.
കോഴിക്കോട്: വികസനത്തിന് അവശ്യമായ പണം സാധാരണക്കാരനില്‍നിന്നാണ് ഭരണകൂടം സ്വരൂപീക്കുന്നതെങ്കില്‍ ആ വികസനത്തിന്റെ ഗുണവും സാധാരണക്കാരനു ലഭ്യമാക്കണമെന്ന് പ്രമുഖ ഗാന്ധിയനും സമാജവാദി ജനപരിഷത്ത് നേതാവുമായ അഫ്‌ളാത്തൂന്‍ ദേശായി പറഞ്ഞു. മാളിക്കടവ്-കിനാലൂര്‍ പാതയ്‌ക്കെതിരെ രാമല്ലൂരില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ ശതമാനം ഉന്നതര്‍ക്ക് ഗുണം കിട്ടത്തക്കവിധമാണ് സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. കിനാലൂര്‍ പാത ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരെ സമരം ചെയ്യുമ്പോള്‍ വികസന വിരോധികളായി ചിത്രീകരിക്കപ്പെടും. ഇത്തരം സമരങ്ങളെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ നേരിടും. രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും എല്‍.കെ. അദ്വാനിക്കും ഒരേ വീക്ഷണമാണ്.
പാവങ്ങളെ മറന്ന കമ്മ്യൂണിസ്റ്റുകാരിപ്പോള്‍ മലേഷ്യയിലെ ഉന്നതന്മാര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കിനാലൂരില്‍ മെഡിസിറ്റിയാണ് സ്ഥാപിക്കുന്നതെന്നും വിനോദകേന്ദ്രം ഉള്‍പ്പെടെയുള്ള വ്യവസായ നഗരമാണെന്നും പറയുന്നു. അന്യനാട്ടുകാരുടെ വിനോദത്തിനാണ് കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത്. ഇത്തരം കോളേജുകളും ആസ്പത്രികളും സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. പാവപ്പെട്ടവര്‍ക്ക് ഇതു ലഭ്യമാക്കുന്നതിനു പകരം ഉന്നതരാണ് വികസനനയം തീരുമാനിക്കുന്നത്.
കോഴിക്കോട്ടെ കോംട്രസ്റ്റ് ഭൂമിയില്‍ ഒരു രാഷ്ട്രീയനേതാവിന്റെ നേതൃത്വത്തില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങുന്നുവെന്നാണ് പറയുന്നത്. നേതാക്കന്മാര്‍ ആരെങ്കിലും ആവട്ടെ. എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ പുതിയ ജന്മിമാര്‍ ഉണ്ടാവുന്നു എന്ന് ആലോചിക്കണം. പുതിയ ജന്മിമാരെ തിരിച്ചറിയാന്‍ വൈകരുത്. നമ്മുടെ ഒരു തുണ്ടുഭൂമിപോലും കഴുകനെപ്പോലെ നോക്കുകയാണ് ചിലര്‍.
പുതിയ ജന്മിമകള്‍ ഉണ്ടാവുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് എന്തെന്നും തിരിച്ചറിയണം. കേരളത്തില്‍ ഇരുമുന്നണികളും മാറിമാറി ഭരണത്തില്‍ വരുമ്പോഴും ജീവല്‍ സംബന്ധിയായ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇരുകൂട്ടരും തയ്യാറാവുന്നില്ല. ഗാന്ധിയന്‍ ആശയം പിന്‍പറ്റിയാല്‍ കിനാലൂര്‍ സമരം വിജയത്തിലെത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കെ. റഹ്മത്തുള്ള അധ്യക്ഷതവഹിച്ചു. സമാജവാദി ജനപരിഷത്ത് ദേശീയ സമിതിയംഗം സുരേഷ് നരിക്കുനി, സമാജവാദി ജനപരിഷത്ത് സംസ്ഥാന സെക്രട്ടറി കുതിരോട്ട് പ്രദീപന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ മോരിക്കര മുതല്‍ കിനാലൂര്‍വരെ സഞ്ചരിച്ച അഫ്‌ളാത്തൂന്‍ പ്രദേശവാസികളുടെ ആശങ്കകള്‍ ചോദിച്ചു മനസ്സിലാക്കി.
കടപ്പാട് മാതൃഭൂമി, ഫെ 15 2010
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.