2011/04/06
സമാജവാദി ജനപരിഷത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
കാലടി: അങ്കമാലി മണ്ഡലത്തിലെ സമാജവാദി ജനപരിഷത്തിന്റെ സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ഞാളിയന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കണ്‍വീനര്‍ അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍ അധ്യക്ഷനായി. അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട, സംസ്ഥാന ട്രഷറര്‍ കെ. രമേഷ്, സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ഞാളിയന്‍, എ.എ. ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
2011/04/01
സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള പുതിയ രാഷ്‌ട്രീയത്തിന് കരുത്തേകുക: സമാജവാദി ജനപരിഷത്ത്
പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് ഞാളിയന്‍ അങ്കമാലി മണ്ഡലത്തിലെ സമാജവാദിജനപരിഷത്ത് സ്ഥാനാര്‍ത്ഥി
![]() |
| ഫ്രാന്‍സിസ് ഞാളിയന് |
പ്രിയ സമ്മതിദായകരെ,
2011 ഏപ്രില്‍ 13-ന് പതിമൂന്നാം കേരള നിയമസഭയിലേക്ക് നാം നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുകയാണല്ലോ. സാധാരണ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തുവാനും നിലനിര്‍ത്തുവാനും കഴിയുന്ന നയപരിപാടികള്‍ മുന്‍നിര്‍ത്തി വേണം നാം വരുന്ന അഞ്ചുവര്‍ഷത്തേയ്‌ക്കുള്ള കേരളത്തിന്റെ ഗതി നിര്‍ണയിക്കുന്നവരെ തെരഞ്ഞെടുക്കുവാന്‍. ഓരോ തവണയും തെരഞ്ഞെടുത്തുവിടുന്ന സര്‍ക്കാരുകളെ ചവിട്ടി പുറത്താക്കേണ്ട ഗതികേടിലാണ് കേരള ജനത. മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ജനങ്ങളുടെ യഥാര്‍ത്ഥ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അമ്പേപരാജയപ്പെടുന്നതിനാലാല്‍ ജനങ്ങള്‍ക്ക് മറ്റൊരു മാര്‍ഗവുമില്ലാതാവുന്നു.
പൊതുജീവിതത്തിലെ മൂല്യശോഷണവും സാധാരണ ജനങ്ങളുടെ സാമ്പത്തിക അരക്ഷിതാവസ്ഥയും സാമൂഹിക അസമത്വവും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ അധീശാധികാരവും കാര്‍ഷിക മേഖലയുടെ പ്രതിസന്ധികളും കാലങ്ങളായി കേരളം നേരിടുന്ന ഏറ്റവും പൊതുവായ പ്രശനങ്ങളാണ്. സര്‍ക്കാരുകള്‍ പലതവണ മാറിയിട്ടും അവയ്‌ക്കൊന്നും പരിഹാരമില്ല, മാത്രമല്ല അവയെല്ലാം മൂര്‍ച്ഛിച്ച് ഒരിക്കലും ആരെക്കൊണ്ടും പരിഹരിക്കാനാവില്ല എന്ന സ്ഥിതിവിശേഷത്തിലേയ്‌ക്കു രാഷ്‌ട്രീയത്തിലെ ശാക്തികചേരികള്‍ നമ്മെ നയിയ്‌ക്കുകയുമാണ്.
നമ്മുടെ സമൂഹത്തിന്റെ വളരെ ലളിതവും ഋജുവുമായ മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാവുന്നതും പരിഹരിക്കേണ്ടതുമാണ്. എന്നാല്‍ അതിനുപകരം സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്റെയും മറ്റൊരു വര്‍ണ്ണക്കാഴ്‌ചയാണ് എല്ലാ വ്യവസ്ഥാപിത രാഷ്‌ട്രീയശക്തികളും മുന്നോട്ടുവയ്‌ക്കുന്നത്. അത് ബാഹ്യമായി ചില സൗകര്യങ്ങളും സുഖവും ഒരുക്കുന്നുവെന്നത് ശരിയാണ്. എന്നാല്‍ അതോടൊപ്പം ലളിതമായി പരിഹരിക്കേണ്ട അടിസ്ഥാനപ്രശങ്ങളെ അത് വഷളാക്കുകയും സങ്കീര്‍ണ്ണമാക്കുകയുമാണ് മാത്രമല്ല കുടുതല്‍ ഗുരുതരമായ പുതിയ പ്രശ്‌നങ്ങള്‍ അത് ഉണ്ടാക്കുകയും ചെയ്യുന്നു. വെള്ളം പ്രകൃതിയില്‍ നിന്ന് സമൃദ്ധമായികിട്ടുന്ന നമ്മുടെ സംസ്ഥാനത്ത് കുടിവെള്ളക്ഷാമം; സൂര്യപ്രകാശവും കാറ്റും സമൃദ്ധമായ കേരളത്തില്‍ അത്‌പ്രയോജനപ്പെടുത്താതെ ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച് വായ്‌ത്താരി: ആ വൈരുദ്ധ്യങ്ങള്‍ മാത്രമല്ല പുതുതായിവരുന്ന ഗുരുതര പ്രശ്‌നങ്ങള്‍. മനുഷ്യരാശിയും സര്‍വ്വജീവജാലങ്ങളും നിലനിന്നുപോരുന്ന നമ്മുടെ ആവാസ വ്യവസ്ഥയെ തകിടം മറിച്ച് മനുഷ്യരാശിയുടെയും ജീവന്റെ തന്നെയും അതിജീവനം അപകടപ്പെടുത്തുന്ന സ്ഥിതിവിശേഷമാണിപ്പോള്‍. മനുഷ്യനും ജീവനും നിലനില്‍ക്കാനാവശ്യമായ ശുദ്ധവായുവും ശുദ്ധജലവും മാരകമായ വിധത്തില്‍ വിഷലിപ്‌തമാക്കി നമുക്ക് എത്രനാള്‍ മുന്നോട്ട് പോകുവാന്‍ കഴിയും? കേരളത്തിന്റെ ഏറ്റവും വലിയ ശുദ്ധജലവാഹിനിയായ പെരിയാറ്റിലെ വെള്ളത്തില്‍ കാഡ്‌മിയം, രസം തുടങ്ങിയ മാരകവിഷങ്ങള്‍ തള്ളി അതേവെള്ളം കുടിയ്‌ക്കുവാന്‍ വിതരണം ചെയ്യുന്ന സാമ്പത്തിക പുരോഗതിയുടെ യുക്തി മാത്രമൊന്നാലോചിച്ചാല്‍ മതി. മഹാനഗരങ്ങള്‍ ചീര്‍ത്ത് വളരുമ്പോള്‍ അവിടുത്തെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും മനുഷ്യാന്തസ്സിന് നിരക്കുന്ന ജീവിതം സ്വപ്‌നം കാണുവാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് അതിന്റെ മീതെ മെട്രോയും ഹൈട്ടെക്കും സ്‌മാര്‍ട്ട് സിറ്റിയും വല്ലാര്‍പാടം ടെര്‍മിനലും പണിതുയര്‍ത്തുന്നവര്‍ അവയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളായ സാമ്പത്തിക കുത്തകകള്‍ കാഴ്‌ച വെയ്‌ക്കുന്ന കോടാനുകോടി രൂപ വരുന്ന പണത്തിനുമുന്നില്‍ ജനങ്ങളെ മറക്കുന്നു. പരസ്യമായതും പരസ്യമാകാത്തതുമായ എണ്ണിയാലൊടുങ്ങാത്ത കോടികളുടെ അഴിമതി കൊള്ളകള്‍ നാട്ടുനടപ്പാകുവാന്‍ അതാണു കാരണം. ഏതുവിധേനയും പണംകുമിഞ്ഞു കൂട്ടുവാന്‍ തുനിഞ്ഞിറങ്ങുന്ന സ്ഥാപിത താല്‍പര്യക്കാര്‍ക്കെല്ലാം തഴച്ചുവളരുവാന്‍ അത് സാഹചര്യമുണ്ടാക്കും. മദ്യ, ലോട്ടറി, നിയമനത്തട്ടിപ്പ് തുടങ്ങിയ മാഫിയാകളും അഴിമതിയും മൂല്യശോഷണവും മറ്റും നമ്മുടെ രാജ്യത്തെയാകെ വിഴുങ്ങിയിരിയ്‌ക്കുന്നു
![]() |
| തെരഞ്ഞെടുപ്പു് ചിഹ്നം നാളികേരം |
എന്നാല്‍ അതിന്റെയെല്ലാം ഭാരം അവസാനമായി താങ്ങേണ്ടിവരുന്നത് ഗ്രാമങ്ങളും തീര മലയോരമേഖലകളുമാണ് വമ്പന്‍പാറമടകളും വിവേചനമില്ലാത്ത മണല്‍വാരലും മണ്ണുമാന്തലും ഗ്രാമനിവാസികള്‍ക്ക് ക്രമേണയായി ജീവിതം അസാദ്ധ്യമാക്കി തീര്‍ക്കുന്നു. മഹാത്മാഗാന്ധി നിരീക്ഷിച്ചതുപോലെ പ്രകൃതിയിലെ വിഭവങ്ങള്‍ എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ കണക്കിലെടുത്ത് വിവേചനപൂര്‍വ്വം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ ഇന്നത്തെ ആധുനിക വികസനം പുരാണത്തിലെ ബകന്റെ ഭക്ഷണരീതി പോലെ എത്രയെത്ര പ്രകൃതി വിഭവങ്ങള്‍ നശിപ്പിച്ച് തീര്‍ത്താലും മതിവരാതെ വാ തുറന്ന് നില്‍ക്കുകയാണ്.
എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി. തുടങ്ങിയ ശാക്തിക ചേരികളെല്ലാം അതിജീവനം തകര്‍ക്കുന്ന ഇന്നത്തെ വികസനത്തിന്റെ കാര്യത്തില്‍ സര്‍വ്വസമ്മതിയിലാണ് അതിന് കാരണം അവയുടെ ആശയങ്ങളും ദര്‍ശനപദ്ധതികളും അമ്പേ പരാജയപ്പെട്ടതും കാലഹരണപ്പെട്ടതുമാണ്. കാലങ്ങളായുള്ള നമ്മുടെ പ്രശ്‌നങ്ങളെ പരിഹരിയ്‌ക്കുവാനോ പുതിയ പ്രശ്‌നങ്ങളെ നേരിടുവാനോ സന്തുഷ്‌ടിയും സമാധാനവും ഉള്ള ഒരുജീവിതം ജനങ്ങള്‍ക്ക് നല്‍കുന്ന യഥാര്‍ത്ഥ പുരോഗതി കൈവരുത്തുവാനോ ഒരു വ്യവസ്ഥാപിത രാഷ്‌ട്രീയ കക്ഷിക്കും കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല. രണ്ടുരൂപയ്‌ക്കും ഒരു രൂപയ്‌ക്കും അരി വിതരണം ചെയ്യുവാന്‍ മത്സരിയ്‌ക്കുന്ന അവര്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളെ വഞ്ചിയ്‌ക്കുകയാണ്. കാര്‍ഷിക- ഭക്ഷ്യ ഉല്‍പാദനം തകര്‍ക്കുന്ന ഇന്നത്തെ വിനാശകരമായ വികസനം ഉയര്‍ത്തിപ്പിടിയ്‌ക്കുന്ന അവര്‍, വിതരണം ചെയ്യുവാന്‍ നാളെ അരിയെവിടെ എന്ന ചോദ്യം മനഃപൂര്‍വ്വം മറച്ചു വെയ്‌ക്കുകയാണ് . പ്രാണവായു, ശുദ്ധ ജലം, ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വിനോദം, അന്തസ്സ് തുടങ്ങിയഅടിസ്ഥാനാവശ്യങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഉറപ്പുവരുത്തുന്ന യഥാര്‍ത്ഥ വികസനം കൈവരുത്തുവാന്‍ മഹാത്മാഗാന്ധിയും ഡോ.ലോഹിയയും ജയപ്രകാശ് നാരായണനും ഡോ:അംബേഡ്‌കറും നല്‍കുന്ന ദിശയടെ പ്രകാശത്തില്‍ പുതിയ നയപരിപാടികള്‍ നമുക്കുണ്ടാവണം ഇന്ത്യയില്‍ നുറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ദലിതര്‍, ആദിവാസികള്‍, മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍, ദളിതക്രൈസ്‌തവര്‍, സ്‌ത്രീകള്‍ തുടങ്ങിയ ജനസമൂഹങ്ങളുടെ സമത്വം പ്രത്യേക അവസരങ്ങളിലൂടെ അധികാര പങ്കാളിത്തം വഴി വേണം നേടുവാന്‍. അക്കാര്യത്തിലും സമഗ്രവും നൂതനവുമായ കാഴ്‌ചപ്പാടുകള്‍ ഉണ്ടാവണം. പ്ലാച്ചിമടയിലും കിനാലൂരിലും മൂലമ്പിള്ളിയിലും എന്‍ഡോസള്‍ഫാന്‍ ഭൂമിയിലും ഉയരുന്ന ജനങ്ങളുടെ രോദനത്തില്‍ നിന്ന് പുതിയൊരു രാഷ്‌ട്രീയം കരുപ്പിടിപ്പിക്കണം.
സാമൂഹികവും സാമ്പത്തികവുമായ ഇത്തരം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സമാജവാദി ജനപരിഷത്ത്, അവയ്‌ക്കുവേണ്ടി പോരാടുന്ന വിവിധ ജനകീയ പ്രസ്ഥാനങ്ങള്‍ ചേര്‍ന്നു രൂപം കൊടുത്ത സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള ഒരു രാഷ്‌ട്രീയ പ്രസ്ഥാനമാണ്. സ്വാതന്ത്ര്യസമരത്തില്‍ ഉജ്ജ്വല പോരാട്ടങ്ങള്‍ നയിച്ച ജയപ്രകാശ് നാരായണന്റെയും ഡോ. റാം മനോഹര്‍ ലോഹിയയുടെയും മറ്റും നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ സോഷ്യലിസ്റ്റു് പ്രസ്‌ഥാനത്തിന്റെ പുതിയ ഘട്ടമാണ് സമാജവാദിജനപരിഷത്ത്. പുതിയ രാഷ്‌ട്രീയത്തിന്റെ പുതിയ നയപരിപാടികളോടെ രാജ്യമൊട്ടാകെ സമാധാനപരമായ പോരാട്ടങ്ങള്‍ ആഗോളവല്‍ക്കരണത്തിനെതിരെ നടത്തുന്ന സമാജവാദി ജനപരിഷത്ത് സാമൂഹിക-സാമ്പത്തിക സമത്വത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്.
പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന് ഇതിനോടകം ജനവിശ്വാസം നേടിയ ഫ്രാന്‍സിസ് ഞാളിയനെ സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള പുതിയ രാഷ്‌ട്രീയത്തിന്റെ പ്രതിനിധിയായി അങ്കമാലി മണ്ഡലത്തില്‍ സമാജവാദിജനപരിഷത്ത് ജനസമ്മതിയ്‌ക്കായി മത്സരിപ്പിക്കുകയാണ്. മണ്ണ് മാഫിയയുടെയും പാറമട ലോബിയുടെയും ആക്രമണങ്ങള്‍ക്കും വധഭീഷണികള്‍ക്കും മുമ്പില്‍ മുട്ടുമടക്കാതെയും പ്രലോഭനങ്ങള്‍ക്ക് വശംവദനാകാതെയും ജനങ്ങളുടെ നന്മയ്‌ക്കുവേണ്ടി ഉറച്ചുനിന്ന് ജനാധിപത്യപരവും നിയമപരവുമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഫ്രാന്‍സീസ് ഞാളിയന് ഈ നിര്‍ണായക ഘട്ടത്തില്‍ വോട്ടുചെയത് പിന്തുണ നല്‍കുവാന്‍ മുഴുവന്‍ സമ്മതിദായകരോടും സവിനയം അഭ്യര്‍ത്ഥിക്കുന്നു. സമ്പൂര്‍ണ്ണ മാറ്റത്തിനുഉള്ള പുതിയ രാഷ്‌ട്രീയത്തിന് കരുത്തേകുവാന്‍ നമ്മുടെ ഓരോ വോട്ടും നാളികേരം അടയാളത്തില്‍ ചെയത് ഫ്രാന്‍സീസ് ഞാളിയനെ വിജയിപ്പിയ്‌ക്കുക.
സമാജവാദി ജനപരിഷത്ത് അങ്കമാലി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍
2011/03/10
രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പു് ചിഹ്നങ്ങളും
രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പു് ചിഹ്നങ്ങളും 2011 മാര്‍ച്ച് 8-ലെ വിജ്ഞാപനം ഇവിടെ
പഴയ വിജ്ഞാപനങ്ങള്‍ ഇവിടെയാണു്
തെരഞ്ഞെടുപ്പു് ചിഹ്നങ്ങളുടെ വ്യക്തതയുള്ള ചിത്രീകരണം ഇവിടെ കാണാം
പഴയ വിജ്ഞാപനങ്ങള്‍ ഇവിടെയാണു്
തെരഞ്ഞെടുപ്പു് ചിഹ്നങ്ങളുടെ വ്യക്തതയുള്ള ചിത്രീകരണം ഇവിടെ കാണാം
2011/02/25
എം.എ. ജോണിന് അന്ത്യാഞ്‌ജലി
താന്‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിച്ചോട്ടില്‍ എം.എ. ജോണിന് അന്ത്യനിദ്ര
കുറവിലങ്ങാട്: ഒത്തുതീര്‍പ്പുകള്‍ക്കും വിട്ടുവീഴ്‌ചകള്‍ക്കും തയാറാകാതെ ആദര്‍ശരാഷ്‌ട്രീയത്തിനായി ജീവിതാന്ത്യംവരെ പോരാടിയ എം.എ. ജോണിന് ആയിരങ്ങളുടെ അന്ത്യാഞ്‌ജലി. ഫെ 22നു് രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്നു് അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും പരിവര്‍ത്തനവാദിയുമായിരുന്ന എം.എ ജോണിന്റെ മൃതദേഹം സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ കുര്യനാട് മറ്റത്തില്‍ മാന്നുള്ളില്‍ വീടിനോടു ചേര്‍ന്നുള്ള വളപ്പില്‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിമരച്ചുവട്ടില്‍ തയാറാക്കിയ കല്ലറയില്‍ മതപരമായ ചടങ്ങുകളൊഴിവാക്കി സംസ്‌കരിച്ചു. ഫെ 24നു് വൈകിട്ട് നാലേകാലോടെയായിരുന്നു സംസ്‌കാരം. സംസ്‌കാരസമയത്തു കനത്ത മഴയായിരുന്നു.
മതാചാരങ്ങളില്‍നിന്ന് അകന്നു നിന്നിരുന്ന എംഎ ജോണ്‍ മരിക്കുന്നതിനു മുന്‍പ് മക്കളോടു നിര്‍ദേശിച്ചതനുസരിച്ചാണ് വീടിന്റെ മുന്‍വശത്ത് അദ്ദേഹംതന്നെ നട്ടുവളര്‍ത്തിയ ഇലഞ്ഞിമരച്ചുവട്ടില്‍ കല്ലറ ഒരുക്കിയത്. എം.എ. ജോണിന്റെ ഭാര്യ ലൂസിയാമ്മയും മൂത്ത മകള്‍ ജയശ്രീയും ചെറുമകളും പുഷ്‌പങ്ങള്‍ അര്‍പ്പിച്ചതോടെ മൃതദേഹം സംസ്‌കാരത്തിനായി പുറത്തേയ്‌ക്കെടുത്തു. കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്നാണ് മൃതദേഹം കല്ലറയിലേക്ക് ഇറക്കിയത്. തുടര്‍ന്ന് എല്ലാവരും പുഷ്‌പങ്ങള്‍ വിതറി ആവേശകരമായ മുദ്രാവാക്യങ്ങള്‍കൊണ്ട് കേരളത്തെ ഇളക്കിമറിച്ച ജനനേതാവിന് കോരിച്ചോരിയുന്ന മഴയത്തും യാത്രാമൊഴിയേകാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു. ജോണ്‍ നട്ടുവളര്‍ത്തിയ ഇലഞ്ഞിമരത്തിന്റെ ചുവട്ടില്‍ തയാറാക്കിയ കല്ലറയിലാണ് മൃതദേഹം അടക്കം ചെയ്‌തത്.
സര്‍ക്കാരിനുവേണ്ടി മന്ത്രി ജോസ് തെറ്റയില്‍ റീത്ത് സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, കെ.പി.സി.സി.-ഐ പ്രസിഡന്റ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം. മാണി, കോണ്‍ഗ്രസ് -ഐ നേതാവ് വി.എം. സുധീരന്‍, സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി ജോഷി ജേക്കബ്, സമാജവാദി ജനപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എബി ജോണ്‍ വന്‍നിലം, എം കുര്യന്‍, ഗാന്ധി സ്മാരക സേവാകേന്ദ്രം (കോട്ടയം) എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു് കിഴക്കു് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്, റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍, മുന്‍ മേഘാലയ ഗവര്‍ണര്‍ എംഎം ജേക്കബ്, മുന്‍ മന്ത്രിമാരായ ടി.യു. കുരുവിള, എ. നീലലോഹിതദാസന്‍നാടാര്‍, എ.സി. ഷണ്‍മുഖദാസ്, ടി.എച്ച്. മുസ്‌തഫ, ഡോ. എം.എ. കുട്ടപ്പന്‍, കെപിസിസി-ഐ വക്‌താവ് എം.എം. ഹസന്‍, എം.എല്‍.എമാരായ കെ. മുഹമ്മദാലി, ഡൊമിനിക് പ്രസന്റേഷന്‍, തോമസ് ചാഴികാടന്‍, മോന്‍സ് ജോസഫ്, കെ.സി. ജോസഫ്, വി.എന്‍. വാസവന്‍, മുന്‍ എം.പി.മാരായ കെ. സുരേഷ്‌കുറുപ്പ്, ഫ്രാന്‍സീസ് ജോര്‍ജ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ജോസഫ് വാഴയ്‌ക്കന്‍, ലതികാ സുഭാഷ്, റോസമ്മ ചാക്കോ, മുന്‍ സ്‌പീക്കര്‍ എ.സി. ജോസ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. രമേശന്‍, പ്രഫ. കെ.കെ. എബ്രാഹം, കുര്യന്‍ ജോയി, ബെന്നി ബഹനാന്‍, ഡോ. സെബാസ്‌റ്റിയന്‍ പോള്‍, എം.സി ജോസഫൈന്‍, കെ.എം.ഐ മേത്തര്‍, കെ.ബി മുഹമ്മദ്‌കുട്ടി, ഡോ. എ.ടി ദേവസ്യ, ഡോ. എം. ഗംഗാധരന്‍, സിവിക് ചന്ദ്രന്‍, ജോസഫ് പുലിക്കുന്നേല്‍ എം.സി. ജോസഫൈന്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട ഒട്ടേറെ പ്രമുഖര്‍ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
ജൈവദർശനം: ജോൺ....നികത്താനാകാത്ത നഷ്ടം...
തെരഞ്ഞെടുപ്പ് ചെലവ് പരിധി ഉയര്‍ത്തി
നവദല്‍ഹി: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്‌ഥാനാര്‍ഥികള്‍ക്കു് ചെലവഴിയ്ക്കാവുന്ന തുകയുടെ പരിധി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ലോക്‌സഭാ സ്‌ഥാനാര്‍ഥികള്‍ക്കു് ഇനി മുതല്‍ 40 ലക്ഷം രൂപയും നിയമസഭാ സ്‌ഥാനാര്‍ഥികള്‍ക്കു് 16 ലക്ഷം രൂപയും ചെലവഴിയ്ക്കാം. ഇതുവരെ ഇതു് 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുമായിരുന്നു. രാഷ്‌ട്രീയകക്ഷികളുടെ നിരന്തര ആവശ്യത്തേത്തുടര്‍ന്നാണു് തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധി ഉയര്‍ത്തിയത്.
2011/01/18
മാവോവാദികള്‍ അക്രമമാര്‍ഗം ഉപേക്ഷിക്കണം-മേധ പട്കര്‍
![]() |
| കടപ്പാടു് മാതൃഭൂമി |
തൃശ്ശിവപേരൂര്‍, ജനുവരി 16:മാവോവാദികള്‍ അക്രമമാര്‍ഗം ഉപേക്ഷിച്ച് പങ്കാളിത്ത ജനാധിപത്യത്തിന്റെ മാര്‍ഗം സ്വീകരിക്കണമെന്ന് ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയസഖ്യത്തിന്റെ അധ്യക്ഷ മേധ പട്കര്‍ പറഞ്ഞു. തൃശ്ശിവപേരൂരില്‍ നടന്ന വിബ്‌ജിയോര്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപനദിവസം ഡോക്യുമെന്ററി സംവിധായകന്‍ സി ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഇരുന്നൂറോളം ജില്ലകള്‍ മാവോബാധിതമെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. അവിടത്തെ ഗ്രാമീണര്‍ക്ക് മാവോ ആരെന്നുപോലും അറിയില്ല. മാവോവാദികള്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് സ്ഥിതിയെന്ന് നേപ്പാള്‍ കാട്ടിത്തന്നു. പോരാട്ടത്തിലെ ആദര്‍ശങ്ങള്‍ അവര്‍ മറന്നു. രാജ്യത്ത് വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് ആവശ്യമെങ്കില്‍ മാവോവാദിയെന്ന പേര് പോലും ഉപേക്ഷിക്കുമെന്ന് ഇപ്പോള്‍ അവര്‍ പറയുന്നു. ഛത്തിസ്ഗഢിലെ 644 ഗ്രാമങ്ങള്‍ കോര്‍പ്പറേറ്റ് ബാധിതമാണ്. അധികാരം കിട്ടിയാല്‍ ഇവയൊക്കെ വേണ്ടെന്ന് വെയ്ക്കാന്‍ മാവോയിസ്റ്റുകള്‍ തയ്യാറാകുമോ? അവര്‍ ഇന്ത്യയുടെ മണ്ണിലേക്ക് ഇറങ്ങിവരണം. സമാധാനത്തിന്റെ പാത തന്നെയാണ് ഉചിതം. ജനാധിപത്യത്തെ സ്വീകരിക്കണം. ഇപ്പോഴത്തെ ജനാധിപത്യം ശരിയായ ദിശയിലാണ് പോകുന്നതെന്ന് കരുതുന്നില്ല. അതിന്റെ പോരായ്‌മകള്‍ പരിഹരിക്കാനുള്ള പോരാട്ടത്തില്‍ മാവോയിസ്‌റ്റുകള്‍ക്കും പങ്കെടുക്കാവുന്നതാണ്. ജനങ്ങളുടെ പാര്‍ലമെന്റ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നതു് ഇപ്പോഴത്തെ ജനാധിപത്യത്തിന്റെ പോരായ്‌മകള്‍ പരിഹരിക്കുന്നതിനാണ്. അത് അധികാര രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമാണ്-മേധ പറഞ്ഞു.
![]() |
| കടപ്പാടു് ദി ഹിന്ദു |
കോര്‍പ്പറേറ്റുകളെ ആര് നേരിടുമെന്നതാണ് ഇന്നത്തെ വലിയ വെല്ലുവിളിയെന്ന് മേധ പട്കര്‍ ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ എല്ലാ തൂണുകളും ആ ചോദ്യം നേരിടുന്നു. ജനാധിപത്യം ദുര്‍ബലമാകുമ്പോള്‍ മാധ്യമങ്ങളിലും ജുഡീഷ്യറിയിലുമാണ് അവസാന പ്രതീക്ഷ. എന്നാലിതിന് മങ്ങലേല്‍ക്കുന്നതാണ് റാഡിയ സംഭവങ്ങളടക്കം കാണിക്കുന്നത്. ജുഡീഷ്യറിയിലും മാധ്യമങ്ങളിലുമുളള പ്രതീക്ഷകള്‍ പോലും സംശയിക്കപ്പെടുന്നു. മീഡിയയും റാഡിയയും തമ്മില്‍ അകലമില്ലാതാകുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ജനകീയ സമരങ്ങളിലൂടെയാണ് ഉയര്‍ത്തേണ്ടത്. ജനകീയ പ്രശ്‌നങ്ങള്‍ കലയിലൂടെ ശക്തമായി അവതരിപ്പിക്കാനാകും. ഡോക്യുമെന്ററിയിലൂടെ ശരത്‌ചന്ദ്രന്‍ അത് തെളിയിച്ചു. എന്‍ഡോസള്‍ഫാന്‍ ജനങ്ങളെ എത്രമാത്രം ദോഷകരമായി ബാധിച്ചു എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞതാണെന്ന് മേധ പറഞ്ഞു. ഭരണാധികാരികള്‍ക്ക് കോര്‍പറേറ്റുകളോടാണ് കൂറ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന ആവശ്യത്തെ കേന്ദ്രത്തിന് എത്ര കാലം അവഗണിക്കാനാകുമന്നും അവര്‍ ചോദിച്ചു.
മഹാനഗരങ്ങളില്‍ കോര്‍പ്പറേറ്റുകളുടെ സ്ഥലക്കൊതിക്കു മുന്നില്‍ സാധാരണക്കാരുടെ കൂരകള്‍ തകര്‍ക്കപ്പെടുന്നു. മനുഷ്യത്വത്തിന്റെ വറ്റു പോലും ഇല്ല. ആദര്‍ശ് ഫ്‌ളാറ്റിന്റെ അഴിമതി വെളിച്ചത്തുകൊണ്ടുവന്നത് ജനകീയപ്രസ്ഥാനങ്ങളുടെ വിജയമാണ്. മുംബൈയില്‍ മാത്രം 75000ത്തോളം വീടുകളാണ് വന്‍ നിര്‍മതാക്കള്‍ക്കുവേണ്ടി ഇടിച്ചുപൊളിക്കാന്‍ ഒരുങ്ങുന്നത്. നഗരദരിദ്രരുടെ വലിയ ചെറുത്തുനില്‍പ്പാണ് ഇതിനൊക്കെയെതിരെ ഉയരുന്നത്- അവര്‍ പറഞ്ഞു. ആദര്‍ശ് ഫ്‌ളാറ്റ് അനധികൃതമായി നിര്‍മിച്ചതാണ്. അത് പൊളിക്കുന്നെങ്കില്‍ ജനങ്ങളുടെ വിജയമാണ്. `ആദര്‍ശും' `ലവാസ'യും കോര്‍പറേറ്റുകളും കരാറുകാരും കെട്ടിട നിര്‍മാതാകളും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന കൂട്ടുകെട്ടിന്റെ അഴിമതിയാണ്.അതിരപ്പിള്ളി വിഷയത്തില്‍ കേന്ദ്ര ജല കമീഷന്റെ റിപ്പോര്‍ട്ട് താന്‍ പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയുടെ നിഗമനങ്ങളോടാണ് യോജിപ്പ്. രാജ്യത്തെ പ്രധാന നദികളില്‍ നീരൊഴുക്ക് കുറയുകയാണെണന്നും മേധ പറഞ്ഞു.
2011/01/16
പൊതുപ്രവര്‍ത്തനം പണം നേടാനുള്ള ഉപാധിയാക്കി-എം.എ.ജോണ്‍
![]() |
| ആശാ ഹരി എടുത്ത ചിത്രം |
കണ്ണൂര്‍,ജനുവരി 15: വരുമാന മാര്‍ഗ്ഗമുള്ള തൊഴിലായാണ്‌പൊതുപ്രവര്‍ത്തനത്തെ രാഷ്ട്രീയക്കാര്‍ കാണുന്നതെന്ന് എം.എ.ജോണ്‍ പറഞ്ഞു. സമാജവാദി ജനപരിഷത്ത് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച അഴിമതിക്കെതിരെയുള്ള സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് അഴിമതിക്കാരുടെയും ധൂര്‍ത്തന്മാരുടെയും വേദിയായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി പി.വാസു ഉദ്ഘാടനം ചെയ്തു. വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജോഷി ജേക്കബ്, സി.എന്‍.അബൂബക്കര്‍ ഹാജി, പി.പി.കൃഷ്ണന്‍, പി.യു.കൃഷ്ണന്‍ നമ്പീശന്‍, ടി.വി.രാജന്‍, ടി.പി.ആര്‍.നാഥ് എന്നിവര്‍ പ്രസംഗിച്ചു. ഭാസ്‌കരന്‍ വെള്ളൂര്‍ സ്വാഗതവും കെ.രമേശന്‍ നന്ദിയും പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)






