2009/03/21

ബദല്‍ രാഷ്ട്രീയം കെട്ടിപ്പടുക്കുക: ജോഷി ജേക്കബ്


കോട്ടയം, മാര്‍ച്ച് 20: ഇന്ത്യയിലെ 35കോടി ജനങ്ങള്‍‍ പട്ടിണിയെ നേരിടുമ്പോള്‍‍ അവരുടെ വിശപ്പുമാറ്റാനും അടിസ്ഥാന ആവശ്യങ്ങള്‍‍നിറവേറ്റാനുമുതകുന്ന കാര്യപരിപാടിയൊന്നുമില്ലാത്ത രാഷ്ട്രീയം തെരഞ്ഞെടുപ്പിനെ അരാഷ്ട്രീയവല്‍ക്കരിച്ചിരിയ്ക്കുകയാണെന്നു് സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്  പ്രസ്താവിച്ചു. സമാജവാദി ജനപരിഷത്ത് കോട്ടയം ലോകസഭാ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. ജെയിമോന്‍ തങ്കച്ചന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 20 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയ്ക്കു് കോട്ടയം പടിഞ്ഞാറേക്കര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

പാശ്ചാത്യ വികസന മാതൃകയും സമ്പന്നരാജ്യങ്ങളിലേയ്ക്കു് സമ്പത്തു് ചോര്‍ത്തുന്ന പുത്തന്‍ കോളണിവല്‍‍കരണവുമാണു് രാജ്യത്തെ അപകടത്തിലാക്കിയിരിയ്ക്കുന്നതു് . വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയവാദവും   ഭീകകരപ്രവര്‍‍ത്തനവും അതിന്റെ മറ്റൊരനന്തര ഫലമാണു്. കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാനവിഷയങ്ങള്‍ കേന്ദ്രവിഷയമാക്കി തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയവല്‍ക്കരിയ്ക്കുവാന്‍ പുതിയ രാഷ്ട്രീയശക്തി വളര്‍ത്തിയെടുക്കുവാനാണു് സോഷ്യലിസ്റ്റ് പ്രസ്ഥാനം ശ്രമിയ്ക്കുന്നതു്.  ഇന്ദിരാകാങ്ഗ്രസ്സ് ഭാരതീയ ജനതാ പാര്‍‍ട്ടി മുന്നണികളും കമ്യൂണിസ്റ്റ് കക്ഷികളും തെരഞ്ഞെടുപ്പുഫലം വന്നശേഷം എന്തുനിലപാടെടുക്കുമെന്നു് പ്രവചിയ്കാനാവാത്ത അവസരവാദി കക്ഷികളും അടങ്ങിയ നിര്‍ദിഷ്ട മൂന്നാം  മുന്നണിയും എല്ലാം ഉള്‍‍പ്പെടുന്ന വ്യവസ്ഥാപിതചേരി ജനങ്ങളെ മറന്നു് കോര്‍‍പ്പറേറ്റുകളുടെ പിണിയാളുകളായിമാറിയിരിയ്ക്കുകയാണു്.  ബദല്‍ രാഷ്ട്രീയം കെട്ടിപ്പടുക്കുവാന്‍ ദേശീയതലത്തില്‍‍ പരിശ്രമിയ്ക്കുന്ന സമാജവാദി ജനപരിഷത്തിനു്  കോട്ടയം ലോകസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി യുണ്ടായിരിയ്കുന്നതു് പ്രതീക്ഷയുടെ തുടക്കമാണു്.

 

വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികള്‍  തെരഞ്ഞെടുപ്പിനെ അരാഷ്ട്രീയവല്‍ക്കരിയ്ക്കുമ്പോള്‍ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മുന്നിലേയ്ക്കു് കൊണ്ടുവന്നു് തെരഞ്ഞെടുപ്പിനെ രാഷ്ട്രീയവല്‍ക്കരിയ്ക്കുകയാണു്  സമാജവാദി ജനപരിഷത്തിന്റെ ഉത്തരവാദിത്തമെന്നു് കണ്‍വന്‍ഷനില്‍ അധ്യക്ഷകതവഹിച്ചുകൊണ്ടു് സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ്  അഡ്വ.വിനോദ് പയ്യട പറഞ്ഞു. കെജെ കുര്യന്‍ കുറുപ്പന്തറ,

സംസ്ഥാന ജനറല്‍ സെക്രട്ടറി എബി ജോണ്‍ വന്‍നിലം എം എന്‍ തങ്കപ്പന്‍ ഡോ.പി യു ഭാസ്കരന്‍, സമാജവാദി ജനപരിഷത്ത് സംസ്ഥാന സമിതിയംഗം ജോര്‍ജ് ജേക്കബ്  സ്ഥാനാര്‍ഥി അഡ്വ. ജെയിമോന്‍ തങ്കച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

എന്‍ വി മത്തായി അദ്ധ്യക്ഷനായി 101 അംഗ കോട്ടയം മണ്ഡലം സമാജവാദി ജനപരിഷത്ത് തെരഞ്ഞെടുപ്പ്കമ്മിറ്റിയ്ക്കു്  കണ്‍വന്‍ഷന്‍ രുപം നല്കി.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.