2009/03/21

കോട്ടയം മണ്ഡലം സമാജവാദി ജനപരിഷത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി


കോട്ടയം, മാര്‍ച്ച് 20:  ലോകസഭാ മണ്ഡലം സമാജവാദി ജനപരിഷത്ത് സ്ഥാനാര്‍ഥി അഡ്വ. ജെയിമോന്‍ തങ്കച്ചന്റെ തെരഞ്ഞെടുപ്പു് പ്രചാരണ,സംഘടനാപ്രവര്‍ത്തനങ്ങള്‍‍ക്കു് 101 അംഗ എക്സിക്യൂട്ടീവ്  കമ്മിറ്റിയ്ക്കു് മാര്‍ച്ച് 20 വെള്ളിയാഴ്ച കോട്ടയം പടിഞ്ഞാറേക്കര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ രുപം നല്കി. എന്‍ വി മത്തായി (നാരെക്കാട്ട് പിറവം) ചെയര്‍മാനും      കെ ജെ കുര്യന്‍ കുറുപ്പന്തറ, ഡോ.പി യു ഭാസ്കരന്‍, എം എന്‍ തങ്കപ്പന്‍ വാകത്താനം എന്നിവര്‍ ഉപാദ്ധ്യക്ഷന്‍മാരും എബി ജോണ്‍ വന്‍നിലം ജനറല്‍ കണ്‍വീനറും പി ഒ പൗലോസ് പാലച്ചുവടു്, ജോര്‍ജ് ജേക്കബ്   എന്നിവര്‍ കണ്‍വീനര്‍മാരും ജോര്‍ജ് വറുഗീസ് ഖജാന്‍ജിയുമാണു്. സനീഷ് ജോസഫ് , അഡ്വ. അനീഷ് ലൂക്കോസ് , കുരുവിള ജോണ്‍, റ്റി ആര്‍‍ സി നായര്‍, ലിജോയ് തോമസ്, വി ജി സുരേഷ്,  വി പികണ്ണന്‍, വിസികുര്യന്‍, ഏലിക്കുട്ടി ദേവസ്യ തുടങ്ങിയവര്‍ അടങ്ങിയതാണു് 101 അംഗ എക്സിക്യൂട്ടീവ്  കമ്മിറ്റി‍.



ബദല്‍ രാഷ്ട്രീയം കെട്ടിപ്പടുക്കുക: ജോഷി ജേക്കബ്


കോട്ടയം, മാര്‍ച്ച് 20: ഇന്ത്യയിലെ 35കോടി ജനങ്ങള്‍‍ പട്ടിണിയെ നേരിടുമ്പോള്‍‍ അവരുടെ വിശപ്പുമാറ്റാനും അടിസ്ഥാന ആവശ്യങ്ങള്‍‍നിറവേറ്റാനുമുതകുന്ന കാര്യപരിപാടിയൊന്നുമില്ലാത്ത രാഷ്ട്രീയം തെരഞ്ഞെടുപ്പിനെ അരാഷ്ട്രീയവല്‍ക്കരിച്ചിരിയ്ക്കുകയാണെന്നു് സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്  പ്രസ്താവിച്ചു. സമാജവാദി ജനപരിഷത്ത് കോട്ടയം ലോകസഭാ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. ജെയിമോന്‍ തങ്കച്ചന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 20 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയ്ക്കു് കോട്ടയം പടിഞ്ഞാറേക്കര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

പാശ്ചാത്യ വികസന മാതൃകയും സമ്പന്നരാജ്യങ്ങളിലേയ്ക്കു് സമ്പത്തു് ചോര്‍ത്തുന്ന പുത്തന്‍ കോളണിവല്‍‍കരണവുമാണു് രാജ്യത്തെ അപകടത്തിലാക്കിയിരിയ്ക്കുന്നതു് . വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയവാദവും   ഭീകകരപ്രവര്‍‍ത്തനവും അതിന്റെ മറ്റൊരനന്തര ഫലമാണു്. കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാനവിഷയങ്ങള്‍ കേന്ദ്രവിഷയമാക്കി തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയവല്‍ക്കരിയ്ക്കുവാന്‍ പുതിയ രാഷ്ട്രീയശക്തി വളര്‍ത്തിയെടുക്കുവാനാണു് സോഷ്യലിസ്റ്റ് പ്രസ്ഥാനം ശ്രമിയ്ക്കുന്നതു്.  ഇന്ദിരാകാങ്ഗ്രസ്സ് ഭാരതീയ ജനതാ പാര്‍‍ട്ടി മുന്നണികളും കമ്യൂണിസ്റ്റ് കക്ഷികളും തെരഞ്ഞെടുപ്പുഫലം വന്നശേഷം എന്തുനിലപാടെടുക്കുമെന്നു് പ്രവചിയ്കാനാവാത്ത അവസരവാദി കക്ഷികളും അടങ്ങിയ നിര്‍ദിഷ്ട മൂന്നാം  മുന്നണിയും എല്ലാം ഉള്‍‍പ്പെടുന്ന വ്യവസ്ഥാപിതചേരി ജനങ്ങളെ മറന്നു് കോര്‍‍പ്പറേറ്റുകളുടെ പിണിയാളുകളായിമാറിയിരിയ്ക്കുകയാണു്.  ബദല്‍ രാഷ്ട്രീയം കെട്ടിപ്പടുക്കുവാന്‍ ദേശീയതലത്തില്‍‍ പരിശ്രമിയ്ക്കുന്ന സമാജവാദി ജനപരിഷത്തിനു്  കോട്ടയം ലോകസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി യുണ്ടായിരിയ്കുന്നതു് പ്രതീക്ഷയുടെ തുടക്കമാണു്.

 

വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികള്‍  തെരഞ്ഞെടുപ്പിനെ അരാഷ്ട്രീയവല്‍ക്കരിയ്ക്കുമ്പോള്‍ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മുന്നിലേയ്ക്കു് കൊണ്ടുവന്നു് തെരഞ്ഞെടുപ്പിനെ രാഷ്ട്രീയവല്‍ക്കരിയ്ക്കുകയാണു്  സമാജവാദി ജനപരിഷത്തിന്റെ ഉത്തരവാദിത്തമെന്നു് കണ്‍വന്‍ഷനില്‍ അധ്യക്ഷകതവഹിച്ചുകൊണ്ടു് സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ്  അഡ്വ.വിനോദ് പയ്യട പറഞ്ഞു. കെജെ കുര്യന്‍ കുറുപ്പന്തറ,

സംസ്ഥാന ജനറല്‍ സെക്രട്ടറി എബി ജോണ്‍ വന്‍നിലം എം എന്‍ തങ്കപ്പന്‍ ഡോ.പി യു ഭാസ്കരന്‍, സമാജവാദി ജനപരിഷത്ത് സംസ്ഥാന സമിതിയംഗം ജോര്‍ജ് ജേക്കബ്  സ്ഥാനാര്‍ഥി അഡ്വ. ജെയിമോന്‍ തങ്കച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

എന്‍ വി മത്തായി അദ്ധ്യക്ഷനായി 101 അംഗ കോട്ടയം മണ്ഡലം സമാജവാദി ജനപരിഷത്ത് തെരഞ്ഞെടുപ്പ്കമ്മിറ്റിയ്ക്കു്  കണ്‍വന്‍ഷന്‍ രുപം നല്കി.

2009/03/19

സമാജവാദി ജനപരിഷത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

കൂത്താട്ടുകുളം, മാര്‍ച്ച് 18: സമാജവാദി ജനപരിഷത്ത് കോട്ടയം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. ജെയ്മോന്‍ തങ്കച്ചന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 20 വെള്ളിയാഴ്ച വൈകുന്നേരം 4.30-ന് കോട്ടയം പടിഞ്ഞാറേക്കര ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എബി ജോണ്‍ വന്‍നിലം അറിയിച്ചു. അഖിലേന്ത്യാ ഉപാധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

സി.പി.എമ്മിന്‌ രാഷ്ട്രീയ പാപ്പരത്തം - സമാജ്‌വാദി പരിഷത്ത്‌

കോട്ടയം മാര്‍ച്ച് 17: മുന്നണി മര്യാദകള്‍ പാലിക്കാതെ ഘടകക്ഷികളോട്‌ ചതിയും മുട്ടാളത്തരവും കാണിക്കുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയപാപ്പരത്തം മാഫിയ ഇടപെടല്‍ മൂലമാണെന്ന്‌ ജനങ്ങള്‍ തിരിച്ചറിയുമെന്ന്‌ സമാജ്‌വാദി ജനപരിഷത്ത്‌ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്‌ അഭിപ്രായപ്പെട്ടു. 

ഫാരിസ്‌ അബൂബക്കറിനെപ്പോലെയുള്ളവരുടെയും, സൗകര്യം പോലെ തീവ്രവാദി ബന്ധങ്ങള്‍ പുറത്തെടുക്കുന്നവരുടെയും സ്ഥാനാര്‍ഥികളെ ഉറപ്പിക്കുന്നതിന്‌ സി.പി.എം. നടത്തുന്ന പിടിവാശി മുന്നണിക്കപ്പുറത്ത്‌ ഗുരുതരമായ, രാഷ്ട്രീയ, സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. 

കേരളത്തിലെ മുഖ്യരാഷ്ട്രീയ ചേരികളായ എല്‍.ഡി.എഫും, യു.ഡി.എഫും നേരിടുന്ന തകര്‍ച്ചകള്‍ പുതിയ ഒരു രാഷ്ട്രീയശക്തി വളരുന്നതിന്‌ അനുകൂലമായ അന്തരീക്ഷമാണ്‌ ഒരുക്കുന്നത്‌. സി.പി.എമ്മിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പൊരുതുന്നവരും, സാമ്പത്തിക നയങ്ങളില്‍  ആഗോളവത്‌ക്കരണത്തെ എതിര്‍ക്കുന്നവരുമായ സി.പി.എം. വിമതരുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനവുമായി ജനപരിഷത്ത്‌ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

http://www.mathrubhumi.com/php/newFrm.php?news_id=1277803&n_type=RE&category_id=1&Farc=T

സംവരണനയം പരിഷ്‌കരിക്കണം - സമാജ്‌വാദി പരിഷത്ത്‌

കോഴിക്കോട്‌:, ഫെബ്രുവരി 22, 2009: സംവരണത്തിന്റെ ആനുകൂല്യം അതിപിന്നാക്ക വിഭാഗങ്ങള്‍ക്കുകൂടി ലഭ്യമാക്കുന്ന തരത്തില്‍ സംവരണനയം സമഗ്രമായി പരിഷ്‌കരിക്കണമെന്ന്‌ സമാജ്‌വാദി പരിഷത്ത്‌ സംസ്ഥാന പ്രതിനിധിസമ്മേളനം ആവശ്യപ്പെട്ടു. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. സംസ്ഥാനസമിതി അംഗം അഡ്വ. ജയിമോന്‍ തങ്കച്ചനാണ്‌ സ്ഥാനാര്‍ഥി. 

പുതിയ ഭാരവാഹികളായി അഡ്വ. വിനോദ്‌ പയ്യട (പ്രസി). എബി ജോണ്‍ വന്‍നിലം (ജനറല്‍ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. 

വിദ്യാഭ്യാസ അവകാശ സമ്മേളനം നടത്തും


കോട്ടയം: അഖിലഭാരതീയ സമാജവാദി അദ്ധ്യാപക സഭ, സമാജവാദി ജനപരിഷത്തും വിദ്യാര്‍ത്ഥി യുവജന സഭയുമായി ചേര്‍ന്ന്‌ കോഴിക്കോട്ട്‌ നാളെ വിദ്യാഭ്യാസ  അവകാശ സമ്മേളനം നടത്തും.സമ്മേളനത്തിന്റെ ഉദ്‌ഘാടനം അഖിലഭാരതീയ സമാജവാദി അദ്ധ്യാപക സഭാ പ്രസിഡന്റ്‌ ഭായി വൈദ്യാ ഉദ്‌ഘാടനം ചെയ്യും.

വിദ്യാഭ്യാസം മുഴുവന്‍ സൗജന്യമാക്കുമെന്ന വാഗ്‌ദാനം പ്രകടന പത്രികകളില്‍ ഉള്‍പ്പെടുത്തുവാന്‍ സമാജവാദി അദ്ധ്യാപക സഭ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും, ഇതിനുവേണ്ടി പ്രചരണ, പ്രക്ഷോഭ പിപാടികള്‍ നടത്തുമെന്നും  പ്രസിഡന്റ്‌ ഭായി വൈദ്യ പറഞ്ഞു. ഗുണമേന്മയുള്ള വിദ്യഭ്യാസം എല്ലാവര്‍ക്കും ലഭിക്കുന്നതിനും വിദ്യാഭ്യാസത്തിന്‌ പുതിയ ദിശാബോധം നല്‍കുന്നതിനുമാണ്‌ സംഘടന പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സമാജവാദി ജനപരിഷത്ത്‌ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ജോഷി ജേക്കബ്‌, മുന്‍ എം എല്‍ സി, വര്‍ക്കിംഗ്‌ പ്രസിഡന്റുമായ ജെ യു നാനാസാഹേബ്‌ ഠാക്കരേ, ജനറല്‍ സെക്രട്ടറി പ്രൊഫ. വിശാഖാ ഖൈരേ, സെക്രട്ടറി പ്രൊഫ. അര്‍ജ്ജുന്‍ കോക്കാട്ടെ, അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

http://myvartha.com/ver02/FullStory/?NewsID=213200931953PM8846&Sid=10&Opps=1&Cnt=9022

സമാജവാദി ജനപരിഷത്ത് ഏഴിടത്ത് മത്സരിക്കും


കോട്ടയം, ജനുവരി 19, 2009: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി ജനപരിഷത്ത് ഇന്ത്യയില്‍ ഏഴിടങ്ങളില്‍ മല്‍സരിക്കുമെന്നു അഖിലേന്ത്യാ പ്രസിഡന്റ് സുനില്‍, സെക്രട്ടറി ലിംഗരാജ് എന്നിവര്‍ അറിയിച്ചു. പശ്ചിമ ബംഗാളില്‍ രണ്ടും ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ ഓരോ സീറ്റിലും പാര്‍ട്ടി മല്‍സരിക്കും. കേരളത്തില്‍ കോട്ടയത്ത്‌ അഡ്വ. ജെയിമോന്‍ തങ്കച്ചനായിരിയ്ക്കും സ്ഥാനാര്‍ഥി.

 ബദല്‍ രാഷ്‌ട്രീയ ശക്തി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെരൂപം കൊണ്ട ലോക രാജനീതി മഞ്ച്‌ എന്ന മുന്നണിയുടെ ഭാഗമായാണു് സമാജവാദി ജനപരിഷത്ത് മല്‍സരിക്കുന്നതു്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെയും ജനകീയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയുമാണ്‌ മുന്നണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

പ്രശസ്‌ത പത്ര പ്രവര്‍ത്തകന്‍ കുല്‍ദീപ്‌ നയ്യാര്‍, ജസ്റ്റീസ്‌ രജീന്ദ്രര്‍ സച്ചാര്‍  , യോഗേന്ദ്ര യാദവ്‌ തുടങ്ങിയവരാണ്‌ മുന്നണിക്ക്‌ നേതൃത്വം നല്‌കുന്നത്‌.
വാര്‍ത്താ സമ്മേളനത്തില്‍ സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റ്‌ സുനില്‍, ജനറല്‍ സെക്രട്ടറി ലിംഗരാജ്‌, സ്‌മിത എന്നിവര്‍ പങ്കെടുത്തു. 

അടിസ്ഥാനപ്രശ്‌നങ്ങളുമായി സമാജ്‌വാദി പരിഷത്ത്‌ തിരഞ്ഞെടുപ്പിനൊരുങ്ങി

കോട്ടയം, ജനുവരി 18 2009: അടിസ്ഥാന രാഷ്ട്രീയപ്രശ്‌നങ്ങളിലേയ്‌ക്ക്‌ ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയെന്ന ലക്ഷ്യത്തോടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറു സംസ്ഥാനങ്ങളില്‍ മത്സരിക്കാന്‍ സമാജ്‌വാദി ജനപരിഷത്ത്‌ ദേശീയ സമിതി തീരുമാനിച്ചു. മഹാരാഷ്ട്ര- 1, ബംഗാള്‍- 3, ബിഹാര്‍-1, ഉത്തര്‍പ്രദേശ്‌-2, മധ്യപ്രദേശ്‌- 2, കേരള-1 സീറ്റുകളിലാണ്‌ മത്സരിക്കുക. 

കേരളത്തില്‍ കോട്ടയത്ത്‌ ദേശീയ ഉപാധ്യക്ഷന്‍ ജോഷി ജേക്കബ്‌ മത്സരിക്കാനാണ്‌ സാധ്യത. ജനകീയ രാഷ്ട്രീയ വേദിയുടെ ഭാഗമായാണ്‌ ജനപരിഷത്ത്‌ മത്സരത്തിനിറങ്ങുന്നത്‌. 

കോട്ടയം സി.എസ്‌.ഐ. റിട്രീറ്റ്‌ സെന്ററില്‍ നടക്കുന്ന ദേശീയ ക്യാമ്പില്‍ ദേശീയവിദ്യാഭ്യാസബില്‍, ഭക്ഷ്യസുരക്ഷാപ്രശ്‌നം, കാര്‍ഷികപ്രശ്‌നങ്ങള്‍, അമേരിക്കയിലെ രാഷ്ട്രീയ മാറ്റം എന്നിവ ചര്‍ച്ച ചെയ്‌തു. 

മുഖ്യ രാഷ്ട്രീയകക്ഷികള്‍ ഭക്ഷ്യസുരക്ഷ, കാര്‍ഷിക പ്രശ്‌നങ്ങള്‍, ആദിവാസിപ്രശ്‌നം എന്നിവയില്‍നിന്നെല്ലാം വിട്ടുമാറി ഉപരിപ്ലവമായ രാഷ്ട്രീയ പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നതിനെ പ്രതിരോധിക്കാന്‍ യോഗം തീരുമാനിച്ചു. ഗാന്ധിജി, രാംമനോഹര്‍ലോഹ്യ, അംബേദ്‌കര്‍, ജയപ്രകാശ്‌ നാരായണ്‍ എന്നിവരുടെ രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷികള്‍ക്ക്‌ പിന്തുണ നല്‍കാനും തീരുമാനമുണ്ട്‌.

ഉറവിടം: http://www.mathrubhumi.com/php/newFrm.php?news_id=1218529&n_type=RE&category_id=1&Farc=&previous=N

കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ച്‌ കേരള കര്‍ഷക മുന്നണി സെമിനാര്‍

കോട്ടയം, ജനുവരി 17, 2009: സമാജവാദി ജനപരിഷത്തിന്റെ സഹസംഘടനയായ കേരള കര്‍ഷക മുന്നണിയുടെ നേതൃത്വത്തില്‍ കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ച്‌ സെമിനാര്‍ നടന്നു. സെമിനാര്‍ ദേശീയാധ്യക്ഷന്‍ സുനില്‍ ഉദ്‌ഘാടനം ചെയ്‌തു. 

കര്‍ഷക പ്രസ്ഥാനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തെക്കുറിച്ച്‌ ജനപരിഷത്ത്‌ ദേശീയ ജനറല്‍ സെക്രട്ടറി ലിംഗരാജ്‌ മുഖ്യപ്രഭാഷണം നടത്തി. 

ജനപരിഷത്ത്‌ ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ എബി ജോണ്‍ വന്‍നിലം, സുരേഷ്‌ നരിക്കുനി, കെ.കെ. കുരുവിള, ആന്‍േറാ മാങ്കൂട്ടം എന്നിവര്‍ പ്രസംഗിച്ചു. യുനെസ്‌ക്കോയുടെ ചലച്ചിത്ര മത്സരത്തില്‍ ഒന്നാംസമ്മാനം നേടിയ അനന്തകൃഷ്‌ണന്‌ ഉപഹാരം നല്‍കി. ചര്‍ച്ചകളില്‍ യു.പി. പ്രസിഡന്റ്‌ അഫ്‌ളാത്തൂണ്‍, ദേശീയഭാരവാഹികളായ സോമനാഥ്‌ ത്രിപാഠി, അഡ്വ. പ്രവീണ്‍വാഘ്‌, രഞ്‌ജിത്‌റായി, ശിവജി സിംഗ്‌, അഡ്വ. വിനോദ്‌ പൈ, ഭാനുപ്രകാശ്‌, വി.എസ്‌. കൃഷ്‌ണമൂര്‍ത്തി എന്നിവരും പങ്കെടുത്തു. 

ഭീകരതയ്‌ക്കെതിരെ സദ്‌ബുദ്ധി

കോട്ടയം,സെ16 2008: ഭീകരതയ്‌ക്കും വര്‍ഗ്ഗീയതയ്‌ക്കുമെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്‌ മദ്യനിരോധന സമിതി അംഗം കെ.ജെ കുര്യന്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ്‌ മുന്നു മണിക്ക്‌ ഗന്ധി പ്രതിമയ്‌ക്ക്‌ സമീപം നടന്ന സദ്‌ബുദ്ധി സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഗാന്ധിമാര്‍ഗ്ഗ സോഷ്യലിസ്റ്റ്‌ സംഘടനകളായ കേരള സര്‍വോദയ മണ്‌ഡലം, സമാജവാദി ജനപരിഷത്ത്‌, രാഷ്‌ട്ര സേവാദള്‍ എന്നിവയാണ്‌ സദ്‌ബുദ്ധി സത്യാഗ്രഹം സംഘടിപ്പിച്ചത്‌.
സമാജ്‌വാദി ജനപരിഷത്ത്‌ ജനറല്‍ സെക്രട്ടറി അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍, ഗാന്ധി സ്‌മാരക സേവാ കേന്ദ്രം സെക്രട്ടറി എം കുര്യന്‍, സമാജ്‌വാദി ജനപരിഷത്ത്‌ ഉപാധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്‌, സമാജവാദി ജനപരിഷത്ത് സംസ്ഥാന സെക്രട്ടറിമാരിലൊരാളും രാഷ്‌ട്ര സേവാദള്‍ സംസ്ഥാന കണ്‍വീനറുമായ ജോര്‍ജ്‌ ജേക്കബ്‌, പ്രമുഖ ഗാന്ധിയന്‍ അബ്‌ദുള്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.
ഉറവിടം:  http://www.kottayamvartha.com/ver02/FullStory/?NewsID=916200852932PM1542&Sid=10&Opps=1&Cnt=1695







2009/03/03

ഷമിംമോദിയെ മോചിപ്പിക്കുക



ഭരണകൂടത്തിന്റെ നടപടികളെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്നവരെ കഷ്ടപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. അപ്രകാരമുളള ജനാധിപത്യ അവകാശ ധ്വംസനമാണ് മദ്ധ്യപ്രദേശിൽ സമാജവാദി ജനപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റും ആദിവാസി ജനസമൂഹത്തിന്റെയും തൊഴിലാളികളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നയാളുമായ അഭിഭാഷക ഷമിം മോദിയും ഒപ്പം നിൽക്കുന്നവരും മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൌഹാന്റെ സർക്കാരിനു കീഴിൽ നേരിട്ടുകൊണ്ടിരിയ്ക്കുന്നത്. രാഷ്ട്രീയ പ്രേരിതമായി ചുമത്തിയ കേസുകളുടെ പേരിൽ ഫെബ്രുവരി 10-ആം തീയതി ഷമിം മോദിയെ അറസ്‌ററു്‌ചെയ്ത് ജാമ്യം നിഷേധിച്ച് ശിവരാജ് സിംഹ് ചൗഹാൻ സർക്കാർ അനിശ്ചിതകാലത്തേക്ക് തടങ്കലിലിട്ടിരിക്കുകയാണ്.

48 മണിക്കൂറിനകം ഷമിം മോദിയെയും അവരുടെ സഹധർമ്മചാരിയായ അനുരാഗ് മോദിയെയും അറസ്‌റുചെയ്തില്ലെങ്കിൽ തങ്ങളുടെ വ്യവസായ സ്ഥാപനങ്ങളെല്ലാം പൂട്ടിയിടുമെന്ന് ഹർദാ ജില്ലാ ഭരണകൂടത്തിന് ഹർദാ ഇൻഡസ്ട്രീസ് അസ്സോസ്സിയേഷൻ അന്ത്യശാസനം നൽകിയതിന്റെ പിറ്റേന്നാണ് ഷമിമിനെ അറസ്‌റുചെയ്തത്. ഹർദായിയിലെ വിവിധ ക്യഷി ഉപജമണ്ഡിയിലും പണ്ടകശാലയിലും റെയിൽവേ മാൽഗോഡമിലും പണിയെടുക്കുന്ന കൂലികളെ (ഹമ്മാൽസ്) സംഘടിപ്പിച്ച ഷമിം-അനുരാഗ് ദമ്പതികൾ അതിനുശേഷം കുറച്ചുമാസങ്ങളായി 60 സോമിൽ-പ്‌ളൈവുഡ് ഫാക്ടറികളുമായി ബന്ധപ്പെട്ട തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു.

സമാജവാദി ജനപരിഷത്തിന്റെ വളർന്നുവരുന്ന ജനസമ്മതി തടയാനും ഒപ്പം സംസ്ഥാനത്തെ സാമൂഹിക രാഷ്ട്രീയ പ്രവർത്തകരെ പാഠം പഠിപ്പിക്കുവാനുള്ള ഭരണ ഭാരതീയ ജനതാപാർട്ടിയുടെ വിപുലമായ ഗൂഡാലോചനയുടെ ഭാഗമായിരുന്നു തടിമിൽ വ്യവസായികളുടെ അന്ത്യശാസനം. 2003--ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേതാവ് കമൽ പട്ടേലിനെതിരെ (സംസ്ഥാന മുൻ റവന്യു മന്ത്രി) മത്സരിച്ചതുതൊട്ട് പോലീസ് ഷമിനെതിരെ വേട്ടയാടുന്നതാണ്. തെരെഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചയുടനെ തന്നെ 2003--ൽ ഷമിമിനെ പോലിസ് അറസ്റ്റു് ചെയ്തിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് മോചിപ്പിച്ചു. ഇപ്പോൾ വീണ്ടും നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം ഷമിമിനെ അറസ്റ്റു് ചെയ്തിരിക്കുകയാണ്. ഹർദാ മണ്ഡലത്തിലെ മൽസരത്തിൽ രണ്ടു വട്ടം ഷമിം എതിർത്ത വനം മാഫിയയുടെ ആളുകൂടിയായ കമൽ പട്ടേലിന് ഹർദയിലെ 60 തടിമില്ലുകളുമായി ബന്ധപ്പെട്ട വ്യവസായി അസ്സോസിയേഷനുമായി അടുപ്പമുണ്ടെന്നത് പ്രസ്താവ്യമാണ്.

ഷമിമിനെ അറസ്‌റു ചെയ്യുന്നതിന് കാരണമാക്കിയ കേസുകൾ 2 വർഷം പഴക്കമുള്ളതും രാഷ്ട്രീയ പ്രേരിതമായവയുമാണ്. കഴിഞ്ഞ 2 വർഷം പോലീസ് ഒരിക്കൽ പോലും അന്വേഷിക്കാൻ താൽപര്യം കാണിക്കാതിരുന്നതും അതിനുദ്ദേശമില്ലാത്തതുമായ കേസുകളായിരുന്നു അവ. പക്ഷെ വിനായക സെന്നിന്റെ വഴിക്കുള്ള ശീർഷകമായി മാറുമെന്നുതോന്നിക്കുന്ന വിധത്തിലാണിപ്പോൾ ഷമിം മോദിക്കെതിരായ കേസ് പോകുന്നതെന്ന് സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 12ആം തീയതി ജാമ്യപേക്ഷ നിഷേധിച്ചുകൊണ്ട് ഹർദ സെഷൻസ് ജഡ്ജി ജെ. പി. പരാശരൻ പറഞ്ഞത് ആരെയും നടുക്കും ' രാജ്യവിരുദ്ധ പ്രവൃത്തിയിലേർപ്പെട്ട നിയമജ്ഞയും അഭ്യസ്തവിദ്യയുമായ സ്ത്രീക്ക് ജാമ്യം നൽകാൻ കഴിയില്ല'' (ഉഛ ശിക്ഷ ഔ വിധികാ ഗ്യാൻ രഖ്‌നെ വാലി സി മഹിള ജോ രാജ്യവിരോധി കാര്യ കർനെ കാ അപരാധ് കർത്തി ഹൈ ഉസെ ഇമാനത് കാ ലാദ് ദിയ ജാനാ നയാ സംഗത് നഹി ഹൈ). ജഡ്ജിയുടെ ഈ പരാമർശം വ്യക്തമാക്കുന്നത് ശിവരാജ് സിംഗ് ചൌഹാൻ സർക്കാർ ഷമിം മോദിയെ ദീർഘകാലത്തേക്ക് തടങ്കിലിലിടുവാൻ പദ്ധതിയിട്ടിരിക്കുന്നുവെന്നാണ്.

പക്ഷേ ഒരു വശത്ത് ഈ പരാമർശം നടത്തിയ ജഡ്ജി അതേ സമയം തന്നെ ഇങ്ങനെയും എഴുതി ''ഷമിം മോദി വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊതുതാൽപര്യ വ്യവഹാരം (PIL- Public Interest Litigation) ഫയൽ ചെയ്ത് ആദിവാസി ഗോത്രക്കാരെ അവരുടെ അവകാശങ്ങളെപ്പറ്റി പഠിപ്പിക്കുകയും അവരുടെ ക്ഷേമത്തിനു വേണ്ടി തന്റെ സംഘടനയിലൂടെ പ്രവർത്തിക്കുകയും ചെയ്തു.'' അതും ഒരു കുറ്റ കൃത്യമാണെങ്കിലോ എന്ന മട്ടിലാണ് അദ്ദേഹം ഇതു നടത്തിയത്.

കേസിന്റെ വാസ്തവം

രാജ്യദ്രോഹപ്രവൃത്തിയിലേർപ്പെട്ടിരിക്കുന്നയാളെന്ന ജഡ്ജിയുടെ പരാമർശം ന്യായീകരണമില്ലാത്തതും എന്തെങ്കിലും നിയമ പിൻബലം ഇല്ലാത്തതുമാണ്. ആദിവാസി ഗോത്രക്കാരനായ രാം ദാസിനേയും കൂടെയുണ്ടായിരുന്നവേയും 2007 ജൂലായ് 11 ന് അറസ്റ്റ് ചെയ്തപ്പോൾ ഫോറസ്റ്റ് റെയിഞ്ചർ ഒ.പി പട്ടേലിനേയും മറ്റും ഷമിം മോദിയുടെയും ഭർത്താവ് അനുരാഗ മോദിയുടെയും പ്രേരണയാൽ ഹർദയിലെ ധേഗ ഗ്രാമത്തിലെ ആദിവാസി ഗോത്രക്കാർ ആക്രമിച്ചെന്നും തട്ടികൊണ്ടു പോയെന്നും ആണ് ക്രിമിനൽ കേസ് നമ്പർ 76/07 കേസിലെ പ്രഥമ വിവര റിപ്പോർട്ടിലും (FIR) ജാമ്യ ഉത്തരവിലും പരാമർശിച്ചതു പോലെ കുറ്റരോപണമായി വായിക്കുന്നത്. പ്രഥമ വിവര റിപ്പോർട്ട് (FIR) പ്രകാരം ഷമിയും അനുരാഗും സംഭവസ്ഥത്തുണ്ടായിരുന്നില്ല. മോദി ദമ്പദികൾ നടത്തിയ കോപം ജ്വലിപ്പിക്കുന്ന വിധത്തിലുള്ള പ്രസംഗമാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രസിക്യൂഷൻ പറയുന്നത്. രാജ്യദ്രോഹ പ്രവർത്തനമൊന്നും പ്രോസിക്യൂഷൻ പറയുന്നില്ല.

വനം വകുപ്പുദ്യോഗസ്ഥരെ തട്ടികൊണ്ടു പോകാൻ ആദിവാസി ഗോത്രക്കാർക്ക് ഷമിയും അനുരാഗും പ്രരണ നൽകിയെന്ന് 2007 ജൂലായ് 12-ആം തിയതിയും ഈ ആദിവാസി ഗോത്രക്കാരിൽ രണ്ടുപേരെ ഷമിം തട്ടികൊണ്ടു പോയെന്ന് ജൂലായ് 13-ആം തിയതിയും കുറ്റം ചുമത്തിയെന്ന വസ്തുത കൊണ്ട് കഥയുടെ യാഥാർത്ഥ്യം മനസ്സിലാക്കാം. സംഭവം ഇങ്ങനെയാണ്: 2007 ജൂലായ് 11 ന് ഫോറസ്‌റ് റെയ്ഞ്ചർ ഒ.പി. പട്ടേൽ 30-40 പേരോടൊപ്പം ധേഗ ഗ്രാമത്തിൽ എത്തിയപ്പോൾ വനഭൂമിയിൽ കൃഷിയിടമൊരുക്കുന്ന പണിയിലേർപ്പെട്ടിരിയ്കുന്ന ആദിവാസി ഗോത്രക്കാരനായ രാം ദാസിനെ കണ്ട് വിവേചനരഹിതമായി നിറയൊഴിക്കുകയും രാമദാസിനേയും മരുമകൾ ഭൂൽവതിയേയും തോക്കിന്റെ പിൻവശം കൊണ്ട് അടിച്ച് താടിയെല്ലും കയ്യും ഒടിക്കുകയും ചെയ്തു. ഒച്ചപ്പാടു കേട്ടുവന്ന ഗ്രാമീണർ അതുകണ്ട് റേഞ്ചറെ കീഴടക്കിയതിനു ശേഷം അടുത്തുള്ള ടെലിഫോൺ ബൂത്തിലൂടെ പോലീസ് സൂപ്രണ്ടിനെ (SP) വിവരം അറിയിച്ചു. സംഭവമറിഞ്ഞ ശേഷം ഷമിമും അന്നു രാത്രി തന്നെ പോലീസ് സൂപ്രണ്ടിനെ (SP) വിവരം അറിയിച്ചു. അടുത്ത പ്രഭാതത്തിൽ (12--ആം തീയതി) പോലീസ് ഗ്രാമീണരുടെയടുത്ത് ചെന്നപ്പോൾ അവർ റേഞ്ചറെ പോലീസിനു് കൈമാറി. ധേഗ ഗ്രാമത്തിലെ പരിക്കേറ്റ ഗോത്രക്കാരെയും പോലീസ് ഹർദയിലേയ്ക്ക് കൊണ്ടു വന്നു. ആദിവാസി ഗോത്രക്കാർക്കും ഷമിമിനും അനുരാഗിനും എതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ (IPC) 341,364,294,237,323,355,186,506,36 സെക്ഷനുകൾക്കു കീഴിൽ റെഹത്ഗഗോൺ പോലീസ് സ്‌റേഷന്റെ 76/07 നമ്പറായി കേസ് രജിസ്‌റർ ചെയ്തു. പരിക്കേറ്റ ഗോത്രക്കാരുടെ പരാതി പ്രഥമവിവര റിപ്പോർട്ടിൽ (FIR) നൽകിയില്ല. 13--ആം തീയതി രാവിലെ ആദിവാസി ഗോത്ര സ്ത്രീകളായ ഫൂൽവതിയും മുന്നിയും ആശുപത്രി വിട്ട് ഷമിമിനോടൊപ്പം ജില്ലാക്കോടതിയിലേയ്ക്ക് പോയപ്പോൾ പോലീസ് ജില്ലാക്കോടതിയുടെ നേരെയെതിരെ വച്ച് തടഞ്ഞ് അവരെ തെരുവിലൂടെ വലിച്ചിഴച്ച് മാറ്റികൊണ്ടു പോയതുകൊണ്ടു് കേസിലെ അവരുടെ പരാതി നൽകാൻ ഗോത്രസ്ത്രീകൾക്ക് കോടതിയിലെത്താൻ കഴിഞ്ഞില്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെ ഗോത്രസ്ത്രീകളെ തട്ടികൊണ്ടു പോയെന്നതായി ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ (IPC)341,353,364,34 സെക്ഷനുകളുടെ കീഴിൽ ഷമിമിനെതിരെ 47/07 നമ്പർ കേസ് പോലീസ് രജിസ്‌റർ ചെയ്യുകയും ചെയ്തു.

തുടർന്ന് ഷമിം ഹൈക്കോടതിയിൽ നടത്തിയ നീക്കത്തിലൂടെ ഭോപാൽ ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഗോത്രസ്ത്രീകളെ മോചിപ്പിച്ചു. ജബൽപുരിൽ ചികിൽസ നൽകുകയും ചെയ്തു.

രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥ ഭരണക്കാരും തമ്മിലുള്ള അഴിമതി കൂട്ടുകെട്ട് ശ്രമിക് ആദിവാസി സംഘടനയും സമാജവാദിജന പരിഷത്തും പുറത്തു കൊണ്ടു വന്നു. ആദിവാസി ഗോത്രക്കാർക്ക് നേരെയുള്ള ക്രൂരതകളും ഖനന മാഫിയയും വനമാഫിയയുമായി സംസ്ഥാനത്ത് ഭരണത്തിലുള്ള ഭാരതീയ ജനതാപാർട്ടിയ്ക്കുള്ള ബന്ധവും ചൂണ്ടിക്കാട്ടി ഷമിം മോദി ജബൽപുർ ഹൈക്കോടതിയിൽ 4644-ആം നമ്പരായി ഒരു പൊതു താൽപര്യ ഹർജി (PIL 4644) ഫയൽ ചെയ്തു. താൻ അറസ്റ്റു് ചെയ്യപ്പെട്ടേക്കാം എന്ന ഭയം പൊതു താൽപര്യ ഹർജിയിൽ ഉടനീളം ഷമീം വ്യക്തമാക്കിയിരുന്നു. ഷമിമിന്റെ ജീവിതത്തിനും സ്വാതന്ത്യ്രത്തിനും എതിരെയുള്ള ഭീഷണി പരിഗണിച്ച് ഹർജി തീർപ്പാക്കുന്നതു വരെ ഷമിമിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കുകയും 2 സായുധ കാവൽക്കാരെ ഏർപ്പാടാക്കുകയും ചെയ്തിരുന്നു. 2008 ജൂലായ് 17 ന് ഈ പൊതു താൽപര്യ ഹർജിയിൽ ഹൈക്കോടതി ഉത്തരവായി. പോലീസ് കയ്യാമം വച്ച ആദിവാസി ഗോത്രക്കാരായ മൂന്ന് പേർക്കും നഷ്ടപരിഹാരം നൽകാൻ വിധിക്കുകയും പുതിയ ട്രൈബൽ റൈറ്റ് നിയമപ്രകാരമുള്ള വേരിഫിക്കേഷൻ നടപടിക്രമം കഴിയുന്നതുവരെ ആദിവാസി ഗോത്രക്കാരെ വനഭൂമിയിൽ നിന്ന് നീക്കം ചെയ്യരുതെന്നും അനധികൃത ഖനനത്തിലേർപ്പെട്ടിരിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവു നൽകുകയും ചെയ്തു. ഷമിം കോടതിലക്ഷ്യ പരാതി നൽകുന്നിടത്തോളമായിട്ടും ഒരു നടപടിയും ഉണ്ടായില്ല.

അങ്ങനെയിരിക്കെയാണ് തടിമിൽ വ്യവസായികൾ ഫെ. 9-ആം തീയതി ഷമിം മോദിയേയും അനുരാഗ മോദിയേയും 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് അന്ത്യശാസനം മുഴക്കുകയും പിറ്റേന്ന് തന്നെ ഷമിമിനെ അറസ്റ്റ് ചെയ്യുകയും ജാമ്യം നൽകാതെ അനിശ്ചിതമായി തടവിലിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഗൂഡാലോചന അരങ്ങേറുകയും ചെയ്തിരിക്കുന്നത്. ഹർദാ ജയിലിൽ ഷമിം തന്റെ അഭിഭാഷകനെ കാണുന്നത് വിലക്കുകയും മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും മനുഷ്യാവകാശ കമ്മീഷനും കത്തെഴുതാൻ അവരെ അനുവദിക്കാതിരിക്കുകയും ചെയ്തു. ആദ്യം 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റഡിയിലേക്ക് റിമാന്റു ചെയ്യുകയും തുടർന്ന് നീട്ടിക്കൊണ്ടിരിക്കുകയുമാണ്.

മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ നടപടി ക്രമമനുസരിച്ച് ഇങ്ങനെയുള്ള ജാമ്യാപേക്ഷകൾ കേൾക്കുന്നത് ക്രമനമ്പർ പ്രകാരമായതുകൊണ്ട് 2 ആഴ്ചകൂടി കഴിഞ്ഞേ ഷമിമിന്റെ ജാമ്യാപേക്ഷ പരിഗണനയിൽ വരൂ. മദ്ധ്യപ്രദേശ് സർക്കാർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് വ്യക്തം. ഷമിമിനെ ദീർഘകാലത്തേക്ക് തടവിലിടണമെന്നാണ് മദ്ധ്യപ്രദേശ് സർക്കാരിന്റെ ഉദ്ദേശ്യമെന്നാണ് ഭയപ്പെടുന്നത്.


ഷിമിനെപ്പറ്റി

ഭർത്താവ് അനുരാഗ് മോദിയോടൊപ്പം ശ്രമിക് ആദിവാസി സംഘടന സംഘടിപ്പിച്ചു് ആദിവാസികൾക്ക് വനത്തിലും മണ്ണിലും വെള്ളത്തിലുമുള്ള അവകാശത്തിനു വേണ്ടി 18 വർഷമായി പൊരുതിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവർത്തകയാണു് ഷമിം മോദി. ആദിവാസി ഗോത്രജനങ്ങളുടെയും തൊഴിലാളികളുടെയും കേസുകൾ മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ നടത്തി.

മഹാത്മാ ഗാന്ധിയുടെയും ലോകനായക് ജയപ്രകാശ് നാരായണന്റെയും ഡോ. അംബേഡ്കരിന്റെയും റാം മനോഹർ ലോഹിയയുടെയും ആദർശങ്ങൾക്കു വേണ്ടി പ്രവർത്തിയ്ക്കുന്ന ജനാധിപത്യ പ്രസ്ഥാനമായ സമാജവാദി ജനപരിഷത്തിന്റെ മദ്ധ്യപ്രദേശ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. രണ്ടു് പ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ റവന്യൂ മന്ത്രി കമൽപട്ടേലിനെതിരെയും ഒരു പ്രാവശ്യം ലോകസഭാ തെരഞ്ഞെടുപ്പിലും മൽസരിച്ചു.


11--ആം പഞ്ചവത്സര പദ്ധതിയുടെ തയ്യാറെടുപ്പിനായുള്ള ട്രൈബൽ സബ് ഗ്രൂപ്പിലെ അംഗമാണ് ഷമിം. പേരുകേട്ട സാമൂഹിക പ്രവർത്തകനായിരുന്ന ബാബ ആംട്ടെയോടും മേധാപട്ക്കറോടുമൊപ്പം ജനസഹയോഗ് ട്രസ്റ്റിലെ ഒരു ട്രസ്റ്റിയായിരുന്ന അവർ ഇപ്പോഴും അതേ സ്ഥാനത്ത് തുടരുന്നു.

ദില്ലിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും മുംബൈയിലെ ടാറ്റാ ഇൻസ്‌റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) ൽ നിന്ന് എംഫിലും ഭോപാൽ സർവകലാശാലയിൽ നിന്ന് നിയമബിരുദവും നേടിയിട്ടുള്ള ഷമിമിന് 46 വയസ്സുണ്ട്.


പ്രതിഷേധം

ഷമിമിന്റെ അറസ്‌റിൽ പ്രതിഷേധിച്ച് ഹർദയും ഖിർകിയയും തിർമണിയും സിറാലിയും റഹത്‌ഗോണും ആയി ബന്ധപ്പെട്ട എല്ലാ തൊഴിലാളി യൂണിയനുകളും ഹർദ ജില്ലയിലെ കൃഷി ഉപജമണ്ഡി റയിൽവേ മാൽഗോഡാം യൂണിയൻ, പണ്ടകശാല യൂണിയൻ ഹർദ നഗരത്തിലെ 60 സോമില്ലുകളുമായി ബന്ധപ്പെട്ട സോമിൽ യൂണിയൻ തുടങ്ങിയവ ഫെബ്രുവരി 12-ആം തീയതി പണി മുടക്കുകയും ഹർദയിൽ റാലി നടത്തുകയും ചെയ്തു. 13- ആം തീയതി മുതൽ സോമിൽ യൂണിയൻ അനിശ്ചിതകാല സമരത്തിലേക്ക് പോവുകയും തൊഴിൽ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഷമിമിന്റെ അറസ്റ്റിനെ എതിർത്തും ഹർദയിൽ സമ്മേളനം തുടങ്ങുകയും ചെയ്തു.

സമാജവാദി ജനപരിഷത്തിന്റെയും കിസാൻ ആദിവാസി സംഘടന, ജാഗ്രത് ആദിവാസി ദലിത് സംഘടന, ശ്രമിക് ആദിവാസി സംഘടന ഭോപാൽ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഘടൻ, നർമദാ ബച്ചാവോ ആന്ദോളൻ തുടങ്ങിയ പ്രസ്ഥാനങ്ങളുടേയും ആഭിമുഖ്യത്തിൽ ഷമിമിനെ മോചിപ്പിയ്ക്ണമെന്നാവശ്യപ്പെട്ടു് നിത്യേന പ്രതിഷേധ ജാഥകൾ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഷമിമിനെ അറസ്റ്റു് ചെയ്യാൻ ആധാരമാക്കിയതിലൊന്നായ 47/07 നമ്പർ കേസിലെ ഷമിം തട്ടിക്കൊണ്ടു പോയതായി പോലീസ് പറയുന്ന ഫൂൽവതി എന്ന ഗോത്രസ്ത്രീയും ഈ പ്രതിഷേധ സമരത്തിന്റെ മുൻനിരയിലുണ്ട്.