.
റെജി ജോസഫ്
കോട്ടയം: കേരളത്തിന്റെ മഹത്തായ കാര്‍ഷിക സംസ്കാരം തകര്‍ച്ചയുടെ പാതയിലാണെന്ന് സീറോ ബജറ്റ് കൃഷിയിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയസുഭാഷ് പലേക്കര്‍. ഭക്ഷ്യോത്പന്നങ്ങള്‍ ഏറ്റവും വില കൊടുത്തുവാങ്ങുന്ന സംസ്ഥാനം കേരളമാണ്. കൂടുതല്‍ യുവജനങ്ങള്‍ കൃഷി ഉപേക്ഷിച്ചു നാടുവിട്ട സംസ്ഥാനവും ഇതുതന്നെ. ആഗോള കുടിയേറ്റത്തിലൂടെ പുതിയ തലമുറ സമ്പാദിക്കുന്ന പണം സ്വന്തംനാട്ടില്‍ കൃഷിയിലൂടെ നേടിയെടുക്കാവുന്നതേയുള്ളു. മാന്നാനം ക്രൈസ്തവ ആശ്രമത്തില്‍ സീറോ ബജറ്റ് കൃഷി ശില്‍പശാലയ്ക്കു നേതൃത്വം നല്കാനെത്തിയ പലേക്കര്‍ ദീപികയുമായി നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
നാണ്യവിളകള്‍ക്കു പ്രാധാന്യം നല്കുന്ന കേരളം കാര്‍ഷികമായി മുന്നോക്കമാണെന്നു പറയാനാവില്ല. ഭക്ഷ്യപ്രതിസന്ധി അതിരൂക്ഷമായിരിക്കെ റബറും കൊക്കോയും കാപ്പിയും തേങ്ങയും ഉത്പാദിപ്പിച്ചതു കൊണ്ടു മാത്രം നേട്ടമില്ല. സമ്മിശ്രകൃഷിയാണ് ഉത്തമം. നെല്ലും കപ്പയും പച്ചക്കറിയും വേണ്ട വിധത്തില്‍ കൃഷി ചെയ്താല്‍ ഇന്നും കേരളത്തിന്റെ ഭക്ഷ്യപ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാനാവും.
ഏറ്റവുമധികം വിഷാംശം ഭക്ഷണത്തിലൂടെ അകത്താക്കുന്നവര്‍ കേരളീയരാണ്. രാസവളവും കീടനാശിനിയും ചേരാത്ത ഒരു വസ്തുവും ഇവിടുത്തുകാര്‍ ഭക്ഷിക്കുന്നില്ല. കേരളീയരുടെ ആയുര്‍ദൈര്‍ഘ്യം തൊണ്ണൂറില്‍നിന്ന് എഴുപതിലേക്ക് താഴ്ന്നിരിക്കുന്നത് ഇതിനാലാണ്. മണ്ണിനെ അറി ഞ്ഞു കൃഷി നടത്തിയിരുന്നവരാണ് ഇവിടുത്തുകാര്‍. കൃഷി കേരളീയരുടെ ജീവിത സംസ്കാരമായിരുന്നു.
ഭക്ഷിക്കുക എന്നതല്ലാതെ കാര്‍ഷിക വിഭവങ്ങള്‍ ഉല്‍പാദിപ്പിച്ചു സ്വയംപര്യാപ്തത നേടുക എന്ന ശീലം പ്രകൃതി സമ്പന്നമായ കേരളത്തിന് ഇല്ലാതായിരിക്കുന്നു. മാംസം ഭക്ഷിക്കുന്നതിലും കേരളീയര്‍ മുന്നോക്കമാണ്. സസ്യഭക്ഷണം ഒഴിവാക്കിയവര്‍ രോഗികളായി മാറിക്കൊണ്ടിരിക്കുന്നു- പലേക്കര്‍ ചൂണ്ടിക്കാട്ടി.
രാസവളം കേരളത്തില്‍ മണ്ണിന്റെ ഘടന മാറ്റി
കോട്ടയം: ആഗോള താപനത്തിന്റെ ദുരന്തം ഇന്ത്യയെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നതെന്ന് സുഭാഷ് പലേക്കര്‍ ചൂണ്ടിക്കാട്ടി. 30 ഡിഗ്രിയായിരുന്ന കേരളത്തിലെ താപനില 38 ഡിഗ്രിയിലേക്ക് ഉയര്‍ന്നതിനു പിന്നില്‍ കാര്‍ബണും കോണ്‍ക്രീറ്റും ടാറും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ താപം മാരകമായ രോഗങ്ങളെ വര്‍ധിപ്പിക്കുന്നു. കേരളത്തിലെ മണ്ണിന്റെ ഘടന അപ്പാടെ മാറിക്കഴിഞ്ഞു. മണ്ണില്‍ സൂക്ഷ്മ ജീവികള്‍ക്കു കഴിയാന്‍ പറ്റാത്ത വിധം പുളിപ്പ് വര്‍ധിച്ചിരിക്കുന്നു. രാസവള പ്രയോഗമാണ് ഇതിനു മുഖ്യകാരണം.
കൃഷിരീതിയിലും വിത്തിലും വളത്തിലും വിദേശ ഇടപെടല്‍ ഒഴിവാക്കിയേ പറ്റു. എല്ലാ സംസ്ഥാനങ്ങളിലുമായി 40 ലക്ഷം കര്‍ഷകര്‍ക്കു ചെലവില്ലാത്ത കൃഷിയില്‍ പരിശീലനം നല്കിയ പലേക്കര്‍ വ്യക്തമാക്കി. മണ്ണിന് വെള്ളവും പ്രകൃതിദത്തവളവുമാണ് ഏറ്റവും ആവശ്യമായത്. ഒരു പശുവിന്റെ ചാണകം വളമാക്കിയാല്‍ കുടുംബത്തിന് ആവശ്യമായ വിഷമില്ലാത്ത ഭക്ഷണം വിളയിക്കാനാവും. ഇക്കാര്യത്തില്‍ സങ്കര ഇനം പശുക്കളെ വളര്‍ത്തുന്നതിനോടു യോജിക്കാനാവില്ല. വെച്ചൂര്‍ പശുവിനെപ്പോലുള്ള തദ്ദേശീയ ജനുസുകളെ ഒഴിവാക്കി വിദേശ സങ്കര ഇനങ്ങളെ വളര്‍ത്തുന്നതുകൊണ്ട് ശാശ്വതമായ നേട്ടമില്ല. 36 ഇനം തദ്ദേശീയ കാലി ഇനങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവയേറെയും വംശനാശത്തിലാണ്.
സങ്കര വിത്തുകള്‍ക്ക് ശാശ്വതമായ ആയുസില്ല. ഇന്ത്യയിലെ ജന്തു- സസ്യ ജനുസുകള്‍ സംരക്ഷിക്കാനുള്ള ദൗത്യം കര്‍ഷകരാണ് ഏറ്റെടുക്കേണ്ടത്. മഴയും മണ്ണിരയും ചെലവില്ലാതെ കൃഷി നടത്തിതരുമെന്നിരിക്കെ കടം വാങ്ങി രാസവളവും കീടനാശിനും വാങ്ങുന്നതില്‍ അര്‍ഥമില്ല. മഴ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് നമ്മുടെ കാലാവസ്ഥ മാറുകയാണ്. മണ്ണില്‍ അധ്വാനിക്കാനുള്ള മനസ് കേരളീയര്‍ക്ക് നഷ്ടമായതാണ് ഈ നാടിനു പറ്റിയ ദുരന്തം. വിദേശ വരുമാനവും ഉദ്യോഗവും ഇല്ലാതായാല്‍ കേരളം പട്ടിണി സംസ്ഥാനമായി മാറുമെന്നും പാലേക്കര്‍ വ്യക്തമാക്കി.
കടപ്പാടു് ദീപിക
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.