2010/02/25

കോമണ്‍വെല്‍ത്ത് ഗെയിംസ് ചിഹ്നത്തിന്റെ കോലംകത്തിച്ചു

.

കോഴിക്കോട്, ഫെ 24: കോമണ്‍വെല്‍ത്ത് ഗെയിംസിനെതിരെ സമാജവാദി ജനപരിഷത്ത് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് എല്‍.ഐ.സി. കോര്‍ണറില്‍ സമാജവാദി ജനപരിഷത്ത് പ്രവര്‍ത്തകര്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ചിഹ്നത്തിന്റെ കോലം കത്തിച്ചു. ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്തു. ദേശീയ നിര്‍വാഹകസമിതിയംഗം സുരേഷ് നരിക്കുനി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട, അഡ്വ. കുതിരോട്ട് പ്രദീപന്‍, പി.ടി.മുഹമ്മദ്‌കോയ എന്നിവര്‍ സംസാരിച്ചു.
.

കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തരുത്- അഫ്ലതൂന്‍


ന്യൂഡല്‍ഹി ,2010 ഫെബ്രു 23: രാജ്യത്തെ സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിറവേറ്റപ്പെടാത്തപ്പോള്‍ ഒരു ലക്ഷം കോടി രൂപയോളം മുടക്കി കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് സമാജ് വാദി ജന പരിഷത് നേതാവും പ്രമുഖ ഗാന്ധിയനുമായ അഫ്ലതൂന്‍ ആവശ്യപ്പെട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസിനെതിരെ വിദ്യാര്‍ഥി യുവജന സഭയുടെ ആഭിമുഖ്യത്തില്‍ ജന്ദര്‍മന്ദറില്‍ നടത്തിയ ധര്‍ണ്ണാസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിമത്തത്തിനു കീഴിലായിരുന്നു എന്നതു മാത്രമാണ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ സമാനത. അടിമത്തത്തിന്റെ പ്രതീകമായ കോമണ്‍വെല്‍ത്തിനെ ആഘോഷിക്കേണ്ടതില്ല. പ്രതിരോധ മേഖലയിലും കായിക രംഗത്തും എന്തുചെയ്താലും ജനങ്ങള്‍ എതിര്‍ക്കുകയില്ല എന്നതിനെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗെയിംസില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് ഓഫീസ് കെട്ടിടത്തിലേക്ക് നടത്തിയ റാലിയില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. സോഷ്യലിസ്റ്റ് ഐക്യവേദി ജനറല്‍ കണ്‍വീനര്‍ അഡ്വ. എന്‍.എം. വര്‍ഗീസ്, സമാജ് വാദി ജനപരിഷത്ത് നേതാക്കളായ പ്രൊഫ. അനില്‍ സദ്‌ഗോപാല്‍, സുനില്‍, അജിത് ഝാ, ലിംഗ്‌രാജ്, ഷമീം മോദി തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു.  മാതൃഭൂമി 2010 ഫെബ്രു 24

2010/02/22

വികസനത്തിന്റെ ഗുണഫലം സാധാരണക്കാര്‍ക്ക് ലഭ്യമാക്കണം-അഫ്‌ളാത്തൂന്‍

.

കോഴിക്കോട്: വികസനത്തിന് അവശ്യമായ പണം സാധാരണക്കാരനില്‍നിന്നാണ് ഭരണകൂടം സ്വരൂപീക്കുന്നതെങ്കില്‍ ആ വികസനത്തിന്റെ ഗുണവും സാധാരണക്കാരനു ലഭ്യമാക്കണമെന്ന് പ്രമുഖ ഗാന്ധിയനും സമാജവാദി ജനപരിഷത്ത് നേതാവുമായ അഫ്‌ളാത്തൂന്‍ ദേശായി പറഞ്ഞു. മാളിക്കടവ്-കിനാലൂര്‍ പാതയ്‌ക്കെതിരെ രാമല്ലൂരില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചെറിയ ശതമാനം ഉന്നതര്‍ക്ക് ഗുണം കിട്ടത്തക്കവിധമാണ് സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. കിനാലൂര്‍ പാത ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരെ സമരം ചെയ്യുമ്പോള്‍ വികസന വിരോധികളായി ചിത്രീകരിക്കപ്പെടും. ഇത്തരം സമരങ്ങളെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ നേരിടും. രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും എല്‍.കെ. അദ്വാനിക്കും ഒരേ വീക്ഷണമാണ്.


പാവങ്ങളെ മറന്ന കമ്മ്യൂണിസ്റ്റുകാരിപ്പോള്‍ മലേഷ്യയിലെ ഉന്നതന്മാര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കിനാലൂരില്‍ മെഡിസിറ്റിയാണ് സ്ഥാപിക്കുന്നതെന്നും വിനോദകേന്ദ്രം ഉള്‍പ്പെടെയുള്ള വ്യവസായ നഗരമാണെന്നും പറയുന്നു. അന്യനാട്ടുകാരുടെ വിനോദത്തിനാണ് കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത്. ഇത്തരം കോളേജുകളും ആസ്പത്രികളും സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. പാവപ്പെട്ടവര്‍ക്ക് ഇതു ലഭ്യമാക്കുന്നതിനു പകരം ഉന്നതരാണ് വികസനനയം തീരുമാനിക്കുന്നത്.


കോഴിക്കോട്ടെ കോംട്രസ്റ്റ് ഭൂമിയില്‍ ഒരു രാഷ്ട്രീയനേതാവിന്റെ നേതൃത്വത്തില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങുന്നുവെന്നാണ് പറയുന്നത്. നേതാക്കന്മാര്‍ ആരെങ്കിലും ആവട്ടെ. എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ പുതിയ ജന്മിമാര്‍ ഉണ്ടാവുന്നു എന്ന് ആലോചിക്കണം. പുതിയ ജന്മിമാരെ തിരിച്ചറിയാന്‍ വൈകരുത്. നമ്മുടെ ഒരു തുണ്ടുഭൂമിപോലും കഴുകനെപ്പോലെ നോക്കുകയാണ് ചിലര്‍.


പുതിയ ജന്മിമകള്‍ ഉണ്ടാവുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് എന്തെന്നും തിരിച്ചറിയണം. കേരളത്തില്‍ ഇരുമുന്നണികളും മാറിമാറി ഭരണത്തില്‍ വരുമ്പോഴും ജീവല്‍ സംബന്ധിയായ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇരുകൂട്ടരും തയ്യാറാവുന്നില്ല. ഗാന്ധിയന്‍ ആശയം പിന്‍പറ്റിയാല്‍ കിനാലൂര്‍ സമരം വിജയത്തിലെത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.


കെ. റഹ്മത്തുള്ള അധ്യക്ഷതവഹിച്ചു. സമാജവാദി ജനപരിഷത്ത് ദേശീയ സമിതിയംഗം സുരേഷ് നരിക്കുനി, സമാജവാദി ജനപരിഷത്ത് സംസ്ഥാന സെക്രട്ടറി കുതിരോട്ട് പ്രദീപന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ മോരിക്കര മുതല്‍ കിനാലൂര്‍വരെ സഞ്ചരിച്ച അഫ്‌ളാത്തൂന്‍ പ്രദേശവാസികളുടെ ആശങ്കകള്‍ ചോദിച്ചു മനസ്സിലാക്കി.


കടപ്പാട് മാതൃഭൂമി, ഫെ 15 2010

.

2010/02/15

പ്രകൃതിവിഭവങ്ങള്‍ കുത്തകക്കാര്‍ക്ക് നല്‍കുന്നതില്‍ രാഷ്ട്രീയക്കാര്‍ക്ക് ഏകാഭിപ്രായം -അഫ്‌ളാത്തൂണ്‍

കണ്ണൂര്‍ ഫെ 13: പ്രകൃതിവിഭവങ്ങളുടെ ഉടമസ്ഥത തീരുമാനിക്കുന്നത് രാഷ്ട്രീയനേതൃത്വമാണെന്നും ഇവ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വിട്ടുകൊടുക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഏകാഭിപ്രായക്കാരാണെന്നും സമാജ‌വാദി ജനപരിഷത്ത് ദേശീയസമിതി അംഗവും യു.പിയിലെ കൊക്കകോള വിരുദ്ധസമര നേതാവുമായ അഫ്‌ളാത്തൂണ്‍ അഭിപ്രായപ്പെട്ടു. വിഭവങ്ങളുടെ ഉടമസ്ഥതയിന്മേലുള്ള അവകാശം സ്ഥാപിച്ചെടുക്കേണ്ടത് രാഷ്ട്രീയ സമരങ്ങളിലൂടെയാവണമെന്നും അദ്ദേഹം പറഞ്ഞു.

സമാജ്‌വാദി ജനപരിഷത്തിന്റെയും ജില്ലാ പരിസ്ഥിതി സമിതിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലാ മതേതര ജനകീയ സമര സംഘങ്ങളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ലക്ഷ്മണന്‍ അധ്യക്ഷനായി. എ.സദാനന്ദന്‍, രവീന്ദ്രന്‍, ദേവദാസ്, ഹരി ചക്കരക്കല്‍, രാജന്‍ കോരമ്പേത്ത്, രവീന്ദ്രന്‍, ദേവദാസ്, പി.പി.കൃഷ്ണന്‍, ഇ.പി.ഹംസക്കുട്ടി, മുഹമ്മദ്, കെ.രമേശ് എന്നിവര്‍ സംസാരിച്ചു.

കക്കാട് പുഴ കൈയേറിയ സ്ഥലം അഫ്‌ളാത്തൂണ്‍ സന്ദര്‍ശിച്ചു. കെ.രമേശ്, യമുന രമേശ്, പി.വി.ധനലക്ഷ്മി, ആശാഹരി, ഹരി ചക്കരക്കല്‍, ദേവദാസ്, സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിനോദ് പയ്യട എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
മാതൃഭൂമി ഫെബ്രുവരി 14

അഫ്‌ളാത്തൂണ്‍ ഫെ 14നു് കോഴിക്കോട്ട്

കോഴിക്കോട്: മഹാത്മാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി മഹാദേവ ദേശായിയുടെ ചെറുമകനും യു.പി.യിലെ മെഹ്ദിഗഞ്ച് കൊക്കകോള വിരുദ്ധ സമരനായകനും സമാജ്‌വാദി ജനപരിഷത്ത് ദേശീയ നേതാവുമായ അഫ്‌ളാത്തൂണ്‍ ഫെബ്രുവരി 14 ഞായര്‍, 15 തിങ്കള്‍ ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

ഫെബ്രു. 14ന് രാവിലെ ഒമ്പതുമണിക്ക് കക്കോടി മോരിക്കരയില്‍ കിനാലൂര്‍-മാളിക്കടവ് റോഡിനെതിരായ സമരപരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് നാലുമണിക്ക് കാക്കൂരിലെ രാമല്ലൂരില്‍ ജനകീയ സമരക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. 15ന് കോതിപ്പാലം സമീപറോഡില്‍ നാട്ടുകാരെ കാണും.

മാതൃഭൂമി ഫെബ്രുവരി 14

2010/02/14

ആഗോളീകരണത്തെ ഗാന്ധിയന്‍ മൂല്യങ്ങളാല്‍ ചെറുക്കണം-അഫ്‌ളാത്തൂന്‍

.


കണ്ണൂര്‍ ഫെ 13: ആഗോളീകരണത്തിന്റെ ആസുരതകളെ ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉപയോഗിച്ച് ചെറുക്കണമെന്ന് പ്രമുഖ ഗാന്ധിയനും ഉത്തര്‍പ്രദേശ് സമാജ്‌വാദി ജനപരിഷത്ത് നേതാവുമായ അഫ്‌ളാത്തൂന്‍ പറഞ്ഞു.


ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമായിരുന്നില്ല. അത് ഇവിടെ നിലനിന്ന സാമൂഹ്യ അനീതിക്കെതിരെയുമായിരുന്നു. ആഗോളീകരിക്കപ്പെട്ട അനീതിക്കെതിരെ പോരാടാനും ഇതേ മൂല്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.


മഹാത്മജിയുടെ മാതൃഭൂമി സന്ദര്‍ശനത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉത്തര മലബാറിലെ സ്വാതന്ത്ര്യസമര ഭടന്മാരെ ആദരിക്കുന്ന ചടങ്ങ് 2010 ഫെബ്രുവരി 13-നു് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗാന്ധിജിയുടെ സെക്രട്ടറി മഹാദേവ ദേശായിയുടെ പൗത്രന്‍ കൂടിയായ അഫ്‌ളാത്തൂന്‍.


കേരളത്തില്‍ നിലനിന്ന അയിത്തത്തെയും അനാചാരത്തെയും ഗാന്ധിജി വളരെ ഗൗരവത്തോടെയാണ് നിരീക്ഷിച്ചത്. ജയിലിലായിരുന്ന ഗാന്ധിജിയുടെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു വൈക്കം സത്യാഗ്രഹത്തിന്റെ തുടക്കം-അദ്ദേഹം പറഞ്ഞു.


സാമൂഹ്യ അനീതിയും പീഡനങ്ങളും ഏറ്റുവാങ്ങുന്നവര്‍ തന്നെ അതിനെതിരെയുള്ള സമരങ്ങളില്‍ മുന്‍പന്തിയിലുണ്ടാവണം. കേരളത്തില്‍ പ്ലാച്ചിമട സമരത്തിന്റെ മുന്നില്‍ എം.പി.വീരേന്ദ്രകുമാറും വന്ദന ശിവയും മേധാപട്കറും ഒക്കെയുണ്ടായെങ്കിലും ജലചൂഷണം കൊണ്ട് ദുരിതമനുഭവിക്കുന്ന സമൂഹത്തിന്റെ പ്രതീകമായ മയിലമ്മയ്ക്കായിരുന്നു സമരത്തിന്റെ നേതൃത്വം. ഇതൊരു സന്ദേശമാണ്. എം.ടി.വാസുദേവന്‍ നായര്‍, സാറാജോസഫ്, എം.എന്‍.വിജയന്‍ എന്നിവരെപ്പോലെയുള്ള എഴുത്തുകാരും സമൂഹത്തിന് ആശയപരമായ നേതൃത്വം നല്കി. ഇത് ശ്രദ്ധേയമാണ്-അഫ്‌ളാത്തൂന്‍ പറഞ്ഞു.


ടാഗോറിന്റെ പേരിലുള്ള സാഹിത്യ അവാര്‍ഡ് തെക്കന്‍ കൊറിയയിലെ കുത്തക കമ്പനിയായ സാംസങ് സ്‌പോണ്‍സര്‍ ചെയ്യുന്ന കാഴ്ച പുതിയ ലോകത്തിന്‍േറതാണ്. ടാഗോര്‍ ഗാന്ധിജിയുടെ മഹത്ത്വം അറിഞ്ഞ മഹാകവിയാണ്. ഗാന്ധിജി കാണിച്ച വഴിയിലൂടെ , ആത്മശുദ്ധീകരണത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും കേരളം വളരണമെന്നും അതിന് ഈ സ്വാതന്ത്ര്യസമര സേനാനികളുടെ കര്‍മ്മോന്മുഖമായ ഓര്‍മ്മകള്‍ ശക്തി പകരണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് അദ്ദേഹം ഉപഹാരം നല്കി.


മാതൃഭൂമി ഡയറക്ടര്‍ പി.വി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിജിയുടെ ആശയങ്ങളില്‍ മുറുകെ പിടിച്ചുകൊണ്ടാണ് മാതൃഭൂമി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സത്യം, സമത്വം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങള്‍ ഇതുകൊണ്ടുതന്നെ മാതൃഭൂമി വിടാതെ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ്.എയിലെ പോര്‍ട്ട്‌ലാന്റ് സര്‍വ്വകലാശാല ഗാന്ധിയന്‍ പഠന വിഭാഗം പ്രൊഫസര്‍ ഡോ.മൈക്കിള്‍ വാറന്‍ സണ്‍ലിറ്റ്‌നര്‍ മുഖ്യപ്രഭാഷണം നടത്തി. ആഗോളതലത്തില്‍ മൃഗീയമായ ചൂഷണവും വിവേചനവും രൂക്ഷമായി നിലനില്ക്കുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യസമരം അനുസ്യൂതമായ സമരം തന്നെയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.


ഗാന്ധിജിയെ അറിയുക എന്നത് സേവനത്തെയും ത്യാഗത്തെയും അറിയുക എന്നതാണ്. എല്ലാ സാമൂഹ്യ ചൂഷണങ്ങള്‍ക്കുമെതിരെ പോരാടാനുള്ള നന്മ നിറഞ്ഞ ആയുധമാണ് ഗാന്ധിസം. പുതിയ സ്വതന്ത്ര്യ സമര ഭടന്മാര്‍ ഇനി വീണ്ടും ഉണ്ടാവേണ്ടിയിരിക്കുന്നു. കാരണം ആഗോളീകരണത്തിന്റെ ചൂഷണവലയം പരോക്ഷമായ പാരതന്ത്ര്യം നമുക്ക് ചുറ്റും വലവിരിച്ചിരിക്കുകയാണ്-മൈക്കിള്‍ വാറന്‍ സണ്‍ലിറ്റ്‌നര്‍പറഞ്ഞു.

ടാഗോര്‍ രചിച്ച 'ബാപ്പുജി' എന്ന പുസ്തകം ഫാ. തൈത്തോട്ടത്തില്‍ നിന്നും ഏറ്റുവാങ്ങി അഫ്‌ളാത്തൂന്‍ പ്രകാശനം ചെയ്തു. ദരിദ്ര കോടികളെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ ആയുധമെടുക്കാതെ ഗാന്ധിജിക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ മനശ്ശക്തിമൂലമാണ്. സൗമ്യതയുടെ ദീപ്ത സൗന്ദര്യമാണ് ഗാന്ധിജിയുടേത്-ഫാ. തൈത്തോട്ടം പറഞ്ഞു.


മൂല്യങ്ങള്‍ക്ക് തേയ്മാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ യുവതലമുറയ്ക്ക് ചൈതന്യം പകരാന്‍ ഇത്തരം ചടങ്ങുകള്‍ക്ക് സാധിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച കാലിക്കറ്റ് സര്‍വ്വകലാശാലാ ഹിന്ദി വിഭാഗം മേധാവി ഡോ. ആര്‍സു പറഞ്ഞു.


മാതൃഭൂമി ഡയറക്ടര്‍ എം.ജെ.വിജയപദ്മന്‍ സ്വാഗതവും പ്രത്യേക ലേഖകന്‍ പി.പി.ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു.


- ദിനകരന്‍ കൊമ്പിലാത്ത്‌


കടപ്പാടു് മാതൃഭൂമി
.

2010/02/11

ലാലൂര്‍ ഭരണകൂടത്തെ നോക്കുകുത്തിയെന്ന് വിലയിരുത്തും- സുകുമാര്‍ അഴീക്കോട്

.


തൃശ്ശിവപേരൂര്‍: ഫെബ്രുവരി അവസാനിക്കുന്നതിനുമ്പ് ലാലൂര്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഭരണകൂടം നോക്കുകുത്തിയായി വിലയിരുത്തപ്പെടുമെന്ന് ഡോ. സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടു.

ലാലൂര്‍ സമരസഹായസമിതിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിനുമുമ്പില്‍ ഫെബ്രുവരി 9 ചൊവ്വാഴ്ച നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടിയാലോചനയുടെ ഭാഗമായി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമാണ് ലാലൂരിലേതെന്നും കോര്‍പ്പറേഷന്റെ ദുര്‍വാശിയും ആത്മാര്‍ത്ഥവും ശാസ്ത്രീയവുമായ സമീപനത്തിന്റെ അഭാവവുമാണ് സമരം തുടരാനുള്ള കാരണമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. രണ്ട് ദശാബ്ദമായി നിലനില്‍ക്കുന്ന ലാലൂര്‍ പ്രശ്‌നത്തിന് മുന്‍ നഗരസഭകളും ഉത്തരവാദികളാണ്. സേവനത്തിന്റെയും ത്യാഗത്തിന്റെയും മന്ത്രങ്ങള്‍ മറന്ന് ഭരണകര്‍ത്താക്കള്‍ ദുര്‍മന്ത്രവാദികളായി രൂപാന്തരപ്പെടുകയാണ് പിന്നീട്. ആഡംബരണങ്ങള്‍ക്കും മറ്റും കോടിക്കണക്കിനു രൂപ ചെലവാക്കുന്ന ഭരണാധികാരികള്‍ ലാലൂര്‍ പ്രശ്‌ന പരിഹാരത്തിന് അനുയോജ്യമായ പദ്ധതികള്‍ നടപ്പാക്കാത്തത് വൈരുദ്ധ്യമാണെന്നും യുവ സംഘടനകളുടെയും വ്യക്തികളുടെയും പങ്കാളിത്തം കൂടുതലായി ഉണ്ടാകണമെന്നും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത സാറാ ജോസഫ് പറഞ്ഞു. '' വികേന്ദ്രീകരിച്ചുകൊണ്ടുള്ള മാലിന്യസംസ്‌കരണ രീതിയാണ് വേണ്ടത്. പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു പ്രശ്‌നമല്ല ഇത്. സ്വന്തം മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം ഓരോരുത്തരും കണ്ടെത്തിയാല്‍ മതി. നഗരവാസികളും പൊതു സ്ഥാപനങ്ങളും ഫ്‌ളാറ്റുകളുമെല്ലാം ഇക്കാര്യത്തില്‍ ഒരു പൊതു തീരുമാനമെടുക്കണം. ലാലൂര്‍ പ്രശ്‌നത്തില്‍ ഇനി ഒത്തുതീര്‍പ്പുകളില്ല; പരിഹാരം മാത്രമേയുള്ളൂ.''- അവര്‍ കൂട്ടിച്ചേര്‍ത്തു.

മാലിന്യസംസ്‌കരണം കാര്യക്ഷമമായി നടപ്പിലാക്കിയ കോര്‍പ്പറേഷനുകള്‍ സന്ദര്‍ശിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ പഠിക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് പി. ചിത്രന്‍ നമ്പൂതിരിപ്പാട് നിര്‍ദേശിച്ചു.

മനുഷ്യന്റെ നന്മയാണ് ഏതൊരു പ്രവര്‍ത്തിയുടെയും ലക്ഷ്യമെന്നും അതുകൊണ്ട് ലാലൂരിലെ ജനങ്ങളെ വേദനിപ്പിക്കുന്ന ഇന്നത്തെ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെന്നും പൗരസ്ത്യ സുറിയാനി സഭയുടെ മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സര്‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. എം.പി. മത്തായി, കെ. വേണു, കെ.കെ. കൊച്ചുമുഹമ്മദ്, ഡോ. ടി.കെ. വിജയരാഘവന്‍, അഡ്വ. എന്‍.കെ. ഗംഗാധരന്‍, വി. ഗോവിന്ദന്‍കുട്ടി, അഡ്വ. രഘുനാഥ് കഴുങ്കില്‍, ലാലി ജെയിംസ്, ദിവാകരന്‍ പള്ളത്ത്, ശ്രീധരന്‍ തേറമ്പില്‍, ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍, എന്നിവര്‍ പ്രസംഗിച്ചു. എം.പി. ജോയ്, ഇ.ജെ. സ്റ്റീഫന്‍, സി.പി. ജോസ്, കെ.കെ. ഓമന, റോസിലി മാത്യു, ബേബി എടക്കുളത്തൂര്‍, അസൂറ അലി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. സമരസഹായസമിതി ജനറല്‍ കണ്‍വീനര്‍ എം. പീതാംബരന്‍ സ്വാഗതവും കണ്‍വീനര്‍ പൂനം റഹിം നന്ദിയും പറഞ്ഞു.

കടപ്പാടു് മാതൃഭൂമി
.

ഫെബ്രുവരി 9-ന് ലാലൂര്‍ സമരം 58 ദിവസം പിന്നിട്ടു

തൃശ്ശൂര്‍: ലാലൂര്‍ സമരം 58-ാം ദിവസമായ ഫെബ്രുവരി 9-ന് മെഴ്‌സി ആന്‍േറാ നിരാഹാരമനുഷ്ഠിച്ചു. ഫെബ്രുവരി 10 ബുധനാഴ്ച ലാലൂര്‍ അമൃത സ്വയംസഹായസംഘം പ്രവര്‍ത്തക പ്രസന്ന നിരാഹാരമനുഷ്ഠിക്കും. മുന്‍ ഡെപ്യൂട്ടി കളക്ടര്‍ കുമാരദാസ് ഉദ്ഘാടനം ചെയ്യും.
.

2010/02/09

ലാലൂര്: ഫെബ്രുവരി 9-ന് കോര്‍പറേഷനു മുന്നില്‍ ഉപവാസം

തൃശ്ശിവപേരൂര്‍: ലാലൂര്‍ മാലിന്യ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ലാലൂര് മലിനീകരണ വിരുദ്ധ സമരസഹായ സമിതിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 9-ന് രാവിലെ 10ന്‌ കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ ഉപവസിക്കും. ഡോ. സുകുമാര്‍ അഴീക്കോട്‌ ഉദ്‌ഘാടനം ചെയ്യും.

അതിനിടെ സമരസമിതിയുടെ നിരാഹാരം ഫെബ്രുവരി 8-ന് 57-ാം ദിവസം പിന്നിട്ടു. റോസിലിമാത്യുവാണ്‌ നിരാഹാരം അനുഷ്‌ഠിച്ചത്‌. അഡ്വ. രഘുനാഥ്‌ കഴുങ്കില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി. ജോസ്‌, പ്രഭാകരന്‍ ലാലൂര്, സി.ടി. കൊച്ചുമാത്യു, കെ.കെ. ഓമന, പോള്‍ കുണ്ടുകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. കേണല്‍ വര്‍ഗീസ്‌ കോളേങ്ങാടന്‍ ഉദ്‌ഘാടനംചെയ്‌തു. ഇന്‍ഫന്റ്‌ ജീസസ്‌ യൂണിറ്റ്‌ ലാലൂരിന്റെ ആഭിമുഖ്യത്തില്‍ 50-ല്‍പരം പ്രവര്‍ത്തകര്‍ മെഴുകുതിരി പ്രദക്ഷിണത്തോടെ സമര പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചു. മാനവവേദി ജനറല്‍ സെക്രട്ടറി ആര്‍.കെ.ജി. തയ്യില്‍ സമര പന്തല്‍ സന്ദര്‍ശിച്ചു. ലാലൂരിലെ ദുരിതത്തെ കുറിച്ചും അധികാരികളുടെ മര്‍ക്കടമുഷ്‌ഠിയെക്കുറിച്ചുമുള്ള കവിത ചൊല്ലി. അരണാട്ടുകര ഇടവകയുടെ കീഴിലുള്ള സ്‌നേഹനിധി സ്വയം സഹായം സംഘം റോസിലി ടീച്ചറുടെ നേതൃത്വത്തില്‍ പന്തലില്‍വന്ന്‌ അഭിവാദ്യം അര്‍പ്പിച്ചു. ഇന്ന്‌ നിരാഹാരം അനുഷ്‌ഠിക്കുന്നത്‌ മേഴ്‌സി ആന്റോ ആണ്‌. ഡോ.കെ.ആര്‍. രാജന്‍ (ജനശക്‌തി മുന്‍ പ്രസിഡന്റ്‌), ഉദ്‌ഘാടനം ചെയ്യും.

2010/02/01

ഫെ.12ന് പ്ലാന്റിന്റെ ഗേറ്റ് അടച്ചിടും; ലാലൂര്‍ സമരം ശക്തമാക്കുന്നു

തൃശ്ശിവപേരൂര്‍: ലാലൂര്‍ പ്ലാന്റിന്റെ ഗേറ്റ് അടച്ചിടുന്നതുള്‍പ്പടെയുള്ള ശക്തമായ സമരപരിപാടികള്‍ക്ക് സമരസമിതി രൂപവത്കരണയോഗം തീരുമാനിച്ചു. ലാലൂരില്‍ മലിനീകരണവിരുദ്ധസമിതി നടത്തിവന്ന ഉപവാസ സമരം 50-ആം ദിവസം പിന്നിടമ്പോഴും ഒരു പരിഹാരവുമായി കോര്‍പ്പറേഷന്‍ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ജനുവരി 31നു് രണ്ടാംഘട്ട സമരപരിപാടികള്‍ക്ക് രൂപം നല്കിയത്. പ്രമുഖ വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് സമരസഹായസമിതിയ്ക്ക് രൂപം നല്കിയത്.


ഫെബ്രുവരി 9-ന് സമരസഹായസമിതിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ ഏകദിന ഉപവാസം അനുഷ്ഠിക്കും. തുടര്‍ന്ന് ഫിബ്രവരി 12ന് പ്ലാന്റിന്റെ ഗേറ്റ് അടച്ചിട്ട് സമരം ശക്തമാക്കും.


സെന്റ് തോമസ് കോളേജില്‍ ജനുവരി 31 ഞായറാഴ്ച നടന്ന സമരസഹായസമിതി രൂപവത്കരണയോഗം എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു.


മാലിന്യപ്രശ്‌നത്തില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ മൗനം വെടിഞ്ഞ് ജനങ്ങളുമായി സംസാരിച്ചേ തീരൂവെന്ന് സാറാജോസഫ് പറഞ്ഞു. ഇതിനായി അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിനെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കണമെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു. ഇതിനായി കോളേജ് വിദ്യാര്‍ത്ഥികളും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങണമെന്നും അവര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ കോര്‍പ്പറേഷന്‍ പുലര്‍ത്തുന്ന നിസ്സംഗത ജനാധിപത്യസംവിധാനത്തിന് ചേര്‍ന്നതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും യോഗത്തില്‍ പ്രസംഗിച്ച വി.എം. സുധീരന്‍ ചൂണ്ടിക്കാട്ടി.


ലാലൂര്‍ സഹായസമിതി ഭാരവാഹികള്‍ ഇവരാണ്. ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍, വി.എം. സുധീരന്‍, സാറാ ജോസെഫ്, എം.ആര്‍. ഗോവിന്ദന്‍, ഡോ.കെ.കെ. രാഹുലന്‍ (രക്ഷാധികാരികള്‍).


കെ.വി. അബ്ദുള്‍ അസ്സീസ്(ചെയര്‍മാന്‍), സി.ടി.വില്ല്യംസ്, ജോര്‍ജ്ജ് ചക്കംകണ്ടം, അഡ്വ. ഗംഗാധരന്‍, കേളന്‍ വി.എസ്.കുട്ടി(വൈ.ചെയര്‍മാന്‍), എം. പീതാംബരന്‍(ജന. കണ്‍വീനര്‍), വി.കെ. ശശികുമാര്‍, അഡ്വ. വി.കെ. പ്രകാശന്‍, ലാലി ജയിംസ്, പൂനം റഹീം, എം.പി. ജോയി(കണ്‍വീനര്‍മാര്‍).


27 അംഗ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ജനുവരി 31 ഞായറാഴ്ച ലാലൂരില്‍ നടന്ന സമരത്തിന്റെ ഭാഗമായി എന്‍.എസ്.എസ്. ഒളരിക്കര കരയോഗം ഭാരവാഹികള്‍ ഉപവസിച്ചു. പാടാഞ്ചേരി ഗോവിന്ദന്‍നായര്‍ കുണ്ടുവാറ കുമാര്‍, കാരങ്കര ചന്ദ്രശേഖരന്‍, പനങ്ങാട് സതീദേവി എന്നിവരാണ് ഉപവസിച്ചത്.ഫാ. നോബി അമ്പൂക്കന്റെ നേതൃത്വത്തില്‍ അരണാട്ടുകര ഇടവകയും സമരത്തിന് പിന്തുണയുമായി എത്തി. പ്രകടനമായാണ് ഇവര്‍ സമരപ്പന്തലില്‍ എത്തിയത്.

മാതൃഭൂമി
.