മരിക്കാത്തൊരാളുടെ പേരില്‍ അനുശോചനം രേഖപ്പെടുത്തിയ ചരിത്രം നമ്മുടെ ലോകസഭയ്ക്കുണ്ടു്. 1979 മാര്‍ച്ച് 22 വ്യാഴാഴ്ച. അന്ന് 1.10ന്, സ്പീക്കര്‍ കെ.എസ്. ഹെഗ്ഡേ ആ വാര്‍ത്ത ലോകസഭയെ അറിയിച്ചു:
"ലോകനായക് ജയപ്രകാശ് നാരായണന്‍ അന്തരിച്ചു. സ്വാതന്ത്ര്യത്തിന്റെ ജീവിയ്ക്കുന്ന പ്രതീകത്തെ നമുക്കു് നഷ്ടപ്പെട്ടു"ലോക്സഭാംഗങ്ങള്‍ ഞെട്ടിത്തരിച്ചിരിക്കെ, പ്രധാനമന്ത്രി മൊറാര്‍ജി ദേശായി അതു് ശരിവച്ചു. ആ വലിയ വാര്‍ത്ത ആകാശവാണിയും വാര്‍ത്താ വിതരണ ഏജന്‍സികളും ലോകം മുഴുവന്‍ എത്തിക്കാന്‍ ഒട്ടും വൈകിയില്ല.
മുംബൈയില്‍ ജെ പി മരണവുമായി പോരാട്ടം നടത്തിയിരുന്ന ജസ്‌ലക് ആശുപത്രിയിലേക്ക് ആരാധകസഹസ്രങ്ങള്‍ ഇരച്ചുകയറി. പക്ഷേ, അപ്പോഴും ജീവനോടെയുണ്ടായിരുന്നു, ജെപി!
നേരത്തെ കൊടുത്ത വാര്‍ത്തയ്ക്കു വാര്‍ത്താ ഏജന്‍സികള്‍ രണ്ടു് മണിയ്ക്കു് തിരുത്തു് നല്കി. നേതാക്കള്‍ അനുശോചന സന്ദേശങ്ങള്‍ പിന്‍വലിച്ചു. വ്യാജവാര്‍ത്ത ലോകസഭാ സ്പീക്കര്‍ക്ക് എവിടെനിന്നു് കിട്ടിയെന്ന അന്വേഷണങ്ങളുടെ ബഹളമായി. ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറാണു് തന്നെ അതു് അറിയിച്ചതെന്ന് മൊറാര്‍ജി സഭയില്‍ പറഞ്ഞു. ഡയറക്ടര്‍ക്ക് ആ വിവരം കിട്ടിയത് മുംബൈയിലുള്ള അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്നും. എന്തായാലും ആറുമാസം കഴിഞ്ഞ് , ഒക്ടോബര്‍ എട്ടിനായിരുന്നു ജെപിയുടെ യഥാര്‍ഥമായ മരണം.
തെറ്റായി അനുശോചനം നടത്തിയെന്ന വാര്‍ത്ത സഭാരേഖകളില്‍ നിന്നു് നീക്കാന്‍ ലോകസഭാ സ്പീക്കര്‍ കെ.എസ്. ഹെഗ്ഡെ ശ്രമിച്ചില്ല. നമ്മുടെ ലോകസഭയുടെ ചരിത്രത്തിന്റെ ഭാഗമായി അതു് മാറി.
അവലംബം: തോമസ് ജേക്കബ്, മലയാളമനോരമ
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.