2016/12/09

പി.വിശ്വംഭരൻ അന്തരിച്ചു


പി.വിശ്വംഭരൻ
ഫോട്ടോ കടപ്പാടു്:പിവിശ്വംഭരൻബ്ലോഗ്സ്പോട്.ഇൻ 

തിരുവനന്തപുരം: സ്വതന്ത്രസമരസേനാനിയും പഴയകാല സോഷ്യലിസ്റ്റ് നേതാവുമായ പി.വിശ്വംഭരൻ അന്തരിച്ചു. 91 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.
ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പ്രവേശിച്ച വിശ്വംഭരൻ, തിരുക്കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായിരുന്നു. 1964ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1971-ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ പാർലമെന്റ് അംഗമായിരുന്ന പി.വിശ്വംഭരൻ 1973ൽ ഇടതു ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) രൂപീകൃതമായപ്പോൾ ആദ്യത്തെ കൺവീനറായിരുന്നു.

കോവളത്തിനടുത്ത് വെള്ളാറിൽ 1925 ജൂൺ 25-ന് ചരുവിള വീട്ടിൽ പരേതരായ പത്മനാഭൻ-ചെല്ലമ്മ ദമ്പതികളുടെ മകനായാണ് പി.വിശ്വംഭരന്റെ ജനനം. പാച്ചല്ലൂർ എൽ.പി സ്‌കൂൾ, വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ, തിരുവനന്തപുരം എസ്.എം.വി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളജ്, തിരുവനന്തപുരം ആർട്ട്‌സ് കോളജ്, യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ നിന്നും ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദം നേടി. പിന്നീട് തിരുവനന്തപുരം ലോ കോളജിൽ നിയമപഠനത്തിനു ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുകയും അറസ്റ്റ് വാറൻറ് വപ്പോൾ ഒളിവിൽ പോകേണ്ടി വന്നതുമാണ് കാരണം. വിദ്യാർത്ഥി കോൺഗ്രസ്സിന്റെ തിരുവിതാംകൂർഘടകം രൂപീകരിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് പി.വിശ്വംഭരനായിരുന്നു.
1945ൽ തിരുവിതാംകൂർ സർവ്വകലാശാല വിദ്യാർഥി യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, 1946-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് കേന്ദ്ര ഓഫീസ് സെക്രട്ടറി, 1949-ൽ സോഷ്യലിസ്റ്റ് പാർട്ടി അംഗം, 1950-ൽ സോഷ്യലിസ്റ്റ് പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം, 1956-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1964-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി) സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

പിന്നീട് പി.എസ്.പിയും ഡോ.റാം മനോഹർ ലോഹ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് പാർട്ടിയും ലയിച്ച് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (എസ്.എസ്.പി) രൂപീകൃതമാപ്പോൾ ജനറൽ സെക്രട്ടറിയായി. 1971ൽ വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ ലയിച്ച് അഖിലേന്ത്യ തലത്തിൽ സോഷ്യലിസ്റ്റ് പാർട്ടിയായി മാറിപ്പോൾ സംസ്ഥാന ചെയർമാനായി.

21 മാസം നീണ്ട അടിയന്തരാവസ്ഥയിൽ അറസ്റ്റ് ചെയ്യപ്പെടാത്ത അപൂർവം സോഷ്യലിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം. 1975-77 കാലഘട്ടത്തിൽ അടിയന്തിരാവസ്ഥയ്‌ക്കെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം 42-ാം ഭരണഘടനാ ഭേദഗതിക്കെതിരെ സംസ്ഥാനത്തുടനീളം പ്രചരണം നടത്തി. തടവിലാക്കപ്പെട്ട നേതാക്കൾക്കെല്ലാം അന്നു പുറത്തുനിന്നു സഹായമെത്തിച്ചതു വിശ്വംഭരനായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് രൂപീകൃതമായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ സംസ്ഥാന സെക്രട്ടറിയായി.

ഈ കാലയളവിൽ ദേശീയതലത്തിൽ നടന്ന ജനതാ പാർട്ടി രൂപീകരണത്തിൽ സജീവ പങ്കാളിയുമായിരുന്നു. 1980-നു ശേഷം ജനതാ പാർട്ടിയുടെയും ജനതാദളിന്റെയും സംസ്ഥാന പ്രസിഡന്റ് ആയി പ്രവർത്തിച്ചു.

2003-ൽ സോഷ്യലിസ്റ്റുകളുടെ ഏകീകരണം ലക്ഷ്യമാക്കി അഖിലേന്ത്യാതലത്തിൽ രൂപീകൃതമായ സോഷ്യലിസ്റ്റ് ഫ്രണ്ട് സംസ്ഥാന കൺവീനർ, ദേശീയ സമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

പി.എസ്.പി, എസ്.എസ്.പി, എസ്.പി എന്നിവയുടെ ദേശീയ നിർവാഹക സമിതിയിലും എസ്.എസ്.പിയുടെ കേന്ദ്രപാർലമെന്ററി ബോർഡിലും അംഗമായിരുന്ന പി.വിശ്വംഭരൻ ജനതാ പാർട്ടി, ജനതാദൾ എന്നിവയുടെ ദേശീയ നിർവാഹകസമിതിയിൽ ദീർഘകാലം പ്രത്യേക ക്ഷണിതാവുമായിരുന്നു.

തിരു-കൊച്ചി നിയമസഭയിലേക്കു പിഎസ്പി ടിക്കറ്റിൽ 1954ലും 1960ൽ നേമം മണ്ഡലത്തിൽനിന്നു കേരള നിയമസഭയിലേക്കും 1967ൽ തിരുവനന്തപുരത്തു നിന്നു ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ജി.ചന്ദ്രശേഖരൻപിള്ളയെ തോൽപ്പിച്ചാണ്1960ൽ നേമത്തുനിന്ന് ജയിച്ച് നിയമസഭയിലെത്തിയതു്. പാർലമെന്റിലും നിയമസഭയിലും പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി ഉൾപ്പെടെ പല സമിതികളിലും അംഗമായിരുന്നു.

1946 മുതൽ 58 വരെ മലയാളി, മാതൃഭൂമി, സ്വതന്ത്ര കാഹളം, ദേശബന്ധു എന്നീ മലയാള ദിനപത്രങ്ങളുടെയും യു.പി.ഐയുടെയും തിരുവനന്തപുരം ലേഖകനുമായിരുന്നു. തിരുവനന്തപുരം-കൊച്ചി വർക്കിംഗ് ജേർണലിസ്റ്റ് യൂണിയന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് ദേശീയ കൗൺസിൽ അംഗവുമായിരുന്നു. നിരവധി ട്രേഡ് യൂണിയനുകളുടെയും സഹകരണ പ്രസ്ഥാനങ്ങളുടെയും സാരഥ്യം വഹിച്ചിട്ടുണ്ട്. കയർ തൊഴിലാളികൾക്കുവേണ്ടി വിശ്വംഭരൻ ചെയ്ത സേവനങ്ങൾ ചരിത്രത്തിൽ ഇടംകണ്ടതാണ്.