2010/06/16

ആന്‍ഡേഴ്‌സണേക്കാള്‍ വിഷം വമിക്കുന്നവര്‍

.
അഡ്വ. ജോഷി ജേക്കബ്‌

(സമാജവാദി ജനപരിഷത്തിന്റെ അഖിലേന്ത്യാ സെക്രട്ടറി)

ഭോപ്പാല്‍ ദുരന്തത്തിന്റെ വിധി വന്നപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ ഏതാനും പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്‌.

ആയിരങ്ങള്‍ മരിച്ച സംഭവത്തില്‍ 26 വര്‍ഷങ്ങള്‍ക്കുശേഷം വന്ന വിധിയില്‍ രണ്ടുവര്‍ഷം തടവുശിക്ഷ മാത്രമാണ്‌ വിധിച്ചത്‌, യൂണിയന്‍ കാര്‍ബൈഡ്‌ മേധാവിയായ വാറന്‍ ആന്‍ഡേഴ്‌സണെക്കുറിച്ച്‌ വിധിയില്‍ പരാമര്‍ശമില്ല, പ്രതികള്‍ക്ക്‌ ഉടന്‍ ജാമ്യമനുവദിച്ചു എന്നിവയാണു ശ്രദ്ധിക്കേണ്ട ഈ പരാമര്‍ശങ്ങള്‍.

ഇന്ത്യന്‍ ശിക്ഷാ നിയമം 304 എ വകുപ്പ്‌ പ്രകാരമുള്ള കുറ്റം മാത്രമേ നിലനില്‍ക്കൂ എന്ന സുപ്രീംകോടതിയുടെ തീര്‍പ്പനുസരിച്ചാണ്‌ വിചാരണക്കോടതി കുറ്റം ചുമത്തിയതും വിധി പ്രസ്‌താവിച്ചതും. കുറ്റം ചെയ്‌തതായി കണ്ട വകുപ്പനുസരിച്ചുള്ള പരമാവധി ശിക്ഷയായ രണ്ടുവര്‍ഷം തടവും കോടതി പ്രതികള്‍ക്കു നല്‍കി.

വാറന്‍ ആന്‍ഡേഴ്‌സണ്‌ സമന്‍സും വാറന്റും അയച്ച്‌ വിചാരണയ്‌ക്കു കോടതിയിലെത്തിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ അറസ്‌റ്റ് വാറന്റ്‌ നിലനിര്‍ത്താനേ കോടതിക്കു കഴിയുകയുള്ളൂ. വിദേശത്തുള്ള കുറ്റവാളിയെ സര്‍ക്കാര്‍തലത്തില്‍ വിദേശ സര്‍ക്കാരുമായി ബന്ധപ്പെട്ടാണ്‌ കോടതിക്കു മുന്നില്‍ കൊണ്ടുവരേണ്ടത്‌. സ്വാഭാവികമായും പിടികിട്ടാപ്പുള്ളിയുടെയും കോടതിയില്‍ ഹാജരായ മറ്റു പ്രതികളുടെയും കേസുകള്‍ രണ്ടാക്കി വിഭജിച്ച്‌ വിചാരണ നടത്തേണ്ടതുണ്ട്‌. അപ്രകാരം ആന്‍ഡേഴ്‌സണെതിരേയുള്ള കേസ്‌ നിലനിര്‍ത്തിക്കൊണ്ട്‌ മറ്റ്‌ പ്രതികള്‍ക്കെതിരേ വിചാരണ നടത്തി വിധി പ്രസ്‌താവിക്കുമ്പോള്‍ ഇനിയും വിചാരണ നേരിടാനിരിക്കുന്ന ഒരു പ്രതിയെക്കുറിച്ച്‌ വിധിയില്‍ പരാമര്‍ശിക്കുവാന്‍ കോടതി ബാധ്യസ്‌ഥമല്ല.

മൂന്നാമതായി, മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിക്കപ്പെട്ട ഏതൊരു പ്രതിക്കും ചില പ്രത്യേക സ്‌ഥിതിവിശേഷങ്ങളിലൊഴികെ അപ്പീല്‍ ബോധിപ്പിക്കുന്ന കാലാവധി വരെ ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്‌. കോടതിയെക്കുറിച്ച്‌ ദുസൂചനകള്‍ ധ്വനിപ്പിക്കുന്നതരത്തില്‍ വാര്‍ത്തകള്‍ ജനിച്ചതും പ്രചരിച്ചതും മാധ്യമരംഗത്തെ അപക്വതയും സൂക്ഷ്‌മതയില്ലായ്‌മയുമാണ്‌ സൂചിപ്പിക്കുന്നത്‌.

വാതക ദുരന്തത്തിലെ പ്രതിയായ അമേരിക്കന്‍ മേധാവി വാറന്‍ ആന്‍ഡേഴ്‌സണ്‍ വിചാരണ നേരിടാതെ നില്‍ക്കുന്നെങ്കില്‍ ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണ്‌. ഇന്ത്യയില്‍ നടന്ന കുറ്റകൃത്യത്തില്‍ പ്രതിയായ ആന്‍ഡേഴ്‌സണെ രാജ്യാന്തര തലത്തില്‍ കുറ്റവാളികളെ കൈമാറുന്ന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ വിചാരണയ്‌ക്കു കൊണ്ടുവരുന്നതിനു കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും ഇച്‌ഛാശക്‌തി കാണിച്ചിട്ടില്ല. ആന്‍ഡേഴ്‌സണെ ഒഴിവാക്കിയിട്ടില്ല ആന്‍ഡേഴ്‌സണെതിരേയുള്ള കേസ്‌ നിലനില്‍ക്കുകയാണെന്നു കേന്ദ്ര നിയമമന്ത്രി പറയുമ്പോള്‍ എന്തുകൊണ്ടാണ്‌ അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇച്‌ഛാശക്‌തി കാണിക്കാത്തതെന്ന്‌ വിശദീകരിക്കുവാന്‍ അദ്ദേഹത്തിനു ബാധ്യതയുണ്ട്‌. കൂടാതെ ആന്‍ഡേഴ്‌സണെതിരായ കേസ്‌ നിലനില്‍ക്കുന്നുണ്ടെന്നു പറയുമ്പോഴും വിചാരണയില്‍നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തെ എന്നെങ്കിലും വിചാരണയ്‌ക്കു കൊണ്ടുവരുമോ ഇല്ലയോ എന്ന സംഗതിയും അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയതന്ത്രപരമായും രാഷ്‌ട്രീയമായും എന്തു നടപടികളും സമ്മര്‍ദങ്ങളുമാണ്‌ ഇനി കൈക്കൊള്ളുകയെന്നും വിശദീകരണം ലഭിക്കേണ്ടതുണ്ട്‌.

നിരപരാധികളായ പൊതുജനങ്ങളെ ബോംബുസ്‌ഫോടനത്തില്‍ കൊലചെയ്യുന്ന നീചന്മാരായ ഭീകര പ്രവര്‍ത്തകരേക്കാള്‍ ഒട്ടും കുറഞ്ഞ ഉത്തരവാദിത്തമല്ല ഭോപ്പാല്‍ ദുരന്തംപോലുള്ള കൂട്ടക്കശാപ്പില്‍ വാറന്‍ ആന്‍ഡേഴ്‌സണുള്ളത്‌.

ഡിസംബര്‍ മൂന്നിന്‌ ലോകത്തെ നടുക്കിയ ഭോപ്പാല്‍ ദുരന്തമുണ്ടായശേഷം ഡിസംബര്‍ ഏഴിനു ഫാക്‌ടറി സന്ദര്‍ശിക്കാനെത്തിയ വാറന്‍ ആന്‍ഡേഴ്‌ണനെ അറസ്‌റ്റ് ചെയ്യാനുള്ള ധൈര്യം ജില്ലാ ഭരണകൂടം കാണിച്ചു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി കോണ്‍ഗ്രസ്‌ നേതാവായ അര്‍ജുന്‍ സിംഗിനു വന്ന ഒരു ഫോണ്‍കോളിന്റെ അടിസ്‌ഥാനത്തില്‍ അദ്ദേഹം നിര്‍ദേശിച്ചതനുസരിച്ച്‌ അന്നത്തെ ചീഫ്‌ സെക്രട്ടറി വിളിച്ചുവരുത്തിയാണ്‌ ആന്‍ഡേഴ്‌സണെ താന്‍ മോചിപ്പിച്ചതെന്നാണ്‌ അന്നത്തെ കലക്‌ടറായ മോത്തിസിംഗ്‌ വെളിപ്പെടുത്തിയിട്ടുള്ളത്‌. കൂടാതെ ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി മോചിപ്പിച്ച ആന്‍ഡേഴ്‌സണ്‌ രാജ്യം വിടുന്നതിന്‌ സര്‍ക്കാര്‍ വിമാനം സജ്‌ജമാക്കി നിര്‍ത്തിയിട്ടുള്ളതായും കലക്‌ടറെ അറിയിച്ചിരുന്നു.

ആന്‍ഡേഴ്‌സണെ അമേരിക്കയില്‍നിന്ന്‌ വിചാരണയ്‌ക്ക് കൊണ്ടുവരുന്നതില്‍നിന്ന്‌ പിന്തിരിയുവാന്‍ അന്വേഷകരുടെ മേല്‍ വിദേശമന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തിയെന്ന്‌ സി.ബി.ഐ. ഉദ്യോഗസ്‌ഥന്‍ വെളിപ്പെടുത്തുന്നു. ആ സംഭവവും കോണ്‍ഗ്രസ്‌ ഭരണത്തിന്‍ കീഴിലാണ്‌.

അര്‍ജുന്‍സിംഗിനു വന്ന ഫോണ്‍വിളി ആരുടേതാണെന്ന ചോദ്യം പ്രസക്‌തമാണ്‌. അര്‍ജുന്‍സിംഗ്‌ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ആന്‍ഡേഴ്‌സണെ മോചിപ്പിച്ചതായിരിക്കാം എന്ന്‌ അന്നത്തെ സംസ്‌ഥാന മന്ത്രിസഭാംഗമായിരുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌സിംഗ്‌ പറഞ്ഞതിനു പിന്നില്‍ ആ ചോദ്യമാണെന്നു വേണം കരുതാന്‍. അമേരിക്കന്‍ സമ്മര്‍ദത്തിന്‌ വഴങ്ങിയായിരിക്കാം മോചിപ്പിച്ചതെന്ന്‌ ദിഗ്‌വിജയ്‌സിംഗ്‌ ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കുശേഷം പറയുമ്പോള്‍ മന്ത്രിസഭാംഗമായിരുന്ന ദിഗ്‌വിജയ്‌സിംഗിന്റെ ഉത്തരവാദിത്തം ഒഴിവാക്കുന്ന യാതൊന്നും ആ നീണ്ടകാലയളവിനുള്ളില്‍ ഒരിക്കലും സംഭവിച്ചിട്ടില്ല.

അമേരിക്കന്‍ സ്വാധീനത്തിന്‌ വഴങ്ങിയായിരിക്കാം അര്‍ജുന്‍സിംഗ്‌ മോചിപ്പിച്ചതെന്ന്‌ പറയുമ്പോള്‍ അതേ അര്‍ജുന്‍സിംഗ്‌ അധ്യക്ഷനായി കേന്ദ്രമന്ത്രിമാരുടെ ഉപസമിതി ഉണ്ടാക്കിയതും ഉപസമിതി മനഃപൂര്‍വം യാതൊന്നും ചെയ്യാത്തതും ദിഗ്‌വിജയ്‌സിംഗിന്‌ അലോസരമുണ്ടാക്കിയില്ല.

സംസ്‌ഥാന മുഖ്യമന്ത്രി മാത്രമല്ല അമേരിക്കന്‍ സ്വാധീനത്തിന്‌ വഴങ്ങിയതെന്ന്‌ മനസിലാക്കുവാന്‍ അധികം ബുദ്ധിമുട്ടേണ്ടതില്ല. വിമാനം ഒരുക്കി നിര്‍ത്തിയതുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ തലത്തിലാണ്‌ അമേരിക്കന്‍ സമ്മര്‍ദം വന്നതെന്ന്‌ സംശയലേശമന്യേ പറയുവാന്‍ കഴിയും. അപ്രകാരമാണെങ്കില്‍ കേന്ദ്രത്തില്‍നിന്നുള്ള ഫോണ്‍വിളി അത്ര ചെറിയ ഒരാളില്‍നിന്നാവില്ല. സോണിയാഗാന്ധി കുടുംബത്തിന്റെ വിശ്വസ്‌തനായ ദിഗ്‌വിജയ്‌സിംഗ്‌ ഫോണ്‍വിളി നടത്തിയ ഉന്നതനെ, അല്ലെങ്കില്‍ ഫോണ്‍ വിളിക്കാന്‍ നിര്‍ദേശിച്ച ഉന്നതനെ മൂടിവയ്‌ക്കുവാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്‌.

ഭോപ്പാല്‍ വാതക ദുരന്തവുമായി ബന്ധപ്പെട്ട സിവിലും ക്രിമിനലും ഉള്‍പ്പെടെയുള്ള കേസുകളെല്ലാം സുപ്രീംകോടതിയും സര്‍ക്കാരും കമ്പനിയും ഏകപക്ഷീയമായി തീരുമാനിച്ച 715 കോടി രൂപയ്‌ക്ക് തീര്‍പ്പാക്കിയിരിക്കുന്നുവെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആര്‍.എസ്‌. പാഠക്‌ ഉള്‍പ്പെടുന്ന ബെഞ്ച്‌ വിധി പ്രസ്‌താവിച്ചത്‌ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടും വലിയ ചതിയുമായിരുന്നു. മരണമടഞ്ഞവരുടെ ആശ്രിതരോ ശാരീരികക്ഷതമേറ്റവരോ ആയ ആര്‍ക്കും നഷ്‌ടപരിഹാരത്തിന്‌ അന്യായം ബോധിപ്പിക്കാമെന്നിരിക്കെ അവരെ ആരെയും കക്ഷികളാക്കാതെ സുപ്രീംകോടതി ഏകപക്ഷീയമായി തീര്‍പ്പുണ്ടാക്കിയത്‌ നീതിന്യായ തത്വങ്ങളുടെ തികഞ്ഞ ലംഘനമായിരുന്നു. കൂടാതെ ക്രിമിനല്‍കുറ്റം ചെയ്‌തിട്ടുണ്ടോ എന്ന്‌ പരിശോധിക്കേണ്ട വിചാരണക്കോടതിയുടെ മുന്നിലുള്ള പ്രശ്‌നം യഥാര്‍ഥ ആവലാതിക്കാരാരും അറിയാതെ അര്‍ഹമായതിലും വളരെ കുറഞ്ഞ ഒരു സംഖ്യ ആകെ നഷ്‌ടപരിഹാരമായി നിശ്‌ചയിച്ച്‌ ക്രിമിനല്‍ക്കേസും തീര്‍പ്പാക്കിയതായി വിധിച്ചതും നീതിന്യായ ചരിത്ത്രിന്റെ ലജ്‌ജാകരമായ അധ്യായമാണ്‌.

എന്നാല്‍ ആരോപണ വിധേയനായ ആര്‍.എസ്‌. പാഠകിനെ പ്രാഗ്‌ ആസ്‌ഥാനമായുള്ള അന്താരാഷ്‌ട്ര കോടതിയില്‍ ജഡ്‌ജിയായി രാജീവ്‌ഗാന്ധി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുകയും ബഹുരാഷ്‌ട്ര ഭീമനായ യൂണിയന്‍ കാര്‍ബൈഡ്‌ ആവശ്യമായ വോട്ടുകള്‍ വാങ്ങിക്കൊടുത്തു വിജയിപ്പിക്കുകയും ചെയ്‌തു.

കാര്‍ബൈഡ്‌ കമ്പനിയോടും ആന്‍ഡേഴ്‌സണോടുമുള്ള കൂറ്‌ അമേരിക്കന്‍ സ്വാധീനത്തിന്‌ വഴങ്ങിയ ഒരു അര്‍ജുന്‍സിംഗില്‍നിന്നല്ല എന്ന്‌ മനസിലാക്കുവാന്‍ ഒട്ടും പ്രയാസമില്ല.

എന്നാല്‍ രാജീവ്‌ഗാന്ധി സര്‍ക്കാര്‍ 1989ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട്‌ പുറത്തായി. പുതിയ കോണ്‍ഗ്രസേതര സര്‍ക്കാരിന്റെ കാലത്ത്‌ ആരോപണവിധേയനായ അന്നത്തെ ചീഫ്‌ ജസ്‌റ്റിസിന്റെ കാലാവധി കഴിഞ്ഞ്‌ വീണ്ടും ലോക കോടതി ജഡ്‌ജിയാവാനുള്ള ഊഴത്തിന്‌ ശ്രമിച്ചപ്പോള്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ അത്‌ നിരസിച്ചു. എന്നാല്‍ യൂണിയന്‍ കാര്‍ബൈഡിന്‌ തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന്‌ തെളിയിക്കുന്ന വിധം അയര്‍ലന്‍ഡിന്റെ പ്രതിനിധിയായി അദ്ദേഹത്തെ മത്സരിപ്പിച്ച്‌ വിജയിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു.

മാറിമാറി ഭരിച്ച കോണ്‍ഗ്രസും ബി.ജെ.പിയും കമ്യൂണിസ്‌റ്റ് പിന്തുണയോടെ ഭരിച്ചവരും ദുരന്തത്തിനിരയായവര്‍ക്കുവേണ്ടി അര്‍ഥവത്തായ യാതൊന്നും ചെയ്യാത്തതില്‍ ഐക്യമുന്നണിയാണ്‌.

ഇപ്പോഴിതാ വിചാരണക്കോടതിയുടെ വിധി വന്നതോടെ എല്ലാവരും ജാഗരൂകരായി അഭിനയിക്കുന്നു. ആഭ്യന്തരമന്ത്രി ചിദംബരം അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി പുനഃസംഘടിപ്പിച്ചു. ബി.ജെ.പിയുടെ സംസ്‌ഥാന സര്‍ക്കാരും നെടുങ്കന്‍ അവകാശവാദങ്ങള്‍ നിരത്തുന്നു.

എന്നാല്‍ ചിദംബരത്തിന്‌ എതിരേ ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്‌. ലണ്ടന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്താ കമ്പനിയിലെഓഹരിയിടപാടും ബാല്‍കോ ഓഹരി സ്‌റ്റെറിലൈറ്റിനു വിറ്റതിലെ ഇടപാടും

നോവാര്‍ട്ടീസ്‌ എന്ന ബഹുരാഷ്‌ട്ര കുത്തകയായ മരുന്നു കമ്പനിക്കുവേണ്ടി രായ്‌ക്കുരാമാനം കുത്തകാവകാശ നിയമത്തിലെ (പേറ്റന്റ്‌ നിയമം) ഭേദഗതിയുടെ ഓര്‍ഡിനന്‍സ്‌ ഇറക്കിയതും നെതര്‍ലന്‍ഡ്‌സില്‍നിന്നുള്ള വിദേശ ബാങ്കിന്‌ ലൈസന്‍സ്‌ നല്‍കുന്നതില്‍ വഴിവിട്ടു പ്രവര്‍ത്തിച്ചതുമെല്ലാം ചിദംബരത്തിന്റെ തൊപ്പിയിലെ തൂവലുകളാണ്‌.

രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ഭരണത്തിന്റെയും താക്കോല്‍സ്‌ഥാനങ്ങളില്‍ ബഹുരാഷ്‌ട്ര കുത്തകകളുടെ ഏജന്റുമാര്‍ നുഴഞ്ഞുകയറിയിരിക്കുകയാണെന്ന്‌ പകല്‍പോലെ വ്യക്‌തം. പ്ലാച്ചിമടയില്‍ ജലചൂഷണം നടത്തിയ കൊക്കകോളയ്‌ക്കുവേണ്ടി കണ്ണീരൊഴുക്കുന്ന കേരള വ്യവസായ സെക്രട്ടറി മുതല്‍ നയരൂപീകരണക്കാരും മുതല്‍മുടക്കുകാരും തമ്മില്‍ നല്ല ബന്ധമുണ്ടാക്കാനുള്ള ഇടനില ചെയ്യുന്ന ബ്രിഡ്‌ജ് എന്ന സര്‍ക്കാരിതര സംഘടനയ്‌ക്കു നേതൃത്വം നല്‍കുന്ന ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്‌സിംഗ്‌ ആലുവാലിയവരെ എന്തിനുവേണ്ടിയാണു നിലകൊള്ളുന്നതെന്നു ചിന്തിക്കണം.

കോണ്‍ഗ്രസ്‌, ബി.ജെ.പി. ചേരികളും കുറ്റാരോപിതരും കുപ്രസിദ്ധരുമായ സലീം കമ്പനിക്കുവേണ്ടി നന്ദിഗ്രാമില്‍ ജനങ്ങളെ നിര്‍ദയം വെടിവച്ചുകൊല്ലാന്‍പോലും മടിക്കാത്ത സി.പി.എം. പരിവാരങ്ങളും നയങ്ങളില്‍ യാതൊരു വ്യത്യാസവുമില്ലാത്ത മുലായം, ലാലു, മായാവതി കക്ഷികളും ഉള്‍പ്പെടെയുള്ള വ്യവസ്‌ഥാപിത രാഷ്‌ട്രീയകക്ഷികള്‍ ആന്‍ഡേഴ്‌സണ്‍മാരെ വിചാരണയ്‌ക്ക് കൊണ്ടുവരുമെന്ന്‌ വിശ്വസിക്കാനാവില്ല.

പാശ്‌ചാത്യമൂലധനത്തെയും വികസനത്തെയും ഉപാസിക്കുവാന്‍ പഞ്ചപുച്‌ഛമടക്കി നില്‍ക്കുന്ന വ്യവസ്‌ഥാപിത കക്ഷികള്‍ക്കൊന്നിനും 'അധ്യായം' അടഞ്ഞിട്ടില്ല. വിചാരണയ്‌ക്ക് ആന്‍ഡേഴ്‌സണെ വിട്ടുതരണമെന്ന്‌ അമേരിക്കയോട്‌ പറയുവാനുള്ള രാഷ്‌ട്രീയ ഇച്‌ഛാശക്‌തിയില്ല. ആന്‍ഡേഴ്‌സണെയും വരാനിരിക്കുന്ന അഭിനവ ആന്‍ഡേഴ്‌സണ്‍മാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ജനകീയ രാഷ്‌ട്രീയത്തിന്റെ പുതിയ ഒരു ശക്‌തി ഉണ്ടാകണം.

കടപ്പാടു് മംഗളം 2010 ജൂണ്‍ 16

2010/05/30

സോഷ്യലിസ്റ്റ് നേതാവ് ജി.പി.പ്രധാന്‍ അന്തരിച്ചു




പുനെ: മഹാരാഷ്ട്രത്തിലെ മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മഹാരാഷ്ട്ര മുന്‍ പ്രതിപക്ഷ നേതാവും എഴുത്തുകാരനുമായിരുന്ന ജി.പി. പ്രധാന്‍(88) മെയ് 29 നു് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പുണെയിലെ സാനെ ഗുരുജി ആശുപത്രിയിലായിരുന്നു അന്ത്യം.

മഹാരാഷ്ട്രത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജി.പി. പ്രധാന്‍ എന്ന് അറിയപ്പെടുന്ന ഗണേശ് പ്രഭാകര്‍ പ്രധാന്‍ ( Ganesh Prabhakar Pradhan )1922ഓഗസ്റ്റ് 26നു് ഒരിടത്തരം കുടുംബത്തില്‍ ജനിച്ചു. സ്വാതന്ത്ര്യ സമരസേനാനി കൂടിയായിരുന്ന പ്രധാന്‍ 1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1975 ല്‍ അടിയന്തരാവസ്ഥാ വേളയില്‍ ജയില്‍വാസം അനുഭവിച്ചു.

നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സോഷ്യലിസ്‌ററ്‌ ആശയങ്ങളെ ഇന്ത്യന്‍ രൂപത്തില്‍ അവതരിപ്പിച്ച പ്രധാന്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്‌.


പ്രധാന്റെ മൃതദേഹം അദ്ദേഹത്തിന്റെ മുന്‍ താല്‍പര്യപ്രകാരം വൈദ്യപഠനത്തിനായി വിട്ടുകൊടുത്തു.

പതിനെട്ടാം വയസ്സില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍‍ന്ന ഗണേശ് പ്രഭാകര്‍ പ്രധാന്‍ അന്ത്യശ്വാസം വരെയും സോഷ്യലിസ്റ്റായിരുന്നുവെന്നു് അടുത്ത സഖാവും സമാജവാദി ജനപരിഷത്തിന്റെ പ്രധാനനേതാക്കളിലൊരാളുമായ ഭായി വൈദ്യ അനുസ്മരിച്ചു. സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് ലിംഗരാജ്, ദേശീയ വൈസ് പ്രസിഡന്റ് സുനില്‍ ഗുപ്ത ദേശീയ സെക്രട്ടറി ജോഷി ജേക്കബ് തുടങ്ങിയവരും ജി പി പ്രധാനന്റെ വിയോഗത്തില്‍ അനുശോചിച്ചു.പ്രധാനന്‍ വര്‍ഷങ്ങളായി സജീവരാഷ്ട്രീയത്തില്‍‍ നിന്നു് വിട്ടു നില്‍‍ക്കുകയായിരുന്നുവെങ്കിലും സമാജവാദി ജനപരിഷത്തിനോടു് അനുഭാവം പുലര്‍‍ത്തിയിരുന്നുവെന്നു് ദേശീയ സെക്രട്ടറി ജോഷി ജേക്കബ് അനുസ്മരിച്ചു.

പ്രധാന്‍റെ വേര്‍പാടില്‍ മഹരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാല്‍, കേന്ദ്രമന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവു ദേശ് മുഖ് തുടങ്ങിയ നേതാക്കള്‍ ജി.പി.പ്രധാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ലളിതജീവിതവും ഉയര്‍‍ന്ന ചിന്തയുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിനു് തീരാനഷ്ടമാണെന്നു് കേന്ദ്ര മന്ത്രി വിലാസ് റാവു നായിക് പറഞ്ഞു. ജി പി പ്രധാനന്റെ ജീവിതം വരും തലമുറയ്ക്കു് പ്രചോദനമാകുമെന്നു് കേന്ദ്ര മന്ത്രി സുശീല് കുമാര ഷിന്‍‍‍ഡേ പറഞ്ഞു. മഹാരാഷ്ട്രത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന അതികായരിലൊരാളായിരുന്നു അദ്ദേഹമെന്നു് ഉപമുഖ്യമന്ത്രി ഛഗന് ഭുജ്‍ബല് അനുസ്മരിച്ചു.

ഫോട്ടോ 1 (മുകളില്‍ ) ജി.പി. പ്രധാന്‍ കടപ്പാട് പുണെ മിറര്‍

ഫോട്ടോ 2 (താഴെ) അണ്ണാ ഹസാരെ പുനെയിലെ സാനെ ഗുരുജി ആശുപത്രിയില്‍‍ ജി.പി. പ്രധാന് ആദരാഞ്ജലിയര്‍‍പ്പിക്കുന്നു. കടപ്പാട് ഇന്ത്യന്‍ എക്സ്പ്രസ്സ്

Veteran socialist leader GP Pradhan passes away in Pune


I feel like an orphan now: Hazare

.

2010/05/22

പാലേരിയില്‍ സി ആര്‍ നീലകണ്‌ഠനു നേരെ ഡി.വൈ.എഫ്‌.ഐ ആക്രമണം

കുറ്റിയാടി: പാലേരിയില്‍ സാംസ്‌്‌കാരിക സംഘടനയുടെ പൊതുയോഗം ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ കൈയേറി. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്‌ഠനു പരിക്കേറ്റു.
പ്രതിചിന്ത പാലേരി സംഘടിപ്പിച്ച ഒരു പൊതുപരിപാടിക്കു നേരെ പ്രകോപനമില്ലാതെ ഡി.വൈ.എഫ്‌.ഐക്കാര്‍ ആക്രമണം നടത്തുകയായിരുന്നു. മെയ് 20നു് വൈകീട്ട്‌ 6.30 ഓടെയാണ്‌ സംഭവം. കസേരകളെടുത്ത്‌ നീലകണ്‌ഠനെ പ്രഹരിച്ചു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ കൈ ഒടിയുകയും വയറിനു പരിക്കേല്‍ക്കുകയും ചെയ്‌‌തു. നീലകണ്‌ഠനെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. കണ്‌ടാലറിയുന്ന ഏതാനും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പേരാമ്പ്ര പോലിസ്‌ കേസെടുത്തു.

നീലകണ്‌ഠനെ മര്‍‍ദിച്ചതില്‍ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരായ യു കെ കുമാരന്‍, ടി പി രാജീവന്‍, കേരള സര്‍വോദയ മണ്ഡലം പ്രസിഡന്റു് തായാട്ട്‌ ബാലന്‍, സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ്‌ പയ്യട, പ്രഫ. ടി ശോഭീന്ദ്രന്‍ പ്രതിഷേധിച്ചു.
അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവര്‍ക്കു നേരെ മാന്യത കൈവിടുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആഹ്വാനത്തിന്റെ ആദ്യത്തെ ഇരയാണ്‌ സി ആര്‍ നീലകണ്‌ഠനെന്ന്‌ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്‌ എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു.
അവലംബം തേജസ്

വികസനം: ഇടതുപക്ഷ നിലപാടു് കിനാലൂരിലും ഒറീസയിലും

കിനാലൂരിലേക്കു നാലുവരിപ്പാത നിര്‍മിക്കുന്നതിനെതിരായി സമരം നടത്തുന്നവര്‍ വികസനവിരോധികളാണെന്നാണു് സി.പി.എമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഉറച്ച നിലപാട്‌. സമരരംഗത്തുള്ള ഗ്രാമവാസികളെ നയിക്കുന്ന സോഷ്യലിസ്റ്റുകളടക്കമുള്ളവരെ `വ്യാജ ഇടതുപക്ഷമെന്നും അറുപിന്തിരിപ്പന്മാരെന്നും മതതീവ്രവാദികളെന്നും' മുദ്രകുത്തുകയും ചെയ്യുന്നു. കിനാലൂര്‍ മോഡല്‍ സമരങ്ങള്‍ കേരളത്തിന്റെ വികസനത്തെ പിറകോട്ടടിപ്പിക്കുകയേയുള്ളൂ എന്നാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊതു കാഴ്‌ചപ്പാട്‌. മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ ഭാഗത്തു മാത്രമേ അല്‍പ്പം മയമുള്ളൂ.

വികസനത്തിന്റെ കാര്യത്തില്‍ സി.പി.എമ്മും സി.പി.ഐയുമെല്ലാം കേരളത്തില്‍ സാമാന്യേന കൈക്കൊണ്‌ടുപോരുന്ന സമീപനത്തിന്റെ പ്രത്യക്ഷോദാഹരണമാണ്‌ കിനാലൂര്‍. തങ്ങള്‍ ഭരണം കൈകാര്യം ചെയ്യുന്ന പ്രദേശങ്ങളില്‍ എന്തു് വിലകൊടുത്തും വിനാശകരമായതായാലും വികസനം നടപ്പില്‍വരുത്തിയേ തീരൂ അവര്‍ക്ക്‌. ഗ്രാമവാസികളെ കുടിയൊഴിപ്പിച്ചായാലും അവരുടെ കൃഷിഭൂമി പിടിച്ചെടുത്തുകൊണ്‌ടായാലുമൊക്കെ, ലക്ഷ്യം ഒന്നുതന്നെ- വികസനം.


അതേസമയം, ഒറീസയില്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കാഴ്‌ചപ്പാട്‌ വ്യത്യസ്‌തമാണു്. അത്തരം സന്ദര്‍ഭങ്ങളില്‍ ജനതാല്‍പ്പര്യത്തോടൊപ്പം മുന്‍നിര്‍ത്തി വിനാശകരമായ വ്യവസായങ്ങള്‍ വരുന്നതിനെതിരായി സി.പി.എം-സി.പി.ഐ കക്ഷികള്‍ നിലപാടെടുക്കുന്നു. നവീന്‍ പട്‌നായിക്‌ ഭരിക്കുന്ന ഒറീസയില്‍ പോസ്‌കോ ഇന്ത്യ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്റ്റീല്‍ പ്ലാന്റിനെതിരായുള്ള സമരത്തില്‍ സോഷ്യലിസ്റ്റുകളോടൊപ്പം സി.പി.ഐയും സി.പി.എമ്മും സജീവമാണ്‌. കിനാലൂരിലെ ജനകീയപ്രക്ഷോഭകര്‍ പറയുന്നതെന്താണോ, അതൊക്കെയാണു സി.പി.എമ്മും സി.പി.ഐയും ഫോര്‍വേഡ്‌ ബ്ലോക്കും സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ജനതാദളും ജെ.എം.എമ്മുമടങ്ങുന്ന കക്ഷികളും പറയുന്നത്‌. മെയ്‌ 15ന്‌ സമരക്കാരെ പിരിച്ചുവിടാന്‍ സായുധപോലിസ്‌ ലാത്തിച്ചാര്‍ജും വെടിവയ്‌പും നടത്തുകയുണ്ടായി. കൊറിയന്‍ കമ്പനിക്ക്‌ ഉരുക്കുപ്ലാന്റുണ്ടാക്കാന്‍ ജനങ്ങളുടെ ഭൂമി കവര്‍ന്നെടുക്കുന്ന നവീന്‍ പട്‌നായിക്കിന്റെ വ്യവസായനയത്തിനെതിരായാണ്‌ ഈ പ്രക്ഷോഭം. ചുരുക്കത്തില്‍, കിനാലൂരില്‍ നടക്കുന്നതെന്തോ, അതുതന്നെ.


ഒറീസയില്‍ നടക്കുന്ന ഈ പ്രക്ഷോഭത്തെപ്പറ്റി നമ്മുടെ വ്യവസായമന്ത്രി എളമരം കരീമും ധനമന്ത്രി തോമസ്‌ ഐസക്കും എന്തു പറയും? കിനാലൂരില്‍ സമരത്തിനു നേതൃത്വം നല്‍കുന്നത്‌ തീവ്രവാദികളാണെന്ന വാദം ശരിയാണെങ്കില്‍ ഒറീസയിലെ സമരത്തിനു പ്രചോദനമായി വര്‍ത്തിക്കുന്ന സി.പി.ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനെയും അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടേ? മൂന്നു ഗ്രാമപ്പഞ്ചായത്തുകളിലെ ജനങ്ങളാണ്‌ ബലിതൂത്തയില്‍ പോലിസിനെ തടഞ്ഞത്‌. അവരോട്‌ സംഭാഷണം നടത്തി പ്രശ്‌നം പരിഹരിക്കണമെന്നാണ്‌ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കാഴ്‌ചപ്പാട്‌. അവിടത്തെയും ഇവിടത്തെയും സി.പി.എം-സി.പി.ഐ കക്ഷികള്‍ വേറെവേറെയാണെന്നാണോ നാം കരുതേണ്‌ടത്‌?

കമ്യൂണിസ്റ്റുകളില്‍‍ നിന്നു് വ്യത്യസ്ഥമായി സോഷ്യലിസ്റ്റുകള്‍ ഒറീസയിലും കേരളത്തിലും ഒരേനിലപാടാണെടുക്കുന്നതു്. കിനാലൂരിലേക്കു നാലുവരിപ്പാത നിര്‍മിക്കുന്നതിനെതിരായ സമരത്തിലും പോസ്‌കോ ഇന്ത്യ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്റ്റീല്‍ പ്ലാന്റിനെതിരായുള്ള സമരത്തിലും സമാജവാദി ജനപരിഷത്ത് സജീവമായി പങ്കെടുക്കുന്നു. ഒറീസയിലായാലും കേരളത്തിലായാലും പോലിസ്‌ ജനകീയ പ്രക്ഷോഭകര്‍ക്കെതിരായി മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടുന്നതില്‍ സോഷ്യലിസ്റ്റുകള്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു.

- ഒരു ലേഖകന്‍
.

2010/05/18

മുഖ്യമന്ത്രിയ്ക്കു് ജനജാഗ്രതാ സമിതിയുടെ തുറന്ന കത്ത്

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,


മേയ് ആറിന് വ്യാഴാഴ്ച കിനാലൂരില്‍ നടന്ന പൊലീസ്നായാട്ട് ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട താങ്കള്‍ സര്‍വേ നിറുത്തിവെക്കാനും പൊലീസിനെ പിന്‍വലിക്കാനും ഉത്തരവിട്ടത് മനുഷ്യത്വപൂര്‍ണമായ നടപടിയായി ഞങ്ങള്‍ മനസ്സിലാക്കുന്നു. എങ്കിലും താങ്കളുടെ ഭരണത്തിനും ഭരണകൂടത്തിനും തീരാകളങ്കം തീര്‍ത്ത കിനാലൂര്‍സംഭവം കൂടുതല്‍ ആപത്കരവും ജനവിരുദ്ധവുമായ അവസ്ഥയിലേക്ക് എത്താതിരിക്കാന്‍ താങ്കള്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയാണ്.

കിനാലൂര്‍ കേരളത്തിലെ ഒരു സാധാരണ ഗ്രാമമാണ്. കുന്നും മലയും വയലും നീര്‍ത്തടങ്ങളുമൊക്കെയായി ഗ്രാമഭംഗി നിറഞ്ഞ ഒരു പ്രദേശം. പരിസരപ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് ജലം ലഭ്യമാക്കുന്നതിലും മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാവാതെ നിയന്ത്രിക്കുന്നതിലും കിനാലൂരിന്റെ ഭൂപ്രകൃതിയുടെ പങ്ക് ഏറെ വലുതാണ്. പൊതുവെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന സാധാരണക്കാരാണ് കിനാലൂര്‍പ്രദേശത്ത് ജീവിക്കുന്ന ജനങ്ങള്‍.

ദുഃഖകരമെന്ന് പറയട്ടെ, ഇപ്പോള്‍ കിനാലൂരിലെയും പരിസരപ്രദേശങ്ങളിലെയും ജനജീവിതം താറുമാറാക്കപ്പെട്ടിരിക്കുന്നു. റോഡ്സര്‍വേക്ക് എന്ന പേരില്‍ ജില്ലാഭരണകൂടത്തിന്റെ അകമ്പടിയായെത്തിയ പൊലീസ് എത്ര വേഗത്തിലാണ് കിനാലൂര്‍ഗ്രാമത്തെ പോര്‍ക്കളമാക്കി ക്കളഞ്ഞത്. തികച്ചും ജനാധിപത്യപരമായി സമരം ചെയ്യുകയായിരുന്ന ജനങ്ങളെ അവര്‍ നിഷ്ഠുരമായി മര്‍ദിക്കുന്നത് ടെലിവിഷന്‍ സ്ക്രീനിലൂടെ താങ്കള്‍ കണ്ടതാണല്ലോ. സ്ത്രീകളെയും കുഞ്ഞുങ്ങളെയും പോലും അവര്‍ വെറുതെവിട്ടില്ല. ഉമ്മയോടൊപ്പം സമരത്തിനെത്തിയ ഏഴരവയസ്സുകാരി നാഫിയയും 13 വയസ്സുകാരന്‍ ഷാദാനും 15 വയസ്സുകാരന്‍ ഹംദാനും പൊലീസിന്റെ അടിയേറ്റ് ആശുപത്രിയിലായി. ആക്രോശത്തോടെ വീടുകളിലേക്ക് പാഞ്ഞുകയറിയ കാക്കിപ്പട്ടാളം കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തെറിഞ്ഞു. നിറുത്തിയിട്ട വണ്ടികള്‍ അടിച്ചുതകര്‍ത്തു. വൃദ്ധന്‍മാരെപ്പോലും തല്ലിച്ചതച്ചു. ഇപ്പോഴും കിനാലൂരും പരിസരങ്ങളും പൊലീസ്വേട്ടയുടെ നിഴലില്‍ തന്നെയാണ്. സമരം ചെയ്തവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കാക്കിധാരികള്‍ ഏതു നിമിഷവും പ്രതികാരദാഹത്തോടെ ചാടിവീഴാമെന്ന് ജനങ്ങള്‍ ഭയക്കുന്നു. പീഡനം ഭയന്ന് പലരും ഒളിവില്‍ കഴിയുകയാണ്. പലവീടുകളിലും ആളൊഴിഞ്ഞിരിക്കുന്നു. ആളുകളുള്ളിടത്ത് തന്നെ ആണുങ്ങളാരുമില്ല.

സര്‍, ഇതിനുമാത്രം എന്തുതെറ്റാണ് കിനാലൂരിലെ മനുഷ്യര്‍ ചെയ്തത്? കിനാലൂരിലേക്ക് ഏതു വികസനത്തെയും സ്വാഗതം ചെയ്തവരാണ് ഞങ്ങള്‍. വികസനം ഞങ്ങളുടെ മണ്ണിനെയും ഇവിടത്തെ മനുഷ്യരെയും ദ്രോഹിക്കാതെ വേണമെന്നു മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നിട്ടും താങ്കളുടെ മന്ത്രിസഭയിലെ വ്യവസായമന്ത്രി ആരോപിക്കുന്നു, ഞങ്ങള്‍ വികസന വിരോധികളാണെന്ന്. മാവോയിസ്റ്റുകളും മതതീവ്രവാദികളുമാണെന്ന്. 60 മീറ്റര്‍ വീതിയിലുള്ള മാളിക്കടവ്^കിനാലൂര്‍ (ഇപ്പോള്‍ 30 മീറ്ററാണെന്നു പറയുന്നു) സമര്‍പ്പിത നാലുവരിപ്പാതയാണ് അദ്ദേഹത്തിന്റെ ഏക വികസന അജണ്ട. പാതയിലൂടെ സഞ്ചരിച്ചെത്തിയാല്‍ പിന്നെ എന്താണെന്ന് അദ്ദേഹത്തിനുമറിയില്ല. മലേഷ്യന്‍കമ്പനിയുടെ സാറ്റലൈറ്റ് സിറ്റിയാണെന്ന് ഒരിക്കല്‍ പറഞ്ഞു. അല്ല, മെഡിസിറ്റിയാണെന്ന് മറ്റൊരിക്കല്‍. ചെരിപ്പുകമ്പനിയാണെന്ന് ഒടുവിലത്തെ പ്രഖ്യാപനം. പദ്ധതിയൊന്നും നിലവിലില്ലെന്ന് കെ.എസ്.ഐ.സിയുടെ വിശദീകരണം. ഉണ്ടെന്നുപോലും ഉറപ്പില്ലാത്ത നിഗൂഢപദ്ധതിയുടെ പേരില്‍ നൂറുകണക്കിനു കുടുംബങ്ങള്‍ ജന്മഭൂമിയില്‍നിന്ന് കുടിയൊഴിഞ്ഞോടണോ? ഒട്ടനേകം കുന്നുകള്‍ ഇടിച്ചുനിരത്തി അനാവശ്യമായൊരു പാത പണിയേണ്ടതുണ്ടോ? ഞങ്ങള്‍ക്കും മക്കള്‍ക്കും അന്നം നല്‍കുന്ന വയലും കൃഷിയും മണ്ണിട്ടുമൂടുന്നത് ഞങ്ങള്‍ നോക്കിനില്‍ക്കണോ? ഏക്കര്‍കണക്കിന് തണ്ണീര്‍ത്തടങ്ങള്‍ നികത്തിക്കളഞ്ഞ് അവസാനമില്ലാത്ത വെള്ളപ്പൊക്കദുരന്തം ഏറ്റുവാങ്ങണോ?

ഈ ചോദ്യങ്ങളാണ് കിനാലൂരിലെയും നിര്‍ദിഷ്ട പാതയോരത്തെ മോരിക്കര, നന്മണ്ട, കാക്കൂര്‍ എന്നിവിടങ്ങളിലെയും നിവാസികളെ സമരത്തിലേക്ക് എടുത്തെറിഞ്ഞത്. ഞങ്ങളുടെ ഈ ചോദ്യങ്ങളെ നേരിടുന്നതിനുപകരം ചോരയില്‍ മുക്കിക്കൊല്ലാനുള്ള വ്യവസായമന്ത്രിയുടെ ശ്രമത്തെ താങ്കള്‍ക്ക് അനുകൂലിക്കാനാവുമോ? കിനാലൂരിലെത്താന്‍ വിനാശകരമല്ലാത്ത രണ്ടു പാതകള്‍ ചൂണ്ടിക്കാണിച്ചിട്ടും മന്ത്രി ധാര്‍ഷ്ട്യത്തോടെ പുറംതിരിയുന്നതെന്തുകൊണ്ടാണ്? കിനാലൂരിലെ വികസനത്തിന്റെ മറവില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് രൂപംകൊണ്ടിരിക്കുന്ന മന്ത്രി^മാഫിയ ബന്ധത്തെക്കുറിച്ച ആരോപണങ്ങള്‍ താങ്കള്‍ ഗൌരവത്തിലെടുക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. തല തല്ലിപ്പൊളിച്ചുണ്ടാക്കുന്ന വികസനം നാടിന് വേണ്ടിയാവുമെന്ന് കരുതാന്‍ ഒരു ന്യായവുമില്ല. നിഗൂഢതാല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള ഒരു നിഗൂഢ പാതയായി മാത്രമേ ജനങ്ങള്‍ക്ക് ഇതിനെ കാണാനാവൂ. അതുകൊണ്ടുതന്നെ ഈ ജനവിരുദ്ധപാത എന്നന്നേക്കുമായി റദ്ദുചെയ്യാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ താങ്കള്‍ തയാറാകണം.


ജനകീയപ്രതിരോധത്തെ നിര്‍വീര്യമാക്കാന്‍ വ്യവസായമന്ത്രി നടത്തുന്ന നീചമായ ശ്രമങ്ങള്‍ മന്ത്രിസഭക്കുതന്നെ അപമാനമാണെന്നു പറയാതെ വയ്യ. പൊലീസ്മര്‍ദനത്തില്‍ പരിക്കേറ്റയാളെ നാട്ടുകാര്‍ മര്‍ദിച്ചെന്നാരോപിച്ച് പ്രദര്‍ശിപ്പിക്കുക, ജാതി^മത^കക്ഷി ഭേദമന്യേ സര്‍വരും ഒറ്റക്കെട്ടായി നടത്തുന്ന സമരത്തെ മതതീവ്രവാദികളുടെ ഗൂഢാലോചനയാണെന്ന് പ്രചരിപ്പിക്കുക, സമരത്തെ പിന്തുണക്കുന്ന സോളിഡാരിറ്റിയെപ്പോലുള്ള സംഘടനകളെ തീവ്രവാദ മുദ്രകുത്തി വേട്ടയാടുക, വധശ്രമമാരോപിച്ച് പീഡിപ്പിക്കുക തുടങ്ങിയ വഴികളാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഇത്തരം ജനവിരുദ്ധപ്രവണതകള്‍ താങ്കള്‍ ഇടപെട്ട് അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ ആ ബാധ്യതയും ജനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. കൈയേറ്റത്തിനിരയായ മനുഷ്യരുടെ സ്വാഭാവികപ്രതികരണങ്ങളെ ഭീകരാക്രമണമായി ചിത്രീകരിക്കുന്നത് എന്തുമാത്രം ക്രൂരമല്ല?


150 ആളുകളുടെ പേരിലെടുത്തിരിക്കുന്ന വധശ്രമക്കേസുകള്‍ അടിയന്തരമായി റദ്ദ് ചെയ്തേ മതിയാവൂ. മാധ്യമങ്ങളുടെ നിതാന്തജാഗ്രതയും രാഷ്ട്രീയ സാംസ്കാരിക കേരളത്തിന്റെ സമ്പൂര്‍ണപിന്തുണയുമാണ് മറ്റൊരു പൊലീസ് വേട്ടയെ തടഞ്ഞുനിറുത്തുന്നത്. ജനങ്ങളുടെ ആശങ്കയകറ്റി മുന്നോട്ടുപോകുമെന്നാണ് ഇപ്പോള്‍ മന്ത്രി പറയുന്നത്. ജനങ്ങള്‍ക്കുള്ളത് ആശങ്കകളല്ല, നിര്‍ദിഷ്ടപാത സൃഷ്ടിക്കാന്‍ പോകുന്ന വിനാശങ്ങളെക്കുറിച്ച ഉറച്ച ബോധ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഈ സമരം ഉപേക്ഷിക്കാന്‍ അവര്‍ക്ക് സാധ്യമല്ല.


ഇത് ജീവിതത്തിനും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടമാണ്. ഏത് ജനകീയപോരാട്ടവും പോലെ ഇതും വിജയിച്ചേ മതിയാവൂ. ആ വിജയത്തില്‍ താങ്കള്‍ താങ്കളുടെ പങ്ക് നിര്‍വഹിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. ആയതിനാല്‍, താഴെ പറയുന്ന കാര്യങ്ങള്‍ അടിയന്തരമായി ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയാണ്.


1. മാളിക്കടവ്-കിനാലൂര്‍ ജനവിരുദ്ധ പാത എന്നന്നേക്കുമായി ഉപേക്ഷിക്കുക.
2. ഞങ്ങള്‍ മുന്നോട്ടുവെച്ച ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കുക.
3. കിനാലൂരിലെ പൊലീസ് മര്‍ദനത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുക.
4. ജനങ്ങളെ പീഡിപ്പിക്കാന്‍ നേതൃത്വം കൊടുത്ത ജില്ലാകലക്ടര്‍ക്കും മന്ത്രിക്കുമെതിരെ നടപടി സ്വീകരിക്കുക.
5. ജനങ്ങളുടെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക.


കെ. റഹ്മത്തുല്ല

പ്രസിഡന്റ്, ജനജാഗ്രതാ സമിതി

കടപ്പാടു് മാധ്യമം മെയ് 12 2010

2010/05/17

നിരപരാധികളെ വേട്ടയാടുന്നത് പ്രതിഷേധാര്‍ഹം

കോഴിക്കോട്: കിടപ്പാടം സംരക്ഷിക്കാന്‍ നാലുവരിപ്പാത സര്‍വേ പ്രവര്‍ത്തനം സമാധാനപരമായി തടയാന്‍ ശ്രമിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയതില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് സമാജ്വാദി ജനപരിഷത്ത് ദേശീയ സമിതി അംഗം സുരേഷ് നരിക്കുനി, സംസ്ഥാന സെക്രട്ടറി അഡ്വ. കുതിരോട്ട് പ്രദീപന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

നാലുവരിപ്പാതക്കെതിരെ സമരം ചെയ്തവരെ ക്രൂരമായി മര്‍ദിച്ചതിനു പുറമെ പൊലീസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കുറ്റംചാര്‍ത്തി കേസെടുത്ത് വേട്ടയാടുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സ്വതന്ത്ര കര്‍ഷകസംഘം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
വ്യവസായമന്ത്രിയുടെയും ഭൂമാഫിയയുമായി ബന്ധമുള്ള സി.പി.എം നേതാക്കളുടെയും താല്‍പര്യപ്രകാരമാണ് കിനാലൂരിലേക്ക് നാലുവരിപ്പാത പണിയുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ആരോപിച്ചു.
ഭൂമാഫിയക്കെതിരായ മുഖ്യമന്ത്രിയുടെ നിലപാട് ആത്മാര്‍ഥതയുള്ളതാണെങ്കില്‍ മന്ത്രി കരീമിനെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിറുത്തണമെന്നും കിനാലൂരില്‍ സ്ത്രീകളെയും കുട്ടികളെയുമടക്കം മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസ് നടപടിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വ്യവസായമന്ത്രിയുടെ ബിസിനസ് ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്നും സി.എം.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പി.വി.കെ. നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
കിനാലൂരില്‍ ആരംഭിക്കാന്‍ പോകുന്ന വ്യവസായ സംരംഭം, അതിനാവശ്യമായ ഗതാഗതസൌകര്യം എന്നിവയെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് നാഷനല്‍ ലോയേഴ്സ് ഫോറം ആവശ്യപ്പെട്ടു.

മാധ്യമം മെയ് 9

തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ സമാജവാദി ജനപരിഷത്തിനു് കലപ്പ ചിഹ്നം

.



ആന മുതല്‍ വിസില്‍ വരെ തെരഞ്ഞെടുപ്പ്‌ ചിഹ്നം


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ സെപ്‌റ്റംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ കക്ഷികള്‍ക്കും സ്വതന്ത്രന്മാര്‍ക്കുമുള്ള ചിഹ്നങ്ങളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ 2010 മെയ് 7നു് പ്രസിദ്ധീകരിച്ചു.


ദേശീയ-സംസ്ഥാന കക്ഷികള്‍ക്ക്‌ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍, അനുവദിച്ച അതേ ചിഹ്നങ്ങള്‍ ലഭിക്കും. സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍ നിന്ന്‌ ഊന്നുവടി, പൂവും പുല്ലും എന്നീ ചിഹ്നങ്ങള്‍ ഒഴിവാക്കി പകരം ഹെല്‍മറ്റ്‌, മൊബൈല്‍ ഫോണ്‍ എന്നിവ ഉള്‍പ്പെടുത്തി.


ദേശീയ കക്ഷികളും ചിഹ്നങ്ങളും: ബിഎസ്‌പി -ആന, ബിജെപി -താമര, സിപിഐ- ധാന്യക്കതിരും അരിവാളും, സിപിഎം -ചുറ്റികയും അരിവാളും നക്ഷത്രവും, കോണ്‍ഗ്രസ്‌ -കൈ, എന്‍സിപി -ക്ലോക്ക്‌, ആര്‍ജെഡി -റാന്തല്‍.


സംസ്ഥാന കക്ഷികളും ചിഹ്നങ്ങളും: കേരള കോണ്‍ഗ്രസ്‌ -സൈക്കിള്‍, കേരള കോണ്‍ഗ്രസ്‌ എം -രണ്ടില, മുസ്ലിം ലീഗ്‌ -ഏണി, ജനതാദള്‍ എസ്‌ - തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷകസ്‌ത്രീ.


മറ്റു് കക്ഷികളും ചിഹ്നങ്ങളും: അറുപത്തഞ്ച്‌ സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍ നിന്ന്‌, രജിസ്‌ട്രേഷനുണ്ടെങ്കിലും അംഗീകാരമില്ലാത്ത പതിനേഴ്‌ രാഷ്‌ട്രീയ കക്ഷികള്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചിട്ടുണ്ട്‌. ഈ കക്ഷികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മാത്രമായിരിക്കും നിശ്ചിത ചിഹ്നം ലഭിക്കുക. അവര്‍ മത്സരിക്കാത്ത വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക്‌ ഈ ചിഹ്നങ്ങള്‍ അനുവദിക്കും.


എഡിഎംകെ -തൊപ്പി, ഭാരതീയ ജനശബ്‌ദ്‌ -ടെലിഫോണ്‍, സി എം പി -വിമാനം, കോണ്‍ഗ്രസ്‌ (എസ്‌) -കായ്‌ഫലമുള്ള തെങ്ങ്‌, ഐ എന്‍ എല്‍ -ത്രാസ്‌, ജനതാദള്‍ യു -അമ്പ്‌, കേരള കോണ്‍ഗ്രസ്‌ ബി - ആപ്പിള്‍, കേരള കോണ്‍ഗ്രസ്‌ സെക്കുലര്‍ -ഉദയസൂര്യന്‍, കെ ആര്‍ എസ്‌ പി (ബേബിജോണ്‍) -നക്ഷത്രം, ആര്‍ എസ്‌ പി ബി - കത്തുന്ന പന്തം, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ -താഴും താക്കോലും, ആര്‍ എസ്‌ പി -മണ്‍വെട്ടിയും മണ്‍കോരിയും, സമാജ്‌വാദിപാര്‍ട്ടി - കാര്‍, സമാജവാദി ജനപരിഷത്ത്‌ -കലപ്പ , സെക്കുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടി -കുട, ശിവസേന-അമ്പുംവില്ലും, പിഎസ്‌പി -കുടില്‍.


മറ്റ്‌ സ്വതന്ത്ര ചിഹ്നങ്ങള്‍ :- അലമാര, ബസ്‌, മണി, മഴു, ബ്ലാക്‌ ബോര്‍ഡ്‌, ബാറ്റ്‌, ബ്രീഫ്‌കേസ്‌, വഞ്ചി, തൊട്ടി, മെഴുകുതിരികള്‍, ആണ്‍കുട്ടിയും പെണ്‍കുട്ടിയും, കപ്പും സോസറും, മൂന്നു നക്ഷത്രങ്ങളുള്ള കൊടി, ചെണ്ട, ഇലക്‌ട്രിക്‌ ബള്‍ബ്‌, ഗ്യാസ്‌ സിലിണ്ടര്‍, കൈവണ്ടി, സീലിങ് ഫാന്‍, ശംഖ്‌, കസേര, വിളവെടുക്കുന്ന കര്‍ഷകന്‍, ഗ്യാസ്‌ സ്റ്റൗവ്‌, ഗ്ലാസ്‌ ടംബ്ലര്‍, ഹെല്‍മറ്റ്‌, ഹാര്‍മോണിയം, മഷിക്കുപ്പിയും പേനയും, പട്ടം, ജീപ്പ്‌, എഴുത്തുപെട്ടി, കപ്പല്‍, കത്രിക, ഷട്ടില്‍, മേശ, കണ്ണട, മേശവിളക്ക്‌, ടെലിവിഷന്‍, കോര്‍ത്തിരിക്കുന്ന രണ്ട്‌ വാള്‍, പമ്പരം, രണ്ടു വാളും പരിചയും, വൃക്ഷം, വിസില്‍.

പിന്നീടുചേര്‍‍ത്തത്......

സിംഹം ചിഹ്നം അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്കിന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിംഹം ചിഹ്നം അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്കിന് അനുവദിച്ചു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ജൂണ്‍ 29ന് ഉത്തരവ് പുറപ്പെടുവിച്ചു. സിംഹം ചിഹ്നമായി ലഭിക്കണമെന്നു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഫോര്‍വേഡ് ബ്ലോക്കും കമ്മിഷനെ സമീപിച്ചിരുന്നു.
സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍പ്പെട്ട സിംഹം ചിഹ്നത്തിനു ആദ്യം അപേക്ഷ നല്‍കിയതിനാല്‍ തങ്ങള്‍ക്കു തന്നെ ചിഹ്നം ലഭിക്കണമെന്നു ടി.എം. ജേക്കബും പശ്ചിമ ബംഗാളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരമുള്ള തങ്ങള്‍ക്ക് അവിടെ ചിഹ്നമായി ലഭിച്ച സിംഹം കേരളത്തിലും ലഭിക്കണമെന്നു ഫോര്‍വേഡ് ബ്ലോക്കിന്‍റെ ദേശീയ സെക്രട്ടറി ജി. ദേവരാജനും ഹിയറിങ്ങില്‍ ആവശ്യപ്പെട്ടിരുന്നു.

ജേക്കബ്‌ ഗ്രൂപ്പിന്റെ ചിഹ്നം വിളവെടുക്കുന്ന കര്‍ഷകന്‍


അംഗീകാരമില്ലാത്ത രജിസ്‌ട്രേഡ്‌ കക്ഷിയായ കേരള കോണ്‍ഗ്രസി(ജേക്കബ്‌)ന്‌ 'വിളവെടുക്കുന്ന കര്‍ഷകന്‍' ചിഹ്നമായി അനുവദിച്ച്‌ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ജൂലൈ 2ന് ഉത്തരവ്‌ പുറപ്പെടുവിച്ചു.


തെരഞ്ഞെടുപ്പ്‌ ചിഹ്നം


സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍


Chief Electoral Officer, Kerala



കലപ്പ സോഷ്യലിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു
.