കൈയേറി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഇടപെടണമെന്ന് സമാജ്‌വാദി ജനപരിഷത്ത് ദേശീയ സമിതി അംഗം സുരേഷ് നരിക്കുനി ആവശ്യപ്പെട്ടു. പുഴയുടെ സ്വാഭാവിക സ്ഥിതി പുനഃസ്ഥാപിക്കാന്‍ റവന്യൂ സര്‍വേ വകുപ്പുതലത്തില്‍ നടപടി ഉണ്ടാവണം.