2011/10/29

‘കൂടംകുളം ആണവനിലയത്തിനെതിരെ നിയമസഭ നിലപാടെടുക്കണം’


തിരുവനന്തപുരം: കൂടംകുളം ആണവനിലയം ഉയര്‍ത്തുന്ന ഭീഷണി കേരളത്തിന്‍െറയോ തമിഴ്നാടിന്‍െറയോ മാത്രം പ്രശ്നമല്ളെന്നും മാനവരാശിയുടേത് മുഴുവനാണെന്നും കവയിത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. കൂടംകുളം ആണവനിലയ പദ്ധതി ഉപേക്ഷിക്കാന്‍ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ആണവനിലയ വിരുദ്ധ സമരഐക്യദാര്‍ഢ്യസമിതി സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വലിയപ്രതീക്ഷയോടെയാണ് ഹോമി ജെ ഭാഭയെ പോലുള്ളവര്‍ ആണവോര്‍ജത്തെ കണ്ടിരുന്നതെങ്കിലും ആണവസാങ്കേതിക വിദ്യയുടെ ചരിത്രം ആ ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ബി.ആര്‍.പി. ഭാസ്കര്‍ പറഞ്ഞു.
സുരക്ഷിതമായി ആണവനിലയം പ്രവര്‍ത്തിപ്പിക്കാനാവില്ളെന്ന് തിരിച്ചറിഞ്ഞ അമേരിക്കയിലെ ഷോര്‍ഹാമിലും ഫിലിപ്പെന്‍സിലെ ബത്താനിലും ആണവനിലയങ്ങള്‍ നിര്‍മാണത്തിനുശേഷവും ഉപേക്ഷിക്കേപ്പെട്ടിട്ടുണ്ടെന്ന് ഡോ. ആര്‍.വി.ജി. മേനോന്‍ ചൂണ്ടിക്കാട്ടി.

ആണവനിലയങ്ങള്‍ക്ക് ദേശാതിര്‍ത്തികളോ ചെക്പോസ്റ്റുകളോ ഇല്ലെന്നും കൂടംകുളം കാര്യത്തില്‍ നിയമസഭ പ്രമേയം പാസാക്കണമെന്ന ആവശ്യം ന്യായമാണെന്നും ഉപവാസത്തെ അഭിവാദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു.

പ്രശസ്ത ആര്‍ക്കിടെക് പത്മശ്രീ ജി. ശങ്കര്‍, സി.ആര്‍. നീലകണ്ഠന്‍, സമാജവാദി ജനപരിഷത്ത്‌ ദേശീയ സെക്രട്ടറി ജോഷി ജേക്കബ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, വി.ടി. പത്മനാഭന്‍, ജിയോ ജോസ്, സി.പി.ഐ.എം.എല്‍ നേതാവ് ടി.സി. സുബ്രഹ്മണ്യന്‍, എസ്.യു.സി.ഐ നേതാവ് ജെയ്സണ്‍ ജോസഫ്, മീരാ അശോക് (യുവകലാസാഹിതി), മാഗ്ളിന്‍ പീറ്റര്‍, ഐ.ഐ. വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. രാജന്‍, കേരള കോണ്‍ ഗ്രസ് എം നേതാവ് കുരുവിള മാത്യൂസ്, ഡോ. ഡി. സുരേന്ദ്രനാഥ്, ടി. പീറ്റര്‍ (കേരള സ്വത്വന്ത മത്സ്യത്തൊഴിലാളി ഫെഡറേഷന്‍), കെ.എസ്. നിസാര്‍ (എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി), ജോര്‍ജ് പുലികുത്തിയില്‍ (ജനനീതി തൃശൂര്‍), എം.എന്‍. ഗിരി, ജോര്‍ജ് ജേക്കബ്, കെ.എം. സുലൈമാന്‍, കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു, കവി പി.കെ. ഗോപി, പത്രപ്രവര്‍ത്തക പാര്‍വതി ദേവി, മേഴ്സി അലക്സാണ്ടര്‍, ജോളി ചെറിയത്ത് (സ്ത്രീകൂട്ടായ്മ), കെ. സഹദേവന്‍, ആര്‍. നന്ദലാല്‍ എന്നിവര്‍ സംസാരിച്ചു. ഈരാറ്റുപേട്ടയിലെ ഗേള്‍സ് എച്ച്.എസ്.എസിലെ മുപ്പതോളം വിദ്യാര്‍ഥികളും ഉപവാസത്തില്‍ പങ്കാളികളായി.

അവലംബം- ഒക്ടോബര്‍ 28 മാധ്യമം

2011/10/18

സമാജവാദി ജനപരിഷത്ത്‌: പഴയനേതൃത്വം തന്നെ വീണ്ടും

അഡ്വ. ജോഷി ജേക്കബ്‌ വീണ്ടും ദേശീയ സെക്രട്ടറി

സാസാറാം : ബീഹാറിലെ സാസാറാമില്‍ അശ്വനികുമാര്‍ ശുക്ല ഗ്രാമം എന്ന സമ്മേളനസ്ഥലത്തു് ഒക്ടോ.10 മുതല്‍ 12 വരെ ചേര്‍ന്ന സമാജവാദി ജനപരിഷത്ത്‌ ദേശീയ സമ്മേളനം വരുന്ന രണ്ടു് വര്‍ഷയ്ക്കുള്ള ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി ലിംഗരാജ്‌ (ഒഡീഷ) ഉപാദ്ധ്യക്ഷരായി സുനില്‍ (മദ്ധ്യപ്രദേശ്‌), അഡ്വ.നിഷാ ശിവുര്‍ക്കോര്‍ (മഹാരാഷ്‌ട്ര), പ്രൊഫ.അജിത്‌ ത്സാ(ദില്ലി) എന്നിവരും ജനറല്‍ സെക്രട്ടറിയായി ഡോ. സോമനാഥ്‌ ത്രിപാഠി (ഉത്തര്‍ പ്രദേശ്‌) സംഘടന സെക്രട്ടറിയായി വിശ്വനാഥ്‌ ബാഗി (ത്സാര്‍ഖ‌ണ്ഡ്‌) എന്നിവരും സെക്രട്ടറിമാരായി അഡ്വ. ജോഷി ജേക്കബ്‌ (കേരളം), കമല്‍ ബാനര്‍ജി (പശ്ചിമ ബെങ്ഗാള്‍), ലിംഗരാജ്‌ ആസാദ്‌ (ഒഡീഷ). സഞ്‌ജീവ്‌ സാനേ (മഹാരാഷ്‌ട്ര) എന്നിവരും ഖജാന്‍ജിയായി രാജേന്ദ്രകുമാര്‍ ബിന്ദലും (ദില്ലി) തെരഞ്ഞെടുക്കപ്പെട്ടു.

ദേശീയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായി മുന്‍ എം.എല്‍.എ ശിവപൂജന്‍ സിംഹ്, അഫ്‌ളാത്തൂണ്‍ ദേശായ്, അജയ്‌ ഖരേ, രാം കേവല്‍ ചൗഹാന്‍, ഓം പ്രകാശ്‌, ഡോ.സന്തുഭായ്‌ സന്ത്‌, സുധാകര്‍ റാവു ദേശ്‌മുഖ്‌, രമേശ് മഹാപത്ര, സത്യേന്ദ്രദാസ്‌ റായ്‌, കെ.രമേശ്‌ (കേരളം), ശീശ്‌മണി ത്രിപാഠി, എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യമൊട്ടാകെ വ്യാപകമായ കുടിയൊഴിപ്പിക്കലും കര്‍ഷക ആത്മഹത്യകളും കൊടിയ വിലക്കയറ്റവും കോടാനുകോടികളുടെ അഴിമതിയും ഖനികളുടെ കൊള്ളയും ശാശ്വതമാക്കുന്ന നവ സാമ്പത്തികനയം പിന്‍വലിക്കണമെന്ന്‌ സമ്മേളനം കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള അവകാശവാദത്തിലൊഴികെ ഇക്കഴിഞ്ഞ രണ്ടു ദശകത്തെ സാമ്പത്തിക നയം രാജ്യത്തെ സര്‍വ്വാതോമുഖമായ തകര്‍ച്ചയിലാണ്‌ എത്തിച്ചത്‌.

വളര്‍ച്ചാ നിരക്കിനെക്കുറിച്ചുള്ള എല്ലാ അവകാശവാദങ്ങളും ഇന്നത്തെ നിലയിലുള്ള ആര്‍ത്തിപൂണ്ട ഖനന ഫലമായി ഖനിജങ്ങള്‍ അവസാനിക്കുന്നതോടെ പൂര്‍ണ്ണയമായും കെട്ടടങ്ങും. ആഗോള സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും സമ്പന്നരാജ്യങ്ങളില്‍ വമ്പിച്ച ബഹുജന പ്രക്ഷോഭണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്‌. എന്നാല്‍ ആഗോള ചൂഷണത്തിന്‌ വിധേയമാകുന്ന ഏഷ്യനാഫ്രിക്കന്‍ ലത്തീനമേരിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ ഉണര്‍ന്ന് ‌ നടത്തുന്ന സമര മുന്നേറ്റങ്ങളിലൂടെ മാത്രമേ അടിസ്ഥാനമാറ്റത്തിന്‌ വഴി തുറക്കുകയുള്ളൂ.

അടുത്ത ജനുവരി ഒന്നുമുതല്‍ നവസാമ്പത്തിക നയം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടത്തുന്ന പ്രചാരണ പ്രക്ഷോഭണങ്ങള്‍ക്ക് തുടക്കം കുറിക്കും. കൂടങ്കുളത്തും ജയ്‌താപൂരിലും ഹരിയാണയിലും അണ്വോര്‍ജനിലയങ്ങള്‍ക്കെകതിരെ ജനങ്ങള്‍ നടത്തുന്ന സമരത്തിന്‌ സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ദലിതരിലും പിന്നോക്ക വിഭാഗങ്ങളിലും ന്യൂനപക്ഷങ്ങളിലും ഏറെ പിന്നോക്കം നില്ക്കുന്ന സമൂഹങ്ങളുടെ അവകാശങ്ങള്‍ക്കുലവേണ്ടി പാര്‍ട്ടി പോരാടും. കര്‍ഷകരെ ഉല്‌പാദന തലത്തിലുള്ള ചൂഷണത്തില്‍ നിന്ന്‌ രക്ഷിക്കുന്ന തനതായ പലേക്കര്‍ മാതൃക ചെലവില്ലാ പ്രകൃതി കൃഷി പ്രചരിപ്പിയ്‌ക്കുവാനും തീരുമാനിച്ചു.

അഴിമതിയ്‌ക്കും സാമ്പത്തിക-സാമൂഹിക ചൂഷണത്തിനും എതിരെ വ്യവസ്ഥയെ മാറ്റൂ രാജ്യത്തെ മാറ്റിത്തീര്‍ക്കൂ (വ്യവസ്ഥാ ബദ്‌ലോ, ദേശ്‌ കോ ബദ്‌ലോ) എന്ന മുദ്രാവാക്യമുയര്‍ത്തി വിപുലമായ കര്‍മ്മപരിപാടികള്‍ നടപ്പിലാക്കും.

പ്രമുഖ സോഷ്യലിസ്റ്റ്‌ നേതാവ്‌ പ്രൊഫ:വിനോദ്‌ പ്രസാദ്‌ സിംഹ് ഒക്ടോ.10-നു് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഡോ.ലോഹിയയുടെ സഹപ്രവര്‍ത്തകനും ജെ.പി.മുന്നേറ്റത്തിലെ പ്രമുഖനുമായ മുതിര്‍ന്ന സോഷ്യലിസ്റ്റ്‌ നേതാവ്‌ രാം ഇക്‌ബാല്‍ ബര്‍സി, പ്രൊഫ: യോഗേന്ദ്ര യാദവ്‌, ജനമുക്തി സംഘര്‍ഷ വാഹനി നേതാവ്‌ മന്‍ തന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . പ്രമുഖ സോഷ്യലിസ്റ്റ്‌ ചിന്തകനായ സച്ചിദാനന്ദ സിഹ്ന സമാപന സന്ദേശം നല്കി.

2011/10/07

മനുഷ്യസമൂഹം കൈവരിച്ച മഹാനന്മയാണു് ഗാന്ധിജി-നാരായണ ദേശായി




കടപ്പാടു് : ന്യൂസ് മലബാര്‍
തിരുവനന്തപുരം, ഒക്ടോ.3: മനുഷ്യസമൂഹത്തിന് കൈവരിക്കാന്‍ കഴിഞ്ഞ ഏറ്റവും വലിയ നന്മയാണ് ഗാന്ധിജിയെന്ന് പ്രമുഖഗാന്ധിയനും എഴുത്തുകാരനുമായ നാരായണ ദേശായി പറഞ്ഞു. അഹിംസയുടെയും സ്‌നേഹത്തിന്റെയും സന്ദേശം പകര്‍ന്നു നല്കിയ ഗാന്ധിജിയുടെ പ്രവര്‍ത്തനം വരുംതലമുറകള്‍ക്ക് നിത്യമാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. നാരായണ്‍ ദേശായി രചിച്ച ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തത്തിന്റെ മലയാള പരിഭാഷയായ 'എന്റെ ജീവിതം തന്നെ എന്റെ സന്ദേശം' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഗാന്ധിയന്‍ സദസില്‍ നിന്ന് ലഭിച്ച ഹൃദ്യമായ സ്വീകരണത്തിനും നല്ലവാക്കുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

വൈകിട്ട് അഞ്ചിന് തൈക്കാട് ഗാന്ധിഭവനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.സി.വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് പുസ്തകം നല്കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ലോകത്തിനൊന്നാകെ ഗാന്ധിജിയുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുവരികയാണെന്ന് ഉമ്മന്‍ ചാ‍ണ്ടി പറഞ്ഞു. അദ്ദേഹത്തെ അടുത്തറിയാനും ആശയങ്ങളുടെ പ്രസക്തി തിരിച്ചറിയാനും കഴിയുകയെന്നതാണ് വരുംതലമുറകളുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാടു് :മാതൃഭൂമി
മന്ത്രി പി.കെ. അബ്ദുറബ് അധ്യക്ഷനായിരുന്നു. ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, പ്ലാനിങ് ബോര്‍ഡംഗം സി.പി. ജോണ്‍, എഴുത്തുകാരന്‍ ടി.പി. രാജീവന്‍, കെ.ജെ. ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

കെ. സഹദേവനാണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വ‍‍ഹിച്ചിരിക്കുന്നത്. കറന്റ് ബുക്സ് ആണ് പ്രസാധകര്‍.

ചിത്രം: നാരായണ്‍ ദേശായി ഗാന്ധിജിയെക്കുറിച്ച് എഴുതിയ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം എന്ന പുസ്തകത്തിന് കെ.സഹദേവന്‍ എഴുതിയ പരിഭാഷ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പി.സി.വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് നല്കി പ്രകാശനം നിര്‍വ്വഹിക്കുന്നു. ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍, വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്, നാരായണ ദേശായി എന്നിവര്‍ സമീപം.


എനിക്ക് ഒരു മാസമുള്ളപ്പോഴേ ഗാന്ധിജി കണ്ടു; ഞാന്‍ കണ്ടത് ഏറെക്കഴിഞ്ഞ്: നാരായണ ദേശായി




തിരുവനന്തപുരം: 'എവിടെപ്പോയാലും കുട്ടികള്‍ എന്നോടു് ചോദിക്കുക ഗാന്ധിജിയെ എന്നാണു് ആദ്യമായി കണ്ടതെന്നാണു്. എന്നാല്‍, ഞാന്‍ കാണുന്നതിനു് മുന്‍പ് ഗാന്ധിജി എന്നെയാണു് കണ്ടതു്. എനിക്ക് ഒരു മാസം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ അടുക്കലെത്തിയതാണു്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണു് ഞാന്‍ അദ്ദേഹത്തെ കാണാന്‍ തുടങ്ങിയതു്'. പ്രമുഖ ഗാന്ധിയനും ഭൂദാന പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരിലൊരാളുമായ നാരായണ്‍ ദേശായി തലസ്ഥാനത്ത് ആര്യനാട്ടെ വിനോബാ നികേതനില്‍ മലയാള മനോരമയോടു് പറഞ്ഞു.

ഗാന്ധിജിയുടെ സമ്പൂര്‍ണ ജീവചരിത്രമായ 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' രചിച്ച നാരായണ ദേശായി അതിന്റെ മലയാളം പരിഭാഷയുടെ പ്രകാശനത്തിനായാണു് തലസ്ഥാനത്തെത്തിയത് . ഗാന്ധിജയന്തി ദിനത്തില്‍ വിനോബാ നികേതനില്‍ ഭൂദാന പ്രസ്ഥാനത്തിലെ സഹപ്രവര്‍ത്തകയും പ്രമുഖ ഗാന്ധിയനുമായ പരിവ്രാജിക രാജമ്മയോടൊപ്പം അദ്ദേഹം ഗാന്ധിസ്മരണകള്‍ പുതുക്കി.

'മുതിര്‍ന്നയവര്‍ക്കു് ഗാന്ധിജിയെ ഏറെ ബഹുമാനമായിരുന്നു. ഗാന്ധിജിയെ കാണാനെത്തി മടങ്ങുമ്പോള്‍ തന്റെ പിന്‍ഭാഗം അദ്ദേഹത്തിനഭിമുഖമായി വരരുതെന്നു് നെഹ്റുവിനു് നിര്‍ബ‍ന്ധമുണ്ടായിരുന്നു. അതിനാല്‍, അല്പ ദൂരം പിന്നാക്കം നടന്നാണു് നെഹ്റു മടങ്ങുക. ഗാന്ധിജി പക്ഷേ, ഞാനടക്കമുള്ള കുട്ടികള്‍ക്കു് ബാപ്പു മാത്രമായിരുന്നു . ഞങ്ങള്‍ക്ക് അദ്ദേഹം മഹാത്മാവല്ല, കളിത്തോഴനായിരുന്നു. സബര്‍മിതി നദിയില്‍ ഞങ്ങള്‍ ഒരുമിച്ചു നീന്തി. കുട്ടികള്‍ അദ്ദേഹത്തിന്റെ മുഖത്തു് വെള്ളം തേവി. അദ്ദേഹം തിരിച്ചും'.

ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചു ധാരാളം രചനകളുണ്ടെങ്കിലും അദ്ദേഹത്തിന്റെ സമഗ്ര ജീവിതം ഏറെയൊന്നും എഴുതപ്പെട്ടിട്ടില്ലെന്നു നാരായണ് ദേശായി പറഞ്ഞു. ഗാന്ധിജിയുടെ ആത്മകഥ 1920കള്‍ വരെ മാത്രമേ വിവരിക്കുന്നുമുള്ളൂ. ആ കുറവ് പരിഹരിക്കാനാണു് താന്‍ 'എന്റെ ജീവിതമാണ് എന്റെ സന്ദേശ'ത്തിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2000 പേജില്‍ നാലു് വാല്യങ്ങളായാണു പുസ്തകമിറങ്ങുന്നത്. മഹാത്മജിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകനാണു് നാരായണ ദേശായി.

ഇരുപതോളം വര്‍ഷം ഗാന്ധിജിയുടെ കൂടെ സബര്‍മേതിയിലും സേവാഗ്രാമിലുമായി ചെലവഴിച്ചു. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത അദ്ദേഹം ഗുരുകുല സമ്പ്രദായപ്രകാരം വിദ്യാഭ്യാസം നേടി. ആചാര്യ വിനോബഭാവെയുടെ കൂടെ ഭൂദാന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ഗുജറാത്തിലെങ്ങും കാല്‍നടയായി 12000 കിലോമീറ്റര്‍ സഞ്ചരിച്ച് 3000 ഏക്കര്‍ ഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്കു് വിതരണം ചെയ്തു. പിന്നീട് ജയപ്രകാശ് നാരായണനോടൊപ്പം ശാന്തിസേന, തരുണ്‍ ഗാന്ധിസേന തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഗുജറാത്തി, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലായി അന്‍പതോളം പുസ്തകങ്ങളുടെ കര്‍ത്താവാണ്.

ജ്ഞാനപീഠം, മൂര്‍ത്തി ദേവി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ് തുടങ്ങി അനവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഗുജറാത്ത് സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന നാരായണ്‍ ദേശായി ഇപ്പോള്‍ മഹാത്മജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്റെ ചാന്‍സലറാണ്. മഹാത്മജിയുടെ ജീവിതവും ദര്‍ശനവും പുതുതലമുറയിലെത്തിക്കാന്‍ രാജ്യമെമ്പാടും 'ഗാന്ധികഥ' നടത്തിവരികയാണ് 87കാരനായ അദ്ദേഹം.

കടപ്പാടു്
മലയാള മനോരമ 2011 ഒക്ടോ.3

2011/10/06

ജയപ്രകാശ് നാരായണന്റെ വ്യാജമരണവാര്‍ത്തയും ലോകസഭയും



മരിക്കാത്തൊരാളുടെ പേരില്‍ അനുശോചനം രേഖപ്പെടുത്തിയ ചരിത്രം നമ്മുടെ ലോകസഭയ്ക്കുണ്ടു്. 1979 മാര്‍ച്ച് 22 വ്യാഴാഴ്ച. അന്ന് 1.10ന്, സ്പീക്കര്‍ കെ.എസ്. ഹെഗ്ഡേ ആ വാര്‍ത്ത ലോകസഭയെ അറിയിച്ചു:
"ലോകനായക് ജയപ്രകാശ് നാരായണന്‍ അന്തരിച്ചു. സ്വാതന്ത്ര്യത്തിന്റെ ജീവിയ്ക്കുന്ന പ്രതീകത്തെ നമുക്കു് നഷ്ടപ്പെട്ടു"
ലോക്സഭാംഗങ്ങള്‍ ഞെട്ടിത്തരിച്ചിരിക്കെ, പ്രധാനമന്ത്രി മൊറാര്‍ജി ദേശായി അതു് ശരിവച്ചു. ആ വലിയ വാര്‍ത്ത ആകാശവാണിയും വാര്‍ത്താ വിതരണ ഏജന്‍സികളും ലോകം മുഴുവന്‍ എത്തിക്കാന്‍ ഒട്ടും വൈകിയില്ല.

മുംബൈയില്‍ ജെ പി മരണവുമായി പോരാട്ടം നടത്തിയിരുന്ന ജസ്‌ലക് ആശുപത്രിയിലേക്ക് ആരാധകസഹസ്രങ്ങള്‍ ഇരച്ചുകയറി. പക്ഷേ, അപ്പോഴും ജീവനോടെയുണ്ടായിരുന്നു, ജെപി!

നേരത്തെ കൊടുത്ത വാര്‍ത്തയ്ക്കു വാര്‍ത്താ ഏജന്‍സികള്‍ രണ്ടു് മണിയ്ക്കു് തിരുത്തു് നല്കി. നേതാക്കള്‍ അനുശോചന സന്ദേശങ്ങള്‍ പിന്‍വലിച്ചു. വ്യാജവാര്‍ത്ത ലോകസഭാ സ്പീക്കര്‍ക്ക് എവിടെനിന്നു് കിട്ടിയെന്ന അന്വേഷണങ്ങളുടെ ബഹളമായി. ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറാണു് തന്നെ അതു് അറിയിച്ചതെന്ന് മൊറാര്‍ജി സഭയില്‍ പറഞ്ഞു. ഡയറക്ടര്‍ക്ക് ആ വിവരം കിട്ടിയത് മുംബൈയിലുള്ള അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും. എന്തായാലും ആറുമാസം കഴിഞ്ഞ് , ഒക്ടോബര്‍ എട്ടിനായിരുന്നു ജെപിയുടെ യഥാര്‍ഥമായ മരണം.

തെറ്റായി അനുശോചനം നടത്തിയെന്ന വാര്‍ത്ത സഭാരേഖകളില്‍ നിന്നു് നീക്കാന്‍ ലോകസഭാ സ്പീക്കര്‍ കെ.എസ്. ഹെഗ്ഡെ ശ്രമിച്ചില്ല. നമ്മുടെ ലോകസഭയുടെ ചരിത്രത്തിന്റെ ഭാഗമായി അതു് മാറി.

അവലംബം: തോമസ് ജേക്കബ്, മലയാളമനോരമ

സമാജവാദി ജനപരിഷത്ത് ദേശീയ സമ്മേളനം ബിഹാറിലെ സാസറാമില്‍

കോട്ടയം, ഒക്ടോ.4: സമാജ്‌വാദി ജനപരിഷത്ത് പാര്‍ട്ടിയുടെ ദേശീയസമ്മേളനം 10 മുതല്‍ 12 വരെ ബീഹാറിലെ സാസറാമില്‍ ചേരുമെന്ന് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം സോഷ്യലിസ്റ്റ് നേതാവ് പ്രൊഫ. വിനോദ് പ്രസാദ്‌ സിംഹ് ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ലിംഗരാജ് അധ്യക്ഷത വഹിക്കും. മേധാ പട്കര്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം സോഷ്യലിസ്റ്റ് ചിന്തകന്‍ സച്ചിദാനന്ദ സിന്‍ഹ ഉദ്ഘാടനം ചെയ്യും.