2010/04/10

ചെലവുരഹിത പ്രകൃതികൃഷി: കോട്ടയത്തെ ശില്‌പശാല സമാപിച്ചു

മാങ്ങാനം: ചെലവില്ലാ പ്രകൃതികൃഷി പരിശീലനശില്പശാല കോട്ടയത്ത് മാങ്ങാനം ക്രൈസ്തവാശ്രമത്തിലെ ഫുക്കുവോക്ക നഗറില്‍ ഏപ്രില്‍ 5,6,7,8 തീയതികളില്‍ നടന്നു. നാലുദിവസമായി നടന്ന ശില്പശാലയില്‍‍ ബസവശ്രീ സുഭാഷ് പലേക്കര്‍‍ ചെലവുരഹിത പ്രകൃതികൃഷിരീതിയുടെ പാഠങ്ങള്‍‍ പറ‍ഞ്ഞുകൊടുത്തു.

ശില്പശാല ഏപ്രില്‍ 5-നു് കേരള ഗാന്ധിസ്മാരകനിധി ജനറല്‍ സെക്രട്ടറി പ്രൊഫ. രാംദാസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിശിഷ്ടാതിഥികളും 4 വൃക്ഷത്തൈകള്‍ നട്ടു. കോട്ടയം ഗാന്ധിഗ്രാമസേവാകേന്ദ്രം ചെയര്‍മാന്‍ എന്‍.പരമേശ്വരന്‍ നായര്‍ ഉദ്ഘാടനസമ്മേളനത്തില്‍‍ അധ്യക്ഷത വഹിച്ചു. മാങ്ങാനം ക്രൈസ്തവാശ്രമത്തിന്റെഅദ്ധ്യക്ഷ ആചാര്യ ഗ്രേസി തോമസ്, പി.മനോജ്കുമാര്‍ എന്നിവര്‍ ആശംസകളര്‍‍പ്പിച്ചു പ്രസംഗിച്ചു. കുമാരി ഐശ്വര്യ കീര്‍ത്തനം ആലപിച്ചു. എം.കുര്യന്‍ സ്വാഗതവും കെ.എം.ഹിലാല്‍ നന്ദിയും പറഞ്ഞു.

സമാപനദിവസം എം.കുര്യന്‍ രചിച്ച പുസ്തകം എസ് പി പൗലോസിനു നല്കിക്കൊണ്ടു് സുഭാഷ് പലേക്കര്‍‍ പ്രകാശനം ചെയ്തു. സമാജവാദി ജനപരിഷത്ത് നേതാവ് അഡ്വ. ജോഷി ജേക്കബ് പുസ്തകം അവതരിപ്പിച്ചുകൊണ്ടു പ്രസംഗിച്ചു.

ബസവശ്രീ സുഭാഷ് പലേക്കര്‍ ചെലവില്ലാക്കൃഷി ക്ലാസ് നയിച്ചു. ശില്പശാലയില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് 7 ക്ലാസ്സുകള്‍ ഉണ്ടായിരുന്നു. കൂടാതെ സായാഹ്നങ്ങളില്‍ നിരവധി പ്രമുഖവ്യക്തികള്‍ നയിച്ച ചര്‍ച്ചകളും നടന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 400-ഓളം പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു.

നിലവിലുള്ള രാസ - ജൈവ കൃഷിരീതികള്‍ പരിസ്ഥിതിയെ മലിനമാക്കുന്ന സാഹചര്യത്തില്‍ പ്രകൃതിയുടെ സംതുസലിതാവസ്ഥക്ക് ഭംഗംവരാതെ അഹിംസാത്മക രീതിയില്‍ വര്‍ഷങ്ങളുടെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ പലേക്കര്‍ ആവിഷ്ക്കരിച്ചതാണ് പരിസ്ഥിതിസൗഹൃദമായ ചിലവില്ലാ പ്രകൃതികൃഷിരീതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം 30 ലക്ഷത്തോളം കര്‍ഷകര്‍ ഈ കൃഷിരീതി അവലംബിച്ച് വിജയം നേടിയിട്ടുണ്ട്. രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാത്തതിനാല്‍ ആരോഗ്യസംരക്ഷണത്തിലും മുന്‍ പന്തിയില്‍ നില്ക്കുന്ന കൃഷിരീതിയാണ് ഇത്.

പരിപാടിയുടെ തലേയാഴ്ച (മാര്‍ച്ച് 31നു്) കോട്ടയം ജില്ലയിലെ ആദ്യത്തെ ചെലവില്ലാ പ്രകൃതികൃഷിയിടമായ ( സീറോ ബജറ്റ് നാചുറല്‍ ഫാമായ) കടുത്തുരുത്തി മാന്നാറിലെ തെക്കുംപുറം പാടശേഖരത്തില്‍ കൊയ്ത്ത് നടത്തിയിരുന്നു. രാസവളമോ, കീടനാശിനിയോ, ജൈവവളമോയില്ലാതെ മുട്ടുചിറ മുതുകുളത്തില്‍ എം.കെ. സെബാസ്റ്റ്യന്‍‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ നെല്‍കൃഷി കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ജനപ്രതിനിധികളും ചേര്‍ന്നാണ് കൊയ്തത്.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.