2010/04/10

കൊക്കകോള വിരുദ്ധ സമരക്കാരെ കൃഷ്ണന്‍കുട്ടിയുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ ജനതാദള്‍ മര്‍ദിച്ചൊതുക്കുന്നു: പ്ലാച്ചിമട സമിതി

.
ദളിത്‌ - ആദിവാസി ജനതയ്‌ക്കെതിരെ അതിക്രമം
കൊച്ചി: പ്ളാച്ചിമടയില്‍ കൊക്കകോള കമ്പനിക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തുന്ന ദളിത്- ആദിവാസി ജനവിഭാഗങ്ങളെ എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചൊതുക്കി സമരം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്ളാച്ചിമട ഐക്യദാര്‍ഢ്യസമിതി നേതാക്കള്‍ പറഞ്ഞു. പ്ളാച്ചിമടയിലെ സമരപന്തല്‍ മാര്‍‍ച്ച് 30 ചൊവ്വാഴ്ച വൈകിട്ട് തീയിട്ടുനശിപ്പിച്ചതായും ഐക്യദാഢ്യസമിതി നേതാവ് ജിയോജോസ് പറഞ്ഞു.

കോള വിരുദ്ധ സമരത്തെ ആദ്യഘട്ടത്തില്‍ ശക്‌തമായി എതിര്‍ത്ത കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലാണ് പ്ളാച്ചിമടയില്‍ അക്രമം നടത്തുന്നത്. കൊക്കകോള കമ്പനിക്ക്‌ സ്വന്തം കിണറ്റില്‍ നിന്നു വെള്ളം കൊടുക്കുകയും ചെയ്‌ത ഈ ജനതാദള്‍ സംസ്‌ഥാന നേതാവിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ക്ക് കുടിവെള്ളമടക്കം നിഷേധിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജനതാദളിന്റെ പഞ്ചായത്ത് അംഗം സുരേഷിന്റെ നേതൃത്വത്തിലാണ് സമരനേതാവ് വിളയോടി വേണുഗോപാലിനെ ആക്രമിച്ചത്.—ഇതെ തുടര്‍ന്ന് കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്ളാച്ചിമട കോളനിയില്‍ കറുപ്പസ്വാമി, മുരുകന്‍ എന്നിവരുടെ വീടുകള്‍ തകര്‍ത്തു. മര്‍ദ്ദനമേറ്റ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ ആശുപത്രിയിലാണ്.

ആദിവാസികളുടെ നേരെ പ്ളാച്ചിമടയില്‍ നടക്കുന്ന അക്രമം വേദനയും നാണക്കേടുമുളവാക്കുന്നതാണെന്ന് ആദിവാസി പ്രവര്‍ത്തക ദയാബായി പറഞ്ഞു. സ്വാതന്ത്യ്രം, നീതി, സമത്വം എന്നിവയില്ലാതാക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും അവര്‍ പറഞ്ഞു. കോളനിയില്‍ അക്രമം നടത്തിയവര്‍ക്കെതിരെ പട്ടികജാതി - വര്‍ഗ അതിക്രമവിരുദ്ധ നിയമപ്രകാരം കേസ് രജിസ്റ്റര്‍ചെയ്യണമെന്ന് ഐക്യദാര്‍ഢ്യസമിതി ആവശ്യപ്പെട്ടു.

ഈ അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പ്ലാച്ചിമട സമരത്തെ വിറ്റുകാശാക്കാനുള്ള ഗൂഢനീക്കം പരാജയപ്പെട്ടതിലുള്ള രോഷമാണ്‌ ജനതാദള്‍ ഇപ്പോള്‍ നടത്തുന്ന അക്രമങ്ങളുടെ പ്രേരണ- ഐക്യദാര്‍ഢ്യ സമിതി നേതാക്കളായ ദയാബായി, ജിയോജോസ്‌ തുടങ്ങിയവര്‍ ആരോപിച്ചു. എം എന്‍ ഗിരി, വി ഡി മജീന്ദ്രന്‍, ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി, യെല്‍‍ദോ മുകളേല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.