2013/06/24

സോഷ്യലിസ്റ്റ് നേതാവു് ഡോ. പി.പി. എൻ നമ്പൂതിരി അന്തരിച്ചു

ഡോ. പി.പി. എൻ നമ്പൂതിരി 2002- ലെ ചിത്രം
 കടപ്പാട് സോഷ്യലിസ്റ്റ് വാർത്താ കേന്ദ്രം
കോലഞ്ചേരി: സ്വാതന്ത്ര്യ സമര സേനാനി, സോഷ്യലിസ്റ്റ് നേതാവു്, ചരിത്ര ഗവേഷകൻ, അധ്യാപകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനായ കറുകപ്പിള്ളി പെരിങ്ങാട്ടില്ലത്ത് ഡോ. പി.പി. നാരായണൻ നമ്പൂതിരി (93) ജൂൺ 22 ശനിയാഴ്ച രാവിലെ അന്തരിച്ചു.

1942-ല്‍ സ്റ്റുഡന്റ്‌സ് കോൺഗ്രസിലും പിന്നീട് സ്റ്റേറ്റ് കോൺഗ്രസിലും പ്രവർത്തിച്ചിരുന്ന കാലത്താണ് സ്വാതന്ത്ര്യസമര രംഗത്തെത്തിയത്. 1949-ല്‍ സോഷ്യലിസ്റ്റ് നേതാവായി. ലോഹിയായുടെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 1957-ല്‍ അന്നത്തെ രാമമംഗലം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചു.1986- ൽ പോൾ വി. കുന്നിലിനോടൊപ്പം കെ.എ. ശിവരാമഭാരതിയുടെ സോഷ്യലിസ്റ്റ് പാർട്ടിയിൽ അദ്ദേഹം പ്രവർത്തിച്ചു 1995-ൽ സോഷ്യലിസ്റ്റുകൾ ദേശീയതലത്തിൽ സമാജവാദിജനപരിഷത്തിനു് രൂപം നല്കിയപ്പോൾ അതിന്റെ സംസ്ഥാനസമിതിയംഗവുമായിരുന്നു.

രാമമംഗലം സ്‌കൂളിൽ ആദ്യം അധ്യാപകനായും പിന്നീട് ഹെഡ്മാസ്റ്ററായും പ്രവർത്തിച്ച ഇദ്ദേഹം സ്‌കൂളിന്റെ സ്ഥാപക മാനേജരുമാണ്. തൃശ്ശൂര്‍ കേരളവർമ കോളേജിലും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലും അധ്യാപകനായിരുന്നു.

രാമമംഗലം ദേവസ്വം ബോർഡ് മാനേജർ, ഐരാപുരം ശ്രീശങ്കരാ കോളേജ് സ്ഥാപകാംഗം, സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ സ്ഥാപക അംഗം 'പ്രബോധിനി' പത്രത്തിന്റെ പത്രാധിപർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. കുന്നത്തുനാട് എജ്യൂക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി പ്രസിഡന്റ്, കോലഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിന്റെ പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു.

ജൂണ്‍ 22 ശനിയാഴ്ച എറണാകുളത്തെ സ്വകാര്യാശു​പത്രിയായ മെഡിക്കൽ ട്രസ്റ്റിലായിരുന്നു അന്ത്യം. സംസ്‌കാരം ജൂൺ 23 ഞായറാഴ്ച ഉച്ചയ്ക്കു് കറുകപ്പിള്ളിയിലെ വീട്ടുവളപ്പിൽ നടത്തി. സമാജവാദി ജനപരിഷത്ത്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജോഷി ജേക്കബ്‌ അടക്കം ഒട്ടേറപ്പേര്‍ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. കേരളത്തിലെ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ആദ്യകാലപ്രവർത്തകനും സമാജവാദിജനപരിഷത്തിന്റെ മുൻ സംസ്ഥാനസമിതിയംഗവുമായിരുന്നു ഡോ. പി.പി. എൻ നമ്പൂതിരിയെന്നു് ജോഷി ജേക്കബ്‌ അനുസ്മരിച്ചു. ചിന്തകനും എഴുത്തുകാരനും വടക്കൻ തിരുവിതാംകൂറിൽ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുത്ത സംഘാടകനുമായ അദ്ദേഹത്തിന്റെ വിയോഗം സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിനു്‌ തീരാനഷ്ടമാണെന്നു്‌ അദ്ദേഹം പറഞ്ഞു. സംസ്ഥാനസമിതിയ്‌ക്കുവേണ്ടി ജനറൽ സെക്രട്ടറി ജയ്‌മോന്‍ തങ്കച്ചൻ പുഷ്‌പ ചക്രം സമർപ്പിച്ചു.

ഡോ. പി.പി. നാരായണൻ നമ്പൂതിരി ഭാര്യ നീലീദേവി അന്തർജനം കോട്ടയം പ്ലായിക്കോട്ട് ഇല്ലത്തെയാണു്. ഡോ. പി.എൻ. കൃഷ്ണൻ (ശാസ്ത്രജ്ഞൻ, ടി.ബി. ജി.ആർ.ഐ, തിരുവനന്തപുരം), പി. രാജൻ (റിട്ട. ജില്ലാ വ്യവസായ ഓഫീസർ), പി.എൻ. വാസുദേവൻ (കെമിസ്റ്റ്, എസ്.ആർ. ഷുഗേഴ്‌സ്, ചെന്നൈ), ചന്ദ്രിക (തൈക്കാട്ടുശ്ശേരി ഇല്ലം, ചേർത്തല), രമ (പെരുമ്പാവൂര്‍ കടമ്പനാൽ ഇല്ലം), ശോഭ (ഹരിപ്പാട്ട്, ചെങ്ങാരപ്പിള്ളി മഠം) എന്നിവരാണു് മക്കൾ. ഉമാ കൃഷ്ണൻ (തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻകോർപ്പറേറ്റ് എൻജിനീയർ), ലതിക (മഞ്ചക്കൽ ഇല്ലം, പയ്യന്നൂര്‍), ഷൈലജ (തിരുവല്ല കവിയൂര്‍ ഇല്ലം), ശ്രീകുമാർ (ചേർത്തല തൈക്കാട്ടുശ്ശേരി ഇല്ലം), നാരായണൻ (റിട്ട. എച്ച്.എം.ടി. കടമ്പനാൽ, പെരുമ്പാവൂര്‍), മോഹനകുമാർ (ഡെപ്യൂട്ടി മാനേജർ, ഐ.ആർ.ഇ, ചവറ) എന്നിവർ മരുമക്കളും.