2024/01/05

സ. ജോസ് വാഴാംപ്ലാവന്റെ സംസ്കാരം നടന്നു



പൂവരണി (പാലാ), 2024 ജനവരി 5:
സമാജവാദി ജനപരിഷത്ത് മുൻ കോട്ടയം ജില്ലാ പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായ ജോസ് വാഴാംപ്ലാവന്റെ സംസ്കാരം പൂവരണിയിൽ നടന്നു.

ജനുവരി 4 വ്യാഴാഴ്ച പുലർച്ചെ അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകൾ 2024 ജനുവരി അഞ്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക്  പാലാ പൂവരണി വിളക്കുമരുതിലെ വാഴാംപ്ലാക്കൽ വീട്ടിൽ ആരംഭിച്ച് പൂവരണി തിരുഹൃദയ കത്തോലിക്കാപള്ളി സെമിത്തേരിയിൽ നാലേമുക്കാലോടെ പൂർത്തിയായി.

സംസ്കാര ചടങ്ങുകൾക്ക് ഇംഗ്ലണ്ടിലെ പ്രിസ്റ്റൺ ആസ്ഥാനമായ സീറോ മലബാർ കത്തോലിക്കാ രൂപതയുടെ മെത്രാൻ ജോസഫ്‌ സ്രാമ്പിക്കലും ഇടവക വികാരിയും വൈദീകരും നേതൃത്വം നല്കി.

ഇന്നു രാവിലെയാണ് മൃതദേഹം മോർച്ചറിയിൽ നിന്ന് വീട്ടിലെത്തിച്ചത്. പാലായെ പ്രതിനിധാനം ചെയ്യുന്ന നിയമസഭാംഗം മാണി സി കാപ്പൻ എം എൽ എ അടക്കമുള്ള നിരവധി പൊതുപ്രവർത്തകർ അദ്ദേഹത്തിന്  അന്ത്യോപചാരം അർപ്പിച്ചു.

സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ്, ലോഹിയാ വിചാരവേദി മുൻ സംസ്ഥാനപ്രസിഡന്റ് ഡോ. കെ. ശ്രീകുമാർ ,സമാജവാദി ജനപരിഷത്ത് സംസ്ഥാനപ്രസിഡന്റ് എബി ജോൺ വൻനിലം ജനറൽ സെക്രട്ടറി ജയ്മോൻ തങ്കച്ചൻ കോട്ടയം ജില്ലാ പ്രസിഡന്റ് പി.ഒ പീറ്റർ ജില്ലാ സമിതി അംഗം ജെയിംസ് കുട്ടി തോമസ്എന്നിവർ അന്ത്യോപചാരം അർപ്പിച്ച് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.

ചിത്രം- സംസ്കാര ചടങ്ങുകൾക്കുശേഷം സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ്, ജോസ് വാഴാംപ്ലാവന്റെ ഭാര്യ ഫിലോമിന ജോസുമായി സംസാരിയ്ക്കുന്നു. ജോസ് വാഴാംപ്ലാവന്റെ മകൻ ഡോ. സുഖിൽ ജോസ്, സമാജവാദി ജനപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജയ്മോൻ തങ്കച്ചൻ ലോഹിയാ വിചാരവേദി മുൻ സംസ്ഥാനപ്രസിഡന്റ് ഡോ. കെ. ശ്രീകുമാർ എന്നിവർ സമീപം.

2024/01/04

സ. ജോസ് വാഴാംപ്ലാവൻ അന്തരിച്ചു

 

പൂവരണി (കോട്ടയം): സമാജവാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ പ്രസിഡന്റും പ്രമുഖ സോഷ്യലിസ്റ്റും ആയിരുന്ന ജോസ് വാഴാംപ്ലാവൻ (വി ജെ ജോസ്)  2024 ജനുവരി 4 വ്യാഴാഴ്ച പുലർച്ചെ അന്തരിച്ചു. ഒന്നരവർഷമായി കിടപ്പിലായിരുന്ന അദ്ദേഹം പാലാ പൂവരണി വിളക്കുമരുതിലെ തന്റെ വാഴാംപ്ലാക്കൽ വസതിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. അറുപത്തേഴു വയസ്സായിരുന്നു.


സമാജവാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം മുൻ സംസ്ഥാന സമിതി അംഗവുമാണെന്ന് മരണവാർത്ത അറിയിച്ച സമാജവാദി ജനപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജയ് മോൻ തങ്കച്ചൻ അറിയിച്ചു. ലോഹിയാ വിചാരവേദിയുടെ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

കരൂർ വാളിപ്ലാക്കൽ കുടുംബാംഗമായ ഭാര്യ ഫിലോമിനയും മകൾ സ്വീറ്റി ജോസ് (യുണൈറ്റഡ് കിങ്ഡം) മകൻ ഡോ. സുഖിൽ ജോസ് മരുമകൻ ഷിന്റോ ടോം ഓടക്കാൽ, കൊച്ചുമക്കൾ ഷോൺ, സ്റ്റീവ് എന്നിവരുമടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം.

സംസ്കാര ചടങ്ങുകൾ ജനുവരി 5 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയ്ക്ക് വീട്ടിൽ ആരംഭിച്ച് പൂവരണി തിരുഹൃദയ പള്ളിയിലും (സേക്രഡ് ഹാർട്ട് ചർച്ച്)  സെമിത്തേരിയിലുമായി പൂർത്തിയാക്കും.

 വാഴാംപ്ലാവന്റെ വിയോഗം സംസ്ഥാനത്തെയും ജില്ലയിലെയും സോഷ്യ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹകസമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ് അനുശോചിച്ചു കൊണ്ടു പറഞ്ഞു. ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി,  സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം, സംസ്ഥാന ഖജാൻജി ഈ വി ജോസഫ് ,  സംസ്ഥന സമിതി അംഗങ്ങളായ  എം. എൻ തങ്കപ്പൻ,  പ്രഭാത് എം സോമൻ , സജി അബ്രാഹം പുകടിയിൽ, ജില്ലാ പ്രസിഡന്റ് പി.ഒ പീറ്റർ , അംഗം ജെയിംസുകുട്ടി തോമസ് എന്നിവരും അനുശോചിച്ചു.

 

വാഴാംപ്ലാവൻ ഓർമ്മയാകുകുമ്പോൾ.
ആദർശത്തിന്റെ വഴിയെ വ്യതിചലനമില്ലാതെ നടന്ന വാഴംപ്ലാവന് ആദരാഞ്ജലികൾ
 

 സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹകസമിതി അംഗവും മുൻ അദ്ധ്യക്ഷനുമായ ജോഷി ജേക്കബ് അനുസ്മരിയ്ക്കുന്നു

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് വലിയ വേരോട്ടമില്ലാത്ത പാലായുടെ മണ്ണിൽ ജീവിച്ച ജോസ് വാഴാംപ്ലാവൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ അതിൽ ചേർന്നയാളാണ്. ഡോ. ലോഹിയായുടെ അടിയുറച്ച അനുയായി ആയി അദ്ദേഹം അവസാനത്തിലും നിലകൊണ്ടു.

ഒരു ഇടത്തരം കർഷക കുടുംബത്തിലാണ് ജോസ് വാഴാംപ്ലാവൻ ജനിച്ചത്.  പാലാ സെയ്ന്റ് തോമസ് കോളജിൽ ഐഎസ്ഒ യിൽ പ്രവർത്തിച്ചുകൊണ്ട് അദ്ദേഹം പ്രവർത്തനമാരംഭിച്ചു. പാലായ്ക്ക് അടുത്ത് പൂവരണി സ്വദേശി ആയ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും പ്രസ്ഥാനത്തിൽ കൊണ്ടു വന്നു. അവരിൽ ജെയിംസ് കുട്ടി, ഡോ. കെ. ശ്രീകുമാർ എന്നിവർ പിന്നീട് എന്നോടും ബന്ധപ്പെട്ടവരായിരുന്നു. ശ്രീകുമാറിന്റെ ജ്യേഷ്ഠനായ കെ. ഹരിദാസാണ് വാഴംപ്ലാവന്റെ സഹപ്രവർത്തകനായി ആദ്യം പ്രവർത്തിച്ചത്.  അടിയന്തിരാവസ്ഥയുടെ വെളിച്ചം ഇരുണ്ടു പോയ ഘട്ടത്തിലും അടിയന്തിരാവസ്ഥാ വിരുദ്ധ നിലപാട് സ്വീകരിച്ച അദ്ദേഹം അഭിവാദ്യം അർഹിക്കുന്നു.. വാഴാംപ്ലാവൻ കൂട്ടത്തിൽ ഒരു നേതാവായിരുന്നു. ആ തലയെടുപ്പോടെ തന്നെ അദ്ദേഹം പെരുമാറുകയും ചെയ്തു.
ഗവ. ലോ കോളജിൽ ചേരുന്നതിന്  മുൻപിലെ വർഷം തീരുന്നതിന് മുമ്പാണ് ഞാൻ സാമ്പത്തിക ശാസ്ത്രം മാർക്സിനു ശേഷം എന്ന ഡോ. ലോഹിയായുടെ പുസ്തകം വായിച്ച് ആ ആശയത്തിൽ ആകൃഷ്ടനായി ലോഹിയാ വിചാര വേദിക്കാരുടെ ഒരു യോഗത്തിന് ചെന്നു ചേരുന്നത്. ആദ്യമായി കണ്ട അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. ആരെയും കൂസാത്ത ഒരു വ്യക്തിയെയും നിലപാടിൽ ഉറച്ചു നിൽക്കുന്ന ആളിനെയും സത്യസന്ധത വെടിയാത്ത ഒരാളെയും ഞാൻ വാഴംപ്ലാവനിൽ കണ്ടെത്തി. ആളിന്റെ എണ്ണം നോക്കി നിലപാട് പരസ്യപ്പെടുത്താൻ അദ്ദേഹം കാത്തു നിൽക്കുന്നില്ല. നിർഭാഗ്യവശാൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ദിശ നഷ്ടപ്പെട്ട് അത് ജനതാ പാർട്ടിയിൽ ലയിച്ചു ചേർന്നതിന് അധികം കാലമായില്ല അദ്ദേഹം പ്രവർത്തനമാരംഭിച്ചിട്ട്. പിന്നാലെ അഡ്വ ഒ ജെ ജോസഫ് അദ്ദെഹത്തെ നയിച്ചു. അതിലൊന്നും അദ്ദേഹം തൃപ്തനായിരുന്നില്ല.  അപ്പോഴാണ് അടുക്കം ജോണി (കെജെ ജോൺ) എന്നറിയപ്പെട്ട കരുത്തനായ സോഷ്യലിസ്റ്റുമെല്ലാം ചേർന്ന് പി.വി. കുര്യൻ സാറിന്റെ നേതൃത്വത്തിൽ വിചാര വേദി സംഘടിപ്പിച്ചത്. വാഴാംപ്ലാവൻ വിചാരവേദിയിൽ പ്രവർത്തിച്ചു. ജില്ലാപ്രസിഡന്റ് ആയും പ്രവർത്തിച്ചു. താമസിയാതെ അദ്ദേഹം തമിഴ്നാട്ടിൽ അദ്ധ്യാപക വൃത്തി സ്വീകരിച്ചു പോയി.
ഞാൻ ഈ ആശയങ്ങളിൽ പ്രവർത്തിക്കുവാൻ ആരംഭിച്ച് താമസംവിനാ അദ്ദേഹം നാട്ടിൽ നിന്ന് പോയി. എന്നാലും അദ്ദേഹം അവധിക്ക് വന്നാൽ ജെയിംസ്കുട്ടിയുമായി വീട്ടിൽ എത്തിച്ചേരും. ഏറെ നേരം ഇരുന്ന് ചർച്ച ചെയും. ചില പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യും. റിട്ടയർ ചെയ്ത് വന്നതിന് ശേഷമാണ് സമാജവാദി ജനപരിഷത്തിന്റെ ജില്ലാ പ്രസിഡന്റായത്.
വാഴാംപ്ലാവൻ ജോർജ് ഫെർനാന്റസിനോട് പറഞ്ഞ് അദ്ദേഹം യുജിസി ചെയർമാൻ പ്രഫ. മാധുരി ഷായോട് പറഞ്ഞാണ് മുമ്പ് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കോളജദ്ധ്യാപകനായി പാലാ സെയ്ന്റ് തോമസിൽ ജോലിക്ക് കയറിയത്. ആ അദ്ധ്യാപക സുഹൃത്ത് പിന്നീട് ഒരു പരിപാടിക്കും വരാതിരുന്നതും അദ്ദേഹം അനുസ്മരിച്ചു. എന്നാൽ വ്യക്തിപരമായി വലിയ സ്നേഹം കാണിച്ചുവെങ്കിലും വ്യവസ്ഥാപിത രാഷ്ട്രീയ നിലപാടുകൾ വിട്ട് പ്രവർത്തിപ്പിക്കുവാൻ ഒട്ടധികം പ്രയത്നിക്കേണ്ടതായി വന്നു. ജോർജ് ഫെർനാന്റസ് അദ്ദേഹത്തിന് ആരാധനാപത്രമായിരുന്നു. അതെല്ലാം വിട്ടെറിഞ്ഞ് നിലപാടെടുക്കുവാൻ ഏറെ മാറേണ്ടിയിരുന്നു.

എന്നാൽ ആദർശത്തിന്റെ വഴിയെ വ്യതിചലനമില്ലാതെ നടന്ന വാഴംപ്ലാവന് ആദരാഞ്ജലികൾ.

എന്നാൽ അതിനോടു പൊരുതി ആദർശത്തിന്റെ വഴിയെ വ്യതിചലനമില്ലാതെ നടന്ന വാഴംപ്ലാവന് ആദരാഞ്ജലികൾ.

 

സ. ജോസ് വാഴാംപ്ലാവന് ആദരാഞ്ജലികൾ
സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനിയുടെ അനുശോചന കുറിപ്പ്
അടിയുറച്ച സോഷ്യലിസ്റ്റും സമാജവാദി ജനപരിഷത്ത് നേതാവുമായിരുന്ന സഖാവ് ജോസ് വാഴാം പ്ലാവന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
 ഡോ.രാം മനോഹർ ലോഹിയാ, ജയപ്രകാശ് നാരായൺ എന്നിവരുടെ ദർശനവഴികളിലൂടെ അടിയുറച്ച സോഷ്യലിസ്റ്റായി തീർന്ന സഖാവ് വാഴാംപ്ലാവൻ ഇന്ത്യൻ സോഷ്യലിസ്റ്റ് അന്വേഷണങ്ങളിൽ പുതിയ കാര്യങ്ങളെ മനസ്സിലാക്കാൻ എപ്പോഴും ശ്രമിച്ചിരുന്ന വ്യക്തിത്വമായിരുന്നു. ഗാന്ധി-ലോഹിയാ-അംബേഡ്കർ ചിന്തകളെ ആധാരമാക്കിയ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതുശക്തിയായ സമാജവാദി ജനപരിഷത്തിനെ സ്വീകരിക്കാനും സജീവ പ്രവർത്തനം നടത്താനും തയ്യാറായി. എവിടെയും, എപ്പോഴും എത്തിപ്പെടാൻ വാഴാംപ്ലാവൻ തയ്യാറായിരുന്നു.
ജനപരിഷത്തിന്റെ ദേശീയ പരിപാടികളിൽ പങ്കെടുത്തിരുന്ന അദ്ദേഹം സംസ്ഥാന സമിതി അംഗം, കോട്ടയം ജില്ലാ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു.

അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേർപാട് ജനപരിഷത്ത് കുടുംബത്തിനും, പൊതു സമൂഹത്തിനും തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു