2010/10/20

ബദല്‍ രാഷ്ട്രീയസഖ്യം രൂപപ്പെടണമെന്ന് സോഷ്യലിസ്റ്റുകള്‍

കണ്ണൂര്‍,ഒക്ടോ.19: ഇന്ദിരാ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ബി.ജെ.പിയും നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് ബദലായി പുതിയ രാഷ്ട്രീയസഖ്യം രൂപപ്പെട്ടുവരണമെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇവര്‍ നേതൃത്വം കൊടുക്കുന്ന ചേരികള്‍ ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. കണ്ണൂരില്‍ നവ രാഷ്ട്രീയ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുമെന്നും മറ്റിടങ്ങളില്‍ സമാന നിലപാടുള്ളവരെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട, ജയ്‌മോന്‍ തങ്കച്ചന്‍, കെ.രമേശന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

2010/10/17

നവരാഷ്‌ട്രീയത്തിനുളള പ്രകടനപത്രിക

.
കേരള സംസ്ഥാനത്തു് 2010 ഒക്‌ടോബര്‍ 23,25 തീയതികളില്‍ നടക്കുന്ന ത്രിതല പഞ്ചായത്ത്‌-നഗരസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമാജവാദി ജനപരിഷത്ത്‌ കേരളത്തിലെ സമ്മതിദായകരുടെ മുമ്പാകെ വച്ച പ്രകടനപത്രിക

സമ്മതിദായകരായ സഹോദരീ സഹോദരന്‍മാരേ,

നമ്മുടെ സംസ്ഥാനത്തെ ഗ്രാമ-ബ്ലോക്ക്‌-ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കോര്‍പറേഷനുകളുടെയും ഭരണസമിതികളിലേക്ക്‌ ഈ വരുന്ന ഒക്‌ടോബര്‍ മാസം 23, 25 തീയതികളിലായി തെരഞ്ഞെടുപ്പ്‌ നടക്കുകയാണല്ലോ.

1992 -ലെ 73-ാം ഭരണഘടനാ ഭേദഗതി പ്രകാരം നിലവില്‍ വന്ന 1994-ലെ കേരള പഞ്ചായത്ത്‌ രാജ്‌, കേരള മുനിസിപ്പാലിറ്റി നിയമങ്ങള്‍ പ്രകാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പുകള്‍ ഒരു സ്വതന്ത്രമായ സംസഥാനതെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ അഞ്ച്‌ വര്‍ഷം കൂടുമ്പോള്‍ ക്രമമായി നടക്കുവാന്‍ കളമൊരുക്കിയിട്ടുണ്ട്‌.

മഹാത്‌മാ ഗാന്ധി വിഭാവനം ചെയ്‌ത ഗ്രാമസ്വരാജും ഡോ.റാം മനോഹര്‍ ലോഹിയ മുന്നോട്ട്‌ വച്ച ചതുര്‍സ്‌തംഭ രാഷ്‌ട്ര സിദ്ധാന്തവും അധികാരം ജനങ്ങളിലേക്ക്‌ പരമാവധി കൈമാറുന്നതിനുള്ള പദ്ധതികളാണ്‌. ഏറ്റവും നിസ്സഹായനായ ഒടുവിലത്തെ ആളുമുതല്‍ മുഴുവനാളുകള്‍ക്കും സര്‍വ്വക്ഷേമം വരുത്തുന്ന ഒരു വ്യവസ്ഥയാണത്‌.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കുറെ അധികാരങ്ങള്‍ താഴേയ്‌ക്ക്‌ കൈമാറിയെങ്കിലും മേലേത്തട്ടിലേതുപോലെ അഴിമതിയും സ്വജന പക്ഷപാതവും കേവലമായ അധികാരക്കളിയും നടത്തുന്നതിനുമുള്ള വേദിയായി കേരളത്തിലെ പഞ്ചായത്ത്‌-നഗരസഭാ സംവിധാനങ്ങളും തരംതാണിരിക്കുകയാണ്‌. ജനപ്രതിനിധികളുടെ കൂറുമാറ്റവും, കാലുവാരലും, കുതിരക്കച്ചവടവും , ഒളിപ്പിക്കലും, തട്ടിക്കൊണ്ടുപോകലും മറ്റും ഈ രംഗത്തും അത്ര അസാധാരണമല്ലാതായി. ലജ്ജ തോന്നുന്ന രാഷ്‌ട്രീയസംസ്‌ക്കാരം തദ്ദേശസ്വയംഭരണ രംഗത്തും പിടിമുറുക്കിയത്‌ ജനങ്ങള്‍ നിസ്സഹായതയോടെ അനുഭവിയ്‌ക്കുന്നു. മണല്‍, പാടം നികത്തല്‍ മാഫിയകകളും ക്വട്ടേഷന്‍ സംഘങ്ങളും പരിസ്ഥിതി ദുരന്തമുണ്ടാക്കുന്ന പദ്ധതികളും ഫാക്‌ടറികളുമെല്ലാം പഞ്ചായത്ത്‌-നഗരസഭാഗംങ്ങള്‍ക്ക്‌ അഴിമതിയുടെ മേച്ചില്‍പ്പുറമായിക്കഴിഞ്ഞു.

ജനാധിപത്യമില്ലാത്തതും കുടുംബവാഴ്‌ചയായിക്കഴിഞ്ഞതുമായ രാഷ്‌ട്രീയ കക്ഷികളാണ്‌ എല്ലാ ചേരികളിലുമുള്ളത്‌. അങ്ങനെയല്ലാത്തതായി വ്യവസ്ഥാപിത കക്ഷികളില്‍ അവശേഷിക്കുന്നത്‌ ബി.ജെ.പി. യും, കമ്മ്യൂണിസ്റ്റ്‌ കക്ഷികളുമാണ്‌. അവയാണെങ്കില്‍ ഒരു തന്ത്രമെന്ന നിലയില്‍ മാത്രം ബഹുകക്ഷി ജനാധിപത്യത്തെയും, തുറന്ന സമൂഹത്തെയും അംഗീകരിക്കുന്നവയാണ്‌. ബഹുകക്ഷി ജനാധിപത്യത്തെ തത്വത്തില്‍ സ്വീകരിയ്‌ക്കുവാന്‍ അവയ്‌ക്കു്‌ അവയുടെ പ്രത്യയശാസ്‌ത്രങ്ങള്‍ തടസ്സമായി നില്‌ക്കുന്നു.


രാജ്യത്തെ ജനാധിപത്യം പോലും വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ്‌ കടന്നുപോകുന്നതെന്നു്‌ സൂചിപ്പിയ്‌ക്കുന്നതാണീ സാഹചര്യം. വ്യവസ്ഥാപിത പാര്‍ട്ടികള്‍ ഏതു ചേരിയിലായിരുന്നാലും മാറി മാറിയുള്ള അവയുടെ ഭരണം പ്രശ്‌നങ്ങളെല്ലാം അനുദിനം വഷളാക്കിക്കൊണ്ടിരിയ്‌ക്കുന്നു. ഡോ. മന്‍മോഹന്‍ സിംഹിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെയും രാജ്യത്തിന്റെ ഉന്നത താല്‌പര്യങ്ങളെയും മറന്നു്‌ രാജ്യാന്തര കുത്തക കമ്പനികള്‍ക്കും വിദേശ സാമ്പത്തിക താല്‌പര്യങ്ങള്‍ക്കും സേവ പിടിയ്‌ക്കുകയാണ്‌. യു.പി.എ. യ്‌ക്ക മുമ്പ്‌്‌ രാജ്യം ഭരിച്ച ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. യും അക്കാര്യത്തില്‍ അല്‌പം പോലും വ്യത്യസ്‌തരല്ലായിരുന്നു. പശ്ചിമബംഗാള്‍ മുതല്‍ ഉത്തരപ്രദേശം, ഒറീസാ, തമിഴ്‌നാട്‌ കേരളം വരെയുള്ള സംസ്ഥാനഭരണം കയ്യാളുന്നത്‌ ഇന്ദിരാ കോണ്‍ഗ്രസ്സ്‌-ബി.ജെ.പി. കക്ഷികളല്ല. സി.പി.എം നേതൃത്വ ഇടതുപക്ഷ മുന്നണി, ഡി.എം.കെ., ബിജു ജനതാദള്‍, ബി.എസ്‌.പി. തുടങ്ങിയ കക്ഷികള്‍ക്കും മറ്റൊരു വഴി തെളിയ്‌ക്കുവാന്‍ കഴിയാതെ അതേ തെറ്റായ സാമ്പത്തിക നയപരിപാടികളാണ്‌ പിന്തുടരുന്നത്‌. അതുകൊണ്ടാണ്‌ സംസ്ഥാന സര്‍ക്കാരുകളുടെയെല്ലാം ഭരണം ലോകബാങ്കും, എ.ഡി.ബി.യും, ഡി.എഫ്‌.ഐ.ഡി. യും മറ്റും നേരിട്ടെന്നപോലെ നിയന്ത്രിയ്‌ക്കുന്നത്‌.
നമുക്കു കണക്കുകൂട്ടുവാന്‍ പോലും കഴിയാത്ത വമ്പന്‍ സംഖ്യകളുടെ അഴിമതിയാണ്‌ വ്യവസ്ഥാപിത രാഷ്‌ട്രീയകക്ഷികളെല്ലാം നടത്തുന്നത്‌.കേന്ദ്ര-സംസ്ഥാന ഭരണാധികാരികളെപ്പോലും ചൊല്‌പ്പടിയിലാക്കുന്ന ലോട്ടറി മാഫിയകകളും, റിയല്‍ എസ്റ്റേറ്റ്‌-മദ്യ മാഫിയകളും അതിന്റെ എല്ലാം ഒരു ചെറിയ മുഖം മാത്രം.


അണുശക്തി നിലയങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നതിന്‌ അമേരിക്ക, ഫ്രാന്‍സ്‌, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കു്‌ അനുമതി നല്‍കുന്ന ആണവ കരാറുകളും ഫ്‌ളൈ ഓവറുകളുടെയും ഹൈവേകളുടേയും വന്‍ പദ്ധതികളുടെ കരാറുകളും മറ്റും സഹസ്രകോടികളുടെ സാമ്പത്തിക അഴിമതിയ്‌ക്കാണ്‌ ഇടം നല്‍കുന്നത്‌. ജനങ്ങള്‍ക്കും പരിസ്ഥിതിയ്‌ക്കും ഒരുപോലെ ഹാനികരമെന്ന്‌ ബലമായി സംശയിയ്‌ക്കുന്ന ജനിതക മാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ രാജ്യത്തു്‌ വ്യാപിപ്പിക്കുവാന്‍, ഒളിഞ്ഞും തെളിഞ്ഞും മൊണ്‍സാന്തോ പോലുള്ള ആഗോള ഭീമന്‍മാര്‍ക്ക്‌ സര്‍ക്കാര്‍ ലൈസന്‍സ്‌ നല്‍കുന്നത്‌ പിന്നാമ്പുറങ്ങളിലെ വമ്പന്‍ അഴിമതി ഇടപാടുകള്‍ മൂലമാണ്‌.


വികസനം ബഹുജനങ്ങള്‍ക്ക്‌ കുടിയൊഴിപ്പിക്കലും രാഷ്‌ട്രീയ-ഉദ്യോഗസ്ഥ-കരാറുകാര്‍ കൂട്ടുകെട്ടിന്‌ വന്‍തോതില്‍ സമ്പത്ത്‌ കവര്‍ച്ച ചെയ്യുന്നതിനുള്ള സുസ്ഥിരവേദിയുമാണ്‌ ഒരുക്കുന്നത്‌. എന്നാല്‍ നമ്മുടെ വികസനം സുസ്ഥിരമല്ല എന്ന്‌ നാം തിരിച്ചറിയുന്നില്ല. നന്ദിഗ്രാമിലും കിനാലൂരിലും കണ്ടല്‍ പാര്‍ക്കിലും പ്ലാച്ചിമടയിലും നര്‍മ്മദയിലും നിയംഗിരിയിലും രാജ്യമെമ്പാടും ഉയര്‍ന്നുവരുന്ന പ്രത്യേക സാമ്പത്തിക മേഖലകളിലും ജനങ്ങളെ വികസനത്തില്‍ നിന്ന്‌ പുറത്താക്കുക മാത്രമല്ല ചെയ്യുന്നത്‌, ജനങ്ങള്‍ക്ക്‌ വികസിയ്‌ക്കുവാനും തലമുറകള്‍ അനുഭവിക്കുവാനുമുള്ള വിഭവങ്ങള്‍ നശിപ്പിയ്‌ക്കുകയും ചെയ്യുന്നു.

ഇന്ദിരാ കോണ്‍ഗ്രസ്സും ബി.ജെ.പിയും കമ്മ്യൂണിസ്റ്റുകളും, ജനതാദള്‍, മുലായം സിംഹിന്റെ സമാജവാദി പാര്‍ട്ടി, ബി.എസ്‌.പി തുടങ്ങിയ വ്യവസ്ഥാപിത കക്ഷികളും തെറ്റായ വികസനത്തിന്റെ ബീഭത്സതയെ അടിയ്‌ക്കടി വര്‍ദ്ധിപ്പിക്കുന്ന ആഗോളവത്‌കരണ നയങ്ങള്‍ മുറുകെ പിടിച്ചുവരികയാണ്‌. അതിനെതിരെ ജനങ്ങളുടെ പുതിയ രാഷ്‌ട്രീയം ഉണ്ടാകണം.

ജനങ്ങള്‍ക്ക്‌ ഇടപെടാനുള്ള സുവര്‍ണ്ണാവസരം

അടിമുടി അഴിമതിയില്‍ മുങ്ങിയ വ്യവസ്ഥാപിത രാഷ്‌ട്രീയ കക്ഷികളുടേയും അതിജീവനം തകര്‍ക്കുന്ന വികസനത്തിന്റെയും നിസ്സംഗകാഴ്‌ചക്കാരായിത്തീരുന്ന ജനങ്ങള്‍ക്ക്‌ ഇടപെടുവാനുള്ള ഒരു സുവര്‍ണ്ണാവസരമാണ്‌ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌ നല്‍കുന്നത്‌. യഥാര്‍ത്ഥ അധികാര വികേന്ദ്രീകരണം നടത്തുവാന്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും മാറി മാറി ഭരണത്തില്‍ വരുന്ന വ്യവസ്ഥാപിത കക്ഷികളൊന്നും തയ്യാറല്ലെന്ന്‌ നമുക്കറിയാം. എന്നിരുന്നാലും പുതിയ ഒരു രാഷ്‌ട്രീയം അടിത്തട്ടില്‍ നിന്ന്‌ ഉയര്‍ത്തിക്കൊണ്ട്‌ വരുന്നതിന്‌ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്‌. ജനങ്ങള്‍ക്കെതിരെ പണിതുയര്‍ത്തുന്ന സര്‍വ്വനാശത്തിന്റെ വികസനക്കോട്ടകള്‍ക്കെതിരെ പ്രതിരോധത്തിന്റെ ഒരു സന്നാഹപുരയാണ്‌ ഈ തെരഞ്ഞെടുപ്പുകള്‍.


വ്യവസ്ഥാപിത പാര്‍ട്ടികളെ പുറത്താക്കി പുതിയ ഒരു ജനശക്തി കെട്ടിപ്പടുക്കുവാന്‍ താഴെത്തട്ടിലെല്ലാം പരിശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരു നവരാഷ്‌ട്രീയ ശക്തിയാക്കി അതിനെ മാറ്റിയെടുക്കാം. അത്‌ അടിസ്ഥാനപരമായ അഴിച്ചുപണിയ്‌ക്കും നവനിര്‍മ്മിതിയ്‌ക്കും വഴിയൊരുക്കുകയും ചെയ്യും.എന്നാല്‍ വ്യക്തമായ കാഴ്‌ചപ്പാടുകളും പ്രത്യയശാസ്‌ത്രവും പരിപാടികളും ഇല്ലെങ്കില്‍ ജനങ്ങളുടെ അത്തരം ഇടപെടലുകള്‍ക്ക്‌ ദിശാബോധം ഉണ്ടാവുകയില്ല. അതു്‌ അരാജകാവസ്ഥയ്‌ക്കും തല്‍ഫലമായുള്ള സ്വേച്ഛാധികാര വാഴ്‌ചക്കും വഴിവയ്‌ക്കാം. അതുമല്ലെങ്കില്‍ അപ്പപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന വ്യവസ്ഥാപിത കക്ഷികളുടെ ഒരു പ്രചരണ മണ്‌ഡപമായി അതവസാനിക്കും. മുഴുവന്‍ ജനങ്ങളെയും മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനവും സുതാര്യതയുള്ളതും ജനപങ്കാളിത്തം പരമാവധിയുള്ളതുമായ ഭരണസംവിധാനമാണ്‌ നമുക്കുണ്ടാകേണ്ടത്‌.


ഒന്നാമതായി നാം, സമത്വവും സ്വാതന്ത്ര്യവും ലക്ഷ്യമാക്കുന്നതോടൊപ്പം അവയെ നമ്മുടെ മാര്‍ഗ്ഗമായും കാണണം. ലോട്ടറി രാജാക്കന്‍മാരെയും, അംബാനിമാരെയും വളര്‍ത്തിയെടുക്കുന്ന മാര്‍ഗ്ഗം നമ്മെ എത്തിയ്‌ക്കുന്നത്‌ ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും പരിഹാരമില്ലാത്ത പടുകുഴിയിലേയ്‌ക്കാണ്‌. ഒരു ന്യൂനപക്ഷം വരുന്ന ആളുകള്‍ക്ക്‌ സുഖഭോഗങ്ങളുടെ പരിധിയില്ലാത്ത ജൈത്രയാത്ര നടത്തുവാന്‍ കഴിയുന്ന ഇന്നത്തേതുപോലുള്ള ഒരു പടുകുഴി.

ലക്ഷ്യവും മാര്‍ഗ്ഗവും സമന്വയിപ്പിക്കുന്നതുപോലെ തന്നെ സുപ്രധാനമാണ്‌ സമത്വത്തിന്റെ നിര്‍വചനവും. കമ്മ്യൂണിസം ഉള്‍പ്പെടെയുള്ള ആധുനിക പാശ്ചാത്യ വീക്ഷണം വളരെ സങ്കുചിതവും അപ്രായോഗികവും ആയാണ്‌ സമത്വത്തെ ദര്‍ശിച്ചത്‌. ബുള്‍ഡോസര്‍ വച്ച്‌ ഇടിച്ചു നിരത്തുന്നതുപോലെ സ്വത്തുക്കളെല്ലാം സര്‍ക്കാരിന്റെ ഉടമസ്ഥതയിലാക്കി സ്വകാര്യ സ്വത്തില്ലാതാക്കിയാല്‍ സ്ഥിതി സമത്വമുണ്ടാകില്ല. സോവ്യറ്റ്‌ യൂണിയന്റെയും മറ്റു കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളുടേയും അനുഭവങ്ങള്‍ അത്‌ ശരിവയ്‌ക്കുന്നതാണ്‌.


പരമാവധി സാദ്ധ്യമായ സമത്വം എന്ന മാര്‍ഗ്ഗം, ഓരോ ചവിട്ടുപടികളാക്കിക്കൊണ്ടു്‌ മാത്രമേ അമൂര്‍ത്തമായ സമത്വം എന്ന സങ്കല്‌പത്തെ യ്‌ഥാര്‍ത്ഥ്യമാക്കാനാവുകയുള്ളൂ. സഹസ്രകോടീശ്വരന്‍മാരില്ലാതാകുന്നതുപോലെ തന്നെ പ്രധാനമാണ്‌ വരുമാനത്തിലുള്ള അന്തരം കുറച്ചുകൊണ്ടുവരുന്നതും . സര്‍ക്കാര്‍-സ്വകാര്യമേഖലകളിലെ ഏറ്റവും ഉയര്‍ന്ന ശമ്പളവും ഏറ്റവും താഴ്‌ന്ന ശമ്പളവും തമ്മിലുള്ള അന്തരം പോലും വലിയ ഒരു വന്‍ വിടവാണ്‌. ഏറ്റവും കൂടിയ ശമ്പളം ഇരുപത്തയ്യായിരം രൂപയായും ഏറ്റവും കുറഞ്ഞത്‌ അയ്യായിരം രൂപയായും ഇന്നത്തെ സാഹചര്യത്തില്‍ നിജപ്പെടുത്തണം. സര്‍ക്കാര്‍-സ്വകാര്യമേഖലകളിലെ നിത്യേന ഉയരുന്ന ശമ്പള നിരക്കുകള്‍ സാധാരണ ജനങ്ങളുടെ ജീവിതച്ചെലവുകളെ വര്‍ദ്ധിപ്പിയ്‌ക്കുന്നു. കൂടിയതും കുറഞ്ഞതുമായ ശമ്പള നിരക്കുകള്‍ നിജപ്പെടുത്തുന്ന ദേശീയനയം ജനങ്ങളുടെയാകെ വരുമാനത്തിലും ഉണ്ടാകണം . രാജ്യത്തെ ജനങ്ങളുടെ പരമാവധി കൂടിയ വരുമാനം പ്രതിമാസം ഇരുപത്തയ്യായിരം രൂപയും കുറഞ്ഞ വരുമാനം അയ്യായിരം രൂപയും ആയി നിജപ്പെടുത്തിയുള്ള സാമ്പത്തിക-വികസന-നികുതി നയം ആവിഷ്‌കരിക്കണം.


വരുമാനത്തിലുള്ള ആ സമീകരണം ഇന്നത്തേതുപോലുള്ള വികസനത്തില്‍ സാദ്ധ്യമല്ല. ഗ്രാമങ്ങളെയും, ചെറുപട്ടണങ്ങളെയും ഉല്‌പാദനത്തിന്റെ മുഖ്യ കേന്ദ്രങ്ങളാക്കി ജനങ്ങളുടെ പങ്കാളിത്തം നേടിക്കൊണ്ടുള്ള വികേന്ദീകൃതമായ പുതിയ ഒരു വികസനരീതി അതിനുണ്ടാവണം. വൈദേശിക വികസനം കയറ്റിയയയ്‌ക്കുന്ന സാമ്രാജ്യത്വ ഏജന്‍സികളായ ലോക ബാങ്ക്‌, എ.ഡി.ബി. തുടങ്ങിയവയെ ആശ്രയിച്ച്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കഞ്ഞി വീഴ്‌ത്തല്‍ പോലെ ലഭിക്കുന്ന ഫണ്ടിന്‌ പകരം, പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ആവശ്യമായ വിഭവസമാഹരണം അതതു പ്രദേശത്തു നിന്ന്‌ തന്നെ നടത്തുവാന്‍ കഴിയണം. ഭക്ഷ്യസുരക്ഷയും ഗുണമൂല്യമുള്ള ഭക്ഷ്യ സംസ്‌കൃതിയും പ്രാദേശിക അടിസ്ഥാനത്തില്‍ പരമാവധിയുണ്ടാക്കാവുന്ന വിധത്തില്‍ ഗ്രാമ-ജില്ലാ ഭരണകൂടങ്ങളുടെ വികസനലക്ഷ്യങ്ങള്‍ ഉറപ്പിയ്‌ക്കുവാനും അത്‌ ആവശ്യമാണ്‌.


പരിസ്ഥിതിയുടേയും ജലസ്രോതസ്സുകളടക്കമുള്ള പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണവും പരിപാലനവും സുസ്ഥിരവികസനത്തിന്റെ അവിഭാജ്യഘടകങ്ങളായി കാണുവാന്‍ മുതലാളിത്ത-കമ്മ്യൂണിസ്റ്റ്‌-വര്‍ഗ്ഗീയ-സാമുദായിക കക്ഷികളുടെ പ്രത്യയശാസ്‌ത്രങ്ങള്‍ക്ക്‌ കഴിയില്ല. ഇന്നത്തെ വികസന രീതിയുടെ ആരാധകരായി സേവ ചെയ്യുന്ന മറ്റു വ്യവസ്ഥാപിത കക്ഷികളുടെ നിലപാടുകള്‍ക്കും കഴിയില്ല.

ജനങ്ങളും ഇന്നത്തെ വിനാശകരമായ വികസനവും തമ്മിലുള്ള വൈരുദ്ധ്യം മൂലം നാനാദിക്കിലും ഉയര്‍ന്നുവരുന്ന ബഹുജന പ്രക്ഷോണങ്ങള്‍ക്കൊപ്പം പ്രദേശികതലത്തില്‍ കൃഷിയിലും, ചെറുകിട-പരമ്പരാഗത മേഖലയിലെ ഉല്‌പന്ന നിര്‍മ്മാണത്തിലും ഇടപെടല്‍ നടത്തിക്കൊണ്ടുമാണ്‌ നവരാഷ്‌ട്രീയത്തെ വികസിപ്പിയ്‌ക്കേണ്ടത്‌. പ്രക്ഷോഭണ -സമരങ്ങളെ നിര്‍മ്മാണപരമായ പ്രവര്‍ത്തനങ്ങളുമായി കൂട്ടിയോജിപ്പിക്കുന്ന രാഷ്‌ട്രീയം നശീകരണത്തിന്റെയും അക്രമത്തിന്റെയും രാഷ്‌ട്രീയത്തെ പുറന്തള്ളണം.


ജാതിയും സാമൂഹികചലനവും

രാജ്യത്തിന്റെ എണ്‍പതു ശതമാനത്തിലധികം വരുന്ന ആദിവാസി-ദലിത-മറ്റു പിന്നാക്ക ജനസമൂഹങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ സമൂഹത്തിന്റെയാകെ ഉയര്‍ച്ചയ്‌ക്ക്‌ ഏറ്റവും അത്യാവശ്യമാണ്‌. അത്‌ കേവലം സാമ്പത്തിക വിഷയമല്ല. സാമൂഹിക സമത്വത്തിന്റെ വിഷയമാണ്‌. സാമ്പത്തിക ഉന്നമനം മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടതാണ്‌, എന്നാല്‍ സാമൂഹികസമത്വം ആദിവാസി-ദലിത-മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും സ്‌ത്രീകള്‍ക്കുമാണ്‌ അത്യാവശ്യം.

ഇന്ത്യ സ്വാതന്ത്യം പ്രാപിച്ച കാലഘട്ടം മുതല്‍ ഈ പ്രശ്‌നമുയര്‍ത്തിയ ഡോ. രാം മനോഹര്‍ ലോഹിയയെ എതിര്‍ത്തത്‌ കോണ്‍ഗ്രസ്‌-കമ്മ്യൂണിസ്റ്റ്‌-ജനസംഘം (ഇന്നത്തെ ബി.ജെ.പി) ശക്തികളാണ്‌. ദലിത-പിന്നാക്ക-ആദിവാസി-സ്‌ത്രീ വിഭാഗങ്ങള്‍ക്കു്‌ പ്രത്യേക അവസരങ്ങളും പങ്കാളിത്തവും നല്‌കുക എന്ന സിദ്ധാന്തം ഇന്ന്‌ എല്ലാ കക്ഷികള്‍ക്കും അംഗീകരീയ്‌ക്കേണ്ടി വന്നു. അധികാരത്തിന്റെ തലങ്ങളില്‍ നിന്നു്‌ മാറ്റി നിര്‍ത്തപ്പെട്ട അത്തരം വിഭാഗങ്ങള്‍ അധികാരത്തിന്റെ എല്ലാ തലങ്ങളിലും കടന്നുവരുന്നത്‌ മഹത്തായ ഒരു വിപ്ലവമാണ്‌. ഈ വിപ്ലവമുണ്ടാക്കിയത്‌ നെഹ്രുവിന്റെയോ കമ്മ്യൂണിസ്റ്റുകളുടേയോ വര്‍ഗ്ഗീയശക്തികളുടേയോ ആശയങ്ങളല്ല.

എന്നാല്‍ ഇന്ന്‌ സംവരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ അട്ടിമറിയ്‌ക്കപ്പെടുന്നു. സംവരണത്തില്‍ നിന്ന്‌ അര്‍ഹരായ സമൂഹങ്ങള്‍ പുറത്താക്കപ്പെട്ടതും പുറത്താക്കപ്പെടുന്നതുമായ സാഹചര്യം മാറ്റണമെന്ന്‌ പറയുവാനുള്ള ആര്‍ജ്ജവത്തം സമാജവാദി ജനപരിഷത്ത്‌ മാത്രമാണ്‌ കാണിയ്‌ക്കുന്നത്‌. സംവരണത്തിനുള്ളിലെ സാമൂഹികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക്‌ അര്‍ഹമായത്‌ ലഭിക്കാതെ വരുന്ന അസന്തുലിതാവസ്ഥ പരിഹരിക്കണമെങ്കില്‍ സമഗ്രമായ ഒരു സംവരണനയം ആവിഷ്‌കരിക്കണം.


എന്നാല്‍ അതിനു പകരം ഇന്ദിരാ കോണ്‍ഗ്രസ്‌, ബി.ജെ.പി., സി.പി.എം., സി.പി.ഐ., ജനതാദള്‍, മുലായം സിംഹിന്റെ സമാജവാദി പാര്‍ട്ടി, ബി.എസ്‌.പി, തുടങ്ങിയ എല്ലാ വ്യവസ്ഥാപിത കക്ഷികളും സാമ്പത്തിക സംവരണം വേണമെന്ന്‌ ആവശ്യപ്പെടുകയാണ്‌ ചെയ്യുന്നത്‌. മുന്നാക്കക്കാരിലെ ദരിദ്രര്‍ക്ക്‌ വേണ്ടി സാമ്പത്തിക സംവരണം വേണമെന്ന്‌ വാദിയ്‌ക്കുന്ന കക്ഷികള്‍ ദാരിദ്ര്യം അരക്കിട്ടുറപ്പിക്കുന്ന സാമ്പത്തികനയം ചേരിവ്യത്യാസമില്ലാതെ ഉയര്‍ത്തിപ്പിടിയ്‌ക്കുന്നത്‌ അവയുടെ പൊള്ളത്തരം തുറന്നു കാണിക്കുന്നു. സംവരണത്തിലൂടെ കുറച്ചാളുകള്‍ക്ക്‌ മാത്രമാണ്‌ അവസരങ്ങള്‍ ലഭിയ്‌ക്കുന്നത്‌. സാമ്പത്തികബുദ്ധിമുട്ടും ദാരിദ്ര്യവും പരിഹരിയ്‌ക്കാനാണെങ്കില്‍ സാമ്പത്തികമാറ്റം വരുത്തുകയാണ്‌ വേണ്ടതെന്ന്‌ നാം തിരിച്ചറിയണം.


അതുപോലെ സംവരണം നല്‌കുന്നതിനും സംവരണം നിഷേധിക്കുന്നതിനും മതം ഒരു മാനദണ്‌ഡമാക്കുന്നത്‌ ലക്ഷ്യത്തെ തെറ്റിയ്‌ക്കും. ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയില്‍ ഉടലെടുത്തതും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതുമായ ജാതിയുടെ അറകളില്‍ അടയ്‌ക്കപ്പെട്ടവര്‍ക്ക്‌ അധികാര-വിജ്ഞാന പങ്കാളിത്തത്തിനുള്ള പ്രത്യേക അവസരങ്ങള്‍ നല്‍കുന്നതായ സംവരണത്തിന്റെ ലക്ഷ്യങ്ങള്‍ അട്ടിമറിയ്‌ക്കപ്പെടരുത്‌. പ്രീണനവും വിവേചനവുമല്ല, പുതിയ ഒരു രാഷ്‌ട്രീയ വിവേകമാണ്‌ നമുക്കുണ്ടാവേണ്ടത്‌.

വര്‍ഗീയതയും ഭീകരതയും

ഭൂരിപക്ഷത്തിന്റെയാലും ന്യൂനപക്ഷത്തിന്റെയാലും വര്‍ഗീയതകള്‍ പ്രോത്സാഹിപ്പിയ്‌ക്കപ്പെടരുത്‌. തരം പോലെ വര്‍ഗീയതയെ ഉപയോഗപ്പെടുത്തുന്ന ഇന്ദിരാ കോണ്‍ഗ്രസ്സ്‌, സി.പി.എം., ജനതാദള്‍, മുലായം സിംഹിന്റെ സമാജവാദി പാര്‍ട്ടി എന്നിവയുടെ നയം വര്‍ഗീയ കക്ഷികളുടേതുപോലെ തന്നെ ആപല്‍ക്കരമാണ്‌.


മഹാത്മാഗാന്ധിയെ വഞ്ചിച്ചുകൊണ്ട്‌ നെഹ്രുവും പട്ടേലും ബ്രിട്ടീഷ്‌ സാമ്രാജ്യത്വ ആസൂത്രിത ഇന്ത്യാ വിഭജനപദ്ധതിയെ അനുകൂലിച്ചതാണ്‌ ഇന്ത്യാ വിഭജനത്തിന്‌ വഴി തെളിച്ചത്‌. വര്‍ഗീയ ശക്തികളെ കരുക്കളാക്കി ജനങ്ങളെ ഭിന്നിപ്പിക്കുവാന്‍ ശ്രമിച്ച സാമ്രാജ്യത്വ ശക്തികളുടെ പുതിയ രൂപം ഇപ്പോഴും സജീവമാണ്‌. 1984-ലെ സിഖ്‌ കൂട്ടക്കുരുതി നടത്തിയ ഇന്ദിരാ കോണ്‍ഗ്രസ്സ്‌ നേതൃത്വവും മുസ്ലീം കൂട്ടക്കൊല നടത്തിയ ഗുജറാത്തിലെ ബി.ജെ.പി.-ആര്‍.എസ്‌.എസ്‌. ശക്തികളും അതില്‍ ഭാഗഭാഗിത്തം വഹിയ്‌ക്കുവാനാണ്‌ ശ്രമിയ്‌ക്കുന്നത്‌.


ബോംബുസ്‌ഫോടനങ്ങള്‍ നടത്തിയതില്‍ മുസ്ലീം-ഹിന്ദു-വര്‍ഗ്ഗീയ ശക്തികളുടെ പങ്കുകള്‍ ഇതിനോടകം അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിക്കഴിഞ്ഞു. അക്രമം ഉയര്‍ത്തിപ്പിടിക്കുന്നതും മതവിദ്വേഷം പടര്‍ത്തുന്നതുമായ ആശയങ്ങള്‍ സമൂഹത്തിന്റെ സുസ്ഥിതിയെ വളരെ ദോഷകരമായി ബാധിക്കും.


മഹാത്മാഗാന്ധിയും, ഡോ. ലോഹിയയും, ജയപ്രകാശ്‌ നാരായണനും, ഡോ. അബബേഡ്‌കറും നല്‍കിയ മൗലീകമായ സംഭാവനകളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ രാജ്യത്തിന്റെ ഒരു നവ നിര്‍മ്മിതിയ്‌ക്കുവേണ്ടി പുതിയ പ്രവര്‍ത്തനങ്ങള്‍ നാം ഏറ്റെടുക്കണം. പുതിയ ഒരു രാഷ്‌ട്രീയ സംസ്‌കാരം അതിന്‌ ഒഴിച്ചുകൂടാനാവാത്തതുമാണ്‌.


രാജ്യത്തൊട്ടാകെയുള്ള ജനകീയ പ്രക്ഷോഭണങ്ങള്‍ ആ പുതിയ ദിശയിലേക്ക്‌ നയിയ്‌ക്കുന്ന സുപ്രധാന നീക്കങ്ങളാണ്‌. ഏറെക്കാലം ബഹുജന പ്രക്ഷോഭങ്ങള്‍ നടത്തിവന്ന വിവിധ ആദിവാസി -ദലിത-, കര്‍ഷക-പരിസ്ഥിതി-യുവജനപ്രസ്ഥാനങ്ങള്‍ ഒരുമിച്ചുചേര്‍ന്ന്‌ ഇന്ത്യയിലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പുതിയ ഘട്ടമെന്ന നിലയില്‍ രൂപം കൊടുത്തതാണ്‌ സമാജവാദി ജനപരിഷത്ത്‌ എന്ന ഈ പ്രസ്ഥാനം. ബദല്‍ രാഷ്‌ട്രീയത്തിനുള്ള ദേശീയ തലത്തിലെ മുന്നേറ്റമെന്ന നിലയില്‍ സമാജവാദി ജനപരിഷത്ത്‌ ഒരു പുതിയ പ്രതീക്ഷയെ കരുപ്പിടിപ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധമാണ്‌.


നവരാഷ്‌ട്രീയത്തിനുള്ള ചില ബദല്‍ പരിപാടികള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സമാജവാദി ജനപരിഷത്ത്‌ ജനങ്ങളെ സമീപിക്കുന്നു.

പരിപാടികള്‍

1. അബ്‌കാരി കോണ്‍ട്രാക്‌ടര്‍മാരെ കള്ള്‌ വില്‌പനയില്‍ നിന്ന്‌ ഒഴിവാക്കണം. മധുരക്കള്ള്‌ എന്ന നീര ചെത്തി വില്‌ക്കാന്‍ ലൈസന്‍സില്ലാതെ കര്‍ഷര്‍ക്ക്‌ അവകാശം നല്‌കണം. മദ്യവില്‌പന അനുമതി (ലൈസന്‍സ്‌) നല്‌കുവാനുള്ള സമ്പൂര്‍ണ്ണ അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ നല്‌കണം. മദ്യം, ലഹരി -മുറുക്കാന്‍ ലഹരി-മിഠായികള്‍ തുടങ്ങിയ എല്ലാ ലഹരി വസ്‌തുക്കള്‍ക്കുംനിരോധനം ഏര്‍പ്പെടുത്തണം.

2. ശുദ്ധമായ കുടിവെള്ളം എല്ലാവര്‍ക്കും ഉറപ്പുവരുത്തണം. കുടിവെള്ളത്തിന്റെ കച്ചവടം നിരോധിക്കണം. കിണറുകള്‍, കുളങ്ങള്‍, തോടുകള്‍ തുടങ്ങിയ ജലസ്രോതസ്സുകള്‍ ശുചിയാക്കി പരിരക്ഷിയ്‌ക്കണം. പൊതു സ്ഥലങ്ങളില്‍ മണ്‍കലങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കണം.

3. മാലിന്യപ്രശ്‌ന പരിഹാരത്തിനായി ഉറവിടത്തില്‍ തന്നെ വേണ്ട നടപടികള്‍ എടുക്കണം. ജൈവമലിന്യങ്ങളില്‍ നിന്ന്‌ ജൈവ വാതകവും, ഉപയോഗപ്രദമായ വസ്‌തുക്കളും നിര്‍മ്മിച്ച്‌ മാലിന്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കണം. പ്ലാസ്റ്റിയ്‌ക്ക്‌ ഉപയോഗം കുറയ്‌ക്കണം. അടിയന്തിര പ്രാധാന്യമുള്ള വിഷയം എന്നനിലയില്‍ മാലിന്യപ്രശ്‌നത്തെ കൈകാര്യം ചെയ്യണം.

4. ഭക്ഷ്യവിളകള്‍ക്ക്‌ പ്രാധാന്യം നല്‍കി പഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ലാ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യം കൈവരിക്കാന്‍‍ ശ്രമിയ്‌ക്കണം. കേരളത്തില്‍ കൃഷി ചെയ്‌ത്‌ കിട്ടുന്ന നെല്ല്‌ മുഴുവന്‍ ക്വിന്റലിന്‌ അയ്യായിരം രൂപ രൊക്കം നല്‌കി സംഭരിക്കണം. എല്ലാ രാസ കീടനാശിനികളും നിരോധിയ്‌ക്കണം. സുഭാസ്‌ പലേക്കരുടെ ചെലവില്ലാ പ്രകൃതി കൃഷി സര്‍ക്കാര്‍ നയമായി അംഗീകരിച്ച്‌ നടപ്പിലാക്കണം.

5. കാര്‍ഷിക-ഗ്രാമീണ ഉല്‌പന്നങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കൈത്തൊ ഴിലുകളും ചെറുകിട പരമ്പരാഗത വ്യവസായങ്ങളും ഗ്രാമ പഞ്ചായത്ത്‌ -ബ്ലോക്ക്‌ അടിസ്ഥാനത്തില്‍ തുടങ്ങി ഗ്രാമീണ തൊഴില്‍ അവസരങ്ങള്‍ വികസിപ്പിയ്‌ക്കുകയും ഗ്രാമീണ സമ്പദ്‌ഘടന കരുത്തുറ്റതാക്കു കയും ചെയ്യണം. ഭക്ഷണ പാനീയ രംഗത്തുനിന്ന്‌ വിദേശ കമ്പനികളെ പൂര്‍ണമായും നിരോധിയ്‌ക്കണം.

6. ജനങ്ങളുടെ സമ്പൂര്‍ണ്ണ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട്‌ പ്രകൃതിജീവനം, ഹോമിയോ, ആയുര്‍വേദം, അലോപ്പതി തുടങ്ങിയ എല്ലാ ചികിത്സാശാഖകളെയും സംയോജിപ്പിച്ച്‌ ഗ്രാമപഞ്ചായത്ത്‌ അടിസ്ഥാനത്തില്‍ ജനകീയ ആരോഗ്യനയം ആവിഷ്‌കരിച്ച്‌ നടപ്പിലാക്കണം. ആരോഗ്യപരിപാലന രംഗത്തെ കച്ചവടവല്‌ക്കര
ണത്തെ നേരിട്ടുകൊണ്ട്‌ എല്ലാ ഗ്രാമപഞ്ചായത്തിലും സൗജന്യമായ ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങള്‍ ആരംഭിയ്‌ക്കണം.

7. വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണം അവസാനിപ്പിയ്‌ക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണം. ബിരുദതലം വരെ പൂര്‍ണമായ സൗജന്യ വിദ്യാഭ്യാസം ഉറപ്പ്‌ വരുത്തണം. സര്‍ക്കാര്‍- സ്വകാര്യ എയിഡഡ്‌ വിദ്യാലയങ്ങളെ ആധാരമാക്കി അയല്‍പക്ക വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കി സ്‌കൂള്‍ തല വിദ്യാഭ്യാസ
അസമത്വം അവസാനിപ്പിയ്‌ക്കണം. മാതൃഭാഷയിലൂടെ ഗുണനിലവാ ര മുള്ള വിദ്യാഭ്യാസം ഏവര്‍ക്കും ഉറപ്പ്‌ വരുത്തണം.

8. കായികക്ഷമതയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിലേക്ക്‌ ഗ്രാമ തലത്തില്‍ കായിക പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. കലാ-സാംസ്‌കാരിക രംഗത്ത്‌ വൈവിധ്യമാര്‍ന്ന പരിശീലനസൗകര്യങ്ങള്‍ വായനശാലകളും ഗ്രന്ഥശാലകളും കേന്ദ്രമാക്കി ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ആരംഭിക്കണം.

9. മറ്റു പെന്‍ഷനുകള്‍ ലഭിക്കാത്ത അറുപതു വയസ്സു കഴിഞ്ഞ എല്ലാവര്‍ക്കും ആയിരം രൂപ വീതം പെന്‍ഷന്‍ നല്‌കണം.

10. ഭവനരഹിതര്‍ക്ക്‌ സാങ്കേതികത്വങ്ങള്‍ ഒഴിവാക്കി വീട്‌ നല്‌കണം.

11. മിശ്ര വിവാഹിതരായ ദമ്പതിമാരിലെ താഴ്‌ന്ന ജാതിയില്‍പ്പെട്ടയാളുടെ ജാതി ആ കുടുംബത്തിന്റെ ജാതിയായി കണക്കാക്കി സംവരണമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉറപ്പ്‌ വരുത്തണം. മതത്തിന്റെ അടിസ്ഥാനത്തില്‍ ദലിത ക്രിസ്‌ത്യാനികളെ പട്ടികജാതി സംവരണ ത്തില്‍ നിന്ന്‌ ഒഴിവാക്കിയത്‌ അവസാനിപ്പിക്കണം.

12. കിര്‍ത്താഡ്‌സ്‌ തുടങ്ങിയ ഏജന്‍സികളെ ഉപയോഗപ്പെടുത്തി സംവരണാര്‍ഹ സമൂഹത്തില്‍ നിന്നുള്ളവരെ സംവരണത്തില്‍ നിന്ന്‌ പുറത്താക്കുന്ന നടപടി അവസാനിപ്പിയ്‌ക്കണം. കിര്‍ത്താഡ്‌സിലെ തസ്‌തികകള്‍ പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാര്‍ക്കു മാത്രമായി സംവരണം ചെയ്യണം.

13. ലോകബാങ്ക്‌-എ.ഡി.ബി.-ഐ.എം.എഫ്‌ നയങ്ങളെയും രാജ്യത്തിന്റെ സാമ്പത്തികരംഗത്തുള്ള അവയുടെ ഇടപെടലുകളെയും നിരാകരിക്കണം.

14. ലോകവ്യാപാരസംഘടനയില്‍ നിന്ന്‌ ഇന്ത്യ പുറത്ത്‌ വന്ന്‌ ലോകത്തിലെ ചൂഷിത രാജ്യങ്ങളുടെ വികസന വാണിജ്യ കൂട്ടായ്‌മ ശക്തിപ്പെടുത്തണം.

15. തോട്ടം മേഖലകള്‍ക്കു കൂടി ഭൂപരിധി നിയമം ബാധകമാക്കി ആദി വാസികള്‍ക്ക്‌ മുന്‍ഗണനാടിസ്ഥാനത്തില്‍ കൃഷിഭൂമി നല്‌കണം. ആദിവാസികള്‍ക്ക്‌ നല്‌കിയതിനുശേഷം മിച്ചമുള്ള തോട്ടം ഭൂമി, തുണ്ടുഭൂമികൃഷിക്കാര്‍ക്കും കൃഷിത്തൊഴിലാളികളായ ദലിത-പിന്നാക്ക-ദരിദ്ര വിഭാഗങ്ങള്‍ക്കും വിതരണം ചെയ്യണം.

16. പ്ലാച്ചിമടയില്‍ പരിസ്ഥിതിയ്‌ക്കും, മനുഷ്യനും ജീവജാലങ്ങളുടെയാകെയും ഉപജീവനത്തിനും നാശം വരുത്തിയ കൊക്കൊക്കോള കമ്പനിയെ പ്രോസിക്യൂട്ട്‌ ചെയ്യുകയും നഷ്‌ടപരിഹാര നിര്‍ണ്ണയ ട്രൈബ്യൂണലിന്‌ ഉടനടി രൂപം കൊടുക്കുകയും ചെയ്യണം.

17. ഫാക്‌ടറികളും പദ്ധതികളും ആരംഭിയ്‌ക്കുന്നതിനുള്ള അനുവാദത്തില്‍ അതതു്‌ ഗ്രാമസഭകള്‍ക്കും ഗ്രാമ പഞ്ചായത്തിനും മുഖ്യമായ അധികാരം നല്‌കണം. കുടിയൊഴിപ്പിയ്‌ക്കല്‍ ഏറ്റവും കുറച്ചുള്ള വികസന നയം പ്രഖ്യാപിയ്‌ക്കുകയും ഏതെങ്കിലും കാരണവശാല്‍ കുടിയൊഴിപ്പിയ്‌ക്കല്‍ ആവശ്യമായി വരികയാണെങ്കില്‍, കുടിയൊഴിപ്പിയ്‌ക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പുനരധിവാസം, നഷ്‌ടപരിഹാരം എന്നിവയെക്കുറിച്ചും തീരുമാനിയ്‌ക്കുന്നതിനു്‌ ഒരു കുടിയൊഴിപ്പിയ്‌ക്കല്‍-പുനരധിവാസ കമ്മീഷന്‌ രൂപം നല്‍കണം.

മാറ്റത്തിന്‌ തുടക്കം കുറിയ്‌ക്കുക

വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക്‌ പുറമെ ഉയര്‍ന്ന്‌ വരുന്ന പ്രാദേശികവും മറ്റുമായ ജനശക്തികള്‍ക്കെല്ലാമുള്ള കുറഞ്ഞ (മിനിമം) ബദല്‍ പരിപാടിയായാണ്‌ സമാജവാദി ജനപരിഷത്ത്‌ ഇത്‌ മുന്നോട്ടുവച്ചിരിക്കുന്നതു്‌ . ഈ പരിപാടികളുടെ അടിസ്ഥാനത്തില്‍ സമാജവാദി ജനപരിഷത്തിന്റെയും വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക്‌ പുറത്ത്‌ ഉയര്‍ന്നുവരുന്ന കണ്ണൂരിലെ നവ രാഷ്‌ട്രീയ സഖ്യം പോലുള്ള ജനമുന്നേറ്റങ്ങളുടെയും സ്ഥാനാര്‍ത്ഥികളെയും ഈ പരിപാടികളോടു്‌ യോജിച്ച നിലപാടെടുക്കാന്‍ തയ്യാറുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും വോട്ടു്‌ ചെയ്‌ത്‌ വിജയിപ്പിയ്‌ക്കണമെന്ന്‌ സമാജവാദി ജനപരിഷത്ത്‌ സംസ്ഥാനസമിതി അഭ്യര്‍ത്ഥിക്കുന്നു.

രാജ്യം നേരിടുന്ന മുഖ്യമായ പ്രശ്‌നങ്ങളും ജനങ്ങളുടെ അടിസ്ഥാന അവകാശ ആവശ്യങ്ങളും പരിഹരിയ്‌ക്കുവാന്‍ വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്കു്‌ കഴിയില്ലെന്നു്‌ തെളിഞ്ഞു്‌കഴിഞ്ഞിരിയ്‌ക്കുന്നു. ഇനി നാം മെല്ലെ മെല്ലെയാണെങ്കിലും മാറ്റത്തിന്‌ തുടക്കം കുറിയ്‌ക്കണം. രാജ്യത്തിന്റെയും ജനങ്ങളുടെയും വിശാലമായ ഉത്തമതാല്‍പ്പര്യത്തിന്‌ നിരക്കുന്ന വിധം നമ്മുടെ സമ്മതിദാനാവകാശം നാം വിനിയോഗിക്കണം.
.