2010/01/21

ലാലൂര്‍ സമരത്തിന്റെ മുഖം മാറുന്നു; 31ന്‌ സമരസഹായസമിതിയുണ്ടാക്കും

തൃശൂര്‍: ലാലൂര്‍ സമരത്തിന്റെ മുഖം മാറുന്നു. 31ന് വിപുലമായ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സമരസഹായസമിതിയുണ്ടാക്കും.

സമരത്തിന്റെ രൂപം മാറ്റുന്നതിനെക്കുറിച്ച് ജനകീയ കണ്‍വെന്‍ഷനില്‍ തീരുമാനിക്കും. ഡോ. സുകുമാര്‍ അഴീക്കോട്‌, സാറാ ജോസഫ്‌ തുടങ്ങി സമരപ്പന്തലില്‍ സന്ദര്‍ശനം നടത്തിയ സാംസ്‌കാരിക നായകരെയും സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച സംഘടനകളെയും അണിനിരത്തിയാണ്‌ സമരസമിതിക്കു രൂപംനല്‍കുക.

സമരം അടുത്ത മാസം ആദ്യത്തോടെ 50 ദിവസം പിന്നിടും. സമരം ശക്‌തമാക്കുന്നതിനോടനുബന്ധിച്ച്‌ കോര്‍പറേഷന്‍ ഓഫീസിനു പരിസരത്തേക്ക്‌ മാറ്റണമെന്ന നിര്‍ദേശമുണ്ട്‌. നഗരത്തില്‍ അനിശ്‌ചിതകാല സത്യഗ്രഹം നടത്തുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ട്‌. സമരസമിതി രൂപീകരണത്തിനു മുമ്പ്‌ അന്തിമ തീരുമാനമെടുക്കും. ഇക്കാലമായിട്ടും കോര്‍പറേഷന്‍ അനങ്ങാപ്പാറ നയം തുടരുകയാണെന്ന്‌ സമരസമിതി കുറ്റപ്പെടുത്തുന്നു.

മാലിന്യ സംസ്‌കരണത്തിന്‌ അനുയോജ്യമായ ഒരു പ്രവര്‍ത്തനവും കോര്‍പറേഷന്‍ ഇതുവരെ നടത്തിയിട്ടില്ലെന്ന്‌ സമരസമിതി ചൂണ്ടിക്കാട്ടുന്നു. എന്‍ജിനീയേഴ്‌സ് ലാന്‍ഡ്‌ ഫില്ലിംഗ്‌ എന്ന ദുരൂഹമായ ആശയം അപ്രായോഗികമാണെന്നും അനുവദിക്കില്ലെന്നും വ്യക്‌തമാക്കി.

സമരസമിതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരെ സി.പി.എം. സര്‍വനിലയിലും ഭീഷണിപ്പെടുത്തുകയാണെന്ന്‌ സമരസമിതി ആരോപിച്ചു. വാടകയ്‌ക്കു താമസിക്കുന്നവരെ വീടുകളില്‍നിന്ന്‌ ഇറക്കിവിടുമെന്നാണ്‌ ഭീഷണി. വായ്‌പയെടുത്ത സമരസമിതിക്കാരോട്‌ അതും ഉടനെ തിരിച്ചടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടും സമ്മര്‍ദം ചെലുത്തുന്നുണ്ട്‌. സമരസമിതിപ്പന്തലില്‍ എത്തിയ നാട്ടുകാരിയോട്‌ സി.പി.എമ്മിന്റെ ഒരു ജനപ്രതിനിധി നിന്നെ കണ്ടോളാം എന്നാണ്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. എല്ലാം ചെയ്‌തുതന്നിട്ടും പന്തലില്‍ചെന്ന്‌ ഇരിക്കുകയാണല്ലേ? എന്നു ചോദിച്ചുവത്രേ. വളരെ മോശമായ വിധത്തിലാണ്‌ സമരത്തെ അനുകൂലിക്കുന്നവര്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്‌ സമരസമിതി പറഞ്ഞു.

ലാലൂരുകാര്‍ക്ക് മാലിന്യപ്രശ്‌നമൊന്നുമില്ലെന്ന് ലാലൂര്‍ നിവാസിയുടേതെന്നു പറഞ്ഞ് ഡോ. സുകുമാര്‍ അഴീക്കോടിനും മറ്റും അയച്ച കത്ത് ലാലൂരുകാരെ പ്രകോപിതരാക്കിയിട്ടുണ്ട്. ഈ കത്തിന്റെ കോപ്പികള്‍ ലാലൂരിലെ എല്ലാ വീടുകളിലും എത്തിച്ച് പ്രതികരണമാരായാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

സമരസമിതി പന്തല്‍ സന്ദര്‍ശിച്ച ഡോ. സുകുമാര്‍ അഴീക്കോടിനു കത്തെഴുതിയത്‌ പ്രാദേശിക സി.പി.എം. പ്രവര്‍ത്തകനാണെന്ന്‌ സൂചനയുണ്ടെന്നു് മംഗളം ദിനപത്രം റിപ്പോര്‍‍ട്ടുചെയ്തു. ലാലൂര്‍ ട്രഞ്ചിംഗ്‌ ഗ്രൗണ്ടിന്‌ തൊട്ടടുത്ത്‌ ചെറിയ വില കൊടുത്തും ഭൂമി വാങ്ങുമ്പോള്‍ ആലോചിക്കണമായിരുന്നുവെന്നും സമരസമിതിക്കാര്‍ ക്ഷണിക്കുമ്പോള്‍ കാര്യമായി പഠിക്കാതെ പന്തലില്‍ചെന്ന്‌ പ്രസംഗിച്ച്‌ കോര്‍പറേഷനെയും മേയറെയും പഴിചാരുന്നതും ശരിയല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഉള്ള മതിപ്പും ബഹുമാനവും വിലയും കളയാതെ നോക്കിയാല്‍ നന്നെന്ന്‌ ഡോ. അഴീക്കോടിനെ ഓര്‍മിപ്പിച്ചിട്ടുമുണ്ട്‌.

ട്രഞ്ചിംഗ്‌ ഗ്രൗണ്ടിനടുത്തുനിന്ന്‌ പരമാവധി 200 മീറ്ററെങ്കിലും മാറിയേ താമസാവശ്യത്തിന്‌ വീടുകള്‍ നിര്‍മിക്കാവൂ എന്ന നിയമം കാറ്റില്‍പ്പറത്തി വീടുനിര്‍മിക്കാന്‍ അനുമതി നല്‍കിയത്‌ ആരെന്ന കാര്യം അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. മാലിന്യം ഗ്രൗണ്ടില്‍ നിക്ഷേപിക്കുന്നത്‌ അറിഞ്ഞിട്ടല്ലേ സ്‌ഥലം വാങ്ങിയതെന്നും വീട്‌ പണിതതെന്നും തുറന്ന കത്തില്‍ ചോദിച്ചിട്ടുണ്ട്‌.
.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.