2010/04/10

ചെലവുരഹിത പ്രകൃതികൃഷിരീതി: എം.കെ സെബാസ്റ്റ്യന്‍ കൊയ്തെടുത്ത വിളവിനു് പത്തരമാറ്റ് തിളക്കം

കടുത്തുരുത്തി: ചെലവില്ലാ പ്രകൃതികൃഷിരീതിയിലൂടെ പ്രകൃതിയെ അറിഞ്ഞു നടത്തിയ നെല്‍കൃഷിയില്‍ നിന്ന് മുട്ടുചിറ മുതുകുളത്തില്‍ എം.കെ സെബാസ്റ്റ്യന്‍ കൊയ്തെടുത്ത വിളവിനു പത്തരമാറ്റ് തിളക്കമുണ്ടു്. കോട്ടയം ജില്ലയിലെ ആദ്യത്തെ സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങിന്റെ കൊയ്ത്തുല്‍സവമായിരുന്നു മാന്നാര്‍ തെക്കുംപുറം പാടശേഖരത്തില്‍ 2010 മാര്‍ച്ച് 31നു്. എല്ലാവരും നെല്‍ക്കൃഷിയെ കൈവിടുമ്പോള്‍ സീറോ ബജറ്റ് നാച്ചുറല്‍ കൃഷിക്കാരന്‍ മികച്ച വിളവു കൊയ്യുന്നു. ആലപ്പുഴ ഫുഡ്‌ കോര്‍പറേഷനിലെ അഡ്‌മിനിസ്‌ട്രേഷന്‍ മാനേജര്‍ കൂടിയായ മുട്ടുചിറ മുതുകുളത്തില്‍ സെബാസ്‌റ്റ്യനാണ്‌ ചെലവില്ലാ പ്രകൃതികൃഷിരീതിയിലൂടെ ശ്രദ്ധേയനായിരിക്കുന്നതു്.


സീറോ ബജറ്റ് നാച്ചുറല്‍ കൃഷി രീതിയുടെ ഉപജ്ഞാതാവ് മഹാരാഷ്ട്രക്കാരനായ സുഭാഷ് പലേക്കര്‍ നയിക്കുന്ന കാര്‍ഷിക വിപ്ലവത്തിന്റെ അലകള്‍ അപ്പര്‍കുട്ടനാടിന്റെ പാടശേഖരങ്ങളിലേക്കും സെബാസ്റ്റ്യനിലൂടെ എത്തിയിരിയ്ക്കുന്നു. പ്രകൃതിയെയും മണ്ണിനെയും അറിഞ്ഞ് നടത്തുന്ന സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങില്‍ (ചെലവില്ലാ പ്രകൃതികൃഷിരീതിയില്‍) വളവും കീടനാശിനിയുമൊക്കെ കര്‍ഷകന്‍ തന്നെ സ്വന്തം വീട്ടില്‍ നിര്‍മിക്കുന്നു. ഗോമൂത്രവും ചാണകവും വെള്ളവുമൊക്കെയാണ് ഇവിടെ വളത്തിന്റെ അസംസ്കൃത വസ്തുക്കള്‍. തെക്കുപുറം പാടശേഖരത്തിലെ 50 സെന്റ് സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പുത്തന്‍ കൃഷിരീതി പരീക്ഷിച്ച സെബാസ്റ്റ്യനു് പത്ത് ക്വിന്റലോളം നെല്ലാണ് അന്‍പതു സെന്റ് ഭൂമിയില്‍ രാസവളത്തിന്റെയോ കീടനാശിനികളുടെയോ സ്പര്‍ശനമേല്‍ക്കാതെ വിളഞ്ഞത്.


രാസവസ്തുക്കളുടെ അമിത ഉപയോഗം മൂലം മാറിയ മണ്ണിന്റെ സ്വഭാവം പുത്തന്‍കൃഷിയുടെ ആവര്‍ത്തനത്തിലൂടെ മാറിവരുമ്പോള്‍ വിളവ് ഇനിയും വര്‍ധിക്കും. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായ (ആലപ്പുഴ ഫുഡ്‌ കോര്‍പറേഷനിലെ അഡ്‌മിനിസ്‌ട്രേഷന്‍ മാനേജര്‍) ഇദ്ദേഹം സുഭാഷ് പാലേക്കറുടെ പാഠങ്ങളില്‍ ആകൃഷ്ടനായാണ് ചെലവില്ലാ പ്രകൃതികൃഷിരീതിയിലേക്ക് കടന്നത്.


ഡിസംബര്‍ നാലിനു പാടത്ത് 120 ദിവസം കൊണ്ട്‌ വിളവെടുക്കാവുന്ന ഉമ ഡി.1 നെല്‍വിത്ത് വിതച്ചായിരുന്നു തുടക്കം. നിലം ഉഴാതെയാണ്‌ ഈ കൃഷി രീതിയില്‍ വിത്തിറക്കിയത്‌. വിതയ്‌ക്ക് 15 ദിവസത്തിനു ശേഷം നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ശേഖരിച്ച്‌ പ്രത്യേക അനുപാതത്തില്‍ ശര്‍ക്കര അലിയിച്ച വെള്ളവും ചേര്‍ത്ത്‌ രണ്ടു ദിവസം സൂക്ഷിച്ചശേഷം പാടത്ത്‌ ഒഴിച്ചു. 15 ദിവസം ഇടവിട്ട്‌ രണ്ടു തവണ കൂടി ഈ രീതിയില്‍ ചെയ്തു. പിന്നീട്‌ ഒരു വളപ്രയോഗവും സീറോ ബജറ്റ് കൃഷിക്ക്‌ വേണ്ട. അങ്ങനെ ഗോമൂത്രവും ചാണകവും ചേര്‍ന്ന മിശ്രിതം നെല്ലിനു നാലു തവണ ഒഴിച്ചു. ജൈവകീടനാശിനിയും തളിച്ചു. വിപണിയില്‍ നിന്ന് ഒന്നും വാങ്ങാതെയുള്ള കൃഷി. ജൈവകൃഷിയെപ്പറ്റി നാട് ഇതുവരെ ആര്‍ജിച്ച പാഠങ്ങളല്ല സുഭാഷ് പലേക്കര്‍ കര്‍ഷകര്‍ക്കു പറഞ്ഞുകൊടുക്കുന്നത്. നാടന്‍പശുവിന്റെ മൂത്രവും ചാണകവുമാണ് ഇവിടെ വളമായി രൂപപ്പെടുത്തിയെടുക്കുന്നത്. ഒരു ഏക്കര്‍ പ്രദേശത്തെ നെല്‍കൃഷിക്ക് അഞ്ചു ലിറ്റര്‍ ഗോമൂത്രവും 200 ലിറ്റര്‍ വെള്ളവും 10 കിലോഗ്രാം ചാണകവും വേണം.


ഇവ മൂന്നും കൂട്ടിക്കലര്‍ത്തി ശര്‍ക്കരയോ കരിമ്പിന്‍നീരോ ചേര്‍ത്ത് പുളിപ്പിക്കുന്നു. 72 മണിക്കൂര്‍ കൊണ്ടാണ് പുളിപ്പിക്കല്‍ പ്രക്രിയ പൂര്‍ത്തിയാവുക. ജൈവ വളത്തില്‍ നൈട്രജന്റെ അളവ് വര്‍ധിപ്പിക്കാന്‍ വേണമെങ്കില്‍ പയറ്പൊടി ചേര്‍ക്കാം. പുളിപ്പിച്ച മിശ്രിതം നെല്‍ച്ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കുന്നു. 120 ദിവസത്തിനുള്ളില്‍ നാലുതവണ വളം നല്‍കണം. വേപ്പില, ശീമക്കൊന്നയില, ചെമ്പരത്തിയില ഇവയൊക്കെ ചേര്‍ത്താണ് ജൈവകീടനാശിനിയുടെ നിര്‍മാണം. ഇതു കൃത്യമായി പ്രയോഗിച്ചാല്‍ നെല്‍ച്ചെടികള്‍ക്കു നേരെ കീടങ്ങളുടെ ആക്രമണം ഉണ്ടാകില്ല. യാതൊരുവിധ രാസവള പ്രയോഗവുമില്ലാത്തതിനാല്‍ നെല്‍ച്ചെടിക്ക്‌ കൃമികീടങ്ങളുടെ ആക്രമണം കുറയും. നെല്‍ച്ചെടിയില്‍ ധാരളം ചിലന്തികള്‍ വല ഒരുക്കിയിരിക്കുന്നതിനാല്‍ കീടങ്ങളെ ചിലന്തി ഭക്ഷിക്കുന്നുവെന്നതാണ്‌ കീടങ്ങളുടെ ഉപദ്രവം കുറയാന്‍ കാരണം.


രാസവളം പ്രയോഗിക്കുന്ന നെല്‍ക്കൃഷിയില്‍ 1 ഏക്കറിന്‌ 10 ക്വിന്റല്‍ നെല്ലു വിളവു ലഭിക്കുമ്പോള്‍ ഇതില്‍ അന്‍പതു സെന്റ് ഭൂമിയില്‍ പത്ത് ക്വിന്റലോളം നെല്ലാണ് രാസവളത്തിന്റെയോ കീടനാശിനികളുടെയോ സ്പര്‍ശനമേല്‍ക്കാതെ സെബാസ്‌റ്റ്യന്റെ വിളവെടുപ്പ്‌.


ചെലവില്ലാ പ്രകൃതികൃഷിയുടെ വിളവെടുപ്പില്‍ പങ്കെടുക്കാന്‍ ഇന്നലെ തെക്കുംപുറം പാടശേഖരത്തിലേക്ക് നാട്ടുകാരും ജനപ്രതിനിധികളും പ്രകൃതി സ്നേഹികളുമടക്കം നിരവധി പേരാണ് എത്തിയത്. കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു രാജഗിരി, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, ഗാന്ധി സ്മാരക നിധി ഭാരവാഹികള്‍, പ്രകൃതിജീവനസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.