2010/04/15

സാമ്രാജ്യത്വങ്ങള്‍ ലോഹിയയുടെ നിരീക്ഷണത്തില്‍

.





മനുഷ്യവര്‍ഗത്തിനു പുരോഗതിയും സമാധാനവും നേടുന്നതിനു പ്രതിബന്ധമായി നില്‍ക്കുന്ന അഞ്ചു സാമ്രാജ്യത്വങ്ങള്‍ ഡോ രാമ മനോഹര ലോഹിയ വിവരിക്കുന്നു:—

മനുഷ്യരാശി ഇന്നേവരെ അറിയാത്ത അന്തര്‍വ്യാപകമായ ചില സാമ്രാജ്യത്വങ്ങള്‍ നിലനില്‍ക്കുന്നു. ലബന്‍ബ്രാം സാമ്രാജ്യത്വം അല്ലെങ്കില്‍ അന്തര്‍ദേശീയ ഫ്യൂഡലിസമാണ്‌ അതില്‍ ആദ്യത്തേത്‌. അമേരിക്കയും സോവിയറ്റ്‌ റഷ്യയും പോലുള്ള രാജ്യങ്ങള്‍ക്ക്‌ ഒട്ടേറെ വിസ്‌തൃതിയും തീരെ കുറച്ചു ജനസാന്ദ്രതയുമാണുള്ളത്‌. ചരിത്രത്തിലെ ചില യാദൃച്ഛിക സംഭവങ്ങളാണ്‌ അവര്‍ക്ക്‌ ഈ വമ്പിച്ച ഭൂപ്രദേശങ്ങള്‍ നല്‍കിയത്‌. നിഷ്‌ഠുരമായ കിരാതത്വം ഇതിനു സഹായിച്ചു. സൈബീരിയയിലും ആസ്‌ത്രേലിയയിലും ഒരു ചതുരശ്ര മൈലില്‍ ഒരാള്‍ എന്ന കണക്കിനു താമസിക്കുന്നു. കാനഡയും ഇതില്‍നിന്നു വ്യത്യസ്‌തമല്ല. കാലഫോര്‍ണിയയില്‍ ഒരു ചതുരശ്ര മൈലില്‍ 10 പേര്‍ താമസിക്കുന്നു. ഇന്ത്യയില്‍ ഒരു ചതുരശ്ര മൈലില്‍ 350 പേരും ചൈനയില്‍ 200 പേരുമാണു താമസിക്കുന്നത്‌. ഒരു രാജ്യത്തിനുള്ളിലെ ഫ്യൂഡലിസം ഒരാള്‍ക്ക്‌ വെറുപ്പുണ്‌ടാക്കുമെങ്കില്‍ ഈ വെറുപ്പ്‌ അന്തര്‍ദേശീയ ഫ്യൂഡലിസത്തിന്റെ കാര്യത്തിലും ഉണ്‌ടാവണം.


രണ്‌ടാമത്തേത്‌ മനസ്സിന്റെ സാമ്രാജ്യത്വമാണ്‌. സാമ്രാജ്യത്വ ബുദ്ധിജീവി തന്റെ വിജ്ഞാനം കോളനികളിലെ മാനസിക അടിമകള്‍ക്കു പകര്‍ന്നുകൊടുക്കുന്നു. ഇന്ത്യയില്‍ ഇത്‌ ആഭ്യന്തരമായും നിലനില്‍ക്കുന്നു. ചില ഉയര്‍ന്ന ജാതിക്കാര്‍ മാനസിക സാമ്രാജ്യത്വത്തിന്റെ ഉടമകളായിത്തീര്‍ന്നിരിക്കുന്നു. ആയിരമായിരം വര്‍ഷങ്ങളിലെ ജന്മനാലുള്ള തൊഴില്‍വിഭജനം പരിണാമപ്രക്രിയയിലെ നിര്‍ധാരണം എന്നപോലെ ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതു സാര്‍വദേശീയരംഗത്ത്‌ ഇക്കഴിഞ്ഞ 400 വര്‍ഷമായി നിലനില്‍ക്കുന്നു. ഇതു വെറും അവസരസമത്വത്തിന്റെ പൊട്ടമരുന്നുകൊണ്‌ട്‌ പരിഹരിക്കാനാവില്ല. അതു മാനസിക സാമ്രാജ്യത്വത്തിന്റെ അടിമത്തത്തെ കൂടുതല്‍ ദുഷിച്ചതും വ്യാപകവും അഗാധവുമാക്കിത്തീര്‍ക്കും. ഇത്‌ അവസാനിപ്പിക്കുന്നതിനു കൊളോണിയല്‍ ജനതയ്‌ക്കു പ്രത്യേക അവസരങ്ങള്‍ നല്‍കണം.


മൂന്നാമത്തേത്‌ ഉല്‍പ്പാദനത്തിലെ സാമ്രാജ്യത്വമാണ്‌. അമേരിക്കയിലും റഷ്യയിലും കൂടി ലോകത്തിന്റെ ആകെ മൊത്തം ജനസംഖ്യയുടെ എട്ടിലൊന്നു ജനസംഖ്യയാണുള്ളത്‌. അവരിരുവരും കൂടി ലോകത്തിലെ ആകെ സമ്പത്തിന്റെ പകുതിയിലധികം ഉല്‍പ്പാദിപ്പിക്കുന്നു. ഇന്ത്യയില്‍ ഒരാള്‍ ഒരു വര്‍ഷം 400 രൂപയുടെ സമ്പത്താണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌. ഇന്ത്യയിലെ പ്രതിവര്‍ഷ വളര്‍ച്ചയുടെ നിരക്ക്‌ അഞ്ചു രൂപയാണ്‌. റഷ്യയിലും അമേരിക്കയിലും ഇതിനു തുല്യമായ നിരക്ക്‌ 250 രൂപയാണ്‌. നാം മനുഷ്യവര്‍ഗം ഒരൊറ്റ കൂട്ടുകുടുംബമാവണമെങ്കില്‍ ഈ വ്യത്യാസം പരിഹരിക്കപ്പെടണം.




അടുത്തത്‌ ആയുധങ്ങളുടെ സാമ്രാജ്യത്വമാണ്‌. റഷ്യയും അമേരിക്കയും അവരുടെ കരട്‌ ഉടമ്പടിയില്‍ അണ്വായുധശേഖരത്തിന്റെ രഹസ്യങ്ങളും വിജ്ഞാനവും മറ്റാര്‍ക്കും കൈമാറാതെ സൂക്ഷിക്കുന്നതിനു രഹസ്യധാരണകളിലെത്തിയിട്ടുണ്‌ട്‌. ഇത്‌ ഇരുണ്‌ട ജനങ്ങള്‍ക്കെതിരേയുള്ള വെള്ളവര്‍ഗത്തിന്റെ ആയുധസാമ്രാജ്യത്വമാണ്‌. ഇരുണ്‌ട ജനങ്ങളും പരമ്പരാഗത ആയുധങ്ങള്‍ ശേഖരിച്ചുവയ്‌ക്കാന്‍ വെമ്പല്‍കൊള്ളുന്നു. അത്തരം ഒരു പിളര്‍പ്പന്‍ മനസ്സാണ്‌ ഇരുണ്‌ട മനുഷ്യന്റേത്‌. ഏതായാലും മനുഷ്യവര്‍ഗത്തിന്റെ ഒരു വിഭാഗം അത്യാധുനിക ആയുധങ്ങള്‍ കുത്തകയായിവച്ചിരിക്കുന്നു.
അഞ്ചാമത്തേത്‌ വിലക്കൊള്ളയുടെ സാമ്രാജ്യത്വമാണ്‌. വിലയുടെ ഏറ്റിറക്കങ്ങളും കച്ചവടവ്യവസ്ഥകളും എപ്പോഴും കൃഷിക്കാരനും അസംസ്‌കൃത സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കും പ്രതികൂലമാണ്‌. വ്യവസായ ഉല്‍പ്പന്നങ്ങളുടെ വില ഇക്കാലത്തിനിടയില്‍ നൂറുശതമാനം വര്‍ധിച്ചപ്പോള്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലവര്‍ധന 74 ശതമാനം മാത്രമാണു വര്‍ധിച്ചത്‌. ഈ ഒരൊറ്റ ഇനത്തില്‍ മാത്രമുള്ള കൊള്ള പ്രതിവര്‍ഷം ദശലക്ഷക്കണക്കിനു രൂപ വരും. പരോക്ഷനികുതികള്‍ മൂലം ഇതു കൂടുതല്‍ കഠിനമാവുന്നു. വിദേശസഹായത്തെയും അതിലെ ജീവകാരുണ്യപരമായ അംശത്തെയും കുറിച്ച്‌ ഒട്ടേറെ പറഞ്ഞുകേള്‍ക്കുന്നു. എന്നാല്‍, അതില്‍ അന്തര്‍ലീനമായ വിലക്കൊള്ളയെക്കുറിച്ച്‌ ആരും സംസാരിക്കാറില്ല.


ഈ അഞ്ചു സാമ്രാജ്യപ്രഭുത്വങ്ങളെയും ഇന്ത്യയും ചൈനയും മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളും ഒരുമിച്ച്‌ എതിര്‍ക്കണമായിരുന്നു. എന്നാലത്‌ ഉണ്‌ടായില്ല. എനിക്കു ചെറുപ്പമായിരുന്നപ്പോള്‍ ചൈനയും ഇന്ത്യയും ഈ അനീതിയെക്കുറിച്ചു ബോധവാന്‍മാരായ വെള്ളക്കാരും യോജിച്ച്‌ ആസ്‌ത്രേലിയയുടെയും കാലഫോര്‍ണിയയുടെയും സൈബീരിയയുടെയും വാതിലുകളില്‍ മുട്ടുമെന്നും അവ തുറക്കുമെന്നും ഞാന്‍ സ്വപ്‌നം കണ്‌ടിരുന്നു. എന്നാല്‍, ചൈന മുട്ടിയത്‌ മറ്റു സ്ഥലങ്ങളിലാണ്‌. ഏതോ ഒരു ശക്തി കൊണ്‌ടു പൊട്ടിത്തെറിച്ച ചൈന എളുപ്പമുള്ള വഴി സ്വീകരിച്ചു.


ഹിമാലയത്തിലാണ്‌ മുട്ടിയത്‌. അവരുടെ ശക്തി തെളിയിക്കാന്‍ കഴിയുന്നിടത്തു മുട്ടി. വെള്ള വര്‍ഗക്കാരും ഇരുണ്‌ട വര്‍ഗക്കാരും തമ്മിലുള്ള ഈ ചൂഷക-ചൂഷിതബന്ധം ഒരു ദുരന്തമായി എന്നും തുടരുമെന്നു വിശ്വസിക്കുന്നതിനു ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ലോകത്തൊട്ടാകെയുള്ള സ്ഥിതിവിശേഷം വെള്ളവര്‍ഗം എന്നെങ്കിലും മനസ്സിലാക്കിയാല്‍ അവര്‍ ഒരുപക്ഷേ വല്ലതും ചെയ്‌തേക്കും. ഇത്‌ എന്നെങ്കിലും അവസാനിക്കുന്നെങ്കില്‍ അതുണ്‌ടാവുന്നത്‌ വെള്ളക്കാരന്റെ ബുദ്ധിശക്തിയും കറുത്ത വര്‍ഗക്കാരുടെ സ്വാര്‍ഥതാല്‍പ്പര്യവും വിപ്ലവ അവബോധവും മൂലമായിരിക്കും.


(പി വി കുര്യന്‍ രചിച്ച ഡോ. റാം മനോഹര്‍ ലോഹിയ എന്ന സാര്‍വദേശീയ വിപ്ലവകാരി എന്ന ജീവചരിത്രത്തില്‍ നിന്ന്‌)
കടപ്പാടു് - തേജസ്സ്

.

2010/04/11

പാപ്പിനിശ്ശേരിയില്‍ തുടങ്ങിയ കണ്ടല്‍ ഇക്കോ ടൂറിസം പദ്ധതിക്കെതിരെ ജനകീയ ഐക്യദാര്‍ഢ്യ പ്രഖ്യാപനം

.
പാപ്പിനിശ്ശേരി: നിയമ വ്യവസ്ഥ അട്ടിമറിച്ച് പാപ്പിനിശ്ശേരിയില്‍ തുടങ്ങിയ കണ്ടല്‍ ഇക്കോ ടൂറിസം പദ്ധതിക്കെതിരെ കണ്ടല്‍ പാര്‍ക്കിന് സമീപത്ത് ഏപ്രില്‍ 9 ശനിയാഴ്ച നടത്തിയ ജനകീയ-പരിസ്ഥിതി സംഘടനകളുടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം മുന്‍ വനം - പരിസ്ഥിതി മന്ത്രി എ.സുജനപാല്‍ ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി ദുര്‍ബല പ്രദേശമായ പാപ്പിനിശ്ശേരിയിലെ സമൃദ്ധമായ കണ്ടല്‍വനം ഘോരവനം പോലെ സംരക്ഷിക്കപ്പെടേണ്ടതാണെന്നു് എ സുജനപാല്‍ പറഞ്ഞു. ഇതിന് ദേശീയതലത്തില്‍ തന്നെ നിരവധി നിയമങ്ങള്‍ ഉണ്ടായിട്ടും ഭരണസ്വാധീനത്തിന്റെ മറവില്‍ അവയെല്ലാം അട്ടിമറിക്കുകയാണ്. വികസനത്തിന്റെ പേര് പറഞ്ഞ് നഗരവത്കരണം നടത്തുന്നത് നീതീകരിക്കാനാവില്ല. വനഭൂമിയില്‍ കൂടി ഏത് തരം റോഡ് നിര്‍മിക്കാനും കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വേണമെന്നിരിക്കെ കണ്ടല്‍ നശിപ്പിച്ച് കിലോമീറ്ററുകളോളം റോഡ് നിര്‍മിച്ചത് തന്നെ ഗുരുതരമായ നിയമ ലംഘനമാണെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കണമെന്നും സുജനപാല്‍ ആവശ്യപ്പെട്ടു.

കച്ചവടതാത്പര്യം മാത്രം ലക്ഷ്യമിട്ടാണ് പാപ്പിനിശ്ശേരിയില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തനും വൃക്ഷമിത്രം അവാര്‍ഡ് ജേതാവുമായ പ്രൊഫ. ടി.ശോഭീന്ദ്രന്‍ ആരോപിച്ചു. ചടങ്ങില്‍ വളപട്ടണം പുഴയോര സംരക്ഷണ പ്രഖ്യാപനവും അദ്ദേഹം നടത്തി.

ജന്മിത്വത്തിനെതിരെ പോരാടിയവര്‍ തന്നെ വീണ്ടും ജന്മിത്വ വ്യവസ്ഥയുടെ മേലാളന്മാരാകുന്ന കാടന്‍ സംസ്‌കാര കാഴ്ചയാണ് പാപ്പിനിശ്ശേരിയില്‍ കാണുന്നതെന്ന് പ്രമുഖ ഗാന്ധിയനും കേരള സര്‍വോദയ മണ്ഡലം പ്രസിഡന്റുമായ തായാട്ട് ബാലന്‍ കുറ്റപ്പെടുത്തി.

സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട അധ്യക്ഷനായി. സമാജ്‌വാദി ജനപരിഷത്ത് ദേശീയ നിര്‍‍വാഹക സമിതി അംഗം സുരേഷ് നരിക്കുനി, സീക്ക് ഡയറക്ടര്‍ ടി.പി.പദ്മനാഭന്‍, കാസര്‍കോട് താപനിലയം വിരുദ്ധ സമിതി കണ്‍വീനര്‍ സുഭാഷ്, വയനാട് പരിസ്ഥിതി സമിതി സെക്രട്ടറി വഹാബ്, കോഴിക്കോട് പരിസ്ഥിതി സമിതി സെക്രട്ടറി ടി.വി.രാജന്‍, എ.മോഹന്‍കുമാര്‍, വിദ്യാലയ ഹരിത ക്ലബ്ബുകളുാടെ സംയോജകന്‍ എം.എ.ജോണ്‍സണ്‍, കോഴിക്കോട് നഗരസഭാ കൗണ്‍സിലര്‍ അനില്‍ കുമാര്‍, എന്‍.സുബ്രഹ്മണ്യന്‍, വി.സി.ബാലകൃഷ്ണന്‍, ടി.പി.ആര്‍.നാഥ്, അഡ്വ. ഇ.പി.ഹംസക്കുട്ടി, ഗാന്ധി സെന്റിനറി സമിതി സെക്രട്ടറി ലക്ഷ്മണന്‍, ദിനു മൊട്ടമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍, പ്ലാച്ചിമട സമരസമിതി നേതാവ് വിളയോടി വേണുഗോപാല്‍, സമാജ്‌വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി ജോഷി ജേക്കബ്ബ് എന്നിവരുടെ സന്ദേശങ്ങളും ചടങ്ങില്‍ വായിച്ചു. വളപട്ടണം ബോട്ട് ജെട്ടിയില്‍ നിന്ന് പ്രകടനമായാണ് സമരസമിതി അംഗങ്ങള്‍ സമരവേദിയില്‍ എത്തിയത്.
.

ഏറ്റവുമധികം വിഷാംശം ഭക്ഷിക്കുന്നതു കേരളീയര്‍: സുഭാഷ് പലേക്കര്‍

.

റെജി ജോസഫ്


കോട്ടയം: കേരളത്തിന്റെ മഹത്തായ കാര്‍ഷിക സംസ്കാരം തകര്‍ച്ചയുടെ പാതയിലാണെന്ന് സീറോ ബജറ്റ് കൃഷിയിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയസുഭാഷ് പലേക്കര്‍. ഭക്ഷ്യോത്പന്നങ്ങള്‍ ഏറ്റവും വില കൊടുത്തുവാങ്ങുന്ന സംസ്ഥാനം കേരളമാണ്. കൂടുതല്‍ യുവജനങ്ങള്‍ കൃഷി ഉപേക്ഷിച്ചു നാടുവിട്ട സംസ്ഥാനവും ഇതുതന്നെ. ആഗോള കുടിയേറ്റത്തിലൂടെ പുതിയ തലമുറ സമ്പാദിക്കുന്ന പണം സ്വന്തംനാട്ടില്‍ കൃഷിയിലൂടെ നേടിയെടുക്കാവുന്നതേയുള്ളു. മാന്നാനം ക്രൈസ്തവ ആശ്രമത്തില്‍ സീറോ ബജറ്റ് കൃഷി ശില്‍പശാലയ്ക്കു നേതൃത്വം നല്കാനെത്തിയ പലേക്കര്‍ ദീപികയുമായി നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

നാണ്യവിളകള്‍ക്കു പ്രാധാന്യം നല്കുന്ന കേരളം കാര്‍ഷികമായി മുന്നോക്കമാണെന്നു പറയാനാവില്ല. ഭക്ഷ്യപ്രതിസന്ധി അതിരൂക്ഷമായിരിക്കെ റബറും കൊക്കോയും കാപ്പിയും തേങ്ങയും ഉത്പാദിപ്പിച്ചതു കൊണ്ടു മാത്രം നേട്ടമില്ല. സമ്മിശ്രകൃഷിയാണ് ഉത്തമം. നെല്ലും കപ്പയും പച്ചക്കറിയും വേണ്ട വിധത്തില്‍ കൃഷി ചെയ്താല്‍ ഇന്നും കേരളത്തിന്റെ ഭക്ഷ്യപ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാനാവും.

ഏറ്റവുമധികം വിഷാംശം ഭക്ഷണത്തിലൂടെ അകത്താക്കുന്നവര്‍ കേരളീയരാണ്. രാസവളവും കീടനാശിനിയും ചേരാത്ത ഒരു വസ്തുവും ഇവിടുത്തുകാര്‍ ഭക്ഷിക്കുന്നില്ല. കേരളീയരുടെ ആയുര്‍ദൈര്‍ഘ്യം തൊണ്ണൂറില്‍നിന്ന് എഴുപതിലേക്ക് താഴ്ന്നിരിക്കുന്നത് ഇതിനാലാണ്. മണ്ണിനെ അറി ഞ്ഞു കൃഷി നടത്തിയിരുന്നവരാണ് ഇവിടുത്തുകാര്‍. കൃഷി കേരളീയരുടെ ജീവിത സംസ്കാരമായിരുന്നു.

ഭക്ഷിക്കുക എന്നതല്ലാതെ കാര്‍ഷിക വിഭവങ്ങള്‍ ഉല്‍പാദിപ്പിച്ചു സ്വയംപര്യാപ്തത നേടുക എന്ന ശീലം പ്രകൃതി സമ്പന്നമായ കേരളത്തിന് ഇല്ലാതായിരിക്കുന്നു. മാംസം ഭക്ഷിക്കുന്നതിലും കേരളീയര്‍ മുന്നോക്കമാണ്. സസ്യഭക്ഷണം ഒഴിവാക്കിയവര്‍ രോഗികളായി മാറിക്കൊണ്ടിരിക്കുന്നു- പലേക്കര്‍ ചൂണ്ടിക്കാട്ടി.


രാസവളം കേരളത്തില്‍ മണ്ണിന്റെ ഘടന മാറ്റി

കോട്ടയം: ആഗോള താപനത്തിന്റെ ദുരന്തം ഇന്ത്യയെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നതെന്ന് സുഭാഷ് പലേക്കര്‍ ചൂണ്ടിക്കാട്ടി. 30 ഡിഗ്രിയായിരുന്ന കേരളത്തിലെ താപനില 38 ഡിഗ്രിയിലേക്ക് ഉയര്‍ന്നതിനു പിന്നില്‍ കാര്‍ബണും കോണ്‍ക്രീറ്റും ടാറും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ താപം മാരകമായ രോഗങ്ങളെ വര്‍ധിപ്പിക്കുന്നു. കേരളത്തിലെ മണ്ണിന്റെ ഘടന അപ്പാടെ മാറിക്കഴിഞ്ഞു. മണ്ണില്‍ സൂക്ഷ്മ ജീവികള്‍ക്കു കഴിയാന്‍ പറ്റാത്ത വിധം പുളിപ്പ് വര്‍ധിച്ചിരിക്കുന്നു. രാസവള പ്രയോഗമാണ് ഇതിനു മുഖ്യകാരണം.

കൃഷിരീതിയിലും വിത്തിലും വളത്തിലും വിദേശ ഇടപെടല്‍ ഒഴിവാക്കിയേ പറ്റു. എല്ലാ സംസ്ഥാനങ്ങളിലുമായി 40 ലക്ഷം കര്‍ഷകര്‍ക്കു ചെലവില്ലാത്ത കൃഷിയില്‍ പരിശീലനം നല്കിയ പലേക്കര്‍ വ്യക്തമാക്കി. മണ്ണിന് വെള്ളവും പ്രകൃതിദത്തവളവുമാണ് ഏറ്റവും ആവശ്യമായത്. ഒരു പശുവിന്റെ ചാണകം വളമാക്കിയാല്‍ കുടുംബത്തിന് ആവശ്യമായ വിഷമില്ലാത്ത ഭക്ഷണം വിളയിക്കാനാവും. ഇക്കാര്യത്തില്‍ സങ്കര ഇനം പശുക്കളെ വളര്‍ത്തുന്നതിനോടു യോജിക്കാനാവില്ല. വെച്ചൂര്‍ പശുവിനെപ്പോലുള്ള തദ്ദേശീയ ജനുസുകളെ ഒഴിവാക്കി വിദേശ സങ്കര ഇനങ്ങളെ വളര്‍ത്തുന്നതുകൊണ്ട് ശാശ്വതമായ നേട്ടമില്ല. 36 ഇനം തദ്ദേശീയ കാലി ഇനങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവയേറെയും വംശനാശത്തിലാണ്.

സങ്കര വിത്തുകള്‍ക്ക് ശാശ്വതമായ ആയുസില്ല. ഇന്ത്യയിലെ ജന്തു- സസ്യ ജനുസുകള്‍ സംരക്ഷിക്കാനുള്ള ദൗത്യം കര്‍ഷകരാണ് ഏറ്റെടുക്കേണ്ടത്. മഴയും മണ്ണിരയും ചെലവില്ലാതെ കൃഷി നടത്തിതരുമെന്നിരിക്കെ കടം വാങ്ങി രാസവളവും കീടനാശിനും വാങ്ങുന്നതില്‍ അര്‍ഥമില്ല. മഴ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് നമ്മുടെ കാലാവസ്ഥ മാറുകയാണ്. മണ്ണില്‍ അധ്വാനിക്കാനുള്ള മനസ് കേരളീയര്‍ക്ക് നഷ്ടമായതാണ് ഈ നാടിനു പറ്റിയ ദുരന്തം. വിദേശ വരുമാനവും ഉദ്യോഗവും ഇല്ലാതായാല്‍ കേരളം പട്ടിണി സംസ്ഥാനമായി മാറുമെന്നും പാലേക്കര്‍ വ്യക്തമാക്കി.


കടപ്പാടു് ദീപിക
.

പ്ലാച്ചിമടയില്‍ സമരപ്പന്തല്‍ വീണ്ടും കെട്ടി


.
വണ്ടിത്താവളം: മാര്‍‍ച്ച് 30 ചൊവ്വാഴ്ച തീവെച്ചുനശിപ്പിച്ച പ്ലാച്ചിമട കൊക്കകോള കമ്പനിക്കുമുന്നിലെ സമരപ്പന്തല്‍ ഏപ്രില്‍ 7 ബുധനാഴ്ച വീണ്ടും കെട്ടി.

പ്ലാച്ചിമട കൊക്കകോളവിരുദ്ധ സമരസമിതി, കൊക്കകോളവിരുദ്ധ ഐക്യദാര്‍ഢ്യസമിതി, വിവിധ ജനകീയസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ആദിവാസിസ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കന്നിമാരിയില്‍ നിന്ന് പ്രകടനമായെത്തിയാണ് സമരപ്പന്തല്‍ കെട്ടിയത്. കുടില്‍കെട്ടാനുള്ള ഓലയും മുളയും സമരക്കാര്‍ തന്നെയാണ് കൊണ്ടുവന്നത്. തുടര്‍ന്നുനടന്ന പൊതുയോഗം ചെങ്ങറ ഭൂസമരനേതാവ് ളാഹ ഗോപാലന്‍‍ ഉദ്ഘാടനംചെയ്തു.

പ്ലാച്ചിമട ഉന്നതാധികാരസമിതിയുടെ ശുപാര്‍ശ നടപ്പാക്കാന്‍ ഉടന്‍ ട്രൈബ്യൂണല്‍ രൂപവത്കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകുന്നതുവരെ സമരം ശക്തമായി തുടരുമെന്നും യോഗം വ്യക്തമാക്കി.

യോഗത്തില്‍ പ്ലാച്ചിമടസമര ഐക്യദാര്‍ഢ്യസമിതി സംസ്ഥാന ചെയര്‍മാന്‍ ഇന്ത്യനൂര്‍ ഗോപി അധ്യക്ഷനായി. കൊക്കകോളവിരുദ്ധ സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ ആമുഖപ്രഭാഷണം നടത്തി.

സമാജവാദി ജനപരിഷത്ത് നേതാവ് അഡ്വ. ജോഷി ജേക്കബ് , പുതുശ്ശേരി ശ്രീനിവാസന്‍ (കേരള സര്‍വോദയമണ്ഡലം) ഡോ. പി.എസ്.പണിക്കര്‍ (ജനജാഗ്രതസമിതി), എം.സുലൈമാന്‍ (സോളിഡാരിറ്റി), , എന്‍.പി.ജോണ്‍സണ്‍ (ഐക്യദാര്‍ഢ്യസമിതി), വി.എസ്.രാധാകൃഷ്ണന്‍ (പട്ടികജാതി-വര്‍ഗ സംരക്ഷണമുന്നണി), കെ.ജനാര്‍ദ്ദനന്‍ (സ്വദേശിജാഗരണ്‍മഞ്ച്), എസ്.രാജീവന്‍ (എസ്.യു.സി.ഐ.), മേജര്‍ രവീന്ദ്രന്‍ (പാലക്കാട് മുന്നോട്ട്), ഇ.ബി.ഉണ്ണിക്കൃഷ്ണന്‍ (മദ്യനിരോധന സമിതി), ഉമ്മര്‍ (എസ്.ഐ.ഒ.), വി.ബോളന്‍ (കേരള ആദിവാസി ഫോറം) തുടങ്ങിയവര്‍ സംസാരിച്ചു. പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യസമിതി ജില്ലാചെയര്‍മാന്‍ മുതലാംതോട് മണി സ്വാഗതവും കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ നന്ദിയും പറഞ്ഞു.

ഫോട്ടോ: മാതൃഭൂമി ദിനപത്രം.

മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ചു: യേശുദാസിന്റെ സാന്നിധ്യത്തില്‍ ലാലൂര്‍ സമരം തീര്‍ന്നു

.


തൃശ്ശൂര്‍ : പതിറ്റാണ്ടുകാലമത്രയും മാലിന‌്യകൂമ്പാരത്തിന്റെ കൂടാരമായിരുന്ന ലാലൂരിലെ മാലിന്യപ്രശ്‌നം പരിഹാരിക്കാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം അംഗീകരിച്ചുകൊണ്ടു് ലാലൂര്‍ മാലിന‌്യവിരുദ്ധസമരസമിതിയുടെ നേതൃത‌്വത്തില്‍ ലാലൂരില്‍ നടന്നുവന്നിരുന്ന ഉപവാസസമരം പിന്‍വലിച്ചു. ഏപ്രില്‍ 7 ബുധനാഴ്ച നിരാഹാരസത്യാഗ്രഹം അനുഷ്ഠിച്ച കെ.ജി. അനില്‍കുമാറിന് കെ ജെ യേശുദാസ് നാരങ്ങാനീര് നല്‍കിയതോടെയാണു് 115 ദിവസം നീണ്ട നിരാഹാര പ്രക്ഷോഭത്തിനു് അവസാനമായതു്.


മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മുന്‍കയ്യെടുത്ത് തയ്യാറാക്കിയ ലാലൂര്‍ പ്രശ്‌നപരിഹാരം രാഷ്ട്രീയ, മതഭേദമെന്യേ നടപ്പാക്കാന്‍ എല്ലാവരും ഒന്നിക്കണമെന്ന് യേശുദാസ് ആഹ്വാനം ചെയ്തു.


വികേന്ദ്രീകൃത സംസ്‌കരണം കാര്യക്ഷമമായി നടപ്പാക്കുമെന്നും തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ലാലൂരില്‍ തുടങ്ങിവെച്ച എന്‍ജിനീയറിങ് ലാന്‍ഡ് ഫില്ലിങ് എന്ന കേന്ദ്രീകൃത സംസ്‌കരണപദ്ധതി ഉപേക്ഷിക്കുമെന്നും ഏപ്രില്‍ 6നു് നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടുവട്ടമായി നടന്ന ചര്‍ച്ചയില്‍ ലാലൂര്‍ സമരസമിതി ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചിട്ടുണ്ട്. പ്രധാനമായി കേന്ദ്രീകൃത മാലിന്യ സംസ്‌കരണം ഉപേക്ഷിക്കുകയും വികേന്ദ്രീകൃത സംസ്‌കരണം ഏര്‍പ്പെടുത്തുകയും ചെയ്യുകയെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചിരുന്നത്. കാര്‍ഷിക സര്‍വ്വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പത്തിയൂര്‍ ഗോപിനാഥ് അവതരിപ്പിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്ത പദ്ധതിയില്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിനാണ് മുന്‍തൂക്കം.


കെ.എസ്.യു.ഡി.പി. യുടെ പദ്ധതികള്‍ നിര്‍ത്തിവെയ്ക്കാനാണ് യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായത്. ഇതും സമരസമിതി ആവശ്യപ്പെട്ടിരുന്നതാണ്. 10 കോടി രൂപയുടെ പദ്ധതികളാണ് കെ.എസ്.യു.ഡി.പി. ഇവിടെ നടത്താനുദ്ദേശിച്ചിരുന്നത്. ഇതില്‍ 7 കോടി രൂപയുടെ പണികള്‍ നടന്നുവരികയാണ്. ബാക്കി 3 കോടി രൂപ പത്തിയൂര്‍ ഗോപിനാഥ് സമര്‍പ്പിച്ച വികേന്ദ്രീകൃത മാലിന്യസംസ്‌കരണ പദ്ധതിക്ക് കൈമാറും.

ലാലൂരിലെ മാലിന്യമല നീക്കാനും മുഖ്യമന്ത്രിയുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മാ ർച്ച് 28നും ഏപ്രില്‍ 6-നും നടന്ന ചര്‍ച്ച തൃപ്തികരമാണെന്ന് സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്


വാഗ്ദാനങ്ങള്‍ ചീയരുതെന്ന് യേശുദാസ് സമരസമാപനവേളയില്‍ ഓര്‍മിപ്പിച്ചു. മാലിന്യത്തിന് സമീപം മൂക്കുപൊത്തുന്നതിന് രാഷ്ട്രീയ, മതഭേദമില്ല. പാട്ടുപാടി നടക്കുന്ന തന്നെപ്പോലുള്ളവരെ ഇനിയും ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടീക്കാന്‍ അവസരം ഉണ്ടാക്കരുതെന്ന് യേശുദാസ് ഭരണാധികാരികളെ ഓര്‍മിപ്പിച്ചു. സ്വന്തം മാലിന്യം അവരവര്‍ സംസ്‌കരിക്കണം. സ്വന്തം മാലിന്യം മറ്റുള്ളവന് ദോഷമാകരുത് -അദ്ദേഹം പറഞ്ഞു. കവി കെ.ജി. ശങ്കരപ്പിള്ള രചിച്ച 'ലാലൂരെ മതിലകത്ത്' എന്ന കവിത യേശുദാസ് പന്തലില്‍ ആലപിച്ചു.


മലിനീകരണവിരുദ്ധ സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഡോ. സുകുമാര്‍ അഴീക്കോട്, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ., കവി കെ.ജി. ശങ്കരപ്പിള്ള, സംഗീത സംവിധായകന്‍ വിദ്യാധരന്‍, ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി മേയര്‍ എം. വിജയന്‍, സുനില്‍ ലാലൂര്‍, അഡ്വ. രഘുനാഥ് കഴുങ്കില്‍, കെ.യു. പ്രഭാകരന്‍, കെ.ജി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ലാലൂര്‍ സമരത്തിന്റെ സമാപനച്ചടങ്ങിലേക്ക് ഉദ്ഘാടകന്‍ യേശുദാസ് എത്തിയപ്പോള്‍. ടി.കെ. വാസു, സുകുമാര്‍ അഴീക്കോട്, അഡ്വ. ഗോപാലകൃഷ്ണന്‍, വിദ്യാധരന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ., കെ.ജി. ശങ്കരപ്പിള്ള, വൈശാഖന്‍ തുടങ്ങിയവര്‍ വേദിയില്‍ ഉണ്ടായിരുന്നു.

- - -

ലാലൂരിലെ വിഷവാതകം ശ്വസിച്ചു മരിച്ചവരുടെ അനുസ്മരണ സമ്മേളനം

1995ല്‍ ലാലൂരിലെ വിഷവാതകം ശ്വസിച്ചു മരിച്ച ബേബി, ശ്രീകുമാര്‍, ജെയിംസ് എന്നിവരുടെ അനുസ്മരണ സമ്മേളനം മാ ർച്ച് 27നു് നടന്നു. മാ ർച്ച് 28നാണു് അനുസ്മരണ ദിനമെങ്കിലും തിരുവനന്തപുരത്തു ചര്‍ച്ച നടക്കുന്നതിനാലാണ് 27നു് അനുസ്മരണം നടത്തിയത്. ലാലൂരിലെ നിരാഹാരസമരം 104 ദിവസം പിന്നിട്ട മാ ർച്ച് 27നു് ടി.ബി. ബീന നിരാഹാരമിരുന്നു. പാര്‍വതി പവനന്‍ സമരം ഉദ്ഘാടനം ചെയ്തു. 28നു് അഡ്വ. പി.കെ. ജോണ്‍ നിരാഹാരമിരുന്നു.

നിരാഹാര സമരം 114 ദിവസം പിന്നിട്ട ഏപ്രില്‍ 6നു് സമരസമിതിയംഗം കെ.ജി. അനില്‍ കുമാറാണ് ഉപവസിച്ചത്. റിട്ട. എസ്‌ഐ സി.പി. ജോസ് ഉദ്ഘാടനം ചെയ്തു.

ഫോട്ടോ കടപ്പാടു്: കെ കെ നജീബ് — ദ് ഹിന്ദു
.

2010/04/10

ചെലവുരഹിത പ്രകൃതികൃഷി: കോട്ടയത്തെ ശില്‌പശാല സമാപിച്ചു

മാങ്ങാനം: ചെലവില്ലാ പ്രകൃതികൃഷി പരിശീലനശില്പശാല കോട്ടയത്ത് മാങ്ങാനം ക്രൈസ്തവാശ്രമത്തിലെ ഫുക്കുവോക്ക നഗറില്‍ ഏപ്രില്‍ 5,6,7,8 തീയതികളില്‍ നടന്നു. നാലുദിവസമായി നടന്ന ശില്പശാലയില്‍‍ ബസവശ്രീ സുഭാഷ് പലേക്കര്‍‍ ചെലവുരഹിത പ്രകൃതികൃഷിരീതിയുടെ പാഠങ്ങള്‍‍ പറ‍ഞ്ഞുകൊടുത്തു.

ശില്പശാല ഏപ്രില്‍ 5-നു് കേരള ഗാന്ധിസ്മാരകനിധി ജനറല്‍ സെക്രട്ടറി പ്രൊഫ. രാംദാസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിശിഷ്ടാതിഥികളും 4 വൃക്ഷത്തൈകള്‍ നട്ടു. കോട്ടയം ഗാന്ധിഗ്രാമസേവാകേന്ദ്രം ചെയര്‍മാന്‍ എന്‍.പരമേശ്വരന്‍ നായര്‍ ഉദ്ഘാടനസമ്മേളനത്തില്‍‍ അധ്യക്ഷത വഹിച്ചു. മാങ്ങാനം ക്രൈസ്തവാശ്രമത്തിന്റെഅദ്ധ്യക്ഷ ആചാര്യ ഗ്രേസി തോമസ്, പി.മനോജ്കുമാര്‍ എന്നിവര്‍ ആശംസകളര്‍‍പ്പിച്ചു പ്രസംഗിച്ചു. കുമാരി ഐശ്വര്യ കീര്‍ത്തനം ആലപിച്ചു. എം.കുര്യന്‍ സ്വാഗതവും കെ.എം.ഹിലാല്‍ നന്ദിയും പറഞ്ഞു.

സമാപനദിവസം എം.കുര്യന്‍ രചിച്ച പുസ്തകം എസ് പി പൗലോസിനു നല്കിക്കൊണ്ടു് സുഭാഷ് പലേക്കര്‍‍ പ്രകാശനം ചെയ്തു. സമാജവാദി ജനപരിഷത്ത് നേതാവ് അഡ്വ. ജോഷി ജേക്കബ് പുസ്തകം അവതരിപ്പിച്ചുകൊണ്ടു പ്രസംഗിച്ചു.

ബസവശ്രീ സുഭാഷ് പലേക്കര്‍ ചെലവില്ലാക്കൃഷി ക്ലാസ് നയിച്ചു. ശില്പശാലയില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് 7 ക്ലാസ്സുകള്‍ ഉണ്ടായിരുന്നു. കൂടാതെ സായാഹ്നങ്ങളില്‍ നിരവധി പ്രമുഖവ്യക്തികള്‍ നയിച്ച ചര്‍ച്ചകളും നടന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 400-ഓളം പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു.

നിലവിലുള്ള രാസ - ജൈവ കൃഷിരീതികള്‍ പരിസ്ഥിതിയെ മലിനമാക്കുന്ന സാഹചര്യത്തില്‍ പ്രകൃതിയുടെ സംതുസലിതാവസ്ഥക്ക് ഭംഗംവരാതെ അഹിംസാത്മക രീതിയില്‍ വര്‍ഷങ്ങളുടെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ പലേക്കര്‍ ആവിഷ്ക്കരിച്ചതാണ് പരിസ്ഥിതിസൗഹൃദമായ ചിലവില്ലാ പ്രകൃതികൃഷിരീതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം 30 ലക്ഷത്തോളം കര്‍ഷകര്‍ ഈ കൃഷിരീതി അവലംബിച്ച് വിജയം നേടിയിട്ടുണ്ട്. രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാത്തതിനാല്‍ ആരോഗ്യസംരക്ഷണത്തിലും മുന്‍ പന്തിയില്‍ നില്ക്കുന്ന കൃഷിരീതിയാണ് ഇത്.

പരിപാടിയുടെ തലേയാഴ്ച (മാര്‍ച്ച് 31നു്) കോട്ടയം ജില്ലയിലെ ആദ്യത്തെ ചെലവില്ലാ പ്രകൃതികൃഷിയിടമായ ( സീറോ ബജറ്റ് നാചുറല്‍ ഫാമായ) കടുത്തുരുത്തി മാന്നാറിലെ തെക്കുംപുറം പാടശേഖരത്തില്‍ കൊയ്ത്ത് നടത്തിയിരുന്നു. രാസവളമോ, കീടനാശിനിയോ, ജൈവവളമോയില്ലാതെ മുട്ടുചിറ മുതുകുളത്തില്‍ എം.കെ. സെബാസ്റ്റ്യന്‍‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ നെല്‍കൃഷി കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ജനപ്രതിനിധികളും ചേര്‍ന്നാണ് കൊയ്തത്.

ചെലവുരഹിത പ്രകൃതികൃഷിരീതി: എം.കെ സെബാസ്റ്റ്യന്‍ കൊയ്തെടുത്ത വിളവിനു് പത്തരമാറ്റ് തിളക്കം

കടുത്തുരുത്തി: ചെലവില്ലാ പ്രകൃതികൃഷിരീതിയിലൂടെ പ്രകൃതിയെ അറിഞ്ഞു നടത്തിയ നെല്‍കൃഷിയില്‍ നിന്ന് മുട്ടുചിറ മുതുകുളത്തില്‍ എം.കെ സെബാസ്റ്റ്യന്‍ കൊയ്തെടുത്ത വിളവിനു പത്തരമാറ്റ് തിളക്കമുണ്ടു്. കോട്ടയം ജില്ലയിലെ ആദ്യത്തെ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങിന്റെ കൊയ്ത്തുല്‍സവമായിരുന്നു മാന്നാര്‍ തെക്കുംപുറം പാടശേഖരത്തില്‍ 2010 മാര്‍ച്ച് 31നു്. എല്ലാവരും നെല്‍ക്കൃഷിയെ കൈവിടുമ്പോള്‍ സീറോ ബജറ്റ് നാച്ചുറല്‍ കൃഷിക്കാരന്‍ മികച്ച വിളവു കൊയ്യുന്നു. ആലപ്പുഴ ഫുഡ്‌ കോര്‍പറേഷനിലെ അഡ്‌മിനിസ്‌ട്രേഷന്‍ മാനേജര്‍ കൂടിയായ മുട്ടുചിറ മുതുകുളത്തില്‍ സെബാസ്‌റ്റ്യനാണ്‌ ചെലവില്ലാ പ്രകൃതികൃഷിരീതിയിലൂടെ ശ്രദ്ധേയനായിരിക്കുന്നതു്.


സീറോ ബജറ്റ് നാച്ചുറല്‍ കൃഷി രീതിയുടെ ഉപജ്ഞാതാവ് മഹാരാഷ്ട്രക്കാരനായ സുഭാഷ് പലേക്കര്‍ നയിക്കുന്ന കാര്‍ഷിക വിപ്ലവത്തിന്റെ അലകള്‍ അപ്പര്‍കുട്ടനാടിന്റെ പാടശേഖരങ്ങളിലേക്കും സെബാസ്റ്റ്യനിലൂടെ എത്തിയിരിയ്ക്കുന്നു. പ്രകൃതിയെയും മണ്ണിനെയും അറിഞ്ഞ് നടത്തുന്ന സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങില്‍ (ചെലവില്ലാ പ്രകൃതികൃഷിരീതിയില്‍) വളവും കീടനാശിനിയുമൊക്കെ കര്‍ഷകന്‍ തന്നെ സ്വന്തം വീട്ടില്‍ നിര്‍മിക്കുന്നു. ഗോമൂത്രവും ചാണകവും വെള്ളവുമൊക്കെയാണ് ഇവിടെ വളത്തിന്റെ അസംസ്കൃത വസ്തുക്കള്‍. തെക്കുപുറം പാടശേഖരത്തിലെ 50 സെന്റ് സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പുത്തന്‍ കൃഷിരീതി പരീക്ഷിച്ച സെബാസ്റ്റ്യനു് പത്ത് ക്വിന്റലോളം നെല്ലാണ് അന്‍പതു സെന്റ് ഭൂമിയില്‍ രാസവളത്തിന്റെയോ കീടനാശിനികളുടെയോ സ്പര്‍ശനമേല്‍ക്കാതെ വിളഞ്ഞത്.


രാസവസ്തുക്കളുടെ അമിത ഉപയോഗം മൂലം മാറിയ മണ്ണിന്റെ സ്വഭാവം പുത്തന്‍കൃഷിയുടെ ആവര്‍ത്തനത്തിലൂടെ മാറിവരുമ്പോള്‍ വിളവ് ഇനിയും വര്‍ധിക്കും. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായ (ആലപ്പുഴ ഫുഡ്‌ കോര്‍പറേഷനിലെ അഡ്‌മിനിസ്‌ട്രേഷന്‍ മാനേജര്‍) ഇദ്ദേഹം സുഭാഷ് പാലേക്കറുടെ പാഠങ്ങളില്‍ ആകൃഷ്ടനായാണ് ചെലവില്ലാ പ്രകൃതികൃഷിരീതിയിലേക്ക് കടന്നത്.


ഡിസംബര്‍ നാലിനു പാടത്ത് 120 ദിവസം കൊണ്ട്‌ വിളവെടുക്കാവുന്ന ഉമ ഡി.1 നെല്‍വിത്ത് വിതച്ചായിരുന്നു തുടക്കം. നിലം ഉഴാതെയാണ്‌ ഈ കൃഷി രീതിയില്‍ വിത്തിറക്കിയത്‌. വിതയ്‌ക്ക് 15 ദിവസത്തിനു ശേഷം നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ശേഖരിച്ച്‌ പ്രത്യേക അനുപാതത്തില്‍ ശര്‍ക്കര അലിയിച്ച വെള്ളവും ചേര്‍ത്ത്‌ രണ്ടു ദിവസം സൂക്ഷിച്ചശേഷം പാടത്ത്‌ ഒഴിച്ചു. 15 ദിവസം ഇടവിട്ട്‌ രണ്ടു തവണ കൂടി ഈ രീതിയില്‍ ചെയ്തു. പിന്നീട്‌ ഒരു വളപ്രയോഗവും സീറോ ബജറ്റ് കൃഷിക്ക്‌ വേണ്ട. അങ്ങനെ ഗോമൂത്രവും ചാണകവും ചേര്‍ന്ന മിശ്രിതം നെല്ലിനു നാലു തവണ ഒഴിച്ചു. ജൈവകീടനാശിനിയും തളിച്ചു. വിപണിയില്‍ നിന്ന് ഒന്നും വാങ്ങാതെയുള്ള കൃഷി. ജൈവകൃഷിയെപ്പറ്റി നാട് ഇതുവരെ ആര്‍ജിച്ച പാഠങ്ങളല്ല സുഭാഷ് പലേക്കര്‍ കര്‍ഷകര്‍ക്കു പറഞ്ഞുകൊടുക്കുന്നത്. നാടന്‍പശുവിന്റെ മൂത്രവും ചാണകവുമാണ് ഇവിടെ വളമായി രൂപപ്പെടുത്തിയെടുക്കുന്നത്. ഒരു ഏക്കര്‍ പ്രദേശത്തെ നെല്‍കൃഷിക്ക് അഞ്ചു ലിറ്റര്‍ ഗോമൂത്രവും 200 ലിറ്റര്‍ വെള്ളവും 10 കിലോഗ്രാം ചാണകവും വേണം.


ഇവ മൂന്നും കൂട്ടിക്കലര്‍ത്തി ശര്‍ക്കരയോ കരിമ്പിന്‍നീരോ ചേര്‍ത്ത് പുളിപ്പിക്കുന്നു. 72 മണിക്കൂര്‍ കൊണ്ടാണ് പുളിപ്പിക്കല്‍ പ്രക്രിയ പൂര്‍ത്തിയാവുക. ജൈവ വളത്തില്‍ നൈട്രജന്റെ അളവ് വര്‍ധിപ്പിക്കാന്‍ വേണമെങ്കില്‍ പയറ്പൊടി ചേര്‍ക്കാം. പുളിപ്പിച്ച മിശ്രിതം നെല്‍ച്ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കുന്നു. 120 ദിവസത്തിനുള്ളില്‍ നാലുതവണ വളം നല്‍കണം. വേപ്പില, ശീമക്കൊന്നയില, ചെമ്പരത്തിയില ഇവയൊക്കെ ചേര്‍ത്താണ് ജൈവകീടനാശിനിയുടെ നിര്‍മാണം. ഇതു കൃത്യമായി പ്രയോഗിച്ചാല്‍ നെല്‍ച്ചെടികള്‍ക്കു നേരെ കീടങ്ങളുടെ ആക്രമണം ഉണ്ടാകില്ല. യാതൊരുവിധ രാസവള പ്രയോഗവുമില്ലാത്തതിനാല്‍ നെല്‍ച്ചെടിക്ക്‌ കൃമികീടങ്ങളുടെ ആക്രമണം കുറയും. നെല്‍ച്ചെടിയില്‍ ധാരളം ചിലന്തികള്‍ വല ഒരുക്കിയിരിക്കുന്നതിനാല്‍ കീടങ്ങളെ ചിലന്തി ഭക്ഷിക്കുന്നുവെന്നതാണ്‌ കീടങ്ങളുടെ ഉപദ്രവം കുറയാന്‍ കാരണം.


രാസവളം പ്രയോഗിക്കുന്ന നെല്‍ക്കൃഷിയില്‍ 1 ഏക്കറിന്‌ 10 ക്വിന്റല്‍ നെല്ലു വിളവു ലഭിക്കുമ്പോള്‍ ഇതില്‍ അന്‍പതു സെന്റ് ഭൂമിയില്‍ പത്ത് ക്വിന്റലോളം നെല്ലാണ് രാസവളത്തിന്റെയോ കീടനാശിനികളുടെയോ സ്പര്‍ശനമേല്‍ക്കാതെ സെബാസ്‌റ്റ്യന്റെ വിളവെടുപ്പ്‌.


ചെലവില്ലാ പ്രകൃതികൃഷിയുടെ വിളവെടുപ്പില്‍ പങ്കെടുക്കാന്‍ ഇന്നലെ തെക്കുംപുറം പാടശേഖരത്തിലേക്ക് നാട്ടുകാരും ജനപ്രതിനിധികളും പ്രകൃതി സ്നേഹികളുമടക്കം നിരവധി പേരാണ് എത്തിയത്. കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു രാജഗിരി, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, ഗാന്ധി സ്മാരക നിധി ഭാരവാഹികള്‍, പ്രകൃതിജീവനസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

സുഭാഷ് പാലേക്കര്‍

രാസവളം ഉപയോഗിച്ചുള്ള കൃഷിയില്‍‍ നിന്നും ജൈവ കൃഷിയില്‍‍ നിന്നും വ്യത്യസ്തമായ ചെലവുരഹിത സ്വാഭാവിക കൃഷി രീതി (സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് കൃഷിരീതി)യ്ക്കും, അതുവഴി ജീവിതരീതിയ്ക്കു് തന്നെയും രൂപംകൊടുത്തയാളാണ് മഹാരാഷ്ട്രയിലെ അമരാവതിയില്‍നിന്നുള്ള സുഭാഷ് പാലേക്കര്‍. മുപ്പതേക്കറില്‍ നന്നായി കൃഷി നടത്താന്‍ ഒരു നാടന്‍ പശു മതിയെന്നാണു് പാലേക്കര്‍ പറയുന്നതും ഇപ്പോള്‍ ഇന്ത്യയൊട്ടുക്കും കാട്ടിക്കൊടുത്തുകൊണ്ടിരിക്കുന്നതും. ഇന്ത്യയില്‍ മുപ്പതു ലക്ഷത്തോളം ആളുകള്‍ ഈ കൃഷിരീതി പിന്തുടരുന്നു.


മഹാരാഷ്ട്രയിലെ വിദര്‍‍ഭ പ്രദേശത്തെ ബെലോറ (Belora) ഗ്രാമത്തില്‍ 1949-ല്‍ ആണ് പാലേക്കര്‍ ജനിച്ചത്. നാഗ്‍‍പുരില്‍‍ നിന്നു് കൃഷിയില്‍‍ ബിരുദപഠനം കഴിഞ്ഞ ഉടനെ അച്ഛനോടൊപ്പം കൃഷിയിലേക്കുതിരിഞ്ഞു. അക്കാലത്തു് ആചാര്യ വിനോബഭാവെയുടെ സാമൂഹിക ഇടപെടലുകളില്‍ പാലേക്കര്‍ ആകൃഷ്ടനായി. സന്ത് ജ്ഞാനേശ്വറില്‍‍ നിന്നും (Dhnyaneshwar) തുക്കാറാമില്‍‍ നിന്നും kkകബീറില്‍‍ നിന്നും പ്രചോദനം കൊണ്ടതാണു് സുഭാഷ് പാലേക്കരുടെ ആത്മീയ പശ്ചാത്തലം.


കാട് പഠിപ്പിച്ച കൃഷി പാഠം


ഗ്രാമത്തില്‍ തിരിച്ചെത്തിയ പലേക്കര് ആദ്യം പിന്തുടര്‍ന്നിരുന്നത് രാസവളം ഉപയോഗിച്ചുള്ള കൃഷിയായിരുന്നു. ജൈവകൃഷി പിന്തുടര്‍ന്നിരുന്ന അച്ഛന്‍ ആദ്യം അതിനെ എതിര്‍ത്തു. തുടര്‍ന്ന് ഒരേക്കര്‍ സ്ഥലം പലേക്കറിന്റെ ഇഷ്ടത്തിനു കൃഷിചെയ്യാന്‍ അച്ഛന്‍ അനുവദിച്ചു. കൂടുതല്‍ വിളവ് ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞതോടെ അച്ഛനും കൂടെച്ചേര്‍‍ന്നു. 1973 മുതല്‍ 85 വരെയുള്ള കാലത്ത് ഉല്‍പാദനത്തിന്റെ അളവ് ഉയര്‍‍ന്നുകൊണ്ടിരുന്നു.

പിന്നീട് അത് നേരെ തിരിച്ചായി. വിളവെടുപ്പുകള്‍ നഷ്ടങ്ങളുടേതായി മാറാന്‍ തുടങ്ങി. കാര്‍ഷിക വിദഗ്ധന്‍മാരോടും ശാസ്ത്രജ്ഞന്‍മാരോടും ചോദിച്ചപ്പോള്‍ വളത്തിന്റെ അളവ് കൂട്ടിക്കൊണ്ടേ ഇരിക്കുക എന്നായിരുന്നു നിര്‍ദേശം. അതില്‍ തൃപ്തനാവാതെ ആദിവാസികളുടെ ജീവിതവും കാടിനെയും തൊട്ടറിയാന്‍ യാത്രയായപ്പോള്‍‍ പാലേക്കര്‍ വിലപ്പെട്ട പാഠങ്ങളാണ് പഠിച്ചത് - മണ്ണിലേക്ക് ഒരു വിത്ത് വന്നുവീഴുന്നു; ഇലകള്‍ അതിനെ മൂടുന്നു. പ്രത്യേക വളപ്രയോഗമില്ല. കീടനാശിനികളില്ല. മഴ വന്നു നനയ്ക്കുമ്പോള്‍ വിത്ത് പതുക്കെ കിളിര്‍‍ക്കുന്നു. കൃഷിയുടെ അടിസ്ഥാനം അത്രമേല്‍ ലളിതമാണെന്ന് അദ്ദഹം മനസ്സിലാക്കി.

ഫുക്കുവോക്കയുടെ ഒറ്റവയ്ക്കോല്‍‍ വിപ്ലവം

തുടര്‍‍ന്നു് നാട്ടില്‍ തിരിച്ചെത്തി കയ്യില്‍ കിട്ടിയതെന്തും പലേക്കര്‍ വായിച്ചുകൂട്ടി. ഫുക്കുവോക്കയുടെ ഒറ്റവയ്ക്കോല്‍‍ വിപ്ലവം വായിച്ചപ്പോള്‍ അതില്‍‍ നിറയെ മഹായാന ബുദ്ധിസത്തിന്റെ പാഠങ്ങളും ദര്‍ശനങ്ങളുമാണദ്ദേഹം കണ്ടത്. ഇന്ത്യയില്‍ നിന്നു പലായനം ചെയ്തവരില്‍നിന്നു കിട്ടിയ പാരമ്പര്യത്തിന്റെ പൊടിപ്പുകളായിരുന്നു അത് നിറയെ. ഫുക്കുവോക്ക ചില പ്രത്യേക വിളകളെ മാത്രമേ പരിഗണിച്ചുള്ളൂ. ആത്യന്തികഫലമറിയാനുള്ള നീണ്ട കാത്തിരിപ്പാണ് ജൈവകൃഷിയുടെ ഏറ്റവും വലിയ പോരായ്മയായി തോന്നിയത്.

സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങിനെക്കുറിച്ച് മാധ്യമങ്ങളില്‍ സജീവമായി എഴുതാന്‍ തുടങ്ങി . ഇതിനിടയില്‍ 1997-ല്‍ ഒറ്റ വൈക്കോല്‍ വിപ്ലവത്തിന്റെ മസനോബു ഫുക്കുവോക്ക ഇന്ത്യയില്‍ വന്നപ്പോള്‍ . പലേക്കറെക്കുറിച്ച് നേരത്തേ തന്നെ അറിഞ്ഞിരുന്ന ഫുക്കുവോക്ക കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങിനെക്കുറിച്ച് മുന്‍‍വിധിയില്ലാതെ കേട്ടിരുന്ന ഫുക്കുവോക്ക ഒടുവില്‍ പൂര്‍ണബോധ്യത്തോടെ പലേക്കറോടു പറഞ്ഞത് ഇങ്ങനെയായിരുന്നു : “ഓരോ സ്ഥലത്തെയും കാലാവസ്ഥയും ജീവിതരീതിയും വ്യത്യസ്തമാണ് ; നിങ്ങള്‍ കണ്ടെത്തിയത് ശരിയായ വഴി തന്നെയാണെന്ന് എനിക്ക് ഉറപ്പുണ്ട് “

അക്കാലത്ത് ബലിരാജ എന്ന പ്രശസ്തമായ മറാഠി കൃഷി മാസികയില്‍ പലേക്കര്‍ നിരന്തരമായി എഴുതിയിരുന്നു. പിന്നീട് ഈ മാസികയുടെ എഡിറ്ററായും അദ്ദഹം പ്രവര്‍‍ത്തിച്ചെങ്കിലും വൈകാതെ ജോലി രാജിവച്ചു.

സീറോ ബജറ്റ് ഫാമിങ്

ചെലവുരഹിത സ്വാഭാവിക കൃഷി രീതിയുടെ ഉപജ്ഞാതാവാണു് സുഭാഷ് പാലേക്കര്‍.

നാടന്‍ പശുവിന്റെ മൂത്രവും ചാണകവും ചേര്‍ത്തു നിര്‍മിക്കുന്ന മിശ്രിതം മണ്ണില്‍ പ്രയോഗിച്ച് വിളവ് വര്‍ധിപ്പിക്കുകയാണു സീറോ ബജറ്റ് ഫാമിങ്ങിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്. കൃഷിക്കായി ഉപയോഗിക്കുന്നതിന്റെ 10% വൈദ്യുതിയും ജലവും മതിയാകും ചെലവില്ലാ പ്രകൃതി കൃഷിക്ക്.

രാസകൃഷിയോടും ജൈവകൃഷിയും ഒരുപോലെ ഹാനികരമാണെന്നാണു് അദ്ദേഹത്തിന്റെ നിലപാടു്.


നാടന്‍ പശുവിന്റെ ചാണകവും മൂത്രവുമാണെങ്കിലേ സൂക്ഷ്മജീവി—നാടന്‍ മണ്ണിര—സസ്യങ്ങളുടെ പരസ്പരബന്ധം ശരിയായ വഴിക്കു നടക്കൂ. നാട്ടിലുള്ള സൂക്ഷ്മജീവികള്‍ക്കു മറുനാടന്‍, സങ്കര ഇനങ്ങളില്‍പ്പെട്ട പശുക്കള്‍ ഉല്‍പാദിപ്പിക്കുന്ന എന്‍സൈമുകളും ധാതുലവണങ്ങളും പറ്റില്ല.

മണ്ണിര കംപോസ്റ്റിനെതിരാണു് പലേക്കര്‍‍. മണ്ണിരക്കമ്പോസ്റ്റ്‌ നിരോധിക്കണമെന്നാണു് പാലക്കാട്ട്‌ സീറോബജറ്റ്‌ കൃഷിപരിശീലന ശില്‌പശാലയില്‍ പലേക്കര്‍ നടത്തിയ അഭിപ്രായപ്രകടനം.
മണ്ണിനുള്ളിലേക്കും പുറത്തേക്കുമുള്ള മണ്ണിരയുടെ വരവുപോക്കുകള്‍ കൃഷിക്കു ഗുണകരമാണെന്നാണു് ജൈവകൃഷിയുടെഅടിസ്ഥാനം .

എന്നാല്‍ കംപോസ്റ്റിനായി ഉപയോഗിക്കുന്ന മണ്ണിര ഭൂമിയുടെ പ്രതലത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ അത് ഗുണത്തെക്കാളേറെ ദോഷമാണു ചെയ്യുകയെന്നും അമിതമായ അളവില്‍ കാര്‍ബണ്‍ഡയോക്സൈഡ് പുറത്തേക്കു വിടുകയും കാഡ്മിയം, ഈയം തുടങ്ങിയ വിനാശകരമായ ലോഹങ്ങള്‍ മണ്ണില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ മണ്ണിര കംപോസ്റ്റ്‌വഴി ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ മനുഷ്യനു് അപകടകാരിയാണു്. എന്ന് പലേക്കര്‍ പറയുന്നു. സീറോ ബജറ്റ് ഫാമിങ് വഴി പ്രാദേശിക വിത്തിനങ്ങള്‍ക്ക് ജൈവ, രാസവള കൃഷിയിലെക്കാളും ഉല്‍പാദനം കൂടുമെന്ന് പലേക്കര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഡോ. എം.എസ്. സ്വാമിനാഥനൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രശസ്ത കാര്‍ഷിക വിദഗ്ധനോടു പലേക്കര്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് രാസവളം ഉപയോഗിച്ചാല്‍ ബസ്മതി വിത്തുകൊണ്ട് ഒരേക്കറില്‍ ശരാശരി പത്ത് ക്വിന്റല്‍ ഉല്‍പാദിപ്പിക്കാമെന്നാണ്. കര്‍ണാടകയിലോ പഞ്ചാബിലോ ഹരിയാനയിലോ പോയി നോക്കിയാല്‍ അവിടെ സീറോ ബജറ്റിങ് ഫാമിങ് പിന്തുടരുന്ന കര്‍ഷകര്‍ ഓരോ ഏക്കറില്‍നിന്നും ശരാശരി കൊയ്തെടുക്കുന്നത് 18-24 ക്വിന്റല്‍ ബസ്മതി ആണെന്നുകാണാമെന്നു് പലേക്കര്‍ പറയുന്നു.

ഹരിത വിപ്ലവം ഒരു ഗൂഢാലോചനയാണെന്നാണു് പലേക്കര്‍ ഉറച്ചുവിശ്വസിക്കുന്നതു്. വളങ്ങള്‍ അമിതമായി ഉപയോഗിച്ചാല്‍ മാത്രം മെച്ചപ്പെട്ട ഫലം ഉല്‍പാദിപ്പിക്കുന്ന വിത്തിനങ്ങള്‍ ഉപയോഗിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുക വഴി ഒരു ഗൂഢാലോചനയ്ക്കു് കാര്‍ഷിക ശാസ്ത്രജ്ഞര്‍ കൂട്ടുനിന്നതായി അദ്ദേഹം വിശ്വസിക്കുന്നു. മരുന്നു വ്യവസായവും ഹരിത വിപ്ലവവും തമ്മിലും ബന്ധമുണ്ടെന്നാണു പലേക്കറുടെ പക്ഷം. വിഷം വിളകള്‍ വഴി ഉള്ളില്‍ ചെല്ലുമ്പോള്‍ അഭയംതേടുക മരുന്നുകളിലായിരിക്കുമല്ലോ. 54 ലക്ഷം കോടി രൂപ പ്രതിവര്‍ഷം വിത്തുകള്‍ക്കും വളത്തിനും കീടനാശിനികള്‍ക്കുമായി ചെലവാക്കുന്ന ഒരു നാടാണ് നമ്മുടേത്.

ബസവശ്രീ


കാര്‍ഷിക പരീക്ഷണങ്ങള്‍ സജീവമായി നടത്തിയിരുന്ന കാലത്ത് ഭാര്യ ചന്ദ പലേക്കരുടെ പിന്തുണയായിരുന്ന കരുത്ത്. സാമ്പത്തിക ഞെരുക്കം നന്നായി ബാധിച്ചിരുന്ന അക്കാലത്തു് ചന്ദ ആഭരണങ്ങള്‍ ഊരിനല്‍കിയും കയ്യില്‍ കിട്ടുന്ന തുകയെല്ലാം ഭര്‍ത്താവിനു നല്‍കിയും കുടുംബത്തിന്റെ അതിജീവനത്തിനു് സഹായിച്ചു. 2006-ല്‍ കാന്‍സര്‍ ബാധിതയായി ചന്ദ മരണമടഞ്ഞു.

രണ്ട് ആണ്‍‍മക്കളാണ് സുഭാഷ് പലേക്കര്‍ക്ക്. പ്രൊഫസര്‍ ആയിരുന്ന മൂത്ത മകന്‍ അമോല്‍ ജോലി രാജിവച്ച് പിതാവിന്റെ വഴിയിലേക്ക് ഇറങ്ങി. മൂത്തയാളെ പിന്തുടര്‍ന്ന് എന്‍ജിനീയറായ ഇളയ മകന്‍ അമിതും ജോലി രാജിവച്ച് സീറോ ബജറ്റ് ഫാമിങ് പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയുന്നു.


പാലേക്കരിനു് വിദേശ, സ്വദേശ ഫണ്ടിങ്ങുകളുടെ പിന്‍ബലമില്ല. കമ്പനികളില്‍നിന്നോ സംഘടനകളില്‍നിന്നോ സര്‍ക്കാരില്‍നിന്നോ പൈസയൊന്നും കൈപ്പറ്റുന്നുമില്ല. സെമിനാറുകളില്‍നിന്നും വര്‍ക്ഷോപ്പുകളില്‍നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ചാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് കൃഷിരീതി രാജ്യമൊട്ടാകെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മറാഠിയില്‍ ഇരുപത്തിമൂന്നും ഹിന്ദിയിലും ഇംഗ്ലീഷിലും നാലു വീതവും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് പലേക്കര്. ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും വിവര്‍ത്തനങ്ങളും ഉണ്ടായിട്ടുണ്ട്.

കേരളത്തില്‍നിന്ന് ഒരുപാടു പേര്‍ സീറോ ബജറ്റ് ഫാമിങ്ങിനെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടു്. കേരളത്തില്‍ ആദ്യം പലേക്കര് വന്നത് പാലക്കാട്ടാണ്. പിന്നെ ഇടുക്കിയിലും കോഴിക്കോട്ടും കോട്ടയത്തും വന്നു.

2005ല്‍ പലേക്കര്‍ക്ക് ബസവശ്രീ എന്ന പുരസ്കാരം കിട്ടി. മുന്‍പ് അതു കിട്ടിയത് ദലൈലാമ, മേധാ പാട്കര്‍ തുടങ്ങിയവര്‍ക്കാണ്.

കൊക്കകോള വിരുദ്ധ സമരക്കാരെ കൃഷ്ണന്‍കുട്ടിയുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ ജനതാദള്‍ മര്‍ദിച്ചൊതുക്കുന്നു: പ്ലാച്ചിമട സമിതി

.
ദളിത്‌ - ആദിവാസി ജനതയ്‌ക്കെതിരെ അതിക്രമം
കൊച്ചി: പ്ളാച്ചിമടയില്‍ കൊക്കകോള കമ്പനിക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തുന്ന ദളിത്- ആദിവാസി ജനവിഭാഗങ്ങളെ എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചൊതുക്കി സമരം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്ളാച്ചിമട ഐക്യദാര്‍ഢ്യസമിതി നേതാക്കള്‍ പറഞ്ഞു. പ്ളാച്ചിമടയിലെ സമരപന്തല്‍ മാര്‍‍ച്ച് 30 ചൊവ്വാഴ്ച വൈകിട്ട് തീയിട്ടുനശിപ്പിച്ചതായും ഐക്യദാഢ്യസമിതി നേതാവ് ജിയോജോസ് പറഞ്ഞു.

കോള വിരുദ്ധ സമരത്തെ ആദ്യഘട്ടത്തില്‍ ശക്‌തമായി എതിര്‍ത്ത കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലാണ് പ്ളാച്ചിമടയില്‍ അക്രമം നടത്തുന്നത്. കൊക്കകോള കമ്പനിക്ക്‌ സ്വന്തം കിണറ്റില്‍ നിന്നു വെള്ളം കൊടുക്കുകയും ചെയ്‌ത ഈ ജനതാദള്‍ സംസ്‌ഥാന നേതാവിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ക്ക് കുടിവെള്ളമടക്കം നിഷേധിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജനതാദളിന്റെ പഞ്ചായത്ത് അംഗം സുരേഷിന്റെ നേതൃത്വത്തിലാണ് സമരനേതാവ് വിളയോടി വേണുഗോപാലിനെ ആക്രമിച്ചത്.—ഇതെ തുടര്‍ന്ന് കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്ളാച്ചിമട കോളനിയില്‍ കറുപ്പസ്വാമി, മുരുകന്‍ എന്നിവരുടെ വീടുകള്‍ തകര്‍ത്തു. മര്‍ദ്ദനമേറ്റ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ ആശുപത്രിയിലാണ്.

ആദിവാസികളുടെ നേരെ പ്ളാച്ചിമടയില്‍ നടക്കുന്ന അക്രമം വേദനയും നാണക്കേടുമുളവാക്കുന്നതാണെന്ന് ആദിവാസി പ്രവര്‍ത്തക ദയാബായി പറഞ്ഞു. സ്വാതന്ത്യ്രം, നീതി, സമത്വം എന്നിവയില്ലാതാക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും അവര്‍ പറഞ്ഞു. കോളനിയില്‍ അക്രമം നടത്തിയവര്‍ക്കെതിരെ പട്ടികജാതി - വര്‍ഗ അതിക്രമവിരുദ്ധ നിയമപ്രകാരം കേസ് രജിസ്റ്റര്‍ചെയ്യണമെന്ന് ഐക്യദാര്‍ഢ്യസമിതി ആവശ്യപ്പെട്ടു.

ഈ അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പ്ലാച്ചിമട സമരത്തെ വിറ്റുകാശാക്കാനുള്ള ഗൂഢനീക്കം പരാജയപ്പെട്ടതിലുള്ള രോഷമാണ്‌ ജനതാദള്‍ ഇപ്പോള്‍ നടത്തുന്ന അക്രമങ്ങളുടെ പ്രേരണ- ഐക്യദാര്‍ഢ്യ സമിതി നേതാക്കളായ ദയാബായി, ജിയോജോസ്‌ തുടങ്ങിയവര്‍ ആരോപിച്ചു. എം എന്‍ ഗിരി, വി ഡി മജീന്ദ്രന്‍, ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി, യെല്‍‍ദോ മുകളേല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

.

പ്ലാച്ചിമട സമരപ്പന്തല്‍ തീവെച്ച് നശിപ്പിച്ചതില്‍ പ്രതിഷേധം ഇരമ്പുന്നു

മുഖ്യമന്ത്രി ഉടന്‍ ഇടപെടണം: കൃഷ്‌ണയ്യര്‍

കൊച്ചി: പ്ലാച്ചിമടയില്‍ സമരപ്പന്തല്‍ അഗ്നിക്കിരയാക്കുകയും വിളയോടി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കുകയും ചെയ്‌ത സംഭവത്തില്‍ സത്വരമായി ഇടപെടണമെന്നു ജസ്‌റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനയച്ച കത്തില്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഭരണകക്ഷിയുടെ നേതൃത്വത്തിലുള്ള സാമൂഹിക ദ്രോഹികളാണു് പന്തലിനു തീവച്ചത്‌. മൂന്ന്‌ ആദിവാസിക്കുടിലുകള്‍ നശിപ്പിച്ചിട്ടുമുണ്ട്‌. ലോകജലസമരങ്ങളുടെ മാതാവായ പ്ലാച്ചിമട സമരത്തെ നിലനിര്‍ത്തുന്നതിനു മുഖ്യമന്ത്രിയുടെ ഇടപെടല്‍ കൃഷ്‌ണയ്യര്‍ അഭ്യര്‍ഥിച്ചു.

സമാജവാദി ജനപരിഷത്ത്

കോട്ടയം: പ്ളാച്ചിമടയില്‍ കോളവിരുദ്ധസമരം നടത്തിയ വിളയോടി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കുകയും വീടുകള്‍ തകര്‍ക്കുകയും സമരപ്പന്തല്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് അപലപിച്ചു. സംഭവത്തിന്റെ നിജസഥിതി അന്വേഷിച്ച് കുറ്റകാര്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വദേശി ജാഗര മഞ്ച്

പാലക്കാട്:കൊക്കകോള വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ക്കു നേരെ വീരന്‍വിഭാഗം ജനതാദളുകാര്‍ നടത്തുന്ന അക്രമം നിര്‍ത്തണമെന്ന് സ്വദേശി ജാഗര മഞ്ച് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദളിന്റെ കപടരാഷ്ട്രീയം സ്വദേശി ജാഗര മഞ്ച് തുറന്നുകാണിക്കും. അക്രമങ്ങളെ എന്തു വിലകൊടുത്തും നേരിടുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി ബിജു, കൃഷ്ണന്‍കുട്ടി, രഞ്ജിത് എന്നിവര്‍ പറഞ്ഞു.

.

കോളവിരുദ്ധ സമരസമിതിയുടെ പന്തല്‍ ജനതാദളുകാര്‍ കത്തിച്ചു

പാലക്കാട്: പ്ലാച്ചിമടസമര നേതാവായ വിളയോടി വേണുഗോപാലിനെ മാര്‍‍ച്ച് 30 ചൊവ്വാഴ്ച ജനതാദളുകാര്‍ മര്‍‍ദിക്കുകയും പ്ളാച്ചിമട കോളനിക്കുമുന്നില്‍ കോള വിരുദ്ധസമരസമിതി കെട്ടിയിരുന്ന സമരപ്പന്തല്‍ അന്നു രാത്രി തീയിട്ടു നശിപ്പിക്കുകയും ചെയ്തു. ഫര്‍ണീച്ചറുകള്‍, സമരസമിതിയുടെ രേഖകള്‍, മയിലമ്മയടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത സമരചിത്രങ്ങള്‍ എന്നിവയും കത്തിച്ചു. സമരവുമായി ബന്ധപ്പെട്ട പ്രധാനരേഖകളും നശിച്ചു.

നാല് ദിവസമായി പ്ലാച്ചിമടയില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് സമരപന്തലിന് തീവയ്ക്കുന്നതില്‍ വരെയെത്തിയതു്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്ളാച്ചിമടയില്‍ വെള്ളം എത്തിക്കാന്‍ പെരുമാട്ടി പഞ്ചായത്തുഭരണം നടപടി സ്വീകരിച്ചിട്ടില്ല. കോളക്കമ്പനിക്കെതിരെ ആദിവാസികള്‍ ഉള്‍പ്പെടെ സമരംചെയ്യുമ്പോള്‍ ജനതാദള്‍ സംസ്‌ഥാന നേതാവ് കെ കൃഷ്ണന്‍കുട്ടി കോളക്കമ്പനിക്ക് വെള്ളംവിറ്റു. സമരം നടത്തുന്ന ആദിവാസികളെ പാഠം പഠിപ്പിക്കുന്നതിനു വേണ്ടി കുടിവെള്ളം നിഷേധിക്കാനുള്ള നീക്കമാണ്‌ ജനതാദള്‍ ഭരിക്കുന്ന പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടായത്‌. ഇതിനെ എതിര്‍‍ത്ത സമര നേതാവായ വിളയോടി വേണുഗോപാലിനെ മാര്‍‍ച്ച് 30 ചൊവ്വാഴ്ച പകല്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ പഞ്ചായത്ത്‌ അംഗം ജനതാദളിലെ പ്ളാച്ചിമട സുരേഷിന്റെ നേതൃത്വത്തില്‍ മര്‍‍ദിച്ചു. ഇതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ആദിവാസികളെ വീട്ടില്‍ കയറി ക്രൂരമായി ആക്രമിച്ചു. കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്ളാച്ചിമട കോളനിയില്‍ കറുപ്പസ്വാമി, മുരുകന്‍ എന്നിവരുടെ വീടുകള്‍ തകര്‍ത്തു. ആദിവാസി മൂപ്പനും സ്ത്രീകളും കുട്ടികളുമടക്കം പ്ളാച്ചിമടയിലെ 11 ആദിവാസികളെ ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദിവാസികളുടെ വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്തു. കൊക്കകോളയ്ക്കെതിരായ ഐതിഹാസിക സമരത്തിന്റെ നേര്‍സാക്ഷ്യമായ കോളവിരുദ്ധ സമരപ്പന്തല്‍ അന്നു രാത്രി തീയിട്ട് നശിപ്പിച്ചു.

2002 ഏപ്രില്‍ 22നാണ് കോളവിരുദ്ധ സമരസമിതി ഓലകൊണ്ട് ഓഫീസ് കെട്ടിയത്. ലോക ജലസമ്മേളനത്തിനും ഐതിഹാസികമായ നിരവധി സമരങ്ങള്‍ക്കും സാക്ഷ്യംവഹിച്ച പന്തലാണ് കത്തിച്ചത്. പെരുമാട്ടി പഞ്ചായത്തംഗമായ ജനതാദളിലെ പ്ളാച്ചിമട സുരേഷ്, സിക്കന്തര്‍ ബാഷ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പ്ളാച്ചിമട കോളവിരുദ്ധ ഐക്യദാര്‍ഢ്യ സമിതി പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
.

2010/04/04

ഡോ. ലോഹിയ ഇന്ത്യ കണ്ട രണ്ടാമത്തെ മൗലിക ചിന്തകന്‍ - അനന്തമൂര്‍ത്തി


കോട്ടയം,ഏപ്രില്‍ 3: ഗാന്ധിജിക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മൗലിക ചിന്തകനാണ് ഡോ. രാംമനോഹര്‍ ലോഹ്യയെന്ന് കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രൊഫ. ഡോ. യു.ആര്‍. അനന്തമൂര്‍ത്തി അഭിപ്രായപ്പെട്ടു. സമാജ്‌വാദി ജനപരിഷത്ത് സംഘടിപ്പിച്ച ഡോ. രാംമനോഹര്‍ ലോഹിയ ജന്മശതാബ്ദിപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജന്മി, അടിയാന്‍ വ്യവസ്ഥിതി മാറി ഒരു പൊതു ഉടമസ്ഥതയില്‍ ഉത്പാദനം നടന്നാല്‍ മാത്രമേ സമ്പദ്‌വ്യവസ്ഥ കൈവരിക്കാന്‍ പറ്റൂവെന്ന് ചിന്തിച്ച ആളാണ് മാര്‍ക്‌സ്. എന്നാല്‍ ഇതോടൊപ്പം ഉത്പാദനരീതിയും മാറ്റണമെന്നാണ് ഡോ. ലോഹ്യ അഭിപ്രായപ്പെട്ടത്. ഈ മഹത്തായ ആശയത്തിന് ഗാന്ധിജിയോടാണ് ലോഹ്യ കടപ്പെട്ടിരിക്കുന്നതെന്നും അനന്തമൂര്‍ത്തി പറഞ്ഞു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളില്‍ നടന്ന പരിപാടിക്ക് സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എബി ജോണ്‍ വന്‍നിലം, സെക്രട്ടറി അഡ്വ. ജെയ്‌മോന്‍ തങ്കച്ചന്‍, കെ. രമേശ് എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാലുതവണ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയ അരുണ്‍മോഹന്‍ എന്‍ഡോ സള്‍ഫാന്റെ ദോഷവശങ്ങളെക്കുറിച്ച് മോണോ ആക്ട് അവതരിപ്പിച്ചു.

.