2010/11/26

സോഷ്യലിസത്തിന്റെ ഭാവി ഇന്ത്യന്‍ ചിന്താധാരയിലൂടെ- സുനില്‍‍ജി

കോട്ടയം, നവം 25:സോഷ്യലിസത്തിന്റെ ഭാവി ഇന്ത്യന്‍ സോഷ്യലിസ്റ്റ് ചിന്താധാരയിലൂടെയാണെന്നു് ഇന്ത്യന്‍ സോഷ്യലിസ്റ്റ് നേതാവു് സുനില്‍ അഭിപ്രായപ്പെട്ടു. കോട്ടയത്തു് റാം മനോഹര്‍ ലോഹിയാ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജയ്മോന്‍ തങ്കച്ചന്‍ സ്വാഗതവും എം ആര്‍ തങ്കപ്പന്‍ നന്ദിയും പറഞ്ഞു.

2010/11/05

അഞ്ചു സാമ്രാജ്യത്വങ്ങൾ



ഡോ രാമ മനോഹരലോഹിയ


മനുഷ്യവർഗത്തിനു പുരോഗതിയും സമാധാനവും നേടുന്നതിനു പ്രതിബന്ധമായി നിൽക്കുന്ന അഞ്ചു സാമ്രാജ്യത്വങ്ങൾ ഏതൊക്കെയെന്നു് ഡോ രാമ മനോഹരലോഹിയ വിവരിക്കുന്നു:

മനുഷ്യരാശി ഇന്നേവരെ അറിയാത്ത അന്തർവ്യാപകമായ ചില സാമ്രാജ്യത്വങ്ങൾ നിലനിൽക്കുന്നു. ലബൻബ്രാം സാമ്രാജ്യത്വം അല്ലെങ്കിൽ അന്തർദേശീയ ഫ്യൂഡലിസമാണ് അതിൽ ആദ്യത്തേത്. അമേരിക്കയും സോവിയറ്റ് റഷ്യയും പോലുള്ള രാജ്യങ്ങൾക്ക് ഒട്ടേറെ വിസ്തൃതിയും തീരെ കുറച്ചു ജനസാന്ദ്രതയുമാണുള്ളത്. ചരിത്രത്തിലെ ചില യാദൃച്ഛിക സംഭവങ്ങളാണ് അവർക്ക് ഈ വമ്പിച്ച ഭൂപ്രദേശങ്ങൾ നൽകിയത്. നിഷ്ഠുരമായ കിരാതത്വം ഇതിനു സഹായിച്ചു. സൈബീരിയയിലും ആസ്ത്രേലിയയിലും ഒരു ചതുരശ്ര മൈലിൽ ഒരാൾ എന്ന കണക്കിനു താമസിക്കുന്നു. കാനഡയും ഇതിൽനിന്നു വ്യത്യസ്തമല്ല. കാലഫോർണിയയിൽ ഒരു ചതുരശ്ര മൈലിൽ 10 പേർ താമസിക്കുന്നു. ഇന്ത്യയിൽ ഒരു ചതുരശ്ര മൈലിൽ 350 പേരും ചൈനയിൽ 200 പേരുമാണു താമസിക്കുന്നത്. ഒരു രാജ്യത്തിനുള്ളിലെ ഫ്യൂഡലിസം ഒരാൾക്ക് വെറുപ്പുണ്ടാക്കുമെങ്കിൽ ഈ വെറുപ്പ് അന്തർദേശീയ ഫ്യൂഡലിസത്തിന്റെ കാര്യത്തിലും ഉണ്ടാവണം.

രണ്ടാമത്തേത് മനസ്സിന്റെ സാമ്രാജ്യത്വമാണ്. സാമ്രാജ്യത്വ ബുദ്ധിജീവി തന്റെ വിജ്ഞാനം കോളനികളിലെ മാനസിക അടിമകൾക്കു പകർന്നുകൊടുക്കുന്നു. ഇന്ത്യയിൽ ഇത് ആഭ്യന്തരമായും നിലനിൽക്കുന്നു. ചില ഉയർന്ന ജാതിക്കാർ മാനസിക സാമ്രാജ്യത്വത്തിന്റെ ഉടമകളായിത്തീർന്നിരിക്കുന്നു. ആയിരമായിരം വർഷങ്ങളിലെ ജന്മനാലുള്ള തൊഴിൽവിഭജനം പരിണാമപ്രക്രിയയിലെ നിർധാരണം എന്നപോലെ ഇന്ത്യയുടെ സാമൂഹിക ജീവിതത്തിൽ പ്രവർത്തിക്കുന്നു. ഇതു സാർവദേശീയരംഗത്ത് ഇക്കഴിഞ്ഞ 400 വർഷമായി നിലനിൽക്കുന്നു. ഇതു വെറും അവസരസമത്വത്തിന്റെ പൊട്ടമരുന്നുകൊണ്ട് പരിഹരിക്കാനാവില്ല. അതു മാനസിക സാമ്രാജ്യത്വത്തിന്റെ അടിമത്തത്തെ കൂടുതൽ ദുഷിച്ചതും വ്യാപകവും അഗാധവുമാക്കിത്തീർക്കും. ഇത് അവസാനിപ്പിക്കുന്നതിനു കൊളോണിയൽ ജനതയ്ക്കു പ്രത്യേക അവസരങ്ങൾ നൽകണം.


മൂന്നാമത്തേത് ഉൽപ്പാദനത്തിലെ സാമ്രാജ്യത്വമാണ്. അമേരിക്കയിലും റഷ്യയിലും കൂടി ലോകത്തിന്റെ ആകെ മൊത്തം ജനസംഖ്യയുടെ എട്ടിലൊന്നു ജനസംഖ്യയാണുള്ളത്. അവരിരുവരും കൂടി ലോകത്തിലെ ആകെ സമ്പത്തിന്റെ പകുതിയിലധികം ഉൽപ്പാദിപ്പിക്കുന്നു. ഇന്ത്യയിൽ ഒരാൾ ഒരു വർഷം 400 രൂപയുടെ സമ്പത്താണ് ഉൽപ്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രതിവർഷ വളർച്ചയുടെ നിരക്ക് അഞ്ചു രൂപയാണ്. റഷ്യയിലും അമേരിക്കയിലും ഇതിനു തുല്യമായ നിരക്ക് 250 രൂപയാണ്. നാം മനുഷ്യവർഗം ഒരൊറ്റ കൂട്ടുകുടുംബമാവണമെങ്കിൽ ഈ വ്യത്യാസം പരിഹരിക്കപ്പെടണം.

അടുത്തത് ആയുധങ്ങളുടെ സാമ്രാജ്യത്വമാണ്. റഷ്യയും അമേരിക്കയും അവരുടെ കരട് ഉടമ്പടിയിൽ അണ്വായുധശേഖരത്തിന്റെ രഹസ്യങ്ങളും വിജ്ഞാനവും മറ്റാർക്കും കൈമാറാതെ സൂക്ഷിക്കുന്നതിനു രഹസ്യധാരണകളിലെത്തിയിട്ടുണ്ട്. ഇത് ഇരുണ്ട ജനങ്ങൾക്കെതിരേയുള്ള വെള്ളവർഗത്തിന്റെ ആയുധസാമ്രാജ്യത്വമാണ്. ഇരുണ്ട ജനങ്ങളും പരമ്പരാഗത ആയുധങ്ങൾ ശേഖരിച്ചുവയ്ക്കാൻ വെമ്പൽകൊള്ളുന്നു. അത്തരം ഒരു പിളർപ്പൻ മനസ്സാണ് ഇരുണ്ട മനുഷ്യന്റേത്. ഏതായാലും മനുഷ്യവർഗത്തിന്റെ ഒരു വിഭാഗം അത്യാധുനിക ആയുധങ്ങൾ കുത്തകയായിവച്ചിരിക്കുന്നു.
അഞ്ചാമത്തേത് വിലക്കൊള്ളയുടെ സാമ്രാജ്യത്വമാണ്. വിലയുടെ ഏറ്റിറക്കങ്ങളും കച്ചവടവ്യവസ്ഥകളും എപ്പോഴും കൃഷിക്കാരനും അസംസ്‌കൃത സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നവർക്കും പ്രതികൂലമാണ്. വ്യവസായ ഉൽപ്പന്നങ്ങളുടെ വില ഇക്കാലത്തിനിടയിൽ നൂറുശതമാനം വർധിച്ചപ്പോൾ കാർഷികോൽപ്പന്നങ്ങളുടെ വിലവർധന 74 ശതമാനം മാത്രമാണു വർധിച്ചത്. ഈ ഒരൊറ്റ ഇനത്തിൽ മാത്രമുള്ള കൊള്ള പ്രതിവർഷം ദശലക്ഷക്കണക്കിനു രൂപ വരും. പരോക്ഷനികുതികൾ മൂലം ഇതു കൂടുതൽ കഠിനമാവുന്നു. വിദേശസഹായത്തെയും അതിലെ ജീവകാരുണ്യപരമായ അംശത്തെയും കുറിച്ച് ഒട്ടേറെ പറഞ്ഞുകേൾക്കുന്നു. എന്നാൽ, അതിൽ അന്തർലീനമായ വിലക്കൊള്ളയെക്കുറിച്ച് ആരും സംസാരിക്കാറില്ല.

ഈ അഞ്ചു സാമ്രാജ്യപ്രഭുത്വങ്ങളെയും ഇന്ത്യയും ചൈനയും മറ്റ് ഏഷ്യൻ രാജ്യങ്ങളും ഒരുമിച്ച് എതിർക്കണമായിരുന്നു. എന്നാലത് ഉണ്ടായില്ല. എനിക്കു ചെറുപ്പമായിരുന്നപ്പോൾ ചൈനയും ഇന്ത്യയും ഈ അനീതിയെക്കുറിച്ചു ബോധവാൻമാരായ വെള്ളക്കാരും യോജിച്ച് ആസ്ത്രേലിയയുടെയും കാലഫോർണിയയുടെയും സൈബീരിയയുടെയും വാതിലുകളിൽ മുട്ടുമെന്നും അവ തുറക്കുമെന്നും ഞാൻ സ്വപ്നം കണ്ടിരുന്നു. എന്നാൽ, ചൈന മുട്ടിയത് മറ്റു സ്ഥലങ്ങളിലാണ്. ഏതോ ഒരു ശക്തി കൊണ്ടു പൊട്ടിത്തെറിച്ച ചൈന എളുപ്പമുള്ള വഴി സ്വീകരിച്ചു.

ഹിമാലയത്തിലാണ് മുട്ടിയത്. അവരുടെ ശക്തി തെളിയിക്കാൻ കഴിയുന്നിടത്തു മുട്ടി. വെള്ള വർഗക്കാരും ഇരുണ്ട വർഗക്കാരും തമ്മിലുള്ള ഈ ചൂഷക-ചൂഷിതബന്ധം ഒരു ദുരന്തമായി എന്നും തുടരുമെന്നു വിശ്വസിക്കുന്നതിനു ഞാൻ നിർബന്ധിതനായിരിക്കുന്നു. ലോകത്തൊട്ടാകെയുള്ള സ്ഥിതിവിശേഷം വെള്ളവർഗം എന്നെങ്കിലും മനസ്സിലാക്കിയാൽ അവർ ഒരുപക്ഷേ വല്ലതും ചെയ്തേക്കും. ഇത് എന്നെങ്കിലും അവസാനിക്കുന്നെങ്കിൽ അതുണ്ടാവുന്നത് വെള്ളക്കാരന്റെ ബുദ്ധിശക്തിയും കറുത്ത വർഗക്കാരുടെ സ്വാർഥതാൽപ്പര്യവും വിപ്ലവ അവബോധവും മൂലമായിരിക്കും.


(പി വി കുര്യൻ രചിച്ച ഡോ. റാം മനോഹർ ലോഹിയ എന്ന സാർവദേശീയ വിപ്ലവകാരി എന്ന ജീവചരിത്രത്തിൽ നിന്ന്)



.