2011/12/28

ലോഹ്യയെ തിരിച്ചറിയുക



ഡോ. വറുഗീസ് ജോര്‍ജ്‌, മാതൃഭൂമി 2011 ഒക്ടോബര്‍ 12


ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിലെ നിതാന്ത പ്രതിപക്ഷമായിരുന്ന ഡോ. രാംമനോഹര്‍ ലോഹിയായുടെ 44-ആമത് ചരമദിനം ഒക്ടോബര്‍ 12നാണ്. അനീതിഘടനകളോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്ന ലോഹ്യ സ്വാതന്ത്ര്യസമരത്തിലെ അഗ്‌നിസ്ഫുലിംഗവും രാഷ്ട്രീയത്തിലെ നൈതികതയുടെ ഗംഗാപ്രവാഹവുമായിരുന്നു.

പാരമ്പര്യമായി ലോഹക്കച്ചവടം നടത്തുന്ന കുടുംബമായതിനാലാണ് ലോഹ്യകള്‍ എന്ന് അറിയപ്പെട്ടത്. എന്നാല്‍, രാം മനോഹര്‍ ലോഹ്യയുടെ അച്ഛന്‍ ഹീര്‍ലാല്‍ കച്ചവടം ഉപേക്ഷിച്ചു മുഴുവന്‍ സമയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാറിയിരുന്നു. ബര്‍ലിന്‍ സര്‍വകലാശാലയില്‍ നിന്നും 1932-ല്‍ ഡോക്ടറേറ്റ് നേടിയ രാം മനോഹര്‍ ലോഹ്യ തിരികെ നാട്ടിലെത്തുന്നത് ഗാന്ധിജിയുടെ സിവില്‍ നിയമലംഘനസമരത്തിന്റെ നടുവിലേക്കാണ്. ഗാന്ധിജിയും ലോഹ്യയും തമ്മിലുള്ള ബന്ധം സൗഹൃദപരമായ പിണക്കത്തിന്റെയും ഗാഢമായ ഇണക്കത്തിന്റെയുമായിരുന്നു. ലോഹ്യയുടെ ധൈഷണിക ധീരത ഗാന്ധിജിക്ക് ഇഷ്ടമായിരുന്നു. ജോലി ഒന്നും സ്വീകരിക്കാത്ത മുഴുവന്‍ സമയവും സ്വാതന്ത്ര്യസമരത്തില്‍ മുഴുകുന്ന ലോഹ്യയുടെ ഭാവികാര്യങ്ങളെങ്ങനെ എന്ന് ഗാന്ധിജി ചോദിച്ചപ്പോള്‍ അതൊക്കെ ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാമെന്ന് ആശ്രമത്തില്‍ വന്ന് ജമല്‍ലാല്‍ ബജാജ് ഗാന്ധിജിക്ക് ഉറപ്പുകൊടുത്തതായി ലോഹ്യ അനുസ്മരിക്കുന്നുണ്ട്. ലോഹ്യയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഗാന്ധിജി ഈ ഉത്കണ്ഠ കാട്ടിയിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരത്തിലും ലോഹ്യയുടെ പങ്കാളിത്തം അത്യുജ്ജ്വലമായിരുന്നു. ''പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക'' എന്ന ഗാന്ധിജിയുടെ ആഹ്വാനം അദ്ദേഹം ഹൃദയത്തില്‍ ഏറ്റുവാങ്ങി. പിന്നീട് വിശ്രമം എന്താണെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ല. രാജ്യത്തൊട്ടാകെ ഒളിവിലും തെളിവിലും ലോഹ്യ സഞ്ചരിച്ച് ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചു. ബോംബെയില്‍ ഒരു സമാന്തര റേഡിയോ നിലയം ആരംഭിച്ച് പ്രഭാഷണങ്ങള്‍ നടത്തി. യൂസഫ് മെഹറലിയും അരുണ അസഫലിയും ഇക്കാര്യത്തില്‍ ലോഹ്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി. കര്‍മനിരതമായ പോരാട്ടത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഉറക്കംകെടുത്തിയ ലോഹ്യയെ അറസ്റ്റു ചെയ്യാന്‍ ഗവണ്മെന്റ് വല വിരിച്ചു. 1944 മെയ് പത്താം തീയതി ബോംബെയില്‍ വന്നു അദ്ദേഹത്തെ അറസ്റ്റു ചെയ്തു. ലാഹോര്‍ കോട്ടയിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്.

നേപ്പാളില്‍വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട ജയപ്രകാശ് നാരായണും ലാഹോര്‍ കോട്ടയില്‍ ഭീകരമര്‍ദനമേറ്റ് തടവിലുണ്ടായിരുന്നു. 1946 ഏപ്രില്‍ 11 വരെ ഭീകരമായ മര്‍ദനങ്ങള്‍ക്ക് വിധേയനായി ലോഹ്യ തടവില്‍ കഴിഞ്ഞു. രാം മനോഹറിനെ ഒരു നോക്കു കാണാനാഗ്രഹിച്ച അച്ഛന്‍ ഹീര്‍ലാല്‍ ഇതിനിടയില്‍ അന്തരിച്ചു. ഗാന്ധിജിയാണ് ഒരു കമ്പി സന്ദേശത്തിലൂടെ ജയിലില്‍ രാംമനോഹര്‍ ലോഹ്യയെ ഹൃദയഭേദകമായ ഈ വാര്‍ത്ത അറിയിച്ചത്.

ക്വിറ്റ് ഇന്ത്യാ സമരത്തിലെ രണ്ടു വര്‍ഷത്തെ തടവിനുശേഷം ഏതാനും ദിവസങ്ങള്‍ വിശ്രമിക്കുന്നതിനാണ് ലോഹ്യ ഗോവയില്‍ തന്റെ സുഹൃത്തായ ഡോ. ജൂലിയസ് മെനസിസിന്റെ ഭവനത്തിലെത്തുന്നത്. എന്നാല്‍, ക്വിറ്റ് ഇന്ത്യാ സമരനായകനെ കാണാന്‍ പോര്‍ച്ചുഗീസ് കോളനിയുടെ ഇരുട്ടില്‍നിന്ന് ഗോവക്കാര്‍ ഒറ്റയ്ക്കും കൂട്ടായും എത്തിക്കൊണ്ടിരുന്നു.

ഗോവയില്‍

ഗോവയുടെ സമരത്തിന് നേതൃത്വം കൊടുക്കാന്‍ അവര്‍ ലോഹ്യയോട് അഭ്യര്‍ഥിച്ചു. 1946 ജൂണ്‍ 18-ാം തീയതി ലോഹ്യ പ്രസംഗിച്ച സമ്മേളനത്തില്‍ ഇരുപതിനായിരം പേരാണ് പങ്കെടുത്തത്. പ്രസംഗം തീരുന്നതിന് മുമ്പ് പോര്‍ച്ചുഗീസ് അഡ്മിനിസ്‌ട്രേറ്റര്‍ ക്യാപ്റ്റന്‍ മിറാന്‍ഡ ലോഹ്യയെ അറസ്റ്റു ചെയ്തു. ഇപ്രകാരം സ്വാതന്ത്ര്യസമരത്തിന്റെ ഒരു മുഖം ഗോവയില്‍ തുറന്നു. ലോഹ്യ പ്രസംഗിച്ച സ്ഥലം ലോഹ്യചൗക്ക് എന്ന് അറിയപ്പെടാന്‍ തുടങ്ങി. അക്കൊല്ലം സപ്തംബറില്‍ ഗോവയില്‍ തിരികെയെത്തിയ ലോഹ്യയെ റെയില്‍വേസ്റ്റേഷനില്‍വെച്ചുതന്നെ അറസ്റ്റു ചെയ്തു അഗ്വാദഫോര്‍ട്ടിലെ ഒരു ഇരുട്ടറയില്‍ പാര്‍പ്പിച്ചു. സൈമണ്‍ ബൊളിവറെപ്പോലെയായിരുന്നു ലോഹ്യ. എവിടെ അസ്വാതന്ത്ര്യമുണ്ടോ അവിടെ സ്വാതന്ത്ര്യസമരത്തിന്റെ കൊടുങ്കാറ്റായി ലോഹ്യ എത്തിച്ചേരും. ലോഹ്യ ഗോവയില്‍ പ്രസംഗിച്ച ജൂണ്‍ 18 നാണ് ഗോവയുടെ സ്വാതന്ത്ര്യദിനം.

രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുവന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചു. 1952 മെയ് മാസത്തില്‍ മധ്യപ്രദേശിലെ പച്ച്മാഡിയില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യേക സമ്മേളനത്തില്‍ ലോഹ്യ നടത്തിയ അധ്യക്ഷപ്രഭാഷണമാണ് ഇന്ത്യന്‍ സോഷ്യലിസത്തിന്റെ സൈദ്ധാന്തിക അടിത്തറയ്ക്ക് വ്യക്തത കൊടുത്തത്. മുതലാളിത്തത്തില്‍ നിന്നും കമ്യൂണിസത്തില്‍ നിന്നും വ്യതിരക്തമായ ഒരു നവനാഗരികതയാണ് ഭാരതീയ സോഷ്യലിസം വിഭാവനം ചെയ്യുന്നത്. മുതലാളിത്തം ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു സ്വതന്ത്ര വിപണി കരുപ്പിടിപ്പിക്കുന്നു. ലോകത്തിലെ മൂന്നിലൊന്ന് ജനങ്ങള്‍ക്ക് അത് സുഖസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നു. മൂന്നില്‍ രണ്ടിനും ദുരിതവും ദാരിദ്ര്യവും യുദ്ധവുമാണ് അത് സമ്മാനിച്ചത്. കമ്യൂണിസം വിഭാവനം ചെയ്യുന്നത് ഉത്പാദന ഉപകരണങ്ങളുടെ സാമൂഹിക ഉടമസ്ഥതയാണ്. എന്നാല്‍, മുതലാളിത്തത്തിന്റെ അതേ ഉത്പാദന രീതി തന്നെയാണ് കമ്യൂണിസം ഉപയോഗിക്കുന്നത്. മനുഷ്യനെ ക്രിമികളായി പുറത്തള്ളുന്നതും പ്രകൃതിയെ ചൂഷണം ചെയ്യുന്നതുമായ ഈ വന്‍ യന്ത്രസാങ്കേതികവിദ്യയ്ക്ക് ബദല്‍ ചെറുകിട യന്ത്രമാണ്. അതിനാല്‍ ചെറുകിട യന്ത്ര സാങ്കേതികവിദ്യയിലധിഷ്ഠിതമായി, ജനാധിപത്യപരമായി തീരുമാനമെടുക്കുന്ന ഒരു പങ്കാളിത്ത സമൂഹത്തിന്റെ സൃഷ്ടിക്കായിവേണം ഇന്ത്യന്‍ സോഷ്യലിസ്റ്റുകള്‍ നിലകൊള്ളേണ്ടത് എന്നായിരുന്നു ലോഹ്യയുടെ ആഹ്വാനം. അത്തരം ഒരു നീതിസമൂഹം സൃഷ്ടിക്കാനുള്ള ഓരോ പ്രവര്‍ത്തനത്തിനും അതിന്റെ ധാര്‍മികത ഉണ്ടായിരിക്കണം. ഭാവിയില്‍ നീതി സൃഷ്ടിക്കാന്‍ ഇപ്പോള്‍ അനീതിയുടെ മാര്‍ഗം ഉപയോഗിക്കാന്‍ പാടില്ല.

തുടര്‍ന്ന് ഒരു ദശകം ലോഹ്യ എന്നും സമരങ്ങളുടെ പോര്‍മുഖത്തായിരുന്നു. ഭൂമിക്കും ഭക്ഷണത്തിനും മനുഷ്യാന്തസ്സിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ലോഹ്യയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. 1963-ല്‍ ഫറൂക്കാബാദില്‍നിന്ന് ഒരു ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ലോക്‌സഭയില്‍ കടന്നുവന്ന ലോഹ്യ ഇന്ത്യയിലെ പാതിജനങ്ങളുടെ പ്രതിദിന വരുമാനം കാലണയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ ഭരണാധികാരികള്‍ വിളറി. ഭരണാധികാരികളുടെ ആഡംബര ഭ്രമവും ദരിദ്രരുടെ ദയനീയാവസ്ഥയും പാര്‍ലമെന്റില്‍ തുറന്നുകാട്ടിയ ലോഹ്യയുടെ പ്രസംഗങ്ങള്‍ക്ക് ഒട്ടും മാര്‍ദവമില്ലായിരുന്നു. നിസ്സാരമായ ഒരു ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലാക്കപ്പെട്ട ലോഹിയാ 1967 ഒക്ടോബര്‍ 12-ആം തീയതി മരണമടഞ്ഞു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരേകീകരണമാണ് ലോഹ്യയ്ക്ക് ഉചിതമായ ആദരാഞ്ജലി.


പ്രതികരണം
മാതൃഭൂമി 2011 ഒക്ടോബര്‍ 12

രാംമനോഹര്‍ ലോഹ്യ

'ലോഹ്യയെ തിരിച്ചറിയുക' എന്ന ഡോ. വറുഗീസ് ജോര്‍ജിന്റെ ലേഖനം (ഒക്ടോ. 12) സമയോചിതമായി. ഇത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള മറ്റൊരു നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലതന്നെ. സമരമുഖങ്ങളില്‍, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍, ഭാഷാപ്രശ്‌നത്തില്‍ തുടങ്ങി അദ്ദേഹം കൈവെച്ച മേഖലകളിലെല്ലാം കാലത്തെ അതിജീവിക്കുന്ന ശൈലിയായിരുന്നു ആവിഷ്‌കരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ഭ്രാന്തന്‍ ജല്പനങ്ങള്‍ എന്ന് മുദ്രകുത്താന്‍ മറ്റെല്ലാ രാഷ്ട്രീയക്കാരും ഒന്നിച്ചുവെന്നതാണ് സത്യം.

''പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക'' എന്ന് 1942-ല്‍ ഗാന്ധിജി ഉയര്‍ത്തിയ മുദ്രാവാക്യം അക്ഷരംപ്രതി നടപ്പാക്കുന്നതിന് ഡോ. ലോഹ്യയും ലോകനായക് ജയപ്രകാശും നേതൃത്വം കൊടുത്ത സോഷ്യലിസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പുത്തന്‍തലമുറയിലെ എത്രപേര്‍ക്ക് അറിയാം? ക്വിറ്റ് ഇന്ത്യാ സമരവിജയത്തിന്റെ ചരിത്രവും മറ്റു ചിലരില്‍ അര്‍പ്പിക്കാനാണല്ലോ നമ്മുടെസമൂഹം തയ്യാറായിരിക്കുന്നത്. സ്വാതന്ത്ര്യപ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ഇടക്കാല ഗവണ്മെന്റ്
രൂപവത്കരിക്കുന്ന സന്ദര്‍ഭം മുതല്‍ പ്രകടമായും കോണ്‍ഗ്രസ് നേതൃത്വം ജെ.പി.യും ലോഹ്യയും ഉള്‍ക്കൊള്ളുന്ന സോഷ്യലിസ്റ്റ് വിഭാഗത്തെ തേജോവധം ചെയ്യുവാന്‍ കച്ചകെട്ടി ഇറങ്ങിയിരുന്നു. ഭാഗ്യവശാല്‍ ഗാന്ധിജി ഈ ഉപജാപങ്ങളില്‍ വിശ്വസിച്ചിരുന്നില്ലെന്നതാണ് സത്യം. 1948 ജനവരി 30-ലെ പ്രാര്‍ഥനായോഗത്തിനുശേഷം താനുമായി കൂടിക്കാഴ്ച നടത്തണമെന്ന് ഗാന്ധിജി ലോഹ്യയോട് ആവശ്യപ്പെട്ടത് നടന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഭാരതചരിത്രം തികച്ചും വ്യത്യസ്തമായ സംഭവങ്ങള്‍ക്കുപോലും സാക്ഷ്യം വഹിക്കുമായിരുന്നേനെ.

പാഠ്യവിഷയമാക്കിയും ഗവേഷണ വിഷയമാക്കിയും വേണ്ട പ്രചാരണം നല്കിയും ലോഹ്യയുടെയും മറ്റു ഉജ്ജ്വലവ്യക്തിത്വങ്ങളുടെയും സ്മരണ ശാശ്വതമാക്കണം.
-പട്ടോളി ഉണ്ണികൃഷ്ണന്‍, കായംകുളം




0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.