2010/01/25

ഫെര്‍ണാണ്ടസിന്‍റെ സ്വത്തു് പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന്

ബംഗളൂരു
ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ സ്വത്തു പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന് ഫെര്‍ണാണ്ടസിന്‍റെ സഹോദരന്മാര്‍ ആവശ്യപ്പെട്ടു.
മൈക്കല്‍, അലോഷ്യസ്, റിച്ചാര്‍ഡ് എന്നിവരാണു് ഫെര്‍ണാണ്ടസിന്‍റെ ഭാര്യ ലൈല കബീറിനെയും മകനെയും പ്രതിസന്ധിയിലാക്കുന്ന ആവശ്യവുമായി പത്രസമ്മേളനം നടത്തിയത്.

“ബംഗളൂരിനു സമീപം നീലമംഗലയിലെ വസ്തു വില്‍ക്കണമെന്നും കിട്ടുന്ന തുകകൊണ്ടു തന്‍റെ പേരില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്നുമായിരുന്നു ജോര്‍ജിന്‍റെ ആഗ്രഹം. ടൊറന്‍റോയില്‍ വൈദ്യ പരിശോധനയ്ക്കു പോയപ്പോള്‍ അദ്ദേഹം ഇക്കാര്യം ഞങ്ങളോടു ചര്‍ച്ച ചെയ്തിരുന്നു. ട്രസ്റ്റിന്‍റെ ഗുണഭോക്താക്കള്‍ ആരൊക്കെയെന്നുപോലും രൂപരേഖയുണ്ടാക്കി.പക്ഷേ, അദ്ദേഹത്തിന്‍റെ ആരോഗ്യനില പെട്ടെന്നു വഷളായി. ഭാര്യയും മക്കളും സംരക്ഷണമേറ്റെടുത്തു. ഇതോടെ എല്ലാം തകിടംമറിഞ്ഞു’’- മൈക്കല്‍ പറഞ്ഞു. തന്‍റെ ഭൂമിയില്‍ ഒരു പഠന ഗവേഷണ കേന്ദ്രം തുടങ്ങണമെന്നും ജോര്‍ജ് ആഗ്രഹിച്ചിരുന്നു. ഞങ്ങളെ ഏല്‍പ്പിച്ചതാണ് എല്ലാം. എന്നാല്‍, ഇക്കാര്യത്തില്‍ നിയമനടപടിക്കു താത്പര്യമില്ല. സമവായമുണ്ടായാല്‍ നന്ന്. എല്ലാ കാര്യങ്ങളും ജോര്‍ജുമായി ആലോചിച്ചേ ചെയ്യൂ- മൈക്കല്‍ കൂട്ടിച്ചേര്‍ത്തു.

ട്രസ്റ്റ് രൂപവത്കരണമെന്ന ആവശ്യത്തെക്കുറിച്ചു ലൈലയും മകന്‍ സീനും പ്രതികരിച്ചിട്ടില്ല. ഇക്കാര്യം തള്ളിക്കളയാന്‍ അവര്‍ക്കു കഴിയില്ലെന്ന വിലയിരുത്തലിലാണു ഫെര്‍ണാണ്ടസിന്‍റെ സഹോദരന്മാര്‍. ആവശ്യം തള്ളിയാല്‍ ഫെര്‍ണാണ്ടസെന്ന ജനനേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനു തുല്യമാകും അത്. ട്രസ്റ്റ് രൂപവത്കരിച്ചാല്‍ അതിന്‍റെ നിയന്ത്രണം കൈവിട്ടുപോകാമെന്നതും ലൈലയെയും മകന്‍ സീനെയും കുഴയ്ക്കുന്നു.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.