.
മനുഷ്യവര്‍ഗത്തിനു പുരോഗതിയും സമാധാനവും നേടുന്നതിനു പ്രതിബന്ധമായി നില്‍ക്കുന്ന അഞ്ചു സാമ്രാജ്യത്വങ്ങള്‍ ഡോ രാമ മനോഹര ലോഹിയ വിവരിക്കുന്നു:—
മനുഷ്യരാശി ഇന്നേവരെ അറിയാത്ത അന്തര്‍വ്യാപകമായ ചില സാമ്രാജ്യത്വങ്ങള്‍ നിലനില്‍ക്കുന്നു. ലബന്‍ബ്രാം സാമ്രാജ്യത്വം അല്ലെങ്കില്‍ അന്തര്‍ദേശീയ ഫ്യൂഡലിസമാണ് അതില്‍ ആദ്യത്തേത്. അമേരിക്കയും സോവിയറ്റ് റഷ്യയും പോലുള്ള രാജ്യങ്ങള്‍ക്ക് ഒട്ടേറെ വിസ്‌തൃതിയും തീരെ കുറച്ചു ജനസാന്ദ്രതയുമാണുള്ളത്. ചരിത്രത്തിലെ ചില യാദൃച്ഛിക സംഭവങ്ങളാണ് അവര്‍ക്ക് ഈ വമ്പിച്ച ഭൂപ്രദേശങ്ങള്‍ നല്‍കിയത്. നിഷ്‌ഠുരമായ കിരാതത്വം ഇതിനു സഹായിച്ചു. സൈബീരിയയിലും ആസ്‌ത്രേലിയയിലും ഒരു ചതുരശ്ര മൈലില്‍ ഒരാള്‍ എന്ന കണക്കിനു താമസിക്കുന്നു. കാനഡയും ഇതില്‍നിന്നു വ്യത്യസ്‌തമല്ല. കാലഫോര്‍ണിയയില്‍ ഒരു ചതുരശ്ര മൈലില്‍ 10 പേര്‍ താമസിക്കുന്നു. ഇന്ത്യയില്‍ ഒരു ചതുരശ്ര മൈലില്‍ 350 പേരും ചൈനയില്‍ 200 പേരുമാണു താമസിക്കുന്നത്. ഒരു രാജ്യത്തിനുള്ളിലെ ഫ്യൂഡലിസം ഒരാള്‍ക്ക് വെറുപ്പുണ്‌ടാക്കുമെങ്കില്‍ ഈ വെറുപ്പ് അന്തര്‍ദേശീയ ഫ്യൂഡലിസത്തിന്റെ കാര്യത്തിലും ഉണ്‌ടാവണം.
രണ്‌ടാമത്തേത് മനസ്സിന്റെ സാമ്രാജ്യത്വമാണ്. സാമ്രാജ്യത്വ ബുദ്ധിജീവി തന്റെ വിജ്ഞാനം കോളനികളിലെ മാനസിക അടിമകള്‍ക്കു പകര്‍ന്നുകൊടുക്കുന്നു. ഇന്ത്യയില്‍ ഇത് ആഭ്യന്തരമായും നിലനില്‍ക്കുന്നു. ചില ഉയര്‍ന്ന ജാതിക്കാര്‍ മാനസിക സാമ്രാജ്യത്വത്തിന്റെ ഉടമകളായിത്തീര്‍ന്നിരിക്കുന്നു. ആയിരമായിരം വര്‍ഷങ്ങളിലെ ജന്മനാലുള്ള തൊഴില്‍വിഭജനം പരിണാമപ്രക്രിയയിലെ നിര്‍ധാരണം എന്നപോലെ ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതു സാര്‍വദേശീയരംഗത്ത് ഇക്കഴിഞ്ഞ 400 വര്‍ഷമായി നിലനില്‍ക്കുന്നു. ഇതു വെറും അവസരസമത്വത്തിന്റെ പൊട്ടമരുന്നുകൊണ്‌ട് പരിഹരിക്കാനാവില്ല. അതു മാനസിക സാമ്രാജ്യത്വത്തിന്റെ അടിമത്തത്തെ കൂടുതല്‍ ദുഷിച്ചതും വ്യാപകവും അഗാധവുമാക്കിത്തീര്‍ക്കും. ഇത് അവസാനിപ്പിക്കുന്നതിനു കൊളോണിയല്‍ ജനതയ്‌ക്കു പ്രത്യേക അവസരങ്ങള്‍ നല്‍കണം.
മൂന്നാമത്തേത് ഉല്‍പ്പാദനത്തിലെ സാമ്രാജ്യത്വമാണ്. അമേരിക്കയിലും റഷ്യയിലും കൂടി ലോകത്തിന്റെ ആകെ മൊത്തം ജനസംഖ്യയുടെ എട്ടിലൊന്നു ജനസംഖ്യയാണുള്ളത്. അവരിരുവരും കൂടി ലോകത്തിലെ ആകെ സമ്പത്തിന്റെ പകുതിയിലധികം ഉല്‍പ്പാദിപ്പിക്കുന്നു. ഇന്ത്യയില്‍ ഒരാള്‍ ഒരു വര്‍ഷം 400 രൂപയുടെ സമ്പത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രതിവര്‍ഷ വളര്‍ച്ചയുടെ നിരക്ക് അഞ്ചു രൂപയാണ്. റഷ്യയിലും അമേരിക്കയിലും ഇതിനു തുല്യമായ നിരക്ക് 250 രൂപയാണ്. നാം മനുഷ്യവര്‍ഗം ഒരൊറ്റ കൂട്ടുകുടുംബമാവണമെങ്കില്‍ ഈ വ്യത്യാസം പരിഹരിക്കപ്പെടണം.
അടുത്തത് ആയുധങ്ങളുടെ സാമ്രാജ്യത്വമാണ്. റഷ്യയും അമേരിക്കയും അവരുടെ കരട് ഉടമ്പടിയില്‍ അണ്വായുധശേഖരത്തിന്റെ രഹസ്യങ്ങളും വിജ്ഞാനവും മറ്റാര്‍ക്കും കൈമാറാതെ സൂക്ഷിക്കുന്നതിനു രഹസ്യധാരണകളിലെത്തിയിട്ടുണ്‌ട്. ഇത് ഇരുണ്‌ട ജനങ്ങള്‍ക്കെതിരേയുള്ള വെള്ളവര്‍ഗത്തിന്റെ ആയുധസാമ്രാജ്യത്വമാണ്. ഇരുണ്‌ട ജനങ്ങളും പരമ്പരാഗത ആയുധങ്ങള്‍ ശേഖരിച്ചുവയ്‌ക്കാന്‍ വെമ്പല്‍കൊള്ളുന്നു. അത്തരം ഒരു പിളര്‍പ്പന്‍ മനസ്സാണ് ഇരുണ്‌ട മനുഷ്യന്റേത്. ഏതായാലും മനുഷ്യവര്‍ഗത്തിന്റെ ഒരു വിഭാഗം അത്യാധുനിക ആയുധങ്ങള്‍ കുത്തകയായിവച്ചിരിക്കുന്നു.
അഞ്ചാമത്തേത് വിലക്കൊള്ളയുടെ സാമ്രാജ്യത്വമാണ്. വിലയുടെ ഏറ്റിറക്കങ്ങളും കച്ചവടവ്യവസ്ഥകളും എപ്പോഴും കൃഷിക്കാരനും അസംസ്‌കൃത സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കും പ്രതികൂലമാണ്. വ്യവസായ ഉല്‍പ്പന്നങ്ങളുടെ വില ഇക്കാലത്തിനിടയില്‍ നൂറുശതമാനം വര്‍ധിച്ചപ്പോള്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലവര്‍ധന 74 ശതമാനം മാത്രമാണു വര്‍ധിച്ചത്. ഈ ഒരൊറ്റ ഇനത്തില്‍ മാത്രമുള്ള കൊള്ള പ്രതിവര്‍ഷം ദശലക്ഷക്കണക്കിനു രൂപ വരും. പരോക്ഷനികുതികള്‍ മൂലം ഇതു കൂടുതല്‍ കഠിനമാവുന്നു. വിദേശസഹായത്തെയും അതിലെ ജീവകാരുണ്യപരമായ അംശത്തെയും കുറിച്ച് ഒട്ടേറെ പറഞ്ഞുകേള്‍ക്കുന്നു. എന്നാല്‍, അതില്‍ അന്തര്‍ലീനമായ വിലക്കൊള്ളയെക്കുറിച്ച് ആരും സംസാരിക്കാറില്ല.
ഈ അഞ്ചു സാമ്രാജ്യപ്രഭുത്വങ്ങളെയും ഇന്ത്യയും ചൈനയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളും ഒരുമിച്ച് എതിര്‍ക്കണമായിരുന്നു. എന്നാലത് ഉണ്‌ടായില്ല. എനിക്കു ചെറുപ്പമായിരുന്നപ്പോള്‍ ചൈനയും ഇന്ത്യയും ഈ അനീതിയെക്കുറിച്ചു ബോധവാന്‍മാരായ വെള്ളക്കാരും യോജിച്ച് ആസ്‌ത്രേലിയയുടെയും കാലഫോര്‍ണിയയുടെയും സൈബീരിയയുടെയും വാതിലുകളില്‍ മുട്ടുമെന്നും അവ തുറക്കുമെന്നും ഞാന്‍ സ്വപ്‌നം കണ്‌ടിരുന്നു. എന്നാല്‍, ചൈന മുട്ടിയത് മറ്റു സ്ഥലങ്ങളിലാണ്. ഏതോ ഒരു ശക്തി കൊണ്‌ടു പൊട്ടിത്തെറിച്ച ചൈന എളുപ്പമുള്ള വഴി സ്വീകരിച്ചു.
ഹിമാലയത്തിലാണ് മുട്ടിയത്. അവരുടെ ശക്തി തെളിയിക്കാന്‍ കഴിയുന്നിടത്തു മുട്ടി. വെള്ള വര്‍ഗക്കാരും ഇരുണ്‌ട വര്‍ഗക്കാരും തമ്മിലുള്ള ഈ ചൂഷക-ചൂഷിതബന്ധം ഒരു ദുരന്തമായി എന്നും തുടരുമെന്നു വിശ്വസിക്കുന്നതിനു ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ലോകത്തൊട്ടാകെയുള്ള സ്ഥിതിവിശേഷം വെള്ളവര്‍ഗം എന്നെങ്കിലും മനസ്സിലാക്കിയാല്‍ അവര്‍ ഒരുപക്ഷേ വല്ലതും ചെയ്‌തേക്കും. ഇത് എന്നെങ്കിലും അവസാനിക്കുന്നെങ്കില്‍ അതുണ്‌ടാവുന്നത് വെള്ളക്കാരന്റെ ബുദ്ധിശക്തിയും കറുത്ത വര്‍ഗക്കാരുടെ സ്വാര്‍ഥതാല്‍പ്പര്യവും വിപ്ലവ അവബോധവും മൂലമായിരിക്കും.
(പി വി കുര്യന്‍ രചിച്ച ഡോ. റാം മനോഹര്‍ ലോഹിയ എന്ന സാര്‍വദേശീയ വിപ്ലവകാരി എന്ന ജീവചരിത്രത്തില്‍ നിന്ന്)
കടപ്പാടു് - തേജസ്സ്
.
2010/04/15
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.