2010/01/21
ദേശീയപാത വികസനത്തിനു പിന്നില്‍ നിക്ഷിപ്തതാല്‍പര്യം
കോഴിക്കോട്: പതിനായിരക്കണക്കിനു കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ട് ദേശീയപാത-17 ബി.ഒ.ടി. അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നത് കോടികളുടെ അഴിമതി നടത്താനാണെന്ന് എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. ജനുവരി 19-നു് എന്‍.എച്ച്-17 ആക്ഷന്‍ കമ്മിറ്റിയുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവര്‍.
സ്വന്തം പുരയിടങ്ങളില്‍ നിന്നും കൃഷിസ്ഥലത്തുനിന്നും ഒട്ടേറെ കുടുംബങ്ങളെ വലിച്ചെറിയാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. 45 മീറ്റര്‍ വീതിയില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന റോഡിലൂടെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും യാത്ര ചെയ്യാനാവില്ല. ചെറുവിഭാഗത്തിനു മാത്രമേ ചുങ്കം നല്‍കി ഈ റോഡിലൂടെ സഞ്ചരിക്കാനാവൂ. ജനപക്ഷത്തുനിന്ന് തീരുമാനം എടുക്കേണ്ട സര്‍ക്കാര്‍ ബുദ്ധിയോ വിവേകമോ ഇല്ലാതെ വികലമായ നടപടി സ്വീകരിക്കുന്നത് അഴിമതി ലക്ഷ്യമിട്ടാണ്.
കാസര്‍കോട് മുതല്‍ ഇടപ്പള്ളി വരെയുള്ള പാത നാലുവരിയാക്കാന്‍ പൊതുമരാമത്ത് 2008-എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ ചെലവ് നിശ്ചയിച്ചത് 2800 കോടി രൂപയാണ്. ഇപ്പോള്‍ ഇതേ പാത ബി.ഒ.ടി.യില്‍ നിര്‍മിക്കാന്‍ ചെലവ് കണക്കാക്കിയത് 8000 കോടി രൂപയും. ഇതിന്റെ 40 ശതമാനം തുക കേന്ദ്രസര്‍ക്കാര്‍ കരാറുകാരന് മുന്‍കൂറായി നല്‍കണം. ഭൂമിയും ഏറ്റെടുത്തു നല്‍കണം. റോഡ് നിര്‍മിച്ചാല്‍ 30 വര്‍ഷം കരാറുകാരന്‍ ചുങ്കം പിരിക്കും. ഫലത്തില്‍ ഈ ഇടപാടില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് നടക്കുന്നത്. ദേശീയപാത 17 മാത്രമല്ല രാജ്യത്തെ പല പാതകളും ഇതുപോലെ നവീകരിക്കുന്നുണ്ട്. റോഡ് നിര്‍മാണ വ്യവസായത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പൊതു ഖജനാവ് വെട്ടിക്കുകയാണ് -സാറാ ജോസഫ് പറഞ്ഞു.
ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ.വി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. കുട്ടി അഹമ്മദ്‌കുട്ടി എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. സി.ആര്‍.നീലകണുന്‍, ഡോ. വി. വേണുഗോപാല്‍, ഡോ. ഡി. സുരേന്ദ്രനാഥ്, ശശി തരിപ്പയില്‍, ടി.പി.ചന്ദ്രശേഖരന്‍, റസാഖ് പാലേരി, ജി.എസ്.പത്മകുമാര്‍, വി.കെ.പി.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കണ്‍വീനര്‍ എ.ശേഖര്‍ സ്വാഗതം പറഞ്ഞു.
കടപ്പാടു് മാതൃഭൂമി
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 പ്രതികരണം:
അഭിപ്രായം പറയൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.