2011/10/07

മനുഷ്യസമൂഹം കൈവരിച്ച മഹാനന്മയാണു് ഗാന്ധിജി-നാരായണ ദേശായി




കടപ്പാടു് : ന്യൂസ് മലബാര്‍
തിരുവനന്തപുരം, ഒക്ടോ.3: മനുഷ്യസമൂഹത്തിന് കൈവരിക്കാന്‍ കഴിഞ്ഞ ഏറ്റവും വലിയ നന്മയാണ് ഗാന്ധിജിയെന്ന് പ്രമുഖഗാന്ധിയനും എഴുത്തുകാരനുമായ നാരായണ ദേശായി പറഞ്ഞു. അഹിംസയുടെയും സ്‌നേഹത്തിന്റെയും സന്ദേശം പകര്‍ന്നു നല്കിയ ഗാന്ധിജിയുടെ പ്രവര്‍ത്തനം വരുംതലമുറകള്‍ക്ക് നിത്യമാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. നാരായണ്‍ ദേശായി രചിച്ച ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തത്തിന്റെ മലയാള പരിഭാഷയായ 'എന്റെ ജീവിതം തന്നെ എന്റെ സന്ദേശം' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഗാന്ധിയന്‍ സദസില്‍ നിന്ന് ലഭിച്ച ഹൃദ്യമായ സ്വീകരണത്തിനും നല്ലവാക്കുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

വൈകിട്ട് അഞ്ചിന് തൈക്കാട് ഗാന്ധിഭവനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.സി.വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് പുസ്തകം നല്കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ലോകത്തിനൊന്നാകെ ഗാന്ധിജിയുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുവരികയാണെന്ന് ഉമ്മന്‍ ചാ‍ണ്ടി പറഞ്ഞു. അദ്ദേഹത്തെ അടുത്തറിയാനും ആശയങ്ങളുടെ പ്രസക്തി തിരിച്ചറിയാനും കഴിയുകയെന്നതാണ് വരുംതലമുറകളുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാടു് :മാതൃഭൂമി
മന്ത്രി പി.കെ. അബ്ദുറബ് അധ്യക്ഷനായിരുന്നു. ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, പ്ലാനിങ് ബോര്‍ഡംഗം സി.പി. ജോണ്‍, എഴുത്തുകാരന്‍ ടി.പി. രാജീവന്‍, കെ.ജെ. ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

കെ. സഹദേവനാണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വ‍‍ഹിച്ചിരിക്കുന്നത്. കറന്റ് ബുക്സ് ആണ് പ്രസാധകര്‍.

ചിത്രം: നാരായണ്‍ ദേശായി ഗാന്ധിജിയെക്കുറിച്ച് എഴുതിയ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം എന്ന പുസ്തകത്തിന് കെ.സഹദേവന്‍ എഴുതിയ പരിഭാഷ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പി.സി.വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് നല്കി പ്രകാശനം നിര്‍വ്വഹിക്കുന്നു. ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍, വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്, നാരായണ ദേശായി എന്നിവര്‍ സമീപം.


0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.