തിരുവനന്തപുരം: 'എവിടെപ്പോയാലും കുട്ടികള്‍ എന്നോടു് ചോദിക്കുക ഗാന്ധിജിയെ എന്നാണു് ആദ്യമായി കണ്ടതെന്നാണു്. എന്നാല്‍, ഞാന്‍ കാണുന്നതിനു് മുന്‍പ് ഗാന്ധിജി എന്നെയാണു് കണ്ടതു്. എനിക്ക് ഒരു മാസം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ അടുക്കലെത്തിയതാണു്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണു് ഞാന്‍ അദ്ദേഹത്തെ കാണാന്‍ തുടങ്ങിയതു്'. പ്രമുഖ ഗാന്ധിയനും ഭൂദാന പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരിലൊരാളുമായ നാരായണ്‍ ദേശായി തലസ്ഥാനത്ത് ആര്യനാട്ടെ വിനോബാ നികേതനില്‍ മലയാള മനോരമയോടു് പറഞ്ഞു.
ഗാന്ധിജിയുടെ സമ്പൂര്‍ണ ജീവചരിത്രമായ 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' രചിച്ച നാരായണ ദേശായി അതിന്റെ മലയാളം പരിഭാഷയുടെ പ്രകാശനത്തിനായാണു് തലസ്ഥാനത്തെത്തിയത് . ഗാന്ധിജയന്തി ദിനത്തില്‍ വിനോബാ നികേതനില്‍ ഭൂദാന പ്രസ്ഥാനത്തിലെ സഹപ്രവര്‍ത്തകയും പ്രമുഖ ഗാന്ധിയനുമായ പരിവ്രാജിക രാജമ്മയോടൊപ്പം അദ്ദേഹം ഗാന്ധിസ്മരണകള്‍ പുതുക്കി.
'മുതിര്‍ന്നയവര്‍ക്കു് ഗാന്ധിജിയെ ഏറെ ബഹുമാനമായിരുന്നു. ഗാന്ധിജിയെ കാണാനെത്തി മടങ്ങുമ്പോള്‍ തന്റെ പിന്‍ഭാഗം അദ്ദേഹത്തിനഭിമുഖമായി വരരുതെന്നു് നെഹ്റുവിനു് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍, അല്പ ദൂരം പിന്നാക്കം നടന്നാണു് നെഹ്റു മടങ്ങുക. ഗാന്ധിജി പക്ഷേ, ഞാനടക്കമുള്ള കുട്ടികള്‍ക്കു് ബാപ്പു മാത്രമായിരുന്നു . ഞങ്ങള്‍ക്ക് അദ്ദേഹം മഹാത്മാവല്ല, കളിത്തോഴനായിരുന്നു. സബര്‍മിതി നദിയില്‍ ഞങ്ങള്‍ ഒരുമിച്ചു നീന്തി. കുട്ടികള്‍ അദ്ദേഹത്തിന്റെ മുഖത്തു് വെള്ളം തേവി. അദ്ദേഹം തിരിച്ചും'.
ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചു ധാരാളം രചനകളുണ്ടെങ്കിലും അദ്ദേഹത്തിന്റെ സമഗ്ര ജീവിതം ഏറെയൊന്നും എഴുതപ്പെട്ടിട്ടില്ലെന്നു നാരായണ് ദേശായി പറഞ്ഞു. ഗാന്ധിജിയുടെ ആത്മകഥ 1920കള്‍ വരെ മാത്രമേ വിവരിക്കുന്നുമുള്ളൂ. ആ കുറവ് പരിഹരിക്കാനാണു് താന്‍ 'എന്റെ ജീവിതമാണ് എന്റെ സന്ദേശ'ത്തിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2000 പേജില്‍ നാലു് വാല്യങ്ങളായാണു പുസ്തകമിറങ്ങുന്നത്. മഹാത്മജിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകനാണു് നാരായണ ദേശായി.
ഇരുപതോളം വര്‍ഷം ഗാന്ധിജിയുടെ കൂടെ സബര്‍മേതിയിലും സേവാഗ്രാമിലുമായി ചെലവഴിച്ചു. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത അദ്ദേഹം ഗുരുകുല സമ്പ്രദായപ്രകാരം വിദ്യാഭ്യാസം നേടി. ആചാര്യ വിനോബഭാവെയുടെ കൂടെ ഭൂദാന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ഗുജറാത്തിലെങ്ങും കാല്‍നടയായി 12000 കിലോമീറ്റര്‍ സഞ്ചരിച്ച് 3000 ഏക്കര്‍ ഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്കു് വിതരണം ചെയ്തു. പിന്നീട് ജയപ്രകാശ് നാരായണനോടൊപ്പം ശാന്തിസേന, തരുണ്‍ ഗാന്ധിസേന തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഗുജറാത്തി, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലായി അന്‍പതോളം പുസ്തകങ്ങളുടെ കര്‍ത്താവാണ്.
ജ്ഞാനപീഠം, മൂര്‍ത്തി ദേവി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ് തുടങ്ങി അനവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഗുജറാത്ത് സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന നാരായണ്‍ ദേശായി ഇപ്പോള്‍ മഹാത്മജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്റെ ചാന്‍സലറാണ്. മഹാത്മജിയുടെ ജീവിതവും ദര്‍ശനവും പുതുതലമുറയിലെത്തിക്കാന്‍ രാജ്യമെമ്പാടും 'ഗാന്ധികഥ' നടത്തിവരികയാണ് 87കാരനായ അദ്ദേഹം.
കടപ്പാടു്
മലയാള മനോരമ 2011 ഒക്ടോ.3
nice..............
മറുപടിഇല്ലാതാക്കൂ