2013/06/24

സോഷ്യലിസ്റ്റ് നേതാവു് ഡോ. പി.പി. എൻ നമ്പൂതിരി അന്തരിച്ചു

ഡോ. പി.പി. എൻ നമ്പൂതിരി 2002- ലെ ചിത്രം
 കടപ്പാട് സോഷ്യലിസ്റ്റ് വാർത്താ കേന്ദ്രം
കോലഞ്ചേരി: സ്വാതന്ത്ര്യ സമര സേനാനി, സോഷ്യലിസ്റ്റ് നേതാവു്, ചരിത്ര ഗവേഷകൻ, അധ്യാപകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനായ കറുകപ്പിള്ളി പെരിങ്ങാട്ടില്ലത്ത് ഡോ. പി.പി. നാരായണൻ നമ്പൂതിരി (93) ജൂൺ 22 ശനിയാഴ്ച രാവിലെ അന്തരിച്ചു.

1942-ല്‍ സ്റ്റുഡന്റ്‌സ് കോൺഗ്രസിലും പിന്നീട് സ്റ്റേറ്റ് കോൺഗ്രസിലും പ്രവർത്തിച്ചിരുന്ന കാലത്താണ് സ്വാതന്ത്ര്യസമര രംഗത്തെത്തിയത്. 1949-ല്‍ സോഷ്യലിസ്റ്റ് നേതാവായി. ലോഹിയായുടെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 1957-ല്‍ അന്നത്തെ രാമമംഗലം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചു.1986- ൽ പോൾ വി. കുന്നിലിനോടൊപ്പം കെ.എ. ശിവരാമഭാരതിയുടെ സോഷ്യലിസ്റ്റ് പാർട്ടിയിൽ അദ്ദേഹം പ്രവർത്തിച്ചു 1995-ൽ സോഷ്യലിസ്റ്റുകൾ ദേശീയതലത്തിൽ സമാജവാദിജനപരിഷത്തിനു് രൂപം നല്കിയപ്പോൾ അതിന്റെ സംസ്ഥാനസമിതിയംഗവുമായിരുന്നു.

രാമമംഗലം സ്‌കൂളിൽ ആദ്യം അധ്യാപകനായും പിന്നീട് ഹെഡ്മാസ്റ്ററായും പ്രവർത്തിച്ച ഇദ്ദേഹം സ്‌കൂളിന്റെ സ്ഥാപക മാനേജരുമാണ്. തൃശ്ശൂര്‍ കേരളവർമ കോളേജിലും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലും അധ്യാപകനായിരുന്നു.

രാമമംഗലം ദേവസ്വം ബോർഡ് മാനേജർ, ഐരാപുരം ശ്രീശങ്കരാ കോളേജ് സ്ഥാപകാംഗം, സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ സ്ഥാപക അംഗം 'പ്രബോധിനി' പത്രത്തിന്റെ പത്രാധിപർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. കുന്നത്തുനാട് എജ്യൂക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി പ്രസിഡന്റ്, കോലഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിന്റെ പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു.

ജൂണ്‍ 22 ശനിയാഴ്ച എറണാകുളത്തെ സ്വകാര്യാശു​പത്രിയായ മെഡിക്കൽ ട്രസ്റ്റിലായിരുന്നു അന്ത്യം. സംസ്‌കാരം ജൂൺ 23 ഞായറാഴ്ച ഉച്ചയ്ക്കു് കറുകപ്പിള്ളിയിലെ വീട്ടുവളപ്പിൽ നടത്തി. സമാജവാദി ജനപരിഷത്ത്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജോഷി ജേക്കബ്‌ അടക്കം ഒട്ടേറപ്പേര്‍ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. കേരളത്തിലെ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ആദ്യകാലപ്രവർത്തകനും സമാജവാദിജനപരിഷത്തിന്റെ മുൻ സംസ്ഥാനസമിതിയംഗവുമായിരുന്നു ഡോ. പി.പി. എൻ നമ്പൂതിരിയെന്നു് ജോഷി ജേക്കബ്‌ അനുസ്മരിച്ചു. ചിന്തകനും എഴുത്തുകാരനും വടക്കൻ തിരുവിതാംകൂറിൽ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുത്ത സംഘാടകനുമായ അദ്ദേഹത്തിന്റെ വിയോഗം സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിനു്‌ തീരാനഷ്ടമാണെന്നു്‌ അദ്ദേഹം പറഞ്ഞു. സംസ്ഥാനസമിതിയ്‌ക്കുവേണ്ടി ജനറൽ സെക്രട്ടറി ജയ്‌മോന്‍ തങ്കച്ചൻ പുഷ്‌പ ചക്രം സമർപ്പിച്ചു.

ഡോ. പി.പി. നാരായണൻ നമ്പൂതിരി ഭാര്യ നീലീദേവി അന്തർജനം കോട്ടയം പ്ലായിക്കോട്ട് ഇല്ലത്തെയാണു്. ഡോ. പി.എൻ. കൃഷ്ണൻ (ശാസ്ത്രജ്ഞൻ, ടി.ബി. ജി.ആർ.ഐ, തിരുവനന്തപുരം), പി. രാജൻ (റിട്ട. ജില്ലാ വ്യവസായ ഓഫീസർ), പി.എൻ. വാസുദേവൻ (കെമിസ്റ്റ്, എസ്.ആർ. ഷുഗേഴ്‌സ്, ചെന്നൈ), ചന്ദ്രിക (തൈക്കാട്ടുശ്ശേരി ഇല്ലം, ചേർത്തല), രമ (പെരുമ്പാവൂര്‍ കടമ്പനാൽ ഇല്ലം), ശോഭ (ഹരിപ്പാട്ട്, ചെങ്ങാരപ്പിള്ളി മഠം) എന്നിവരാണു് മക്കൾ. ഉമാ കൃഷ്ണൻ (തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻകോർപ്പറേറ്റ് എൻജിനീയർ), ലതിക (മഞ്ചക്കൽ ഇല്ലം, പയ്യന്നൂര്‍), ഷൈലജ (തിരുവല്ല കവിയൂര്‍ ഇല്ലം), ശ്രീകുമാർ (ചേർത്തല തൈക്കാട്ടുശ്ശേരി ഇല്ലം), നാരായണൻ (റിട്ട. എച്ച്.എം.ടി. കടമ്പനാൽ, പെരുമ്പാവൂര്‍), മോഹനകുമാർ (ഡെപ്യൂട്ടി മാനേജർ, ഐ.ആർ.ഇ, ചവറ) എന്നിവർ മരുമക്കളും.

2013/05/29

ആഗോളവല്‌ക്കരണം ജാതിവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു-- നിഷ ശിവുര്‍ക്കര്‍

സമാജവാദി ജനപരിഷത്തു്‌ സംസ്ഥാന പ്രതിനിധിസമ്മേളനം 
ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു്‌ അഖിലേന്ത്യാ ഉപാദ്ധ്യക്ഷ 
അഡ്വ. നിഷ ശിവുര്‍ക്കര്‍ സംസാരിയ്‌ക്കുന്നു. 
കേരള വേളാര്‍ സര്‍വീസ്‌ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്‌
 കെ എം ദാസ്‌, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി 
അഡ്വ ജോഷി ജേക്കബ്‌, സംസ്ഥാനപ്രസിഡന്റ്‌ 
അഡ്വ വിനോദ്‌ പയ്യട
എന്നിവര്‍ സമീപം. ചിത്രം സോഷ്യലിസ്റ്റ് വാര്‍ത്താകേന്ദ്രം

കണ്ണൂര്‍ : ആധുനികവികസനം ജാതിവ്യവസ്ഥയുടെ തകര്‍ച്ചയ്‌ക്കു്‌ സഹായകമാകുമെന്ന വാദങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നു്‌ തെളിയിച്ചുകൊണ്ടു്‌ ആഗോളവല്‌ക്കരണത്തോടുകൂടി ജാതിവ്യവസ്ഥ കൂടുതല്‍ ശക്തവും നിഷ്‌ഠൂരവുമായെന്നു്‌ സമാജവാദിജനപരിഷത്തു്‌ അഖിലേന്ത്യാ ഉപാദ്ധ്യക്ഷ അഡ്വ. നിഷ ശിവുര്‍ക്കര്‍ (മഹാരാഷ്ട്ര) പ്രസ്‌താവിച്ചു. കണ്ണൂര്‍ വിനോദ് പ്രസാദ് സിംഹ് നഗരിയില്‍ (കണ്ണൂര്‍ താവക്കര യുപി സ്കൂള്‍) 2013 മെയ് 26നു് രാവിലെ സമാജവാദി ജനപരിഷത്തു്‌ സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു്‌ സംസാരിയ്‌ക്കുകയായിരുന്നു അവര്‍.

ദുരഭിമാനകൊലപാതകങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതു്‌ ചൂണ്ടിക്കാട്ടിക്കൊണ്ടാണു് അവരതു് പറഞ്ഞതു്. ജാതിവ്യവസ്ഥയ്‌ക്കെതിരായ സമരങ്ങള്‍ ദുര്‍ബലമായിത്തുടങ്ങിയിരിയ്‌ക്കുന്നു. ആഗോളവല്‍ക്കരണനയം സുഗമമായി നടപ്പാക്കപ്പെടുന്നതു്‌ ജാതിവ്യവസ്ഥ ശക്തിപ്പെടുന്നതുകൊണ്ടാണു്‌. അതുകൊണ്ടു്‌ ജാതിവ്യവസ്ഥയ്‌ക്കും ആഗോളവല്‌ക്കരണത്തിനും എതിരായ സമരം ഒരുമിച്ചു കൊണ്ടുപോകണമെന്നു്‌ നിഷ ശിവുര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനപ്രസിഡന്റ്‌ അഡ്വ വിനോദ്‌ പയ്യട അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ ജോഷി ജേക്കബ്‌ മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ റിപ്പോര്‍ട്ട്‌ ജനറല്‍ സെക്രട്ടറി എബി ജോണ്‍ വന്‍നിലവും രാഷ്ട്രീയ പ്രമേയം കെ രമേശനും അവതരിപ്പിച്ചു. സുരേഷ്‌ നരിക്കുനി, അഡ്വ ജയിമോന്‍ തങ്കച്ചന്‍, കേരള വേളാര്‍ സര്‍വീസ്‌ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്‌ കെ എം ദാസ്‌, ഫ്രാന്‍സിസ്‌ഞാളിയന്‍, ഹരി ചക്കരയ്‌ക്കല്‍, ശിവജി ഗെയിക്ക്‌വാദ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.



2013/05/24

സമാജവാദി ജനപരിഷത്ത് ഒമ്പതാം ദ്വൈവാര്‍ഷിക സംസ്ഥാന സമ്മേളനം ശനിയാഴ്ച തുടങ്ങും


കണ്ണൂര്‍, മെയ് 23: സമാജവാദി ജനപരിഷത്തിന്റെ ഒമ്പതാം ദ്വൈവാര്‍ഷിക സംസ്ഥാന സമ്മേളനത്തിനു് 2013 മെയ് 25-ാം തീയതി ശനിയാഴ്ച വൈകുന്നേരം നാലിനു് കണ്ണൂര്‍ വിനോദ് പ്രസാദ് സിംഹ് നഗരിയില്‍ ) കണ്ണൂര്‍ താവക്കര യുപി സ്കൂള്‍) കൊടിയുയരും. അഞ്ചുമണിയ്ക്കു് നടക്കുന്ന ജനകീയ രാഷ്ട്രീയ സമ്മേളനം ദേശീയ ഉപാദ്ധ്യക്ഷ അഡ്വ.നിഷാ ശിവുര്‍ക്കോര്‍ (മഹാരാഷ്ട്രം) ഉദ്ഘാടനം ചെയ്യും.

26നു് രാവിലെ ഒമ്പതരയ്ക്കു് സംസ്ഥാന പ്രസിഡന്റ് വിനോദ് പയ്യടയുടെ അദ്ധ്യക്ഷതയില്‍ പ്രതിനിധി സമ്മേളനം ആരംഭിയ്ക്കും. ദേശീയ ജനറല്‍ സെക്രട്ടറി സ. ജോഷി ജേക്കബ് സമാപന സമ്മേളനത്തെ സംബോദനചെയ്യും. ജൂണ്‍ 10,11,12 തീയതികളില്‍ ഉത്തരപ്രദേശിലെ വാരണാസിയില്‍ ഒമ്പതാം ദ്വൈവാര്‍ഷിക ദേശീയസമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണു് സംസ്ഥാന സമ്മേളനം നടക്കുന്നതു്.

ജനകീയ പ്രശ്നങ്ങളുയര്‍‍ത്തി രാജ്യവ്യാപകമായി സമരത്തിലേര്‍‍പ്പെട്ടിരിയ്ക്കുന്ന സമാജവാദി ജനപരിഷത്തിനെ ശക്തിപ്പെടുത്തുവാന്‍ വേണ്ടകാര്യങ്ങള്‍ ആലോചിയ്ക്കുകയും അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമാണു് സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി 1934ല്‍ രൂപംകൊണ്ട സോഷ്യലിസ്റ്റു് പ്രസ്ഥാനത്തിന്റെ ഭാഗവും പിന്തുടര്‍‍ച്ചയുമായി ദേശീയതലത്തില്‍ പ്രവര്‍‍ത്തിച്ചു് വരുന്ന സമാജവാദി ജനപരിഷത്തു് അടിസ്ഥാനമാറ്റത്തിനു് വേണ്ടിയുള്ള പുതിയൊരു രാഷ്ട്രീയമാണു് മുന്നോട്ടുവയ്ക്കുന്നതു്.

പ്രകൃതിയുടെയും മനുഷ്യന്റെ തന്നെയും നിലനില്പു് അപകടത്തിലാക്കുന്ന വികലവും വിനാശകരവുമായ വികസനത്തെ എതിര്‍‍ക്കുകയും വികേന്ദ്രീകൃതവും ജനകീയവുമായ വികസനരീതിയ്ക്കു് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന പ്രസ്ഥാനമാണു് സമാജവാദി ജനപരിഷത്തു് .സ്ത്രീകളുടെയും ആദിവാസികളുടെയും ദലിതരുടെയും മറ്റു്പിന്നാക്ക വിഭാഗങ്ങളുടെയും കൃഷിക്കാരുടെയും ഗ്രാമീണ വ്യവസായത്തിലേര്‍‍പ്പെട്ടിരിയ്ക്കുന്നവരുടെയും ആദര്‍‍ശ ധീരരായ യുവതീയുവാക്കളുടെയും മുന്‍‍കയ്യുള്ള ഈ പ്രസ്ഥാനം, മഹാത്മാഗാന്ധി, രാം മനോഹര്‍ ലോഹിയ, ജയപ്രകാശ് നാരായണന്‍, ഡോ.അംബേഡ്കര്‍‍ തുടങ്ങിയവരുടെ സംഭാവനകളെ ആധാരമാക്കിയ ഇന്ത്യന്‍‍സോഷ്യലിസ്റ്റ് ആദര്‍‍ശം ഉയര്‍ത്തിപ്പിടിയ്ക്കുന്നു. മഹാത്മാ ഫൂലെ തുടങ്ങിവച്ച ഇന്ത്യന്‍ സാമൂഹികവിപ്ലവവും മഹാത്മാഗാന്ധി നയിച്ച ഇന്ത്യന്‍ രാഷ്ട്രീയ വിപ്ലവവും മുന്നോട്ടുകൊണ്ടുപോകുകയാണു് സമാജവാദി ജനപരിഷത്തിന്റെ ദൗത്യം.

2013/02/18

പ്രകൃതിചൂഷണം പ്രശ്‌നങ്ങള്‍ക്ക് കാരണം: ഒ.വി.ഉഷ


കോട്ടയം, ഫെ.15: ശാസ്ത്രത്തെ അനാവശ്യമായി ഉപയോഗിച്ച് പ്രകൃതിയെ നശിപ്പിക്കുകയാണെന്നും പ്രകൃതിയുടെ മേല്‍ നടത്തുന്ന ക്രമംതെറ്റിയ ചൂഷണമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഒ.വി.ഉഷ പറഞ്ഞു. സമാജവാദി ജനപരിഷത്ത് സംസ്ഥാനസമിതി പശ്ചിമഘട്ട കര്‍ഷക സംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സമാജവാദി ജനപരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് അധ്യക്ഷത വഹിച്ചു.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിക്കാത്തവരാണ് അതിനെ തള്ളിപ്പറയുന്നതെന്ന് കണ്‍വെന്‍ഷനില്‍ സംസാരിച്ച ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ ഡോ. വി.എസ്.വിജയന്‍ പറഞ്ഞു. ആറ് സംസ്ഥാനങ്ങളുടെ അതിജീവനത്തിന്റെ പ്രശ്‌നമാണ്. ഇവയുടെ നിലനില്‍പ്പിനും വികസനത്തിനും പശ്ചിമഘട്ടമലനിരകളുടെ സംരക്ഷണം ആവശ്യമാണ്. ഒരോ മേഖലയിലെയും വിദഗ്ദ്ധരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് -അദ്ദേഹം പറഞ്ഞു.

ചെലവില്ലാ പ്രകൃതി കൃഷി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം.കുര്യന്‍, ഫ്രാന്‍സിസ് ഞാളിയന്‍, അഡ്വ. ജയമോന്‍ തങ്കച്ചന്‍, പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളി കെ.എം.ദാസ്, കണക്കംപാറ ബാബു, എബി ജോണ്‍ വന്‍നിലം എന്നിവര്‍ സംസാരിച്ചു.

അഡ്വ. ജോഷി ജേക്കബും എം. കുര്യനും ചേര്‍ന്നെഴുതിയ 'അതിജീവനത്തിന്റെ പലേക്കര്‍ കൃഷി'യെന്ന പുസ്തകം ചടങ്ങില്‍ ഒ.വി.ഉഷ പ്രകാശനം ചെയ്തു.
മാതൃഭൂമി


2013/01/02

പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കിഷോര്‍ പവാര്‍ അന്തരിച്ചു

കിഷോര്‍ പവാര്‍ (ഇടത്തു്), എന്‍.ജി ഗോറെയോടും എസ്.എം
ജോഷിയോടുമൊപ്പം 1988ല്‍. കടപ്പാടു് ടൈംസ് ഓഫ് ഇന്ത്യ

പുണെ,ജനുവരി 2: പ്രമുഖ സോഷ്യലിസ്റ്റും തൊഴിലാളി യൂണിയന്‍ നേതാവുമായ കിഷോര്‍ പവാര്‍ (86)അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തേത്തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതോടെ ഇന്നലെ രാത്രി വെന്റിലേറ്ററിന്റെ സഹായം തേടിയെങ്കിലും രാവിലെ മരണം സംഭവിച്ചു. സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനം, ഗോവ, ഹൈദരാബാദ് സ്വാതന്ത്ര്യ സമരങ്ങളിലും പങ്കെടുത്തിട്ടുള്ള പവാര്‍ നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

സോഷ്യലിസ്റ്റ് നേതാക്കളായ ജയ്പ്രകാശ് നാരായണ്‍, എസ്.എം ജോഷി, എന്‍.ജി ഗോറെയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാണ് പവാര്‍ നേതൃത്വത്തിലേക്കുയര്‍ന്നത്.
കടപ്പാടു് മംഗളം ദിനപത്രം

കൂടുതല്‍ ഇവിടെ