2009/10/03
ഇതു സൗഹൃദമല്ല, ഭീരുത്വമാണ്
കിഴക്കന്‍ ലേയിലെ `മഞ്ഞുകുമാരി' പ്രദേശത്ത് നമ്മുടെ അതിര്‍ത്തിയിലേക്ക് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ കൈയേറ്റം നടത്തി, ചൈനയെന്ന് നമ്മുടെ `കരുത്തി'ന്‍െറ പാറക്കെട്ടുകളില്‍ എഴുതിപ്പിടിപ്പിച്ച സംഭവത്തിനുശേഷം ദിവസങ്ങള്‍ മാത്രം കഴിഞ്ഞ് ചൈന നമ്മുടെ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലെ വിഘടനവാദികളായ തീവ്രവാദ സംഘടനകള്‍ക്ക് അവരുടെ അതിര്‍ത്തിക്കുള്ളില്‍വെച്ച് ആയുധപരിശീലനം നടത്തുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. ഈ സംഘടനകള്‍ക്ക് വന്‍തോതില്‍ സായുധ സാമ്പത്തിക സഹായങ്ങള്‍ ചൈനയില്‍നിന്ന് ലഭ്യമാവുന്നു.
മഞ്ഞുകുമാരിയില്‍ കൈയേറ്റം നടത്തിയതായി ചൈനയും അത്തരമൊരു കൈയേറ്റം നടന്നിട്ടില്ലെന്ന് ഇന്ത്യയും പറഞ്ഞത് അദ്‌ഭുതപ്പെടേണ്ട കാര്യമല്ല. ചില സ്വകാര്യ ദൃശ്യമാധ്യമങ്ങള്‍ കൈയേറ്റത്തിന്‍െറ ദൃശ്യങ്ങള്‍ പുറത്തുവിട്ടതൊന്നും ഇന്ത്യാ ഗവണ്‍മെന്‍റിന് പരിഗണനാ വിഷയമായിട്ടില്ല. ചൈനയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കൈയേറ്റങ്ങള്‍ പുതിയ കാര്യങ്ങളല്ല. ചൈന കമ്യൂണിസ്‌റ്റ് ഭരണത്തിലായതിനുശേഷം തിബത്ത് കൈയേറിയതുതന്നെ ഇന്ത്യയെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. തിബത്ത് അധിനിവേശത്തിന്‍െറ ലക്ഷ്യം ഇന്ത്യയോടൊത്ത് വടക്ക് വളരെ നീളത്തില്‍ അതിര്‍ത്തി പങ്കിടുന്നതരത്തില്‍ തന്ത്രപ്രധാനമായ പ്രദേശം കണ്ടെത്തുക എന്നതായിരുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ നൂറ്റാണ്ടുകളോളം ഉണ്ടായിരുന്ന ആത്‌മീയവും സാംസ്‌കാരികവും ചരിത്രപരവുമായ ബന്‌ധങ്ങളൊന്നും കമ്യൂണിസ്‌റ്റ് ചൈനക്ക് ഇന്ത്യയെ ലക്ഷ്യമാക്കുന്നതിന് തടസ്സമായിരുന്നില്ല. 1950ലും 1959ലുമായി നടന്ന ചൈനയുടെ തിബത്തന്‍ ആക്രമണം ഇന്ത്യന്‍ ആക്രമണത്തിനു മുന്നോടിയാണെന്ന് അന്ന് പറഞ്ഞിരുന്നത് ഡോ. റാം മനോഹര്‍ ലോഹിയയായിരുന്നു. തിബത്ത് കൈയടക്കിയതിനുശേഷം ചൈന രഹസ്യമായും പരസ്യമായും കൈയേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. തിബത്തിലേക്ക് ഇന്ത്യനതിര്‍ത്തിക്കുള്ളില്‍ ചൈന റോഡ് വെട്ടിയിട്ടുണ്ട്. ഒരിക്കല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യാ ഗവണ്‍മെന്‍റിന്‍െറ വിലക്കുകള്‍ ലംഘിച്ച് സന്ദര്‍ശനം നടത്തിയ ഡോ. ലോഹിയ, മാവോസേതൂങ്ങിന്‍െറ ഭരണം തുടങ്ങിയതില്‍ പിന്നെ ചൈനീസ് പട്ടാളക്കാര്‍ ഇന്ത്യനതിര്‍ത്തിക്കുള്ളിലെ ഗ്രാമങ്ങളില്‍ മാവോയുടെ ചിത്രങ്ങളും ചിത്രങ്ങളടങ്ങിയ ലോക്കറ്റുകളും വീടുകളില്‍ വിതരണംചെയ്യുന്നതായി കണ്ടെത്തിയിരുന്നു. അതിര്‍ത്തിയില്‍ നടന്ന ഈ സംഭവങ്ങളൊന്നും ഇന്ത്യാ ഗവണ്‍മെന്‍റ് ഗൗനിച്ചിരുന്നില്ല. രാഷ്‌ട്രത്തിന്‍െറ മുഖ്യധാരയില്‍നിന്നു വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളെ വേര്‍തിരിച്ച് നിര്‍ത്തുന്ന തരത്തിലുള്ള നയം ഇന്ത്യാ ഗവണ്‍മെന്‍റ് കൈക്കൊള്ളുന്നത് ചൈനക്ക് ഈ മേഖലയില്‍ എന്തും പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
ചൈനയുമായുള്ള ബന്‌ധത്തില്‍ ഒരിക്കലും നമ്മള്‍ ഇച്‌ഛാശക്‌തിയോടെയുള്ള ഒരു നയം സ്വീകരിച്ചിട്ടില്ല. തിബത്തന്‍ പ്രശ്‌നം മുതല്‍ ഇത് വളരെ വ്യക്‌തവുമാണ്. തിബത്തിന് ചൈനയെക്കാള്‍ മുമ്പുതന്നെ ചരിത്രത്തില്‍ സ്വന്തം അസ്‌തിത്വം ഉണ്ടായിരുന്നു, ഒരു രാഷ്‌ട്രമെന്നനിലയില്‍ തന്നെ. ഒരിക്കല്‍ തിബത്ത് ചൈനയെ കീഴ്‌പ്പെടുത്തുകയും ചൈന തിബത്തിന്‍െറ ആത്‌മീയ നേതൃത്വം അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്. തിബത്തിന് ചൈനയെക്കാളേറെ ഇന്ത്യയോടാണ് വംശീയവും സാംസ്‌കാരികവും രാഷ്‌ട്രീയവുമായ സാദൃശ്യവും ബന്‌ധവും ഉണ്ടായിരുന്നത്. ഇന്ത്യന്‍ വംശജരായ ചക്രവര്‍ത്തിമാര്‍ തിബത്ത് ഭരിച്ചിട്ടുണ്ട്. കൂടാതെ ബ്രിട്ടീഷ് അധിനിവേശത്തിനുശേഷം സമീപകാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമെന്നനിലയില്‍ തിബത്തില്‍ ചില മേഖലകളില്‍ നമുക്ക് ഭരണപരമായ അധികാരവും ഉണ്ടായിരുന്നു. ഈ വസ്‌തുതകളൊക്കെ അവഗണിച്ചാണ് തിബത്ത് ചൈനയുടെ ആഭ്യന്തര കാര്യമാണെന്നുപറഞ്ഞ് നെഹ്‌റു ഗവണ്‍മെന്‍റ് ചൈനീസ് ആക്രമണത്തിനു പിന്തുണ നല്‍കിയത്. ഈ മേഖലയില്‍നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നതിനപ്പുറം ലോകനേതാവായി ഉയരാനുള്ള ആഗ്രഹത്തിന്‍െറ ഭാഗമായ നയതന്ത്രമാണ് നെഹ്‌റു സ്വീകരിച്ചത്. ചൈനയുമായുള്ള സൗഹൃദം നെഹ്‌റുവിന് ആവശ്യമായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്‍െറ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ചൈന 1962ല്‍ ഇന്ത്യക്കുമേല്‍ പ്രഖ്യാപിതമായി കൈയേറ്റം നടത്തി. ഇന്ത്യാ ചീന ഭായ് ഭായ് എന്ന മധുരത്തില്‍ പൊതിഞ്ഞ മുദ്രാവാക്യം നുണയുന്നതിനിടയില്‍ തന്നെ ചൈന അധിനിവേശത്തിന്‍െറ കയ്‌പ്പുകഷായം നമ്മെ മലര്‍ത്തിക്കിടത്തി വായില്‍ ഒഴിച്ചുതരികയാണുണ്ടായത്. 1962ല്‍ യഥാര്‍ഥത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്നത് യുദ്ധമല്ലെന്നും ചൈന ഏകപക്ഷീയമായി നമ്മുടെ അതിര്‍ത്തിക്കുള്ളിലേക്ക് കയറി അവര്‍ക്കാവശ്യമുള്ള തന്ത്രപ്രധാന ഭൂപ്രദേശങ്ങള്‍ കൈവശപ്പെടുത്തിയതിനുശേഷം ബാക്കിവരുന്ന പ്രദേശങ്ങളില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നുവെന്നും ഇതുവരെ ഇന്ത്യാ ഗവണ്‍മെന്‍റ് സമ്മതിച്ചിട്ടില്ല. ലോഹ്യയുടെ മുന്നറിയിപ്പ് ശരിയാണെന്ന് 1962ലെ ചൈനീസ് ആക്രമണം തെളിയിക്കുകയുണ്ടായി.
ചൈനക്കു മുമ്പില്‍ നമ്മുടെ ദേശാഭിമാനം അടിയറവെച്ചതിന്‍െറ ചരിത്രം മാത്രമാണ് നമുക്ക് പറയാനുള്ളത്. അരുണാചല്‍ പ്രദേശിലെ 11,000 ചതുരശ്ര മൈല്‍ പ്രദേശം ഇപ്പോഴും ചൈനയുടെ കൈവശത്തിലാണ്. ആ പ്രദേശങ്ങള്‍ വീണ്ടെടുക്കാനുള്ള എന്തെങ്കിലും ശ്രമങ്ങള്‍ ഇന്നേവരെ ഇന്ത്യ നടത്തിയില്ലെന്നു മാത്രമല്ല ചുരുങ്ങിയപക്ഷം ഈ ആവശ്യം അന്താരാഷ്‌ട്ര വേദികളില്‍ ഉന്നയിക്കുക പോലും ചെയ്‌തിട്ടില്ല. 1947 ആഗസ്‌റ്റ് 15ന്‍െറ അതിര്‍ത്തി സംരക്ഷിക്കുന്ന തരത്തിലുള്ള ആവശ്യങ്ങള്‍ അതിര്‍ത്തി തര്‍ക്ക ചര്‍ച്ചകളില്‍ ഇന്ത്യ ശക്‌തമായി ഉന്നയിച്ചിട്ടില്ല. മുന്‍കൂട്ടി നിശ്‌ചയിച്ച ഒരു കാര്യപരിപാടിയെന്ന നിലയില്‍ മാത്രമാണ് ഈ ചര്‍ച്ചാപ്രഹസനങ്ങള്‍ നടക്കുന്നത്. നമ്മുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ അവകാശവാദം ഉന്നയിക്കാന്‍ ജനങ്ങളിലെ നരവംശ ശാസ്‌ത്രപരമായ പ്രത്യേകതകളെ വളച്ചൊടിച്ച് അവതരിപ്പിക്കുകയാണ്. ഇവിടത്തെ ജനങ്ങളും ചൈനീസ് ജനതയും മംഗോളിയന്‍ വംശജരാണെന്നുള്ള ചൈനയുടെ ദുഷ്‌ടലാക്കോടുകൂടിയുള്ള വാദങ്ങളെ ഇന്നേവരെ ഇന്ത്യ ഖണ്‌ഡിച്ചിട്ടില്ല. യഥാര്‍ഥത്തില്‍ ചൈനയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് ഇന്ത്യയോടാണ് സാംസ്‌കാരികവും വംശീയവുമായ അടുപ്പമുള്ളത്. ചൈനയുടെ ഹാന്‍സ് വംശീയത എല്ലാറ്റിനുമേലും കടന്നാക്രമണം നടത്തുകയാണ്. കിഴക്കന്‍ ചൈനയിലെ മുസ്‌ലിം പ്രദേശങ്ങളില്‍ നടത്തിയ ഹാന്‍സ് വംശീയ ആക്രമണം തിബത്തില്‍ നടത്തിയതിനു സമാനമാണ്.
കഴിഞ്ഞ യു.പി.എ ഭരണകാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അരുണാചല്‍ സന്ദര്‍ശിച്ചതിനെ ചോദ്യംചെയ്‌ത ചൈനയുടെ നടപടിക്കെതിരെ ഉയര്‍ന്നുനിന്ന് മറുവാക്കുച്ചരിക്കാന്‍ മഹത്തായ നമ്മുടെ രാജ്യത്തിന്‍െറ ഭരണകൂടത്തിനു ത്രാണിയുണ്ടായിരുന്നില്ല. വടക്കുകിഴക്കന്‍ മേഖലകള്‍ക്കുവേണ്ടിയുള്ള പദ്ധതികളെ ചൈനീസ് ഭരണകൂടം നിരന്തരം എതിര്‍ക്കുകയാണ്. ഇന്ത്യക്കെതിരെ ലഘുലേഖകള്‍ വിതരണംചെയ്യുക അവരുടെ പതിവുമാണ്. ചൈനയോടുള്ള ഇന്ത്യയുടെ ബന്‌ധം എന്നും ഭീരുത്വത്തിലൂന്നിയുള്ളതായിരുന്നു. അതുകൊണ്ടാണ് ` മഞ്ഞുകുമാരി'യിലുള്ള കൈയേറ്റത്തെ ഇന്ത്യ കണ്ടില്ലെന്ന് നടിച്ചത്. 1962ലെ അതിദയനീയമായ പരാജയത്തിന്‍െറ കാരണവും ഈ ഭീരുത്വം തന്നെയായിരുന്നു. നെഹ്‌റുവിന്‍െറ അക്കാലത്തെ ചൈനാ നയത്തിന്‍െറ അടിസ്‌ഥാനഭാവം ദൗര്‍ബല്യമായിരുന്നു. 1947 ആഗസ്‌റ്റ് 15ന് നമുക്ക് കിട്ടിയ അതിര്‍ത്തിപോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. ചൈന വളരെ തന്ത്രപരമായി പാക്കിസ്‌ഥാനെ ആദ്യംതന്നെ അംഗീകരിച്ചു. ഈ ആവശ്യം അവര്‍ യു.എന്നില്‍ ഉന്നയിക്കുകയും ചെയ്‌തു. എന്നാല്‍, ചൈനയില്‍നിന്ന് വേറിട്ടുപോയ ചിയാംഗ്‌കൈഷക്കിന്‍െറ തായ്‌വാനെ ഇന്ത്യ അംഗീകരിച്ചില്ല. ചൈനീസ് ഭരണാധികാരിയായിരിക്കെ ചിയാംഗ് കൈഷക്കും കുമിന്താംഗ് കക്ഷിയും ഇന്ത്യക്കു വേണ്ടപ്പെട്ടവരായിരുന്നതുപോലെ നെഹ്‌റുവിന്‍െറ അടുത്ത സുഹൃദ്‌ബന്‌ധത്തിലുള്ളവരുമായിരുന്നു. ഇന്ത്യയെ വിഭജിക്കാനുള്ള ആംഗ്ലോഫഅമേരിക്കന്‍ നീക്കങ്ങളെക്കുറിച്ച് യഥാസമയം അറിയിപ്പ് നല്‍കുകയും ഇന്ത്യാ വിഭജനത്തിനെതിരായി ലോകാഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്‌ത ചിയാംഗ് കൈഷക്കിന്‍െറ ചൈന നിലനിര്‍ത്തിയ സൗഹൃദമാണ് പിന്നീട് ചൈനീസ് സാമ്രാജ്യം തകര്‍ത്തത്.
1962ലെ ആക്രമണ കാലത്ത് ചൈന തുറന്ന യുദ്ധമുഖത്തിനു ബദലായി ചൈനീസ് ആക്രമണം പ്രതിരോധിക്കുന്നതിനും യുദ്ധത്തിലെ ഏകപക്ഷീയത ഒഴിവാക്കി ഇന്ത്യയുടേതായ ഒരു യുദ്ധമുഖം തുറക്കുന്നതിനും വേണ്ടി തിബത്തിനെ മോചിപ്പിക്കാന്‍ തിബത്തിലേക്ക് സൈന്യത്തെ അയക്കണമെന്ന ആവശ്യം അക്കാലത്ത് ഇന്ത്യാ ഭരണകൂടം ചെവിക്കൊണ്ടില്ല. ഈ ദൗര്‍ബല്യത്തെയാണ് ചൈന എന്നും ഉപയോഗിച്ചുവരുന്നത്. തിബത്തിനെ രക്ഷിക്കാന്‍ ഒരു ചെറുവിരല്‍പോലും അനക്കാന്‍ ഇന്ത്യക്ക് പറ്റാതിരുന്നതിന്‍െറ പില്‍ക്കാല അനുഭവമാണ് നമ്മളോട് ഏറെ അടുപ്പമുള്ളതും അടുപ്പം നിലനിര്‍ത്തേണ്ടതുമായ നേപ്പാളിനെ ചൈനക്കൊപ്പം നിര്‍ത്താനും ഇന്ത്യക്കെതിരെ നിലപാടെടുക്കാനും മാവോവാദികളിലൂടെ ചൈനക്ക് കഴിഞ്ഞത്.
കമ്യൂണിസ്‌റ്റ് ആധിപത്യത്തിലായതിനുശേഷം ചൈനീസ് ജനത ഭൗതികാസക്‌തിയുള്ളവരായി മാറിയിട്ടുണ്ട്, ഒരു രാഷ്‌ട്രമെന്ന നിലയില്‍, കൂടുതല്‍ ശരിയായി പറഞ്ഞാല്‍ സാമ്രാജ്യമെന്ന നിലയില്‍ ഭൂവിസ്‌തൃതി വര്‍ധിപ്പിക്കാനും സമ്പന്നമാകാനുമുള്ള ആര്‍ത്തിയാണ് ഇപ്പോള്‍ ചൈന പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ എതിര്‍പ്പുകളെയും മറികടന്ന് ബീജിംഗ് ഒളിമ്പിക്‌സ് വിജയിപ്പിക്കുക എന്നത് ചൈന എന്തിനും കെല്‍പുള്ള ഒരു ഏകകമാണെന്ന് കാണിക്കാനുള്ള ചൈനയുടെ അവസരമായിട്ടാണ് കണ്ടിരുന്നത്. ലോകത്തിലെ വന്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് മുതലിറക്കാന്‍ ആശ്രയിക്കാവുന്ന ഒരു വ്യവസ്‌ഥയെ കാണിച്ചുകൊടുക്കാനുള്ള അവസരവും.
ഇവയെല്ലാം കാണിക്കുന്നത് ഇന്ത്യ സൂക്ഷിക്കണമെന്നുതന്നെയാണ്. എന്നാല്‍, അയല്‍രാജ്യമെന്ന നിലയില്‍ ചൈനയുമായി സൗഹൃദത്തില്‍ കഴിയുന്നതിനുള്ള സാധ്യതകള്‍ അന്വേഷിക്കാതിരിക്കണമെന്നല്ല. നമ്മുടെ രാജ്യതാല്‍പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ചൈനയുടെ ധിക്കാരവും ധാര്‍ഷ്‌ട്യവും നിറഞ്ഞ പെരുമാറ്റങ്ങളെ അതിശക്‌തമായ ഭാഷയില്‍ ചോദ്യംചെയ്‌തുകൊണ്ടും നാം നടത്തുന്ന സൗഹൃദ ശ്രമങ്ങള്‍ക്കു മാത്രമേ പ്രസക്‌തിയുള്ളൂ. ഇന്ത്യയും ചൈനയും തമ്മില്‍ യഥാര്‍ഥ സൗഹൃദം ഉണ്ടാകണമെങ്കില്‍ ചൈന ജനാധിപത്യവത്‌കരിക്കപ്പെടുകയും ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന, ബുദ്ധമത കാലത്തോളം പഴക്കമുള്ള സാംസ്‌കാരികവും ആത്‌മീയവുമായ പാരമ്പര്യം അവര്‍ മുമ്പത്തെപ്പോലെ തിരിച്ചറിയുകയും കണ്‍ഫ്യൂഷ്യസ് സംസ്‌കൃതിയില്‍ അവര്‍ ഒരിക്കല്‍ക്കൂടി തങ്ങളുടെ പാരമ്പര്യത്തെ ദര്‍ശിക്കുകയും ചെയ്യുന്നതുവരെ ഒരുപക്ഷേ നാം കാത്തിരിക്കേണ്ടിവരും. അതുവരെ ഇന്ത്യാ ചൈന സൗഹൃദമെന്നത് ഭീരുത്വത്തിന്‍െറ പ്രകടിത ഭാവമെന്ന നിലയില്‍ അധഃപതിക്കുന്നത് തടയാനുള്ള ആര്‍ജവം നാം കാണിക്കേണ്ടതാണ്.
(സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റാണു് ലേഖകൻ)
http://www.madhyamam.com/news_details.asp?id=8&nid=234719&page=1
2009/07/31
വിമോചനസമരത്തിന്റെ അമ്പതാം വാര്‍ഷികം
തമ്പാന്‍ തോമസ്
ഇന്ന് 1959ല്‍ നടന്ന വിമോചനസമരം ജനാധിപത്യവിരുദ്ധവും അവിശുദ്ധവുമാണെന്നും മറിച്ച് ജനാധിപത്യവും പൌരാവകാശങ്ങള്‍ നിലനിര്‍ത്താന്‍ നടത്തിയതാണെന്നും ഉള്ള രണ്ടഭിപ്രായങ്ങള്‍ പ്രബലങ്ങളായിട്ടുണ്ട്.
1957ല്‍ കേരളത്തില്‍ നടന്ന ആദ്യതെരഞ്ഞെടുപ്പാണ് ബാലറ്റുപേപ്പറിലൂടെ ലോകത്തില്‍ ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതെന്ന് അവകാശപ്പെടുന്നു. ആ തെരഞ്ഞെടുപ്പ് ഒരു ബഹുകോണ മല്‍സരമായിരുന്നു. കാര്യമായ മുന്നണികള്‍ ഒന്നുമില്ലാതെ അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ട്ടിയും കോണ്‍ഗ്രസും ആര്‍.എസ്.പിയും കെ.എസ്.പിയും പി.എസ്.പി, ലീഗ് സഖ്യങ്ങളുമൊക്കെ തനിച്ചു മല്‍സരിച്ച തെരഞ്ഞെടുപ്പ്. കമ്യൂണിസ്റ്റ്പാര്‍ട്ടിക്ക് ഒറ്റക്ക് മന്ത്രിസഭ രൂപപ്പെടുത്താന്‍ കേവലഭൂരിപക്ഷം കിട്ടി. കേവലം 35 ശതമാനം സമ്മതിദായകരുടെ പിന്തുണ മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. അത്തരമൊരു സര്‍ക്കാര്‍ ജനതാല്‍പര്യം അവഗണിച്ച് പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ അതിനെതിരെയാണ് സമരം നടന്നത്. അത്തരം ജനവിരുദ്ധഗവണ്‍മെന്റുകളെ പിരിച്ചുവിടുന്നതില്‍ ധാര്‍മികമായ തെറ്റൊന്നുമില്ല.
വിമോചനസമരം യഥാര്‍ഥത്തില്‍ ഒരു വിദ്യാര്‍ഥി സമരത്തില്‍നിന്നാണ് രൂപമെടുത്തത്. അക്കാലയളവില്‍ ഈ ലേഖകന്‍ ആലുവ യു.സി കോളജിലെ യൂനിയന്‍ സെക്രട്ടറിയും, കേരളത്തിലെ പ്രബല വിദ്യാര്‍ഥിസംഘടനയായ ഐ.എസ്.ഒയുടെ സംസ്ഥാനസെക്രട്ടറിയും ആയിരുന്നു. 1958ല്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിക്കാരായ ട്രാന്‍സ്പോര്‍ട്ട്ജീവനക്കാരും മഹാരാജാസ്കോളജിലെ വിദ്യാര്‍ഥികളും തമ്മില്‍ ബോട്ടുജെട്ടിയില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ സംസ്ഥാനവ്യാപകമായ വിദ്യാര്‍ഥിസമരമായി മാറി. വിദ്യാര്‍ഥികളുടെ ബസ്^ബോട്ട് നിരക്ക് വര്‍ധിപ്പിച്ചതായിരുന്നു പ്രക്ഷോഭത്തിനു കാരണം. വിദ്യാര്‍ഥികള്‍ക്ക് നേതൃത്വം കൊടുത്തത് മഹാരാജാസ് കോളജില്‍ എം. കൃഷ്ണമേനോന്‍, വയലാര്‍ രവി, കെ.എം. റോയി എന്നിവരും സെന്റ് ആല്‍ബര്‍ട്ട്സില്‍ എ.സി. ജോസ്, കെ.ടി. തോമസ് (മുന്‍ സുപ്രീംകോടതി ജഡ്ജി), ലോകോളജില്‍ പി.എം. മുഹമ്മദലി, കെ.ആര്‍. കുറുപ്പ് തുടങ്ങിയവരായിരുന്നു. മത്തായി മാഞ്ഞൂരാന്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കി. പോലിസ് ലാത്തിച്ചാര്‍ജിലും പഠിപ്പുമുടക്കിലും എത്തിച്ചേര്‍ന്ന സമരം പിന്നീട് മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസുമായി നടന്ന സംഭാഷണങ്ങളിലൂടെ ഒത്തുതീര്‍പ്പായി. 1959 അധ്യയന വര്‍ഷാരംഭത്തില്‍ വീണ്ടും വിദ്യാര്‍ഥികളുടെ ബോട്ടുനിരക്ക് വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് പി.എം. മുഹമ്മദാലിയുടെ നേതൃത്വത്തില്‍ ഐ.എസ്.ഒക്കാര്‍ പുളിങ്കുന്നില്‍ ബോട്ട് പിടിച്ചുകെട്ടി. തുടര്‍ന്നുണ്ടായ വിദ്യാര്‍ഥിപ്രക്ഷോഭത്തിനുനേരെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു. ചെങ്ങന്നൂരില്‍ ചന്ദ്രന്‍ എന്ന യുവാവ് കൊല്ലപ്പെട്ടു.
സര്‍ക്കാര്‍ തങ്ങളുടേതാകയാല്‍ സംസ്ഥാനത്തുടനീളം പാര്‍ട്ടിസെല്ലുകള്‍ ഭരണാധികാരം നിയന്ത്രിക്കാന്‍ തുടങ്ങി. കോടതികളില്‍നിന്ന് സമന്‍സ് അയക്കുന്നതുപോലെ നോട്ടീസ് അയച്ച് കക്ഷികളെ വരുത്തി സെല്‍കമ്മിറ്റികള്‍ തീര്‍പ്പു കല്‍പ്പിച്ചു. പാര്‍ട്ടിസഖാക്കളുടെ ഈ ഇടപെടല്‍ വളരെവേഗം സെല്‍ഭരണം എന്ന അപരനാമം നേടി. വിദ്യാര്‍ഥികള്‍ നടത്തുന്ന സമരങ്ങളുടെ നേരെ പോലിസുകാര്‍ക്കൊപ്പം പാര്‍ട്ടിപ്രവര്‍ത്തകര്‍ സംഘര്‍ഷങ്ങള്‍ അഴിച്ചുവിട്ടു. വിദ്യാര്‍ഥിസമരംമൂലം കലുഷമായ അന്തരീക്ഷത്തില്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞ ക്രിസ്ത്യന്‍, നായര്‍സമുദായങ്ങള്‍ പ്രക്ഷോഭം ഏറ്റെടുത്തു. സെല്‍ ഭരണം അവസാനിപ്പിക്കുക, കുട്ടി സഖാക്കള്‍ പോലിസായാല്‍, പട്ടാളപ്പണി ഞങ്ങളെടുക്കും എന്നീ മുദ്രാവാക്യവുമായി ജനസഹസ്രങ്ങള്‍ തെരുവിലിറങ്ങി.
ഇതിനിടെ കൊല്ലത്ത് ചേര്‍ന്ന പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനം പട്ടംതാണുപിള്ള, പി.കെ. കുഞ്ഞ്, ബി.സി.വര്‍ഗീസ്, സി.ജി. ജനാര്‍ദനന്‍, പൊന്നറ ശ്രീധര്‍, അരങ്ങില്‍ ശ്രീധരന്‍, പി.എം. കുഞ്ഞിരാമന്‍നമ്പ്യാര്‍, പി.ആര്‍. കുറുപ്പ്, പി. വിശ്വംഭരന്‍, വി.പി.പി. നമ്പൂതിരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളെ സഹായിക്കാന്‍ തീരുമാനമെടുത്തു. എന്‍. ശ്രീകണ്ഠന്‍നായര്‍, ടി.കെ. ദിവാകരന്‍, ബേബിജോണ്‍ എല്ലാം ഉള്‍പ്പെടുന്ന ആര്‍.എസ്.പിയും സമരത്തില്‍ പങ്കുചേര്‍ന്നു. മലബാറില്‍ കാട്ടാമ്പള്ളിയിലും മുതുകാട്ടിലും അരങ്ങില്‍ ശ്രീധരന്‍, പി.ആര്‍. കുറുപ്പ്, കുഞ്ഞിരാമക്കുറുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷകസമരം സര്‍ക്കാറിനെതിരെയുള്ള ബഹുജന സമരമായി. തൃശൂര്‍ ജില്ലയില്‍ പുതുക്കാട്, വരന്തരപ്പള്ളി, അന്തിക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഓട്ടുകമ്പനി തൊഴിലാളികളും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളും ബഹുജനസമരമായി മാറി. വിദ്യാര്‍ഥികളും തൊഴിലാളികളും കര്‍ഷകരും ആരംഭിച്ച സമരങ്ങളെ നേരിടാന്‍ പോലിസിനേക്കാള്‍ ഉപരി പാര്‍ട്ടി സഖാക്കള്‍ ഇടപെട്ടത് സമരത്തിന് ജനപിന്തുണ വര്‍ധിപ്പിച്ചു. ഈയവസരത്തില്‍ കേരള ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത കത്തോലിക്ക, നായര്‍, സമുദായങ്ങള്‍ പ്രക്ഷോഭങ്ങളുടെ നടുക്കളത്തേക്ക് മന്നത്ത് പത്മനാഭന്റെയും മറ്റും നേതൃത്വത്തില്‍ മുന്നോട്ടുവന്നു.
സംസ്ഥാന വ്യാപകമായി സമരത്തെ നേരിടാന്‍ പോലിസ് വെടിവെപ്പുകളും ലാത്തിച്ചാര്‍ജുകളും തുടങ്ങി. അങ്കമാലിയില്‍ കുഞ്ഞവര പൌലോസ് എന്ന വിദ്യാര്‍ഥിയടക്കം ഏഴുപേര്‍ പോലിസ് വെടിവെപ്പില്‍ മരിച്ചു. വലിയതുറയില്‍ ഫ്ലോറി എന്ന ഗര്‍ഭിണിയായ മല്‍സ്യത്തൊഴിലാളി മരിച്ചതോടെ തീരപ്രദേശമാകെ ഇളകിമറിഞ്ഞു. 18 ആളുകളാണ് പോലിസ് വെടിവെപ്പിലും ലാത്തിച്ചാര്‍ജിലുമായി ജീവനൊടുക്കിയത്. മുദ്രാവാക്യങ്ങളുമായി ആബാലവൃദ്ധം ജനങ്ങള്‍ തെരുവിലിറങ്ങി. സര്‍ക്കാര്‍ ഓഫീസുകള്‍ സ്തംഭിച്ചു. കമ്യൂണിസ്റ്റ്പാര്‍ട്ടിക്ക് ഇതിനെ ചെറുത്തു തോല്‍പിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും പാര്‍ട്ടിയിലെ എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി നിന്നു.
പോലിസും പാര്‍ട്ടി സഖാക്കളും ഒരുമിച്ചുള്ള ആക്രമണപരമ്പരയാണ് സംസ്ഥാനത്തെമ്പാടും നടന്നത്. ഇത് സമരരംഗം പ്രക്ഷുബ്ധമാക്കി. വിദ്യാര്‍ഥി സമരം എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിച്ചു. കേരളത്തിലെ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഒഴികെയുള്ള എല്ലാ വിദ്യാര്‍ഥിസംഘടനകളും യോജിച്ച് വിദ്യാര്‍ഥി സമരസമിതി രൂപവത്കരിച്ചു. ഈ സമരസമിതിയുടെ ആദ്യകണ്‍വീനര്‍ ആര്‍.എസ്.പി നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് സ്റ്റുഡന്റ്സ് യൂനിയനിലെ വി.പി. രാമകൃഷ്ണപിള്ളയായിരുന്നു. സമരസമിതി വിദ്യാര്‍ഥികളുടെ 18 അടിയന്തരാവശ്യങ്ങളടങ്ങുന്ന ഒരു മെമ്മോറാണ്ടം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സംസ്ഥാനത്ത് ഒട്ടാകെ തുടര്‍ച്ചയായ പഠിപ്പുമുടക്കലുണ്ടായി. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അറസ്റ്റുവരിച്ച് ജയിലുകള്‍ നിറച്ചു. വിദ്യാര്‍ഥിപ്രക്ഷോഭങ്ങളുടെ നേരെ പോലിസ് ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസ്പ്രയോഗവും വെടിവെപ്പും ഉണ്ടായി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റിതര പാര്‍ട്ടിയുടെ അണികള്‍ പൂര്‍ണമായും സമരം ഏറ്റെടുത്തു. കമ്യൂണിസ്റ്റ് അക്രമങ്ങള്‍ നേരിടാന്‍ പ്രാദേശിക സന്നദ്ധസേനകള്‍ രൂപപ്പെട്ടു. കെ.പി.സി.സി നേതൃത്വം ഔപചാരികമായി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് അണികള്‍ സമരരംഗത്തായി. കമ്യൂണിസ്റ്റ്ഭരണത്തില്‍ ആര്‍.എസ്.പി നേതൃത്വത്തിലുള്ള കശുവണ്ടി തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ ചന്ദനത്തോപ്പില്‍ വെടിവെപ്പില്‍ കലാശിച്ചു. മൂന്നാറിലും തേയിലത്തോട്ട തൊഴിലാളികള്‍ക്കുനേരെ വെടിവെപ്പുണ്ടായി. കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ആദ്യഘട്ടങ്ങളില്‍ ഈ പ്രക്ഷോഭങ്ങളില്‍ ഉണ്ടായിരുന്നില്ല. സി.കെ. ഗോവിന്ദന്‍നായര്‍, കെ.സി. എബ്രഹാം, ആര്‍. ശങ്കര്‍ തുടങ്ങിയവര്‍ പി.എസ്.പി, കെ.എസ്.പി, ആര്‍.എസ്.പി നേതാക്കളെ പോലെ സമരരംഗത്ത് സജീവമായിരുന്നില്ല.
വ്യവസ്ഥാപിതഭരണകൂടം ഉപയോഗിച്ച് പാര്‍ട്ടിസഖാക്കള്‍ ഭരണകര്‍ത്താക്കളായത് ജനങ്ങളെ ചൊടിപ്പിച്ചു. പോലിസ്സ്റ്റേഷനുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും സബ് ഇന്‍സ്പെക്ടര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഒപ്പം കസേര നല്‍കി അവരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടാക്കിയത്. എപ്പോഴൊക്കെ അമിതാധികാര ശക്തികള്‍ ഭരണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവോ അപ്പോഴെല്ലാം ജനങ്ങള്‍ അതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. 1975ലെ അടിയന്തരാവസ്ഥയും ഇന്ത്യയിലുടനീളം പ്രതികരണമുണ്ടായത് സഞ്ജയ്ഗാന്ധിയുടെയും അനുയായികളുടെയും അമിതാധികാര പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്.
1959ലെ വിമോചനസമരം യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച പ്രക്ഷോഭം കര്‍ഷകരും തൊഴിലാളികളും ജനങ്ങളും ഏറ്റെടുത്തതാണ്. പോലിസ് വെടിവെപ്പിലൂടെയും ആക്രമണത്തിലൂടെയും ജനങ്ങളെ അടിച്ചമര്‍ത്താമെന്ന ഗവണ്‍മെന്റിന്റെ നയമാണ് സമരത്തെ ചൂടുപിടിപ്പിച്ചത്. കേന്ദ്രഗവണ്‍മെന്റ് ഇടപെട്ട് ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിട്ടില്ലായിരുന്നെങ്കില്‍ മറ്റൊരു വലിയ ആഭ്യന്തരകലാപത്തിലേക്ക് കേരളം വഴുതിവീഴുമായിരുന്നു. 1973^74ല്‍ ബീഹാറിലും ഗുജറാത്തിലും ജയപ്രകാശ്നാരായണന്റെ നേതൃത്വത്തില്‍ നടന്ന വമ്പിച്ച പ്രക്ഷോഭങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകളെ പിരിച്ചുവിടാനായിരുന്നു. സി.പി.എം ഉള്‍പ്പെടെ ഇടതുപക്ഷകക്ഷികള്‍ പിന്തുണ നല്‍കിയ സമരങ്ങളാണവ. ഈ പ്രക്ഷോഭങ്ങളാണ് പിന്നീട് കേന്ദ്രത്തിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വ്യാപിച്ച വന്‍ സമരമായിത്തീര്‍ന്നത്.
ഇത്തരം സമരങ്ങള്‍ക്കുശേഷം നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം വിലയിരുത്തിയാല്‍ ബാലറ്റിലൂടെ ജനങ്ങള്‍ സമരങ്ങളില്‍ ഉന്നയിച്ച ആവശ്യങ്ങളെ അംഗീകരിക്കുന്നു എന്നാണ് വെളിവാകുന്നത്. തെരഞ്ഞെടുപ്പുഫലം വിമോചനസമരത്തെയും ബീഹാര്‍, ഗുജറാത്ത് സമരങ്ങളെയും ന്യായീകരിക്കുന്നു. അതിനാല്‍ 50 വര്‍ഷംമുമ്പ് കേരളത്തില്‍ നടന്ന വിമോചന സമരത്തിലും ജെ.പിയുടെ പ്രക്ഷോഭങ്ങളിലും ധാര്‍മികവും നൈതികവുമായ തെറ്റുകള്‍ കാണാന്‍ കഴിയില്ല. ജനകീയ പ്രക്ഷോഭങ്ങള്‍ ജനങ്ങളുടെ അഭിപ്രായം രൂപവത്കരിക്കപ്പെടുന്ന ശില്‍പശാലകളാണ്. ഒരു ഭരണകൂടത്തിന്റെ ദുശ്ചെയ്തികള്‍ക്കെതിരെ സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം ഏറ്റവും മൌലികമായ ജനകീയാവകാശമാണ്. വ്യവസ്ഥാപിതമായ ഭരണസംവിധാനത്തില്‍ അമിതാധികാര ശക്തികള്‍ ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒരു ജനാധിപത്യസമ്പ്രദായം വെച്ചുപൊറുപ്പിക്കില്ല. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ പാര്‍ട്ടി തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുന്നത് അമിതാധികാരശക്തികളുടെ അധികാര ദുര്‍വിനിയോഗമാണ്. ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ജനങ്ങള്‍ നടത്തിയ വിധിയെഴുത്ത് നിശãബ്ദമായി ഈ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുന്നവയാണ്.
ഹിന്ദ് മസ്ദൂര്‍ സഭയുടെ ദേശീയ അദ്ധ്യക്ഷനാണു് ലേഖകന്‍
കടപ്പാടു് മാധ്യമം ദിനപ്പത്രം 2009 ജൂലയ് 31
2009/07/07
ഗവര്‍ണരുടെ നടപടി ഫെഡറല്‍ പാര്‍ലമെന്ററി വ്യവസ്ഥയ്ക്കെതിരെയുള്ള കടന്നാക്രമണമല്ല- ജോഷി
നിഷിപ്ത താല്പര്യത്തിന്റെ വക്താവ് എന്നതുപോലെ നിരുത്തരവാദപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഗവര്‍ണ്ണരുടെ തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതിന്റെ വെളിച്ചത്തില്‍ മന്ത്രിസഭയില്‍ നിന്നും രാജി വെയ്ക്കുകയാണ് വേണ്ടത്.
ഗവര്‍ണ്ണറുടെ നടപടികളെ ഫെഡറല്‍പാര്‍ലമെന്ററി വ്യവസ്ഥയ്ക്കെതിരെയുള്ള കടന്നാക്രമണമായി ചിത്രീകരിക്കുവാന്‍ നടത്തുന്ന ശ്രമം പാഴ്‍വേലയാണ്. കഴിഞ്ഞ മന്‍മോഹന്‍ സിംഹ് സര്‍ക്കാരിനെ സി. പി. എം. പിന്‍താങ്ങിയിരുന്ന കാലഘട്ടത്തില്‍ ത്സാര്‍ഖണ്ഡിലും ഗോവയിലും കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണ്ണര്‍മാരെ കരുവാക്കി നടത്തിയ കാലുമാറ്റ രാഷ്ട്രീയക്കളികളെ സി. പി. എം. പിന്തുണയ്ക്കുകയാണ് ചെയ്തത്.
എന്നാല്‍ ലാവലിന്‍ കേസില്‍ ഗവര്‍ണ്ണര്‍ മന്ത്രിസഭയുടെ ശുപാര്‍ശകളെ നിരാകരിച്ചതില്‍ രാഷ്ട്രീയപ്രശ്നമല്ല ഉള്‍ക്കൊള്ളുന്നത്. പ്രഥമദൃഷ്ട്യാ തെളിവുകള്‍ നിരത്തിയിട്ടും നിയമത്തിനുമുന്നില്‍ എല്ലാ പൌരന്‍മാരും തുല്യരാണെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വം കുഴിച്ചുമൂടും വിധം പിണറായി വിജയനെ പ്രതിയാക്കുന്നതിന് അനുമതി നിഷേധിക്കുവാന്‍ കിണഞ്ഞുശ്രമിച്ച മന്ത്രിസഭയാണ് രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിച്ചത്. ഗവര്‍ണറുടെ കാര്യത്തില്‍ സി. പി. എം. പറയുന്ന യുക്തി, രാഷ്ട്രീയ തീരുമാനപ്രകാരം നിയമിതനായ അഡ്വക്കേറ്റ് ജനറലിനും ബാധകമാണ്.
പിണറായി വിജയനെ പ്രതിസ്ഥാനത്ത് ചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ പോലും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ വിചാരണ നേരിടണമെന്നല്ലാതെ മറ്റ് യാതൊരു ബാദ്ധ്യതയും അതുണ്ടാക്കുന്നില്ല. മുന്‍കൂര്‍ തടവോ അറസ്റ്റോ പോലും വേണ്ടിവരാത്ത സാഹചര്യത്തില്‍ കുറ്റാരോപിതനായി എന്നതൊഴിച്ച് യാതൊരവകാശങ്ങളും ഹനിക്കപ്പെടുന്നുമില്ല. നിരപരാധിയാണെങ്കില്‍ കോടതിയില്‍ തെളിയിക്കാനും ദുരുദ്ദേശ്യത്തോടെ അന്യായമായി കേസില്‍ പ്രതിയാക്കിയവര്‍ക്കെതിരെ കേസ് കൊടുക്കുവാനും പിണറായി വിജയന് അവസരമുണ്ട്. ആ സാഹചര്യത്തില്‍ അനാവശ്യമായി അക്രമങ്ങളും വിവാദത്തിന്റെ ഒച്ചപ്പാടുകളും ഉണ്ടാക്കുന്നത് സി. പി. എം. നേരിടുന്ന ആശയപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ ലക്ഷണമാണ്. പ്രോസിക്യൂഷന്‍ തീരുമാനത്തെ ജനാധിപത്യ രീതിവിട്ട് അസഹിഷ്ണമായി നേരിടുന്ന ശൈലിതുടര്‍ന്നാല്‍ സി. പി. എം. നകത്തെ പ്രതിസന്ധി മാത്രമല്ല ഇടതുമുന്നണിയിലെയും സംസ്ഥാന സര്‍ക്കാരിലെയും പ്രതിസന്ധികളും രൂക്ഷമാകും.
ലാവലിന്‍ അഴിമതിയെക്കുറിച്ചു പറയുവാനുള്ള കോണ്‍ഗ്രസിന്റെ അവകാശം ചോദ്യം ചെയ്യുവാന്‍ സി. പി. എം. ന്റെ ധാര്‍മ്മിക ശക്തി ചോര്‍ന്ന് പോയിരിക്കുകയാണ് ലാവലിന്‍ കമ്പനിയുമായി കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഏര്‍പ്പാടുകള്‍ക്ക് തുനിയുന്നത് ചോദ്യം ചെയ്യുവാന്‍ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന നേതാവിനെയും ചുമലിലേറ്റി സി. പി. എം. ന് കഴിയില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആണവകരാറിന്റെ ഭാഗമായി അഴിമതിക്കേസില്‍ പ്രതിയായ കുപ്രസിദ്ധ ലാവലിന്‍ കമ്പനിയുമായി ഇടപാടുകള്‍ക്ക് ചര്‍ച്ച നടത്തിയ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ നടപടി പിണറായി വിജയനെ കവച്ചുവയ്ക്കുന്ന കോണ്‍ഗ്രസ് കുംഭകോണത്തിനാണെന്ന് സംശയിക്കാവുന്നതാണ്.
സംസ്ഥാനത്തിന്റെ ഖജനാവ് കൊള്ളയടിക്കാനും അതില്‍ ഭരണാധികാരികളുടെ വീതം ഒപ്പിക്കാനും ഉതകുന്ന കണ്‍സള്‍ട്ടന്‍സി എന്ന ഏര്‍പ്പാട് ഉള്‍പ്പെടെയുള്ള വിദേശ ചൂഷണത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍ ഉണ്ടാകേണ്ടത്. എന്നാല്‍ യു. ഡി. എഫും, എല്‍. ഡി. എഫും. അത്തരം അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുവാന്‍ മന:പൂര്‍വ്വം ഒച്ചപ്പാടുണ്ടാക്കുകയാണ്.
2009/04/15
സമാജ്‌വാദി ജനപരിഷത്തിന്റെ തെരഞ്ഞെടുപ്പു്പ്രചരണ പര്യടനം പൂര്‍ത്തിയായി

കോട്ടയം കോട്ടയം ബാറിലെ അഭിഭാഷകനായ ജയ്‌മോന്‍ തങ്കച്ചന്‍ സമാജ്‌വാദി ജനപരിഷത്തിന്റെ കേരളത്തിലെ ആദ്യത് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാണ്.നിരവധി ജനകീയസമരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഈ 39 കാരന്റെ കന്നിയങ്കമാണിത്. ഗ്ലാസ് ടംബ്ലറാണ് ചിഹ്നം.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. 1992 മുതല്‍ലോഹിയാ വിചാരവേദിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഡങ്കല്‍ വിരുദ്ധജാഥ, പൂയംകുട്ടി പദ്ധതിവിരുദ്ധ പദയാത്ര, പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധസമരം തുടങ്ങിയവയില്‍ പങ്കാളിയാണ്. ദളിത് ക്രൈസ്‌തവര്‍, മിശ്രവിവാഹിതരുടെ മക്കള്‍ തുടങ്ങിയ വിഭാഗങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സമാജ്‌വാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ് ഈ കടപ്പൂര്‍സ്വദേശി. സ്‌കൂളധ്യാപികയായ ശാലിനിയാണ് ഭാര്യ. ആര്‍ദ്ര മകളും.
ലോക്‌സഭാ മണ്ഡലത്തിലെ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലുള്‍പ്പെടെ ചെന്ന് സമ്മതിദായകരെ നേരില്‍ക്കണ്ട് വോട്ടുചോദിക്കുകയാണ് ജയ്‌മോന്‍. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടുമനസ്സിലാക്കുയും ചെയ്യുന്നു.
കോട്ടയം ലോകസഭാമണ്ഡലത്തിലെ മാതൃകാ ബാലറ്റ്
2009/04/11
സാമ്രാജ്യത്വവിധേയരുടെ വിപ്ലവ മുഖംമൂടി
മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം ഇടതുവലതുഭേദമില്ലാതെ സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നയസമീപനങ്ങള്‍ക്ക് കീഴ്‌പെട്ടുകഴിഞ്ഞ സന്ദര്‍ഭത്തിലാണ് പതിനഞ്ചാം ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
എല്‍.ഡി.എഫ്., യു.ഡി.എഫ്., ബി.ജെ.പി. എന്നിങ്ങനെയുള്ള മൂന്ന് പ്രബല ചേരികളാണല്ലോ കേരളത്തിലുള്ളത്. ഈ മൂന്നു ചേരികളും ഒരേ സാമ്പത്തിക വികസനനയങ്ങളില്‍ എത്തിപ്പെട്ടിരിക്കുന്നു. സാമ്രാജ്യത്വ ധനകാര്യസ്ഥാപനങ്ങളെ വന്‍തോതില്‍ ആശ്രയിക്കാനും ഊഹമൂലധനശക്തികള്‍ക്ക് സ്വാഗതമരുളാനും ഇവരെല്ലാം മുന്നിലുണ്ട്. വികസ്വരരാഷ്ട്രങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ ഘടനകള്‍ പുതുക്കിപ്പണിയാനുള്ള സാമ്രാജ്യത്വത്തിന്റെ ഗവണ്‍മെന്റ് നവീകരണപദ്ധതി (ങംജ) കള്‍ക്ക് കളമൊരുക്കിക്കൊടുക്കുന്നതും മറ്റാരുമല്ല. ഇതുമൂലം പഴയ സോഷ്യലിസ്റ്റനുഭാവമുള്ള സാമ്പത്തികാസൂത്രണ പദ്ധതികളുടെയും മനോഭാവത്തിന്റെയും ചിറകുകളാണ് അരിഞ്ഞുവീഴ്‌ത്തപ്പെട്ടത്.
പൊതുമേഖലാ സംരംഭങ്ങള്‍ തകര്‍ക്കപ്പെടുകയോ നിര്‍ജീവമാക്കപ്പെടുകയോ ചെയ്‌തു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. ഭൂരഹിതരുടെയും തൊഴില്‍ രഹിതരുടെയും എണ്ണം വര്‍ധിച്ചു. ഒരുഭാഗത്ത് വന്‍കിട കൈയേറ്റങ്ങള്‍ വര്‍ധിച്ചപ്പോള്‍ മറുഭാഗത്ത് ഭൂമിയില്‍നിന്നു കുടിയിറക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു. ആരോഗ്യമേഖല വന്‍കിട ഔഷധകുത്തകകളുടെ കൈവെള്ളയിലമര്‍ന്നു. വിദ്യാഭ്യാസം ധന മാഫിയാസംഘങ്ങളും സാമുദായികശക്തികളും കച്ചവടസംരംഭമാക്കി. തൊഴില്‍ശാലകള്‍ അടച്ചുപൂട്ടുകയായി. സ്വകാര്യസംരംഭകര്‍ക്ക് ഒരു തൊഴില്‍നിയമവും ബാധകമല്ലാതെ അഴിഞ്ഞാടാന്‍ അവസരം നല്‌കി. കുടിവെള്ളം വില്‌പനച്ചരക്കാക്കി. പ്രകൃതിവിഭവങ്ങള്‍ വലിയ തോതില്‍ കൊള്ളയടിക്കപ്പെട്ടു. ഈ നയങ്ങളുടെ പേരില്‍ നമ്മുടെ നാട്ടില്‍ സമരങ്ങളുടെ വേലിയേറ്റമുണ്ടായില്ല. സമരപ്രസ്ഥാനങ്ങള്‍ മിതവാദികളോ മുതലാളിത്ത പക്ഷപാതികളോ ആയി മാറി.
ഇത്തരമൊരു സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു വരുമ്പോള്‍ സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടേണ്ടത് ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളാണ്. അവ ചര്‍ച്ചയ്‌ക്കുവന്നാല്‍ അതിനെ അഭിമുഖീകരിക്കാനുള്ള കെല്‌പ് മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കില്ല. അതിനാല്‍ അവരെല്ലാം വ്യാജപ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ്. അവിശുദ്ധവും രാജ്യത്തിന്റെ ഭാവിക്ക് അപകടകരവുമായ കൂട്ടുകെട്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സാമുദായികശക്തികളെ വന്‍തോതിലാണ് ഇക്കൂട്ടര്‍ ആശ്രയിക്കുന്നത്. വിവിധ ജാതി, മത, സമുദായ വിഭാഗങ്ങളില്‍പ്പെട്ട സാധാരണ മനുഷ്യരുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പണമേധാവിത്വത്തിനും സാമ്രാജ്യത്വത്തിനും വഴങ്ങി അതിന്റെ ജീര്‍ണതകളെയും വാരിപ്പുണരുകയാണ്. വര്‍ഗീയ ലഹളകളിലേക്ക് നയിക്കുംവിധമുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളുടെ ചേരിതിരിവിന് സഹായകരമാം വിധത്തിലാണ് പിണറായി വിജയന്‍- മഅദനി ബന്ധം രൂപപ്പെട്ടിരിക്കുന്നത്. ഇത്തരം അവിശുദ്ധബന്ധങ്ങള്‍ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മുമ്പേ ശീലവുമാണ്.
നവമുതലാളിത്തത്തിന്റെ സാമ്പത്തിക, വികസന നയങ്ങള്‍ പിന്തുടരുമ്പോള്‍ അവയുടെ ജീര്‍ണതകള്‍ കടന്നുകയറുക എളുപ്പമാണ്. '90-കളുടെ മധ്യത്തോടെ ഇടതുപക്ഷം, വിശേഷിച്ചും സി.പി.എം. നാലാംലോകം വഴി എത്തിപ്പെട്ടത് സാമ്രാജ്യത്വവികസന പാതയിലാണ്. അതിന്റെ സ്വാഭാവികമായ പരിണതിയാണ് ലാവലിന്‍കേസ്. അതിന്റെ ഓരോ ചുവടിലും പ്രകടമായ രാഷ്ട്രീയവ്യതിയാനമുണ്ട്. ബെല്‍ എന്ന പൊതുമേഖലാസ്ഥാപനത്തെ നിരാകരിച്ചതിലും ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞതിലും കോഴയാകാമെന്നു തീരുമാനിച്ചതിലുമെല്ലാം അതു പ്രകടമാണ്.
വലിയ സാമ്രാജ്യത്വവിരുദ്ധതയുടെ മുഖംമൂടിയണിഞ്ഞാണ് ഇവരെല്ലാം വോട്ട് തേടുന്നത്. സാമ്രാജ്യത്വാനുകൂല സാമ്പത്തിക, വികസനനയങ്ങള്‍ നടപ്പാക്കുന്നവര്‍ സാമ്രാജ്യത്വവിരുദ്ധരാകുന്നത് എങ്ങനെയാണ്? ആണവക്കരാറിന്റെയും ഇസ്രായേല്‍ ബന്ധത്തിന്റെയും കാര്യമാണ് ചിലര്‍ ഉയര്‍ത്തുന്നത്. ശീതയുദ്ധത്തെത്തുടര്‍ന്ന് 1991-ല്‍ പുത്തന്‍ സാമ്പത്തികനയവും അമേരിക്കാനുകൂലമായി ചേരിചേരാ നയത്തില്‍ വന്ന മാറ്റവുമാണ് രണ്ടിനും അടിസ്ഥാനം. നരസിംഹറാവു ഗവണ്‍മെന്റാണ് രണ്ടിനും തുടക്കം കുറിച്ചത്. തുടര്‍ന്നുവന്ന ബി.ജെ.പി. ഗവണ്‍മെന്റും ഇപ്പോള്‍ കാലാവധി തീരുന്ന യു.പി.എ. ഗവണ്‍മെന്റും പലപ്പോഴായി ആണവക്കരാറിന്റെ മുന്നുപാധികളില്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും അമേരിക്കന്‍ സൈനികവിമാനങ്ങള്‍ ഇന്ത്യയിലെത്തി. സംയുക്താഭ്യാസപരിശീലനങ്ങള്‍ നടന്നു. അപ്പോഴൊന്നും കനത്ത പ്രതിഷേധമുയര്‍ത്താന്‍ ഇടതുപക്ഷത്തിനും കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് 'നല്ല ബുദ്ധി' തോന്നുന്നത്. ഇസ്രായേല്‍ വിഷയവും അങ്ങനെത്തന്നെ. നരസിംഹറാവു ഗവണ്‍മെന്റ് ഇസ്രായേലിന് അംഗീകാരം നല്‌കിയത് സാമ്രാജ്യത്വ സമ്മര്‍ദംമൂലമാണ്. തുടര്‍ന്നുവന്ന കോണ്‍ഗ്രസ്, ബി.ജെ.പി. മുന്നണി സര്‍ക്കാറുകള്‍ക്കും ഇടതുപക്ഷപിന്തുണയുള്ള സര്‍ക്കാറിനും ഇസ്രായേലിനുള്ള അംഗീകാരം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ഇപ്പോള്‍ പരസ്‌പരം ചളിവാരിയെറിയുന്നത് ഇസ്രായേലിന്റെ പേരിലാണ്.
ചുരുക്കത്തില്‍ മുന്നണികള്‍ തമ്മില്‍ അവ സ്വീകരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ലാതായിരിക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെയും പാരമ്പര്യമുള്ള ഒരു പുതിയ പ്രസ്ഥാനം അനിവാര്യമായിട്ടുണ്ട്. ഇടതുപക്ഷ ഏകോപനസമിതി ഈ ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
മുന്നണികള്‍ക്കു് പുറത്തുള്ള രാഷ്ട്രീയം സ്വാധീനമാര്‍ജിയ്ക്കം - ജോഷി
കൂത്താട്ടുകുളം: കേരളത്തില്‍ എല്‍ ഡി എഫ് –യു ഡി എ ഫ് – ഭാ ജ പ മുന്നണികളെ അപ്രസക്തമാക്കിക്കൊണ്ടുള്ള ജനകീയ രാഷ്ട്രീയം വളര്‍ച്ച നേടുമെന്നു് സമാജവാദി ജനപരിഷത്തു് ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ് പ്രസ്താവിച്ചു. സമാജവാദി ജനപരിഷത്തിനു്സ്ഥാനാര്‍ഥിയില്ലാത്ത ലോകസഭാ മണ്ഡലങ്ങളില്‍ ജനകീയ സമരപ്രസ്ഥാനങ്ങളുടെയും ആഗോളസല്ക്കരണവിരുദ്ധ പ്രസ്ഥാനങ്ങളുടെയും സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കും.
തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ മുരിയാട് കര്‍ഷക മുന്നേറ്റം സ്ഥാനാര്‍ഥി കുഞ്ഞന്‍ പുലയനെയും എറണാകുളം ലോകസഭാ മണ്ഡലത്തില്‍ മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി സ്ഥാനാര്‍ഥി മേരി ഫ്രാന്‍സിസിനെയും എംസിപിഐ –യുണൈറ്റഡ് ( The Marxist Communist Party of India-United [ MCPI-U] ) മത്സരിക്കുന്ന,ചാലക്കുടിയില്‍ ടി.എസ്. നാരായണനെയും കൊല്ലത്തു് പി. കൃഷ്‌ണമ്മാളിനെയും ഇടതുപക്ഷഏകോപന സമിതി മത്സരിക്കുന്ന,പൊന്നാനിയില്‍ഡോ. ആസാദിനെയും പാലക്കാട്ട് എം.ആര്‍.മുരളിയെയും കോഴിക്കോട് മണ്ഡലത്തില്‍ അഡ്വ. കുമാരന്‍ കുട്ടിയെയും വടകരയില്‍ടി.പി.ചന്ദ്രശേഖരനെയും ആറ്റിങ്ങലില്‍ എം ജയകുമാറിനെയും ആണു് സമാജവാദി ജനപരിഷത്തു് പിന്തുണയ്ക്കുന്നതു്. കോട്ടയം ലോകസഭാ മണ്ഡലത്തില്‍ സമാജവാദി ജനപരിഷത്തു് സ്ഥാനാര്‍ഥി അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍ മത്സരിക്കുന്നുണ്ടു്.
പോരാട്ടവീര്യത്തോടെ ഇവരും.....
മാതൃഭൂമി
കോട്ടയം: വോട്ടിന്റെ കണക്കുകള്‍ക്കപ്പുറം തങ്ങള്‍ പ്രതിനിധീകരിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ ആശയങ്ങളും ആദര്‍ശങ്ങളും ജനങ്ങളിലെത്തിക്കുകയും നാടിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന ചില സ്ഥാനാര്‍ത്ഥികള്‍കൂടി കോട്ടയത്ത് തിരഞ്ഞെടുപ്പുഗോദായിലുണ്ട്.
അവരില്‍, സമാജ്‌വാദി ജനപരിഷത്തിന്റെ അഡ്വ.ജയ്‌മോന്‍ തങ്കച്ചന്‍, ബി.എസ്.പി.യുടെ അഡ്വ.സ്‌പെന്‍സര്‍ മാര്‍ക്കസ്, സി.പി.ഐ. (എം.എല്‍.)സ്ഥാനാര്‍ത്ഥി ശശിക്കുട്ടന്‍ വാകത്താനം എന്നിവര്‍ മണ്ഡലത്തില്‍ ശ്രദ്ധേയരാണ്.
കോട്ടയം ബാറിലെ അഭിഭാഷകനായ ജയ്‌മോന്‍ തങ്കച്ചന്‍ സമാജ്‌വാദി ജനപരിഷത്തിന്റെ കേരളത്തിലെ ആദ്യത്തെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാണ്. നിരവധി ജനകീയസമരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഈ 39 കാരന്റെ കന്നിയങ്കമാണിത്. ഗ്ലാസ് ടംബ്ലറാണ് ചിഹ്നം.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. 1992 മുതല്‍ ലോഹ്യാവിചാരവേദിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഡങ്കല്‍ വിരുദ്ധജാഥ, പൂയംകുട്ടി പദ്ധതിവിരുദ്ധ പദയാത്ര, പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധസമരം തുടങ്ങിയവയില്‍ പങ്കാളിയാണ്. ദളിത് ക്രൈസ്‌തവര്‍, മിശ്രവിവാഹിതരുടെ മക്കള്‍ തുടങ്ങിയ വിഭാഗങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സമാജ്‌വാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ് ഈ കടപ്പൂര്‍സ്വദേശി. സ്‌കൂളധ്യാപികയായ ശാലിനിയാണ് ഭാര്യ. ആര്‍ദ്ര മകളും.
ലോക്‌സഭാ മണ്ഡലത്തിലെ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലുള്‍പ്പെടെ ചെന്ന് സമ്മതിദായകരെ നേരില്‍ക്കണ്ട് വോട്ടുചോദിക്കുകയാണ് ജയ്‌മോന്‍. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടുമനസ്സിലാക്കുയും ചെയ്യുന്നു.
ബി.എസ്.പി. സ്ഥാനാര്‍ത്ഥി അഡ്വ.സ്‌പെന്‍ഡര്‍ മാര്‍ക്കസ് മത്സരിക്കുന്നത് ആന ചിഹ്നത്തിലാണ്. കൊട്ടാരക്കര വിലങ്ങറ സ്വദേശിയായ ഈ നാല്‌പതുകാരന്‍ കൊല്ലം ബാറിലെ അഭിഭാഷകനാണ്. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാനസമിതിയംഗമായ ഇദ്ദേഹത്തിന് ഇത് കന്നിയങ്കവും. അവിവാഹിതനാണ്.
കേരളത്തിലെ ദളിത്-ആദിവാസി സമരങ്ങളുടെ മുന്നണിപ്പോരാളിയാണ് ഇദ്ദേഹം. ആദിവാസിഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് 1992ല്‍ സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന നിരാഹാരസമരം, 2000ല്‍ നടന്ന കുടില്‍കെട്ടിസമരം എന്നിവയുടെ കണ്‍വീനറായിരുന്നു സ്‌പെന്‍സര്‍. ചെങ്ങറ ഐക്യദാര്‍ഢ്യസമിതിയുടെ കണ്‍വീനര്‍മാരിലൊരാളുമാണ്.
ദളിത് ക്രൈസ്‌തവരുടെ സംവരണം, ഭൂമിയുടെ പ്രശ്‌നം തുടങ്ങിയവ ഉയര്‍ത്തിയാണ് തിരഞ്ഞെടുപ്പുപ്രചാരണം. ഗ്രാമങ്ങളും ഉള്‍പ്രദേശങ്ങളും കോളനികളും കേന്ദ്രീകരിച്ച് ഊര്‍ജ്ജിതമായ പ്രചാരണം നടത്തുന്നുണ്ട്.
സി.പി.ഐ. (എം.എല്‍.) സ്ഥാനാര്‍ത്ഥി ശശിക്കുട്ടന്‍ വാകത്താനം കവിയും ശില്‌പിയുമാണ്. 15 വര്‍ഷമായി പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായ ഇദ്ദേഹം ജില്ലാ സെക്രട്ടേറിയറ്റംഗം, കള്‍ച്ചറല്‍ ഫോറം ജില്ലാ കണ്‍വീനര്‍ എന്നീ ചുമതലകളും വഹിക്കുന്നു. സിവില്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമയുണ്ട് ഈ 53 കാരന്. 'ഒരുപിടി മണ്ണ്', 'സ്വാതന്ത്ര്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍' എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് വര്‍ഗ്ഗസമരത്തിനുള്ള പോരാട്ടവേദിയായി ഇദ്ദേഹം കാണുന്നു. ജയപരാജയങ്ങള്‍ സാങ്കേതികം മാത്രം. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് രാഷ്‌ട്രീയനിലപാടുകള്‍ വിശദീകരിച്ച് വോട്ടുതേടുകയാണ് ഇദ്ദേഹം. നാട്ടുകാരില്‍നിന്നു പിരിവെടുത്ത് കെട്ടിവയ്‌ക്കാനുള്ള തുക സ്വരൂപിച്ചു. പ്രചാരണത്തിനുള്ള ധനം സമാഹരിച്ചതും പൊതുജനങ്ങളില്‍നിന്നുതന്നെ. സി.പി.എം., കോണ്‍ഗ്രസ്, ബി.ജെ.പി. എന്നിവയ്‌ക്കെതിരെ ജനകീയജനാധിപത്യബദല്‍ എന്ന സന്ദേശം ഉയര്‍ത്തി തിരഞ്ഞെടുപ്പുപൊതുയോഗങ്ങളും വാഹനപര്യടനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ബീനയാണ് ഭാര്യ. മീനു മകളും. പട്ടമാണ് ശശിക്കുട്ടന്‍ വാകത്താനത്തിന്റെ തിരഞ്ഞെടുപ്പുചിഹ്നം.
കടപ്പാടു് : ഏപ്രില്‍ 10 2009 മാതൃഭൂമി
