2009/07/07

ഗവര്‍ണരുടെ നടപടി ഫെഡറല്‍‍ പാര്‍ലമെന്ററി വ്യവസ്ഥയ്ക്കെതിരെയുള്ള കടന്നാക്രമണമല്ല- ജോഷി

കോട്ടയം : സംഘത്തലവനെ മുറിവേല്‍പ്പിക്കാനിടയായാല്‍ ഒരു അധോലോകസംഘം കാട്ടിക്കൂട്ടുന്ന അക്രമങ്ങളോട് സമാനമാണ് ലാവലിന്‍ കേസില്‍ ഗവര്‍ണ്ണറുടെ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെട്ടതെങ്കിലും സി. പി. എം. അഴിച്ചുവിട്ട അക്രമങ്ങളെന്ന് സോഷ്യലിസ്റ്റ് നേതാവ് അഡ്വ. ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു. ഒരു രാഷ്ട്രീയകക്ഷി ആ വിധത്തില്‍ തരം താഴാമോ എന്ന് സി. പി. എമ്മിലെ നേതാക്കള്‍ ചിന്തിക്കണം. ആരെയെങ്കിലും ഭയപ്പെടുത്തി ആധിപത്യമുറപ്പിക്കാമെന്ന വ്യാമോഹമാണെങ്കില്‍ ജനങ്ങളില്‍നിന്ന് കൂടുതല്‍ അകലുവാനേ അത് ഇടയാക്കുകയുള്ളു.

നിഷിപ്ത താല്പര്യത്തിന്റെ വക്താവ് എന്നതുപോലെ നിരുത്തരവാദപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഗവര്‍ണ്ണരുടെ തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതിന്റെ വെളിച്ചത്തില്‍ മന്ത്രിസഭയില്‍ നിന്നും രാജി വെയ്ക്കുകയാണ് വേണ്ടത്.

ഗവര്‍ണ്ണറുടെ നടപടികളെ ഫെഡറല്‍പാര്‍ലമെന്ററി വ്യവസ്ഥയ്ക്കെതിരെയുള്ള കടന്നാക്രമണമായി ചിത്രീകരിക്കുവാന്‍ നടത്തുന്ന ശ്രമം പാഴ്‍‍വേലയാണ്. കഴിഞ്ഞ മന്‍മോഹന്‍ സിംഹ് സര്‍ക്കാരിനെ സി. പി. എം. പിന്‍താങ്ങിയിരുന്ന കാലഘട്ടത്തില്‍ ത്സാര്‍ഖണ്ഡിലും ഗോവയിലും കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണ്ണര്‍മാരെ കരുവാക്കി നടത്തിയ കാലുമാറ്റ രാഷ്ട്രീയക്കളികളെ സി. പി. എം. പിന്തുണയ്ക്കുകയാണ് ചെയ്തത്.

എന്നാല്‍ ലാവലിന്‍ കേസില്‍ ഗവര്‍ണ്ണര്‍ മന്ത്രിസഭയുടെ ശുപാര്‍ശകളെ നിരാകരിച്ചതില്‍ രാഷ്ട്രീയപ്രശ്നമല്ല ഉള്‍ക്കൊള്ളുന്നത്. പ്രഥമദൃഷ്ട്യാ തെളിവുകള്‍ നിരത്തിയിട്ടും നിയമത്തിനുമുന്നില്‍ എല്ലാ പൌരന്‍മാരും തുല്യരാണെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വം കുഴിച്ചുമൂടും വിധം പിണറായി വിജയനെ പ്രതിയാക്കുന്നതിന് അനുമതി നിഷേധിക്കുവാന്‍ കിണഞ്ഞുശ്രമിച്ച മന്ത്രിസഭയാണ് രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിച്ചത്. ഗവര്‍ണറുടെ കാര്യത്തില്‍ സി. പി. എം. പറയുന്ന യുക്തി, രാഷ്ട്രീയ തീരുമാനപ്രകാരം നിയമിതനായ അഡ്വക്കേറ്റ് ജനറലിനും ബാധകമാണ്.

പിണറായി വിജയനെ പ്രതിസ്ഥാനത്ത് ചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ പോലും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ വിചാരണ നേരിടണമെന്നല്ലാതെ മറ്റ് യാതൊരു ബാദ്ധ്യതയും അതുണ്ടാക്കുന്നില്ല. മുന്‍കൂര്‍ തടവോ അറസ്റ്റോ പോലും വേണ്ടിവരാത്ത സാഹചര്യത്തില്‍ കുറ്റാരോപിതനായി എന്നതൊഴിച്ച് യാതൊരവകാശങ്ങളും ഹനിക്കപ്പെടുന്നുമില്ല. നിരപരാധിയാണെങ്കില്‍ കോടതിയില്‍ തെളിയിക്കാനും ദുരുദ്ദേശ്യത്തോടെ അന്യായമായി കേസില്‍ പ്രതിയാക്കിയവര്‍ക്കെതിരെ കേസ് കൊടുക്കുവാനും പിണറായി വിജയന് അവസരമുണ്ട്. ആ സാഹചര്യത്തില്‍ അനാവശ്യമായി അക്രമങ്ങളും വിവാദത്തിന്റെ ഒച്ചപ്പാടുകളും ഉണ്ടാക്കുന്നത് സി. പി. എം. നേരിടുന്ന ആശയപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ ലക്ഷണമാണ്. പ്രോസിക്യൂഷന്‍ തീരുമാനത്തെ ജനാധിപത്യ രീതിവിട്ട് അസഹിഷ്ണമായി നേരിടുന്ന ശൈലിതുടര്‍ന്നാല്‍ സി. പി. എം. നകത്തെ പ്രതിസന്ധി മാത്രമല്ല ഇടതുമുന്നണിയിലെയും സംസ്ഥാന സര്‍ക്കാരിലെയും പ്രതിസന്ധികളും രൂക്ഷമാകും.

ലാവലിന്‍ അഴിമതിയെക്കുറിച്ചു പറയുവാനുള്ള കോണ്‍ഗ്രസിന്റെ അവകാശം ചോദ്യം ചെയ്യുവാന്‍ സി. പി. എം. ന്റെ ധാര്‍മ്മിക ശക്തി ചോര്‍ന്ന് പോയിരിക്കുകയാണ് ലാവലിന്‍ കമ്പനിയുമായി കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഏര്‍പ്പാടുകള്‍ക്ക് തുനിയുന്നത് ചോദ്യം ചെയ്യുവാന്‍ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന നേതാവിനെയും ചുമലിലേറ്റി സി. പി. എം. ന് കഴിയില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആണവകരാറിന്റെ ഭാഗമായി അഴിമതിക്കേസില്‍ പ്രതിയായ കുപ്രസിദ്ധ ലാവലിന്‍ കമ്പനിയുമായി ഇടപാടുകള്‍ക്ക് ചര്‍ച്ച നടത്തിയ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ നടപടി പിണറായി വിജയനെ കവച്ചുവയ്ക്കുന്ന കോണ്‍ഗ്രസ് കുംഭകോണത്തിനാണെന്ന് സംശയിക്കാവുന്നതാണ്.

സംസ്ഥാനത്തിന്റെ ഖജനാവ് കൊള്ളയടിക്കാനും അതില്‍ ഭരണാധികാരികളുടെ വീതം ഒപ്പിക്കാനും ഉതകുന്ന കണ്‍സള്‍ട്ടന്‍സി എന്ന ഏര്‍പ്പാട് ഉള്‍പ്പെടെയുള്ള വിദേശ ചൂഷണത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍ ഉണ്ടാകേണ്ടത്. എന്നാല്‍ യു. ഡി. എഫും, എല്‍. ഡി. എഫും. അത്തരം അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുവാന്‍ മന:പൂര്‍വ്വം ഒച്ചപ്പാടുണ്ടാക്കുകയാണ്.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.