2010/02/11

ലാലൂര്‍ ഭരണകൂടത്തെ നോക്കുകുത്തിയെന്ന് വിലയിരുത്തും- സുകുമാര്‍ അഴീക്കോട്

.


തൃശ്ശിവപേരൂര്‍: ഫെബ്രുവരി അവസാനിക്കുന്നതിനുമ്പ് ലാലൂര്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഭരണകൂടം നോക്കുകുത്തിയായി വിലയിരുത്തപ്പെടുമെന്ന് ഡോ. സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടു.

ലാലൂര്‍ സമരസഹായസമിതിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിനുമുമ്പില്‍ ഫെബ്രുവരി 9 ചൊവ്വാഴ്ച നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടിയാലോചനയുടെ ഭാഗമായി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമാണ് ലാലൂരിലേതെന്നും കോര്‍പ്പറേഷന്റെ ദുര്‍വാശിയും ആത്മാര്‍ത്ഥവും ശാസ്ത്രീയവുമായ സമീപനത്തിന്റെ അഭാവവുമാണ് സമരം തുടരാനുള്ള കാരണമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. രണ്ട് ദശാബ്ദമായി നിലനില്‍ക്കുന്ന ലാലൂര്‍ പ്രശ്‌നത്തിന് മുന്‍ നഗരസഭകളും ഉത്തരവാദികളാണ്. സേവനത്തിന്റെയും ത്യാഗത്തിന്റെയും മന്ത്രങ്ങള്‍ മറന്ന് ഭരണകര്‍ത്താക്കള്‍ ദുര്‍മന്ത്രവാദികളായി രൂപാന്തരപ്പെടുകയാണ് പിന്നീട്. ആഡംബരണങ്ങള്‍ക്കും മറ്റും കോടിക്കണക്കിനു രൂപ ചെലവാക്കുന്ന ഭരണാധികാരികള്‍ ലാലൂര്‍ പ്രശ്‌ന പരിഹാരത്തിന് അനുയോജ്യമായ പദ്ധതികള്‍ നടപ്പാക്കാത്തത് വൈരുദ്ധ്യമാണെന്നും യുവ സംഘടനകളുടെയും വ്യക്തികളുടെയും പങ്കാളിത്തം കൂടുതലായി ഉണ്ടാകണമെന്നും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത സാറാ ജോസഫ് പറഞ്ഞു. '' വികേന്ദ്രീകരിച്ചുകൊണ്ടുള്ള മാലിന്യസംസ്‌കരണ രീതിയാണ് വേണ്ടത്. പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു പ്രശ്‌നമല്ല ഇത്. സ്വന്തം മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം ഓരോരുത്തരും കണ്ടെത്തിയാല്‍ മതി. നഗരവാസികളും പൊതു സ്ഥാപനങ്ങളും ഫ്‌ളാറ്റുകളുമെല്ലാം ഇക്കാര്യത്തില്‍ ഒരു പൊതു തീരുമാനമെടുക്കണം. ലാലൂര്‍ പ്രശ്‌നത്തില്‍ ഇനി ഒത്തുതീര്‍പ്പുകളില്ല; പരിഹാരം മാത്രമേയുള്ളൂ.''- അവര്‍ കൂട്ടിച്ചേര്‍ത്തു.

മാലിന്യസംസ്‌കരണം കാര്യക്ഷമമായി നടപ്പിലാക്കിയ കോര്‍പ്പറേഷനുകള്‍ സന്ദര്‍ശിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ പഠിക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് പി. ചിത്രന്‍ നമ്പൂതിരിപ്പാട് നിര്‍ദേശിച്ചു.

മനുഷ്യന്റെ നന്മയാണ് ഏതൊരു പ്രവര്‍ത്തിയുടെയും ലക്ഷ്യമെന്നും അതുകൊണ്ട് ലാലൂരിലെ ജനങ്ങളെ വേദനിപ്പിക്കുന്ന ഇന്നത്തെ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെന്നും പൗരസ്ത്യ സുറിയാനി സഭയുടെ മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സര്‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. എം.പി. മത്തായി, കെ. വേണു, കെ.കെ. കൊച്ചുമുഹമ്മദ്, ഡോ. ടി.കെ. വിജയരാഘവന്‍, അഡ്വ. എന്‍.കെ. ഗംഗാധരന്‍, വി. ഗോവിന്ദന്‍കുട്ടി, അഡ്വ. രഘുനാഥ് കഴുങ്കില്‍, ലാലി ജെയിംസ്, ദിവാകരന്‍ പള്ളത്ത്, ശ്രീധരന്‍ തേറമ്പില്‍, ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍, എന്നിവര്‍ പ്രസംഗിച്ചു. എം.പി. ജോയ്, ഇ.ജെ. സ്റ്റീഫന്‍, സി.പി. ജോസ്, കെ.കെ. ഓമന, റോസിലി മാത്യു, ബേബി എടക്കുളത്തൂര്‍, അസൂറ അലി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. സമരസഹായസമിതി ജനറല്‍ കണ്‍വീനര്‍ എം. പീതാംബരന്‍ സ്വാഗതവും കണ്‍വീനര്‍ പൂനം റഹിം നന്ദിയും പറഞ്ഞു.

കടപ്പാടു് മാതൃഭൂമി
.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.