2010/07/10

ജനാധിപത്യ ധ്വംസനം നടത്തിയവര്‍ അധികാരത്തില്‍ തുടരുന്നു -കുല്‍ദീപ് നയ്യാര്‍

.


അടിയന്തരാവസ്ഥ തടവുകാരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കണം

കൊച്ചി: അടിയന്തരാവസ്ഥക്കാലത്ത് കുറ്റകൃത്യങ്ങള്‍ക്കും ജനാധിപത്യ ധ്വംസനങ്ങള്‍ക്കും നേതൃത്വം നല്‍കിയവര്‍ ഇന്നും ഭരണതലങ്ങളില്‍ തുടരുകയാണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അഭിപ്രായപ്പെട്ടു. ജൂലായ് 9-നു് എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥവിരുദ്ധ കണ്‍വെന്‍ഷന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ദിരാഗാന്ധിക്ക് രാജിവെച്ചൊഴിയേണ്ടിവന്നത് ജനാധിപത്യ ശക്തികളുടെ ജാഗ്രതകൊണ്ടു മാത്രമാണ്. എന്നാല്‍, ജനാധിപത്യത്തെ തകര്‍ക്കുന്നതില്‍ പങ്കാളികളായവരില്‍ പലരും ഇന്ന് പശ്ചാത്തപിക്കാന്‍ പോലും തയ്യാറാകാതെ ഭരണതലങ്ങളില്‍ തുടരുകയാണ്. ഭോപ്പാല്‍ വിഷവാതക ദുരന്തമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നും നയ്യാര്‍ വ്യക്തമാക്കി.


രാജ്യത്ത്‌ വികസനത്തിന്റെ പേരില്‍ കോര്‍പറേറ്റ്‌ കുത്തകകളുടെ താത്‌പര്യങ്ങള്‍ മാത്രമാണ്‌ നടപ്പാക്കുന്നതെന്ന്‌ കുല്‍ദീപ്‌ നയ്യാര്‍ പറഞ്ഞു തീവ്രവാദബന്ധമുള്ളവരെന്നും മാവോയിസ്റ്റ്‌ എന്നും പറഞ്ഞ്‌ എന്തും ചെയ്യാന്‍ കഴിയുന്ന സാഹചര്യമാണ്‌ രാജ്യത്ത്‌ നിലനില്‌ക്കുന്നത്‌. ഇത്തരമൊരു സാഹചര്യം അടിയന്തിരാവസ്ഥാനാളുകളെയാണ്‌ ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയത്തില്‍ ഇന്ന്‌ ധാര്‍മികതയും മൂല്യവും ഇല്ലാതായിക്കൊണ്‌ടിരിക്കുകയണ്‌, ധാര്‍മികതയെയും മൂല്യത്തെയും രാഷ്‌ട്രീയത്തില്‍നിന്ന്‌ ഒഴിവാക്കുന്നതിന്റെ തുടക്കം അടിയന്തിരാവസ്ഥയിലുടെ ഇന്ദിരാഗാന്ധിയാണ്‌ തുടങ്ങിവെച്ചതെന്നും കുല്‍ദീപ്‌ നയ്യാര്‍ പറഞ്ഞു.

അടിയന്തിരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്‌തതിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരെ രാഷ്‌ട്രീയത്തടവുകാരായി അംഗീകരിക്കണമെന്ന പ്രമേയം കണ്‍വന്‍ഷന്‍ അംഗീകരിച്ചു. പഞ്ചാബ്‌, ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടിയാന്തിരാവസ്ഥാ തടവുകാരെ രാഷ്‌ട്രീയ തടവുകാരായി അംഗീകരിച്ചുകൊണ്‌ട്‌ അവര്‍ക്ക്‌ പെന്‍ഷന്‍ അടക്കമുളള ആനുകൂല്യങ്ങള്‍ നല്‍കുന്നുണെ്ടന്നും കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ അടിയന്തിരാവസ്ഥ തടവുകാരെ രാഷ്‌ട്രീയതടവുകാരായി അംഗീകരിക്കുമെന്ന്‌ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും തുടര്‍നടപടികളുണ്‌ടായില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രമേയം ടി.എന്‍. ജോയി അവതരിപ്പിച്ചു.

ഹിന്ദ് മസ്ദൂര്‍ സഭ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ്, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം. ലോറന്‍സ്, പ്രൊഫ. നൈനാന്‍ കോശി പി സി ഉണ്ണിച്ചെക്കന്‍, എം എസ്‌ ജയകുമാര്‍, അയ്യപ്പഹുഗാര്‍, പ്രഫ. കെ അരവിന്ദാക്ഷന്‍, ഡോ. സെബാസ്റ്റ്യന്‍പോള്‍, ചാള്‍സ്‌ ജോര്‍ജ്‌, അഡ്വ. പി കെ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ലളിതകലാ അക്കാദമി ചെയര്‍മാന്‍ സി എന്‍ കരുണാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇരുപതോളം ചിത്രകാരന്മാര്‍ തങ്ങളുടെ സൃഷ്‌ടികള്‍ പ്രദര്‍ശനത്തിനു് നല്‍കിയിരുന്നു.

ഫോട്ടോ: ഹിന്ദ് മസ്ദൂര്‍ സഭ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ് യോഗത്തെ സംബോദന ചെയ്യുന്നു. വലത്തേയറ്റത്ത് നൈനാന്‍ കോശി. -മാതൃഭൂമി
.

2010/07/09

കിനാലൂര്‍ നാലുവരിപ്പാത: ലക്ഷ്യം ഭൂമി കച്ചവടം

ബാലുശേരി: കിനാലൂരില്‍ ഭൂമി കൈമാറിയ ചെരുപ്പു നിര്‍മാണ കമ്പനികള്‍ക്കു കണ്ടെയ്നര്‍കൊണ്ടു പോകാനെന്നു പറഞ്ഞു നാലുവരിപ്പാത നിര്‍മിക്കാനുള്ള നീക്കത്തില്‍ സമാജ‌വാദി ജന പരിഷത്ത് പ്രതിഷേധിച്ചു. നേരത്തെ ഇവിടേക്കു മലേഷ്യന്‍ കമ്പനിക്കാരെ സ്വീകരിച്ചാനയിച്ച വകയില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവഴിച്ച തുകയുടെ കണക്ക് വെളിപ്പെടുത്തണം.പുതിയ പാത നിര്‍മാണത്തിനായി പൊലീസും സിപിഎമ്മും ഒന്നിച്ചിരിക്കുകയാണ്. സമരം ചെയ്യുന്നവരുടെ ഭൂമി അക്രമ മാര്‍ഗത്തിലൂടെ പിടിച്ചെടുക്കുന്ന നന്ദിഗ്രാം മോഡലാണ് ഇവിടെ നടക്കാന്‍ പോകുന്നത്. ഇതിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിനു പിന്തുണ നല്‍കാനും സമാജ്‌വാദി ജന പരിഷത്ത് ജില്ലാസമിതി തീരുമാനിച്ചു. സുരേഷ് നരിക്കുനി ആധ്യക്ഷ്യം വഹിച്ചു. അഡ്വ. കുതിരോട്ട് പ്രദീപന്‍, പി. ടി. മുഹ്മദ് കോയ എന്നിവര്‍ പ്രസംഗിച്ചു.

മലയാള മനോരമ

2010/07/08

ദേശീയപാത: സര്‍വകക്ഷി തീരുമാനം നടപ്പിലാക്കണമെന്ന്‌ എന്‍എപിഎം

കൊച്ചി,ജൂലായ് 7: ബിഒടി വ്യവസ്ഥയിലല്ലാതെ ആയിരക്കണക്കിന്‌ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാതെ 30 മീറ്ററില്‍ നാലുവരി പാത നിര്‍മിക്കാനുള്ള സര്‍വകക്ഷി തീരുമാനം നടപ്പിലാക്കണമെന്ന്‌ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍എപിഎം) സംസ്ഥാന സമിതിയോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കേരളത്തിലെ എല്ലാ ജനകീയ സമരങ്ങളെയും നവസാമൂഹ്യ പ്രസ്ഥാനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മഹാസംഗമം ആഗസ്റ്റ്‌ 7,8 തീയതികളില്‍ തൃശൂരില്‍ നടത്തുമെന്ന്‌ എന്‍എപിഎം സംസ്ഥാന സമിതി അറിയിച്ചു.

ഈ സംഗമത്തില്‍ മേധാപട്ക്കര്‍ ഉള്‍പ്പടെയുള്ള ദേശീയനേതാക്കള്‍ പങ്കെടുക്കുമെന്ന്‌ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജിയോ ജോസ്‌ പറഞ്ഞു. യോഗത്തില്‍ സി.ആര്‍.നീലകണ്ഠന്‍, സ്വതന്ത്ര മല്‍‍സ്യ ത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി.പീറ്റര്‍, സോഷ്യലിസ്റ്റ് നേതാവു് ജോഷി ജേക്കബ്‌, പിടിഎം ഹുസൈന്‍, കേരള സര്‍വോദയമണ്ഡലത്തിന്റെ ഈസാബിന്‍ അബ്ദുള്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു.

2010/06/16

ആന്‍ഡേഴ്‌സണേക്കാള്‍ വിഷം വമിക്കുന്നവര്‍

.
അഡ്വ. ജോഷി ജേക്കബ്‌

(സമാജവാദി ജനപരിഷത്തിന്റെ അഖിലേന്ത്യാ സെക്രട്ടറി)

ഭോപ്പാല്‍ ദുരന്തത്തിന്റെ വിധി വന്നപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ ഏതാനും പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്‌.

ആയിരങ്ങള്‍ മരിച്ച സംഭവത്തില്‍ 26 വര്‍ഷങ്ങള്‍ക്കുശേഷം വന്ന വിധിയില്‍ രണ്ടുവര്‍ഷം തടവുശിക്ഷ മാത്രമാണ്‌ വിധിച്ചത്‌, യൂണിയന്‍ കാര്‍ബൈഡ്‌ മേധാവിയായ വാറന്‍ ആന്‍ഡേഴ്‌സണെക്കുറിച്ച്‌ വിധിയില്‍ പരാമര്‍ശമില്ല, പ്രതികള്‍ക്ക്‌ ഉടന്‍ ജാമ്യമനുവദിച്ചു എന്നിവയാണു ശ്രദ്ധിക്കേണ്ട ഈ പരാമര്‍ശങ്ങള്‍.

ഇന്ത്യന്‍ ശിക്ഷാ നിയമം 304 എ വകുപ്പ്‌ പ്രകാരമുള്ള കുറ്റം മാത്രമേ നിലനില്‍ക്കൂ എന്ന സുപ്രീംകോടതിയുടെ തീര്‍പ്പനുസരിച്ചാണ്‌ വിചാരണക്കോടതി കുറ്റം ചുമത്തിയതും വിധി പ്രസ്‌താവിച്ചതും. കുറ്റം ചെയ്‌തതായി കണ്ട വകുപ്പനുസരിച്ചുള്ള പരമാവധി ശിക്ഷയായ രണ്ടുവര്‍ഷം തടവും കോടതി പ്രതികള്‍ക്കു നല്‍കി.

വാറന്‍ ആന്‍ഡേഴ്‌സണ്‌ സമന്‍സും വാറന്റും അയച്ച്‌ വിചാരണയ്‌ക്കു കോടതിയിലെത്തിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ അറസ്‌റ്റ് വാറന്റ്‌ നിലനിര്‍ത്താനേ കോടതിക്കു കഴിയുകയുള്ളൂ. വിദേശത്തുള്ള കുറ്റവാളിയെ സര്‍ക്കാര്‍തലത്തില്‍ വിദേശ സര്‍ക്കാരുമായി ബന്ധപ്പെട്ടാണ്‌ കോടതിക്കു മുന്നില്‍ കൊണ്ടുവരേണ്ടത്‌. സ്വാഭാവികമായും പിടികിട്ടാപ്പുള്ളിയുടെയും കോടതിയില്‍ ഹാജരായ മറ്റു പ്രതികളുടെയും കേസുകള്‍ രണ്ടാക്കി വിഭജിച്ച്‌ വിചാരണ നടത്തേണ്ടതുണ്ട്‌. അപ്രകാരം ആന്‍ഡേഴ്‌സണെതിരേയുള്ള കേസ്‌ നിലനിര്‍ത്തിക്കൊണ്ട്‌ മറ്റ്‌ പ്രതികള്‍ക്കെതിരേ വിചാരണ നടത്തി വിധി പ്രസ്‌താവിക്കുമ്പോള്‍ ഇനിയും വിചാരണ നേരിടാനിരിക്കുന്ന ഒരു പ്രതിയെക്കുറിച്ച്‌ വിധിയില്‍ പരാമര്‍ശിക്കുവാന്‍ കോടതി ബാധ്യസ്‌ഥമല്ല.

മൂന്നാമതായി, മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിക്കപ്പെട്ട ഏതൊരു പ്രതിക്കും ചില പ്രത്യേക സ്‌ഥിതിവിശേഷങ്ങളിലൊഴികെ അപ്പീല്‍ ബോധിപ്പിക്കുന്ന കാലാവധി വരെ ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്‌. കോടതിയെക്കുറിച്ച്‌ ദുസൂചനകള്‍ ധ്വനിപ്പിക്കുന്നതരത്തില്‍ വാര്‍ത്തകള്‍ ജനിച്ചതും പ്രചരിച്ചതും മാധ്യമരംഗത്തെ അപക്വതയും സൂക്ഷ്‌മതയില്ലായ്‌മയുമാണ്‌ സൂചിപ്പിക്കുന്നത്‌.

വാതക ദുരന്തത്തിലെ പ്രതിയായ അമേരിക്കന്‍ മേധാവി വാറന്‍ ആന്‍ഡേഴ്‌സണ്‍ വിചാരണ നേരിടാതെ നില്‍ക്കുന്നെങ്കില്‍ ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണ്‌. ഇന്ത്യയില്‍ നടന്ന കുറ്റകൃത്യത്തില്‍ പ്രതിയായ ആന്‍ഡേഴ്‌സണെ രാജ്യാന്തര തലത്തില്‍ കുറ്റവാളികളെ കൈമാറുന്ന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ വിചാരണയ്‌ക്കു കൊണ്ടുവരുന്നതിനു കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും ഇച്‌ഛാശക്‌തി കാണിച്ചിട്ടില്ല. ആന്‍ഡേഴ്‌സണെ ഒഴിവാക്കിയിട്ടില്ല ആന്‍ഡേഴ്‌സണെതിരേയുള്ള കേസ്‌ നിലനില്‍ക്കുകയാണെന്നു കേന്ദ്ര നിയമമന്ത്രി പറയുമ്പോള്‍ എന്തുകൊണ്ടാണ്‌ അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇച്‌ഛാശക്‌തി കാണിക്കാത്തതെന്ന്‌ വിശദീകരിക്കുവാന്‍ അദ്ദേഹത്തിനു ബാധ്യതയുണ്ട്‌. കൂടാതെ ആന്‍ഡേഴ്‌സണെതിരായ കേസ്‌ നിലനില്‍ക്കുന്നുണ്ടെന്നു പറയുമ്പോഴും വിചാരണയില്‍നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തെ എന്നെങ്കിലും വിചാരണയ്‌ക്കു കൊണ്ടുവരുമോ ഇല്ലയോ എന്ന സംഗതിയും അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയതന്ത്രപരമായും രാഷ്‌ട്രീയമായും എന്തു നടപടികളും സമ്മര്‍ദങ്ങളുമാണ്‌ ഇനി കൈക്കൊള്ളുകയെന്നും വിശദീകരണം ലഭിക്കേണ്ടതുണ്ട്‌.

നിരപരാധികളായ പൊതുജനങ്ങളെ ബോംബുസ്‌ഫോടനത്തില്‍ കൊലചെയ്യുന്ന നീചന്മാരായ ഭീകര പ്രവര്‍ത്തകരേക്കാള്‍ ഒട്ടും കുറഞ്ഞ ഉത്തരവാദിത്തമല്ല ഭോപ്പാല്‍ ദുരന്തംപോലുള്ള കൂട്ടക്കശാപ്പില്‍ വാറന്‍ ആന്‍ഡേഴ്‌സണുള്ളത്‌.

ഡിസംബര്‍ മൂന്നിന്‌ ലോകത്തെ നടുക്കിയ ഭോപ്പാല്‍ ദുരന്തമുണ്ടായശേഷം ഡിസംബര്‍ ഏഴിനു ഫാക്‌ടറി സന്ദര്‍ശിക്കാനെത്തിയ വാറന്‍ ആന്‍ഡേഴ്‌ണനെ അറസ്‌റ്റ് ചെയ്യാനുള്ള ധൈര്യം ജില്ലാ ഭരണകൂടം കാണിച്ചു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി കോണ്‍ഗ്രസ്‌ നേതാവായ അര്‍ജുന്‍ സിംഗിനു വന്ന ഒരു ഫോണ്‍കോളിന്റെ അടിസ്‌ഥാനത്തില്‍ അദ്ദേഹം നിര്‍ദേശിച്ചതനുസരിച്ച്‌ അന്നത്തെ ചീഫ്‌ സെക്രട്ടറി വിളിച്ചുവരുത്തിയാണ്‌ ആന്‍ഡേഴ്‌സണെ താന്‍ മോചിപ്പിച്ചതെന്നാണ്‌ അന്നത്തെ കലക്‌ടറായ മോത്തിസിംഗ്‌ വെളിപ്പെടുത്തിയിട്ടുള്ളത്‌. കൂടാതെ ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി മോചിപ്പിച്ച ആന്‍ഡേഴ്‌സണ്‌ രാജ്യം വിടുന്നതിന്‌ സര്‍ക്കാര്‍ വിമാനം സജ്‌ജമാക്കി നിര്‍ത്തിയിട്ടുള്ളതായും കലക്‌ടറെ അറിയിച്ചിരുന്നു.

ആന്‍ഡേഴ്‌സണെ അമേരിക്കയില്‍നിന്ന്‌ വിചാരണയ്‌ക്ക് കൊണ്ടുവരുന്നതില്‍നിന്ന്‌ പിന്തിരിയുവാന്‍ അന്വേഷകരുടെ മേല്‍ വിദേശമന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തിയെന്ന്‌ സി.ബി.ഐ. ഉദ്യോഗസ്‌ഥന്‍ വെളിപ്പെടുത്തുന്നു. ആ സംഭവവും കോണ്‍ഗ്രസ്‌ ഭരണത്തിന്‍ കീഴിലാണ്‌.

അര്‍ജുന്‍സിംഗിനു വന്ന ഫോണ്‍വിളി ആരുടേതാണെന്ന ചോദ്യം പ്രസക്‌തമാണ്‌. അര്‍ജുന്‍സിംഗ്‌ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ആന്‍ഡേഴ്‌സണെ മോചിപ്പിച്ചതായിരിക്കാം എന്ന്‌ അന്നത്തെ സംസ്‌ഥാന മന്ത്രിസഭാംഗമായിരുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌സിംഗ്‌ പറഞ്ഞതിനു പിന്നില്‍ ആ ചോദ്യമാണെന്നു വേണം കരുതാന്‍. അമേരിക്കന്‍ സമ്മര്‍ദത്തിന്‌ വഴങ്ങിയായിരിക്കാം മോചിപ്പിച്ചതെന്ന്‌ ദിഗ്‌വിജയ്‌സിംഗ്‌ ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കുശേഷം പറയുമ്പോള്‍ മന്ത്രിസഭാംഗമായിരുന്ന ദിഗ്‌വിജയ്‌സിംഗിന്റെ ഉത്തരവാദിത്തം ഒഴിവാക്കുന്ന യാതൊന്നും ആ നീണ്ടകാലയളവിനുള്ളില്‍ ഒരിക്കലും സംഭവിച്ചിട്ടില്ല.

അമേരിക്കന്‍ സ്വാധീനത്തിന്‌ വഴങ്ങിയായിരിക്കാം അര്‍ജുന്‍സിംഗ്‌ മോചിപ്പിച്ചതെന്ന്‌ പറയുമ്പോള്‍ അതേ അര്‍ജുന്‍സിംഗ്‌ അധ്യക്ഷനായി കേന്ദ്രമന്ത്രിമാരുടെ ഉപസമിതി ഉണ്ടാക്കിയതും ഉപസമിതി മനഃപൂര്‍വം യാതൊന്നും ചെയ്യാത്തതും ദിഗ്‌വിജയ്‌സിംഗിന്‌ അലോസരമുണ്ടാക്കിയില്ല.

സംസ്‌ഥാന മുഖ്യമന്ത്രി മാത്രമല്ല അമേരിക്കന്‍ സ്വാധീനത്തിന്‌ വഴങ്ങിയതെന്ന്‌ മനസിലാക്കുവാന്‍ അധികം ബുദ്ധിമുട്ടേണ്ടതില്ല. വിമാനം ഒരുക്കി നിര്‍ത്തിയതുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ തലത്തിലാണ്‌ അമേരിക്കന്‍ സമ്മര്‍ദം വന്നതെന്ന്‌ സംശയലേശമന്യേ പറയുവാന്‍ കഴിയും. അപ്രകാരമാണെങ്കില്‍ കേന്ദ്രത്തില്‍നിന്നുള്ള ഫോണ്‍വിളി അത്ര ചെറിയ ഒരാളില്‍നിന്നാവില്ല. സോണിയാഗാന്ധി കുടുംബത്തിന്റെ വിശ്വസ്‌തനായ ദിഗ്‌വിജയ്‌സിംഗ്‌ ഫോണ്‍വിളി നടത്തിയ ഉന്നതനെ, അല്ലെങ്കില്‍ ഫോണ്‍ വിളിക്കാന്‍ നിര്‍ദേശിച്ച ഉന്നതനെ മൂടിവയ്‌ക്കുവാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്‌.

ഭോപ്പാല്‍ വാതക ദുരന്തവുമായി ബന്ധപ്പെട്ട സിവിലും ക്രിമിനലും ഉള്‍പ്പെടെയുള്ള കേസുകളെല്ലാം സുപ്രീംകോടതിയും സര്‍ക്കാരും കമ്പനിയും ഏകപക്ഷീയമായി തീരുമാനിച്ച 715 കോടി രൂപയ്‌ക്ക് തീര്‍പ്പാക്കിയിരിക്കുന്നുവെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആര്‍.എസ്‌. പാഠക്‌ ഉള്‍പ്പെടുന്ന ബെഞ്ച്‌ വിധി പ്രസ്‌താവിച്ചത്‌ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടും വലിയ ചതിയുമായിരുന്നു. മരണമടഞ്ഞവരുടെ ആശ്രിതരോ ശാരീരികക്ഷതമേറ്റവരോ ആയ ആര്‍ക്കും നഷ്‌ടപരിഹാരത്തിന്‌ അന്യായം ബോധിപ്പിക്കാമെന്നിരിക്കെ അവരെ ആരെയും കക്ഷികളാക്കാതെ സുപ്രീംകോടതി ഏകപക്ഷീയമായി തീര്‍പ്പുണ്ടാക്കിയത്‌ നീതിന്യായ തത്വങ്ങളുടെ തികഞ്ഞ ലംഘനമായിരുന്നു. കൂടാതെ ക്രിമിനല്‍കുറ്റം ചെയ്‌തിട്ടുണ്ടോ എന്ന്‌ പരിശോധിക്കേണ്ട വിചാരണക്കോടതിയുടെ മുന്നിലുള്ള പ്രശ്‌നം യഥാര്‍ഥ ആവലാതിക്കാരാരും അറിയാതെ അര്‍ഹമായതിലും വളരെ കുറഞ്ഞ ഒരു സംഖ്യ ആകെ നഷ്‌ടപരിഹാരമായി നിശ്‌ചയിച്ച്‌ ക്രിമിനല്‍ക്കേസും തീര്‍പ്പാക്കിയതായി വിധിച്ചതും നീതിന്യായ ചരിത്ത്രിന്റെ ലജ്‌ജാകരമായ അധ്യായമാണ്‌.

എന്നാല്‍ ആരോപണ വിധേയനായ ആര്‍.എസ്‌. പാഠകിനെ പ്രാഗ്‌ ആസ്‌ഥാനമായുള്ള അന്താരാഷ്‌ട്ര കോടതിയില്‍ ജഡ്‌ജിയായി രാജീവ്‌ഗാന്ധി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുകയും ബഹുരാഷ്‌ട്ര ഭീമനായ യൂണിയന്‍ കാര്‍ബൈഡ്‌ ആവശ്യമായ വോട്ടുകള്‍ വാങ്ങിക്കൊടുത്തു വിജയിപ്പിക്കുകയും ചെയ്‌തു.

കാര്‍ബൈഡ്‌ കമ്പനിയോടും ആന്‍ഡേഴ്‌സണോടുമുള്ള കൂറ്‌ അമേരിക്കന്‍ സ്വാധീനത്തിന്‌ വഴങ്ങിയ ഒരു അര്‍ജുന്‍സിംഗില്‍നിന്നല്ല എന്ന്‌ മനസിലാക്കുവാന്‍ ഒട്ടും പ്രയാസമില്ല.

എന്നാല്‍ രാജീവ്‌ഗാന്ധി സര്‍ക്കാര്‍ 1989ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട്‌ പുറത്തായി. പുതിയ കോണ്‍ഗ്രസേതര സര്‍ക്കാരിന്റെ കാലത്ത്‌ ആരോപണവിധേയനായ അന്നത്തെ ചീഫ്‌ ജസ്‌റ്റിസിന്റെ കാലാവധി കഴിഞ്ഞ്‌ വീണ്ടും ലോക കോടതി ജഡ്‌ജിയാവാനുള്ള ഊഴത്തിന്‌ ശ്രമിച്ചപ്പോള്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ അത്‌ നിരസിച്ചു. എന്നാല്‍ യൂണിയന്‍ കാര്‍ബൈഡിന്‌ തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന്‌ തെളിയിക്കുന്ന വിധം അയര്‍ലന്‍ഡിന്റെ പ്രതിനിധിയായി അദ്ദേഹത്തെ മത്സരിപ്പിച്ച്‌ വിജയിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു.

മാറിമാറി ഭരിച്ച കോണ്‍ഗ്രസും ബി.ജെ.പിയും കമ്യൂണിസ്‌റ്റ് പിന്തുണയോടെ ഭരിച്ചവരും ദുരന്തത്തിനിരയായവര്‍ക്കുവേണ്ടി അര്‍ഥവത്തായ യാതൊന്നും ചെയ്യാത്തതില്‍ ഐക്യമുന്നണിയാണ്‌.

ഇപ്പോഴിതാ വിചാരണക്കോടതിയുടെ വിധി വന്നതോടെ എല്ലാവരും ജാഗരൂകരായി അഭിനയിക്കുന്നു. ആഭ്യന്തരമന്ത്രി ചിദംബരം അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി പുനഃസംഘടിപ്പിച്ചു. ബി.ജെ.പിയുടെ സംസ്‌ഥാന സര്‍ക്കാരും നെടുങ്കന്‍ അവകാശവാദങ്ങള്‍ നിരത്തുന്നു.

എന്നാല്‍ ചിദംബരത്തിന്‌ എതിരേ ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്‌. ലണ്ടന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്താ കമ്പനിയിലെഓഹരിയിടപാടും ബാല്‍കോ ഓഹരി സ്‌റ്റെറിലൈറ്റിനു വിറ്റതിലെ ഇടപാടും

നോവാര്‍ട്ടീസ്‌ എന്ന ബഹുരാഷ്‌ട്ര കുത്തകയായ മരുന്നു കമ്പനിക്കുവേണ്ടി രായ്‌ക്കുരാമാനം കുത്തകാവകാശ നിയമത്തിലെ (പേറ്റന്റ്‌ നിയമം) ഭേദഗതിയുടെ ഓര്‍ഡിനന്‍സ്‌ ഇറക്കിയതും നെതര്‍ലന്‍ഡ്‌സില്‍നിന്നുള്ള വിദേശ ബാങ്കിന്‌ ലൈസന്‍സ്‌ നല്‍കുന്നതില്‍ വഴിവിട്ടു പ്രവര്‍ത്തിച്ചതുമെല്ലാം ചിദംബരത്തിന്റെ തൊപ്പിയിലെ തൂവലുകളാണ്‌.

രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ഭരണത്തിന്റെയും താക്കോല്‍സ്‌ഥാനങ്ങളില്‍ ബഹുരാഷ്‌ട്ര കുത്തകകളുടെ ഏജന്റുമാര്‍ നുഴഞ്ഞുകയറിയിരിക്കുകയാണെന്ന്‌ പകല്‍പോലെ വ്യക്‌തം. പ്ലാച്ചിമടയില്‍ ജലചൂഷണം നടത്തിയ കൊക്കകോളയ്‌ക്കുവേണ്ടി കണ്ണീരൊഴുക്കുന്ന കേരള വ്യവസായ സെക്രട്ടറി മുതല്‍ നയരൂപീകരണക്കാരും മുതല്‍മുടക്കുകാരും തമ്മില്‍ നല്ല ബന്ധമുണ്ടാക്കാനുള്ള ഇടനില ചെയ്യുന്ന ബ്രിഡ്‌ജ് എന്ന സര്‍ക്കാരിതര സംഘടനയ്‌ക്കു നേതൃത്വം നല്‍കുന്ന ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്‌സിംഗ്‌ ആലുവാലിയവരെ എന്തിനുവേണ്ടിയാണു നിലകൊള്ളുന്നതെന്നു ചിന്തിക്കണം.

കോണ്‍ഗ്രസ്‌, ബി.ജെ.പി. ചേരികളും കുറ്റാരോപിതരും കുപ്രസിദ്ധരുമായ സലീം കമ്പനിക്കുവേണ്ടി നന്ദിഗ്രാമില്‍ ജനങ്ങളെ നിര്‍ദയം വെടിവച്ചുകൊല്ലാന്‍പോലും മടിക്കാത്ത സി.പി.എം. പരിവാരങ്ങളും നയങ്ങളില്‍ യാതൊരു വ്യത്യാസവുമില്ലാത്ത മുലായം, ലാലു, മായാവതി കക്ഷികളും ഉള്‍പ്പെടെയുള്ള വ്യവസ്‌ഥാപിത രാഷ്‌ട്രീയകക്ഷികള്‍ ആന്‍ഡേഴ്‌സണ്‍മാരെ വിചാരണയ്‌ക്ക് കൊണ്ടുവരുമെന്ന്‌ വിശ്വസിക്കാനാവില്ല.

പാശ്‌ചാത്യമൂലധനത്തെയും വികസനത്തെയും ഉപാസിക്കുവാന്‍ പഞ്ചപുച്‌ഛമടക്കി നില്‍ക്കുന്ന വ്യവസ്‌ഥാപിത കക്ഷികള്‍ക്കൊന്നിനും 'അധ്യായം' അടഞ്ഞിട്ടില്ല. വിചാരണയ്‌ക്ക് ആന്‍ഡേഴ്‌സണെ വിട്ടുതരണമെന്ന്‌ അമേരിക്കയോട്‌ പറയുവാനുള്ള രാഷ്‌ട്രീയ ഇച്‌ഛാശക്‌തിയില്ല. ആന്‍ഡേഴ്‌സണെയും വരാനിരിക്കുന്ന അഭിനവ ആന്‍ഡേഴ്‌സണ്‍മാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ജനകീയ രാഷ്‌ട്രീയത്തിന്റെ പുതിയ ഒരു ശക്‌തി ഉണ്ടാകണം.

കടപ്പാടു് മംഗളം 2010 ജൂണ്‍ 16

2010/05/30

സോഷ്യലിസ്റ്റ് നേതാവ് ജി.പി.പ്രധാന്‍ അന്തരിച്ചു




പുനെ: മഹാരാഷ്ട്രത്തിലെ മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മഹാരാഷ്ട്ര മുന്‍ പ്രതിപക്ഷ നേതാവും എഴുത്തുകാരനുമായിരുന്ന ജി.പി. പ്രധാന്‍(88) മെയ് 29 നു് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പുണെയിലെ സാനെ ഗുരുജി ആശുപത്രിയിലായിരുന്നു അന്ത്യം.

മഹാരാഷ്ട്രത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജി.പി. പ്രധാന്‍ എന്ന് അറിയപ്പെടുന്ന ഗണേശ് പ്രഭാകര്‍ പ്രധാന്‍ ( Ganesh Prabhakar Pradhan )1922ഓഗസ്റ്റ് 26നു് ഒരിടത്തരം കുടുംബത്തില്‍ ജനിച്ചു. സ്വാതന്ത്ര്യ സമരസേനാനി കൂടിയായിരുന്ന പ്രധാന്‍ 1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1975 ല്‍ അടിയന്തരാവസ്ഥാ വേളയില്‍ ജയില്‍വാസം അനുഭവിച്ചു.

നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സോഷ്യലിസ്‌ററ്‌ ആശയങ്ങളെ ഇന്ത്യന്‍ രൂപത്തില്‍ അവതരിപ്പിച്ച പ്രധാന്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്‌.


പ്രധാന്റെ മൃതദേഹം അദ്ദേഹത്തിന്റെ മുന്‍ താല്‍പര്യപ്രകാരം വൈദ്യപഠനത്തിനായി വിട്ടുകൊടുത്തു.

പതിനെട്ടാം വയസ്സില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍‍ന്ന ഗണേശ് പ്രഭാകര്‍ പ്രധാന്‍ അന്ത്യശ്വാസം വരെയും സോഷ്യലിസ്റ്റായിരുന്നുവെന്നു് അടുത്ത സഖാവും സമാജവാദി ജനപരിഷത്തിന്റെ പ്രധാനനേതാക്കളിലൊരാളുമായ ഭായി വൈദ്യ അനുസ്മരിച്ചു. സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് ലിംഗരാജ്, ദേശീയ വൈസ് പ്രസിഡന്റ് സുനില്‍ ഗുപ്ത ദേശീയ സെക്രട്ടറി ജോഷി ജേക്കബ് തുടങ്ങിയവരും ജി പി പ്രധാനന്റെ വിയോഗത്തില്‍ അനുശോചിച്ചു.പ്രധാനന്‍ വര്‍ഷങ്ങളായി സജീവരാഷ്ട്രീയത്തില്‍‍ നിന്നു് വിട്ടു നില്‍‍ക്കുകയായിരുന്നുവെങ്കിലും സമാജവാദി ജനപരിഷത്തിനോടു് അനുഭാവം പുലര്‍‍ത്തിയിരുന്നുവെന്നു് ദേശീയ സെക്രട്ടറി ജോഷി ജേക്കബ് അനുസ്മരിച്ചു.

പ്രധാന്‍റെ വേര്‍പാടില്‍ മഹരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാല്‍, കേന്ദ്രമന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവു ദേശ് മുഖ് തുടങ്ങിയ നേതാക്കള്‍ ജി.പി.പ്രധാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ലളിതജീവിതവും ഉയര്‍‍ന്ന ചിന്തയുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിനു് തീരാനഷ്ടമാണെന്നു് കേന്ദ്ര മന്ത്രി വിലാസ് റാവു നായിക് പറഞ്ഞു. ജി പി പ്രധാനന്റെ ജീവിതം വരും തലമുറയ്ക്കു് പ്രചോദനമാകുമെന്നു് കേന്ദ്ര മന്ത്രി സുശീല് കുമാര ഷിന്‍‍‍ഡേ പറഞ്ഞു. മഹാരാഷ്ട്രത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനിന്നിരുന്ന അതികായരിലൊരാളായിരുന്നു അദ്ദേഹമെന്നു് ഉപമുഖ്യമന്ത്രി ഛഗന് ഭുജ്‍ബല് അനുസ്മരിച്ചു.

ഫോട്ടോ 1 (മുകളില്‍ ) ജി.പി. പ്രധാന്‍ കടപ്പാട് പുണെ മിറര്‍

ഫോട്ടോ 2 (താഴെ) അണ്ണാ ഹസാരെ പുനെയിലെ സാനെ ഗുരുജി ആശുപത്രിയില്‍‍ ജി.പി. പ്രധാന് ആദരാഞ്ജലിയര്‍‍പ്പിക്കുന്നു. കടപ്പാട് ഇന്ത്യന്‍ എക്സ്പ്രസ്സ്

Veteran socialist leader GP Pradhan passes away in Pune


I feel like an orphan now: Hazare

.

2010/05/22

പാലേരിയില്‍ സി ആര്‍ നീലകണ്‌ഠനു നേരെ ഡി.വൈ.എഫ്‌.ഐ ആക്രമണം

കുറ്റിയാടി: പാലേരിയില്‍ സാംസ്‌്‌കാരിക സംഘടനയുടെ പൊതുയോഗം ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ കൈയേറി. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്‌ഠനു പരിക്കേറ്റു.
പ്രതിചിന്ത പാലേരി സംഘടിപ്പിച്ച ഒരു പൊതുപരിപാടിക്കു നേരെ പ്രകോപനമില്ലാതെ ഡി.വൈ.എഫ്‌.ഐക്കാര്‍ ആക്രമണം നടത്തുകയായിരുന്നു. മെയ് 20നു് വൈകീട്ട്‌ 6.30 ഓടെയാണ്‌ സംഭവം. കസേരകളെടുത്ത്‌ നീലകണ്‌ഠനെ പ്രഹരിച്ചു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ കൈ ഒടിയുകയും വയറിനു പരിക്കേല്‍ക്കുകയും ചെയ്‌‌തു. നീലകണ്‌ഠനെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. കണ്‌ടാലറിയുന്ന ഏതാനും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പേരാമ്പ്ര പോലിസ്‌ കേസെടുത്തു.

നീലകണ്‌ഠനെ മര്‍‍ദിച്ചതില്‍ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരായ യു കെ കുമാരന്‍, ടി പി രാജീവന്‍, കേരള സര്‍വോദയ മണ്ഡലം പ്രസിഡന്റു് തായാട്ട്‌ ബാലന്‍, സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ്‌ പയ്യട, പ്രഫ. ടി ശോഭീന്ദ്രന്‍ പ്രതിഷേധിച്ചു.
അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവര്‍ക്കു നേരെ മാന്യത കൈവിടുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആഹ്വാനത്തിന്റെ ആദ്യത്തെ ഇരയാണ്‌ സി ആര്‍ നീലകണ്‌ഠനെന്ന്‌ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്‌ എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു.
അവലംബം തേജസ്

വികസനം: ഇടതുപക്ഷ നിലപാടു് കിനാലൂരിലും ഒറീസയിലും

കിനാലൂരിലേക്കു നാലുവരിപ്പാത നിര്‍മിക്കുന്നതിനെതിരായി സമരം നടത്തുന്നവര്‍ വികസനവിരോധികളാണെന്നാണു് സി.പി.എമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഉറച്ച നിലപാട്‌. സമരരംഗത്തുള്ള ഗ്രാമവാസികളെ നയിക്കുന്ന സോഷ്യലിസ്റ്റുകളടക്കമുള്ളവരെ `വ്യാജ ഇടതുപക്ഷമെന്നും അറുപിന്തിരിപ്പന്മാരെന്നും മതതീവ്രവാദികളെന്നും' മുദ്രകുത്തുകയും ചെയ്യുന്നു. കിനാലൂര്‍ മോഡല്‍ സമരങ്ങള്‍ കേരളത്തിന്റെ വികസനത്തെ പിറകോട്ടടിപ്പിക്കുകയേയുള്ളൂ എന്നാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊതു കാഴ്‌ചപ്പാട്‌. മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ ഭാഗത്തു മാത്രമേ അല്‍പ്പം മയമുള്ളൂ.

വികസനത്തിന്റെ കാര്യത്തില്‍ സി.പി.എമ്മും സി.പി.ഐയുമെല്ലാം കേരളത്തില്‍ സാമാന്യേന കൈക്കൊണ്‌ടുപോരുന്ന സമീപനത്തിന്റെ പ്രത്യക്ഷോദാഹരണമാണ്‌ കിനാലൂര്‍. തങ്ങള്‍ ഭരണം കൈകാര്യം ചെയ്യുന്ന പ്രദേശങ്ങളില്‍ എന്തു് വിലകൊടുത്തും വിനാശകരമായതായാലും വികസനം നടപ്പില്‍വരുത്തിയേ തീരൂ അവര്‍ക്ക്‌. ഗ്രാമവാസികളെ കുടിയൊഴിപ്പിച്ചായാലും അവരുടെ കൃഷിഭൂമി പിടിച്ചെടുത്തുകൊണ്‌ടായാലുമൊക്കെ, ലക്ഷ്യം ഒന്നുതന്നെ- വികസനം.


അതേസമയം, ഒറീസയില്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കാഴ്‌ചപ്പാട്‌ വ്യത്യസ്‌തമാണു്. അത്തരം സന്ദര്‍ഭങ്ങളില്‍ ജനതാല്‍പ്പര്യത്തോടൊപ്പം മുന്‍നിര്‍ത്തി വിനാശകരമായ വ്യവസായങ്ങള്‍ വരുന്നതിനെതിരായി സി.പി.എം-സി.പി.ഐ കക്ഷികള്‍ നിലപാടെടുക്കുന്നു. നവീന്‍ പട്‌നായിക്‌ ഭരിക്കുന്ന ഒറീസയില്‍ പോസ്‌കോ ഇന്ത്യ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്റ്റീല്‍ പ്ലാന്റിനെതിരായുള്ള സമരത്തില്‍ സോഷ്യലിസ്റ്റുകളോടൊപ്പം സി.പി.ഐയും സി.പി.എമ്മും സജീവമാണ്‌. കിനാലൂരിലെ ജനകീയപ്രക്ഷോഭകര്‍ പറയുന്നതെന്താണോ, അതൊക്കെയാണു സി.പി.എമ്മും സി.പി.ഐയും ഫോര്‍വേഡ്‌ ബ്ലോക്കും സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ജനതാദളും ജെ.എം.എമ്മുമടങ്ങുന്ന കക്ഷികളും പറയുന്നത്‌. മെയ്‌ 15ന്‌ സമരക്കാരെ പിരിച്ചുവിടാന്‍ സായുധപോലിസ്‌ ലാത്തിച്ചാര്‍ജും വെടിവയ്‌പും നടത്തുകയുണ്ടായി. കൊറിയന്‍ കമ്പനിക്ക്‌ ഉരുക്കുപ്ലാന്റുണ്ടാക്കാന്‍ ജനങ്ങളുടെ ഭൂമി കവര്‍ന്നെടുക്കുന്ന നവീന്‍ പട്‌നായിക്കിന്റെ വ്യവസായനയത്തിനെതിരായാണ്‌ ഈ പ്രക്ഷോഭം. ചുരുക്കത്തില്‍, കിനാലൂരില്‍ നടക്കുന്നതെന്തോ, അതുതന്നെ.


ഒറീസയില്‍ നടക്കുന്ന ഈ പ്രക്ഷോഭത്തെപ്പറ്റി നമ്മുടെ വ്യവസായമന്ത്രി എളമരം കരീമും ധനമന്ത്രി തോമസ്‌ ഐസക്കും എന്തു പറയും? കിനാലൂരില്‍ സമരത്തിനു നേതൃത്വം നല്‍കുന്നത്‌ തീവ്രവാദികളാണെന്ന വാദം ശരിയാണെങ്കില്‍ ഒറീസയിലെ സമരത്തിനു പ്രചോദനമായി വര്‍ത്തിക്കുന്ന സി.പി.ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനെയും അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടേ? മൂന്നു ഗ്രാമപ്പഞ്ചായത്തുകളിലെ ജനങ്ങളാണ്‌ ബലിതൂത്തയില്‍ പോലിസിനെ തടഞ്ഞത്‌. അവരോട്‌ സംഭാഷണം നടത്തി പ്രശ്‌നം പരിഹരിക്കണമെന്നാണ്‌ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കാഴ്‌ചപ്പാട്‌. അവിടത്തെയും ഇവിടത്തെയും സി.പി.എം-സി.പി.ഐ കക്ഷികള്‍ വേറെവേറെയാണെന്നാണോ നാം കരുതേണ്‌ടത്‌?

കമ്യൂണിസ്റ്റുകളില്‍‍ നിന്നു് വ്യത്യസ്ഥമായി സോഷ്യലിസ്റ്റുകള്‍ ഒറീസയിലും കേരളത്തിലും ഒരേനിലപാടാണെടുക്കുന്നതു്. കിനാലൂരിലേക്കു നാലുവരിപ്പാത നിര്‍മിക്കുന്നതിനെതിരായ സമരത്തിലും പോസ്‌കോ ഇന്ത്യ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്റ്റീല്‍ പ്ലാന്റിനെതിരായുള്ള സമരത്തിലും സമാജവാദി ജനപരിഷത്ത് സജീവമായി പങ്കെടുക്കുന്നു. ഒറീസയിലായാലും കേരളത്തിലായാലും പോലിസ്‌ ജനകീയ പ്രക്ഷോഭകര്‍ക്കെതിരായി മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടുന്നതില്‍ സോഷ്യലിസ്റ്റുകള്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു.

- ഒരു ലേഖകന്‍
.