രാസവളം ഉപയോഗിച്ചുള്ള കൃഷിയില്‍ നിന്നും ജൈവ കൃഷിയില്‍ നിന്നും വ്യത്യസ്തമായ ചെലവുരഹിത സ്വാഭാവിക കൃഷി രീതി (സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് കൃഷിരീതി)യ്ക്കും, അതുവഴി ജീവിതരീതിയ്ക്കു് തന്നെയും രൂപംകൊടുത്തയാളാണ് മഹാരാഷ്ട്രയിലെ അമരാവതിയില്‍നിന്നുള്ള സുഭാഷ് പാലേക്കര്‍. മുപ്പതേക്കറില്‍ നന്നായി കൃഷി നടത്താന്‍ ഒരു നാടന്‍ പശു മതിയെന്നാണു് പാലേക്കര്‍ പറയുന്നതും ഇപ്പോള്‍ ഇന്ത്യയൊട്ടുക്കും കാട്ടിക്കൊടുത്തുകൊണ്ടിരിക്കുന്നതും. ഇന്ത്യയില്‍ മുപ്പതു ലക്ഷത്തോളം ആളുകള്‍ ഈ കൃഷിരീതി പിന്തുടരുന്നു.
മഹാരാഷ്ട്രയിലെ വിദര്‍ഭ പ്രദേശത്തെ ബെലോറ (Belora) ഗ്രാമത്തില്‍ 1949-ല്‍ ആണ് പാലേക്കര്‍ ജനിച്ചത്. നാഗ്‍പുരില്‍ നിന്നു് കൃഷിയില്‍ ബിരുദപഠനം കഴിഞ്ഞ ഉടനെ അച്ഛനോടൊപ്പം കൃഷിയിലേക്കുതിരിഞ്ഞു. അക്കാലത്തു് ആചാര്യ വിനോബഭാവെയുടെ സാമൂഹിക ഇടപെടലുകളില്‍ പാലേക്കര്‍ ആകൃഷ്ടനായി. സന്ത് ജ്ഞാനേശ്വറില്‍ നിന്നും (Dhnyaneshwar) തുക്കാറാമില്‍ നിന്നും kkകബീറില്‍ നിന്നും പ്രചോദനം കൊണ്ടതാണു് സുഭാഷ് പാലേക്കരുടെ ആത്മീയ പശ്ചാത്തലം.
കാട് പഠിപ്പിച്ച കൃഷി പാഠം
ഗ്രാമത്തില്‍ തിരിച്ചെത്തിയ പലേക്കര് ആദ്യം പിന്തുടര്‍ന്നിരുന്നത് രാസവളം ഉപയോഗിച്ചുള്ള കൃഷിയായിരുന്നു. ജൈവകൃഷി പിന്തുടര്‍ന്നിരുന്ന അച്ഛന്‍ ആദ്യം അതിനെ എതിര്‍ത്തു. തുടര്‍ന്ന് ഒരേക്കര്‍ സ്ഥലം പലേക്കറിന്റെ ഇഷ്ടത്തിനു കൃഷിചെയ്യാന്‍ അച്ഛന്‍ അനുവദിച്ചു. കൂടുതല്‍ വിളവ് ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞതോടെ അച്ഛനും കൂടെച്ചേര്‍ന്നു. 1973 മുതല്‍ 85 വരെയുള്ള കാലത്ത് ഉല്‍പാദനത്തിന്റെ അളവ് ഉയര്‍ന്നുകൊണ്ടിരുന്നു.
പിന്നീട് അത് നേരെ തിരിച്ചായി. വിളവെടുപ്പുകള്‍ നഷ്ടങ്ങളുടേതായി മാറാന്‍ തുടങ്ങി. കാര്‍ഷിക വിദഗ്ധന്‍മാരോടും ശാസ്ത്രജ്ഞന്‍മാരോടും ചോദിച്ചപ്പോള്‍ വളത്തിന്റെ അളവ് കൂട്ടിക്കൊണ്ടേ ഇരിക്കുക എന്നായിരുന്നു നിര്‍ദേശം. അതില്‍ തൃപ്തനാവാതെ ആദിവാസികളുടെ ജീവിതവും കാടിനെയും തൊട്ടറിയാന്‍ യാത്രയായപ്പോള്‍ പാലേക്കര്‍ വിലപ്പെട്ട പാഠങ്ങളാണ് പഠിച്ചത് - മണ്ണിലേക്ക് ഒരു വിത്ത് വന്നുവീഴുന്നു; ഇലകള്‍ അതിനെ മൂടുന്നു. പ്രത്യേക വളപ്രയോഗമില്ല. കീടനാശിനികളില്ല. മഴ വന്നു നനയ്ക്കുമ്പോള്‍ വിത്ത് പതുക്കെ കിളിര്‍ക്കുന്നു. കൃഷിയുടെ അടിസ്ഥാനം അത്രമേല്‍ ലളിതമാണെന്ന് അദ്ദഹം മനസ്സിലാക്കി.
ഫുക്കുവോക്കയുടെ ഒറ്റവയ്ക്കോല്‍ വിപ്ലവം
തുടര്‍ന്നു് നാട്ടില്‍ തിരിച്ചെത്തി കയ്യില്‍ കിട്ടിയതെന്തും പലേക്കര്‍ വായിച്ചുകൂട്ടി. ഫുക്കുവോക്കയുടെ ഒറ്റവയ്ക്കോല്‍ വിപ്ലവം വായിച്ചപ്പോള്‍ അതില്‍ നിറയെ മഹായാന ബുദ്ധിസത്തിന്റെ പാഠങ്ങളും ദര്‍ശനങ്ങളുമാണദ്ദേഹം കണ്ടത്. ഇന്ത്യയില്‍ നിന്നു പലായനം ചെയ്തവരില്‍നിന്നു കിട്ടിയ പാരമ്പര്യത്തിന്റെ പൊടിപ്പുകളായിരുന്നു അത് നിറയെ. ഫുക്കുവോക്ക ചില പ്രത്യേക വിളകളെ മാത്രമേ പരിഗണിച്ചുള്ളൂ. ആത്യന്തികഫലമറിയാനുള്ള നീണ്ട കാത്തിരിപ്പാണ് ജൈവകൃഷിയുടെ ഏറ്റവും വലിയ പോരായ്മയായി തോന്നിയത്.
സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങിനെക്കുറിച്ച് മാധ്യമങ്ങളില്‍ സജീവമായി എഴുതാന്‍ തുടങ്ങി . ഇതിനിടയില്‍ 1997-ല്‍ ഒറ്റ വൈക്കോല്‍ വിപ്ലവത്തിന്റെ മസനോബു ഫുക്കുവോക്ക ഇന്ത്യയില്‍ വന്നപ്പോള്‍ . പലേക്കറെക്കുറിച്ച് നേരത്തേ തന്നെ അറിഞ്ഞിരുന്ന ഫുക്കുവോക്ക കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങിനെക്കുറിച്ച് മുന്‍വിധിയില്ലാതെ കേട്ടിരുന്ന ഫുക്കുവോക്ക ഒടുവില്‍ പൂര്‍ണബോധ്യത്തോടെ പലേക്കറോടു പറഞ്ഞത് ഇങ്ങനെയായിരുന്നു : “ഓരോ സ്ഥലത്തെയും കാലാവസ്ഥയും ജീവിതരീതിയും വ്യത്യസ്തമാണ് ; നിങ്ങള്‍ കണ്ടെത്തിയത് ശരിയായ വഴി തന്നെയാണെന്ന് എനിക്ക് ഉറപ്പുണ്ട് “
അക്കാലത്ത് ബലിരാജ എന്ന പ്രശസ്തമായ മറാഠി കൃഷി മാസികയില്‍ പലേക്കര്‍ നിരന്തരമായി എഴുതിയിരുന്നു. പിന്നീട് ഈ മാസികയുടെ എഡിറ്ററായും അദ്ദഹം പ്രവര്‍ത്തിച്ചെങ്കിലും വൈകാതെ ജോലി രാജിവച്ചു.
സീറോ ബജറ്റ് ഫാമിങ്
ചെലവുരഹിത സ്വാഭാവിക കൃഷി രീതിയുടെ ഉപജ്ഞാതാവാണു് സുഭാഷ് പാലേക്കര്‍.
നാടന്‍ പശുവിന്റെ മൂത്രവും ചാണകവും ചേര്‍ത്തു നിര്‍മിക്കുന്ന മിശ്രിതം മണ്ണില്‍ പ്രയോഗിച്ച് വിളവ് വര്‍ധിപ്പിക്കുകയാണു സീറോ ബജറ്റ് ഫാമിങ്ങിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്. കൃഷിക്കായി ഉപയോഗിക്കുന്നതിന്റെ 10% വൈദ്യുതിയും ജലവും മതിയാകും ചെലവില്ലാ പ്രകൃതി കൃഷിക്ക്.
രാസകൃഷിയോടും ജൈവകൃഷിയും ഒരുപോലെ ഹാനികരമാണെന്നാണു് അദ്ദേഹത്തിന്റെ നിലപാടു്.
നാടന്‍ പശുവിന്റെ ചാണകവും മൂത്രവുമാണെങ്കിലേ സൂക്ഷ്മജീവി—നാടന്‍ മണ്ണിര—സസ്യങ്ങളുടെ പരസ്പരബന്ധം ശരിയായ വഴിക്കു നടക്കൂ. നാട്ടിലുള്ള സൂക്ഷ്മജീവികള്‍ക്കു മറുനാടന്‍, സങ്കര ഇനങ്ങളില്‍പ്പെട്ട പശുക്കള്‍ ഉല്‍പാദിപ്പിക്കുന്ന എന്‍സൈമുകളും ധാതുലവണങ്ങളും പറ്റില്ല.
മണ്ണിര കംപോസ്റ്റിനെതിരാണു് പലേക്കര്‍. മണ്ണിരക്കമ്പോസ്റ്റ് നിരോധിക്കണമെന്നാണു് പാലക്കാട്ട് സീറോബജറ്റ് കൃഷിപരിശീലന ശില്‌പശാലയില്‍ പലേക്കര്‍ നടത്തിയ അഭിപ്രായപ്രകടനം.
മണ്ണിനുള്ളിലേക്കും പുറത്തേക്കുമുള്ള മണ്ണിരയുടെ വരവുപോക്കുകള്‍ കൃഷിക്കു ഗുണകരമാണെന്നാണു് ജൈവകൃഷിയുടെഅടിസ്ഥാനം .
എന്നാല്‍ കംപോസ്റ്റിനായി ഉപയോഗിക്കുന്ന മണ്ണിര ഭൂമിയുടെ പ്രതലത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ അത് ഗുണത്തെക്കാളേറെ ദോഷമാണു ചെയ്യുകയെന്നും അമിതമായ അളവില്‍ കാര്‍ബണ്‍ഡയോക്സൈഡ് പുറത്തേക്കു വിടുകയും കാഡ്മിയം, ഈയം തുടങ്ങിയ വിനാശകരമായ ലോഹങ്ങള്‍ മണ്ണില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ മണ്ണിര കംപോസ്റ്റ്‌വഴി ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ മനുഷ്യനു് അപകടകാരിയാണു്. എന്ന് പലേക്കര്‍ പറയുന്നു. സീറോ ബജറ്റ് ഫാമിങ് വഴി പ്രാദേശിക വിത്തിനങ്ങള്‍ക്ക് ജൈവ, രാസവള കൃഷിയിലെക്കാളും ഉല്‍പാദനം കൂടുമെന്ന് പലേക്കര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഡോ. എം.എസ്. സ്വാമിനാഥനൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രശസ്ത കാര്‍ഷിക വിദഗ്ധനോടു പലേക്കര്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് രാസവളം ഉപയോഗിച്ചാല്‍ ബസ്മതി വിത്തുകൊണ്ട് ഒരേക്കറില്‍ ശരാശരി പത്ത് ക്വിന്റല്‍ ഉല്‍പാദിപ്പിക്കാമെന്നാണ്. കര്‍ണാടകയിലോ പഞ്ചാബിലോ ഹരിയാനയിലോ പോയി നോക്കിയാല്‍ അവിടെ സീറോ ബജറ്റിങ് ഫാമിങ് പിന്തുടരുന്ന കര്‍ഷകര്‍ ഓരോ ഏക്കറില്‍നിന്നും ശരാശരി കൊയ്തെടുക്കുന്നത് 18-24 ക്വിന്റല്‍ ബസ്മതി ആണെന്നുകാണാമെന്നു് പലേക്കര്‍ പറയുന്നു.
ഹരിത വിപ്ലവം ഒരു ഗൂഢാലോചനയാണെന്നാണു് പലേക്കര്‍ ഉറച്ചുവിശ്വസിക്കുന്നതു്. വളങ്ങള്‍ അമിതമായി ഉപയോഗിച്ചാല്‍ മാത്രം മെച്ചപ്പെട്ട ഫലം ഉല്‍പാദിപ്പിക്കുന്ന വിത്തിനങ്ങള്‍ ഉപയോഗിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുക വഴി ഒരു ഗൂഢാലോചനയ്ക്കു് കാര്‍ഷിക ശാസ്ത്രജ്ഞര്‍ കൂട്ടുനിന്നതായി അദ്ദേഹം വിശ്വസിക്കുന്നു. മരുന്നു വ്യവസായവും ഹരിത വിപ്ലവവും തമ്മിലും ബന്ധമുണ്ടെന്നാണു പലേക്കറുടെ പക്ഷം. വിഷം വിളകള്‍ വഴി ഉള്ളില്‍ ചെല്ലുമ്പോള്‍ അഭയംതേടുക മരുന്നുകളിലായിരിക്കുമല്ലോ. 54 ലക്ഷം കോടി രൂപ പ്രതിവര്‍ഷം വിത്തുകള്‍ക്കും വളത്തിനും കീടനാശിനികള്‍ക്കുമായി ചെലവാക്കുന്ന ഒരു നാടാണ് നമ്മുടേത്.
ബസവശ്രീ
കാര്‍ഷിക പരീക്ഷണങ്ങള്‍ സജീവമായി നടത്തിയിരുന്ന കാലത്ത് ഭാര്യ ചന്ദ പലേക്കരുടെ പിന്തുണയായിരുന്ന കരുത്ത്. സാമ്പത്തിക ഞെരുക്കം നന്നായി ബാധിച്ചിരുന്ന അക്കാലത്തു് ചന്ദ ആഭരണങ്ങള്‍ ഊരിനല്‍കിയും കയ്യില്‍ കിട്ടുന്ന തുകയെല്ലാം ഭര്‍ത്താവിനു നല്‍കിയും കുടുംബത്തിന്റെ അതിജീവനത്തിനു് സഹായിച്ചു. 2006-ല്‍ കാന്‍സര്‍ ബാധിതയായി ചന്ദ മരണമടഞ്ഞു.
രണ്ട് ആണ്‍മക്കളാണ് സുഭാഷ് പലേക്കര്‍ക്ക്. പ്രൊഫസര്‍ ആയിരുന്ന മൂത്ത മകന്‍ അമോല്‍ ജോലി രാജിവച്ച് പിതാവിന്റെ വഴിയിലേക്ക് ഇറങ്ങി. മൂത്തയാളെ പിന്തുടര്‍ന്ന് എന്‍ജിനീയറായ ഇളയ മകന്‍ അമിതും ജോലി രാജിവച്ച് സീറോ ബജറ്റ് ഫാമിങ് പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയുന്നു.
പാലേക്കരിനു് വിദേശ, സ്വദേശ ഫണ്ടിങ്ങുകളുടെ പിന്‍ബലമില്ല. കമ്പനികളില്‍നിന്നോ സംഘടനകളില്‍നിന്നോ സര്‍ക്കാരില്‍നിന്നോ പൈസയൊന്നും കൈപ്പറ്റുന്നുമില്ല. സെമിനാറുകളില്‍നിന്നും വര്‍ക്ഷോപ്പുകളില്‍നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ചാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് കൃഷിരീതി രാജ്യമൊട്ടാകെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മറാഠിയില്‍ ഇരുപത്തിമൂന്നും ഹിന്ദിയിലും ഇംഗ്ലീഷിലും നാലു വീതവും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് പലേക്കര്. ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും വിവര്‍ത്തനങ്ങളും ഉണ്ടായിട്ടുണ്ട്.
കേരളത്തില്‍നിന്ന് ഒരുപാടു പേര്‍ സീറോ ബജറ്റ് ഫാമിങ്ങിനെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടു്. കേരളത്തില്‍ ആദ്യം പലേക്കര് വന്നത് പാലക്കാട്ടാണ്. പിന്നെ ഇടുക്കിയിലും കോഴിക്കോട്ടും കോട്ടയത്തും വന്നു.
2005ല്‍ പലേക്കര്‍ക്ക് ബസവശ്രീ എന്ന പുരസ്കാരം കിട്ടി. മുന്‍പ് അതു കിട്ടിയത് ദലൈലാമ, മേധാ പാട്കര്‍ തുടങ്ങിയവര്‍ക്കാണ്.
2010/04/10
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.