തൃശൂര്‍: ലാലൂര്‍ സമരത്തിന്റെ രൂപവും ഭാവവും മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ലാലൂര്‍ സമരസഹായ സമിതി രൂപീകരിക്കുന്നു. ഇതോടെ സമരം കൂടുതല്‍ ജനകീയമാകുമെന്നാണ് കണക്കുകൂട്ടല്‍. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് തോമസ് കോളജില്‍ ചേരുന്ന കണ്‍വന്‍ഷനില്‍ സുകുമാര്‍ അഴീക്കോട്, സാറാജോസഫ് എന്നിവര്‍ പങ്കെടുക്കും.
സമരം നഗരത്തിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്. അനിശ്‌ചിതകാല നിരാഹാരസമരം നടത്തിയാല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ലാലൂരില്‍ റിലേ സത്യഗ്രഹസമരത്തെ പിന്തുണച്ച് ഒട്ടേറെ ജനകീയസംഘടനകള്‍ രംഗത്തെത്തിയിരുന്നു. സമരം കൂടുതല്‍ സജീവമാക്കണമെങ്കില്‍ നഗരമധ്യത്തിലേക്കു മാറ്റുന്നതു ഗുണം ചെയ്യുമെന്ന ചിന്തയുണ്ട്.
എന്നാല്‍ ലാലൂരിലെ പ്രശ്‌നമായതിനാല്‍ അവിടെനിന്നു സമരപ്പന്തല്‍ മാറ്റുന്നതു ശരിയാകുമോ എന്നും ചിന്തയുണ്ട്. ഇക്കാര്യങ്ങളില്‍ അവസാനതീരുമാനമായിട്ടില്ല. എന്നാല്‍ നിരാഹാരസമരം എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സമരം ഇത്രമാത്രം ശക്‌തമായിട്ടും കോര്‍പറേഷന്‍ അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. സി.പി.എം ഇതര സംഘടനകള്‍ സമരത്തെ അനുകൂലിക്കുന്ന സാഹചര്യമുണ്ടായിട്ടും നിഷേധാത്മക നയം തുടരുകയാണ്. സി.പി.ഐ പരസ്യമായി സമരപ്പന്തലിലെത്തിയിരുന്നു.
ഇതിനിടെ സമരസമിതിക്കാരെ ഭീഷണിപ്പെടുത്തി സി.പി.എം സമരം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമുണ്ട്. ഈയിടെ ബി.പി.എല്‍ ലിസ്‌റ്റില്‍നിന്ന് 20 ലധികം പേരെയാണ് സമരസമിതിയുമായി സഹകരിച്ചെന്ന പേരില്‍ വെട്ടിമാറ്റിയത്. ഇവരോട് ലിസ്‌റ്റില്‍ തിരികെ കയറ്റണമെങ്കില്‍ സി.പി.എം ഓഫീസിലെത്താനും ആവശ്യപ്പെട്ടുവത്രെ. സ്‌ഥലം കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച് ഗൂഢാലോചന നടന്നതെന്നും ആരോപിക്കുന്നു. സഹ.സംഘങ്ങളില്‍നിന്ന് വായ്‌പയെടുത്തവരെയും ഭീഷണിപ്പെടുത്തി സമരസമിതിയുമായി വിട്ടുനില്‍ക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് പറയുന്നു.
ഇതേസമയം സി.പി.എം നേതൃത്വത്തില്‍ ലാലൂര്‍ ആക്ഷന്‍ കൗണ്‍സിലുണ്ടാക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല. അതും സി.പി.എമ്മിന് ക്ഷീണമുണ്ടാക്കി. ഈ സാഹചര്യങ്ങളില്‍ സമരം പെട്ടെന്ന് ഒത്തുതീരാന്‍ സി.പി.എമ്മിന് വലിയ താത്‌പര്യമില്ല. എന്നാല്‍ സ്വന്തം നിലപാടുകള്‍ക്ക് അംഗീകാരമില്ലാതെ പോകുന്നത് പാര്‍ട്ടിയെ അസ്വസ്‌ഥമാക്കുന്നുമുണ്ട്.
ഇതിനിടെ കോര്‍പറേഷന്റെ നിലപാടുകളിലെ വൈരുധ്യം തുറന്നുകാട്ടുന്ന പ്രചാരണം വ്യാപിപ്പിക്കാനും സമരസമിതി തന്ത്രം മെനയുന്നുണ്ട്. ലാലൂരില്‍ മാലിന്യങ്ങള്‍ കൊണ്ടിടുന്നതില്‍ കഴിഞ്ഞ നവംബര്‍ 19 മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയെന്നാണ് കോര്‍പറേഷന്‍ കോടതിയില്‍ നല്‍കിയ രേഖകളിലുള്ളത്. ഇതനുസരിച്ച് മാലിന്യങ്ങള്‍ പ്രഭവകേന്ദ്രത്തില്‍ (വീടുകള്‍) വെച്ചുതന്നെ തരംതിരിക്കുന്നതായാണ് പറയുന്നത്. ഇങ്ങനെ മാലിന്യങ്ങള്‍ തരംതിരിക്കാന്‍ രണ്ടുതരം ബക്കറ്റുകള്‍ നല്‍കുമെന്നു പറയുന്നതല്ലാതെ ഇതുവരെയും ഇക്കാര്യം നടപ്പാക്കിയിട്ടില്ല. അതിനാല്‍ ഈയൊരൊറ്റ കാര്യം ബോധ്യപ്പെടുത്തി കോടതിയലക്ഷ്യ നടപടിപ്രകാരം കേസെടുക്കാന്‍ കഴിയുമെന്നും വിലയിരുത്തുന്നു. ഹൈക്കോടതിയില്‍ കേസ് നടത്തുന്ന അഭിഭാഷകനുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും.
ജൈവ, അജൈവ മാലിന്യശേഖരണം വീടുകളില്‍ നിന്നാരംഭിച്ചെന്ന് വരുത്തിത്തീര്‍ത്ത് കോടതിയെ തെറ്റിധരിപ്പിക്കാനുളള നീക്കമായി ഇതിനെ സമരസമിതി വിശേഷിപ്പിക്കുന്നു. മാലിന്യമല ലാലൂരില്‍നിന്നു പൂര്‍ണമായും മാറ്റുമെന്ന കോര്‍പറേഷന്‍ നിലപാടും വിശ്വസിക്കാനാകില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ പ്രചാരണം നടത്തുന്നത് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍. കോടതിയലക്ഷ്യത്തിനു കേസെടുക്കുന്ന സ്‌ഥിതിയുണ്ടായാല്‍ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പുസ്വഭാവവും പുറത്തുകൊണ്ടുവരാനാകുമെന്ന് സമരനേതാക്കള്‍ പറയുന്നു. മാലിന്യമല നീക്കുമെന്ന് പൊതുജനമധ്യത്തില്‍ പറയുകയും കോടതിയില്‍ മാലിന്യമലയുടെ ക്യാപ്പിംഗിനുള്ള വഴികള്‍ തേടുകയുമാണ് കോര്‍പറേഷനെന്നും ആരോപണമുണ്ട്.
കടപ്പാടു് മംഗളം
.
2010/01/29
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.