2011/12/28

മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ ഏകതായാത്ര സമാപിച്ചു


കെ.ചപ്പാത്ത്, ഡിസംബര്‍ 24: കോട്ടയം മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ സമിതിയുടെ ഐക്യദാര്‍ഢ്യ ഏകതാ യാത്ര സമരപ്പന്തലില്‍ സമാപിച്ചു. സോഷ്യലിസ്റ്റ് നേതാവു് അഡ്വ. ജോഷി ജേക്കബ് ക്യാപ്റ്റനായ ഏകതായാത്ര ഡിസംബര്‍ 20-നാണ് തുടങ്ങിയത്.

''മുതിര്‍ന്ന തലമുറയുടെ രാഷ്ട്രീയം ജനങ്ങളെ വഞ്ചിച്ചതിനാല്‍'' രണ്ടു കുരുന്നുകളും ഭാഷാസൗഹൃദ സന്ദേശമുയര്‍ത്തി തമിഴരും മലയാളികളും ചേര്‍ന്ന് വെള്ളരിപ്രാവുകളെ മാനത്ത് പറപ്പിച്ചാണ് ഏകതായാത്രയ്ക്ക് തുടക്കംകുറിച്ചത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ സമരസന്ദേശമെത്തിച്ച് കാല്‍നടയായി നാലാംദിവസമാണ് സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സമാപന സമ്മേളനത്തില്‍ അഡ്വ. ജോഷി ജേക്കബ്, അനില്‍ ഐക്കര, റെജി മാങ്ങോട്, ടി.ജി. സാമുവേല്‍, ശ്രീജേഷ്‌നായര്‍, ജേക്കബ് കുരുവിള, ജോര്‍ജ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. സുകുമാരി വിജയന്‍, ഓമന ജോണ്‍, നിഷാദ് മുണ്ടക്കയം എന്നിവര്‍ നേതൃത്വംനല്‍കി.

തമിഴ്‌-മലയാളി ഏകതയുടെ പ്രതീകമായിട്ടാണ്‌ ഏകതായാത്ര എന്ന പേര്‌ നല്‍കിയത്‌. ഏകതായാത്രക്ക്‌ തമിഴ്‌ മലയാളി സൌഹൃദവേദി പിന്തുണ പ്രഖ്യാപിച്ചിരുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പുതുക്കി നിര്‍മ്മിച്ച്‌ തമിഴരുള്‍പ്പെടുന്ന കേരളത്തിലെ ജനജീവിതം സുരക്ഷിതമാക്കൂ, ദുരന്തസാധ്യത കണക്കിലെടുത്ത്‌ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഇടക്കാല സുരക്ഷാനടപടി എന്ന നിലക്ക്‌ ജലനിരപ്പ്‌ ൧൦൫ അടിയായി നിജപ്പെടുത്തുക, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട തമിഴ്നാട്ടിലെ നുണപ്രചരണങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ്‌ മുല്ലപ്പെരിയാര്‍ ഏകതായാത്രയുടെ ആവശ്യങ്ങള്‍.

കെ.ചപ്പാത്ത്: മുല്ലപ്പെരിയാര്‍ നിരാഹാര സത്യാഗ്രഹം 29-ാം ദിവസത്തിലേക്ക്. ജി.എസ്. ജയലാല്‍ എം.എല്‍.എ.യുടെ നിരാഹാരം 6 ദിവസം പിന്നിട്ടു. സമരസമിതി കേന്ദ്രകമ്മിറ്റിയംഗങ്ങളായ മനോജ് നാരായണന്റെ നിരാഹാരം 6-ാം ദിവസത്തിലേക്കും കെ.കെ. വിശ്വംഭരന്‍, കെ.വി. ഷണ്മുഖന്‍ എന്നിവരുടെ നിരാഹാരം 3-ാം ദിവസത്തിലേക്കും കടന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് നിരാഹാരമനുഷ്ഠിച്ചുവന്ന 87-കാരനായ മാത്യു ഞാവള്ളിയെ വെള്ളിയാഴ്ച രാത്രി ആസ്​പത്രിയിലേക്ക് മാറ്റി. ചങ്ങനാശ്ശേരി വാകത്താനം ഐക്യസമരസമിതി, കള്ളശ്ശേരി യുവജനപ്രസ്ഥാനം, കവി കാട്ടാക്കട രാമചന്ദ്രന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍, സി.പി.ഐ. ചടയമംഗലം ലോക്കല്‍ കമ്മിറ്റി, സംയുക്ത ടാക്‌സി ഡ്രൈവേഴ്‌സ് തുടങ്ങി നിരവധി സംഘടനകള്‍ ശനിയാഴ്ചയും ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, റോഷി അഗസ്റ്റില്‍ എം.എല്‍.എ, സമാജവാദി ജനപരിഷത്ത്‌ ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, കെ.കെ. ശിവരാമന്‍, ജോസ് ഫിലിപ്പ് തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ചു.

അശോക മേത്ത: ജനാധിപത്യ സോഷ്യലിസത്തിന്റെ വക്താവ്‌



ഡോ. വറുഗീസ് ജോര്‍ജ്‌മാതൃഭൂമി 2011 ഡിസംബര്‍ 27


ഗാന്ധിജിയുടെ സിവില്‍ നിയമലംഘന ആഹ്വാനത്തെത്തുടര്‍ന്ന് നാസിക്കിലെ കേന്ദ്ര ജയിലില്‍ അടയ്ക്കപ്പെട്ട ദേശീയ നേതാക്കളുടെ കൂട്ടത്തിലേക്ക് 1932-ല്‍ ഒരു ഇരുപത്തൊന്നു വയസ്സുകാരനും എത്തി. സിവില്‍ നിയമലംഘനത്തില്‍ പങ്കെടുത്തതിന് രണ്ടരവര്‍ഷം ജയില്‍ശിക്ഷ വിധിക്കപ്പെട്ട നാസിക് ജയിലിലെ ഏറ്റവും പ്രായംകുറഞ്ഞ ആ രാഷ്ട്രീയത്തടവുകാരന്‍ അശോക മേത്തയായിരുന്നു. മുംബൈയിലെ വില്‍സണ്‍ കോളേജില്‍ നിന്ന് ബിരുദംനേടി ഉന്നതപഠനത്തിന് ചേര്‍ന്നപ്പോഴാണ് സിവില്‍ നിയമലംഘനത്തിന്റെ കാഹളംകേട്ട് അശോകമേത്ത ബോംബെ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ഇറങ്ങിപ്പോന്നത്. പിന്നീട് ഗാന്ധിജി 1940-ല്‍ വ്യക്തിസത്യാഗ്രഹം പ്രഖ്യാപിച്ചപ്പോഴും സന്നദ്ധ ഭടന്മാരുടെ ആദ്യകൂട്ടത്തില്‍ അശോക മേത്തയുണ്ടായിരുന്നു. വ്യക്തിസത്യാഗ്രഹത്തില്‍ ഒന്നരവര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ടു. ക്വിറ്റിന്ത്യാ സമരത്തിലും ദീര്‍ഘകാലം ജയില്‍ശിക്ഷ അനുഭവിച്ചു.

സൗരാഷ്ട്രയിലെ ഭവനഗറില്‍ 1911 ഒക്ടോബര്‍ 24-ന് ജനിച്ച അശോകമേത്ത പ്രമുഖ സോഷ്യലിസ്റ്റായിരുന്ന യൂസഫ് മെഹറേലിയുടെ ധൈഷണിക സ്വാധീനത്തിലാണ് വളര്‍ന്നത്. നാസിക് ജയിലിലുണ്ടായിരുന്ന ജയപ്രകാശ് നാരായണ്‍, നാനാ സാഹിബ് ഗോറെ തുടങ്ങിയവര്‍ കോണ്‍ഗ്രസ്സിനുള്ളില്‍ സോഷ്യലിസ്റ്റാശയക്കാരുടെ ഒരു പാര്‍ട്ടി രൂപവത്കരിക്കാന്‍ ആലോചനകള്‍ നടത്തുന്ന ഘട്ടമായിരുന്നു അത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ കേവലം സ്വാതന്ത്ര്യ സമരത്തിനുള്ള ഒരു ഉപകരണമാക്കിമാറ്റിയാല്‍ മാത്രം പോരാ എന്ന് സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഒരു നീതിസമൂഹത്തിനായുള്ള പ്രസ്ഥാനമാക്കി പരിവര്‍ത്തിക്കണം എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ളില്‍ രൂപവത്കരിക്കാന്‍ ഇവര്‍ ജയിലില്‍വെച്ചു തീരുമാനിച്ചു. അശോക മേത്തയും ഇപ്രകാരം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായി അറിയപ്പെട്ടു.

ജനാധിപത്യ സോഷ്യലിസത്തിന്റെ ശക്തനായ വക്താവായിരുന്നു അശോകമേത്ത. വ്യക്തിയുടെ ചിന്താ സ്വാതന്ത്ര്യത്തിന്‍ മേല്‍ സംഘടനയുടെ ഘനഭാരത്തെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല. സോഷ്യലിസ്റ്റുകള്‍ വ്യക്തികള്‍ എന്ന നിലയില്‍ മനുഷ്യരിലുള്ള വിശ്വാസം മുറുകെപിടിക്കണമെന്നും അല്ലാതെ മനുഷ്യര്‍ കേവലം സംഘടനയുടെ അസംസ്‌കൃത വസ്തുക്കളല്ലെന്നും അദ്ദേഹം എഴുതി. വ്യക്തിയുടെ പരമമായ സ്വാതന്ത്ര്യത്തിലൂടെയും സ്വതന്ത്രവ്യക്തിത്വത്തിലൂടെയും മാത്രമേ സോഷ്യലിസ്റ്റു സമൂഹം നിര്‍മിക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം കരുതി. സോഷ്യലിസ്റ്റ് സമൂഹത്തില്‍ ഒന്നിലധികം പാര്‍ട്ടികളുണ്ടാവണം. കാരണം എല്ലാം സമൂഹത്തിലും ഒന്നിലധികം അഭിപ്രായങ്ങളുണ്ടാവുമെന്നും അദ്ദേഹം വിശ്വസിച്ചു. 1950-ല്‍ മദ്രാസ് വൈ.എം.സി.എ.യില്‍ ചെയ്ത ഒരു പ്രഭാഷണത്തില്‍ സോഷ്യലിസ്റ്റുകള്‍ ഒരു കൈയില്‍ അപ്പക്കൊട്ടയും മറുകൈയില്‍ സ്വാതന്ത്ര്യത്തിന്റെ ദീപശിഖയുമായി നിലകൊള്ളുന്നവരാണെന്ന് പറഞ്ഞു. സ്വാതന്ത്ര്യവും നീതിയും ഒരു പോലെ പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളിലൊരാളായിത്തീര്‍ന്ന അശോകമേത്ത പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1950-കളുടെ തുടക്കത്തില്‍ രാഷ്ട്രനിര്‍മാണ പ്രക്രിയയെ സംബന്ധിച്ച് വ്യത്യസ്തമായ ചില ചിന്തകള്‍ അദ്ദേഹം രൂപപ്പെടുത്തി. 'പിന്നാക്ക സമ്പദ്ഘടനയിലെ രാഷ്ട്രീയ നിര്‍ബന്ധങ്ങള്‍' എന്ന അവതരണത്തില്‍ വികസനം ത്വരപ്പെടുത്തണമെങ്കില്‍ ജനാധിപത്യ പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യം ത്വരപ്പെടുത്തുകയോ വിയോജിപ്പിന്റെ മേഖലകള്‍ കുറയ്ക്കുകയോ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റു പാര്‍ട്ടിയും തമ്മില്‍ അടുക്കുന്നതിന് ഈ സിദ്ധാന്തം പ്രത്യയശാസ്ത്രപരിസരം ഒരുക്കിയെങ്കിലും സോഷ്യലിസ്റ്റു പാര്‍ട്ടിയില്‍ അതിനു സ്വീകാര്യത കിട്ടിയില്ല. എന്നാല്‍, ഈ നിലപാടിന്റെ തുടര്‍ച്ചയായി അശോകമേത്ത 1963-ല്‍ ജവാഹര്‍ലാലിന്റെ ക്ഷണപ്രകാരം ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷപദവി ഏറ്റെടുത്തു. ചെറുകിട-ഇടത്തരം യന്ത്രസാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള ഒരു സമ്പദ്ഘടന എന്ന ഗാന്ധിജിയുടെ ദര്‍ശനത്തോടും അശോക മേത്തയ്ക്ക് മമത ഇല്ലായിരുന്നു. ദാരിദ്ര്യവും പട്ടിണിയും അകറ്റാന്‍ ഏതു സാങ്കേതികവിദ്യയും സ്വീകരിക്കാമെന്ന് അദ്ദേഹം കരുതി. ഓരോ ഗ്രാമവും സ്വയം പര്യാപ്തമാവണമെന്ന ഗാന്ധിയന്‍ ചിന്ത അപ്രായോഗികമാണെന്നും അശോകമേത്ത വിശ്വസിച്ചു. അതിനാല്‍ നിരവധി ഗ്രാമങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു യൂണിറ്റുപോലെ പ്രവര്‍ത്തിച്ച് നഗരങ്ങളിലെപ്പോലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ച് ഗ്രാമ-നഗര അന്തരം ഇല്ലാതാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 1966-ല്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റില്‍ ആസൂത്രണമന്ത്രിയായും അദ്ദേഹം നിയോഗിക്കപ്പെട്ടു. എന്നാല്‍, 1968-ല്‍ അദ്ദേഹം തല്‍സ്ഥാനം രാജിവെച്ചു. അക്കൊല്ലം ചെക്കോസ്ലാവാക്യയിലെ ജനാധിപത്യസമരത്തെ സോവിയറ്റ് യൂണിയന്‍ അടിച്ചമര്‍ത്തിയതിനെ ഇന്ത്യാ ഗവണ്‍മെന്റ് അപലപിച്ചില്ല എന്നതായിരുന്നു രാജിക്കു നിദാനം. പിറ്റേക്കൊല്ലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനെത്തുടര്‍ന്ന് അദ്ദേഹം സംഘടനാ കോണ്‍ഗ്രസ് പക്ഷത്തു നിലയുറപ്പിക്കുകയും പിന്നീട് ആ പാര്‍ട്ടിയുടെ ആധ്യക്ഷനായി നിയോഗിക്കപ്പെടുകയും ചെയ്തു.

അടിയന്തരാവസ്ഥയിലെ രാഷ്ട്രീയത്തടവുകാരനായിരുന്ന അശോകമേത്ത ജനതാ ഗവണ്‍മെന്റിന്റെ നയരൂപവത്കരണത്തിലും നിര്‍ണായക പങ്കുവഹിച്ചു. മൊറാര്‍ജി ഗവണ്‍മെന്റ് നിയോഗിച്ച പഞ്ചായത്ത് രാജ് കമ്മിറ്റിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ മണ്ഡല്‍ പഞ്ചായത്തുകള്‍ എന്ന ആശയം അവതരിപ്പിച്ചു. രാജ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനായ ഹിന്ദ് മസ്ദൂര്‍ സഭയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. സ്വര്‍ണനാവുള്ള ഈ സ്വാതന്ത്ര്യസമര സേനാനി കനപ്പെട്ട പുസ്തകങ്ങളും എഴുതി. 1984 ഡിസംബര്‍ 11-ന് അശോക മേത്ത അന്തരിച്ചു.


ലോഹ്യയെ തിരിച്ചറിയുക



ഡോ. വറുഗീസ് ജോര്‍ജ്‌, മാതൃഭൂമി 2011 ഒക്ടോബര്‍ 12


ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിലെ നിതാന്ത പ്രതിപക്ഷമായിരുന്ന ഡോ. രാംമനോഹര്‍ ലോഹിയായുടെ 44-ആമത് ചരമദിനം ഒക്ടോബര്‍ 12നാണ്. അനീതിഘടനകളോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്ന ലോഹ്യ സ്വാതന്ത്ര്യസമരത്തിലെ അഗ്‌നിസ്ഫുലിംഗവും രാഷ്ട്രീയത്തിലെ നൈതികതയുടെ ഗംഗാപ്രവാഹവുമായിരുന്നു.

പാരമ്പര്യമായി ലോഹക്കച്ചവടം നടത്തുന്ന കുടുംബമായതിനാലാണ് ലോഹ്യകള്‍ എന്ന് അറിയപ്പെട്ടത്. എന്നാല്‍, രാം മനോഹര്‍ ലോഹ്യയുടെ അച്ഛന്‍ ഹീര്‍ലാല്‍ കച്ചവടം ഉപേക്ഷിച്ചു മുഴുവന്‍ സമയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാറിയിരുന്നു. ബര്‍ലിന്‍ സര്‍വകലാശാലയില്‍ നിന്നും 1932-ല്‍ ഡോക്ടറേറ്റ് നേടിയ രാം മനോഹര്‍ ലോഹ്യ തിരികെ നാട്ടിലെത്തുന്നത് ഗാന്ധിജിയുടെ സിവില്‍ നിയമലംഘനസമരത്തിന്റെ നടുവിലേക്കാണ്. ഗാന്ധിജിയും ലോഹ്യയും തമ്മിലുള്ള ബന്ധം സൗഹൃദപരമായ പിണക്കത്തിന്റെയും ഗാഢമായ ഇണക്കത്തിന്റെയുമായിരുന്നു. ലോഹ്യയുടെ ധൈഷണിക ധീരത ഗാന്ധിജിക്ക് ഇഷ്ടമായിരുന്നു. ജോലി ഒന്നും സ്വീകരിക്കാത്ത മുഴുവന്‍ സമയവും സ്വാതന്ത്ര്യസമരത്തില്‍ മുഴുകുന്ന ലോഹ്യയുടെ ഭാവികാര്യങ്ങളെങ്ങനെ എന്ന് ഗാന്ധിജി ചോദിച്ചപ്പോള്‍ അതൊക്കെ ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാമെന്ന് ആശ്രമത്തില്‍ വന്ന് ജമല്‍ലാല്‍ ബജാജ് ഗാന്ധിജിക്ക് ഉറപ്പുകൊടുത്തതായി ലോഹ്യ അനുസ്മരിക്കുന്നുണ്ട്. ലോഹ്യയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഗാന്ധിജി ഈ ഉത്കണ്ഠ കാട്ടിയിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരത്തിലും ലോഹ്യയുടെ പങ്കാളിത്തം അത്യുജ്ജ്വലമായിരുന്നു. ''പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക'' എന്ന ഗാന്ധിജിയുടെ ആഹ്വാനം അദ്ദേഹം ഹൃദയത്തില്‍ ഏറ്റുവാങ്ങി. പിന്നീട് വിശ്രമം എന്താണെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ല. രാജ്യത്തൊട്ടാകെ ഒളിവിലും തെളിവിലും ലോഹ്യ സഞ്ചരിച്ച് ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചു. ബോംബെയില്‍ ഒരു സമാന്തര റേഡിയോ നിലയം ആരംഭിച്ച് പ്രഭാഷണങ്ങള്‍ നടത്തി. യൂസഫ് മെഹറലിയും അരുണ അസഫലിയും ഇക്കാര്യത്തില്‍ ലോഹ്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി. കര്‍മനിരതമായ പോരാട്ടത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഉറക്കംകെടുത്തിയ ലോഹ്യയെ അറസ്റ്റു ചെയ്യാന്‍ ഗവണ്മെന്റ് വല വിരിച്ചു. 1944 മെയ് പത്താം തീയതി ബോംബെയില്‍ വന്നു അദ്ദേഹത്തെ അറസ്റ്റു ചെയ്തു. ലാഹോര്‍ കോട്ടയിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്.

നേപ്പാളില്‍വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട ജയപ്രകാശ് നാരായണും ലാഹോര്‍ കോട്ടയില്‍ ഭീകരമര്‍ദനമേറ്റ് തടവിലുണ്ടായിരുന്നു. 1946 ഏപ്രില്‍ 11 വരെ ഭീകരമായ മര്‍ദനങ്ങള്‍ക്ക് വിധേയനായി ലോഹ്യ തടവില്‍ കഴിഞ്ഞു. രാം മനോഹറിനെ ഒരു നോക്കു കാണാനാഗ്രഹിച്ച അച്ഛന്‍ ഹീര്‍ലാല്‍ ഇതിനിടയില്‍ അന്തരിച്ചു. ഗാന്ധിജിയാണ് ഒരു കമ്പി സന്ദേശത്തിലൂടെ ജയിലില്‍ രാംമനോഹര്‍ ലോഹ്യയെ ഹൃദയഭേദകമായ ഈ വാര്‍ത്ത അറിയിച്ചത്.

ക്വിറ്റ് ഇന്ത്യാ സമരത്തിലെ രണ്ടു വര്‍ഷത്തെ തടവിനുശേഷം ഏതാനും ദിവസങ്ങള്‍ വിശ്രമിക്കുന്നതിനാണ് ലോഹ്യ ഗോവയില്‍ തന്റെ സുഹൃത്തായ ഡോ. ജൂലിയസ് മെനസിസിന്റെ ഭവനത്തിലെത്തുന്നത്. എന്നാല്‍, ക്വിറ്റ് ഇന്ത്യാ സമരനായകനെ കാണാന്‍ പോര്‍ച്ചുഗീസ് കോളനിയുടെ ഇരുട്ടില്‍നിന്ന് ഗോവക്കാര്‍ ഒറ്റയ്ക്കും കൂട്ടായും എത്തിക്കൊണ്ടിരുന്നു.

ഗോവയില്‍

ഗോവയുടെ സമരത്തിന് നേതൃത്വം കൊടുക്കാന്‍ അവര്‍ ലോഹ്യയോട് അഭ്യര്‍ഥിച്ചു. 1946 ജൂണ്‍ 18-ാം തീയതി ലോഹ്യ പ്രസംഗിച്ച സമ്മേളനത്തില്‍ ഇരുപതിനായിരം പേരാണ് പങ്കെടുത്തത്. പ്രസംഗം തീരുന്നതിന് മുമ്പ് പോര്‍ച്ചുഗീസ് അഡ്മിനിസ്‌ട്രേറ്റര്‍ ക്യാപ്റ്റന്‍ മിറാന്‍ഡ ലോഹ്യയെ അറസ്റ്റു ചെയ്തു. ഇപ്രകാരം സ്വാതന്ത്ര്യസമരത്തിന്റെ ഒരു മുഖം ഗോവയില്‍ തുറന്നു. ലോഹ്യ പ്രസംഗിച്ച സ്ഥലം ലോഹ്യചൗക്ക് എന്ന് അറിയപ്പെടാന്‍ തുടങ്ങി. അക്കൊല്ലം സപ്തംബറില്‍ ഗോവയില്‍ തിരികെയെത്തിയ ലോഹ്യയെ റെയില്‍വേസ്റ്റേഷനില്‍വെച്ചുതന്നെ അറസ്റ്റു ചെയ്തു അഗ്വാദഫോര്‍ട്ടിലെ ഒരു ഇരുട്ടറയില്‍ പാര്‍പ്പിച്ചു. സൈമണ്‍ ബൊളിവറെപ്പോലെയായിരുന്നു ലോഹ്യ. എവിടെ അസ്വാതന്ത്ര്യമുണ്ടോ അവിടെ സ്വാതന്ത്ര്യസമരത്തിന്റെ കൊടുങ്കാറ്റായി ലോഹ്യ എത്തിച്ചേരും. ലോഹ്യ ഗോവയില്‍ പ്രസംഗിച്ച ജൂണ്‍ 18 നാണ് ഗോവയുടെ സ്വാതന്ത്ര്യദിനം.

രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുവന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചു. 1952 മെയ് മാസത്തില്‍ മധ്യപ്രദേശിലെ പച്ച്മാഡിയില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യേക സമ്മേളനത്തില്‍ ലോഹ്യ നടത്തിയ അധ്യക്ഷപ്രഭാഷണമാണ് ഇന്ത്യന്‍ സോഷ്യലിസത്തിന്റെ സൈദ്ധാന്തിക അടിത്തറയ്ക്ക് വ്യക്തത കൊടുത്തത്. മുതലാളിത്തത്തില്‍ നിന്നും കമ്യൂണിസത്തില്‍ നിന്നും വ്യതിരക്തമായ ഒരു നവനാഗരികതയാണ് ഭാരതീയ സോഷ്യലിസം വിഭാവനം ചെയ്യുന്നത്. മുതലാളിത്തം ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു സ്വതന്ത്ര വിപണി കരുപ്പിടിപ്പിക്കുന്നു. ലോകത്തിലെ മൂന്നിലൊന്ന് ജനങ്ങള്‍ക്ക് അത് സുഖസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നു. മൂന്നില്‍ രണ്ടിനും ദുരിതവും ദാരിദ്ര്യവും യുദ്ധവുമാണ് അത് സമ്മാനിച്ചത്. കമ്യൂണിസം വിഭാവനം ചെയ്യുന്നത് ഉത്പാദന ഉപകരണങ്ങളുടെ സാമൂഹിക ഉടമസ്ഥതയാണ്. എന്നാല്‍, മുതലാളിത്തത്തിന്റെ അതേ ഉത്പാദന രീതി തന്നെയാണ് കമ്യൂണിസം ഉപയോഗിക്കുന്നത്. മനുഷ്യനെ ക്രിമികളായി പുറത്തള്ളുന്നതും പ്രകൃതിയെ ചൂഷണം ചെയ്യുന്നതുമായ ഈ വന്‍ യന്ത്രസാങ്കേതികവിദ്യയ്ക്ക് ബദല്‍ ചെറുകിട യന്ത്രമാണ്. അതിനാല്‍ ചെറുകിട യന്ത്ര സാങ്കേതികവിദ്യയിലധിഷ്ഠിതമായി, ജനാധിപത്യപരമായി തീരുമാനമെടുക്കുന്ന ഒരു പങ്കാളിത്ത സമൂഹത്തിന്റെ സൃഷ്ടിക്കായിവേണം ഇന്ത്യന്‍ സോഷ്യലിസ്റ്റുകള്‍ നിലകൊള്ളേണ്ടത് എന്നായിരുന്നു ലോഹ്യയുടെ ആഹ്വാനം. അത്തരം ഒരു നീതിസമൂഹം സൃഷ്ടിക്കാനുള്ള ഓരോ പ്രവര്‍ത്തനത്തിനും അതിന്റെ ധാര്‍മികത ഉണ്ടായിരിക്കണം. ഭാവിയില്‍ നീതി സൃഷ്ടിക്കാന്‍ ഇപ്പോള്‍ അനീതിയുടെ മാര്‍ഗം ഉപയോഗിക്കാന്‍ പാടില്ല.

തുടര്‍ന്ന് ഒരു ദശകം ലോഹ്യ എന്നും സമരങ്ങളുടെ പോര്‍മുഖത്തായിരുന്നു. ഭൂമിക്കും ഭക്ഷണത്തിനും മനുഷ്യാന്തസ്സിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ലോഹ്യയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. 1963-ല്‍ ഫറൂക്കാബാദില്‍നിന്ന് ഒരു ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ലോക്‌സഭയില്‍ കടന്നുവന്ന ലോഹ്യ ഇന്ത്യയിലെ പാതിജനങ്ങളുടെ പ്രതിദിന വരുമാനം കാലണയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ ഭരണാധികാരികള്‍ വിളറി. ഭരണാധികാരികളുടെ ആഡംബര ഭ്രമവും ദരിദ്രരുടെ ദയനീയാവസ്ഥയും പാര്‍ലമെന്റില്‍ തുറന്നുകാട്ടിയ ലോഹ്യയുടെ പ്രസംഗങ്ങള്‍ക്ക് ഒട്ടും മാര്‍ദവമില്ലായിരുന്നു. നിസ്സാരമായ ഒരു ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലാക്കപ്പെട്ട ലോഹിയാ 1967 ഒക്ടോബര്‍ 12-ആം തീയതി മരണമടഞ്ഞു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരേകീകരണമാണ് ലോഹ്യയ്ക്ക് ഉചിതമായ ആദരാഞ്ജലി.


പ്രതികരണം
മാതൃഭൂമി 2011 ഒക്ടോബര്‍ 12

രാംമനോഹര്‍ ലോഹ്യ

'ലോഹ്യയെ തിരിച്ചറിയുക' എന്ന ഡോ. വറുഗീസ് ജോര്‍ജിന്റെ ലേഖനം (ഒക്ടോ. 12) സമയോചിതമായി. ഇത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള മറ്റൊരു നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലതന്നെ. സമരമുഖങ്ങളില്‍, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍, ഭാഷാപ്രശ്‌നത്തില്‍ തുടങ്ങി അദ്ദേഹം കൈവെച്ച മേഖലകളിലെല്ലാം കാലത്തെ അതിജീവിക്കുന്ന ശൈലിയായിരുന്നു ആവിഷ്‌കരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ഭ്രാന്തന്‍ ജല്പനങ്ങള്‍ എന്ന് മുദ്രകുത്താന്‍ മറ്റെല്ലാ രാഷ്ട്രീയക്കാരും ഒന്നിച്ചുവെന്നതാണ് സത്യം.

''പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക'' എന്ന് 1942-ല്‍ ഗാന്ധിജി ഉയര്‍ത്തിയ മുദ്രാവാക്യം അക്ഷരംപ്രതി നടപ്പാക്കുന്നതിന് ഡോ. ലോഹ്യയും ലോകനായക് ജയപ്രകാശും നേതൃത്വം കൊടുത്ത സോഷ്യലിസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പുത്തന്‍തലമുറയിലെ എത്രപേര്‍ക്ക് അറിയാം? ക്വിറ്റ് ഇന്ത്യാ സമരവിജയത്തിന്റെ ചരിത്രവും മറ്റു ചിലരില്‍ അര്‍പ്പിക്കാനാണല്ലോ നമ്മുടെസമൂഹം തയ്യാറായിരിക്കുന്നത്. സ്വാതന്ത്ര്യപ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ഇടക്കാല ഗവണ്മെന്റ്
രൂപവത്കരിക്കുന്ന സന്ദര്‍ഭം മുതല്‍ പ്രകടമായും കോണ്‍ഗ്രസ് നേതൃത്വം ജെ.പി.യും ലോഹ്യയും ഉള്‍ക്കൊള്ളുന്ന സോഷ്യലിസ്റ്റ് വിഭാഗത്തെ തേജോവധം ചെയ്യുവാന്‍ കച്ചകെട്ടി ഇറങ്ങിയിരുന്നു. ഭാഗ്യവശാല്‍ ഗാന്ധിജി ഈ ഉപജാപങ്ങളില്‍ വിശ്വസിച്ചിരുന്നില്ലെന്നതാണ് സത്യം. 1948 ജനവരി 30-ലെ പ്രാര്‍ഥനായോഗത്തിനുശേഷം താനുമായി കൂടിക്കാഴ്ച നടത്തണമെന്ന് ഗാന്ധിജി ലോഹ്യയോട് ആവശ്യപ്പെട്ടത് നടന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഭാരതചരിത്രം തികച്ചും വ്യത്യസ്തമായ സംഭവങ്ങള്‍ക്കുപോലും സാക്ഷ്യം വഹിക്കുമായിരുന്നേനെ.

പാഠ്യവിഷയമാക്കിയും ഗവേഷണ വിഷയമാക്കിയും വേണ്ട പ്രചാരണം നല്കിയും ലോഹ്യയുടെയും മറ്റു ഉജ്ജ്വലവ്യക്തിത്വങ്ങളുടെയും സ്മരണ ശാശ്വതമാക്കണം.
-പട്ടോളി ഉണ്ണികൃഷ്ണന്‍, കായംകുളം




2011/12/14

എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ചവര്‍ സ്വതന്ത്രരായി വിഹരിക്കുന്നു-മേധ



തിരുവനന്തപുരം, ഡിസം 12: കാളകൂടവിഷമായ എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്ട് വിതച്ച ദുരന്തങ്ങള്‍ക്ക് കാരണക്കാരായവര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ സ്വതന്ത്രരായി വിഹരിക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകയും എന്‍ എ പി എം നേതാവുമായ മേധാപട്കര്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേധാപട്കര്‍. കാസര്‍കോട്ടെ ദുരന്തത്തിന് കാരണക്കാരായ പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍, കോര്‍പറേറ്റ് ശക്തികള്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവരെയെല്ലാം നിയമത്തിന് മുന്നില്‍കൊണ്ടുവരണം. വികസനത്തിന്റെ പേരില്‍ കാസര്‍കോട്ട് നടന്നത് കര്‍ഷക ജനതയുടെ കൂട്ടക്കൊലയാണ്. കേന്ദ്രമന്ത്രി പവാര്‍ ജനീവയില്‍ ജനങ്ങള്‍ക്കെതിരായ നിലപാടെടുത്തു. എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ ഈ വിഷയത്തില്‍ തെരുവില്‍ ഉപവസിച്ച വ്യക്തിയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നും മേധാപട്കര്‍ കുറ്റപ്പെടുത്തി.

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന 'നിശബ്ദ വസന്തത്തി'ന്റെ ഉദ്ഘാടനവും മേധാപട്കര്‍ നിര്‍വഹിച്ചു. 'എന്‍മകജെ'യുടെ രചയിതാവ് അംബികാസുതന്‍ മങ്ങാട് ആദ്യപ്രതി ഏറ്റുവാങ്ങി. സി.ആര്‍. നീലകണ്ഠന് നല്‍കി 'കൃഷിഗീത'യുടെ പ്രകാശനവും മേധാപട്കര്‍ നിര്‍വഹിച്ചു.

ട്രിബ്യൂണല്‍ സ്ഥാപിക്കുക, മനുഷ്യാവകാശക്കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, രോഗികള്‍ക്ക് ചികിത്സ ഏര്‍പ്പെടുത്തുക, കടബാധ്യതകള്‍ എഴുതിത്തള്ളുക, ജൈവ പുനഃസ്ഥാപനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ബി.ആര്‍.പി. ഭാസ്‌കര്‍, സി.ആര്‍. നീലകണ്ഠന്‍, വിളയോടി വേണുഗോപാല്‍,സമാജവാദി ജനപരിഷത്ത്‌ ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, അംബികാസുതന്‍ മങ്ങാട്, എം.എ. റഹ്മാന്‍, കെ.എസ്.അബ്ദുള്ള, ടി. പീറ്റര്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, റസാഖ് പാലേരി, ഡി.സുന്ദരേശന്‍, വെള്ളനാട് രാമചന്ദ്രന്‍, വി.ഹരിലാല്‍, സ്വീറ്റാദാസന്‍, എം.ഷാജര്‍ഖാന്‍, ശ്രീകാന്ത്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.