ഡോ. വറുഗീസ് ജോര്‍ജ്, മാതൃഭൂമി 2011 ഡിസംബര്‍ 27
ഗാന്ധിജിയുടെ സിവില്‍ നിയമലംഘന ആഹ്വാനത്തെത്തുടര്‍ന്ന് നാസിക്കിലെ കേന്ദ്ര ജയിലില്‍ അടയ്ക്കപ്പെട്ട ദേശീയ നേതാക്കളുടെ കൂട്ടത്തിലേക്ക് 1932-ല്‍ ഒരു ഇരുപത്തൊന്നു വയസ്സുകാരനും എത്തി. സിവില്‍ നിയമലംഘനത്തില്‍ പങ്കെടുത്തതിന് രണ്ടരവര്‍ഷം ജയില്‍ശിക്ഷ വിധിക്കപ്പെട്ട നാസിക് ജയിലിലെ ഏറ്റവും പ്രായംകുറഞ്ഞ ആ രാഷ്ട്രീയത്തടവുകാരന്‍ അശോക മേത്തയായിരുന്നു. മുംബൈയിലെ വില്‍സണ്‍ കോളേജില്‍ നിന്ന് ബിരുദംനേടി ഉന്നതപഠനത്തിന് ചേര്‍ന്നപ്പോഴാണ് സിവില്‍ നിയമലംഘനത്തിന്റെ കാഹളംകേട്ട് അശോകമേത്ത ബോംബെ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ഇറങ്ങിപ്പോന്നത്. പിന്നീട് ഗാന്ധിജി 1940-ല്‍ വ്യക്തിസത്യാഗ്രഹം പ്രഖ്യാപിച്ചപ്പോഴും സന്നദ്ധ ഭടന്മാരുടെ ആദ്യകൂട്ടത്തില്‍ അശോക മേത്തയുണ്ടായിരുന്നു. വ്യക്തിസത്യാഗ്രഹത്തില്‍ ഒന്നരവര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ടു. ക്വിറ്റിന്ത്യാ സമരത്തിലും ദീര്‍ഘകാലം ജയില്‍ശിക്ഷ അനുഭവിച്ചു.
സൗരാഷ്ട്രയിലെ ഭവനഗറില്‍ 1911 ഒക്ടോബര്‍ 24-ന് ജനിച്ച അശോകമേത്ത പ്രമുഖ സോഷ്യലിസ്റ്റായിരുന്ന യൂസഫ് മെഹറേലിയുടെ ധൈഷണിക സ്വാധീനത്തിലാണ് വളര്‍ന്നത്. നാസിക് ജയിലിലുണ്ടായിരുന്ന ജയപ്രകാശ് നാരായണ്‍, നാനാ സാഹിബ് ഗോറെ തുടങ്ങിയവര്‍ കോണ്‍ഗ്രസ്സിനുള്ളില്‍ സോഷ്യലിസ്റ്റാശയക്കാരുടെ ഒരു പാര്‍ട്ടി രൂപവത്കരിക്കാന്‍ ആലോചനകള്‍ നടത്തുന്ന ഘട്ടമായിരുന്നു അത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ കേവലം സ്വാതന്ത്ര്യ സമരത്തിനുള്ള ഒരു ഉപകരണമാക്കിമാറ്റിയാല്‍ മാത്രം പോരാ എന്ന് സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഒരു നീതിസമൂഹത്തിനായുള്ള പ്രസ്ഥാനമാക്കി പരിവര്‍ത്തിക്കണം എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ളില്‍ രൂപവത്കരിക്കാന്‍ ഇവര്‍ ജയിലില്‍വെച്ചു തീരുമാനിച്ചു. അശോക മേത്തയും ഇപ്രകാരം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായി അറിയപ്പെട്ടു.
ജനാധിപത്യ സോഷ്യലിസത്തിന്റെ ശക്തനായ വക്താവായിരുന്നു അശോകമേത്ത. വ്യക്തിയുടെ ചിന്താ സ്വാതന്ത്ര്യത്തിന്‍ മേല്‍ സംഘടനയുടെ ഘനഭാരത്തെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല. സോഷ്യലിസ്റ്റുകള്‍ വ്യക്തികള്‍ എന്ന നിലയില്‍ മനുഷ്യരിലുള്ള വിശ്വാസം മുറുകെപിടിക്കണമെന്നും അല്ലാതെ മനുഷ്യര്‍ കേവലം സംഘടനയുടെ അസംസ്‌കൃത വസ്തുക്കളല്ലെന്നും അദ്ദേഹം എഴുതി. വ്യക്തിയുടെ പരമമായ സ്വാതന്ത്ര്യത്തിലൂടെയും സ്വതന്ത്രവ്യക്തിത്വത്തിലൂടെയും മാത്രമേ സോഷ്യലിസ്റ്റു സമൂഹം നിര്‍മിക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം കരുതി. സോഷ്യലിസ്റ്റ് സമൂഹത്തില്‍ ഒന്നിലധികം പാര്‍ട്ടികളുണ്ടാവണം. കാരണം എല്ലാം സമൂഹത്തിലും ഒന്നിലധികം അഭിപ്രായങ്ങളുണ്ടാവുമെന്നും അദ്ദേഹം വിശ്വസിച്ചു. 1950-ല്‍ മദ്രാസ് വൈ.എം.സി.എ.യില്‍ ചെയ്ത ഒരു പ്രഭാഷണത്തില്‍ സോഷ്യലിസ്റ്റുകള്‍ ഒരു കൈയില്‍ അപ്പക്കൊട്ടയും മറുകൈയില്‍ സ്വാതന്ത്ര്യത്തിന്റെ ദീപശിഖയുമായി നിലകൊള്ളുന്നവരാണെന്ന് പറഞ്ഞു. സ്വാതന്ത്ര്യവും നീതിയും ഒരു പോലെ പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളിലൊരാളായിത്തീര്‍ന്ന അശോകമേത്ത പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1950-കളുടെ തുടക്കത്തില്‍ രാഷ്ട്രനിര്‍മാണ പ്രക്രിയയെ സംബന്ധിച്ച് വ്യത്യസ്തമായ ചില ചിന്തകള്‍ അദ്ദേഹം രൂപപ്പെടുത്തി. 'പിന്നാക്ക സമ്പദ്ഘടനയിലെ രാഷ്ട്രീയ നിര്‍ബന്ധങ്ങള്‍' എന്ന അവതരണത്തില്‍ വികസനം ത്വരപ്പെടുത്തണമെങ്കില്‍ ജനാധിപത്യ പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യം ത്വരപ്പെടുത്തുകയോ വിയോജിപ്പിന്റെ മേഖലകള്‍ കുറയ്ക്കുകയോ ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റു പാര്‍ട്ടിയും തമ്മില്‍ അടുക്കുന്നതിന് ഈ സിദ്ധാന്തം പ്രത്യയശാസ്ത്രപരിസരം ഒരുക്കിയെങ്കിലും സോഷ്യലിസ്റ്റു പാര്‍ട്ടിയില്‍ അതിനു സ്വീകാര്യത കിട്ടിയില്ല. എന്നാല്‍, ഈ നിലപാടിന്റെ തുടര്‍ച്ചയായി അശോകമേത്ത 1963-ല്‍ ജവാഹര്‍ലാലിന്റെ ക്ഷണപ്രകാരം ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷപദവി ഏറ്റെടുത്തു. ചെറുകിട-ഇടത്തരം യന്ത്രസാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള ഒരു സമ്പദ്ഘടന എന്ന ഗാന്ധിജിയുടെ ദര്‍ശനത്തോടും അശോക മേത്തയ്ക്ക് മമത ഇല്ലായിരുന്നു. ദാരിദ്ര്യവും പട്ടിണിയും അകറ്റാന്‍ ഏതു സാങ്കേതികവിദ്യയും സ്വീകരിക്കാമെന്ന് അദ്ദേഹം കരുതി. ഓരോ ഗ്രാമവും സ്വയം പര്യാപ്തമാവണമെന്ന ഗാന്ധിയന്‍ ചിന്ത അപ്രായോഗികമാണെന്നും അശോകമേത്ത വിശ്വസിച്ചു. അതിനാല്‍ നിരവധി ഗ്രാമങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു യൂണിറ്റുപോലെ പ്രവര്‍ത്തിച്ച് നഗരങ്ങളിലെപ്പോലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ച് ഗ്രാമ-നഗര അന്തരം ഇല്ലാതാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 1966-ല്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റില്‍ ആസൂത്രണമന്ത്രിയായും അദ്ദേഹം നിയോഗിക്കപ്പെട്ടു. എന്നാല്‍, 1968-ല്‍ അദ്ദേഹം തല്‍സ്ഥാനം രാജിവെച്ചു. അക്കൊല്ലം ചെക്കോസ്ലാവാക്യയിലെ ജനാധിപത്യസമരത്തെ സോവിയറ്റ് യൂണിയന്‍ അടിച്ചമര്‍ത്തിയതിനെ ഇന്ത്യാ ഗവണ്‍മെന്റ് അപലപിച്ചില്ല എന്നതായിരുന്നു രാജിക്കു നിദാനം. പിറ്റേക്കൊല്ലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനെത്തുടര്‍ന്ന് അദ്ദേഹം സംഘടനാ കോണ്‍ഗ്രസ് പക്ഷത്തു നിലയുറപ്പിക്കുകയും പിന്നീട് ആ പാര്‍ട്ടിയുടെ ആധ്യക്ഷനായി നിയോഗിക്കപ്പെടുകയും ചെയ്തു.
അടിയന്തരാവസ്ഥയിലെ രാഷ്ട്രീയത്തടവുകാരനായിരുന്ന അശോകമേത്ത ജനതാ ഗവണ്‍മെന്റിന്റെ നയരൂപവത്കരണത്തിലും നിര്‍ണായക പങ്കുവഹിച്ചു. മൊറാര്‍ജി ഗവണ്‍മെന്റ് നിയോഗിച്ച പഞ്ചായത്ത് രാജ് കമ്മിറ്റിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ മണ്ഡല്‍ പഞ്ചായത്തുകള്‍ എന്ന ആശയം അവതരിപ്പിച്ചു. രാജ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനായ ഹിന്ദ് മസ്ദൂര്‍ സഭയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. സ്വര്‍ണനാവുള്ള ഈ സ്വാതന്ത്ര്യസമര സേനാനി കനപ്പെട്ട പുസ്തകങ്ങളും എഴുതി. 1984 ഡിസംബര്‍ 11-ന് അശോക മേത്ത അന്തരിച്ചു.
കടപ്പാടു്: മാതൃഭൂമി 2011 ഡിസംബര്‍ 27
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.