2011/04/06

സമാജവാദി ജനപരിഷത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

കാലടി: അങ്കമാലി മണ്ഡലത്തിലെ സമാജവാദി ജനപരിഷത്തിന്റെ സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ഞാളിയന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കണ്‍വീനര്‍ അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍ അധ്യക്ഷനായി. അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട, സംസ്ഥാന ട്രഷറര്‍ കെ. രമേഷ്, സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ഞാളിയന്‍, എ.എ. ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

2011/04/01

സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള പുതിയ രാഷ്‌ട്രീയത്തിന്‌ കരുത്തേകുക: സമാജവാദി ജനപരിഷത്ത്


പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ്‌ ഞാളിയന്‍ അങ്കമാലി മണ്ഡലത്തിലെ സമാജവാദിജനപരിഷത്ത്‌ സ്ഥാനാര്‍‍ത്ഥി

ഫ്രാന്‍സിസ്‌ ഞാളിയന്‍
കാലടി: പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന്‌ ഇതിനോടകം ജനവിശ്വാസം നേടിയ ഫ്രാന്‍സിസ്‌ ഞാളിയനെ സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള പുതിയ രാഷ്‌ട്രീയത്തിന്റെ പ്രതിനിധിയായി അങ്കമാലി മണ്ഡലത്തില്‍ സമാജവാദി ജനപരിഷത്ത്‌ ജനസമ്മതിയ്‌ക്കായി മത്സരിപ്പിക്കുന്നു. ഇതോടനുബന്ധിച്ചു് സമാജവാദിജനപരിഷത്ത്‌ സംസ്ഥാന നേതൃത്വം പുറപ്പെടുവിച്ച ആഭ്യര്‍‍ത്ഥന ചുവടെ:-



പ്രിയ സമ്മതിദായകരെ,

2011 ഏപ്രില്‍ 13-ന്‌ പതിമൂന്നാം കേരള നിയമസഭയിലേക്ക്‌ നാം നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുകയാണല്ലോ. സാധാരണ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തുവാനും നിലനിര്‍ത്തുവാനും കഴിയുന്ന നയപരിപാടികള്‍ മുന്‍നിര്‍ത്തി വേണം നാം വരുന്ന അഞ്ചുവര്‍ഷത്തേയ്‌ക്കുള്ള കേരളത്തിന്റെ ഗതി നിര്‍ണയിക്കുന്നവരെ തെരഞ്ഞെടുക്കുവാന്‍. ഓരോ തവണയും തെരഞ്ഞെടുത്തുവിടുന്ന സര്‍ക്കാരുകളെ ചവിട്ടി പുറത്താക്കേണ്ട ഗതികേടിലാണ്‌ കേരള ജനത. മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ജനങ്ങളുടെ യഥാര്‍ത്ഥ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അമ്പേപരാജയപ്പെടുന്നതിനാലാല്‍ ജനങ്ങള്‍ക്ക്‌ മറ്റൊരു മാര്‍ഗവുമില്ലാതാവുന്നു.

പൊതുജീവിതത്തിലെ മൂല്യശോഷണവും സാധാരണ ജനങ്ങളുടെ സാമ്പത്തിക അരക്ഷിതാവസ്ഥയും സാമൂഹിക അസമത്വവും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ അധീശാധികാരവും കാര്‍ഷിക മേഖലയുടെ പ്രതിസന്ധികളും കാലങ്ങളായി കേരളം നേരിടുന്ന ഏറ്റവും പൊതുവായ പ്രശനങ്ങളാണ്‌. സര്‍ക്കാരുകള്‍ പലതവണ മാറിയിട്ടും അവയ്‌ക്കൊന്നും പരിഹാരമില്ല, മാത്രമല്ല അവയെല്ലാം മൂര്‍ച്ഛിച്ച്‌ ഒരിക്കലും ആരെക്കൊണ്ടും പരിഹരിക്കാനാവില്ല എന്ന സ്ഥിതിവിശേഷത്തിലേയ്‌ക്കു രാഷ്‌ട്രീയത്തിലെ ശാക്തികചേരികള്‍ നമ്മെ നയിയ്‌ക്കുകയുമാണ്‌.


നമ്മുടെ സമൂഹത്തിന്റെ വളരെ ലളിതവും ഋജുവുമായ മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാവുന്നതും പരിഹരിക്കേണ്ടതുമാണ്‌. എന്നാല്‍ അതിനുപകരം സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്റെയും മറ്റൊരു വര്‍ണ്ണക്കാഴ്‌ചയാണ്‌ എല്ലാ വ്യവസ്ഥാപിത രാഷ്‌ട്രീയശക്തികളും മുന്നോട്ടുവയ്‌ക്കുന്നത്‌. അത്‌ ബാഹ്യമായി ചില സൗകര്യങ്ങളും സുഖവും ഒരുക്കുന്നുവെന്നത്‌ ശരിയാണ്‌. എന്നാല്‍ അതോടൊപ്പം ലളിതമായി പരിഹരിക്കേണ്ട അടിസ്ഥാനപ്രശങ്ങളെ അത്‌ വഷളാക്കുകയും സങ്കീര്‍ണ്ണമാക്കുകയുമാണ്‌ മാത്രമല്ല കുടുതല്‍ ഗുരുതരമായ പുതിയ പ്രശ്‌നങ്ങള്‍ അത്‌ ഉണ്ടാക്കുകയും ചെയ്യുന്നു. വെള്ളം പ്രകൃതിയില്‍ നിന്ന്‌ സമൃദ്ധമായികിട്ടുന്ന നമ്മുടെ സംസ്ഥാനത്ത്‌ കുടിവെള്ളക്ഷാമം; സൂര്യപ്രകാശവും കാറ്റും സമൃദ്ധമായ കേരളത്തില്‍ അത്‌പ്രയോജനപ്പെടുത്താതെ ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച്‌ വായ്‌ത്താരി: ആ വൈരുദ്ധ്യങ്ങള്‍ മാത്രമല്ല പുതുതായിവരുന്ന ഗുരുതര പ്രശ്‌നങ്ങള്‍. മനുഷ്യരാശിയും സര്‍വ്വജീവജാലങ്ങളും നിലനിന്നുപോരുന്ന നമ്മുടെ ആവാസ വ്യവസ്ഥയെ തകിടം മറിച്ച്‌ മനുഷ്യരാശിയുടെയും ജീവന്റെ തന്നെയും അതിജീവനം അപകടപ്പെടുത്തുന്ന സ്ഥിതിവിശേഷമാണിപ്പോള്‍. മനുഷ്യനും ജീവനും നിലനില്‍ക്കാനാവശ്യമായ ശുദ്ധവായുവും ശുദ്ധജലവും മാരകമായ വിധത്തില്‍ വിഷലിപ്‌തമാക്കി നമുക്ക്‌ എത്രനാള്‍ മുന്നോട്ട്‌ പോകുവാന്‍ കഴിയും? കേരളത്തിന്റെ ഏറ്റവും വലിയ ശുദ്ധജലവാഹിനിയായ പെരിയാറ്റിലെ വെള്ളത്തില്‍ കാഡ്‌മിയം, രസം തുടങ്ങിയ മാരകവിഷങ്ങള്‍ തള്ളി അതേവെള്ളം കുടിയ്‌ക്കുവാന്‍ വിതരണം ചെയ്യുന്ന സാമ്പത്തിക പുരോഗതിയുടെ യുക്തി മാത്രമൊന്നാലോചിച്ചാല്‍ മതി. മഹാനഗരങ്ങള്‍ ചീര്‍ത്ത്‌ വളരുമ്പോള്‍ അവിടുത്തെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും മനുഷ്യാന്തസ്സിന്‌ നിരക്കുന്ന ജീവിതം സ്വപ്‌നം കാണുവാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്‌ അതിന്റെ മീതെ മെട്രോയും ഹൈട്ടെക്കും സ്‌മാര്‍ട്ട്‌ സിറ്റിയും വല്ലാര്‍പാടം ടെര്‍മിനലും പണിതുയര്‍ത്തുന്നവര്‍ അവയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളായ സാമ്പത്തിക കുത്തകകള്‍ കാഴ്‌ച വെയ്‌ക്കുന്ന കോടാനുകോടി രൂപ വരുന്ന പണത്തിനുമുന്നില്‍ ജനങ്ങളെ മറക്കുന്നു. പരസ്യമായതും പരസ്യമാകാത്തതുമായ എണ്ണിയാലൊടുങ്ങാത്ത കോടികളുടെ അഴിമതി കൊള്ളകള്‍ നാട്ടുനടപ്പാകുവാന്‍ അതാണു കാരണം. ഏതുവിധേനയും പണംകുമിഞ്ഞു കൂട്ടുവാന്‍ തുനിഞ്ഞിറങ്ങുന്ന സ്ഥാപിത താല്‍പര്യക്കാര്‍ക്കെല്ലാം തഴച്ചുവളരുവാന്‍ അത്‌ സാഹചര്യമുണ്ടാക്കും. മദ്യ, ലോട്ടറി, നിയമനത്തട്ടിപ്പ്‌ തുടങ്ങിയ മാഫിയാകളും അഴിമതിയും മൂല്യശോഷണവും മറ്റും നമ്മുടെ രാജ്യത്തെയാകെ വിഴുങ്ങിയിരിയ്‌ക്കുന്നു

തെരഞ്ഞെടുപ്പു് ചിഹ്നം നാളികേരം

എന്നാല്‍ അതിന്റെയെല്ലാം ഭാരം അവസാനമായി താങ്ങേണ്ടിവരുന്നത്‌ ഗ്രാമങ്ങളും തീര മലയോരമേഖലകളുമാണ്‌ വമ്പന്‍പാറമടകളും വിവേചനമില്ലാത്ത മണല്‍വാരലും മണ്ണുമാന്തലും ഗ്രാമനിവാസികള്‍ക്ക്‌ ക്രമേണയായി ജീവിതം അസാദ്ധ്യമാക്കി തീര്‍ക്കുന്നു. മഹാത്മാഗാന്ധി നിരീക്ഷിച്ചതുപോലെ പ്രകൃതിയിലെ വിഭവങ്ങള്‍ എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ കണക്കിലെടുത്ത്‌ വിവേചനപൂര്‍വ്വം ഉപയോഗപ്പെടുത്തുകയാണ്‌ വേണ്ടത്‌. എന്നാല്‍ ഇന്നത്തെ ആധുനിക വികസനം പുരാണത്തിലെ ബകന്റെ ഭക്ഷണരീതി പോലെ എത്രയെത്ര പ്രകൃതി വിഭവങ്ങള്‍ നശിപ്പിച്ച്‌ തീര്‍ത്താലും മതിവരാതെ വാ തുറന്ന്‌ നില്‍ക്കുകയാണ്‌.

എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌, ബി.ജെ.പി. തുടങ്ങിയ ശാക്തിക ചേരികളെല്ലാം അതിജീവനം തകര്‍ക്കുന്ന ഇന്നത്തെ വികസനത്തിന്റെ കാര്യത്തില്‍ സര്‍വ്വസമ്മതിയിലാണ്‌ അതിന്‌ കാരണം അവയുടെ ആശയങ്ങളും ദര്‍ശനപദ്ധതികളും അമ്പേ പരാജയപ്പെട്ടതും കാലഹരണപ്പെട്ടതുമാണ്‌. കാലങ്ങളായുള്ള നമ്മുടെ പ്രശ്‌നങ്ങളെ പരിഹരിയ്‌ക്കുവാനോ പുതിയ പ്രശ്‌നങ്ങളെ നേരിടുവാനോ സന്തുഷ്‌ടിയും സമാധാനവും ഉള്ള ഒരുജീവിതം ജനങ്ങള്‍ക്ക്‌ നല്‍കുന്ന യഥാര്‍ത്ഥ പുരോഗതി കൈവരുത്തുവാനോ ഒരു വ്യവസ്ഥാപിത രാഷ്‌ട്രീയ കക്ഷിക്കും കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല. രണ്ടുരൂപയ്‌ക്കും ഒരു രൂപയ്‌ക്കും അരി വിതരണം ചെയ്യുവാന്‍ മത്സരിയ്‌ക്കുന്ന അവര്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളെ വഞ്ചിയ്‌ക്കുകയാണ്‌. കാര്‍ഷിക- ഭക്ഷ്യ ഉല്‍പാദനം തകര്‍ക്കുന്ന ഇന്നത്തെ വിനാശകരമായ വികസനം ഉയര്‍ത്തിപ്പിടിയ്‌ക്കുന്ന അവര്‍, വിതരണം ചെയ്യുവാന്‍ നാളെ അരിയെവിടെ എന്ന ചോദ്യം മനഃപൂര്‍വ്വം മറച്ചു വെയ്‌ക്കുകയാണ്‌ . പ്രാണവായു, ശുദ്ധ ജലം, ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വിനോദം, അന്തസ്സ്‌ തുടങ്ങിയഅടിസ്ഥാനാവശ്യങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഉറപ്പുവരുത്തുന്ന യഥാര്‍ത്ഥ വികസനം കൈവരുത്തുവാന്‍ മഹാത്മാഗാന്ധിയും ഡോ.ലോഹിയയും ജയപ്രകാശ്‌ നാരായണനും ഡോ:അംബേഡ്‌കറും നല്‍കുന്ന ദിശയടെ പ്രകാശത്തില്‍ പുതിയ നയപരിപാടികള്‍ നമുക്കുണ്ടാവണം ഇന്ത്യയില്‍ നുറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ദലിതര്‍, ആദിവാസികള്‍, മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍, ദളിതക്രൈസ്‌തവര്‍, സ്‌ത്രീകള്‍ തുടങ്ങിയ ജനസമൂഹങ്ങളുടെ സമത്വം പ്രത്യേക അവസരങ്ങളിലൂടെ അധികാര പങ്കാളിത്തം വഴി വേണം നേടുവാന്‍. അക്കാര്യത്തിലും സമഗ്രവും നൂതനവുമായ കാഴ്‌ചപ്പാടുകള്‍ ഉണ്ടാവണം. പ്ലാച്ചിമടയിലും കിനാലൂരിലും മൂലമ്പിള്ളിയിലും എന്‍ഡോസള്‍ഫാന്‍ ഭൂമിയിലും ഉയരുന്ന ജനങ്ങളുടെ രോദനത്തില്‍ നിന്ന്‌ പുതിയൊരു രാഷ്‌ട്രീയം കരുപ്പിടിപ്പിക്കണം.

സാമൂഹികവും സാമ്പത്തികവുമായ ഇത്തരം ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സമാജവാദി ജനപരിഷത്ത്‌, അവയ്‌ക്കുവേണ്ടി പോരാടുന്ന വിവിധ ജനകീയ പ്രസ്ഥാനങ്ങള്‍ ചേര്‍ന്നു രൂപം കൊടുത്ത സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള ഒരു രാഷ്‌ട്രീയ പ്രസ്ഥാനമാണ്‌. സ്വാതന്ത്ര്യസമരത്തില്‍ ഉജ്ജ്വല പോരാട്ടങ്ങള്‍ നയിച്ച ജയപ്രകാശ്‌ നാരായണന്റെയും ഡോ. റാം മനോഹര്‍ ലോഹിയയുടെയും മറ്റും നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ സോഷ്യലിസ്റ്റു് പ്രസ്‌ഥാനത്തിന്റെ പുതിയ ഘട്ടമാണ്‌ സമാജവാദിജനപരിഷത്ത്‌. പുതിയ രാഷ്‌ട്രീയത്തിന്റെ പുതിയ നയപരിപാടികളോടെ രാജ്യമൊട്ടാകെ സമാധാനപരമായ പോരാട്ടങ്ങള്‍ ആഗോളവല്‍ക്കരണത്തിനെതിരെ നടത്തുന്ന സമാജവാദി ജനപരിഷത്ത്‌ സാമൂഹിക-സാമ്പത്തിക സമത്വത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന്‌ ഇതിനോടകം ജനവിശ്വാസം നേടിയ ഫ്രാന്‍സിസ്‌ ഞാളിയനെ സമ്പൂര്‍ണ്ണ മാറ്റത്തിനുള്ള പുതിയ രാഷ്‌ട്രീയത്തിന്റെ പ്രതിനിധിയായി അങ്കമാലി മണ്ഡലത്തില്‍ സമാജവാദിജനപരിഷത്ത്‌ ജനസമ്മതിയ്‌ക്കായി മത്സരിപ്പിക്കുകയാണ്‌. മണ്ണ്‌ മാഫിയയുടെയും പാറമട ലോബിയുടെയും ആക്രമണങ്ങള്‍ക്കും വധഭീഷണികള്‍ക്കും മുമ്പില്‍ മുട്ടുമടക്കാതെയും പ്രലോഭനങ്ങള്‍ക്ക്‌ വശംവദനാകാതെയും ജനങ്ങളുടെ നന്മയ്‌ക്കുവേണ്ടി ഉറച്ചുനിന്ന്‌ ജനാധിപത്യപരവും നിയമപരവുമായ പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്ന ഫ്രാന്‍സീസ്‌ ഞാളിയന്‌ ഈ നിര്‍ണായക ഘട്ടത്തില്‍ വോട്ടുചെയത്‌ പിന്തുണ നല്‍കുവാന്‍ മുഴുവന്‍ സമ്മതിദായകരോടും സവിനയം അഭ്യര്‍ത്ഥിക്കുന്നു. സമ്പൂര്‍ണ്ണ മാറ്റത്തിനുഉള്ള പുതിയ രാഷ്‌ട്രീയത്തിന്‌ കരുത്തേകുവാന്‍ നമ്മുടെ ഓരോ വോട്ടും നാളികേരം അടയാളത്തില്‍ ചെയത്‌ ഫ്രാന്‍സീസ്‌ ഞാളിയനെ വിജയിപ്പിയ്‌ക്കുക.

സമാജവാദി ജനപരിഷത്ത്‌ അങ്കമാലി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ്‌ സമിതി കണ്‍വീനര്‍