2011/10/18

സമാജവാദി ജനപരിഷത്ത്‌: പഴയനേതൃത്വം തന്നെ വീണ്ടും

അഡ്വ. ജോഷി ജേക്കബ്‌ വീണ്ടും ദേശീയ സെക്രട്ടറി

സാസാറാം : ബീഹാറിലെ സാസാറാമില്‍ അശ്വനികുമാര്‍ ശുക്ല ഗ്രാമം എന്ന സമ്മേളനസ്ഥലത്തു് ഒക്ടോ.10 മുതല്‍ 12 വരെ ചേര്‍ന്ന സമാജവാദി ജനപരിഷത്ത്‌ ദേശീയ സമ്മേളനം വരുന്ന രണ്ടു് വര്‍ഷയ്ക്കുള്ള ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി ലിംഗരാജ്‌ (ഒഡീഷ) ഉപാദ്ധ്യക്ഷരായി സുനില്‍ (മദ്ധ്യപ്രദേശ്‌), അഡ്വ.നിഷാ ശിവുര്‍ക്കോര്‍ (മഹാരാഷ്‌ട്ര), പ്രൊഫ.അജിത്‌ ത്സാ(ദില്ലി) എന്നിവരും ജനറല്‍ സെക്രട്ടറിയായി ഡോ. സോമനാഥ്‌ ത്രിപാഠി (ഉത്തര്‍ പ്രദേശ്‌) സംഘടന സെക്രട്ടറിയായി വിശ്വനാഥ്‌ ബാഗി (ത്സാര്‍ഖ‌ണ്ഡ്‌) എന്നിവരും സെക്രട്ടറിമാരായി അഡ്വ. ജോഷി ജേക്കബ്‌ (കേരളം), കമല്‍ ബാനര്‍ജി (പശ്ചിമ ബെങ്ഗാള്‍), ലിംഗരാജ്‌ ആസാദ്‌ (ഒഡീഷ). സഞ്‌ജീവ്‌ സാനേ (മഹാരാഷ്‌ട്ര) എന്നിവരും ഖജാന്‍ജിയായി രാജേന്ദ്രകുമാര്‍ ബിന്ദലും (ദില്ലി) തെരഞ്ഞെടുക്കപ്പെട്ടു.

ദേശീയ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായി മുന്‍ എം.എല്‍.എ ശിവപൂജന്‍ സിംഹ്, അഫ്‌ളാത്തൂണ്‍ ദേശായ്, അജയ്‌ ഖരേ, രാം കേവല്‍ ചൗഹാന്‍, ഓം പ്രകാശ്‌, ഡോ.സന്തുഭായ്‌ സന്ത്‌, സുധാകര്‍ റാവു ദേശ്‌മുഖ്‌, രമേശ് മഹാപത്ര, സത്യേന്ദ്രദാസ്‌ റായ്‌, കെ.രമേശ്‌ (കേരളം), ശീശ്‌മണി ത്രിപാഠി, എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യമൊട്ടാകെ വ്യാപകമായ കുടിയൊഴിപ്പിക്കലും കര്‍ഷക ആത്മഹത്യകളും കൊടിയ വിലക്കയറ്റവും കോടാനുകോടികളുടെ അഴിമതിയും ഖനികളുടെ കൊള്ളയും ശാശ്വതമാക്കുന്ന നവ സാമ്പത്തികനയം പിന്‍വലിക്കണമെന്ന്‌ സമ്മേളനം കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള അവകാശവാദത്തിലൊഴികെ ഇക്കഴിഞ്ഞ രണ്ടു ദശകത്തെ സാമ്പത്തിക നയം രാജ്യത്തെ സര്‍വ്വാതോമുഖമായ തകര്‍ച്ചയിലാണ്‌ എത്തിച്ചത്‌.

വളര്‍ച്ചാ നിരക്കിനെക്കുറിച്ചുള്ള എല്ലാ അവകാശവാദങ്ങളും ഇന്നത്തെ നിലയിലുള്ള ആര്‍ത്തിപൂണ്ട ഖനന ഫലമായി ഖനിജങ്ങള്‍ അവസാനിക്കുന്നതോടെ പൂര്‍ണ്ണയമായും കെട്ടടങ്ങും. ആഗോള സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും സമ്പന്നരാജ്യങ്ങളില്‍ വമ്പിച്ച ബഹുജന പ്രക്ഷോഭണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്‌. എന്നാല്‍ ആഗോള ചൂഷണത്തിന്‌ വിധേയമാകുന്ന ഏഷ്യനാഫ്രിക്കന്‍ ലത്തീനമേരിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ ഉണര്‍ന്ന് ‌ നടത്തുന്ന സമര മുന്നേറ്റങ്ങളിലൂടെ മാത്രമേ അടിസ്ഥാനമാറ്റത്തിന്‌ വഴി തുറക്കുകയുള്ളൂ.

അടുത്ത ജനുവരി ഒന്നുമുതല്‍ നവസാമ്പത്തിക നയം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടത്തുന്ന പ്രചാരണ പ്രക്ഷോഭണങ്ങള്‍ക്ക് തുടക്കം കുറിക്കും. കൂടങ്കുളത്തും ജയ്‌താപൂരിലും ഹരിയാണയിലും അണ്വോര്‍ജനിലയങ്ങള്‍ക്കെകതിരെ ജനങ്ങള്‍ നടത്തുന്ന സമരത്തിന്‌ സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ദലിതരിലും പിന്നോക്ക വിഭാഗങ്ങളിലും ന്യൂനപക്ഷങ്ങളിലും ഏറെ പിന്നോക്കം നില്ക്കുന്ന സമൂഹങ്ങളുടെ അവകാശങ്ങള്‍ക്കുലവേണ്ടി പാര്‍ട്ടി പോരാടും. കര്‍ഷകരെ ഉല്‌പാദന തലത്തിലുള്ള ചൂഷണത്തില്‍ നിന്ന്‌ രക്ഷിക്കുന്ന തനതായ പലേക്കര്‍ മാതൃക ചെലവില്ലാ പ്രകൃതി കൃഷി പ്രചരിപ്പിയ്‌ക്കുവാനും തീരുമാനിച്ചു.

അഴിമതിയ്‌ക്കും സാമ്പത്തിക-സാമൂഹിക ചൂഷണത്തിനും എതിരെ വ്യവസ്ഥയെ മാറ്റൂ രാജ്യത്തെ മാറ്റിത്തീര്‍ക്കൂ (വ്യവസ്ഥാ ബദ്‌ലോ, ദേശ്‌ കോ ബദ്‌ലോ) എന്ന മുദ്രാവാക്യമുയര്‍ത്തി വിപുലമായ കര്‍മ്മപരിപാടികള്‍ നടപ്പിലാക്കും.

പ്രമുഖ സോഷ്യലിസ്റ്റ്‌ നേതാവ്‌ പ്രൊഫ:വിനോദ്‌ പ്രസാദ്‌ സിംഹ് ഒക്ടോ.10-നു് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഡോ.ലോഹിയയുടെ സഹപ്രവര്‍ത്തകനും ജെ.പി.മുന്നേറ്റത്തിലെ പ്രമുഖനുമായ മുതിര്‍ന്ന സോഷ്യലിസ്റ്റ്‌ നേതാവ്‌ രാം ഇക്‌ബാല്‍ ബര്‍സി, പ്രൊഫ: യോഗേന്ദ്ര യാദവ്‌, ജനമുക്തി സംഘര്‍ഷ വാഹനി നേതാവ്‌ മന്‍ തന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . പ്രമുഖ സോഷ്യലിസ്റ്റ്‌ ചിന്തകനായ സച്ചിദാനന്ദ സിഹ്ന സമാപന സന്ദേശം നല്കി.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.