2010/02/01

ഫെ.12ന് പ്ലാന്റിന്റെ ഗേറ്റ് അടച്ചിടും; ലാലൂര്‍ സമരം ശക്തമാക്കുന്നു

തൃശ്ശിവപേരൂര്‍: ലാലൂര്‍ പ്ലാന്റിന്റെ ഗേറ്റ് അടച്ചിടുന്നതുള്‍പ്പടെയുള്ള ശക്തമായ സമരപരിപാടികള്‍ക്ക് സമരസമിതി രൂപവത്കരണയോഗം തീരുമാനിച്ചു. ലാലൂരില്‍ മലിനീകരണവിരുദ്ധസമിതി നടത്തിവന്ന ഉപവാസ സമരം 50-ആം ദിവസം പിന്നിടമ്പോഴും ഒരു പരിഹാരവുമായി കോര്‍പ്പറേഷന്‍ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ജനുവരി 31നു് രണ്ടാംഘട്ട സമരപരിപാടികള്‍ക്ക് രൂപം നല്കിയത്. പ്രമുഖ വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് സമരസഹായസമിതിയ്ക്ക് രൂപം നല്കിയത്.


ഫെബ്രുവരി 9-ന് സമരസഹായസമിതിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ ഏകദിന ഉപവാസം അനുഷ്ഠിക്കും. തുടര്‍ന്ന് ഫിബ്രവരി 12ന് പ്ലാന്റിന്റെ ഗേറ്റ് അടച്ചിട്ട് സമരം ശക്തമാക്കും.


സെന്റ് തോമസ് കോളേജില്‍ ജനുവരി 31 ഞായറാഴ്ച നടന്ന സമരസഹായസമിതി രൂപവത്കരണയോഗം എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു.


മാലിന്യപ്രശ്‌നത്തില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ മൗനം വെടിഞ്ഞ് ജനങ്ങളുമായി സംസാരിച്ചേ തീരൂവെന്ന് സാറാജോസഫ് പറഞ്ഞു. ഇതിനായി അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിനെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കണമെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു. ഇതിനായി കോളേജ് വിദ്യാര്‍ത്ഥികളും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങണമെന്നും അവര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ കോര്‍പ്പറേഷന്‍ പുലര്‍ത്തുന്ന നിസ്സംഗത ജനാധിപത്യസംവിധാനത്തിന് ചേര്‍ന്നതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും യോഗത്തില്‍ പ്രസംഗിച്ച വി.എം. സുധീരന്‍ ചൂണ്ടിക്കാട്ടി.


ലാലൂര്‍ സഹായസമിതി ഭാരവാഹികള്‍ ഇവരാണ്. ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍, വി.എം. സുധീരന്‍, സാറാ ജോസെഫ്, എം.ആര്‍. ഗോവിന്ദന്‍, ഡോ.കെ.കെ. രാഹുലന്‍ (രക്ഷാധികാരികള്‍).


കെ.വി. അബ്ദുള്‍ അസ്സീസ്(ചെയര്‍മാന്‍), സി.ടി.വില്ല്യംസ്, ജോര്‍ജ്ജ് ചക്കംകണ്ടം, അഡ്വ. ഗംഗാധരന്‍, കേളന്‍ വി.എസ്.കുട്ടി(വൈ.ചെയര്‍മാന്‍), എം. പീതാംബരന്‍(ജന. കണ്‍വീനര്‍), വി.കെ. ശശികുമാര്‍, അഡ്വ. വി.കെ. പ്രകാശന്‍, ലാലി ജയിംസ്, പൂനം റഹീം, എം.പി. ജോയി(കണ്‍വീനര്‍മാര്‍).


27 അംഗ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ജനുവരി 31 ഞായറാഴ്ച ലാലൂരില്‍ നടന്ന സമരത്തിന്റെ ഭാഗമായി എന്‍.എസ്.എസ്. ഒളരിക്കര കരയോഗം ഭാരവാഹികള്‍ ഉപവസിച്ചു. പാടാഞ്ചേരി ഗോവിന്ദന്‍നായര്‍ കുണ്ടുവാറ കുമാര്‍, കാരങ്കര ചന്ദ്രശേഖരന്‍, പനങ്ങാട് സതീദേവി എന്നിവരാണ് ഉപവസിച്ചത്.ഫാ. നോബി അമ്പൂക്കന്റെ നേതൃത്വത്തില്‍ അരണാട്ടുകര ഇടവകയും സമരത്തിന് പിന്തുണയുമായി എത്തി. പ്രകടനമായാണ് ഇവര്‍ സമരപ്പന്തലില്‍ എത്തിയത്.

മാതൃഭൂമി
.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.