2019/06/15


സ്ഥാപന സമ്മേളനം (ഒന്നാം സമ്മേളനം)
1994 ഡിസംബർ 31,1995, ജനുവരി 1,2 ഠാണെ (മഹാരാഷ്ട്ര)
പ്രസിഡന്റ് : ജുഗൽകിഷോർ റായ്ബീർ (പശ്ചിമ ബംഗാൾ)
ജനറൽ സെക്രട്ടറി : ഭായിവൈദ്യ (മഹാരാഷ്ട്രം)

ഒന്നാം ദ്വൈവാർഷിക ദേശീയ സമ്മേളനം (രണ്ടാം ദേശീയസമ്മേളനം)
1997 ജനുവരി 18,19 ബീഹാറിലെ സിയാൻ ജില്ലയിലെ പഞ്ച്‌വാർ
പ്രസിഡന്റ് : വിഷ്ണുദേവ് ഗുപ്ത (ബീഹാർ)
ജനറൽ സെക്രട്ടറി : ഭായിവൈദ്യ (മഹാരാഷ്ട്രം)
രണ്ടാം ദ്വൈവാർഷിക ദേശീയസമ്മേളനം (മൂന്നാം സമ്മേളനം)
1999 ഫെബ്രുവരി 13,14 സാരനാഥം (ഉത്തർപ്രദേശ്)
പ്രസിഡന്റ് : കിഷൻ പട്‌നായക് (ഒഡീഷ)
ജനറൽ സെക്രട്ടറി : വിനോദ് പ്രസാദ് സിംഹ് (ബീഹാർ)

മൂന്നാം ദ്വൈവാർഷിക ദേശീയസമ്മേളനം (നാലാം സമ്മേളനം)
2001 മെയ് 19,20 മഹാരാഷ്ട്രത്തിലെ ഔറംഗാബാദ്
ദേശീയ പ്രസിഡന്റ് : കിഷൻ പട്‌നായക് (ഒഡീഷ)
ജനറൽ സെക്രട്ടറി :വിനോദ് പ്രസാദ് സിംഹ് (ബീഹാർ)

നാലാം ദ്വൈവാർഷിക ദേശീയസമ്മളനം (അഞ്ചാം സമ്മേളനം)
2003 ഫെബ്രുവരി 1,2,3 ഇട്ടാർസി (മദ്ധ്യപ്രദേശ്)
പ്രസിഡന്റ് : വിനോദ് പ്രസാദ് സിംഹ് (ബീഹാർ)
ജനറൽ സെക്രട്ടറി : സുനിൽ (മദ്ധ്യപ്രദേശ്)

അഞ്ചാം ദ്വൈവാർഷിക ദേശീയസമ്മേളനം (ആറാം സമ്മേളനം)
2005 മാർച്ച് 13,14,15 ജൂലായ് ഗുഡി (പശ്ചിമ ബംഗാൾ)
പ്രസിഡന്റ് : വിനോദ് പ്രസാദ് സിംഹ് (ബീഹാർ)
ജനറൽ സെക്രട്ടറി : സുനിൽ

ആറാം ദ്വൈവാർഷിക ദേശീയസമ്മേളനം (ഏഴാം സമ്മേളനം)
2007മാർച്ച് 16,17,18 ബർഗഢ് (Bargarh) (ഓഡിഷ)
പ്രസിഡന്റ് : ജുഗൽ കിഷോർ റായിബീർ (പശ്ചിമ ബംഗാൾ)
ജനറൽ സെക്രട്ടറി : ലിംഗരാജ് പ്രധാൻ (ഒഡീഷ)
(ജുഗൽ കിഷോർ റായിബീർ 2007 നവംബർ 6ആം തിയതി അന്തരിച്ചു. 2007 ഡി. 7,8 തിയതികളിൽ പശ്ചിമബംഗാളിലെ ജല്പായിഗുഡിയിൽ ചേർന്ന ദേശീയകൗൺസിൽ യോഗം വൈസ്പ്രസിഡന്റ് സുനിലിനെ (മദ്ധ്യ പ്രദേശ്) പ്രസിഡന്റായി നിയമിച്ചു).
ഇടക്കാല പ്രസിഡന്റ് : സുനിൽ (മദ്ധ്യപ്രദേശ്)

ഏഴാം ദ്വൈവാർഷിക ദേശീയസമ്മേളനം (എട്ടാം സമ്മേളനം)
2009 ഒക്ടോബർ 28,29,30 ധൻബാദ് (ഝാർഖണ്ഡ്) ജുഗൽ കിഷോർ റായ്ബീർ ഗ്രാമം
പ്രസിഡന്റ് : ലിംഗരാജ് പ്രധാൻ (ഒഡീശ)
ജനറൽ സെക്രട്ടറി : സോമനാഥ് ത്രിപാഠി (ഉത്തര പ്രദേശ്)

എട്ടാം ദ്വൈവാർഷിക ദേശീയസമ്മേളനം (ഒമ്പതാം സമ്മേളനം)
2011 ഒക്ടോബർ 10,11,12 സാസറാം (ബീഹാർ)
പ്രസിഡന്റ് : ലിംഗരാജ് (ഒഡീശ)
ജനറൽ സെക്രട്ടറി : ഡോ.സോമനാഥ ത്രിപാഠി (ഉത്തര പ്രദേശ്)
സോമനാഥ് ത്രിപാഠി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് 2012 ഡിസംബർ 13,14,15,16 വരെ വർദ്ധയിലെ സേവാശ്രമത്തിൽ നടന്ന ദേശീയ കൗൺസിൽ യോഗം സെക്രട്ടറിമാരിലൊരാളായ ജോഷി ജേക്കബ്ബിനെ ജനറൽ സെക്രട്ടറിയായി നിയമിച്ചു.
ഇടക്കാല ജനറൽ സെക്രട്ടറി : ജോഷി ജേക്കബ് (കേരളം)

ഒമ്പതാം ദ്വൈവാർഷിക ദേശീയസമ്മേളനം (പത്താം സമ്മേളനം)
2013 ജൂൺ 10,11,12 വാരണാസി (ഉത്തര പ്രദേശ്)
പ്രസിഡന്റ് : ജോഷി ജേക്കബ് ( കേരളം)
ജനറൽ സെക്രട്ടറി : സുനിൽ (മദ്ധ്യപ്രദേശ്)
(2014 ഏപ്രിൽ 21 നു സുനിൽ അന്തരിച്ചു. 2014 മെയ് 23,24,25 തിയതികളിൽ പ.ശ്ചിമ ബംഗാളിലെ ജല്പായ്ഗുഡിയിലെ സമര കേന്ദ്രത്തിൽ ചേർന്ന നാഷണൽ കൗൺസിലിൽ ലിംഗരാജ് ആസാദിനെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.)
ഇടക്കാല ജനറൽ സെക്രട്ടറി : ലിംഗരാജ് ആസാദ്‌ (ഒറീസ)

പത്താം ദ്വൈവാർഷിക ദേശീയസമ്മേളനം (പതിനൊന്നാം സമ്മേളനം)
2015 ഏപ്രിൽ 24, 25, 26 (സുനിൽഭായ് നഗർ, കോട്ടയം ( കേരളം)
പ്രസിഡന്റ് : ജോഷി ജേക്കബ് ( കേരളം) 
ജനറൽ സെക്രട്ടറി : ലിംഗരാജ് ആസാദ്‌ (ഒറീസ)

പതിനൊന്നാം ദ്വൈവാർഷിക ദേശീയസമ്മേളനം (പന്ത്രണ്ടാം സമ്മേളനം)
2017 ഏപ്രിൽ 29,30, മെയ് 1, ചിത്ത ഡേ നഗരി, ജടേശ്വർ (പശ്ചിമ ബംഗാളിലെ ജയ്പായിഗുഡി ജില്ല)
 പ്രസിഡന്റ് : അഡ്വ. കമൽ ബാനർജി  (പശ്ചിമ ബംഗാൾ)
ജനറൽ സെക്രട്ടറി : അഫ്‌ലാത്തുൺ (ഉത്തരപ്രദേശ്)
 
 പന്ത്രണ്ടാം ദ്വൈവാർഷിക ദേശീയസമ്മേളനം (പതിമൂന്നാം സമ്മേളനം)
2019 ജൂൺ 7,8,9 റാഞ്ചി (ഝാർഖണ്ഡ്)
പ്രസിഡന്റ് : ലിംഗരാജ് ആസാദ്‌ (ഒറീസ)
ജനറൽ സെക്രട്ടറി : അഫ്‌ലാത്തുൺ (ഉത്തരപ്രദേശ്)
 


2019/06/10

സമാജവാദി ജനപരിഷത്ത്: ലിംഗരാജ് ആസാദ് ദേശീയ പ്രസിഡന്റ്, അഫ്ളാത്തൂൺ ജനറൽ സെക്രട്ടറി

ജോഷി ജേക്കബ് ദേശീയ വൈസ് പ്രസിഡന്റ്

റാഞ്ചി (ത്സാർഖണ്ട്), 2019 ജൂൺ 9: സമാജവാദി ജനപരിഷത്തിന്റെ ദേശീയ പ്രസിഡന്റായി നിയമഗിരി സമരനേതാവ് ലിംഗരാജ് ആസാദിനെയും (ഒറീസ) ജനറൽ സെക്രട്ടറിയായി മഹാത്മാഗാന്ധിയുടെ സെക്രട്ടറി മഹാദേവ് ദേശായിയുടെ പൗത്രൻ കൂടിയായ അഫ്ളാത്തൂൺ ദേശായിയെയും അവരെക്പകൂടാതെ തിനഞ്ചുദേശീയനിർവാഹകസമിതി അംഗങ്ങളെയും (ഉത്തരപ്രദേശ്) ത്സാർഖണ്ടിലെ റാഞ്ചിയിൽ ജൂൺ 7,8,9 തീയതികളിൽ നടന്ന സമാജവാദി ജനപരിഷത്ത് 12-ആം ദ്വൈവാർഷിക ദേശീയ സമ്മേളനം തെരഞ്ഞെടുത്തു. ദേശീയനിർവാഹകസമിതിയുടെ യോഗം മറ്റു് ഭാരവാഹികളെയും തെരഞ്ഞെടുത്തു

ദേശീയ വൈസ് പ്രസിഡന്റുമാരിലൊരാൾ കേരളത്തിൽ നിന്നുള്ള ജോഷി ജേക്കബ്ബാണു്. കോട്ടയത്തെ അഭിഭാഷകൻ കൂടിയായ ജോഷി ജേക്കബ് സമാജവാദി ജനപരിഷത്തിന്റെ സ്ഥാപക സെക്രട്ടറിമാരിലൊരാളും മുൻ ദേശീയ പ്രസിഡന്റുമാണു്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കമൽ ബാനർജിയും (പശ്ചിമബംഗാൾ) ഡോ.സ്വാതിയും (ഉത്തർപ്രദേശ്) ആണു മറ്റ് വൈസ് പ്രസിഡന്റുമാർ. രഞ്ജിത് റായ് (പശ്ചിമബംഗാൾ) ആണ് സംഘടനാ സെക്രട്ടറി. ഫാഗറാം (മദ്ധ്യപ്രദേശ്), മഹേഷ് വിക്രം സിംഹ് (ഉത്തർപ്രദേശ്), ഡോ.അതുൽകുമാർ (ദില്ലി), താരാ ജാധവ് (മഹാരാഷ്ട്ര) എന്നിവർ സെക്രട്ടറിമാരും ചന്ദ്രഭൂഷൺ ചൗധരി (ത്സാർഖണ്ട്) ഖജാൻജിയുമാണ്.

ജോഷി ജേക്കബ്, വിനോദ് പയ്യട, കെ.രമേശ് എന്നിവരാണ് കേരളത്തിൽ നിന്നു് ദേശീയനിർവ്വാഹകസമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതു്.

ജൂൺ 7തീയതി ദേശീയ പ്രസിഡന്റ് കമൽ ബാനർജി ഉദ്ഘാടനം ചെയ്ത സമാജവാദി ജനപരിഷത്ത് 12-ആം ദ്വൈവാർഷിക ദേശീയ സമ്മേളനത്തിൽ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള 150 പ്രതിനിധികൾ പങ്കെടുത്തു.

2019/05/20

സമാജവാദി ജനപരിഷത്ത് പന്ത്രണ്ടാം ദ്വൈവാർഷിക സംസ്ഥാന സമ്മേളനം

തലശ്ശേരി,2019 മെയ് 19 ഞായറാഴ്ച: ജനാധിപത്യവിരുദ്ധമായ സർഫാസി നിയമം പിൻവലിയ്ക്കുവാൻ കേന്ദ്രസർക്കാർ മുൻകയ്യെടുക്കണമെന്നു് തലശ്ശേരിയിൽ കൂടിയ സമാജവാദി ജനപരിഷത്ത് പന്ത്രണ്ടാം ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. മുൻ ദേശീയപ്രസിഡന്റും ദേശീയനിർവാഹകസമിതിയംഗവുമായ അഡ്വ.ജോഷി ജേക്കബ് സമ്മേളനം ഉദ്ഘാടനംചെയ്തു. അഡ്വ.വിനോദ് പയ്യട അദ്ധ്യക്ഷത വഹിച്ചു. 

പുതിയ സംസ്ഥാന പ്രസിഡന്റായി എബി ജോൺ വൻനിലം (എറണാകുളം) ജനറൽ സെക്രട്ടറിയായി സുരേഷ് നരിക്കുനി (കോഴിക്കോട്) എന്നിവരെയും 21 അംഗ സംസ്ഥാനസമിതിയെയെയും സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി അഡ്വ. വിനോദ് പയ്യട (കണ്ണൂർ) എം.എൻ തങ്കപ്പൻ (കോട്ടയം)  ഖജാൻജിയായി കെ രമേശൻ (കണ്ണൂർ) എന്നിവരെ പുതിയ സംസ്ഥാനസമിതി പിന്നീട് യോഗം ചേർന്നു് തെരഞ്ഞടുത്തു

2019/05/11

സമാജവാദി ജനപരിഷത്തിന്റെ പന്ത്രണ്ടാം ദ്വൈവാർഷിക സംസ്ഥാന സമ്മേളനം മെയ് 19ന് തലശ്ശേരിയിൽ



കൂത്താട്ടുകുളം -- സമാജവാദി ജനപരിഷത്തിന്റെ പന്ത്രണ്ടാമതു് ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം 2019 മെയ് 19 ഞായറാഴ്ച തലശ്ശേരി ഫിനിക്സ് കോളെജ് ഓഡിറ്റോറിയത്തിൽ നടക്കും. റാം മനോഹര് ലോഹിയായുടെ പേരുനല്കിയിട്ടുള്ള സമ്മേളനനഗരിയിൽ രാവിലെ ഒമ്പതുമണിയ്ക്കു് മുൻ ദേശീയ പ്രസിഡന്റുകൂടിയായ ദേശീയ നിർവാഹക സമിതിയംഗം ജോഷി ജേക്കബ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാനപ്രസിഡന്റ്‌ അഡ്വ വിനോദ്‌ പയ്യട അദ്ധ്യക്ഷത വഹിയ്ക്കും. സംഘടനാ റിപ്പോർട്ട്‌ ജനറൽ സെക്രട്ടറി എബി ജോൺ വൻനിലം അവതരിപ്പിയ്ക്കും. അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെയും സംസ്ഥാനസമിതിയെയും പ്രതിനിധിസമ്മേളനം തെരഞ്ഞെടുക്കും.

സമാജവാദി ജനപരിഷത്തിന്റെ പന്ത്രണ്ടാമതു് ദേശീയ സമ്മേളനം 2019 ജൂൺ 7,8,9 തീയതികളിൽ ഝാ‍ർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ ചേരുന്നതിന്റെ മുന്നോടിയായാണു് സംസ്ഥാന പ്രതിനിധി സമ്മേളനം ചേരുന്നതെന്നു് സംസ്ഥാന ജനറൽ സെക്രട്ടറി എബി ജോൺ വൻനിലം അറിയിച്ചു.


2019/05/10

സോഷ്യലിസ്റ്റ് നേതാവു് സ.എൻ.വി. മത്തായി നാരേക്കാട്ട് അന്തരിച്ചു



കൂത്താട്ടുകുളം-- സോഷ്യലിസ്റ്റ് നേതാവു് എൻ.വി. മത്തായി നാരേക്കാട്ട് വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്നു് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് 2019 മെയ് 9 വ്യാഴാഴ്ച രാത്രി പത്തരയ്ക്കു് അന്തരിച്ചു. എൺപതു വയസ്സായിരുന്നു.
എറണാകുളം ജില്ലയിലെ പിറവത്ത് 1939 മാർച്ച് 25 ന് സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന സ. നാരെക്കാട്ട് എൻ.എം വറുഗീസിന്റെ മകനായി ജനിച്ചു. 1955ൽ വിദ്യാർത്ഥിയായിരിയ്ക്കവെ കൊളംബോ ഹോട്ടലിൽ വച്ചു് ഡോ.റാം മനോഹർ ലോഹിയയെകാണാൻ ആർ. എം മനയ്ക്കലാത്ത് വിളിച്ചുവരുത്തിയതുമുതൽ രാഷ്ട്രീയ പ്രവർത്തകനായി. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ജില്ലാതലത്തിൽ സംഘടിപ്പിച്ച സമരങ്ങളിൽ പങ്കെടുത്തു. അടിയന്തരാവസ്ഥാവിരുദ്ധസമരത്തിൽ പങ്കെടുത്ത അദ്ദേഹം പിടിയ്ക്കപ്പെടുമെന്നായപ്പോൾ ഒളിവിൽ പോയി.
പഴയ സോഷ്യലിസ്റ്റ് പാർട്ടിയുടെ എറണാകുളം ജില്ലാക്കമ്മിറ്റിയംഗമായിരുന്ന അദ്ദേഹം 1980കളിൽ രാജ് നാരായണനും ശിവരാമഭാരതിയും പുനഃസംഘടിപ്പിച്ച സോഷ്യലിസ്റ്റ് പാർട്ടിയുടെ എറണാകുളം ജില്ലാപ്രസിഡന്റായിരുന്നു. സമാജവാദി ജനപരിഷത്തു് രൂപം കൊണ്ടപ്പോൾ അതിന്റെ എറണാകുളം ജില്ലാപ്രസിഡന്റും സംസ്ഥാനസമിതിയംഗവുമായിരുന്നു.
പിറവത്തെ ആദ്യകാല പാരൽ കോളജ് അദ്ധ്യാപകനായിരുന്ന അദ്ദേഹം തൊഴിൽ സംബന്ധമായി ദീർഘകാലം ഝാർഖണ്ഡിലും ഒഡീസയിലും ചെലവൊഴിച്ചു. ഏഴക്കരനാട് മണീട് പുല്ലംകോട്ടിൽ പി വിഏലിയാമ്മയാണു ഭാര്യ. സോഷ്യലിസ്റ്റ് പ്രവർത്തകനായ അഡ്വ. എൻ. എം വറുഗീസാണു് മൂത്ത മകൻ. തമ്പി എൻ. മാത്യു. റോബിൻ മാത്യു, ജോൺ മാത്യു, നവോമി മനോജ് എന്നിവരാണു് മറ്റുമക്കൾ.
എബി ജോൺ വൻനിലം (സമാജവാദി ജനപരിഷത്തു്, സംസ്ഥാന സമിതി ജനറൽ സെക്രട്ടറി)

എൻ.വി. മത്തായി നാരേക്കാട്ട് 1939 മാർച്ച് 25 - 2019മെയ് 9

2018/10/10

ചെറു വയൽ രാമന്റെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുക്കണം



തിരുവനന്തപുരം, 2018 ഒക്‌റ്റോബർ 10--
ദുബായിയിൽ ഒരു കൃഷി പരിപാടിയിൽ സംബന്ധിക്കവെ ഗുരുതരമായ ഹൃദയാഘാതം ബാധിച്ചതിനെ തുടർന്ന് ദുബായ് റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കേരളത്തിന്റെ പരമ്പരാഗത നെൽവിത്തു സംരക്ഷകൻ ചെറുവയൽ രാമന്റെ ചികിത്സ പുർണമായും സർക്കാർ ഏറ്റെടുക്കണമെന്നു് രാഷ്ട്രീയ കിസാൻ സമന്വയ സമിതി ദേശീയ കൺവീനർ അഡ്വ.ജോഷി ജേക്കബ്, സമാജവാദി ജന പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് പയ്യട, കേരള ഗ്രാമ ശക്തി സംസ്ഥാന പ്രസിഡന്റ് എം.കുര്യൻ, ചെലവില്ലാ പ്രകൃതി കൃഷി സമിതി സംസ്ഥാന കൺവീനർ സി.ഗോപാല കൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.

അതിനായി മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം. ആദിവാസി വിഭാഗത്തിൽപ്പെടുന്ന രാമൻ ഏറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കേരള സർക്കാർ തന്നെ അദ്ദേഹത്തിന് പുരസ്‌കാരങ്ങൾ നൽകിയിട്ടുണ്ട്. ആശുപത്രിയിൽ ബന്ധുക്കളാരും തന്നെ ഇല്ല. ചില മലയാളികൾ സഹായിക്കുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ല. കൃഷി മന്ത്രി സഹായം വാഗ്ദാനം ചെയ്‌തെങ്കിലും അത് ഇതുവരെ പ്രാർത്തികമായിട്ടില്ല.

ഈ സാഹചര്യത്തിൽ കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് അവർ അഭ്യർത്ഥിച്ചു .അത് ഗവൺമെൻറിന്റെ ഉത്തരവാദിത്തമാണെന്നു് അവർ പറഞ്ഞു.
സോഷ്യലിസ്റ്റ് വാർത്താ കേന്ദ്രം 2018

ചെറുവയൽ രാമൻ ഹൃദയാഘാതത്തെത്തുടർന്ന് ദുബായിൽ ആശുപത്രിയിൽ

പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകൻ എന്ന നിലയിൽ പ്രശസ്തനായ വയനാട് സ്വദേശി ചെറുവയൽ രാമനെ ഹൃദയാഘാതത്തെത്തുടർന്ന് ദുബായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിൽ സംഘടിപ്പിച്ചിരുന്ന ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന വയലും വീടും എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

2018 ഒക്‌റ്റോബർ 4 വ്യാഴാഴ്ച രാത്രി പരിപാടിയുടെ സ്ഥലത്തെത്തി നെൽവിത്തുകൾ തരം തിരിച്ചുകൊണ്ടിരിക്കുമ്പോളാണ് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻത്തന്നെ ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. രക്തം കട്ട പിടിച്ചിരിക്കുന്നത് കളയാൻ മരുന്നുകൾ നൽകുന്നുണ്ട്. ഗുരുതരാവസ്ഥ ഇനിയും തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരിപാടിയുടെ സംഘടകർ പറഞ്ഞുവെന്നു് ഒക്‌റ്റോബർ 8നു് മാതൃഭൂമി ദിനപത്രം റിപ്പോർട്ടുചെയ്തു . ബന്ധുക്കളാരും കൂടെയില്ല. മകനെ കൊണ്ടുവരാൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിന് പാസ്പോർട്ട് ഇല്ലത്തതിനാൽ അത് സാധിച്ചില്ല. ആകസ്മികമായുണ്ടായ ചികിത്സയും അനുബന്ധ ചെലവുകളും പരിപാടിയുടെ സംഘാടകരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ദുബായ് കോൺസുലേറ്റ് വഴി സഹായം ലഭ്യമാക്കാമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നൽകിയ ഉറപ്പാണ് ഇപ്പോൾ അവരുടെ പ്രതീക്ഷ. കേരളത്തിൽ അന്യംനിന്ന് പോയ നിരവധിയിനം നെൽവിത്തുകൾ സൂക്ഷിക്കുകയും അവയ്ക്ക് പ്രചാരം നൽകുകയും ചെയ്ത വ്യക്തിയാണ് രാമൻ.
കടപ്പാടു്: മാതൃഭൂമി ദിനപത്രം


ചെറുവയൽ രാമൻ

വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണ് തലക്കര ചെറിയ രാമൻ എന്ന 'ചെറുവയൽ രാമൻ'. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്.


നെല്ലിനങ്ങളുടെ ഒരു ജീൻബാങ്കർ ആണ് ചെറുവയൽ രാമൻ . കുറിച്യസമുദായത്തിൽപ്പെട്ട ഇദ്ദേഹം 45 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു. നെൽ വിത്തുകൾ കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യങ്ങളും വിവിധ വൃക്ഷങ്ങളും ഇദ്ദേഹം തന്റെ തോട്ടത്തിൽ സംരക്ഷിച്ചുവരുന്നു. നിരവധി വിദ്യാർത്ഥികളും ഗവേഷകരും കർഷകരും നിത്യേന ഈ പുരയിടം സന്ദർശിച്ച് പരമ്പരാഗത കൃഷിയെപ്പറ്റി പഠിക്കുന്നു.


1952 ജൂൺ 6 ന് ജനനം. രണ്ടാമത്തെ വയസ്സുമുതൽ പിതാവിനെ പിരിഞ്ഞ് അമ്മാവനോടൊത്ത് വളർന്നു. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം. കമ്മന നവോദയ എൽ. പി. സ്കൂളിൽ അഞ്ചാം ക്ലാസ്സ് വരെ മാത്രം പഠനം. പത്താം വയസ്സുമുതൽ കാർഷിക ജീവിതം.

1969 ൽ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് മുഖേന കണ്ണൂർ ഡി.എം.ഒ. ഓഫീസിൽ വാർഡനായി 150 രൂപ ശമ്പളത്തിൽ ജോലി കിട്ടിയെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്ടമില്ലാത്തതിനാൽ സർക്കാർ ജോലി വേണ്ടെന്നുവച്ചു .

നെൽവിത്തിന്റെ സംഭരണത്തിൽ പരമ്പരാഗതരീതിയാണ് രാമൻ അനുവർത്തിക്കുന്നത്. വിളവെടുത്ത നെല്ലിനെ ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിക്കുന്നു. തുടർന്ന് മുളങ്കൂട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ നെല്ലിനെ അതിൽ സംഭരിക്കും. വൈക്കോൽ, കൂടാരംപോലെ കെട്ടിയുണ്ടാക്കുന്ന വിത്തുകൂടയും നെൽസംഭരണത്തിന് ഉപയോഗിക്കുന്നുണ്ട്. പുഴുങ്ങിക്കുത്തിയ അരിയും ഈവിധം സംഭരിക്കാം. വിത്താകട്ടെ, രണ്ടു വർഷംവരെ മുളയ്ക്കൽശേഷി നഷ്ടപ്പെടാതെ പരമ്പരാഗതരീതിയിൽ സൂക്ഷിക്കാനാവും.


കൃഷിക്കുപുറമെ നല്ലൊരു പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ് രാമൻ. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ് .

ബഹുമതികൾ
സസ്യജനുസ്സുകളുടെയും കർഷകരുടെ അവകാശങ്ങളുടേയും സംരക്ഷണ അതോറിറ്റി ഏർപ്പെടുത്തിയ 2016 ലെ ജനിതക സംരക്ഷണ പുരസ്‌കാരം കേന്ദ്രകൃഷിവകുപ്പ് മന്ത്രി രാധാ മോഹൻ സിങ്ങിൽ നിന്നും ഏറ്റുവാങ്ങി. രാമന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ളസാങ്കേതീക സഹായം നൽകിയത് എംഎസ് സ്വാമിനാഥൻ ഗവേഷണ നിലയവും കേരളകാർഷിക സർവ്വകലാശാലയുമാണ്.
2011ൽ ഹൈദരാബാദിൽവച്ചുനടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതി നൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് രാമനാണ്.
2016 ലെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ്.
സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവവിദ്യാർഥികളുടെയും അധ്യാപക-അനധ്യാപകരുടെയും കൂട്ടായ്മയായ ബോധി ചാരിറ്റബിൾ സൊസൈറ്റി കോളജിലെ പൂർവവിദ്യാർഥിയും ജൈവ കർഷകനുമായിരുന്ന അഭിലാഷിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിനും ലാഭേച്ഛയില്ലാതെ ഇവ ആവശ്യക്കാർക്ക് കൈമാറുന്നതിനും നേതൃത്വം നൽകുന്നത് പരിഗണിച്ചാണ് പുരസ്‌കാരം. 25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം.
കടപ്പാടു്: വിക്കിപീഡിയ 

2018/04/30

എം.പി.ബാലകൃഷ്ണൻ മാഷ് അന്തരിച്ചു


എം.പി.ബാലകൃഷ്ണൻ 1936-2018
(കാലിക സമാചാരം)
സോഷ്യലിസ്റ്റ് നേതാവും ഗാന്ധിയനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം.പി.ബാലകൃഷ്ണൻ തലശ്ശേരി പാലയാടിലെ ഡയറ്റിന് സമീപത്തെ ഡാലിയ എന്നു പേരുള്ള തന്റെ വീട്ടിൽ വച്ചു് 2018 ഏപ്രിൽ 28 ശനിയാഴ്ച അന്തരിച്ചു. പാലയാട് ഡയറ്റിന്റെ മുൻ പ്രിൻസിപ്പലും ചൊക്ലി രാമവിലാസം ഹൈസ്‌കൂളിലെയും പാലയാട് ട്രെയിനിങ് സ്‌കൂളിലെയും അധ്യാപകനും ചാവശ്ശേരി, അഴിയൂർ, പാലയാട് ഹൈസ്‌കൂളുകളിലെ പ്രഥമാധ്യാപകനുമായിരുന്നു അദ്ദേ
ഹം. 82 വയസ്സായിരുന്നു. പിറ്റേന്നു് ഏപ്രിൽ 29നു് ഉച്ചയ്ക്ക് 12ന് മൃതദേഹം വീട്ടിൽ നിന്നും എടുത്തു് അടുത്തുതന്നെയായ ചിറക്കുനിയിലെ തറവാട്ടു വീട്ടുപറമ്പിൽ സംസ്‌കരിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എ.എൻ.ഷംസീർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.രാമകൃഷ്ണൻ, വി.എ.നാരായണൻ, സമാജവാദി ജനപരിഷത്ത് നേതാക്കളായ കെ.രമേശൻ, സ്‌നേഹാ രമേശ്, സർവോദയമണ്ഡലം നേതാക്കളായ കെ.പി.എ.റഹീം, തായാട്ട് ബാലൻ,ജനതാ ദൾ - സെക്കുലർ നേതാക്കളായ എം.കെ.പ്രേംനാഥ്, വി.കെ. കുഞ്ഞിരാമൻ, മനയത്ത് ചന്ദ്രൻ, ജനതാദൾ -യുണൈറ്റഡ് (ശരദ് യാദവ് വിഭാഗം) ജില്ലാ പ്രസിഡന്റ് കെ.പി.മോഹനൻ സിപിഐ കൺട്രോൾ കമ്മിഷൻ അംഗം സി.പി.മുരളി, യുഡിഎഫ് ജില്ലാ ചെയർമാൻ പ്രഫ. എ.ഡി.മുസ്തഫ, മണ്ഡലം ചെയർമാൻ സി.രഘുനാഥ്, ആർട്ടിസ്റ്റ് കെ.കെ.മാരാർ, മദ്യനിരോധന സമിതി നേതാവ് മാത്യു എം.കണ്ടത്തിൽ, ബാലസാഹിത്യകാരൻ ടികെഡി മുഴപ്പിലങ്ങാട്, രമാശക്തി മിഷൻ കേരള ഘടകം ജനറൽ സെക്രട്ടറി ടി.ഭാസ്‌കരൻ കാവുംഭാഗം തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. സംസ്‌കാരത്തിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ് സി.പി.ബേബി സരോജത്തിന്റെ അധ്യക്ഷതയിൽ അനുസ്മരണ യോഗവും ചേർന്നു.

ഉത്തരകേരളത്തിൽ അങ്ങോളമിങ്ങോളം സോഷ്യലിസ്റ്റ് ചിന്താഗതി പ്രചരിപ്പിക്കുന്നതിൽ എം.പി. വഹിച്ച പങ്ക് അവിസ്മരണീയമാണെന്നു് ജനതാദൾ - യുണൈറ്റഡ് (ശരദ് യാദവ് വിഭാഗം) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാർ എം.പി. കോഴിക്കോട്ടുനിന്നു് പുറപ്പെടുവിച്ച അനുശോചനസന്ദേശത്തിൽ പറഞ്ഞു. വിദ്യാഭ്യാസപ്രവർത്തകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും അനുശോചനസന്ദേശത്തിൽ പറയുന്നു. അവസാനനിമിഷം വരെ സോഷ്യലിസ്റ്റ് ആദർശത്തിനുവേണ്ടി നിലകൊണ്ട എം.പി.ബാലകൃഷ്ണന്റെ നിര്യാണം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് സമാജവാദിജനപരിഷത്ത് ദേശീയ നിർവാഹക സമിതിയംഗവും മുൻ ദേശീയ പ്രസിഡന്റുമായ ജോഷി ജേക്കബ്ബ് അനുസ്മരിച്ചു. സത്യസന്ധനും നിസ്വനും സ്‌നേഹസമ്പന്നനുമായ സോഷ്യലിസ്റ്റ് ആയിരുന്നു എം പി ബാലകഷ്ണൻ മാഷെന്നു് സംസ്ഥാന പ്രസിഡന്റ് വിനോദ് പയ്യട പറഞ്ഞു.

പരേതരായ എം.ചന്തുഗുരുക്കളുടെയും കെ.ശ്രീദേവിയമ്മയുടെയും മകനായി കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ ധർമ്മടം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ചിറക്കുനി-പാലയാട് ഗ്രാമത്തിൽ ജനിച്ചു വളർന്ന എം.പി.ബാലകൃഷ്ണൻ കുട്ടിക്കാലത്തുതന്നെ ഗാന്ധിമാർഗത്തിലേക്ക് ആകൃഷ്ടനായി. പിന്നീടു് സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരകനും ഡോ. രാമ് മനോഹര് ലോഹിയായുടെ അനുയായിയുമായി. സോഷ്യലിസ്റ്റ് പാർട്ടിയുടെ മുൻനിര പ്രസംഗകനായിരുന്നു. ജയപ്രകാശ്, ലോഹിയ തുടങ്ങിയ ദേശീയ സോഷ്യലിസ്റ്റ് നേതാക്കളുടെ പ്രസംഗം അദ്ദേഹം അനായാസമായി തർജമ ചെയ്യുമായിരുന്നു.

മനോഹരമായ ഭാഷയിൽ, ഏതു ഗഹനവിഷയങ്ങളിലും അനായാസമായി പ്രഭാഷണം നടത്തുമായിരുന്നു. ബി.എഡ്. വിദ്യാർഥിയായിരിക്കെ ചൊക്ലി രാമവിലാസം സ്‌കൂളിൽ പ്രസംഗിച്ചതുകേട്ട സ്‌കൂൾ മാനേജർ അദ്ദേഹത്തെ 'പഠനം കഴിഞ്ഞാൽ ഇവിടെത്തന്നെ അധ്യാപകനായി ചേരണം' എന്നു പറഞ്ഞു് അധ്യാപകവൃത്തിയിലേയ്ക്കു ക്ഷണിച്ചു. അധ്യാപകനായതോടെ രാഷ്ട്രീയപ്രവർത്തനം കുറച്ചു.

ഗാന്ധിയൻ പഠനവും അതിന്റെ പ്രയോഗവത്കരണവും അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലത്തെ വ്യത്യസ്തമാക്കി. ഗാന്ധിയൻ തത്ത്വചിന്തയിലായിരുന്നു പി.ജി. ബിരുദം. ഗാന്ധിദർശൻ തലശ്ശേരി എന്ന കൂട്ടായ്മയ്ക്ക് രൂപം നൽകി. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഗാന്ധിയൻ പഠനക്ലാസുകൾക്ക് നേതൃത്വം നൽകി. എം.പി.യെന്നും ബാലകൃഷ്ണൻ മാഷെന്നും എല്ലാവരും സ്നേഹാദരങ്ങളോടെ വിളിച്ചിരുന്ന എം.പി ബാലകൃഷ്ണൻ പകൽ സ്‌കൂളിലെ മാഷും അതുകഴിഞ്ഞാൽ സമൂഹത്തിലെ മാഷുമായിരുന്നു. എം.പി. എന്ന വിളിപ്പേരായിരുന്നു ആദ്യകാസഹപ്രവർത്തകർ അദ്ദേഹത്തിനു് നല്കിയതു്.

സ്‌കൂൾ പ്രവൃത്തിദിനങ്ങൾ, അവധിക്കാല പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാൻ 1968-ൽ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിഷൻ അംഗമായിരുന്നു എം.പി.ബാലകൃഷ്ണൻ. ഡിപ്പാർട്ട്മെന്റൽ ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. സർക്കാർജീവനക്കാരുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കോഴിക്കോട് സർവകലാശാല സെനറ്റംഗവും കണ്ണൂർ സർവകലാശാല രൂപവത്കരണത്തിന്റെ ഭാഗമായ വിഷയനിർണയ സമിതി അംഗവുമായിരുന്നു.

കണ്ണൂർ മഹാത്മാ മന്ദിരം, തലശ്ശേരി ഗുണ്ടർട്ട് ഫൗണ്ടേഷൻ, ഗാന്ധിദർശൻ, തലശ്ശേരി ബുക്ക് ക്ലബ്ബ് എന്നിവയുടെ സംഘാടകനും ഭാരവാഹിയുമായിരുന്നു. കേരള സർവോദയസംഘം, മദ്യനിരോധന സമിതി എന്നിവയുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. മയ്യഴി വിപ്ലവ അനുസ്മരണ സമിതിയുടെ രക്ഷാധികാരിയുമായിരുന്നു.

സാമൂഹികപ്രവർത്തനത്തിന് എം.പി.മന്മഥൻ അവാർഡ്, സർദാർ ചന്ത്രോത്ത് അവാർഡ്, പി.കുഞ്ഞിരാമൻ വക്കീൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര നേതാവുമായിരുന്ന യൂസഫ് മെഹറലിയുടെ ജീവചരിത്രം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്.

ഭാര്യ കെ.പ്രഭ പാലയാട് ഹൈസ്‌കൂൾ റിട്ട. അധ്യാപികയാണ് . മക്കളില്ല.
സഹോദരങ്ങൾ രാഘവൻ (കനറാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ), മാലതി (മുംബൈ), ലക്ഷ്മിക്കുട്ടി (കൂടാളി), പത്മനാഭൻ (മുംബൈ), ദാമോദരൻ, രവീന്ദ്രകുമാർ, രഞ്ജിനി (ചാല) എന്നിവരാണു്.