2010/04/11

മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ചു: യേശുദാസിന്റെ സാന്നിധ്യത്തില്‍ ലാലൂര്‍ സമരം തീര്‍ന്നു

.


തൃശ്ശൂര്‍ : പതിറ്റാണ്ടുകാലമത്രയും മാലിന‌്യകൂമ്പാരത്തിന്റെ കൂടാരമായിരുന്ന ലാലൂരിലെ മാലിന്യപ്രശ്‌നം പരിഹാരിക്കാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം അംഗീകരിച്ചുകൊണ്ടു് ലാലൂര്‍ മാലിന‌്യവിരുദ്ധസമരസമിതിയുടെ നേതൃത‌്വത്തില്‍ ലാലൂരില്‍ നടന്നുവന്നിരുന്ന ഉപവാസസമരം പിന്‍വലിച്ചു. ഏപ്രില്‍ 7 ബുധനാഴ്ച നിരാഹാരസത്യാഗ്രഹം അനുഷ്ഠിച്ച കെ.ജി. അനില്‍കുമാറിന് കെ ജെ യേശുദാസ് നാരങ്ങാനീര് നല്‍കിയതോടെയാണു് 115 ദിവസം നീണ്ട നിരാഹാര പ്രക്ഷോഭത്തിനു് അവസാനമായതു്.


മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മുന്‍കയ്യെടുത്ത് തയ്യാറാക്കിയ ലാലൂര്‍ പ്രശ്‌നപരിഹാരം രാഷ്ട്രീയ, മതഭേദമെന്യേ നടപ്പാക്കാന്‍ എല്ലാവരും ഒന്നിക്കണമെന്ന് യേശുദാസ് ആഹ്വാനം ചെയ്തു.


വികേന്ദ്രീകൃത സംസ്‌കരണം കാര്യക്ഷമമായി നടപ്പാക്കുമെന്നും തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ലാലൂരില്‍ തുടങ്ങിവെച്ച എന്‍ജിനീയറിങ് ലാന്‍ഡ് ഫില്ലിങ് എന്ന കേന്ദ്രീകൃത സംസ്‌കരണപദ്ധതി ഉപേക്ഷിക്കുമെന്നും ഏപ്രില്‍ 6നു് നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടുവട്ടമായി നടന്ന ചര്‍ച്ചയില്‍ ലാലൂര്‍ സമരസമിതി ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചിട്ടുണ്ട്. പ്രധാനമായി കേന്ദ്രീകൃത മാലിന്യ സംസ്‌കരണം ഉപേക്ഷിക്കുകയും വികേന്ദ്രീകൃത സംസ്‌കരണം ഏര്‍പ്പെടുത്തുകയും ചെയ്യുകയെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചിരുന്നത്. കാര്‍ഷിക സര്‍വ്വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പത്തിയൂര്‍ ഗോപിനാഥ് അവതരിപ്പിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്ത പദ്ധതിയില്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിനാണ് മുന്‍തൂക്കം.


കെ.എസ്.യു.ഡി.പി. യുടെ പദ്ധതികള്‍ നിര്‍ത്തിവെയ്ക്കാനാണ് യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായത്. ഇതും സമരസമിതി ആവശ്യപ്പെട്ടിരുന്നതാണ്. 10 കോടി രൂപയുടെ പദ്ധതികളാണ് കെ.എസ്.യു.ഡി.പി. ഇവിടെ നടത്താനുദ്ദേശിച്ചിരുന്നത്. ഇതില്‍ 7 കോടി രൂപയുടെ പണികള്‍ നടന്നുവരികയാണ്. ബാക്കി 3 കോടി രൂപ പത്തിയൂര്‍ ഗോപിനാഥ് സമര്‍പ്പിച്ച വികേന്ദ്രീകൃത മാലിന്യസംസ്‌കരണ പദ്ധതിക്ക് കൈമാറും.

ലാലൂരിലെ മാലിന്യമല നീക്കാനും മുഖ്യമന്ത്രിയുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മാ ർച്ച് 28നും ഏപ്രില്‍ 6-നും നടന്ന ചര്‍ച്ച തൃപ്തികരമാണെന്ന് സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്


വാഗ്ദാനങ്ങള്‍ ചീയരുതെന്ന് യേശുദാസ് സമരസമാപനവേളയില്‍ ഓര്‍മിപ്പിച്ചു. മാലിന്യത്തിന് സമീപം മൂക്കുപൊത്തുന്നതിന് രാഷ്ട്രീയ, മതഭേദമില്ല. പാട്ടുപാടി നടക്കുന്ന തന്നെപ്പോലുള്ളവരെ ഇനിയും ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടീക്കാന്‍ അവസരം ഉണ്ടാക്കരുതെന്ന് യേശുദാസ് ഭരണാധികാരികളെ ഓര്‍മിപ്പിച്ചു. സ്വന്തം മാലിന്യം അവരവര്‍ സംസ്‌കരിക്കണം. സ്വന്തം മാലിന്യം മറ്റുള്ളവന് ദോഷമാകരുത് -അദ്ദേഹം പറഞ്ഞു. കവി കെ.ജി. ശങ്കരപ്പിള്ള രചിച്ച 'ലാലൂരെ മതിലകത്ത്' എന്ന കവിത യേശുദാസ് പന്തലില്‍ ആലപിച്ചു.


മലിനീകരണവിരുദ്ധ സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഡോ. സുകുമാര്‍ അഴീക്കോട്, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ., കവി കെ.ജി. ശങ്കരപ്പിള്ള, സംഗീത സംവിധായകന്‍ വിദ്യാധരന്‍, ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി മേയര്‍ എം. വിജയന്‍, സുനില്‍ ലാലൂര്‍, അഡ്വ. രഘുനാഥ് കഴുങ്കില്‍, കെ.യു. പ്രഭാകരന്‍, കെ.ജി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ലാലൂര്‍ സമരത്തിന്റെ സമാപനച്ചടങ്ങിലേക്ക് ഉദ്ഘാടകന്‍ യേശുദാസ് എത്തിയപ്പോള്‍. ടി.കെ. വാസു, സുകുമാര്‍ അഴീക്കോട്, അഡ്വ. ഗോപാലകൃഷ്ണന്‍, വിദ്യാധരന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ., കെ.ജി. ശങ്കരപ്പിള്ള, വൈശാഖന്‍ തുടങ്ങിയവര്‍ വേദിയില്‍ ഉണ്ടായിരുന്നു.

- - -

ലാലൂരിലെ വിഷവാതകം ശ്വസിച്ചു മരിച്ചവരുടെ അനുസ്മരണ സമ്മേളനം

1995ല്‍ ലാലൂരിലെ വിഷവാതകം ശ്വസിച്ചു മരിച്ച ബേബി, ശ്രീകുമാര്‍, ജെയിംസ് എന്നിവരുടെ അനുസ്മരണ സമ്മേളനം മാ ർച്ച് 27നു് നടന്നു. മാ ർച്ച് 28നാണു് അനുസ്മരണ ദിനമെങ്കിലും തിരുവനന്തപുരത്തു ചര്‍ച്ച നടക്കുന്നതിനാലാണ് 27നു് അനുസ്മരണം നടത്തിയത്. ലാലൂരിലെ നിരാഹാരസമരം 104 ദിവസം പിന്നിട്ട മാ ർച്ച് 27നു് ടി.ബി. ബീന നിരാഹാരമിരുന്നു. പാര്‍വതി പവനന്‍ സമരം ഉദ്ഘാടനം ചെയ്തു. 28നു് അഡ്വ. പി.കെ. ജോണ്‍ നിരാഹാരമിരുന്നു.

നിരാഹാര സമരം 114 ദിവസം പിന്നിട്ട ഏപ്രില്‍ 6നു് സമരസമിതിയംഗം കെ.ജി. അനില്‍ കുമാറാണ് ഉപവസിച്ചത്. റിട്ട. എസ്‌ഐ സി.പി. ജോസ് ഉദ്ഘാടനം ചെയ്തു.

ഫോട്ടോ കടപ്പാടു്: കെ കെ നജീബ് — ദ് ഹിന്ദു
.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.