2009/07/31

വിമോചനസമരത്തിന്റെ അമ്പതാം വാര്‍ഷികം

അമിതാധികാരം ജനം പൊറുക്കില്ല
തമ്പാന്‍ തോമസ്

ഇന്ന് 1959ല്‍ നടന്ന വിമോചനസമരം ജനാധിപത്യവിരുദ്ധവും അവിശുദ്ധവുമാണെന്നും മറിച്ച് ജനാധിപത്യവും പൌരാവകാശങ്ങള്‍ നിലനിര്‍ത്താന്‍ നടത്തിയതാണെന്നും ഉള്ള രണ്ടഭിപ്രായങ്ങള്‍ പ്രബലങ്ങളായിട്ടുണ്ട്.
1957ല്‍ കേരളത്തില്‍ നടന്ന ആദ്യതെരഞ്ഞെടുപ്പാണ് ബാലറ്റുപേപ്പറിലൂടെ ലോകത്തില്‍ ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതെന്ന് അവകാശപ്പെടുന്നു. ആ തെരഞ്ഞെടുപ്പ് ഒരു ബഹുകോണ മല്‍സരമായിരുന്നു. കാര്യമായ മുന്നണികള്‍ ഒന്നുമില്ലാതെ അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ട്ടിയും കോണ്‍ഗ്രസും ആര്‍.എസ്.പിയും കെ.എസ്.പിയും പി.എസ്.പി, ലീഗ് സഖ്യങ്ങളുമൊക്കെ തനിച്ചു മല്‍സരിച്ച തെരഞ്ഞെടുപ്പ്. കമ്യൂണിസ്റ്റ്പാര്‍ട്ടിക്ക് ഒറ്റക്ക് മന്ത്രിസഭ രൂപപ്പെടുത്താന്‍ കേവലഭൂരിപക്ഷം കിട്ടി. കേവലം 35 ശതമാനം സമ്മതിദായകരുടെ പിന്തുണ മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. അത്തരമൊരു സര്‍ക്കാര്‍ ജനതാല്‍പര്യം അവഗണിച്ച് പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ അതിനെതിരെയാണ് സമരം നടന്നത്. അത്തരം ജനവിരുദ്ധഗവണ്‍മെന്റുകളെ പിരിച്ചുവിടുന്നതില്‍ ധാര്‍മികമായ തെറ്റൊന്നുമില്ല.

വിമോചനസമരം യഥാര്‍ഥത്തില്‍ ഒരു വിദ്യാര്‍ഥി സമരത്തില്‍നിന്നാണ് രൂപമെടുത്തത്. അക്കാലയളവില്‍ ഈ ലേഖകന്‍ ആലുവ യു.സി കോളജിലെ യൂനിയന്‍ സെക്രട്ടറിയും, കേരളത്തിലെ പ്രബല വിദ്യാര്‍ഥിസംഘടനയായ ഐ.എസ്.ഒയുടെ സംസ്ഥാനസെക്രട്ടറിയും ആയിരുന്നു. 1958ല്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിക്കാരായ ട്രാന്‍സ്പോര്‍ട്ട്ജീവനക്കാരും മഹാരാജാസ്കോളജിലെ വിദ്യാര്‍ഥികളും തമ്മില്‍ ബോട്ടുജെട്ടിയില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ സംസ്ഥാനവ്യാപകമായ വിദ്യാര്‍ഥിസമരമായി മാറി. വിദ്യാര്‍ഥികളുടെ ബസ്^ബോട്ട് നിരക്ക് വര്‍ധിപ്പിച്ചതായിരുന്നു പ്രക്ഷോഭത്തിനു കാരണം. വിദ്യാര്‍ഥികള്‍ക്ക് നേതൃത്വം കൊടുത്തത് മഹാരാജാസ് കോളജില്‍ എം. കൃഷ്ണമേനോന്‍, വയലാര്‍ രവി, കെ.എം. റോയി എന്നിവരും സെന്റ് ആല്‍ബര്‍ട്ട്സില്‍ എ.സി. ജോസ്, കെ.ടി. തോമസ് (മുന്‍ സുപ്രീംകോടതി ജഡ്ജി), ലോകോളജില്‍ പി.എം. മുഹമ്മദലി, കെ.ആര്‍. കുറുപ്പ് തുടങ്ങിയവരായിരുന്നു. മത്തായി മാഞ്ഞൂരാന്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കി. പോലിസ് ലാത്തിച്ചാര്‍ജിലും പഠിപ്പുമുടക്കിലും എത്തിച്ചേര്‍ന്ന സമരം പിന്നീട് മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസുമായി നടന്ന സംഭാഷണങ്ങളിലൂടെ ഒത്തുതീര്‍പ്പായി. 1959 അധ്യയന വര്‍ഷാരംഭത്തില്‍ വീണ്ടും വിദ്യാര്‍ഥികളുടെ ബോട്ടുനിരക്ക് വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് പി.എം. മുഹമ്മദാലിയുടെ നേതൃത്വത്തില്‍ ഐ.എസ്.ഒക്കാര്‍ പുളിങ്കുന്നില്‍ ബോട്ട് പിടിച്ചുകെട്ടി. തുടര്‍ന്നുണ്ടായ വിദ്യാര്‍ഥിപ്രക്ഷോഭത്തിനുനേരെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു. ചെങ്ങന്നൂരില്‍ ചന്ദ്രന്‍ എന്ന യുവാവ് കൊല്ലപ്പെട്ടു.

സര്‍ക്കാര്‍ തങ്ങളുടേതാകയാല്‍ സംസ്ഥാനത്തുടനീളം പാര്‍ട്ടിസെല്ലുകള്‍ ഭരണാധികാരം നിയന്ത്രിക്കാന്‍ തുടങ്ങി. കോടതികളില്‍നിന്ന് സമന്‍സ് അയക്കുന്നതുപോലെ നോട്ടീസ് അയച്ച് കക്ഷികളെ വരുത്തി സെല്‍കമ്മിറ്റികള്‍ തീര്‍പ്പു കല്‍പ്പിച്ചു. പാര്‍ട്ടിസഖാക്കളുടെ ഈ ഇടപെടല്‍ വളരെവേഗം സെല്‍ഭരണം എന്ന അപരനാമം നേടി. വിദ്യാര്‍ഥികള്‍ നടത്തുന്ന സമരങ്ങളുടെ നേരെ പോലിസുകാര്‍ക്കൊപ്പം പാര്‍ട്ടിപ്രവര്‍ത്തകര്‍ സംഘര്‍ഷങ്ങള്‍ അഴിച്ചുവിട്ടു. വിദ്യാര്‍ഥിസമരംമൂലം കലുഷമായ അന്തരീക്ഷത്തില്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞ ക്രിസ്ത്യന്‍, നായര്‍സമുദായങ്ങള്‍ പ്രക്ഷോഭം ഏറ്റെടുത്തു. സെല്‍ ഭരണം അവസാനിപ്പിക്കുക, കുട്ടി സഖാക്കള്‍ പോലിസായാല്‍, പട്ടാളപ്പണി ഞങ്ങളെടുക്കും എന്നീ മുദ്രാവാക്യവുമായി ജനസഹസ്രങ്ങള്‍ തെരുവിലിറങ്ങി.

ഇതിനിടെ കൊല്ലത്ത് ചേര്‍ന്ന പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനം പട്ടംതാണുപിള്ള, പി.കെ. കുഞ്ഞ്, ബി.സി.വര്‍ഗീസ്, സി.ജി. ജനാര്‍ദനന്‍, പൊന്നറ ശ്രീധര്‍, അരങ്ങില്‍ ശ്രീധരന്‍, പി.എം. കുഞ്ഞിരാമന്‍നമ്പ്യാര്‍, പി.ആര്‍. കുറുപ്പ്, പി. വിശ്വംഭരന്‍, വി.പി.പി. നമ്പൂതിരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളെ സഹായിക്കാന്‍ തീരുമാനമെടുത്തു. എന്‍. ശ്രീകണ്ഠന്‍നായര്‍, ടി.കെ. ദിവാകരന്‍, ബേബിജോണ്‍ എല്ലാം ഉള്‍പ്പെടുന്ന ആര്‍.എസ്.പിയും സമരത്തില്‍ പങ്കുചേര്‍ന്നു. മലബാറില്‍ കാട്ടാമ്പള്ളിയിലും മുതുകാട്ടിലും അരങ്ങില്‍ ശ്രീധരന്‍, പി.ആര്‍. കുറുപ്പ്, കുഞ്ഞിരാമക്കുറുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷകസമരം സര്‍ക്കാറിനെതിരെയുള്ള ബഹുജന സമരമായി. തൃശൂര്‍ ജില്ലയില്‍ പുതുക്കാട്, വരന്തരപ്പള്ളി, അന്തിക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഓട്ടുകമ്പനി തൊഴിലാളികളും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളും ബഹുജനസമരമായി മാറി. വിദ്യാര്‍ഥികളും തൊഴിലാളികളും കര്‍ഷകരും ആരംഭിച്ച സമരങ്ങളെ നേരിടാന്‍ പോലിസിനേക്കാള്‍ ഉപരി പാര്‍ട്ടി സഖാക്കള്‍ ഇടപെട്ടത് സമരത്തിന് ജനപിന്തുണ വര്‍ധിപ്പിച്ചു. ഈയവസരത്തില്‍ കേരള ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത കത്തോലിക്ക, നായര്‍, സമുദായങ്ങള്‍ പ്രക്ഷോഭങ്ങളുടെ നടുക്കളത്തേക്ക് മന്നത്ത് പത്മനാഭന്റെയും മറ്റും നേതൃത്വത്തില്‍ മുന്നോട്ടുവന്നു.

സംസ്ഥാന വ്യാപകമായി സമരത്തെ നേരിടാന്‍ പോലിസ് വെടിവെപ്പുകളും ലാത്തിച്ചാര്‍ജുകളും തുടങ്ങി. അങ്കമാലിയില്‍ കുഞ്ഞവര പൌലോസ് എന്ന വിദ്യാര്‍ഥിയടക്കം ഏഴുപേര്‍ പോലിസ് വെടിവെപ്പില്‍ മരിച്ചു. വലിയതുറയില്‍ ഫ്ലോറി എന്ന ഗര്‍ഭിണിയായ മല്‍സ്യത്തൊഴിലാളി മരിച്ചതോടെ തീരപ്രദേശമാകെ ഇളകിമറിഞ്ഞു. 18 ആളുകളാണ് പോലിസ് വെടിവെപ്പിലും ലാത്തിച്ചാര്‍ജിലുമായി ജീവനൊടുക്കിയത്. മുദ്രാവാക്യങ്ങളുമായി ആബാലവൃദ്ധം ജനങ്ങള്‍ തെരുവിലിറങ്ങി. സര്‍ക്കാര്‍ ഓഫീസുകള്‍ സ്തംഭിച്ചു. കമ്യൂണിസ്റ്റ്പാര്‍ട്ടിക്ക് ഇതിനെ ചെറുത്തു തോല്‍പിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും പാര്‍ട്ടിയിലെ എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി നിന്നു.

പോലിസും പാര്‍ട്ടി സഖാക്കളും ഒരുമിച്ചുള്ള ആക്രമണപരമ്പരയാണ് സംസ്ഥാനത്തെമ്പാടും നടന്നത്. ഇത് സമരരംഗം പ്രക്ഷുബ്ധമാക്കി. വിദ്യാര്‍ഥി സമരം എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിച്ചു. കേരളത്തിലെ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഒഴികെയുള്ള എല്ലാ വിദ്യാര്‍ഥിസംഘടനകളും യോജിച്ച് വിദ്യാര്‍ഥി സമരസമിതി രൂപവത്കരിച്ചു. ഈ സമരസമിതിയുടെ ആദ്യകണ്‍വീനര്‍ ആര്‍.എസ്.പി നിയന്ത്രണത്തിലുള്ള പ്രോഗ്രസീവ് സ്റ്റുഡന്റ്സ് യൂനിയനിലെ വി.പി. രാമകൃഷ്ണപിള്ളയായിരുന്നു. സമരസമിതി വിദ്യാര്‍ഥികളുടെ 18 അടിയന്തരാവശ്യങ്ങളടങ്ങുന്ന ഒരു മെമ്മോറാണ്ടം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സംസ്ഥാനത്ത് ഒട്ടാകെ തുടര്‍ച്ചയായ പഠിപ്പുമുടക്കലുണ്ടായി. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അറസ്റ്റുവരിച്ച് ജയിലുകള്‍ നിറച്ചു. വിദ്യാര്‍ഥിപ്രക്ഷോഭങ്ങളുടെ നേരെ പോലിസ് ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസ്പ്രയോഗവും വെടിവെപ്പും ഉണ്ടായി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റിതര പാര്‍ട്ടിയുടെ അണികള്‍ പൂര്‍ണമായും സമരം ഏറ്റെടുത്തു. കമ്യൂണിസ്റ്റ് അക്രമങ്ങള്‍ നേരിടാന്‍ പ്രാദേശിക സന്നദ്ധസേനകള്‍ രൂപപ്പെട്ടു. കെ.പി.സി.സി നേതൃത്വം ഔപചാരികമായി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് അണികള്‍ സമരരംഗത്തായി. കമ്യൂണിസ്റ്റ്ഭരണത്തില്‍ ആര്‍.എസ്.പി നേതൃത്വത്തിലുള്ള കശുവണ്ടി തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ ചന്ദനത്തോപ്പില്‍ വെടിവെപ്പില്‍ കലാശിച്ചു. മൂന്നാറിലും തേയിലത്തോട്ട തൊഴിലാളികള്‍ക്കുനേരെ വെടിവെപ്പുണ്ടായി. കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ആദ്യഘട്ടങ്ങളില്‍ ഈ പ്രക്ഷോഭങ്ങളില്‍ ഉണ്ടായിരുന്നില്ല. സി.കെ. ഗോവിന്ദന്‍നായര്‍, കെ.സി. എബ്രഹാം, ആര്‍. ശങ്കര്‍ തുടങ്ങിയവര്‍ പി.എസ്.പി, കെ.എസ്.പി, ആര്‍.എസ്.പി നേതാക്കളെ പോലെ സമരരംഗത്ത് സജീവമായിരുന്നില്ല.

വ്യവസ്ഥാപിതഭരണകൂടം ഉപയോഗിച്ച് പാര്‍ട്ടിസഖാക്കള്‍ ഭരണകര്‍ത്താക്കളായത് ജനങ്ങളെ ചൊടിപ്പിച്ചു. പോലിസ്സ്റ്റേഷനുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും സബ് ഇന്‍സ്പെക്ടര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഒപ്പം കസേര നല്‍കി അവരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടാക്കിയത്. എപ്പോഴൊക്കെ അമിതാധികാര ശക്തികള്‍ ഭരണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവോ അപ്പോഴെല്ലാം ജനങ്ങള്‍ അതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. 1975ലെ അടിയന്തരാവസ്ഥയും ഇന്ത്യയിലുടനീളം പ്രതികരണമുണ്ടായത് സഞ്ജയ്ഗാന്ധിയുടെയും അനുയായികളുടെയും അമിതാധികാര പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്.

1959ലെ വിമോചനസമരം യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച പ്രക്ഷോഭം കര്‍ഷകരും തൊഴിലാളികളും ജനങ്ങളും ഏറ്റെടുത്തതാണ്. പോലിസ് വെടിവെപ്പിലൂടെയും ആക്രമണത്തിലൂടെയും ജനങ്ങളെ അടിച്ചമര്‍ത്താമെന്ന ഗവണ്‍മെന്റിന്റെ നയമാണ് സമരത്തെ ചൂടുപിടിപ്പിച്ചത്. കേന്ദ്രഗവണ്‍മെന്റ് ഇടപെട്ട് ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിട്ടില്ലായിരുന്നെങ്കില്‍ മറ്റൊരു വലിയ ആഭ്യന്തരകലാപത്തിലേക്ക് കേരളം വഴുതിവീഴുമായിരുന്നു. 1973^74ല്‍ ബീഹാറിലും ഗുജറാത്തിലും ജയപ്രകാശ്നാരായണന്റെ നേതൃത്വത്തില്‍ നടന്ന വമ്പിച്ച പ്രക്ഷോഭങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകളെ പിരിച്ചുവിടാനായിരുന്നു. സി.പി.എം ഉള്‍പ്പെടെ ഇടതുപക്ഷകക്ഷികള്‍ പിന്തുണ നല്‍കിയ സമരങ്ങളാണവ. ഈ പ്രക്ഷോഭങ്ങളാണ് പിന്നീട് കേന്ദ്രത്തിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വ്യാപിച്ച വന്‍ സമരമായിത്തീര്‍ന്നത്.

ഇത്തരം സമരങ്ങള്‍ക്കുശേഷം നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം വിലയിരുത്തിയാല്‍ ബാലറ്റിലൂടെ ജനങ്ങള്‍ സമരങ്ങളില്‍ ഉന്നയിച്ച ആവശ്യങ്ങളെ അംഗീകരിക്കുന്നു എന്നാണ് വെളിവാകുന്നത്. തെരഞ്ഞെടുപ്പുഫലം വിമോചനസമരത്തെയും ബീഹാര്‍, ഗുജറാത്ത് സമരങ്ങളെയും ന്യായീകരിക്കുന്നു. അതിനാല്‍ 50 വര്‍ഷംമുമ്പ് കേരളത്തില്‍ നടന്ന വിമോചന സമരത്തിലും ജെ.പിയുടെ പ്രക്ഷോഭങ്ങളിലും ധാര്‍മികവും നൈതികവുമായ തെറ്റുകള്‍ കാണാന്‍ കഴിയില്ല. ജനകീയ പ്രക്ഷോഭങ്ങള്‍ ജനങ്ങളുടെ അഭിപ്രായം രൂപവത്കരിക്കപ്പെടുന്ന ശില്‍പശാലകളാണ്. ഒരു ഭരണകൂടത്തിന്റെ ദുശ്ചെയ്തികള്‍ക്കെതിരെ സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം ഏറ്റവും മൌലികമായ ജനകീയാവകാശമാണ്. വ്യവസ്ഥാപിതമായ ഭരണസംവിധാനത്തില്‍ അമിതാധികാര ശക്തികള്‍ ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒരു ജനാധിപത്യസമ്പ്രദായം വെച്ചുപൊറുപ്പിക്കില്ല. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ പാര്‍ട്ടി തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുന്നത് അമിതാധികാരശക്തികളുടെ അധികാര ദുര്‍വിനിയോഗമാണ്. ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ജനങ്ങള്‍ നടത്തിയ വിധിയെഴുത്ത് നിശãബ്ദമായി ഈ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുന്നവയാണ്.

ഹിന്ദ് മസ്ദൂര്‍‍ സഭയുടെ ദേശീയ അദ്ധ്യക്ഷനാണു് ലേഖകന്‍‍‍
കടപ്പാടു് മാധ്യമം ദിനപ്പത്രം 2009 ജൂലയ് 31

2009/07/07

ഗവര്‍ണരുടെ നടപടി ഫെഡറല്‍‍ പാര്‍ലമെന്ററി വ്യവസ്ഥയ്ക്കെതിരെയുള്ള കടന്നാക്രമണമല്ല- ജോഷി

കോട്ടയം : സംഘത്തലവനെ മുറിവേല്‍പ്പിക്കാനിടയായാല്‍ ഒരു അധോലോകസംഘം കാട്ടിക്കൂട്ടുന്ന അക്രമങ്ങളോട് സമാനമാണ് ലാവലിന്‍ കേസില്‍ ഗവര്‍ണ്ണറുടെ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെട്ടതെങ്കിലും സി. പി. എം. അഴിച്ചുവിട്ട അക്രമങ്ങളെന്ന് സോഷ്യലിസ്റ്റ് നേതാവ് അഡ്വ. ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു. ഒരു രാഷ്ട്രീയകക്ഷി ആ വിധത്തില്‍ തരം താഴാമോ എന്ന് സി. പി. എമ്മിലെ നേതാക്കള്‍ ചിന്തിക്കണം. ആരെയെങ്കിലും ഭയപ്പെടുത്തി ആധിപത്യമുറപ്പിക്കാമെന്ന വ്യാമോഹമാണെങ്കില്‍ ജനങ്ങളില്‍നിന്ന് കൂടുതല്‍ അകലുവാനേ അത് ഇടയാക്കുകയുള്ളു.

നിഷിപ്ത താല്പര്യത്തിന്റെ വക്താവ് എന്നതുപോലെ നിരുത്തരവാദപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഗവര്‍ണ്ണരുടെ തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതിന്റെ വെളിച്ചത്തില്‍ മന്ത്രിസഭയില്‍ നിന്നും രാജി വെയ്ക്കുകയാണ് വേണ്ടത്.

ഗവര്‍ണ്ണറുടെ നടപടികളെ ഫെഡറല്‍പാര്‍ലമെന്ററി വ്യവസ്ഥയ്ക്കെതിരെയുള്ള കടന്നാക്രമണമായി ചിത്രീകരിക്കുവാന്‍ നടത്തുന്ന ശ്രമം പാഴ്‍‍വേലയാണ്. കഴിഞ്ഞ മന്‍മോഹന്‍ സിംഹ് സര്‍ക്കാരിനെ സി. പി. എം. പിന്‍താങ്ങിയിരുന്ന കാലഘട്ടത്തില്‍ ത്സാര്‍ഖണ്ഡിലും ഗോവയിലും കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണ്ണര്‍മാരെ കരുവാക്കി നടത്തിയ കാലുമാറ്റ രാഷ്ട്രീയക്കളികളെ സി. പി. എം. പിന്തുണയ്ക്കുകയാണ് ചെയ്തത്.

എന്നാല്‍ ലാവലിന്‍ കേസില്‍ ഗവര്‍ണ്ണര്‍ മന്ത്രിസഭയുടെ ശുപാര്‍ശകളെ നിരാകരിച്ചതില്‍ രാഷ്ട്രീയപ്രശ്നമല്ല ഉള്‍ക്കൊള്ളുന്നത്. പ്രഥമദൃഷ്ട്യാ തെളിവുകള്‍ നിരത്തിയിട്ടും നിയമത്തിനുമുന്നില്‍ എല്ലാ പൌരന്‍മാരും തുല്യരാണെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വം കുഴിച്ചുമൂടും വിധം പിണറായി വിജയനെ പ്രതിയാക്കുന്നതിന് അനുമതി നിഷേധിക്കുവാന്‍ കിണഞ്ഞുശ്രമിച്ച മന്ത്രിസഭയാണ് രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിച്ചത്. ഗവര്‍ണറുടെ കാര്യത്തില്‍ സി. പി. എം. പറയുന്ന യുക്തി, രാഷ്ട്രീയ തീരുമാനപ്രകാരം നിയമിതനായ അഡ്വക്കേറ്റ് ജനറലിനും ബാധകമാണ്.

പിണറായി വിജയനെ പ്രതിസ്ഥാനത്ത് ചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ പോലും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ വിചാരണ നേരിടണമെന്നല്ലാതെ മറ്റ് യാതൊരു ബാദ്ധ്യതയും അതുണ്ടാക്കുന്നില്ല. മുന്‍കൂര്‍ തടവോ അറസ്റ്റോ പോലും വേണ്ടിവരാത്ത സാഹചര്യത്തില്‍ കുറ്റാരോപിതനായി എന്നതൊഴിച്ച് യാതൊരവകാശങ്ങളും ഹനിക്കപ്പെടുന്നുമില്ല. നിരപരാധിയാണെങ്കില്‍ കോടതിയില്‍ തെളിയിക്കാനും ദുരുദ്ദേശ്യത്തോടെ അന്യായമായി കേസില്‍ പ്രതിയാക്കിയവര്‍ക്കെതിരെ കേസ് കൊടുക്കുവാനും പിണറായി വിജയന് അവസരമുണ്ട്. ആ സാഹചര്യത്തില്‍ അനാവശ്യമായി അക്രമങ്ങളും വിവാദത്തിന്റെ ഒച്ചപ്പാടുകളും ഉണ്ടാക്കുന്നത് സി. പി. എം. നേരിടുന്ന ആശയപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ ലക്ഷണമാണ്. പ്രോസിക്യൂഷന്‍ തീരുമാനത്തെ ജനാധിപത്യ രീതിവിട്ട് അസഹിഷ്ണമായി നേരിടുന്ന ശൈലിതുടര്‍ന്നാല്‍ സി. പി. എം. നകത്തെ പ്രതിസന്ധി മാത്രമല്ല ഇടതുമുന്നണിയിലെയും സംസ്ഥാന സര്‍ക്കാരിലെയും പ്രതിസന്ധികളും രൂക്ഷമാകും.

ലാവലിന്‍ അഴിമതിയെക്കുറിച്ചു പറയുവാനുള്ള കോണ്‍ഗ്രസിന്റെ അവകാശം ചോദ്യം ചെയ്യുവാന്‍ സി. പി. എം. ന്റെ ധാര്‍മ്മിക ശക്തി ചോര്‍ന്ന് പോയിരിക്കുകയാണ് ലാവലിന്‍ കമ്പനിയുമായി കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഏര്‍പ്പാടുകള്‍ക്ക് തുനിയുന്നത് ചോദ്യം ചെയ്യുവാന്‍ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന നേതാവിനെയും ചുമലിലേറ്റി സി. പി. എം. ന് കഴിയില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആണവകരാറിന്റെ ഭാഗമായി അഴിമതിക്കേസില്‍ പ്രതിയായ കുപ്രസിദ്ധ ലാവലിന്‍ കമ്പനിയുമായി ഇടപാടുകള്‍ക്ക് ചര്‍ച്ച നടത്തിയ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ നടപടി പിണറായി വിജയനെ കവച്ചുവയ്ക്കുന്ന കോണ്‍ഗ്രസ് കുംഭകോണത്തിനാണെന്ന് സംശയിക്കാവുന്നതാണ്.

സംസ്ഥാനത്തിന്റെ ഖജനാവ് കൊള്ളയടിക്കാനും അതില്‍ ഭരണാധികാരികളുടെ വീതം ഒപ്പിക്കാനും ഉതകുന്ന കണ്‍സള്‍ട്ടന്‍സി എന്ന ഏര്‍പ്പാട് ഉള്‍പ്പെടെയുള്ള വിദേശ ചൂഷണത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍ ഉണ്ടാകേണ്ടത്. എന്നാല്‍ യു. ഡി. എഫും, എല്‍. ഡി. എഫും. അത്തരം അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുവാന്‍ മന:പൂര്‍വ്വം ഒച്ചപ്പാടുണ്ടാക്കുകയാണ്.