2010/04/10

കോളവിരുദ്ധ സമരസമിതിയുടെ പന്തല്‍ ജനതാദളുകാര്‍ കത്തിച്ചു

പാലക്കാട്: പ്ലാച്ചിമടസമര നേതാവായ വിളയോടി വേണുഗോപാലിനെ മാര്‍‍ച്ച് 30 ചൊവ്വാഴ്ച ജനതാദളുകാര്‍ മര്‍‍ദിക്കുകയും പ്ളാച്ചിമട കോളനിക്കുമുന്നില്‍ കോള വിരുദ്ധസമരസമിതി കെട്ടിയിരുന്ന സമരപ്പന്തല്‍ അന്നു രാത്രി തീയിട്ടു നശിപ്പിക്കുകയും ചെയ്തു. ഫര്‍ണീച്ചറുകള്‍, സമരസമിതിയുടെ രേഖകള്‍, മയിലമ്മയടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത സമരചിത്രങ്ങള്‍ എന്നിവയും കത്തിച്ചു. സമരവുമായി ബന്ധപ്പെട്ട പ്രധാനരേഖകളും നശിച്ചു.

നാല് ദിവസമായി പ്ലാച്ചിമടയില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് സമരപന്തലിന് തീവയ്ക്കുന്നതില്‍ വരെയെത്തിയതു്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്ളാച്ചിമടയില്‍ വെള്ളം എത്തിക്കാന്‍ പെരുമാട്ടി പഞ്ചായത്തുഭരണം നടപടി സ്വീകരിച്ചിട്ടില്ല. കോളക്കമ്പനിക്കെതിരെ ആദിവാസികള്‍ ഉള്‍പ്പെടെ സമരംചെയ്യുമ്പോള്‍ ജനതാദള്‍ സംസ്‌ഥാന നേതാവ് കെ കൃഷ്ണന്‍കുട്ടി കോളക്കമ്പനിക്ക് വെള്ളംവിറ്റു. സമരം നടത്തുന്ന ആദിവാസികളെ പാഠം പഠിപ്പിക്കുന്നതിനു വേണ്ടി കുടിവെള്ളം നിഷേധിക്കാനുള്ള നീക്കമാണ്‌ ജനതാദള്‍ ഭരിക്കുന്ന പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടായത്‌. ഇതിനെ എതിര്‍‍ത്ത സമര നേതാവായ വിളയോടി വേണുഗോപാലിനെ മാര്‍‍ച്ച് 30 ചൊവ്വാഴ്ച പകല്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ പഞ്ചായത്ത്‌ അംഗം ജനതാദളിലെ പ്ളാച്ചിമട സുരേഷിന്റെ നേതൃത്വത്തില്‍ മര്‍‍ദിച്ചു. ഇതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ആദിവാസികളെ വീട്ടില്‍ കയറി ക്രൂരമായി ആക്രമിച്ചു. കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്ളാച്ചിമട കോളനിയില്‍ കറുപ്പസ്വാമി, മുരുകന്‍ എന്നിവരുടെ വീടുകള്‍ തകര്‍ത്തു. ആദിവാസി മൂപ്പനും സ്ത്രീകളും കുട്ടികളുമടക്കം പ്ളാച്ചിമടയിലെ 11 ആദിവാസികളെ ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദിവാസികളുടെ വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്തു. കൊക്കകോളയ്ക്കെതിരായ ഐതിഹാസിക സമരത്തിന്റെ നേര്‍സാക്ഷ്യമായ കോളവിരുദ്ധ സമരപ്പന്തല്‍ അന്നു രാത്രി തീയിട്ട് നശിപ്പിച്ചു.

2002 ഏപ്രില്‍ 22നാണ് കോളവിരുദ്ധ സമരസമിതി ഓലകൊണ്ട് ഓഫീസ് കെട്ടിയത്. ലോക ജലസമ്മേളനത്തിനും ഐതിഹാസികമായ നിരവധി സമരങ്ങള്‍ക്കും സാക്ഷ്യംവഹിച്ച പന്തലാണ് കത്തിച്ചത്. പെരുമാട്ടി പഞ്ചായത്തംഗമായ ജനതാദളിലെ പ്ളാച്ചിമട സുരേഷ്, സിക്കന്തര്‍ ബാഷ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പ്ളാച്ചിമട കോളവിരുദ്ധ ഐക്യദാര്‍ഢ്യ സമിതി പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.