.
കണ്ണൂര്‍ ഫെ 13: ആഗോളീകരണത്തിന്റെ ആസുരതകളെ ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉപയോഗിച്ച് ചെറുക്കണമെന്ന് പ്രമുഖ ഗാന്ധിയനും ഉത്തര്‍പ്രദേശ് സമാജ്‌വാദി ജനപരിഷത്ത് നേതാവുമായ അഫ്‌ളാത്തൂന്‍ പറഞ്ഞു.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രമായിരുന്നില്ല. അത് ഇവിടെ നിലനിന്ന സാമൂഹ്യ അനീതിക്കെതിരെയുമായിരുന്നു. ആഗോളീകരിക്കപ്പെട്ട അനീതിക്കെതിരെ പോരാടാനും ഇതേ മൂല്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
മഹാത്മജിയുടെ മാതൃഭൂമി സന്ദര്‍ശനത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉത്തര മലബാറിലെ സ്വാതന്ത്ര്യസമര ഭടന്മാരെ ആദരിക്കുന്ന ചടങ്ങ് 2010 ഫെബ്രുവരി 13-നു് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗാന്ധിജിയുടെ സെക്രട്ടറി മഹാദേവ ദേശായിയുടെ പൗത്രന്‍ കൂടിയായ അഫ്‌ളാത്തൂന്‍.
കേരളത്തില്‍ നിലനിന്ന അയിത്തത്തെയും അനാചാരത്തെയും ഗാന്ധിജി വളരെ ഗൗരവത്തോടെയാണ് നിരീക്ഷിച്ചത്. ജയിലിലായിരുന്ന ഗാന്ധിജിയുടെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു വൈക്കം സത്യാഗ്രഹത്തിന്റെ തുടക്കം-അദ്ദേഹം പറഞ്ഞു.
സാമൂഹ്യ അനീതിയും പീഡനങ്ങളും ഏറ്റുവാങ്ങുന്നവര്‍ തന്നെ അതിനെതിരെയുള്ള സമരങ്ങളില്‍ മുന്‍പന്തിയിലുണ്ടാവണം. കേരളത്തില്‍ പ്ലാച്ചിമട സമരത്തിന്റെ മുന്നില്‍ എം.പി.വീരേന്ദ്രകുമാറും വന്ദന ശിവയും മേധാപട്കറും ഒക്കെയുണ്ടായെങ്കിലും ജലചൂഷണം കൊണ്ട് ദുരിതമനുഭവിക്കുന്ന സമൂഹത്തിന്റെ പ്രതീകമായ മയിലമ്മയ്ക്കായിരുന്നു സമരത്തിന്റെ നേതൃത്വം. ഇതൊരു സന്ദേശമാണ്. എം.ടി.വാസുദേവന്‍ നായര്‍, സാറാജോസഫ്, എം.എന്‍.വിജയന്‍ എന്നിവരെപ്പോലെയുള്ള എഴുത്തുകാരും സമൂഹത്തിന് ആശയപരമായ നേതൃത്വം നല്കി. ഇത് ശ്രദ്ധേയമാണ്-അഫ്‌ളാത്തൂന്‍ പറഞ്ഞു.
ടാഗോറിന്റെ പേരിലുള്ള സാഹിത്യ അവാര്‍ഡ് തെക്കന്‍ കൊറിയയിലെ കുത്തക കമ്പനിയായ സാംസങ് സ്‌പോണ്‍സര്‍ ചെയ്യുന്ന കാഴ്ച പുതിയ ലോകത്തിന്‍േറതാണ്. ടാഗോര്‍ ഗാന്ധിജിയുടെ മഹത്ത്വം അറിഞ്ഞ മഹാകവിയാണ്. ഗാന്ധിജി കാണിച്ച വഴിയിലൂടെ , ആത്മശുദ്ധീകരണത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും കേരളം വളരണമെന്നും അതിന് ഈ സ്വാതന്ത്ര്യസമര സേനാനികളുടെ കര്‍മ്മോന്മുഖമായ ഓര്‍മ്മകള്‍ ശക്തി പകരണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് അദ്ദേഹം ഉപഹാരം നല്കി.
മാതൃഭൂമി ഡയറക്ടര്‍ പി.വി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിജിയുടെ ആശയങ്ങളില്‍ മുറുകെ പിടിച്ചുകൊണ്ടാണ് മാതൃഭൂമി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സത്യം, സമത്വം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങള്‍ ഇതുകൊണ്ടുതന്നെ മാതൃഭൂമി വിടാതെ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ്.എയിലെ പോര്‍ട്ട്‌ലാന്റ് സര്‍വ്വകലാശാല ഗാന്ധിയന്‍ പഠന വിഭാഗം പ്രൊഫസര്‍ ഡോ.മൈക്കിള്‍ വാറന്‍ സണ്‍ലിറ്റ്‌നര്‍ മുഖ്യപ്രഭാഷണം നടത്തി. ആഗോളതലത്തില്‍ മൃഗീയമായ ചൂഷണവും വിവേചനവും രൂക്ഷമായി നിലനില്ക്കുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യസമരം അനുസ്യൂതമായ സമരം തന്നെയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയെ അറിയുക എന്നത് സേവനത്തെയും ത്യാഗത്തെയും അറിയുക എന്നതാണ്. എല്ലാ സാമൂഹ്യ ചൂഷണങ്ങള്‍ക്കുമെതിരെ പോരാടാനുള്ള നന്മ നിറഞ്ഞ ആയുധമാണ് ഗാന്ധിസം. പുതിയ സ്വതന്ത്ര്യ സമര ഭടന്മാര്‍ ഇനി വീണ്ടും ഉണ്ടാവേണ്ടിയിരിക്കുന്നു. കാരണം ആഗോളീകരണത്തിന്റെ ചൂഷണവലയം പരോക്ഷമായ പാരതന്ത്ര്യം നമുക്ക് ചുറ്റും വലവിരിച്ചിരിക്കുകയാണ്-മൈക്കിള്‍ വാറന്‍ സണ്‍ലിറ്റ്‌നര്‍പറഞ്ഞു.
ടാഗോര്‍ രചിച്ച 'ബാപ്പുജി' എന്ന പുസ്തകം ഫാ. തൈത്തോട്ടത്തില്‍ നിന്നും ഏറ്റുവാങ്ങി അഫ്‌ളാത്തൂന്‍ പ്രകാശനം ചെയ്തു. ദരിദ്ര കോടികളെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ ആയുധമെടുക്കാതെ ഗാന്ധിജിക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ മനശ്ശക്തിമൂലമാണ്. സൗമ്യതയുടെ ദീപ്ത സൗന്ദര്യമാണ് ഗാന്ധിജിയുടേത്-ഫാ. തൈത്തോട്ടം പറഞ്ഞു.
മൂല്യങ്ങള്‍ക്ക് തേയ്മാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ യുവതലമുറയ്ക്ക് ചൈതന്യം പകരാന്‍ ഇത്തരം ചടങ്ങുകള്‍ക്ക് സാധിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച കാലിക്കറ്റ് സര്‍വ്വകലാശാലാ ഹിന്ദി വിഭാഗം മേധാവി ഡോ. ആര്‍സു പറഞ്ഞു.
മാതൃഭൂമി ഡയറക്ടര്‍ എം.ജെ.വിജയപദ്മന്‍ സ്വാഗതവും പ്രത്യേക ലേഖകന്‍ പി.പി.ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു.
- ദിനകരന്‍ കൊമ്പിലാത്ത്
കടപ്പാടു് മാതൃഭൂമി
.
2010/02/14
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.