2013/05/24

സമാജവാദി ജനപരിഷത്ത് ഒമ്പതാം ദ്വൈവാര്‍ഷിക സംസ്ഥാന സമ്മേളനം ശനിയാഴ്ച തുടങ്ങും


കണ്ണൂര്‍, മെയ് 23: സമാജവാദി ജനപരിഷത്തിന്റെ ഒമ്പതാം ദ്വൈവാര്‍ഷിക സംസ്ഥാന സമ്മേളനത്തിനു് 2013 മെയ് 25-ാം തീയതി ശനിയാഴ്ച വൈകുന്നേരം നാലിനു് കണ്ണൂര്‍ വിനോദ് പ്രസാദ് സിംഹ് നഗരിയില്‍ ) കണ്ണൂര്‍ താവക്കര യുപി സ്കൂള്‍) കൊടിയുയരും. അഞ്ചുമണിയ്ക്കു് നടക്കുന്ന ജനകീയ രാഷ്ട്രീയ സമ്മേളനം ദേശീയ ഉപാദ്ധ്യക്ഷ അഡ്വ.നിഷാ ശിവുര്‍ക്കോര്‍ (മഹാരാഷ്ട്രം) ഉദ്ഘാടനം ചെയ്യും.

26നു് രാവിലെ ഒമ്പതരയ്ക്കു് സംസ്ഥാന പ്രസിഡന്റ് വിനോദ് പയ്യടയുടെ അദ്ധ്യക്ഷതയില്‍ പ്രതിനിധി സമ്മേളനം ആരംഭിയ്ക്കും. ദേശീയ ജനറല്‍ സെക്രട്ടറി സ. ജോഷി ജേക്കബ് സമാപന സമ്മേളനത്തെ സംബോദനചെയ്യും. ജൂണ്‍ 10,11,12 തീയതികളില്‍ ഉത്തരപ്രദേശിലെ വാരണാസിയില്‍ ഒമ്പതാം ദ്വൈവാര്‍ഷിക ദേശീയസമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണു് സംസ്ഥാന സമ്മേളനം നടക്കുന്നതു്.

ജനകീയ പ്രശ്നങ്ങളുയര്‍‍ത്തി രാജ്യവ്യാപകമായി സമരത്തിലേര്‍‍പ്പെട്ടിരിയ്ക്കുന്ന സമാജവാദി ജനപരിഷത്തിനെ ശക്തിപ്പെടുത്തുവാന്‍ വേണ്ടകാര്യങ്ങള്‍ ആലോചിയ്ക്കുകയും അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമാണു് സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി 1934ല്‍ രൂപംകൊണ്ട സോഷ്യലിസ്റ്റു് പ്രസ്ഥാനത്തിന്റെ ഭാഗവും പിന്തുടര്‍‍ച്ചയുമായി ദേശീയതലത്തില്‍ പ്രവര്‍‍ത്തിച്ചു് വരുന്ന സമാജവാദി ജനപരിഷത്തു് അടിസ്ഥാനമാറ്റത്തിനു് വേണ്ടിയുള്ള പുതിയൊരു രാഷ്ട്രീയമാണു് മുന്നോട്ടുവയ്ക്കുന്നതു്.

പ്രകൃതിയുടെയും മനുഷ്യന്റെ തന്നെയും നിലനില്പു് അപകടത്തിലാക്കുന്ന വികലവും വിനാശകരവുമായ വികസനത്തെ എതിര്‍‍ക്കുകയും വികേന്ദ്രീകൃതവും ജനകീയവുമായ വികസനരീതിയ്ക്കു് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന പ്രസ്ഥാനമാണു് സമാജവാദി ജനപരിഷത്തു് .സ്ത്രീകളുടെയും ആദിവാസികളുടെയും ദലിതരുടെയും മറ്റു്പിന്നാക്ക വിഭാഗങ്ങളുടെയും കൃഷിക്കാരുടെയും ഗ്രാമീണ വ്യവസായത്തിലേര്‍‍പ്പെട്ടിരിയ്ക്കുന്നവരുടെയും ആദര്‍‍ശ ധീരരായ യുവതീയുവാക്കളുടെയും മുന്‍‍കയ്യുള്ള ഈ പ്രസ്ഥാനം, മഹാത്മാഗാന്ധി, രാം മനോഹര്‍ ലോഹിയ, ജയപ്രകാശ് നാരായണന്‍, ഡോ.അംബേഡ്കര്‍‍ തുടങ്ങിയവരുടെ സംഭാവനകളെ ആധാരമാക്കിയ ഇന്ത്യന്‍‍സോഷ്യലിസ്റ്റ് ആദര്‍‍ശം ഉയര്‍ത്തിപ്പിടിയ്ക്കുന്നു. മഹാത്മാ ഫൂലെ തുടങ്ങിവച്ച ഇന്ത്യന്‍ സാമൂഹികവിപ്ലവവും മഹാത്മാഗാന്ധി നയിച്ച ഇന്ത്യന്‍ രാഷ്ട്രീയ വിപ്ലവവും മുന്നോട്ടുകൊണ്ടുപോകുകയാണു് സമാജവാദി ജനപരിഷത്തിന്റെ ദൗത്യം.

0 പ്രതികരണം:

അഭിപ്രായം പറയൂ