മാധ്യമം റിപ്പോര്‍ട്ട്
നവദില്ലി: കാല്‍ നൂറ്റാണ്ടു മുമ്പ് പിണങ്ങിപ്പിരിഞ്ഞ ഭാര്യ മകനെയും കൂട്ടി തിരിച്ചുവന്നപ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ മുഖത്ത് നിര്‍വികാരതയാണ്. ചിരിക്കാനോ ദേഷ്യപ്പെടാന്‍ തന്നെയോ മറന്നുപോയ നിര്‍വികാരത. മുന്നില്‍ കാണുന്നവരുടെ മുഖങ്ങളിലേക്ക് അങ്ങനെ അനിശ്ചിതമായി നോക്കിയിരിക്കാന്‍ ഒരു മനുഷ്യന് അല്‍ഷൈമേഴ്സും പാര്‍ക്കിന്‍സണ്‍ രോഗവും ഒന്നിച്ചുവരേണ്ടതുണ്ടോ? പക്ഷേ, രണ്ടിനുമിടയില്‍ തീര്‍ത്ത നൂല്‍പാലമാണ് ഇന്ന് ഫെര്‍ണാണ്ടസിന്റെ ജീവിതം.
അത് പൊടുന്നനെ അവിചാരിതമായൊരു കലഹത്തിന്റെ കൂടി ഒത്തനടുവിലായിരിക്കുന്നു. ഒരിക്കല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കലഹത്തിന്റെ തീപാറിച്ച സോഷ്യലിസ്റ്റ് വിപ്ലവകാരി തീരാവ്യാധിക്കു പിന്നാലെ പുതിയ കലഹത്തിനു മുന്നിലും തോല്‍ക്കുകയാണ്. കൃഷ്ണമേനോന്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ബംഗ്ലാവിലേക്ക് കഴിഞ്ഞദിവസം കുടിയേറിയ ഭാര്യയും മകനും മറ്റുള്ളവരെ കുടിയിറക്കി. അത്തരക്കാരുടെ ശല്യം ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടല്‍ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനും പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരിക്കുന്നു. അതിനിടയില്‍ ആദ്യം പുറത്തായത്, 25 കൊല്ലം ഫെര്‍ണാണ്ടസിന് സന്തതസഹചാരിയായിരുന്ന സമതാപാര്‍ട്ടി മുന്‍ പ്രസിഡന്റു കൂടിയായ ജയാ ജെയ്റ്റ്ലിയാണ്. മുന്‍ മന്ത്രി ഹുമയൂണ്‍ കബീറിന്റെ മകള്‍ ലൈലാ കബീറാണ് ഫെര്‍ണാണ്ടസിന്റെ ഭാര്യ. 13 കൊല്ലത്തെ ദാമ്പത്യം അവസാനിപ്പിച്ച് ലൈല മകന്‍ സിയാനുമൊത്ത് ഇറങ്ങിപ്പോയത് 1984ലാണ്. ബന്ധം അന്നത്തോടെ അവസാനിച്ചെങ്കിലും നിയമപരമായി വേര്‍പിരിഞ്ഞിരുന്നില്ല.
ഫലത്തില്‍ ഫെര്‍ണാണ്ടസിന്റെ ആസ്തികള്‍ക്കത്രയും അവകാശികള്‍ ഭാര്യയും വിദേശത്തായിരുന്ന മകനുമാണ്. ഇത്രയുംകാലം പരിചരിച്ചിരുന്നവരെയും വിശ്വസ്തരെയും മാറ്റിനിറുത്തി കഴിഞ്ഞദിവസം വൈദ്യപരിശോധനക്ക് ഫെര്‍ണാണ്ടസിനെ ആശുപത്രിയില്‍ കൊണ്ടുപോയത് ഭാര്യയും മകനും ചേര്‍ന്നാണ്. ഫെര്‍ണാണ്ടസിനെ കാണണമെന്നു പറഞ്ഞ് ഗേറ്റിനു മുന്നില്‍ ആളുകള്‍ തടിച്ചു കൂടിയത് ചില്ലറ ഉരസലിനിടയാക്കി. ഫെര്‍ണാണ്ടസ് തടങ്കലിലാണെന്ന് അവര്‍ പരിതപിച്ചു. ഒടുവില്‍ മകന്റെ പരാതി തുഗ്ലക്കാബാദ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ കസ്റ്റഡിയിലായത് ഫെര്‍ണാണ്ടസിന്റെ ഏറ്റവും വിശ്വസ്തനായ അനില്‍ ഹെഗ്ഡെ അടക്കമുള്ളവരാണ്. ചില സ്ഥാപിതതാല്‍പര്യക്കാരുടെ നിരന്തര ശല്യം ഫെര്‍ണാണ്ടസിന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും അത്തരക്കാരില്‍നിന്ന് അദ്ദേഹത്തിനും കുടുംബാംഗങ്ങളായ തങ്ങള്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്നുമാണ് മകന്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. വീട്ടില്‍ കയറ്റരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നവരുടെ ലിസ്റ്റില്‍ ജയാ ജെയ്റ്റ്ലിയുമുണ്ട്. ഫെര്‍ണാണ്ടസിന്റെ ഇളയ സഹോദരനായ റിച്ചാര്‍ഡ് ഫെര്‍ണാണ്ടസും കളത്തിനു പുറത്താണ്.
എ.എസ്. സുരേഷ്കുമാര്‍
കടപ്പാടു്
മാധ്യമം 2010 ജനുവരി 15
.
2010/01/16
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.