2017/03/06

ജനാർദനൻ നമ്പൂതിരി: നഷ്ടമായത് പ്രാദേശിക ഭാഷാ സ്നേഹിയെ


മലയാള മനോരമ സ്വന്തം ലേഖകൻ

ചെർപ്പുളശേരി∙ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് കെ.ജനാർദനൻ നമ്പൂതിരി യാത്രയാകുമ്പോൾ നഷ്ടമാകുന്നതു ജനകീയ ഭാഷകളുടെ പ്രചാരണത്തിന്റെ മുൻ നിരയിൽനിന്ന ഒരാളെ. സംസാരത്തിലും കത്തെഴുത്തിലും പരമാവധി പ്രാദേശിക ഭാഷകൾ മാത്രം ഉപയോഗിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. മേൽവിലാസം എഴുതുമ്പോൾ പോലും ഈ നിഷ്കർഷ സ്വയം പുലർത്തിയിരുന്നു. പോസ്റ്റ് എന്നതിനു പകരം തപാൽ എന്നേ എഴുതിയിരുന്നുള്ളൂ.

ഹിന്ദി ഭാഷയുടെ പ്രചാരണത്തിന് എല്ലാ പിന്തുണയും നൽകി. ദേശീയതലത്തിലുള്ള മുതിർന്ന നേതാക്കളും പ്രവർത്തകരുമായി ഹൃദ്യമായ വ്യക്തി ബന്ധം സൂക്ഷിക്കാൻ ഈ ഭാഷാ സ്നേഹത്തിലൂടെ കഴിഞ്ഞു. മഹാത്മാഗാന്ധി, ഡോ. റാം മനോഹർ ലോഹ്യ എന്നിവരുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കാനും മുൻകയ്യെടുത്തു.

ഈ പുസ്തകങ്ങൾ നിറച്ച ഖാദി സഞ്ചിയുമായി കേരളം മുഴുവൻ അവസാന കാലംവരെ യാത്ര ചെയ്തു. പ്രായത്തിന്റെ അവശതകൾ മാറ്റിവച്ചും ജനകീയ പ്രസ്ഥാനങ്ങളും സമരങ്ങളും സംഘടിപ്പിക്കുന്നതിനുള്ള യാത്രകളിലായിരുന്നു അദ്ദേഹം. അനുശോചിച്ചു മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് കെ.ജനാർദനൻ നമ്പൂതിരിയുടെ നിര്യാണത്തിൽ സമാജ്‌ വാദി ജൻപരിഷത് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ്, ലോഹ്യാ വിചാർ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ.ശ്രീനിവാസൻ എന്നിവർ അനുശോചിച്ചു.

മലയാള മനോരമ

സമാജവാദി ജനപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജനാർദ്ദനൻ നമ്പൂതിരി അന്തരിച്ചു



ചെർപ്പുളശേരി (പാലക്കാടു്): സമാജ്‌വാദി ജനപരിഷദ് സംസ്ഥാന വൈസ് പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ കെ.പി.ജനാർദ്ദനൻ നമ്പൂതിരി അന്തരിച്ചു. 87 വയസ്സായിരുന്നു.

 മാർച്ച് നാല് ശനിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് പാലക്കാട് വാണിയംകുളം പി.കെ.ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാർച്ച് ഒന്നാം തീയതിയാണു് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു്.

സംസ്കാരം മാർച്ച് ആറു് തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമണിയ്ക്കു *അടയ്ക്കാപുത്തൂരിലെ അഭയം മനവളപ്പിൽ നടന്നു.

ഡോ. റാം മനോഹർ ലോഹിയാ രൂപവത്കരിച്ച 1955-ലെ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്ന ജനാർദ്ദനൻ നമ്പൂതിരി അവസാന നിമിഷം വരെ സോഷ്യലിസ്റ്റ് രാഷ്ട്രീയ ധാരയിൽ ഉറച്ചു നിന്നു. ലോഹ്യാ വിചാരവേദി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ചാലക്കുടി കൂനമ്പിള്ളിമനയിലെ അംഗമായ അദ്ദേഹം 70 വർഷമായി ഹിന്ദി പ്രചാരക് ആയി പ്രവർത്തിക്കുകയായിരുന്നു.

സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ്, ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയസഖ്യം ദേശീയ കൺവീനറും പ്ലാച്ചിമട സമരസമതി ചെയർമാനുമായ വിളയോടി ഗോപാലൻ, സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിനോദ് പയ്യട, ഡി.സി.സി (ഐ) പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ, ലോഹ്യാ വിചാര വേദി നേതാവു് വിദ്യാധരൻ കെ. തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. സംസ്‌കാരത്തെ തുടർന്ന് അനുശോചനയോഗം നടന്നു.


സഹധർമ്മിണി സാവിത്രി അന്തർജനം അടയ്ക്കാപുത്തൂർ ഹൈസ്കൂൾ റിട്ട. അധ്യാപികയാണു്. മക്കൾ ഹരി നാരായണൻ ഡൽഹിയിൽ ഇ ഐ എൽ എഞ്ചിനിയറും ജയ നാരായണൻ ഓസ്ട്രേലിയയിലും ബാബു നാരായണൻ ചെന്നൈ ഐ.റ്റി.ഐ ഗവേഷകനും ആണു്. നിർമല, ഗീത, ശാലിനി എന്നിവരാണു് മരുമക്കൾ.



സഖാവ് ജനാർദ്ദനൻ നമ്പൂതിരി (1930 - 2017)

ജോഷിജേക്കബ്, സമാജവാദി ജനപരിഷത് ദേശീയ അദ്ധ്യക്ഷൻ

സമാജവാദി ജനപരിഷത്തിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ. എസ് ജനാർദ്ദനൻ നമ്പൂതിരി 2017 മാർച്ച് നാലാം തീയതി ശനിയാഴ്ച വൈകിട്ട് അന്തരിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഹിന്ദി പ്രചാരകനായി പൊതുരംഗത്തേക്ക് കടന്നു വന്ന അദ്ദേഹം പിന്നീട് ഹിന്ദി അദ്ധ്യാപകനായിരുന്നു. അദ്ദേഹം ഡോ. രാംമനോഹർ ലോഹിയയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയിൽ അദ്ദേഹം ഉറച്ചു നിന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലും സോഷ്യലിസ്റ്റ് ആശയത്തിലും പരമ്പരാഗത സോഷ്യലിസ്റ്റുകളെ അലോസരപ്പെടുത്തിയ ജാതിയുടെയും ചെറുകിട യന്ത്രത്തിന്റെയും ഉൾപ്പെടെയുള്ള മൌലിക മാറ്റം ഉണ്ടാക്കിയ ലോഹിയയുടെ ആശയാദർശങ്ങളിൽ അവസാനം ശ്വാസം വരെ അദ്ദേഹം ഉറച്ചു നിന്നു.
ലോഹിയ വിചാര വേദിയുടെ മുതിര്‍ന്ന നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം സമാജവാദി ജനപരിഷത്തിന്റെ രൂപീകരണ പ്രക്രിയയിലും സജീവമായി പങ്കാളിയായി. ലോഹിയ വിചാര വേദിയിലെ മുതിന്നവരിൽ നിന്നും പി വി കുര്യൻ, കെ രമേശ്, സി ജെ അബ്രാഹം, ജോസ് സഖറിയാസ്, ജനാർദ്ദനൻ നമ്പൂതിരി, എൻ ശ്രീനിവാസൻ, പി കെ ഗോപാലൻ മാഷ്, ഉമ്മർ ഷാ തുടങ്ങിയ വളരെ ചുരുങ്ങിയ ആളുകൾ മാത്രമാണ് വ്യവസ്ഥാപിത രാഷ്ട്രീയത്തിന് പുറത്തുള്ള പുതിയ ചുവട് വയ്പായി ആരംഭിച്ച സമാജവാദി ജനപരിഷത്തിന്റെ രൂപീകരണ പ്രക്രിയയിൽ ഭാഗഭാഗിത്തം വഹിക്കുവാൻ തയ്യാറായത്. മുംബൈയിൽ ഠാണെയിൽ വച്ചു നടന്ന പാർട്ടിയുടെ സ്ഥാപന സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.
ജനപരിഷത്തിന്റെ ആദ്യ സംസ്ഥാന സമിതിയിൽ ജനാർദ്ദനൻജി ഉപാദ്ധ്യക്ഷൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സെക്രട്ടറി, ഖജാൻജി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചു.
ഖാദി വസ്ത്രങ്ങൾ മാത്രം ധരിക്കുകയും മാതൃഭാഷയായ മലയാളത്തിൽ അല്ലാതെ ഇംഗ്ലീഷ് ഭാഷയിൽ നൽകുന്ന കല്യാണക്കുറികളുടെ ക്ഷണം നിരസിച്ച് വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കരുതെന്നും അദ്ദേഹം വാദിച്ചിരുന്നു. ജനകീയ ഭാഷയുടെ കാര്യത്തിലും പ്ലാച്ചിമട സമരത്തിലും അദ്ദേഹം ആദ്യ കാലം മുതൽ ഉറച്ചു നിന്നു. ഒടുവിൽ കഴിഞ്ഞ ജനുവരി 21, 22, 23 തിയതികളിൽ കോട്ടയത്ത് വച്ച് ചേർന്ന ദേശീയ കർഷക ഏകോപന സമിതി യോഗത്തിനും അദ്ദേഹം പിന്തുണ നൽകി. ശാരീരികമായി വളരെ ബുദ്ധിമുട്ടിലായിട്ടും നിരന്തരം ബന്ധപ്പെട്ട് വിവരങ്ങൾ അദ്ദേഹം അന്വേഷിച്ച് വന്നിരുന്നു.

അദ്ദേഹത്തിന്റെ ദേഹവിയോഗം തീരാനഷ്ടമാണ്. സമാജവാദി ജനപരിഷത്തിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

*പാലക്കാട്ടു നിന്ന്‌ ചെർപ്പുളശേരിക്കുള്ള ദിശയിൽ ചെർപ്പുളശ്ശേരിയ്ക്ക്‌ 5 കിലോമീറ്റർ മുമ്പാണ്‌ അടക്കാപുത്തൂർ എന്നസ്ഥലം. മാങ്ങോട്‌ തപാലാപ്പീസിന്റെ പരിധിയിൽ (പിൻ- 679503)വരുമിതു്.

2017/01/19

ദേശീയ കർഷക ഏകോപനസമിതി


Published: Jan 19, 2017, 01:00 AM IST
കോട്ടയം: ദേശീയ കർഷക ഏകോപനസമിതി യോഗം 21ന് മാങ്ങാനം ക്രൈസ്തവാശ്രമത്തിൽ തുടങ്ങും. 23ന് ഉച്ചകഴിഞ്ഞു രണ്ടിന് തിരുനക്കര പഴയ പോലീസ്സ്റ്റേഷൻ മൈതാനത്ത് കർഷകമുന്നേറ്റ പ്രഖ്യാപനസമ്മേളനത്തിൽ കർഷകസംഘടനാ നേതാക്കൾക്കു സ്വീകരണം നൽകും. ഗാന്ധിമാർഗ സർവോദയ നേതാവ് അമർനാഥ് ഭായ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പങ്കെടുക്കാൻ കർഷകസംഘടനകൾക്ക് അവസരമുണ്ട്. വിവരങ്ങൾക്ക്: 9447347230

മാതൃഭൂമി

http://www.mathrubhumi.com/print-edition/kerala/kottayam-1.1664794


2016/12/09

പി.വിശ്വംഭരൻ അന്തരിച്ചു


പി.വിശ്വംഭരൻ
ഫോട്ടോ കടപ്പാടു്:പിവിശ്വംഭരൻബ്ലോഗ്സ്പോട്.ഇൻ 

തിരുവനന്തപുരം: സ്വതന്ത്രസമരസേനാനിയും പഴയകാല സോഷ്യലിസ്റ്റ് നേതാവുമായ പി.വിശ്വംഭരൻ അന്തരിച്ചു. 91 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.
ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പ്രവേശിച്ച വിശ്വംഭരൻ, തിരുക്കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായിരുന്നു. 1964ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1971-ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ പാർലമെന്റ് അംഗമായിരുന്ന പി.വിശ്വംഭരൻ 1973ൽ ഇടതു ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) രൂപീകൃതമായപ്പോൾ ആദ്യത്തെ കൺവീനറായിരുന്നു.

കോവളത്തിനടുത്ത് വെള്ളാറിൽ 1925 ജൂൺ 25-ന് ചരുവിള വീട്ടിൽ പരേതരായ പത്മനാഭൻ-ചെല്ലമ്മ ദമ്പതികളുടെ മകനായാണ് പി.വിശ്വംഭരന്റെ ജനനം. പാച്ചല്ലൂർ എൽ.പി സ്‌കൂൾ, വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ, തിരുവനന്തപുരം എസ്.എം.വി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളജ്, തിരുവനന്തപുരം ആർട്ട്‌സ് കോളജ്, യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ നിന്നും ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദം നേടി. പിന്നീട് തിരുവനന്തപുരം ലോ കോളജിൽ നിയമപഠനത്തിനു ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുകയും അറസ്റ്റ് വാറൻറ് വപ്പോൾ ഒളിവിൽ പോകേണ്ടി വന്നതുമാണ് കാരണം. വിദ്യാർത്ഥി കോൺഗ്രസ്സിന്റെ തിരുവിതാംകൂർഘടകം രൂപീകരിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് പി.വിശ്വംഭരനായിരുന്നു.
1945ൽ തിരുവിതാംകൂർ സർവ്വകലാശാല വിദ്യാർഥി യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, 1946-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് കേന്ദ്ര ഓഫീസ് സെക്രട്ടറി, 1949-ൽ സോഷ്യലിസ്റ്റ് പാർട്ടി അംഗം, 1950-ൽ സോഷ്യലിസ്റ്റ് പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം, 1956-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1964-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി) സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

പിന്നീട് പി.എസ്.പിയും ഡോ.റാം മനോഹർ ലോഹ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് പാർട്ടിയും ലയിച്ച് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (എസ്.എസ്.പി) രൂപീകൃതമാപ്പോൾ ജനറൽ സെക്രട്ടറിയായി. 1971ൽ വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ ലയിച്ച് അഖിലേന്ത്യ തലത്തിൽ സോഷ്യലിസ്റ്റ് പാർട്ടിയായി മാറിപ്പോൾ സംസ്ഥാന ചെയർമാനായി.

21 മാസം നീണ്ട അടിയന്തരാവസ്ഥയിൽ അറസ്റ്റ് ചെയ്യപ്പെടാത്ത അപൂർവം സോഷ്യലിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം. 1975-77 കാലഘട്ടത്തിൽ അടിയന്തിരാവസ്ഥയ്‌ക്കെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം 42-ാം ഭരണഘടനാ ഭേദഗതിക്കെതിരെ സംസ്ഥാനത്തുടനീളം പ്രചരണം നടത്തി. തടവിലാക്കപ്പെട്ട നേതാക്കൾക്കെല്ലാം അന്നു പുറത്തുനിന്നു സഹായമെത്തിച്ചതു വിശ്വംഭരനായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് രൂപീകൃതമായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ സംസ്ഥാന സെക്രട്ടറിയായി.

ഈ കാലയളവിൽ ദേശീയതലത്തിൽ നടന്ന ജനതാ പാർട്ടി രൂപീകരണത്തിൽ സജീവ പങ്കാളിയുമായിരുന്നു. 1980-നു ശേഷം ജനതാ പാർട്ടിയുടെയും ജനതാദളിന്റെയും സംസ്ഥാന പ്രസിഡന്റ് ആയി പ്രവർത്തിച്ചു.

2003-ൽ സോഷ്യലിസ്റ്റുകളുടെ ഏകീകരണം ലക്ഷ്യമാക്കി അഖിലേന്ത്യാതലത്തിൽ രൂപീകൃതമായ സോഷ്യലിസ്റ്റ് ഫ്രണ്ട് സംസ്ഥാന കൺവീനർ, ദേശീയ സമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

പി.എസ്.പി, എസ്.എസ്.പി, എസ്.പി എന്നിവയുടെ ദേശീയ നിർവാഹക സമിതിയിലും എസ്.എസ്.പിയുടെ കേന്ദ്രപാർലമെന്ററി ബോർഡിലും അംഗമായിരുന്ന പി.വിശ്വംഭരൻ ജനതാ പാർട്ടി, ജനതാദൾ എന്നിവയുടെ ദേശീയ നിർവാഹകസമിതിയിൽ ദീർഘകാലം പ്രത്യേക ക്ഷണിതാവുമായിരുന്നു.

തിരു-കൊച്ചി നിയമസഭയിലേക്കു പിഎസ്പി ടിക്കറ്റിൽ 1954ലും 1960ൽ നേമം മണ്ഡലത്തിൽനിന്നു കേരള നിയമസഭയിലേക്കും 1967ൽ തിരുവനന്തപുരത്തു നിന്നു ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ജി.ചന്ദ്രശേഖരൻപിള്ളയെ തോൽപ്പിച്ചാണ്1960ൽ നേമത്തുനിന്ന് ജയിച്ച് നിയമസഭയിലെത്തിയതു്. പാർലമെന്റിലും നിയമസഭയിലും പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി ഉൾപ്പെടെ പല സമിതികളിലും അംഗമായിരുന്നു.

1946 മുതൽ 58 വരെ മലയാളി, മാതൃഭൂമി, സ്വതന്ത്ര കാഹളം, ദേശബന്ധു എന്നീ മലയാള ദിനപത്രങ്ങളുടെയും യു.പി.ഐയുടെയും തിരുവനന്തപുരം ലേഖകനുമായിരുന്നു. തിരുവനന്തപുരം-കൊച്ചി വർക്കിംഗ് ജേർണലിസ്റ്റ് യൂണിയന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് ദേശീയ കൗൺസിൽ അംഗവുമായിരുന്നു. നിരവധി ട്രേഡ് യൂണിയനുകളുടെയും സഹകരണ പ്രസ്ഥാനങ്ങളുടെയും സാരഥ്യം വഹിച്ചിട്ടുണ്ട്. കയർ തൊഴിലാളികൾക്കുവേണ്ടി വിശ്വംഭരൻ ചെയ്ത സേവനങ്ങൾ ചരിത്രത്തിൽ ഇടംകണ്ടതാണ്.


2016/11/04

എൻ.കെ. ഗംഗാധരൻ അന്തരിച്ചു


തൃശൂർ: ഗാന്ധിയനും സോഷ്യലിസ്റ്റ് പ്രവർത്തകനുമായ എൻ.കെ. ഗംഗാധരൻ (82) 2016, നവംബർ 3നു് അന്തരിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി കെ. ചന്ദ്രശേഖരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം പി.എസ്.സി. അംഗം, ഗവ. അഡീഷണൽ സെക്രട്ടറി, ഡോ. ലോഹ്യ സ്റ്റഡിസെന്റർ സ്ഥാപകാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ കൊടുങ്ങല്ലൂർ ഐക്കരപ്പറമ്പിൽ കരുണാകര മേനോന്റെയും നെടുംപുരത്ത് കളപ്പുരയ്ക്കൽ മീനാക്ഷിയമ്മയുടെയും മകനാണ്. ഒല്ലൂർ ഇളംതുരുത്തി 'കരുണ' യിലായിരുന്നു താമസം.

സമാജവാദി ജനപരിഷത്തിന്റെ ഒരു മുൻനേതാവായിരുന്ന ഭായി വൈദ്യ രൂപവല്ക്കരിച്ച സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ)യുടെ സംസ്‌ഥാന ഭാരവാഹി, ലോഹ്യ വിചാരവേദി ജില്ലാ പ്രസിഡന്റ്, അച്യുതമേനോൻ സൊസൈറ്റി ഫോർ ഹ്യൂമൺ ആക്ഷൻ പ്രസിഡന്റ്, പി.എസ്.സി. ഫോറം ഓഫ് ഫോർമർ മെമ്പേഴ്സ് വൈസ് പ്രസിഡന്റ് തിരുവനന്തപുരം പി. വിശ്വംഭരൻ ഫൗണ്ടേഷൻ, ഗാന്ധിപീസ് ഫൗണ്ടേഷൻ, പൂർണോദയ ബുക്ക് ട്രസ്റ്റ്, തൃശൂർ സഹൃദയവേദി എന്നിവയുടെ ലൈഫ് മെംബർ, ജില്ല പൗരസമിതി, മദ്യനിരോധന സമിതി എന്നിവയുടെ എക്സി. കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

1957 മാർച്ച് 26നു സെക്രട്ടേറിയറ്റിൽ രണ്ടാം ഗ്രേഡ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 1989ൽ അഡീഷണൽ സെക്രട്ടറിയായി വിരമിച്ചു. കെഎസ്എഫ്ഇയിലും കേരള ചലച്ചിത്ര വികസന കോ ർപറേഷനിലും ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്നു. 1975ൽ മികച്ച സേവനത്തിനുള്ള ഗുഡ് സർവീസ് എൻട്രി ലഭിച്ചു. 64–65 കാലഘട്ടത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ അതിർത്തി റോഡ് വികസന ബോർഡിനു കീഴിൽ സിക്കിമിലും സേവനം ചെയ്തു. കേരള എൻജിഒ സെന്ററിന്റെ രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ചു. അടിയന്തിരാവസ്‌ഥയുടെ 25–ാം വാർഷികത്തോടനുബന്ധിച്ചു 2000ൽ തൃശൂരിൽ എൻ.കെ. ഗംഗാധരൻ സംഘടിപ്പിച്ച പ്രദർശനവും പൊതുപരിപാടികളും ശ്രദ്ധ നേടിയിരുന്നു.


നിരവധി സാമൂഹിക-പരിസ്ഥിതി, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: മാലതി. മക്കൾ: മീന, ഗീത. മരുമക്കൾ: മാധവൻ, രമേഷ്.


2016/10/23

ആദ്യകാല സോഷ്യലിസ്റ്റ് പത്രപ്രവർത്തകൻ ആർ.കെ. നമ്പ്യാർ അന്തരിച്ചു


കോഴിക്കോട്: സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവർത്തകനും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന രയരോത്ത് കൃഷ്ണൻനമ്പ്യാർ (ആർ.കെ. നമ്പ്യാർ-86) കക്കോടി എൻ.വി.റോഡിലെ 'ഹരിശ്രീ'യിൽ ഒക്ടോബർ 23 ശനിയാഴ്ച അന്തരിച്ചു.

30 വർഷം കോഴിക്കോട്ട് എക്സ്?പ്രസ്സിന്റെ സ്റ്റാഫ് റിപ്പോർട്ടറായിരുന്നു. 1930 ഫെബ്രുവരി രണ്ടിന് രയരോത്ത് വീട്ടിൽ നാരായണിയമ്മയുടെയും കെ.പി.അപ്പൻനായരുടെയും മകനായി ജനിച്ചു. വിദ്യാഭ്യാസകാലത്ത് സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട ജാഥനയിച്ചതിന് സ്‌കൂളിൽനിന്ന് പുറത്താക്കപ്പെട്ടു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ചൊക്ലി വി.സി. കുഞ്ഞിരാമൻ വൈദ്യരുടെ ഓറിയന്റൽ സംസ്‌കൃതസ്‌കൂളിൽ ചേർന്നു. പിതാവിന്റെ നിര്യാണത്തെത്തുടർന്ന് പഠനം മുടങ്ങി. ജോലി അന്വേഷിച്ച് കോഴിക്കോട്ടെത്തി 'മാതൃഭൂമി'യുടെ വിതരണക്കാരനായി.
1963-ലാണ് എക്സ്?പ്രസ്സിൽ പത്രപ്രവർത്തകനായത്. കാലിക്കറ്റ് ടൈംസ്, പടയണി(തലശ്ശേരി) എന്നീ പത്രങ്ങളിലും പ്രവർത്തിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ്ബിന് രൂപംകൊടുക്കുന്നതിന് ശ്രമിച്ചവരിൽ പ്രധാനിയാണ്. പ്രസ്‌ക്ലബ്ബിന്റെ ഖജാൻജിയായും പ്രവർത്തിച്ചു.
സോഷ്യലിസ്റ്റ് നേതാക്കളായ പി.ആർ. കുറുപ്പ്, അരങ്ങിൽ ശ്രീധരൻ, കെ. കുഞ്ഞിരാമക്കുറുപ്പ്, കെ.ബി.മേനോൻ, പത്മപ്രഭാഗൗഡർ, ബി.സി.വർഗീസ് എന്നിവരുമായി ബന്ധമുണ്ടായിരുന്നു.
പി.വി.കെ.നെടുങ്ങാടി അവാർഡ്, സീനിയർ പത്രപ്രവർത്തക അവാർഡ്, തേജസ് അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചു.
ഭാര്യ: പരേതയായ സരോജിനി കെ. നമ്പ്യാർ, മക്കൾ: ആർ. അജയകുമാർ (നിയോസെൽ വേൾഡ്, കോഴിക്കോട്), ആർ. കൃഷ്ണകുമാർ(കേരഫെഡ്). മരുമകൾ: ഷീജ. സഹോദരങ്ങൾ: ആർ. ഗോപാലൻ, ആർ. ഗോപാലൻ, പരേതയായ ആർ. ലക്ഷ്മി. ശവസംസ്‌കാരം ഒക്ടോബർ 23 ഞായറാഴ്ച രാവിലെ ഒമ്പതിന് മാവൂർറോഡ് ശ്മശാനത്തിൽ നടന്നു.

ആദ്യകാല സോഷ്യലിസ്റ്റ് പത്രപ്രവർത്തകനായിരുന്ന നമ്പ്യാർ സമാജവാദി ജന പരിഷത്തിനോട് എക്കാലത്തും ആത്മബന്ധം പുലർത്തിയ വ്യക്തിയായിരുന്നുവെന്നു് സമാജവാദി ജന പരിഷത്ത് നേതാവു് സുരേഷ് നരിക്കുനി അനുസ്മരിച്ചു. നമ്പ്യാരുടെ വേർപാട് സംഘടനയ്ക്കും, വ്യക്തിപരമായും, വലിയൊരു നഷ്ടമാണെന്നു് അദ്ദേഹം പറഞ്ഞു




2016/10/13

കൊലപാതക രാഷ്ട്രീയം ഇനിയും മുന്നേറുന്നത് തടയണം

  – അഡ്വ ജോഷി ജേക്കബ്

    
കൊലപാതകം മത്സരിച്ച് നടത്തുന്ന സ്ഥിതിവിശേഷം വീണ്ടും വന്നിരിക്കുന്നു. സിപിഎം ഉം ബിജെപി /ആർ എസ് എസ് ഉം മത്സരിച്ച് നടത്തുന്ന ഈ കൊലയുടെ കാരണങ്ങൾ തേടി പരസ്പരം പഴിചാരുന്ന പതിവ് വ്യായാമം ആരും ഗൗരവമായി എടുക്കില്ല. കൊലയുടെ ഉന്മാദം തേടുന്ന അണികളൊഴികെ ഇരുകൂട്ടരുടെയും അണികൾ പോലും കശാപ്പിന്റെ ഈ മത്സരത്തെ അംഗീകരിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. അനാഥരാകുന്ന കുഞ്ഞുങ്ങളും ഭാര്യമാരും അമ്മമാരും അച്ഛൻമാരും എത്രയോ ഹൃദയഭേദകമായ ദുഃഖമാണ് കയ്പുനീരായി കുടിക്കുന്നത്. അടഞ്ഞ ഫാസിസ്റ്റ് സംഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആർ എസ് എസ് ഉം കമ്യൂനിസ്റ്റുകളും ഇതുപോലെ കൊലപാതക രാഷ്ട്രീയ മത്സരത്തിന് പുറപ്പെട്ടാൽ വിശ്വാസികളായ അനുയായികൾ നേതൃത്വം പറയുന്ന ന്യായങ്ങൾ വിഴുങ്ങും. എന്നാൽ അവരും ക്രമേണ കൊലപാതക രാഷ്ട്രീയത്തിന്റെ പൊള്ളത്തരം അംഗീകരിക്കുവാൻ നിർബന്ധിതരായി തീരും.

ജനങ്ങളുടെ ജീവിതത്തിൽ കാതലായ ഒന്നും നൽകുവാനില്ലാതെ വരുമ്പോൾ രാഷ്ട്രീയ നേതൃത്വത്തിന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുവാൻ പരസ്പര കിടമത്സരത്തിന്റെ വഴിയാണ് ഏറ്റവും എളുപ്പമുള്ളത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎം ഉം യഥാര്‍ത്ഥമായ മാറ്റം കൊണ്ടുവരുന്നതിൽ അങ്ങേയറ്റം പരാജയപ്പെട്ടിരുന്നു. ഇരുകൂട്ടരും കോർപ്പറേറ്റ് ശക്തികളെ പ്രീണിപ്പിക്കുവാനാണ് ബദ്ധശ്രദ്ധരായിരിക്കുന്നത്. കർഷകരെയും കൈവേലക്കാരെയും പിച്ചിച്ചീന്തുന്ന ലോക വ്യാപാര സംഘടനയുടെയും ലോക ബാങ്കിന്റെയും രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിൽ അട്ടിമറി നടത്തുന്ന ഐ. ഐ. എം. എഫിന്റെയും നയങ്ങൾ ശിരസ്സാ വഹിച്ച് നടപ്പിലാക്കുന്നവരാണ് ബിജെപിയും സിപിഎം ഉം ഭരണം കിട്ടുമ്പോൾ ഇതുപോലെ ജനശ്രദ്ധ തിരിക്കുന്ന ഏതൊരു സംഗതിയും ആർത്തിയോടെ ഏറ്റെടുക്കും. എന്നിരുന്നാലും കൊലപാതക രാഷ്ട്രീയം അതിന് തെരഞ്ഞടുക്കുമോ എന്ന് ആരും സംശയിച്ച് പോകും. അത്രയേറെ വില കൊടുക്കേണ്ടതാണല്ലോ കൊലപാതക രാഷ്ട്രീയം.

നേതാക്കന്മാരെ പരസ്പരം കൊല്ലുവാൻ ഇരുകൂട്ടരും തുടങ്ങിയാൽ പെട്ടെന്ന് ഒരു ഒത്തുതീര്‍പ്പിന് സാദ്ധ്യതയുണ്ട്. മുമ്പ് ഒരിക്കൽ നേതാക്കളും ഭയപ്പെട്ടോ എന്ന ഒരു ഭീഷണി ഉണ്ടായപ്പോൾ തല്ക്കാല വെടിനിർത്തൽ ഉണ്ടായതാണ്.

എന്നാൽ അങ്ങനെ കൊലപാതകത്തിലൂടെയല്ല ഈ പ്രശ്നം പരിഹരിക്കേണ്ടത്. വാസ്തവത്തിൽ ഇരുകൂട്ടരിലെയും സാധാരണ അണികൾക്ക് മാത്രമല്ല കൊലപാതക രാഷ്ട്രീയം ഒരു ഭാരമായിത്തീർന്നിട്ടുള്ളത്. നേതാക്കൾക്കും അങ്ങനെ തന്നെയാണ്. എന്നാൽ അക്രമത്തെ ആരാധിക്കുന്ന ഇരുകൂട്ടരുടെയും പ്രത്യയശാസ്ത്രം അവരെ കൊലപാതക രാഷ്ട്രീയത്തിന്റെ ഊരാകുടുക്കിൽ ആക്കിയിരിക്കുകയാണ്. ഇരുകൂട്ടരുടെയും കൊലപാതക സംഘങ്ങൾ കൊലക്കത്തികൾക്ക് മൂർച്ച കൂട്ടുമ്പോൾ അതിനെ എതിർക്കുവാൻ അക്രമത്തെ ആരാധിക്കുന്ന ഇത്തരം പ്രസ്ഥാനങ്ങളിൽ ആരുമുണ്ടാകാറില്ല. ജനങ്ങൾ നിർഭയരാകുന്ന ഒരു സമയമാണ് ജനങ്ങളുടെ ഏറ്റവും വലിയ ശാക്തീകരണം ഉണ്ടാകുന്നത്. കൊലപാതക രാഷ്ട്രീയം ഭയത്തിന്റെ അന്തരീക്ഷമാണ് സമൂഹത്തിൽ ഉണ്ടാക്കുന്നത്. കലാലയ രാഷ്ട്രീയത്തിലും ഭയത്തിന്റെ അന്തരീക്ഷം സംജാതമാക്കി സംഘടന വളർത്തുന്ന സമീപനമാണ് ഇക്കൂട്ടർ പുലർത്തുന്നത്. ഇക്കാലത്തും അന്ധമായി ഇതിനെ പിൻചെല്ലുന്നവർ ഉണ്ട് എന്നത് അത്ഭുതകരമാണ്.

കേരളത്തിലെ ചെറുപ്പക്കാർ ഇനിയും ഇത്തരം വിധ്വംസക രാഷ്ട്രീയത്തിന്റെ പിന്നാലെ പോകരുത്. നമ്മെ ചൂഷണം ചെയ്യുന്ന മുതലാളിത്ത കോർപ്പറേറ്റ് ശക്തികളെയും ജാതി മേൽക്കോയ്മയുടെ രാഷ്ട്രീയത്തെയും ലിംഗപരമായ അസമത്വത്തത്തെയും ചെറക്കുവാൻ ഒരുപാട് ചെയ്യുവാനുണ്ടെന്ന് തിരിച്ചറിയണം.
2016 ഒക്ടോബർ 13ന് ചേതസ്സ് പ്രസിദ്ധീകരിച്ചത്